18/04/2026

നിവേദ്യ : ഭാഗം 23

രചന – രോഹിണി ആമി

 

മോനൂസേ…… പെട്ടെന്നു ഒന്നു ഉഷാറായിക്കേ….. നമുക്ക് വീട്ടിൽ പോകണ്ടേ…….. ചിറ്റയുടെ കല്യാണം കൂടണ്ടേ…….. ആദി നന്ദുവിന്റെ അടുത്ത് വന്നിരുന്നു ചോദിച്ചു………

മ്മ്…. വേണം……. നന്ദു ചാടിപ്പറഞ്ഞു…….

നിവേദ്യ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുകയാണ്………. ആദി കണ്ണെടുക്കാതെ നോക്കിയിരിപ്പുണ്ട്……. ഒന്നു നോക്കിയപ്പോൾ ആദി ചോദിച്ചു……… വിഷമമുണ്ടോ തനിക്ക്…..

എന്തിനു……..

ശ്രീയുടെ കാര്യം ഓർത്ത്……… തോന്നുന്നുണ്ടോ ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ലെന്ന്…….. ഞാൻ എടുത്തു ചാടി ഒരു താലിയിൽ തന്നെ ബന്ധിക്കുകയും ചെയ്തു………. തനിക്ക് എന്താണോ തോന്നുന്നത് അത് ചെയ്‌തോണം……….ഒന്നും ഒന്നിനുമൊരു തടസ്സമാകില്ല……… എന്തിനും ഞാൻ കൂടെയുണ്ടാകും….

ആ ശബ്ദത്തിലെ വേദന നിവേദ്യക്കു മനസ്സിലായി………

ഞാൻ ശ്രീയേട്ടനെ കുറിച്ചല്ല ഓർത്തത്…….

പിന്നെന്താ ഇത്രയും തല പുകഞ്ഞു ചിന്തിക്കുന്നത്…….

അത് ആദിക്ക് മനസ്സിലാവും……. പിന്നീട്……. ഇപ്പോൾ പോയി ഡോക്ടറിനെ കണ്ടിട്ട് വാ…….. നന്ദൂട്ടന് കുറവുണ്ടല്ലോ……… വീട്ടിൽ പോകാം….. ദേവേട്ടൻ തനിച്ചാണ്…….. പാവം…….

അപ്പാ ഞാനും…….. നന്ദു കൈ നീട്ടി…….

വാടാ എന്റെ മോനൂസേ………. അവനെയും കയ്യിലെടുത്തു വെളിയിലേക്കു പോയി……

മൂന്നാളും വീട്ടിൽ വന്നിറങ്ങി……… ദേവനും നീതുവും അടുത്തു വന്നു………..

ഒന്നുമില്ല ദേവേട്ടാ……….. ആരെയും അറിയിക്കേണ്ട….. നിവേദ്യ ശബ്ദം താഴ്ത്തി പറഞ്ഞു………. എന്നിട്ട് നീതുവിനെയും കൂട്ടി അകത്തേക്ക് പോയി………. നടന്നതൊക്കെ പറഞ്ഞു……….

നന്നായി…….. നീ ചെയ്തതാണ് ശരി…….. ശ്രീക്കുട്ടനെ ദേഷ്യം പിടിപ്പിക്കാതെ സ്നേഹത്തോടെ മനസ്സിലാക്കി കൊടുത്തല്ലോ…….. ഇനിയും വരില്ല നിന്നെ തേടി……. ഉറപ്പുണ്ട്…….. ഞാനും ദേവേട്ടനും ശരിക്കും ടെൻഷൻ അടിച്ചു………. നിങ്ങളുടെ പിറകെ ആദിയും കൂടി പോന്നപ്പോൾ……. ഒരു അടിപിടി ഉണ്ടാകുമോന്ന് പേടിച്ചു…….. രണ്ടാളും വേണ്ടപ്പെട്ടവർ ആയതുകൊണ്ട്……….

