17/04/2026

നിവേദ്യ : ഭാഗം 17

രചന – രോഹിണി ആമി

ഞാൻ വരില്ല……. മുത്തശ്ശാ…. എങ്ങോട്ടും….. നിവേദ്യ തലയുയർത്താതെ പറഞ്ഞു……

പിന്നെ…….. പിന്നെ നീയിവിടെ എത്ര നാൾ കഴിയും……. ഈ മോന് നീ കാരണം ഒരു ജീവിതം ഉണ്ടാകുമോ…….. എന്തു ബന്ധത്തിന്റെ പേരിലാണ് വേദൂ നീയിവിടെ നിൽക്കുന്നത്…..

ഇനിയും തന്നിഷ്ടം കാണിക്കാനാണോ നിന്റെ ഉദ്ദേശം……. നടക്കില്ല വേദൂ……. നീ കാരണം ചിക്കുന് നല്ലൊരു ആലോചന പോലും വരുന്നില്ല…… അറിയുവോ നിനക്ക്…….. അവളെ ഓർത്താൽ നീ വരും ……. നിവേദ്യയുടെ അച്ഛനാണ്……..

എല്ലാവരും ചുറ്റിനുമിരുന്ന് നിവേദ്യയെ വളഞ്ഞു ആക്രമിക്കുകയാണ്……. ഒന്നും മിണ്ടാനാവാതെ തളർന്നിരിക്കുകയാണ് പാവം…… മുത്തശ്ശി മാത്രം ഒന്നും പറയുന്നില്ല…… നോട്ടം മുഴുവൻ നന്ദുവിന്റെ നേർക്കാണ്……..

ദേവൻ ആദിയെ വിളിച്ചു വെളിയിലേക്കിറങ്ങി……

ശ്രീ രണ്ടു മുഴം മുൻപേ എറിഞ്ഞു ആദി…… എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപേ….. ഒരുപക്ഷേ ഇന്നലെ ഞങ്ങൾ ഇവിടെ തങ്ങിയപ്പോൾ അവനു മനസ്സിലായിക്കാണും ഞങ്ങൾ വേദുവിന്റെ പക്ഷത്താണെന്ന്…… എല്ലാവരും അവളെ കൊല്ലാതെ കൊല്ലുവാണ്……. ചിക്കുവിന്റെ കല്യാണത്തിന് മുൻപ് ശ്രീയുമായി നിവേദ്യയുടെ രജിസ്റ്റർ മാര്യേജ് നടത്താനാണ് അവരുടെ ഉദ്ദേശം…… പക്ഷേ അത് വേദു അറിഞ്ഞിട്ടില്ല…..അവളുടെ വേദന കണ്ടു നിൽക്കാൻ പറ്റുന്നില്ല……..ഒന്നും ചെയ്യാൻ സാധിക്കില്ല…….. ആർക്കും…… ഇന്നലെ അത്രയും സംഭവം നടന്നതല്ലേ…… ഏതെങ്കിലും ഒരു അമ്പലനടയിൽ വച്ചു ഒരു താലി അവളുടെ കഴുത്തിൽ കെട്ടിക്കൂടായിരുന്നോ……… ദേവൻ വളരെ വേദനയോടെ ചോദിച്ചു……

അകത്തേക്ക് ചെന്നപ്പോൾ കണ്ടു നന്ദുവിനെ ശ്രീയുടെ അമ്മ എടുത്തു കൊഞ്ചിക്കുവാണ്….. അവൻ ഇരുന്നു ഞെളിപിരി കൊള്ളുന്നുണ്ട്…… ആദിയെ കണ്ട ഉടനെ അപ്പാ…… ന്നു വിളിച്ചു കൈ നീട്ടി……….. ആ കൈ രണ്ടും അടുത്തിരുന്ന ശ്രീ കൈക്കുള്ളിലാക്കി………. ഇനി തന്റെ മോനൂസിനെ ഒന്നെടുക്കാൻ ആരുടെയെങ്കിലുമൊക്കെ അനുവാദം ചോദിക്കേണ്ടി വരും………….അവന്റെ കണ്ണിൽ നോക്കാൻ പറ്റുന്നില്ല…….. എന്നെയൊന്നു എടുക്ക് അപ്പാ ന്നുള്ള അവന്റെ നോട്ടം…….. സഹിക്കാവുന്നതിലും അപ്പുറമാണ്………

