17/04/2026

നിവേദ്യ : ഭാഗം 16

രചന – രോഹിണി ആമി

ആദിക്ക് കുറച്ചൊരാശ്വാസം തോന്നി….. ദേവനോട് തുറന്നു പറഞ്ഞപ്പോൾ……..

നീതുവിനെ ചേർന്നു കിടന്നുറങ്ങുന്ന വേദുവിന്റെ മുടിയിൽ തഴുകി നീതു മനസ്സിൽ പറഞ്ഞു……….

നീയും ആദിയുമാണ് ഒന്നാകേണ്ടത് വേദൂ…… എന്റെയും ആഗ്രഹമാണത്…… ആദിക്ക് എന്നോടുണ്ടായിരുന്നത് കളവില്ലാത്ത സ്നേഹമായിരുന്നെങ്കിൽ…… ഇന്നാ കണ്ണുകളിൽ തെളിയുന്നത് നീയില്ലാതെ വേറൊരു ജീവിതം ഇല്ലെന്നാണ്…… തമ്മിൽ അന്യോന്യം മനസ്സിലാക്കിയ നിങ്ങൾ രണ്ടാളുമാണ് ഒന്നാകേണ്ടത്……..
പക്ഷേ…… നീ ആദിയെ ആ ഒരു രീതിയിൽ കാണില്ല…… എനിക്കറിയാം…… മറ്റാരേക്കാളും….
നീതു ദീർഘമായി ശ്വസിച്ചു…….

അതിരാവിലെ കാളിങ് ബെൽ അടിക്കുന്നതു കേട്ട് വാതിൽ തുറക്കാൻ വന്നതാണ് നിവേദ്യ……. അതിനു മുൻപേ ദേവൻ തുറന്നിരുന്നു…….. ശ്രീ അകത്തേക്ക് കയറി വന്നു …….. നിവേദ്യയെ കണ്ടതും അവൾക്കു മുന്നിലേക്ക്‌ വന്നു……. മുഖവുരയില്ലാതെ സംസാരിക്കാൻ തുടങ്ങി…..

വേദൂ……… എന്നോട് ക്ഷമിക്കാനാവില്ലേ നിനക്ക്………. ചെയ്തത് എല്ലാം തെറ്റായിരുന്നു…… ശരിയാണ് നീ പറഞ്ഞത്….. ഒന്ന് അന്വേഷിക്കാൻ പോലും തോന്നിയില്ല…… പക്ഷേ വേദൂ……. നീയെന്റെ ഉള്ളിൽ ഉണ്ടായിരുന്നു…… അന്നും ഇന്നും ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു………

ഓഹോ….. അതുകൊണ്ടാവും ചിക്കുവുമായിട്ടുള്ള വിവാഹത്തിന് സമ്മതിച്ചത്………. ആദ്യത്തെ ഒരമ്പരപ്പ് മാറിയപ്പോൾ വേദു ചോദിച്ചു…….

ഞാൻ സമ്മതിച്ചെന്ന് ആരാ നിന്നോട് പറഞ്ഞത്…….. എന്റെ തീരുമാനം ആരും ചോദിച്ചിട്ടില്ല……… ഞാൻ സമ്മതിച്ചിട്ടുമില്ല…….ഏട്ടനോട് ചോദിച്ചു നോക്കൂ……… വേദൂ……. എനിക്ക് ജീവിക്കണം നിന്റെയും മോന്റെയും ഒപ്പം……… ഇല്ലെങ്കിൽ എനിക്കു ഭ്രാന്ത് പിടിച്ചു പോകും…….. എനിക്കൊരു സമാധാനവും ഇല്ല……. ദേവേട്ടൻ വിളിച്ചിട്ട് നീ വരില്ലെന്ന് പറഞ്ഞോ………. അതാണ് ഞാൻ തന്നെ വന്നത്……… ഞാൻ വിളിച്ചാൽ നീ വരില്ലേ വേദൂ……… പറ…….. എന്നോട് ക്ഷമിക്കാൻ കഴിയില്ലേ………. നിവേദ്യയുടെ ചുമലിൽ പിടിച്ചു ചോദിച്ചു………

ദേവനും നീതുവും ആദിയും ആകെ ഞെട്ടി നിൽക്കുവാണ്…….. ശ്രീ ഇങ്ങോട്ടു വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല………. നന്ദു പേടിച്ചു ആദിയുടെ കാലിൽ കെട്ടിപ്പിടിച്ചു നിൽപ്പുണ്ട്…..