ദേവന്റെ കൂടെ കല്യാണത്തിരക്കിലേക്ക് ആദിയും കൂടി………. മുത്തശ്ശിയുടെ കഷായം ശരിക്കും ഏറ്റു ആദിക്ക്……… നന്ദുവിന് വയ്യാതിരുന്നതുകൊണ്ട് നിവേദ്യ അവനൊപ്പം കിടന്നു ………. ഇടക്കിടക്ക് ആദി മുറിയിൽ വന്നുപോകുന്നത് നിവേദ്യ അറിഞ്ഞു……….. നന്ദുവിന്റെ നെറ്റിയിലെ ചൂടറിയുന്ന ആ കൈ ഇടയ്ക്കു തന്റെ നെറ്റിയിലും വന്നു പോകുന്നത് അറിഞ്ഞു…….. കൂടെ ഒരു തലോടലും……..

ഇപ്പോൾ ആദി അടുത്തു വരുമ്പോൾ മുൻപെങ്ങും ഇല്ലാത്ത പിടപ്പാണ് ഉള്ളിൽ……… എല്ലാവരും ആദിയെന്ന മരത്തിന്റെ തണൽ ഇഷ്ടപ്പെടുന്നു…….. ഇപ്പോൾ കൂടെ താനും…… ആ മരത്തിന്റെ വേര് ആഴ്ന്നിറങ്ങിയേക്കുന്നത് നിവേദ്യയിലേക്കും നന്ദുവിലേക്കും……….. ചെറുതായി ഒന്നു ചിരിച്ചു……

നിവേദ്യ ജനാല തുറന്നു……… ദേവേട്ടനോടൊപ്പം പന്തൽ കെട്ടാൻ സഹായിക്കുകയാണ് ആദി….. ചിക്കുവും മുത്തശ്ശിയും ഇടക്കിടക്കു പോയി എന്തൊക്കെയോ ചോദിക്കുന്നുണ്ട്………….. സംസാരിക്കുന്നതിനിടയിൽ പെട്ടെന്നു ആദി തിരിഞ്ഞു നോക്കി……… നിവേദ്യ മാറി നിന്നു…….

ഈയൊരു താങ്ങ് താൻ ആഗ്രഹിച്ചു പോകുന്നു………. നന്ദു മാത്രം മതി ഇനിയങ്ങോട്ടെന്നു ഉറപ്പിച്ചു ജീവിച്ചതാണ്…….. പക്ഷേ……. വിടാതെ ആദിയുടെ കണ്ണും മനസ്സും തങ്ങളുടെ പിറകെയുണ്ട്………. ആ ഒരു കരുതലും സ്നേഹവും എന്നുമുണ്ടാകണമെന്ന് കൊതിക്കുന്നു……… തനിച്ചിരിക്കാൻ ഇപ്പോൾ ഇഷ്ടപ്പെടാത്തതുപോലെ………

ടോ അമ്മൂസേ……….

നിവേദ്യ തിരിഞ്ഞു നോക്കി……… ഇങ്ങനെയാണ് തന്നെ വിളിക്കുന്നതെന്ന് നന്ദുവിന്റെ അടുത്തു നിന്നും അറിഞ്ഞിരുന്നു…….. പക്ഷേ നേരിട്ടു വിളിക്കുന്നത് ഇതാദ്യമാ….

എന്റെ പേര് നിവേദ്യ എന്നാ……. അതും വയ്യെങ്കിൽ വേദു എന്നു വിളിച്ചോ…… ഇതൊരുമാതിരി കുഞ്ഞുകുട്ടികളെ വിളിക്കും പോലെ അമ്മൂസ്…….പൊന്നൂസ്…… എന്നൊക്കെ…….. കുറച്ചു ദേഷ്യത്തിൽ ചോദിച്ചു……..

എല്ലാവരുടെയും മുന്നിൽ വെച്ചു അമ്മൂസ് എന്നു പറയുമ്പോൾ എല്ലാ കണ്ണുകളും തന്റെ നേരെ നോക്കും……….വേദു എന്ന വിളിയെക്കാൾ പതിന്മടങ്ങ് സ്നേഹമാണ് ആ വിളിയിൽ…….. അതുകൊണ്ട് തന്നെ….. എങ്കിലും കേൾക്കാൻ ഒരു സുഖമുണ്ട്…….. ഉള്ളാൽ ചിരിച്ചുകൊണ്ട് ഓർത്തു നിവേദ്യ……….

