17/04/2026

നിവേദ്യ : ഭാഗം 13

രചന – രോഹിണി ആമി

മോനൂസിനും അമ്മുനും അപ്പാ ഉണ്ട് കേട്ടോ…… അമ്മു പറഞ്ഞത് കേട്ട് വിഷമിക്കണ്ടാട്ടോ…….. മ്മ്……. ഒന്നു മൂളി……….. ഒന്നു വിളിക്കെടാ മോനൂസേ അപ്പായേന്ന്……. അപ്പായേ………. എന്തോ…….. അപ്പായെ……… ഒന്നൂടെ കൊഞ്ചി വിളിച്ചു…… എന്തോ……. എന്റെ മോനൂസേ………. അപ്പാടെ ചക്കര മുത്താടാ നീ………. രണ്ടു കവിളിലും ഉമ്മ കൊടുത്തു……… പതിയെ തട്ടിയുറക്കി……… രാവിലെ ആദിത്യൻ ഉണർന്നപ്പോൾ നന്ദു അടുത്തുണ്ടായിരുന്നില്ല……. തേടി നടന്നപ്പോൾ കണ്ടു നിവേദ്യയുടെ കൂടെ കിച്ചണിൽ ഇരുപ്പുണ്ട്……… നിവേദ്യ ചായ ഊതി ഊതി കൊടുക്കുന്നുണ്ട്….. അതു കുടിച്ചുകൊണ്ട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്……. നല്ല രസമാണ് അമ്മയും മോനും സംസാരിക്കുന്നതു കാണാൻ…… അവൻ ചോദിക്കുന്ന അതേരീതിയിൽ തന്നെ നിവേദ്യ മറുപടി പറയുന്നുണ്ട്…….ചിലപ്പോൾ ചോദിച്ചത് തന്നെ തിരിച്ചും മറിച്ചും ചോദിക്കും…….. എല്ലാത്തിനും ഉത്തരം പറയുന്നുണ്ട്……. ക്ഷമയോടെ……… ഒരുപക്ഷേ ഒരമ്മയെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യം….. മക്കളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉള്ള ഏകയിടം…..

ഗുഡ് മോർണിംഗ്……… രണ്ടാൾക്കും ഇടയിലേക്ക് കയറിച്ചെന്നു ആദിത്യൻ…….. മോനൂസിന്റെ അടുത്ത് ഇരുന്നു……. ഇന്ന് സ്കൂളിൽ പോകണ്ടേ മോനൂസിനു……. മ്മ്…… ഇന്നു പോകാതിരിക്കാൻ നോക്കുവാ അവൻ…….. ആദ്യം വയറുവേദന……. ഇപ്പോ പല്ലുവേദന……. കുറച്ചു കഴിയുമ്പോൾ വയറിൽ തൊട്ടു കാണിച്ചിട്ട് പറയും തലവേദന ആണെന്ന്…….. നിവേദ്യ ആദിത്യന് ചായ കൊടുത്തു കൊണ്ട് പറഞ്ഞു……. വാടാ കള്ളാ……. നിന്നെ അപ്പാ കൊണ്ടുവിടാം….. വൈകുന്നേരം കൂട്ടാനും വരാം……. എന്താ…… മോനൂസിനെ കയ്യിലെടുത്തു പറഞ്ഞു……. ബൈക്കിൽ കൊണ്ടുവിടാമെങ്കിൽ പോകാമെന്നു മനസ്സില്ലാ മനസ്സോടെ നന്ദു സമ്മതിച്ചു……. പോകാനിറങ്ങിയപ്പോൾ നിവേദ്യയുടെ രണ്ടുകവിളിലും ഉമ്മ കൊടുത്തു……. മ്മ്…. മതി സോപ്പിട്ടത്…… എന്തായാലും നീ ഇന്ന് സ്കൂളിൽ പോകും……. നിവേദ്യ തിരിച്ചു ഉമ്മ കൊടുത്തു പറഞ്ഞു….. ബൈക്കിനു മുന്നിൽ ഇരുന്നു കൈവീശി നന്ദു…… ചിരിക്കാൻ ആംഗ്യം കാണിച്ചു നിവേദ്യ കൈ വീശി……