നിവേദ്യയെ കാണുന്നില്ല……… മുറിയിൽ ഉണ്ടാവും……… ഇനിയൊരിക്കലും സംസാരിക്കാൻ പറ്റിയെന്നു വരില്ല……. എല്ലാവരും നന്ദുവിനെ നോക്കിയിരിക്കുവാണ്……….. ആദി നിവേദ്യയുടെ അടുത്തേക്ക് പോയി…….. ബെഡിൽ ഇരുന്നു കരയുവാണ്…….. നീതു അടുത്തിരുന്നു ചേർത്ത് പിടിച്ചിട്ടുണ്ട്……..

ഞാൻ ചോദിച്ചതല്ലേ എങ്ങോട്ടേലും പൊക്കോട്ടേന്ന്…………..ഇപ്പോ കണ്ടോ എന്നെക്കൊണ്ട് ഒന്ന് നാവനക്കാൻ പറ്റാതാക്കിയില്ലേ……… ആദിയെ കണ്ടയുടനെ നിവേദ്യ ചോദിച്ചു……… കണ്ണുരണ്ടും നിറഞ്ഞൊഴുകുന്നുണ്ട്……..

എനിക്കറിയാം എന്നെ എന്തിനാണ് കൊണ്ടുപോകുന്നതെന്ന്…….. ചെയ്യേണ്ടതെന്തെന്നും……….നിവേദ്യ കണ്ണു തുടച്ചിട്ട് വാഷ് റൂമിലേക്ക് പോയി……..

ആദി………. നീതുവാണ്‌……

മ്മ്…….

അവളെ എല്ലാവരും കൂടി നിർബന്ധിച്ചു ശ്രീയെക്കൊണ്ട് വിവാഹം കഴിപ്പിക്കും………. ആദിക്കൊരു ജീവിതം കിട്ടാൻ വേണ്ടി ചിലപ്പോൾ അവൾ ഇവിടുന്നു ഞങ്ങളുടെ കൂടെ വന്നെന്നിരിക്കും………. പക്ഷേ പിന്നീടൊരിക്കലും അവൾ പുറംലോകം കണ്ടെന്നു വരില്ല…… അവളെ ആ നാലു ചുവരുകൾക്കുള്ളിൽ ശ്രീ തളച്ചിടും……. നന്ദുവിന്റെ ഈ സന്തോഷം അവനു അവിടെ കിട്ടിയെന്നു വരില്ല…… എനിക്ക് വേദുവിനെ ഇങ്ങനെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല……… ഇനിയെന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് ആദിക്ക് മാത്രമാണ്…..

ആദി അത്ഭുതത്തോടെ നീതുവിന്റെ മുഖത്തേക്ക് നോക്കി………

എനിക്കറിയാം ആദിക്ക് അവളെ ഇഷ്ടമാണെന്ന്……… ഇങ്ങനൊക്കെ സംഭവിക്കുമെന്ന് ദേവേട്ടന് അറിയില്ലായിരുന്നു…… പക്ഷേ ശ്രീ വേദുവിന്റെ വീട്ടിൽ ചെന്നെന്നും കാര്യങ്ങൾ സംസാരിച്ചുവെന്നും ചിക്കു വിളിച്ചു പറഞ്ഞിരുന്നു എന്നെ……… ശ്രീക്ക് ശരിക്കുമറിയാം വേദു മുത്തശ്ശനെയും മുത്തശ്ശിയേയും ഒരിക്കലും എതിർക്കില്ലാന്നു…… അവളുടെ ആകെയുള്ള വീക്നെസ് എന്നു പറയുന്നത് അവരാണ്…… കാലം മാറിയെങ്കിലും പഴയ ആചാരങ്ങൾ മുറുക്കി പിടിക്കുന്നവരാണ്……..