അത്…. എല്ലാവർക്കും പോലെയാണോ താൻ എനിക്ക്……… എന്റെ മോനൂസിന്റെ അമ്മയെ ഞാൻ എനിക്ക് തോന്നിയ പേര് വിളിക്കും…… പിന്നെയുള്ള ഒരു ഓപ്ഷൻ ഞാൻ വിളിച്ചാൽ വിളി കേൾക്കാതിരിക്കുക എന്നതാണ്…….. അത് തന്റെയിഷ്ടം………..

ഇങ്ങനെ ഒക്കെ വിളിച്ചാൽ എങ്ങനാ വിളി കേൾക്കാതിരിക്കുക……. നിവേദ്യ പൊറുപൊറുത്തു………..

താനെന്തെങ്കിലും പറഞ്ഞോ……….

ഇല്ല…….. എന്തിനാ വിളിച്ചത്……. കാര്യം പറ……

നമുക്കൊരു ഷോപ്പിംഗ് പോയാലോ…….. തനിക്കും മോനൂസിനും കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുക്കാൻ……..

ആാാ……. അപ്പാ നമുക്ക് പോകാം…….. ഉറങ്ങിക്കിടന്ന നന്ദു ചാടി എഴുന്നേറ്റു…….

അമ്പടാ കള്ളാ…….. നീ ഉറക്കം അല്ലായിരുന്നോ…… അപ്പാടെ മോനൂസ് ഇല്ലാത്തതു കൊണ്ടു ഒരു ഉഷാറും ഇല്ലെടാ……. എണീറ്റു വാടാ മുത്തേ……..

ആദി ബെഡിൽ കയറി………. നന്ദു ചാടി ആദിയുടെ തോളിലും………

ഒരിടത്തും പോകുന്നില്ല…….. ഒന്നു തല പൊങ്ങിയതേ ഉള്ളൂ……… കിടക്കവിടെ നന്ദു….. നന്ദുവിനോടായി നിവേദ്യ പറഞ്ഞു……….. എന്നിട്ട് ആദിയെ നോക്കി……….. ഷോപ്പിംഗ് ഒന്നും പോകണ്ട……… എല്ലാം വാങ്ങിയിരിക്കുന്നു എല്ലാവർക്കും……… ചുമ്മാ കാശ് കളയാൻ…..

ഇങ്ങനെ ഒരു പിശുക്കി ആയിപ്പോയല്ലോ നമ്മുടെ അമ്മൂസ്…….. അല്ലേ മോനൂസേ……. എന്തായാലും ഞാനും മോനും പോകുവാ…….. ആരുടേയും കാലിൽ പിടിക്കാനൊന്നും വയ്യ….. വരുന്നുണ്ടെങ്കിൽ വാ…….

നമ്മുടെ അമ്മൂസ്……… നിവേദ്യയുടെ ഉള്ളിൽ അത് വീണ്ടും വീണ്ടും ആവർത്തിച്ചു കേട്ടുകൊണ്ടിരുന്നു………. അറിയാം…. ഇതെല്ലാം ആദിക്ക് തന്റെയും മോന്റെയും കൂടെ തനിച്ചിരിക്കാൻ ഉള്ള അടവാണെന്ന്………

അമ്മു…….. വാ അമ്മു നമുക്കു പോകാം……… നന്ദു ബനിയനും നിക്കറും ഊരാൻ തുടങ്ങിക്കഴിഞ്ഞു………

നമ്മൾ പോയാൽ ദേവേട്ടൻ തനിച്ചാവില്ലേ……… എല്ലാം തനിയെ ചെയ്യേണ്ടേ………..ആദിയോട് ചോദിച്ചു……..

ദേവനാണ് പറഞ്ഞത്……… ഒന്ന് വെളിയിലൊക്കെ പോയി വരാൻ…….. വാടോ ഒന്നു ചുമ്മാ പോയി വരാം………… മോനൂസും ഉഷാറാവും…………..

