17/04/2026

നിവേദ്യ : ഭാഗം 10

രചന – രോഹിണി ആമി

കണ്ണു തുറന്നപ്പോൾ തല വെട്ടിപ്പൊളിയും പോലെ……. രണ്ടു കയ്യും തലയിൽ വെച്ചു…… ഒരു ചെറിയ കെട്ടുണ്ട് തലയിൽ……..

കണ്ണുകൾ ഇറുക്കി അടച്ചു…….. കൈ എന്തിലോ തടഞ്ഞു…… മുറുക്കിപ്പിടിച്ചു…… എഴുന്നേൽക്കാൻ ശ്രമിച്ചു……. പറ്റുന്നില്ല…… ചുറ്റിനും നോക്കി……. തൊട്ടടുത്ത് ആദിത്യൻ….. താനിനി സ്വപ്നം വല്ലതും കാണുവാണോ…… ഇന്നലെ രാത്രിയിൽ കൂടി പറഞ്ഞതല്ലേ നാട്ടിൽ ഇല്ലെന്ന്…….. അപ്പോൾപിന്നെ ഇത്……. അല്ല…… ആദിത്യൻ തന്നെയാണ് ………

നന്ദു……. നന്ദൂട്ടൻ എവിടെ…… എനിക്കു കാണണം……..

മോനൂസിനു ഒരു കുഴപ്പവുമില്ല…… കുഞ്ഞായതുകൊണ്ട് ഒബ്സർവേഷനിൽ ആണ്…….

വിശ്വാസം വരാത്ത പോലെ ആദിത്യനെ നോക്കി……

ട്രസ്റ്റ്‌ മി നിവേദ്യ……… അവൻ സേഫ് ആണ്……

എനിക്കൊന്നു അവനെ കാണണം ആദിത്യാ…… ഇപ്പോൾ……

അതിനെന്താ….. നമുക്ക് കാണാം…… ആദ്യം താൻ എന്റെ കയ്യിലെ പിടുത്തം വിട്……. പിന്നെ……. വീട്ടിൽ എത്തിയാൽ ആദ്യം ഈ നഖമൊക്കെ വെട്ടിക്കോണം മര്യാദക്ക്……. മനുഷ്യന്റെ കയ്യിലെ തൊലി മുഴുവൻ പോയി……. ദേഷ്യത്തിൽ നിവേദ്യയോട് പറഞ്ഞു…….

നിവേദ്യ കയ്യെടുത്തു…… ബെഡിൽ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു……. ആാാാ…… കരഞ്ഞുകൊണ്ട് ബെഡിലേക്കു വീണു…….

കാറണ്ട……. മറ്റേ കൈക്ക് ചെറിയ പൊട്ടൽ ഉണ്ട്…….. കുറച്ചു ദിവസം പിടിക്കും……. ഈ സമയത്തു പറയാൻ പറ്റുമോന്ന് അറിയില്ല….. കുറച്ചു അഹങ്കാരം കുറക്കുന്നത് നല്ലതാ…… ഞാൻ ഇന്നലെ ചോദിച്ചതല്ലേ എന്തെങ്കിലും ടെൻഷൻ ഉണ്ടോന്ന്…… എന്നു വരുമെന്ന് എന്നോട് ചോദിച്ചപ്പോഴേ മനസ്സിലായി എന്തോ ഒരു വിഷമം തന്റെ മനസ്സിലുണ്ടെന്ന്……. അതു കേൾക്കാൻ വേണ്ടിയാ രാവിലത്തെ വണ്ടി പിടിച്ചു വന്നത്…….

ആ വണ്ടി നേരെ ഹോസ്പിറ്റലിൽ ആണോ വന്നു നിന്നത്…… എന്നെ വഴക്ക് പറയാതെ എന്നെയൊന്നു നന്ദൂട്ടനെ കാണിക്കാൻ കൊണ്ടുപോകുവോ….. ഇല്ലെങ്കിൽ ഞാൻ തനിയെ പൊക്കോളാം…… ദേഷ്യത്തിൽ പറഞ്ഞു…….