ഈ വീട്ടിൽ നിന്നും അവൾ ഇവരുടെ കൂടെ പോന്നാൽപിന്നെ അവസാനിച്ചു അവളുടെയും നന്ദുട്ടന്റെയും ജീവിതം…….. ചിലപ്പോൾ അവൾ വേണ്ടാത്ത തീരുമാനം എടുത്തെന്നും വരും……. കാരണം അവൾ നന്ദുവിന്റെ അച്ഛന്റെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല……. പലവട്ടം എന്നോട് പറഞ്ഞിട്ടുള്ളതാണത്……..

ഒന്നും മനസ്സിലാവാതെ നീതുവിന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ആദിയുടെ കയ്യിലേക്ക് ഒരു ചെറിയ ബോക്സ്‌ വെച്ചു കൊടുത്തു……….

വേദു എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല……. എങ്കിലും എന്റെയൊരു പൊട്ടബുദ്ധിയിൽ തോന്നിയതാണ്……… രക്ഷിക്കണം ആദി വേദൂനെ……

ആ ബോക്സ്‌ തുറന്നു നോക്കി ആദി…….. ആദ്യം ഒന്ന് നെറ്റി ചുളിച്ചു നീതുവിനെ നോക്കിയെങ്കിലും പിന്നീട് മുഖം തെളിഞ്ഞു……..

മ്മ്…… നീ പൊക്കോ…… ബാക്കിയുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം…… വേദു ഈ വീട്ടിൽ നിന്നും ഒരിടത്തേക്കും വരില്ല………

മ്മ്…..ഗുഡ്…… അവൾ പെട്ടെന്നൊന്നും അംഗീകരിച്ചു തരില്ല……. ഒരടിയൊക്കെ പ്രതീക്ഷിച്ചു വേണം ഇത് ചെയ്യാൻ…….

ഒരടിയോ……. അവൾ കൊന്നില്ലെങ്കിൽ എന്റെ ഭാഗ്യം…….. ആദി പറഞ്ഞു………

കുറച്ചെങ്കിലും കഷ്ടപ്പെടാതെ…… ബുദ്ധിമുട്ടാതെ കിട്ടുന്നതിനോട് ഒരു വിലയും ഉണ്ടാവില്ല ആദീ മനുഷ്യന്…… നീതു പറഞ്ഞു……

നീയെന്നോട് പകരം വീട്ടുവാണോന്നു ഒരു സംശയം ഉണ്ട്……….

രണ്ടാളും ചിരിച്ചു……. റൂമിനു വെളിയിലേക്കിറങ്ങി………. ആദി സ്വന്തം മുറിയിലേക്ക് പോയി……….. പിന്നെ അച്ഛനും അമ്മയും ഒരുമിച്ചു ഇരിക്കുന്ന ഫോട്ടോയിൽ നോക്കി പറഞ്ഞു……….

കൈവിട്ട കളിക്ക് പോകുവാണ്……… ഒന്നുകിൽ നിങ്ങൾക്ക് രണ്ടാൾക്കും നല്ല ഒരു ഗിഫ്റ്റ് തരും ഞാൻ……….. അല്ലെങ്കിൽ ഇന്നു തന്നെ ഞാൻ നിങ്ങളുടെ അടുത്തേക്ക് വരേണ്ടി വരും……. കൂടെ ഉണ്ടാവില്ലേ……… രണ്ടാളും ചിരിക്കുന്ന പോലെ തോന്നി ആദിക്ക്……….

മ്മ്……. ചിരിച്ചോ…….. ചിരിച്ചോ……. ആ പെണ്ണ് എങ്ങനെ പ്രതികരിക്കുമോ എന്തോ…… കണ്ടറിയാം……….

നിവേദ്യ മുറിക്കു വെളിയിലേക്കിറങ്ങുന്നതു കണ്ടു……. കൈയിൽ ബാഗ് ഉണ്ട്……. നേരെ പൂജാറൂമിന്‌ മുന്നിൽ വന്നപ്പോൾ നിവേദ്യയെ പിടിച്ചു നിർത്തി …….. വിളക്കു കത്തിയിരുപ്പുണ്ട്…… നീതുവിനെ നോക്കി…… കണ്ണടച്ചു കാണിച്ചു അവൾ…….. നിവേദ്യ ആദിയുടെ മുഖത്തേക്ക് നോക്കി……..