പോകാനിറങ്ങിയപ്പോൾ ദേവേട്ടനും നീതുവും ആദിക്ക് നല്ലൊരു ചിരി സമ്മാനിച്ചു……… എല്ലാം കൂടി അറിഞ്ഞോണ്ടാ അപ്പോൾ……… ഒന്നും അറിയാത്തതു പോലെ ഭാവിച്ചു………. ഇപ്പോൾ ഇത് താനും ആഗ്രഹിക്കുന്നുണ്ട്…….. ആദിക്കൊപ്പം നന്ദുവുമായി ഒരുമിച്ചിരിക്കാൻ………… പക്ഷേ തുറന്നു സമ്മതിക്കാൻ തോന്നുന്നില്ല……… ശ്രീയേട്ടനോട് ആദിയെപ്പറ്റി പറഞ്ഞപ്പോഴാണ് തന്റെ മനസ്സിൽ ആദി എന്താണെന്ന് സ്വയം തിരിച്ചറിഞ്ഞത് തന്നെ……. ഈ താലിയിലുള്ള ബന്ധം അംഗീകരിക്കാൻ കുറച്ചു ദൂരം കൂടി താണ്ടേണ്ടതുണ്ട് തനിക്ക്…….

ഡ്രസ്സ്‌ എല്ലാം വാങ്ങി കൂട്ടുമ്പോൾ ഒന്നും പറയാതെ ഇരുന്നു…….. പറഞ്ഞിട്ടും ഒരു പ്രയോജനവും ഇല്ലെന്ന് നിവേദ്യക്കറിയാം…… പിന്നീട് പോയത് ഒരു ചിൽഡ്രൻസ് പാർക്കിലേക്കാണ്……… വീട്ടിൽ കിടന്നു മറിയുന്നത് പോരാഞ്ഞിട്ടാണോ എന്തോ രണ്ടും കൂടി ഇവിടെയും അടിച്ചു പൊളിക്കുവാണ്……… എല്ലാവരും നോക്കുന്നുണ്ട്……… അവർ രണ്ടാളും അവരുടേതായ ലോകത്താണ്…….. തന്നെപ്പോലും മറന്നുപോയ പോലെ……..

കുറച്ചു നേരം കഴിഞ്ഞു ആദി നിവേദ്യക്കരുകിൽ വന്നിരുന്നു………. അണക്കുന്നുണ്ട്………

ഇതിലിപ്പോൾ ആരാ കുട്ടി…….. നാണമില്ലേ ഇങ്ങനെ കിടന്നു കുട്ടികളെപ്പോലെ കളിക്കാൻ…… നിവേദ്യ ആദിയോട് ചോദിച്ചു…..

എന്തിനു നാണിക്കണം……….. കുട്ടികളെപ്പോലെ കളിക്കാനും ചിരിക്കാനും കഴിയുന്നത് തന്നെ വല്ലാത്തൊരു ഭാഗ്യം അല്ലെടോ……….. മനസ്സിലെ വിഷമം ആരും അറിയില്ല……… അവർ നോക്കുമ്പോൾ എന്താ…….. നമ്മൾ നല്ല ഹാപ്പി ആണ്……..

തനിക്കറിയുവോ………. എന്റെ പേരെന്റ്സ് എന്നെ വിഷമിപ്പിച്ചിട്ടേയില്ല…………. അത് എന്താന്നു പോലും ഞാൻ അറിഞ്ഞിരുന്നില്ല…….. ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് അവർ ജീവിതം തുടങ്ങിയത്………ആരും സഹായിക്കാൻ ഇല്ലാതെ………. ഞാൻ അമ്മയുടെ ഉള്ളിൽ പൂർണ്ണ വളർച്ച എത്തിയിട്ടും വയർ താങ്ങി അമ്മ ജോലിക്കു പോയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്……….. ഞാൻ പിറന്നു കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും രണ്ടു കാലിൽ നിൽക്കാൻ അവർ പ്രാപ്തരായിരുന്നു………. തന്നെക്കുറിച്ച് നീതുവിൽ നിന്നും അറിയുമ്പോൾ ആദ്യമോർത്തത് എന്റെ അമ്മയെയാണ്…….. ആ മടിയിൽ കിടന്നു കൊതി തീർന്നിട്ടില്ല എനിക്ക്……. അച്ഛനെയാവും അമ്മ എന്നേക്കാൾ സ്നേഹിച്ചത്……….. അതുകൊണ്ടാവും അച്ഛൻ പോയി അധികം താമസിയാതെ അമ്മയും കൂടെ പോയത്……. എന്നെ തനിച്ചാക്കിയിട്ട്………..