അതും പറഞ്ഞു തിരിഞ്ഞും മറിഞ്ഞും എഴുന്നേൽക്കാൻ നോക്കി……പറ്റുന്നില്ല…… നല്ല വേദന ഉണ്ട്….. വീണ്ടും ആദിത്യനെ നോക്കി….. തന്നെ നോക്കി നിൽക്കുവാണ്…….

കഴിഞ്ഞോ അഭ്യാസം……. എങ്കിൽ ഞാൻ പിടിച്ചു എഴുന്നേൽപ്പിക്കട്ടെ ……… ആദിത്യൻ കൈ നീട്ടി പറഞ്ഞു……

കയ്യിൽ പിടിച്ചു പതിയെ എഴുന്നേറ്റു……. നിലത്തു നിന്നു….. ഭാഗ്യം കാലിന് ഒന്നും പറ്റിയില്ല……. പെട്ടെന്ന് വെളിയിലേക്കു നടന്നു….

ആഹാ…… കാര്യം കഴിഞ്ഞപ്പോൾ എന്നെ വേണ്ടാ……. നിക്കെടോ…..തലയിലെ മുറിവിനു കുറച്ചു ആഴം ഉണ്ട്……. കറങ്ങി താഴെ വീണാൽ ഞാൻ തന്നെ പൊക്കിക്കൊണ്ട് പോണം….. നിവേദ്യ ദേഷ്യത്തിൽ ആദിത്യനെ നോക്കി…..

ഈശ്വരാ എന്റെ മോനൂസിന്റെ കിടപ്പു കണ്ടോ…… അവനെ സ്കൂളിൽ വിട്ടിട്ടു തനിക്ക് വല്ല വണ്ടിക്കും അട വെക്കാൻ പോയാൽ പോരായിരുന്നോ…….. അല്ല….. ഇതിനും മാത്രം എന്ത് ആലോചിച്ചാ താൻ വണ്ടി ഓടിച്ചത്…..

നിവേദ്യ ആദിത്യനെ സൂക്ഷിച്ചു നോക്കി……

നോക്കണ്ട…… തന്റെ തെറ്റാണെന്നാ കണ്ടു നിന്നവർ പറഞ്ഞത്…….. മാനത്തു നോക്കിയല്ല റോഡിൽ നോക്കിയാ വണ്ടി ഓടിക്കേണ്ടത്…..

അവനെന്താ ഉറങ്ങുവാണോ…… എനിക്കൊന്നു കേറിക്കാണണം……… ഒന്നു ചോദിക്കുവോ ആരോടെങ്കിലും…….. നിവേദ്യ ആദിത്യനോട് ചോദിച്ചു………

ആദിത്യൻ ഡോറിൽ ഒന്നു മുട്ടി……. ഒരു നഴ്സ് പുറത്തേക്കു വന്നപ്പോൾ ചോദിച്ചു…….. നന്ദുവിനെ കാണിക്കുമോന്നു…….. അവർ അനുവാദം തരും മുൻപ് നിവേദ്യ അകത്തേക്ക് കയറിയിരുന്നു…….

നന്ദൂട്ടനെ അടിമുടി നോക്കി……. നെറ്റിയിൽ ചെറിയ ഒരു മുറിവ്…….. കൈമുട്ടിൽ തൊലി പോയിട്ടുണ്ട്………. എന്തൊക്കെ പരീക്ഷണങ്ങളാ ഈശ്വരാ…….. മതിയായില്ലേ…… നിവേദ്യ നന്ദൂട്ടന്റെ കയ്യെടുത്തു മുഖത്തു ചേർത്തു വെച്ചു…….. കണ്ണു നിറഞ്ഞൊഴുകി……

സാരമില്ല……. കുഞ്ഞിന് ഒന്നുമില്ല…… ഉറങ്ങുവാ…… ഇപ്പോൾ ഡോക്ടർ വരും……. വെളിയിൽ നിന്നോളൂ………. വരൂ……

ആ നഴ്സ് നിവേദ്യയോട് പറഞ്ഞു……… മനസ്സില്ലാ മനസ്സോടെ വെളിയിലേക്കു പോയി…..