കയ്യിലിരുന്ന താലിമാല നിവേദ്യയുടെ കഴുത്തിൽ ചേർത്ത് കൊളുത്തിട്ടു……… ചെവിയിൽ രഹസ്യമായി പറഞ്ഞു…….

ഒന്നു ക്ഷമിച്ചേക്ക്……. ഈ രണ്ടു ജീവൻ എന്റെ ജീവന്റെ ഭാഗമാക്കുവാ ഞാൻ………എനിക്ക് വേറെ വഴിയില്ല……..നിങ്ങളെ രണ്ടാളെയും നഷ്ടപ്പെടുത്താൻ എനിക്കു കഴിയില്ല………….

നിവേദ്യ ആദിയുടെ കയ്യിൽ മുറുക്കി പിടിച്ചു…….ആ കൈ സ്വന്തം കൈക്കുള്ളിൽ മുറുകെ പിടിച്ചു നെറ്റിയിൽ സിന്ദൂരവും തൊട്ടു ……….. നിവേദ്യയുടെ നോട്ടം ആദി അവഗണിച്ചു………. ആ കണ്ണീരും……

കുറച്ചു നേരത്തേക്ക് ആരും അനങ്ങിയില്ല…… നടന്നതെന്തെന്നു മനസ്സിലായപ്പോൾ ശ്രീ ചാടിയെണീറ്റു………. ടാ……. നിന്നെയിന്നു ഞാൻ………. ആദിയുടെ ഷർട്ടിനു കുത്തിപ്പിടിച്ചു………..

ആദി ശ്രീയെ തള്ളിമാറ്റി……… എന്നിട്ട് നിവേദ്യയെ പിടിച്ചു ഒപ്പം നിർത്തി എല്ലാവരോടും ആയി പറഞ്ഞു……… ഇപ്പോൾ ഇത് നിവേദ്യ ആദിത്യൻ……..എവിടെ വേണമെങ്കിലും കൊണ്ടുപോയ്ക്കോ………. പക്ഷേ കൊണ്ടുപോകുന്നതുപോലെ തിരിച്ചു ഇവളുടെ വീട്ടിൽ………..അതായത് ഈ വീട്ടിൽ തിരിച്ചു കൊണ്ടാക്കണം………..

എന്നിട്ട് ശ്രീയുടെ അമ്മയുടെ കയ്യിലിരുന്നു ശ്വാസം മുട്ടുന്ന നന്ദുവിനെ പോയെടുത്തു……… വേറാരും ഇനി എടുക്കാതിരിക്കാൻ നന്ദു ആദിയെ മുറുക്കി കെട്ടിപ്പിടിച്ചു……… എല്ലാവരും അന്യോന്യം നോക്കി നിൽക്കുവാണ്……… ദേവന്റെയും നീതുവിന്റെയും മുഖം തെളിഞ്ഞു……. കൂടെ അവിടെ ഇരുന്ന ഒരാളുടെയും……..

ആദിത്യൻ ചെയ്തതിന്റെ സീരിയസ്നെസ്സ് അറിയുവോ തനിക്ക് …….. ഇത് ശ്രീക്കുട്ടന്റെ കുഞ്ഞാണ്……… തന്റെയല്ല…….. ഏച്ചു കെട്ടിയാൽ മുഴച്ചു തന്നെയിരിക്കും……… കുറച്ചു കഴിയുമ്പോൾ ഈ കുഞ്ഞ് തനിക്കൊരു ഭാരമാവും…….. മുത്തശ്ശൻ പറഞ്ഞു……

ഒരിക്കലുമില്ല……. ഞാൻ നിവേദ്യയെ സ്നേഹിക്കുന്നതിനു മുൻപേ ഇവനെയാണ് സ്നേഹിച്ചു തുടങ്ങിയത് ……. ഇവനൊരിക്കലും എനിക്കൊരു ഭാരമായി തോന്നില്ല……

ഓഹോ അപ്പോൾ രണ്ടാളും നല്ല ഫ്രണ്ട്‌സ് ആണെന്നു പറഞ്ഞു എല്ലാവരെയും കളിപ്പിക്കുവായിരുന്നു അല്ലെ…….. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം……. ശ്രീ അതും പറഞ്ഞു നിവേദ്യയുടെ കഴുത്തിലേക്ക് കൈ നീട്ടി………..