ഞാൻ എന്റെ അച്ഛനെ വിളിച്ചിരുന്നത് അപ്പാ എന്നായിരുന്നു………. മോനൂസ് ഇങ്ങനെ എന്നെ വിളിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം എത്രയാണെന്ന് തനിക്കറിയില്ല……. എന്റെ അപ്പാ എനിക്കരികിൽ ഉള്ളത് പോലെ…….. അവനോട്‌ ആദ്യമായിട്ട് സംസാരിച്ചപ്പോൾ അവനായിട്ട് വിളിച്ചതാണ് എന്നെ അപ്പാന്നു……… ഞാൻ പറയാതെ തന്നെ……… തിരിച്ചു വിളി കേൾക്കുന്നത് മനസ്സറിഞ്ഞു തന്നെയാ………

ആദി കരയുന്നുണ്ടോ……… നിവേദ്യക്ക് ആ മുഖത്തേക്ക് നോക്കാൻ വല്ലാത്ത വിഷമം തോന്നി……… ഒന്ന് ചേർത്തു പിടിക്കാൻ തോന്നി…….. ആ വിഷമം തന്റേതു കൂടിയാക്കാൻ തോന്നിയെങ്കിലും ഇരുന്നിടത്തു നിന്നും അനങ്ങാൻ പറ്റിയില്ല നിവേദ്യക്ക്………

ഒരു പരിധി വരെ നീതു എനിക്ക് ആശ്വാസം ആയിരുന്നു………. അതും കൂടി ഇല്ലാതായപ്പോൾ ആണ് ഒറ്റപ്പെടൽ എന്തെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയത്…….. രാത്രിയിൽ അപ്പയെയും അമ്മയെയും നോക്കിയിരിക്കുമ്പോൾ മുഴുവൻ മോനൂസ് ആണ് മനസ്സിലേക്ക് വരിക……… ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഞാൻ തനിച്ചാവാതെ ഇരിക്കാൻ രണ്ടാളും കാട്ടി തന്നതാവും മോനൂസിനെ എന്ന്……..

പിന്നീട് തനിയെ ആണെന്നു തോന്നിയത് നീയെന്നോട് ഒരു വാക്ക് പോലും പറയാതെ നിന്റെ വീട്ടിലേക്കു പോന്നപ്പോഴാണ്……… ഒന്നു നോക്കുക പോലും ചെയ്യാതെ പലപ്പോഴും എന്നെ കടന്നു പോകുമ്പോൾ ശരിക്കും വിഷമം തോന്നാറുണ്ട്……… അപ്പോഴൊക്കെ ചേർത്തു പിടിക്കാൻ അവനുണ്ടാവും……… എന്റെ മോനൂസ്……. ശ്രീയോട് എല്ലാം ക്ഷമിച്ചു താൻ കൂടെ പോയാൽ പോലും അവൻ എന്നെ വിട്ടു പോകില്ല……… അറിയുവോ തനിക്ക്…….. ഇപ്പോൾ എന്റെ ചിന്തയും ജീവനും ജീവിതവും എല്ലാം അവൻ മാത്രമാണ്…….. ആദിക്ക് നന്ദുവിനെപ്പറ്റി പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാത്തതു പോലെ……….

നീയെന്നുള്ള വിളിയിൽ തന്നെ നിവേദ്യ അറിഞ്ഞു ആദിക്ക് തന്നോട് ഉണ്ടായിരുന്ന ദേഷ്യം…………

നമുക്കു പോകാം………. കുറച്ചു ദേഷ്യത്തിൽ നിവേദ്യ ചോദിച്ചു………

അവൻ കളിച്ചു കഴിയട്ടെടോ……… ആ സന്തോഷം കെടുത്തണ്ട…….