വണ്ടി ഓടിത്തുടങ്ങിയപ്പോൾ ആദിത്യൻ സൈഡ് മിറ റിൽ നിവേദ്യയെ നോക്കി……. ചിരിയോടെ നിൽക്കുന്നു……. നല്ല ഒരു കാഴ്ച…… പുതിയ അനുഭവം……. പുതിയ പുതിയ ശീലങ്ങളും സ്നേഹവും അനുഭവിക്കാൻ തുടങ്ങിയപ്പോൾ മനസ്സിന് ചെറിയ ഒരു മാറ്റം……. കൂടുതൽ ആലോചിച്ചു തുടങ്ങും മുൻപ് നന്ദുവിന്റെ ചോദ്യങ്ങൾ എത്തി……… മൊബൈൽ നോക്കിക്കൊണ്ടിരുന്ന നിവേദ്യക്കു മുന്നിലേക്ക് ബൈക്കിന്റെ കീ വലിച്ചെറിഞ്ഞു ആദിത്യൻ…….. താനെന്തൊക്കെയാ മോനൂസിനോട് പറഞ്ഞു കൊടുത്തിരിക്കുന്നത്…….. ഒരു ചോക്ലേറ്റ് പോലും വേണമെന്നു പറഞ്ഞില്ല അവൻ….. എന്തു ചോദിച്ചാലും വേണ്ടാ വേണ്ടാന്നുള്ള മറുപടിയും………. ഞാൻ നേരത്തെ പറഞ്ഞു….. അവൻ എന്റെ അടുത്തു നിന്നും അകലാൻ പാടില്ലെന്ന്……. അതു മാത്രം ഞാൻ സഹിക്കില്ല നിവേദ്യ……… മുറിയിലേക്ക് ദേഷ്യത്തിൽ കയറി ശക്തിയിൽ ഡോർ വലിച്ചടച്ചു……..

ഇന്നലെ പറഞ്ഞുകൊടുത്തത് നന്ദൂട്ടൻ അനുസരിക്കാൻ തുടങ്ങിയിരിക്കുന്നു ….. അവന്റെ അപ്പായെ ഇനി ശല്യം ചെയ്യില്ല…… അമ്മുന് തന്ന പ്രോമിസ്……. പാവം…. എന്റെ മോൻ……. നിവേദ്യക്ക് സന്തോഷവും ഒപ്പം വിഷമവും തോന്നി……. താൻ പറയുന്നത് അനുസരിക്കുന്നുണ്ടെങ്കിൽ നന്ദൂട്ടൻ തന്നെ അത്രയും സ്നേഹിക്കുന്നുണ്ട്……. അതും ആദിത്യന്റെ സ്നേഹം അവൻ നിരസിച്ചെങ്കിൽ എത്ര വിഷമം അവന്റെ ഉള്ളിലുണ്ടാവും…… നിവേദ്യ ആദിത്യന്റെ അടുത്തേക്ക് ചെന്നു….. ബെഡിൽ കമഴ്ന്നു കിടപ്പുണ്ട്……. ആദിത്യനെ സ്നേഹിക്കരുത് എന്നൊന്നും ഞാൻ അവനോടു പറഞ്ഞിട്ടില്ല…… കുറച്ചൊക്കെ അവനും മനസ്സിലായിരുന്നു …….അതിന്റെയാവും…… ആ നാലു വയസ്സുള്ള നന്ദൂട്ടന്റെ അത്രയും പോലും വിവരം ഇല്ലാതായോ………..ഞാൻ ആദിത്യനെ നോക്കിയിരിക്കുവായിരുന്നു കഴിക്കാൻ……… വന്നാൽ ഇപ്പോൾ എടുത്തു തരും……. ഇല്ലെങ്കിൽ തനിച്ചിരുന്നു കഴിക്കേണ്ടി വരും…… പ്ലേറ്റിൽ ദോശ എടുത്തു……. കഴിക്കാൻ തോന്നിയില്ല നിവേദ്യക്ക്…… എല്ലാം അടച്ചു വെക്കാൻ തുടങ്ങിയപ്പോൾ ദേ ഇരിക്കുന്നു മുൻപിൽ……… പിന്നെ രണ്ടാളും ഒരുമിച്ച് ഇരുന്നു കഴിച്ചു………