അവളെ തൊട്ടാൽ ആ കൈ ഞാൻ വെട്ടും……. ആദി പറഞ്ഞു……… രണ്ടാളും കയ്യാങ്കളിക്ക് തയ്യാറായപ്പോഴേക്കും നിവേദ്യയുടെ അച്ഛൻ പിടിച്ചു മാറ്റിയിട്ട് പറഞ്ഞു …….

ഇപ്പോൾ ആദിത്യൻ ഈ ചെയ്തത് ആർക്കും യോജിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല…….. ഒരു പെണ്ണിനെ അവളുടെ പോലും സമ്മതമില്ലാതെ താലി കെട്ടുകാന്നു പറഞ്ഞാൽ ഒരു ആണിന് ചേരുന്നതല്ല……….. നിവേദ്യയുടെ അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു……..

പിന്നെ…… സ്നേഹിക്കുന്ന പെണ്ണിനെ അവളുടെ സമ്മതമില്ലാതെ ബലമായി കീഴ്‌പ്പെടുത്തി ഒരു കുഞ്ഞായപ്പോൾ മുങ്ങുന്നതാണോ ഒരാണിന് ചേരുന്നത്……. എന്നിട്ട് അവളെ ഒന്നു മനസിലാക്കുക പോലും ചെയ്യാതെ അവളുടെ സമ്മതമില്ലാതെ വയറ്റിലുള്ള കുഞ്ഞിനെ കൊല്ലാൻ തുടങ്ങുന്നതാണോ ഒരാണിന് ചേരുന്നത്………. അതോ അഞ്ചു വർഷം ഒന്നന്വേഷിക്കാതെ പെട്ടെന്നു ഒരു ദിവസം ഒരു തെളിവും പൊക്കിപ്പിടിച്ചു എന്റെ കുഞ്ഞിനേയും പെണ്ണിനേയും വേണമെന്നു പറയുന്നതാണോ ഒരാണിന് ചേരുന്നത്………… നിവേദ്യയുടെ അച്ഛൻ പറയൂ……. ഇതിലേതാണ് ഒരാണിന് ചേരുന്നത്………

എന്നിട്ടും അവളെ അടിച്ചു കൊല്ലാറാക്കിയപ്പോഴും അയാളുടെ പേര് അവൾ പറഞ്ഞില്ല…………. അത്രയും സ്നേഹിച്ചിരുന്നു ഇയാളെ നിവേദ്യ……….ഞാൻ പറഞ്ഞതൊക്കെയും കള്ളമാണെങ്കിൽ ശ്രീ പറയട്ടെ….

എല്ലാവരും തല കുനിച്ചു നിൽക്കുന്ന ശ്രീയുടെ നേർക്ക് നോക്കി…….

ഞാൻ ഒളിച്ചും പാത്തും കതകടച്ച ഒരു റൂമിൽ നിന്നല്ല നിവേദ്യയുടെ കഴുത്തിൽ താലി കെട്ടിയത്………. അവളുടെ സ്വന്തക്കാരുടെ കണ്മുന്നിൽ വച്ചാണ്……… ആരോടും അഭിപ്രായം ചോദിക്കാൻ തോന്നിയില്ല…… അഭിപ്രായം പറയാനുള്ള യോഗ്യത നിങ്ങൾക്ക് ആർക്കുമില്ലന്നു തോന്നി………മകളെ ഒന്നു ചേർത്തു പിടിച്ചു അവളെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഈ വർഷങ്ങൾ ഇത്രയും അവൾ തനിച്ചാകുമായിരുന്നോ…….. ഈ കുഞ്ഞിനും നിവേദ്യക്കും അനാഥരെ പോലെ കഴിയേണ്ടി വരുമായിരുന്നോ…….. ശ്രീ പറഞ്ഞത് ശരിയാണ്…….. നിവേദ്യ എന്നെ ശരിക്കും അറിയാവുന്ന ഒരു നല്ല സുഹൃത്ത് ആണ്…….. ആ സുഹൃത്തിനെ ഞാനിങ്ങ് സ്വന്തമാക്കി……… അതിലെന്താ തെറ്റ്‌……… എന്റെ ഭാര്യ ആയിരിക്കണം എന്റെ അടുത്ത സുഹൃത്തും………. ആദി പറഞ്ഞു…….