അപ്പാ….. വാ ഐസ് ക്രീം മേടിക്കാം……… നന്ദു ആദിയോട് പറഞ്ഞു………

ഐസ് ക്രീം വേണ്ട…….. ഇനിയും പനി കൂടിയാലോ…….. ചൂടായിട്ട് പോപ്പ് കോൺ വാങ്ങാം…. വാ …….. അവർ പോകുന്നത് നോക്കിയിരുന്നു നിവേദ്യ………..

താൻ ശ്രീയേട്ടന്റെ കൂടെ പോകുമെന്നാണോ അപ്പോൾ ആദി വിചാരിച്ചു വച്ചിരുന്നത്……… തന്നെക്കുറിച്ചു എല്ലാം അറിഞ്ഞു വച്ചിട്ടു കൂടി ഇങ്ങനെയൊക്കെ ചിന്തിക്കാമോ……. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു………

ഇന്നാ അമ്മു…….. നന്ദു ഐസ് ക്രീം നീട്ടി……. വാങ്ങി അതിന്റെ ഡക്കൻ തുറന്നതും നന്ദുവിന്റെ തന്നെ കൈ തട്ടി താഴേക്കു വീണു………

അയ്യോ…… സോറി അമ്മു…….. ഇന്നാ…….. അവൻ പോപ്പ് കോൺ നീട്ടി……… വാ തുറന്നതും അവൻ അവന്റെ വായിലേക്ക് തന്നെ വെച്ചു…….. എന്നിട്ട് ചിരിച്ചു കൊണ്ടു ഒരോട്ടം……. ആദിയെ നോക്കിയതും ദുഷ്ടൻ തിരിഞ്ഞിരുന്നു കഴിച്ചു ……….

ഓ പിന്നേ ഇതൊന്നും ഞാൻ കഴിക്കാത്തത് പോലെ……… നിവേദ്യ പോകാൻ എഴുന്നേറ്റു…..

വരുന്നെങ്കിൽ രണ്ടും വാ…….. ഞാൻ പോകുവാ……. അല്ലെങ്കിൽ ഇവിടെ കിടന്നോ…..

ടാ മോനൂസേ വാ പോകാം…….. ദേ അമ്മു പിണങ്ങി……… ആദി നന്ദുവിനോട് ഉച്ചത്തിൽ പറഞ്ഞു……….

എല്ലാവർക്കും വാങ്ങിയത് ഒക്കെ കൊടുക്കുമ്പോഴും നിവേദ്യ മാറിനിന്നു……… മനസ്സിൽ മുഴുവൻ ആദി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…………

ദാ…… ഇതു ഞാൻ തനിക്കു വേണ്ടി വാങ്ങിയതാ……. കല്യാണത്തിന് ഉടുക്കാൻ……… ഒരു കവർ നീട്ടി ആദി പറഞ്ഞു……..

അച്ഛൻ വാങ്ങി…….. മാത്രമല്ല ദേവേട്ടനും വാങ്ങി……..നീതുവിന് വാങ്ങുന്ന കൂടെ……… പിന്നെന്തിനാ ഇതും കൂടി……. ഒരു സാരി അല്ലേ എനിക്ക് ഉടുക്കാൻ പറ്റു………..

തനിക്കു വേണ്ടേൽ വേണ്ടാ…….. ഞാൻ വെറുതെ വാങ്ങിയെന്നേ ഉള്ളൂ…….. ഉടുക്കുന്നതും ഉടുക്കാത്തതും തന്റെയിഷ്ടം…… ആ കവർ ബെഡിലേക്ക് ഇട്ടിട്ട് മുറിയിൽ നിന്നും ഇറങ്ങി പോയി………..