വെളിയിൽ ചെയറിൽ വന്നിരിക്കുമ്പോൾ ആദിത്യൻ പറഞ്ഞു……… താനിങ്ങനെ വിഷമിക്കാതെടോ…….. കുഴപ്പം ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലേ…… പിന്നെന്താ……. റൂമിൽ പോകാം വാ……

വേണ്ട…… ഡോക്ടർ വരട്ടെ…… നന്ദൂട്ടന്റെ കാര്യം ഒന്നുമറിയാതെ ഒരു സമാധാനം ഉണ്ടാവില്ല……. തലയ്ക്കു വല്ലാത്ത പെരുപ്പ് പോലെ……. തലയിൽ കൈവച്ചു പറഞ്ഞു…….

നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്…… നഴ്സ് വന്നു പറഞ്ഞു………

വാ…… ഒരു കൈ നീട്ടി ആദിത്യൻ നിവേദ്യയുടെ കയ്യിൽ പിടിച്ചു…….. ഇനി കിറുങ്ങി വീഴണ്ട…….

ക്യാബിൻ തുറന്നു അകത്തു ഡോക്ടറിനെ കണ്ടതും നിവേദ്യയുടെ കൈ ആദിത്യന്റെ കയ്യിൽ മുറുകി…….. നിവേദ്യയെ ആദിത്യൻ ഒന്നു നോക്കി പിന്നെ കയ്യിലേക്കും ……. ഡോക്ടറും നിവേദ്യയെ തന്നെ നോക്കി നിൽക്കുവാണ്…….

വേദൂ……. ഡോക്ടർ അടുത്തുവന്നു വിളിച്ചു…..

നിവേദ്യ…… അതാണ് എന്റെ പേര്…… അവൾ മുഖം തിരിച്ചു പറഞ്ഞു……

നീയെന്താ ഇവിടെ…… ഇതെന്താ പറ്റിയെ…… അയാൾ നെറ്റിയിൽ തൊടാൻ ആഞ്ഞു…… നിവേദ്യ പിറകോട്ടു മാറി ആദിത്യന് അടുത്തേക്ക് നിന്നു………..

നന്ദു …… അവനെന്റെ മോനാണ്……. അവന്റെ കാര്യം അറിയാൻ വന്നതാണ്…….

നന്ദു….. നന്ദു നിന്റെ മോനാണോ…… അയാളുടെ മുഖം ഒന്നു മുറുകിയതുപോലെ തോന്നി ആദിത്യന്…..

മ്മ്…… എന്റെ മോനാണു……. നിവേദ്യ ദേഷ്യത്തിൽ പറഞ്ഞു……

ഇത്…… ഇതാരാ……. ആദിത്യനെയും ചേർന്നിരിക്കുന്ന രണ്ടു കൈകളും നോക്കി ഡോക്ടർ ചോദിച്ചു…….

നിവേദ്യ തല കുനിച്ചു……. കൈ ഒന്നുകൂടി മുറുക്കി പിടിച്ചു…..
നന്ദുവിന്റെ അപ്പാ ആണ്…… അങ്ങനെ പറയാനാണു തോന്നിയത് നിവേദ്യക്ക് അപ്പോൾ………

ഓഹോ…… ആണോ വേദൂ…….അപ്പോൾ നിന്റെ കല്യാണമൊക്കെ കഴിഞ്ഞോ…….. നിവേദ്യയോട് അയാൾ ചോദിച്ചു……..

ഞാൻ വന്നത് മോന്റെ കാര്യമറിയാനാണ്……. നിവേദ്യ സംസാരം നീട്ടിക്കൊണ്ടുപോകാൻ ഇഷ്ടമില്ലാത്തതു പോലെ പറഞ്ഞു…….

മോന് കുഴപ്പമൊന്നുമില്ല……. ഇന്ന് ഡിസ്ചാർജ് എഴുതി തരാമായിരുന്നു…… പക്ഷേ ഇനി നാളെയേ വിടുന്നുള്ളു…….. നിന്റെ മോനെ ഞാനും ഒന്നു പരിചയപ്പെടട്ടെ………. അയാൾ രണ്ടാളെയും നോക്കി പറഞ്ഞു……..

നിവേദ്യ ആദിത്യന്റെ കയ്യിൽ പിടിച്ചു വലിച്ചു വെളിയിലേക്കിറങ്ങി….. റൂമിലേക്കു നടന്നു….. റൂമിൽ എത്തിയതും ആദിത്യന്റെ കൈ വിടുവിച്ചു ബെഡിലേക്ക് പോകാൻ തുടങ്ങി….. ആദിത്യൻ നിവേദ്യയെ പിടിച്ചു തിരിച്ചു നിർത്തി….