നിവേദ്യ ഇടയ്ക്കിടെ ആദിത്യനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു …… ആദിത്യൻ അത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ ഇരുന്നു ഭക്ഷണം കഴിച്ചു … ഞാൻ സഹായിക്കണോ……… ഇടയ്ക്കിടെ നിവേദ്യയോട് ആദി കിച്ചണിൽ വന്നു ചോദിക്കുന്നുണ്ടായിരുന്നു……… അയ്യോ വേണ്ടാ………. കുറച്ചു സമയം എടുത്താണെങ്കിലും ഞാൻ തനിയെ ചെയ്‌തോളാം…….. വേണ്ടേൽ വേണ്ട…….. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി……. നിവേദ്യക്കു ചിരി വന്നു……. ഇങ്ങനെ ഒക്കെ പറയുമ്പോഴും താൻ ജോലി ഒന്നും പറയരുതെന്നുള്ള പ്രാർത്ഥന ആവും ഉള്ളിലെന്നു നിവേദ്യക്ക് ശരിക്കുമറിയാം…… വൈകുന്നേരം ആയപ്പോൾ എന്തോ കിടന്നു തേടുവാണ് ആദി…. മേശപ്പുറത്തുള്ളത് എല്ലാം നിലത്തു കിടപ്പുണ്ട്…….. ബെഡ്ഷീറ്റ് ചുരുട്ടി ഇട്ടിരിക്കുന്നു…….. കൂടുതൽ നാശം വരുത്താതിരിക്കാൻ നിവേദ്യ ചോദിച്ചു…… എന്താ കിടന്നു തേടുന്നത്………. മറുപടി തരാതെ ഒന്നു സൂക്ഷിച്ചു നോക്കി പിന്നെയും കിടന്നു തേടുവാണ്……. ചോദിച്ചത് കേട്ടില്ലേ……. എന്താണ് തേടുന്നതെന്ന്……… കീ കാണുന്നില്ല…….. ബൈക്കിൽ ചെല്ലാമെന്നു മോനൂസിനോട് പ്രോമിസ് ചെയ്തതാ…….. നിവേദ്യ സമയം നോക്കി………

നന്ദൂനെ സ്കൂളിൽ നിന്നും കൊണ്ടുവരാൻ സമയമായി…. അതിനുള്ള വെപ്രാളമാണ് ഈ കിടന്നു കാട്ടുന്നത്……… രാവിലെ വലിച്ചെറിഞ്ഞു കളഞ്ഞത് എവിടാ…… അവിടെ നോക്ക്……. ആദിത്യൻ നിവേദ്യയെ നോക്കി…….. നിവേദ്യ സെറ്റിയുടെ കീഴിൽ കണ്ണുകൊണ്ടു കാണിച്ചു….. ഇതിവിടെ കിടക്കുന്നതു കണ്ടിട്ട് തനിക്കൊന്നു എടുത്തു വെക്കാൻ തോന്നിയില്ലല്ലോ……. കീ തോണ്ടിയെടുത്തു ആദിത്യൻ ചോദിച്ചു…… പിന്നേ……. ഈ വയ്യാത്ത കയ്യും വച്ചു ഞാനിനി അതിന്റെ അടിയിൽ കയറാൻ……… വലിച്ചെറിഞ്ഞു കളഞ്ഞവർ തന്നെ എടുക്കട്ടേന്ന് വിചാരിച്ചു……. എറിഞ്ഞു കളയുമ്പോൾ ഓർക്കണമായിരുന്നു അതിനിയും വേണ്ടതാണെന്നു……… നിവേദ്യയെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ദേഷ്യത്തിൽ വെളിയിലേക്കു പോയി…….. ബൈക്ക് സ്റ്റാർട്ട്‌ ആവുന്നില്ല…….. ഒന്നൂടെ ശ്രമിച്ചു നോക്കി…… ആകുന്നില്ല…… മോനൂസിനോട് പറഞ്ഞും പോയി ബൈക്കിൽ വരാമെന്നു……… നിവേദ്യയെ ഒന്നു നോക്കി…… സാവകാശം സ്റ്റാർട്ട്‌ ചെയ്യാൻ കൈ കൊണ്ടു കാണിച്ചു…….