സത്യമാണോ ശ്രീ ആദിത്യൻ പറഞ്ഞതൊക്കെയും …………..ശ്രീയുടെ അച്ഛൻ ചോദിച്ചു………. ശ്രീ ഒന്നും മിണ്ടാതെ ആരെയും നോക്കാതെ തല കുനിച്ചു നിന്നു…….

ടാ…….. നിനക്കെങ്ങനെ തോന്നി……. അതും നമ്മുടെ വേദൂനോട്‌ ഇങ്ങനെ ചെയ്യാൻ…… ശ്രീയുടെ അച്ഛൻ ശ്രീയോട് ചോദിച്ചു……….

കിട്ടിയത് രണ്ടും നല്ല മക്കളാണെന്ന്‌ കരുതി…..പക്ഷേ……ഇവൻ വിശ്വസിപ്പിച്ചതൊക്കെയും കള്ളമായിരുന്നു…… വേദുവിനെയും കുഞ്ഞിനേയും സ്വീകരിക്കണമെന്ന് പറഞ്ഞപ്പോൾ ഇങ്ങനൊരു ചതി ശ്രീ ഇവളോട് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല……… രണ്ടാൾക്കും ആ പ്രായത്തിൽ പറ്റിയ ഒരബദ്ധം ആയിട്ടാണ് ശ്രീ പറഞ്ഞപ്പോൾ ഞങ്ങൾ കരുതിയത്……….. അതു തിരുത്താനാണ് ഇന്നിങ്ങോട്ട് വന്നത്…… പക്ഷേ…… ശ്രീ വേദുവിനോട് ചെയ്തത് തിരുത്താൻ പറ്റാത്ത തെറ്റാണെന്നു മനസ്സിലായി……..

ഇല്ലച്ഛാ…….. അങ്ങനല്ല……. എനിക്ക് അവളെയും മോനെയും വേണം…….. എനിക്ക് അവരുടെ കൂടെ ജീവിക്കണം…… വേദു ഇല്ലാതെ ഞാൻ ഇവിടുന്ന് വരില്ല…… അല്ലെങ്കിൽ എന്റെ മോനെ എങ്കിലും എനിക്ക് വേണം…… കൊണ്ടുപോകും ഞാൻ…….. അതുംപറഞ്ഞു നന്ദുവിന്റെ നേരെ തിരിഞ്ഞു……… ആദി നന്ദുവിനെ ഒന്നുകൂടി ഇറുക്കി പിടിച്ചു……..

ഇല്ല……. നീയിനി അവരുടെ രണ്ടാളുടെയും ജീവിതത്തിൽ ഒരു കരടായി ഉണ്ടാവില്ല ശ്രീക്കുട്ടാ……… നിന്നെ വേദൂന് വേണ്ടാ……. ഇങ്ങനെയൊരു അച്ഛനെ ആ കുഞ്ഞിനും……… വേണ്ടിയിരുന്നെങ്കിൽ അവൾ എന്നേ വീട്ടിൽ വന്നേനെ……… നീ തന്നെ നശിപ്പിച്ചതാണ് ഇവരുടെ സ്നേഹവും വിശ്വാസവും……. അതിനി നിന്നെക്കൊണ്ട് തിരിച്ചു പിടിക്കാൻ സാധിക്കില്ല…….. ശ്രീയുടെ അച്ഛൻ പറഞ്ഞു……