സ്നേഹിക്കണം എന്നുണ്ട്…….. പക്ഷേ താൻ പറയുന്നതും ചെയ്യുന്നതുമെല്ലാം ആദിയെ വേദനിപ്പിക്കുന്നതാണ് ……. ആ മുഖം വാടുമ്പോൾ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ ആണ്……… ഇതേ ഉടുക്കാവൂ ന്ന് അധികാരത്തിൽ പറഞ്ഞാൽ അനുസരിക്കില്ലേ ഞാൻ……..

അങ്ങനെ ചിക്കുവിന്റെ കല്യാണ ദിവസം എത്തി………. നന്ദുവിനെ റെഡിയാക്കി പുറത്തേക്കു വിട്ടു നിവേദ്യ തയ്യാറായി………. നീതു മുല്ലപ്പൂ കൊണ്ടു വച്ചിട്ടുണ്ട്……… നീതുവിന്റെ കല്യാണത്തിന് അവളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ തീരെക്കുറച്ചു മാത്രം മുടിയിൽ വച്ചിരുന്നു……… അതും കുറച്ചു കഴിഞ്ഞു ദൂരെക്കളഞ്ഞിരുന്നു……….

ഇതിപ്പോൾ വെക്കണോ വേണ്ടയൊന്ന് ആലോചിച്ചു………. വച്ചില്ലെങ്കിൽ പലരുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും…….. കുറച്ചു എടുത്തു മുടിയിൽ വെച്ചു……… ഇതൊക്കെ മതി……… ഒരുങ്ങാൻ ഒന്നും തോന്നുന്നില്ല…….. മനസ്സ് മടിക്കുന്നു…….. ഇത്രയും കാലം ഇല്ലാതിരുന്ന ശീലങ്ങൾ ആണ്……… പുതുതായി ഒന്നും തുടങ്ങേണ്ട…….. മുറിയുടെ ഡോർ തുറന്നു വെളിയിലിറങ്ങി……… എല്ലാവരും നോക്കുന്നത് തന്നെയാണെന്ന് മനസ്സിലായി……..

ഈശ്വരാ…….. ചിക്കു ഒഴികെ ബാക്കി എല്ലാവരും ഇട്ടിരിക്കുന്നത് ആദി വാങ്ങിയതാണ്……… താൻ ഇട്ടിരിക്കുന്നത് ദേവേട്ടൻ വാങ്ങിയതും………സ്വയം ഒന്നു നോക്കി നിവേദ്യ……. ആദിയുടെ മുഖം ഒന്നു ഇരുണ്ടു……… പിന്നെ എപ്പോഴുമുള്ള ആ ചിരി മുഖത്തു ഫിറ്റ്‌ ചെയ്തു………..ദേവേട്ടനും നീതുവും ഒരേ കളർ ഡ്രസ്സ്‌ ആണ്……. അപ്പോൾ ഊഹിക്കാം ആദിയുടെ ഷർട്ടിന്റെ അതേ കളർ സാരി ആവും എനിക്കും വാങ്ങിയത്……….. അതു തുറന്നു പോലും നോക്കാതെ നേരെ അലമാരയിൽ വെച്ചു……… നന്ദുവിനും സെയിം കളർ ആണ്…….. കയ്യിൽ കിട്ടിയത് ദേവേട്ടൻ വാങ്ങിയ സാരിയായിരുന്നു……… എന്തെങ്കിലും ഒന്ന് ഉടുത്താൽ പോരേ ന്നു വിചാരിച്ചു……. മാത്രമല്ല ചെന്നിറങ്ങുന്നത് ബന്ധുക്കളുടെ നടുവിലേക്കാണ്………. ആ ഒരു ടെൻഷൻ ഉണ്ട്……. കല്യാണം ചിക്കുവിന്റെതാണെങ്കിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം താനായിരിക്കുമെന്ന് ഉറപ്പുണ്ട് നിവേദ്യക്ക്……..

നീതു കയ്യിൽ സിന്ദൂരവുമായി വന്നു…….. തൊട്ടു തരാൻ നേരം വേണ്ടാന്നു പറഞ്ഞു……… കൈ തട്ടി മാറ്റി…….. നീതു കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു……… പിന്നെയൊന്നും പറയാതെ ദേവേട്ടനു അരികിലേക്ക് പോയി………..കണ്ണു തുടക്കുന്നതു കണ്ടു……….. ആദി ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കുന്നുണ്ട്……. ഉണ്ടായിരുന്ന സന്തോഷം എല്ലാം എങ്ങോ പോയിരിക്കുന്നു………..