നിവേദ്യ തോളിൽ വച്ചിരിക്കുന്ന ശ്രീയുടെ കയ്യിലേക്ക് സൂക്ഷിച്ചു നോക്കി…….

കൈയെടുക്ക് ശ്രീയേട്ടാ…….. എന്റെ ശരീരത്തിൽ തൊടരുത്…….. മാറി നിൽക്ക്…… കൈ തട്ടി മാറ്റി……..

എന്റെ മേൽ ഒരധികാരവും നിങ്ങൾക്കില്ല…… നന്ദു നിങ്ങളുടെ മോനല്ല……….. ഇത്രയും നാൾ പിതൃത്വം അംഗീകരിക്കാൻ കഴിയാത്ത നട്ടെല്ലില്ലാത്ത അച്ഛനെ അവന് വേണ്ട………

നിന്റെ ദേഷ്യം കൊണ്ടല്ലേ നീയിങ്ങനെ എന്നോട് സംസാരിക്കുന്നത്…….. എത്ര വേണമെങ്കിലും ദേഷ്യപ്പെട്ടോ……. ഉള്ളിന്റെയുള്ളിൽ നീയെന്നെ സ്നേഹിക്കുന്നില്ലേ വേദൂ…… അല്ലെങ്കിൽ നീ മോന്റെ പേരിന്റെ കൂടെ എന്റെ പേര് ചേർക്കില്ലായിരുന്നു…….. നീ വാ……. എന്താണെങ്കിലും നമ്മുടെ വീട്ടിൽ പോയി സംസാരിക്കാം……… നിവേദ്യയുടെ കയ്യിൽ പിടിച്ചു വലിച്ചു…….

ആദി മുന്നോട്ടാഞ്ഞു…….. ദേവൻ കൈകൊണ്ടു തടഞ്ഞു പിടിച്ചു……..

കൈ ശക്തിയിൽ കുടഞ്ഞു പിടി വിടുവിച്ചു നിവേദ്യ…….

ഛീ…….. നമ്മുടെ വീടോ……. ഈ അഞ്ചു വർഷം ആ വീട് അവിടെയുണ്ടായിരുന്നില്ലേ……. നിങ്ങളും അവിടെ ഉണ്ടായിരുന്നില്ലേ……. എന്നെ അന്വേഷിച്ചു കൂട്ടിക്കൊണ്ടു പോകാമായിരുന്നല്ലോ….. അതുണ്ടായില്ല……..പിന്നെ ഇപ്പോഴെന്താ നിങ്ങൾക്കൊരു മനം മാറ്റം……. വേണ്ടുമ്പോൾ സ്വീകരിക്കാനും വേണ്ടാത്തപ്പോൾ ഉപേക്ഷിച്ചു കളയാനും ഞാനെന്താ വല്ല സാധനവുമാണോ……… പഴയ ആ പൊട്ടി വേദു അല്ല ഇതു……. നിങ്ങൾ പറയുന്നതെന്തും വിശ്വസിക്കാൻ…….. ഞാൻ വരില്ല നിങ്ങളുടെ കൂടെ………. വെറുതെ നിന്നു ബുദ്ധിമുട്ടണ്ട……

ശരി നീ എന്റെ കൂടെ വരണ്ട……… എങ്കിൽ വീട്ടിൽ പോയി നിന്നുകൂടെ…… ഇവിടെ എന്തിനു നിൽക്കുന്നു……. വല്ലവരുടെയും വീട്ടിൽ……. അതും തനിച്ചു…….. ആദിയെ നോക്കി ശ്രീ പറഞ്ഞു……..