എന്താ നിവേദ്യ ഇവിടെ നടക്കുന്നത്……. ആ ഡോക്ടറിനെ അറിയുവോ താൻ……. എന്തെങ്കിലും ഒന്നു പറയെടോ……. മോനുവിനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലെന്ന് പറഞ്ഞത് എന്തിനാ അയാൾ……

ഒന്നും മിണ്ടാതെ നിൽക്കുന്ന നിവേദ്യയോട് ഒന്നുകൂടി ഉറക്കെ ചോദിച്ചു…….. പറയെടോ…… ആരാ അത്………തന്നെപ്പറ്റി ഒന്നും അറിയാതെ തന്നെ വിശ്വസിച്ചു കൂടെ നിൽക്കുന്നില്ലേ ഞാൻ…… എന്നോടൊന്നു പറഞ്ഞു കൂടെ….. ഇത് പൊട്ടൻ ആട്ടം കാണുന്ന പോലെ……

നിവേദ്യ പൊട്ടിക്കരഞ്ഞുകൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് തല ചേർത്തു വച്ചു ……..

അത്…… അതാണ് എന്റെ നന്ദൂട്ടന്റെ അച്ഛൻ…….

വേറൊന്നും ചോദിക്കാൻ ആദിത്യന് തോന്നിയില്ല…….. തന്റെ റോൾ കഴിഞ്ഞിരിക്കുന്നു……… ഇനിയിപ്പോ താൻ അന്യനാണ് മോനൂസിനു………. കണ്ണു നിറഞ്ഞു വന്നു….

കരച്ചിൽ ഒന്നു ശമിച്ചപ്പോൾ നിവേദ്യ പതിയെ പറഞ്ഞു…..

ഇന്നലെ നീതു വിളിച്ചിരുന്നു…….. നിഖിതയുടെ കല്യാണം മുടങ്ങിയെന്നു പറഞ്ഞു…….. ഞാൻ കാരണം……… എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവർ ഈ കല്യാണം വേണ്ടെന്നു വച്ചെന്ന്…….. ഉറപ്പിച്ച തീയതിയിൽ തന്നെ കല്യാണം നടത്താൻ തപ്പിപ്പിടിച്ച ചെക്കൻ ശ്രീയേട്ടനാണ്…….. നന്ദൂട്ടന്റെ അച്ഛൻ……..

അതു കേട്ടപ്പോഴാണ് മനസ്സ് കയ്യിൽ നിന്നും വിട്ടുപോയത്……… ഈ ആക്‌സിഡന്റ് ഉണ്ടായതും……. ഞാൻ എങ്ങനെ പറയും ഇത്….. ആരോട് പറയാനാ……. എനിക്ക് അറിയില്ല ആദിത്യാ…… നിവേദ്യയുടെ കണ്ണുനീർ വീണു നെഞ്ച് നനഞ്ഞു……… ആദിത്യൻ ഒന്നുകൂടി ചേർത്തു പിടിച്ചു മുടിയിൽ തലോടി…..

ഡോർ തുറന്നു ശ്രീസായി അകത്തേക്ക് കടന്നു വന്നു……. ഒന്നായി നിൽക്കുന്ന ആദിത്യനെയും നിവേദ്യയേയും സൂക്ഷിച്ചു നോക്കി…… ആദിത്യൻ അതു കണ്ടെങ്കിലും നിവേദ്യയെ വിട്ടു മാറാൻ ശ്രമിച്ചില്ല….. അയാൾ ഡോർ വലിച്ചടച്ചു പോയി……

നിവേദ്യയെ പിടിച്ചു ബെഡിൽ കിടത്തി…… പതിയെ കയ്യിൽ തലോടി…….

സാരമില്ല…… താൻ ടെൻഷൻ അടിക്കാതെ…… കുറച്ചു നേരം കിടന്നുറങ്ങിക്കോ…….. ഞാൻ ഇവിടുണ്ട്……

നന്ദൂട്ടൻ…… അവനെ ഇങ്ങോട്ടു കൊണ്ടുവരുവോ…….. അവിടെ തനിച്ചു കിടത്തണ്ട…….