ചിക്കു ദക്ഷിണ തന്നു…..അനുഗ്രഹിച്ചു…….. തനിക്കു ചെയ്യാൻ പറ്റുന്നത് അതേയുള്ളു……….. ആദിയുടെ കാലിൽ തൊടുന്നതിനു പകരം അവൾ ആദിയുടെ നെഞ്ചിൽ ചേർന്നു നിന്നു……….. ചേർത്തു പിടിച്ചു നെറുകയിൽ മുത്തം കൊടുത്തു ആദി……..

തനിക്കു ചെയ്യാൻ സാധിക്കാത്തതാണ്………… മനഃപൂർവം അല്ല……. ആരോടും അടുക്കാൻ തോന്നുന്നില്ല……… മനസ്സിൽ അത്രക്കും വിഷമം ഉണ്ടായിട്ടുണ്ട്………. ശ്രീയേട്ടനോട് ക്ഷമിക്കാൻ പറ്റുന്നുണ്ട്…….. പക്ഷേ…….

സാഹചര്യം എന്നെയും മാറ്റുമായിരിക്കും……… എന്നെങ്കിലും……..

ആദി ഒന്നും മിണ്ടുന്നില്ല…….. ഒന്നു നോക്കുന്നു കൂടിയില്ല……. കുറച്ചു നേരമായി താനൊന്നു മിണ്ടാൻ നോക്കുന്നു……….. എവിടെ…….. നന്ദുവിന്റെ കയ്യും പിടിച്ചു ദേവേട്ടന്റെ കൂടെ നടക്കുവാണ് ………. ഓഡിറ്റോറിയത്തിലാണ് കല്യാണം……… ആദിയുടെ കൂടെ കാറിൽ വരുമ്പോൾ ചോദിച്ചു………

എന്താ ഒന്നും മിണ്ടാതിരിക്കുന്നെ ……. മുഖം ഒരു കൊട്ടയുണ്ടല്ലോ……….. മുഖം തിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല ആദി………

അമ്മു എന്താ അപ്പാ വാങ്ങിയ സാരി ഉടുക്കാഞ്ഞേ……… ഒരേ കളർ ഇടാൻ വേണ്ടിയല്ലേ ഞങ്ങൾ അത് വാങ്ങിയേ…….. മാമനും ആന്റിയും കണ്ടോ അപ്പാ വാങ്ങിയത് ഇട്ടത്……. എന്തു രസവാ………ഞങ്ങളോട് ഇഷ്ടമില്ലല്ലോ അമ്മുന്……….. മിണ്ടണ്ട അപ്പാ……..അമ്മുനോട് മിണ്ടണ്ട …….. ഞാനും മിണ്ടില്ല………..

കയ്യുംകെട്ടി എന്റെ മടിയിൽ ഇരുന്നിട്ടാ ഇത്രയും പറയുന്നത് നന്ദു…….. അവന്റെ വിചാരം അവനെന്നെ തൊടുന്നില്ലെന്നാ…….. ഇരിക്കുന്നതോ എന്റെ മടിയിലും………

ഒരു സാരിയിൽ ആണോ നന്ദൂട്ടാ ഇഷ്ടം മുഴുവൻ ഇരിക്കുന്നത്……..ആണോ….. ആണെങ്കിൽ രണ്ടാളും മിണ്ടണ്ട എന്നോട് ……… പറഞ്ഞിട്ട് വെളിയിലേക്കു നോക്കിയിരുന്നു നിവേദ്യ……….

ആദ്യമായിട്ടാണ് മൂന്നാളും വണ്ടിയിൽ വരുമ്പോൾ ഇത്രയും നിശബ്ദത……… നന്ദു പോലും ഇത്രയും നേരം മിണ്ടാതിരിക്കുന്നത് ഇതാദ്യമാ……….