അതൊക്കെ എനിക്കറിയാം എന്നുള്ള രീതിയിൽ വെപ്രാളം പിടിക്കാതെ സ്റ്റാർട്ട്‌ ചെയ്തു…….. ഇല്ല…. ഒരു രക്ഷയും ഇല്ല…. ആദ്യമായി മോനൂസിനു കൊടുത്ത വാക്ക് തെറ്റിക്കണമല്ലോ എന്നോർത്ത് പതിയെ ഇറങ്ങാൻ തുടങ്ങി……… നിവേദ്യ അടുത്തു വന്നു പറഞ്ഞു…… ഒന്നു ചിരിക്കേടോ മാഷേ…….. ചിലപ്പോൾ സ്റ്റാർട്ട്‌ ആയാലോ…… കീ ഊരിയെടുത്തു ഒന്നുകൂടി ഇട്ടിട്ടു പറഞ്ഞു ……. ഹ….. ചിരിക്കൂന്നേ…….. നമുക്കു നോക്കാം…….. വരാത്ത ചിരി ചിരിച്ചു കാണിച്ചു ആദിത്യൻ…… ഇത്രയും വൃത്തികെട്ട ചിരി ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…….. ഇനിയൊന്നു സ്റ്റാർട്ട്‌ ചെയ്തു നോക്കിയേ…….. വണ്ടി സ്റ്റാർട്ട്‌ ആയി…… ആദിത്യൻ നിവേദ്യയെ ഒന്നു നോക്കി……. ഓഹ് ഇതൊക്കെയെന്ത് എന്ന രീതിയിൽ മാനം നോക്കി നിവേദ്യ…….. ചിലപ്പോൾ ഒക്കെ നമ്മുടെ ഒരു ചിരിക്ക് പലതും മാറ്റിമറിക്കാനുള്ള ശക്തി ഉണ്ടെടോ ആദിത്യൻ മണ്ടൂസേ……. അതും പറഞ്ഞു അകത്തേക്കു നടന്നു……… ഇത്രയും ഫ്രീ ആയിട്ട് ആദ്യമായിട്ടാണ് നിവേദ്യ തന്നോട് പെരുമാറുന്നത്……… അറിയാതെ ഒരു ചിരി മുഖത്തു തെളിഞ്ഞു…….

നീതു വിളിച്ചപ്പോൾ പറഞ്ഞു ശ്രീ പുതിയ ശീലങ്ങൾ ഒക്കെ തുടങ്ങിയെന്നു………. ദേവേട്ടനെ പേടിച്ചു പാതിരാത്രിയിൽ ആണ് വരുന്നത്…….. വീട്ടിൽ ഇരിക്കില്ല……. ആർക്കും മുഖം തരാതെ ഒളിച്ചു നടക്കുവാ……. അതൊന്നും പുതിയ ശീലങ്ങൾ അല്ലെന്നു പറയണമെന്നുണ്ടായിരുന്നു നിവേദ്യക്ക്…….. പിന്നെ വേണ്ടാന്നു വെച്ചു……… വീട്ടിൽ തനിക്കു മാത്രം അറിയാവുന്ന രഹസ്യം…….. ഒരിക്കൽ തന്റെ തലയിൽ തൊട്ട് സത്യം ചെയ്തതാണ് ഇനി കുടിക്കില്ലന്ന്……. അതുപോലെ എത്ര സത്യങ്ങൾ………. അതിനും മാത്രം എന്തു ടെൻഷൻ ആവും……. ഇനി വിവാഹം മുടങ്ങിയതിന്റെ ആവുമോ…… ആവോ……. ഇനി അതോർത്തു താനെന്തിനാ ടെൻഷൻ അടിക്കുന്നത്……. അങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ് അന്നേച്ചിയുടെ കാൾ വന്നത്……… അച്ചായന്റെ അപ്പച്ചൻ മരിച്ചു എന്നും പറഞ്ഞു…… ഒരുപാട് സംസാരിക്കാൻ പറ്റിയില്ല അന്നക്ക്………. ശ്ശോ….. കഷ്ടമായിപ്പോയി…….. നിവേദ്യ നഖം കടിച്ചു തുടങ്ങി……. ടോ….. താനറിഞ്ഞോ….. അച്ചായന്റെ അപ്പച്ചൻ മരിച്ചു പോയെന്നു……. ആദിയാണ്…… നിവേദ്യ അത്ഭുതത്തോടെ ആദിത്യനെ നോക്കി പറഞ്ഞു ………