ഞാൻ കൊണ്ടുവരാം……. ഉറങ്ങിക്കോ…… കയ്യിൽ തട്ടി കൊടുത്തു…… ഉറങ്ങുമ്പോഴും നിവേദ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…… അതു തുടച്ചു കൊടുത്തിട്ട് ആദിത്യൻ വെളിയിലേക്കിറങ്ങി……… ഒബ്സെർവഷനിലേക്ക് നടക്കുമ്പോൾ കണ്ടു ഡോക്ടർ ശ്രീസായി എന്നെഴുതി വച്ചിരിക്കുന്ന ബോർഡ്……. പതിയെ മൊബൈൽ എടുത്തു ദേവനെ വിളിച്ചു……. ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു…….

നന്ദൂട്ടനെ നോക്കിയപ്പോൾ കണ്ടു അവന്റെ അടുത്ത് ഇരിക്കുന്ന ഡോക്ടറിനെ…… രണ്ടാളും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…… ആദിത്യന് വല്ലാത്ത വിഷമം തോന്നി……
ആദിത്യന്റെ മുഖം കണ്ടതും അപ്പാ…… ന്നു വിളിച്ചു ചാടിയിറങ്ങി ഡോർ തുറന്നു വെളിയിൽ വന്നു………

അപ്പാ……..എപ്പോളാ വന്നേ…… ഇതുകണ്ടോ അമ്മു വണ്ടി മറിച്ചത്…… നെറ്റിയിൽ കൈവച്ചു പറഞ്ഞു……. അമ്മു എന്തിയേ…… എന്നെ കൊണ്ടുപോകുവോ അമ്മുന്റെ അടുത്ത് …..

അതിനെന്താ…… പോകാല്ലോ …… വാ….

ഡോക്ടറിനെ നോക്കി പറഞ്ഞു……. മോനൂസിനു കുഴപ്പം ഒന്നുമില്ലെങ്കിൽ ഞാൻ അവനെ അവന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുവാണ്…..

മറുപടി കേൾക്കാൻ നിന്നില്ല…… അവനെയും കൂട്ടി നിവേദ്യക്ക് അരികിലേക്ക് പോയി……..

അമ്മുന്റെ തലയ്ക്കു എന്നാ പറ്റി…… എന്തിനാ കിടക്കുന്നെ…….. കുറച്ചു വിഷമത്തോടെ നന്ദു മുറിവിൽ തൊട്ടു നോക്കി ചോദിച്ചു……..

നന്ദുവിന്റെ ശബ്ദം കേട്ടു നിവേദ്യ പതിയെ കണ്ണു തുറന്നു……. ആദിത്യൻ അവനെ നിവേദ്യക്കരികിൽ ഇരുത്തി……. എന്നിട്ട് ചെയർ അടുപ്പിച്ചിട്ട് അതിലിരുന്നു……

നിന്റെ അമ്മുന് തലയ്ക്കു സുഖമില്ല മോനൂ…… നല്ല അടി കിട്ടാത്ത സൂക്കേടാ….. വേറെന്താ……ആക്‌സിഡന്റ് നടന്നില്ലെങ്കിലും അമ്മു അപ്പാടെ കൈ കാണിച്ചു വച്ചിരിക്കുന്നത് കണ്ടോ……. ചെമ്പരത്തിപൂ പോലെ ചുവന്നിരിക്കുന്നു…….

ആദിത്യൻ പറയുന്നത് കേട്ടു മോനു ഇരുന്നു ചിരിച്ചു….. കൂടെ നിവേദ്യയും……. അവർക്കിടയിലേക്ക് ഡോക്ടർ കയറി വന്നു….. ആദിത്യനോട് പറഞ്ഞു…….

എനിക്കൊന്നു നിവേദ്യയോട് സംസാരിക്കണം…….. തനിച്ചു……

ആദിത്യൻ എഴുന്നേറ്റു…….. നിവേദ്യ കയ്യിൽ കയറി പിടിച്ചു…… ഇവിടിരിക്ക്……. എനിക്കാരോടും സംസാരിക്കേണ്ട…….