ഇനി നിന്റെ ജീവിതത്തിൽ ശ്രീക്കുട്ടന്റെ ഒരു ശല്യവും ഉണ്ടാവില്ല വേദൂ…….. ഇത് അമ്മാവൻ തരുന്ന വാക്കാ……. മാപ്പു പറഞ്ഞാൽ ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല ശ്രീ ചെയ്തത്……… എങ്കിലും മോൾ പൊറുക്കണം അവനോടു………ശപിക്കരുത്……… അതും പറഞ്ഞു ശ്രീയുടെ കയ്യിൽ പിടിച്ചു അദ്ദേഹം നടന്നു……. കൂടെ ശ്രീയുടെ അമ്മയും…….

ശ്രീ ഒന്നുകൂടി വേദുവിനെ നോക്കി……. ഇപ്പോഴും അവൾ തല ഉയർത്തിയിട്ടില്ല………. പിന്നെ നന്ദുവിനെ നോക്കി……… ശ്രീയുടെ കണ്ണു നിറയുന്നത് ആദി കണ്ടു………. തന്നെ നോക്കിയപ്പോൾ ആ കണ്ണുകളിൽ പക നിറയുന്നതും ……

ഒന്നും മിണ്ടാതിരുന്ന നിവേദ്യയുടെ അമ്മ അവൾക്കരികിൽ എത്തി………. അവളെ ചേർത്തു പിടിച്ചു കരഞ്ഞു……. തിരിച്ചൊന്നു മിണ്ടാനോ പിടിക്കാനോ അവൾ പോയില്ല……. ഇത്രയും നാൾ തനിച്ചാക്കിയതിന്റെയും മനസ്സിലാക്കാത്തതിന്റെയും എല്ലാ ദേഷ്യവും അവൾ കാണിച്ചു……….

ഇതാരുടെ ഐഡിയ ആണ്……. എന്തായാലും ആദിയുടെ അല്ല…….. ദേവൻ രഹസ്യമായി നീതുവിനോട് ചോദിച്ചു……….

സോറി ദേവേട്ടാ………. ഞാൻ മറ്റാരേക്കാളും വേദുവിനെ സ്നേഹിച്ചു പോയി……… മാത്രമല്ല ദേവേട്ടനു അറിയാത്തതായി ഒന്നുണ്ട്……… വേദു വേറൊരു വിവാഹം ചെയ്യില്ല……..ആദിയും……. അവളുടെ ജീവിതം നന്ദുവിന്‌ വേണ്ടി മാത്രമുള്ളതായിരിക്കും……. അത് മറ്റാരേക്കാളും നന്നായി എനിക്കറിയാം…… എന്തായാലും ശ്രീക്കു അവളെ ഞാൻ കൊടുക്കില്ല……….. ഇനിയും അവളുടെ കണ്ണുനീർ കാണാൻ വയ്യാ……… അപ്പോൾപിന്നെ……… ഇതല്ലാതെ വേറൊരു വഴി ഞാൻ കണ്ടില്ല……… ഇതിലും നല്ലൊരു ജീവിതം അവൾക്കിനി വേറെ കിട്ടില്ല………..

അപ്പോൾ എന്റെ ഭാര്യക്ക് ഫുദ്ധി ഉണ്ടല്ലേ…… വീട്ടിലെത്തുമ്പോൾ കെട്ടിപ്പിടിച്ചു ഒരുമ്മ തരാം കേട്ടോ……….

മര്യാദക്ക് മാറി നിന്നോ…… അല്ലേൽ ഒരു കുത്ത് വെച്ചു തരും ഞാൻ……. എനിക്ക് വേദു എങ്ങനെ പ്രതികരിക്കും എന്നാണ് പേടി……. അതും ഈ ഐഡിയ എന്റെയാണെന്നെങ്ങാനും അവളറിഞ്ഞാൽ………. ഈശ്വരാ….. ഓർക്കാൻ കൂടി വയ്യാ………. നീതു ടെൻഷനിൽ നഖം കടിച്ചു………..

💗💗💗💗a……..m…..y…..♥️♥️♥️♥️