ഒരാൾ മരിച്ചു പോയെന്നു ഇത്ര സന്തോഷത്തിൽ പറയുന്നത് കേൾക്കുന്നത് ഇതാദ്യമാ….. ഈശ്വരാ ഞാൻ ചിരിച്ചോണ്ടാണോ നിവേദ്യയോട് പറഞ്ഞത്…….. ആദിത്യൻ പെട്ടെന്ന് മുഖഭാവം മാറ്റി……. അച്ചായൻ വിളിച്ചു പറഞ്ഞപ്പോൾ ആദ്യമൊരു വിഷമം തോന്നിയെങ്കിലും മോനൂസ് കുറച്ചു ദിവസം കൂടി തന്റെ കൂടെ കാണുമെന്നോർത്തപ്പോൾ മനസ്സിലെ സന്തോഷം മുഖത്തു പ്രതിഫലിച്ചു പോയി……. അവിടെ പോകണമെന്ന് നിവേദ്യക്കു മനസ്സിൽ ഉണ്ടായിരുന്നു……. ഈ കയ്യും വച്ചു വണ്ടി ഓടിക്കാൻ പറ്റില്ല……. എല്ലാത്തിനും ആദിത്യനെ ആശ്രയിക്കാനും ഒരു മടി……… എത്ര വലിയ ഫ്രണ്ട് ആണെന്നു പറഞ്ഞാലും തങ്ങൾക്കിടയിൽ ഒരു മതിൽ ഉണ്ട്……. അതു താണ്ടാൻ രണ്ടാളും ശ്രമിച്ചിട്ടില്ല ഇതുവരെ……ദേവേട്ടനോട് പറഞ്ഞാലോ ഒന്നു കൊണ്ടുപോകാൻ………. വേണ്ട…… ആദിത്യന് വിഷമം ആവും…… എങ്ങനെ പ്രതികരിക്കുമെന്നു അറിയില്ല…….. സാരമില്ല….. ചേച്ചിയോടും അച്ചായനോടും കാര്യം പറഞ്ഞാൽ മനസ്സിലാവും……. താൻ നാളെ റെഡി ആയിക്കോ….. നമുക്ക് രാവിലെ ഇറങ്ങാം……… അതാവുമ്പോൾ ഇരുട്ടും മുൻപ് തിരിച്ചു വരാം……. തിരിഞ്ഞു നോക്കും മുൻപ് ആദിത്യൻ മുറിയിൽ എത്തിയിരുന്നു………

നന്ദൂട്ടന്റെ സന്തോഷപ്രകടനത്തിന്റെ ശബ്ദവും കേട്ടു…….. നാളെ ഇനിയിപ്പോൾ സ്കൂളിൽ പോകണ്ടല്ലോ…. അതിന്റെയാ…….. ആഹാ….. അപ്പാക്കു പറ്റിയ മോൻ തന്നെ…… അറിയാതെ നാവു ചതിച്ചു…. നീതുവിനെ വിളിച്ചു പറഞ്ഞു…… അവൾക്കും വരണമെന്ന് പറഞ്ഞു…….. ഈ അവസ്ഥയിൽ യാത്ര വേണ്ടെന്നു പറഞ്ഞു നിവേദ്യ തടഞ്ഞു….. വീട്ടിലെ വിശേഷം ഒക്കെയും പറഞ്ഞു കൊണ്ടിരുന്നപ്പോൾ അവിടെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടു……… ഒരു മിനിറ്റ് എന്നു പറഞ്ഞു നീതു….. എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദം കേട്ടു മൊബൈലിൽ……. നീതു……. നിവേദ്യ പേടിച്ചു വിളിച്ചു….. ഒന്നുമില്ല വേദൂ……. ശ്രീ വന്നതാ……. നടക്കുന്നതിനിടയിൽ ചെയർ തട്ടി മറിച്ചു….. നാലു കാലിലാ വരവ് ……. ഇന്ന് ദേവേട്ടൻ ഇല്ല ഇവിടെ…… അതുകൊണ്ട് കുറച്ചു നേരത്തെയാ…….. എന്തിനാവും ഇങ്ങനെ കുടിച്ചു നശിക്കുന്നത്…… അതും ഒരു ഡോക്ടർ ആയിട്ടു കൂടി….. മനസ്സിൽ ഒരു മുള്ളു കുത്തിയ വേദന…… മൊബൈൽ മാറ്റി വെച്ചു നിവേദ്യ…… മുറിയിൽ ലൈറ്റ് തെളിഞ്ഞു……….. നിവേദ്യ പെട്ടെന്ന് കണ്ണടച്ചു…… ആദിത്യനാണ്…… ഷീറ്റെടുത്തു പുതപ്പിക്കുന്നത് അറിഞ്ഞു …… ഇന്ന് ഗുഡ് നൈറ്റ് പറയാതെ കിടന്നല്ലേ ……… ആദിത്യൻ പതിയെ പറഞ്ഞു……. ലൈറ്റ് ഓഫ്‌ ആകുന്നതും ഡോർ അടയുന്നതും നിവേദ്യ അറിഞ്ഞു………. സുഖമുള്ള സന്തോഷം അത് നിവേദ്യയുടെ ചുണ്ടിൽ തെളിഞ്ഞു…….. തുടരും