എനിക്ക് സംസാരിക്കാൻ ഉണ്ട് വേദൂ…… ഡോക്ടർ ശബ്ദം ഉയർത്തി…. മോനൂസ് പേടിച്ചു പതിയെ ആദിത്യന് അടുത്തേക്ക് നീങ്ങി…….

താൻ സംസാരിക്ക് സമാധാനത്തോടെ………. മോനൂസ് പേടിക്കാൻ തുടങ്ങിയിരിക്കുന്നു…… ഞാൻ വെളിയിൽ ഉണ്ടാവും……..ആദിത്യൻ മോനൂസിനെ എടുത്തു വെളിയിലേക്കു നടന്നു……..

ആരാ അത്…… അവനും നീയും തമ്മിലെന്താ……. അവന്റെ മോനാണോ നന്ദു……. ചോദ്യങ്ങൾ ഓരോന്ന് നിവേദ്യക്ക് നേരെയെറിഞ്ഞു……..

ഇത്രയും നാൾ എവിടായിരുന്നു…… നിന്നെ എവിടെയൊക്കെ അന്വേഷിച്ചു ഞാൻ ……. നിനക്ക് സുഖമാണോ………. ഇതൊക്കെയാ ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിച്ച ചോദ്യങ്ങൾ………. നിവേദ്യ പറഞ്ഞു…….

തേടി വരാൻ ആരും നിന്നെ ഇറക്കിവിട്ടതൊന്നുമല്ലല്ലോ…… സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോയതല്ലേ നീ…… ശരിയാ അന്വേഷിക്കാൻ തോന്നിയില്ല എനിക്ക്……….. പറഞ്ഞതൊന്നും കേൾക്കാതെ തന്നിഷ്ടം കാട്ടിയതല്ലേ നീ…….

എന്നെങ്കിലും ഒരിക്കൽ തേടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു ഞാൻ…….. ഉണ്ടാവില്ലെന്ന് കുറച്ചു കാലം കഴിഞ്ഞപ്പോൾ സ്വയം മനസ്സിലായി………

നീ കൂടുതൽ നല്ലവൾ ചമയണ്ട വേദൂ……. ഞാൻ കണ്ടു അവന്റെ ശരീരത്തിൽ ഒട്ടി നിൽക്കുന്നത്……. അന്ന് ഞാൻ….. ഇന്ന് അവൻ……. നിനക്ക് അത്രേയുള്ളൂ…….

മതി…….. നിർത്ത് ശ്രീയേട്ടാ……എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ…… ആദിത്യനെ വെറുതെ ഇതിലേക്ക് വലിച്ചിടേണ്ട……

എങ്കിൽ പറ…… നന്ദു എന്റെ കുഞ്ഞല്ലേ….. ഞാൻ ഒരു ഡോക്ടർ ആണ്…… എന്നെ കളിപ്പിക്കാൻ നോക്കണ്ട നീ….. ആദിത്യൻ എങ്ങനെ നിന്റെ മോന്റെ അച്ഛനായി…… എനിക്കറിയണം……… നിവേദ്യക്കരികിലേക്ക് വന്നു നിന്നു ചോദിച്ചു…….

ശ്രീയേട്ടന്റെ കുഞ്ഞോ…….. ആരാ പറഞ്ഞത് അങ്ങനെ ….. മറന്നോ എന്നോട് പറഞ്ഞതെല്ലാം…… ഇതുവരെ ഒന്നും മറക്കാൻ പറ്റിയിട്ടില്ല എനിക്ക്…… നിവേദ്യ ബെഡിൽ പിടിച്ചു നിന്നണച്ചു…….

വാതിൽ തള്ളിത്തുറന്ന് ദേവനും നീതുവും അകത്തേക്ക് വന്നു……. കൂടെ ആദിത്യനും മോനുവും……

ശ്രീക്കുട്ടാ നീയോ……. ദേവൻ അന്തംവിട്ടു ചോദിച്ചു………

ആദിത്യൻ ഒന്നും മനസ്സിലാകാതെ നീതുവിനെ നോക്കി……..

ദേവേട്ടന്റെ അനിയനാണ് ശ്രീസായി……. നീതു ശബ്ദം കുറച്ചു പറഞ്ഞു……

തുടരും