കഴിഞ്ഞു പോയ വർഷങ്ങൾ എല്ലാം ഞാൻ ജീവിച്ചതും കഴിഞ്ഞതും വല്ലവരുടെയും വീട്ടിൽ തന്നെയാണ്…….. എല്ലാവരും ഉണ്ടായിട്ടു തനിച്ചു ആരുമില്ലാത്തവളെ പോലെ …… എല്ലാം നിങ്ങൾ കാരണം………. എന്റെ മോനും ആരുമില്ലാതാക്കിയത് നിങ്ങൾ ഒരാളാണ്…… കുറച്ചു നാൾ കഴിയുമ്പോൾ വീണ്ടും നിങ്ങളുടെ ഇമേജിന് ഞാൻ ഒരു കുറച്ചിലാണെന്നു തോന്നിയാൽ……… എന്നെ ഉപേക്ഷിക്കില്ലേ നിങ്ങൾ……. വീണ്ടും പെരുവഴിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ ഉള്ള ശേഷി എനിക്കില്ല ശ്രീയേട്ടാ……. എന്നെ വെറുതെ വിട്ടേക്കൂ……..

ഇല്ല വേദൂ……… അതൊക്കെ നിന്റെ തോന്നലാണ്…… നിന്നെയിനി ഇവിടെ തനിച്ചു നിർത്തില്ല ഞാൻ…… എന്തു വിശ്വസിച്ചാ നീയിവിടെ………

പോയി ആദിയുടെ അടുത്തു നിന്നു…… കയ്യിൽ കൈ ചേർത്തു പിടിച്ചു……..

ഞാനിപ്പോൾ ഉള്ളത് പാതി വഴിയിൽ ഉപേക്ഷിക്കില്ല എന്നെനിക്കു വിശ്വാസമുള്ള ഒരു ആണിന്റെ കൂടെയാണ് ശ്രീയേട്ടാ ……. ഞാൻ പിഴച്ചു പെറ്റവളാണെന്നറിഞ്ഞിട്ടും സ്വന്തം ഇമേജ് നോക്കാതെ കൂടെ കൊണ്ടുനടക്കുന്നയാൾ……. എന്റെ മോനെ ജീവനേക്കാൾ സ്നേഹിക്കുന്ന ഒരാൾ….. ഇദ്ദേഹത്തെ അല്ലാതെ വേറെയാരെ വിശ്വസിക്കും ഞാൻ……. അയാൾ എങ്ങനെ വല്ലവരും ആവും എനിക്കു………

വേദൂ……. ശ്രീ ദേഷ്യത്തിൽ വിളിച്ചു അടുത്തേക്ക് വന്നു……….

ആദി നിവേദ്യയുടെ കയ്യിൽ പിടിച്ചു പിറകിലേക്ക് നിർത്തി……..

നീയാരാ ഇവളെ സംരക്ഷിക്കാൻ……. നിന്റെ ഉദ്ദേശം എന്തായാലും അത് നടക്കില്ല…… ഞാൻ നടത്തില്ല…….. വേദു എന്റെയാ…… എന്റെ മാത്രം……. ഇത് എനിക്കും വേദുവിനും ഉണ്ടായ മോൻ ആണ്…….. എന്റെ സ്വന്തം…..എന്റെ ചോര……. എന്റെ മോന്റെ അച്ഛൻ ചമഞ്ഞു നടന്നത് മതി…….അവസാനിപ്പിച്ചോ എല്ലാം……. ഇല്ലെങ്കിൽ….. ശ്രീ പറഞ്ഞു………

ഇല്ലെങ്കിൽ…….. ഇല്ലെങ്കിലെന്താ…… നിങ്ങളൊന്നും ചെയ്യില്ല…… നിവേദ്യയും മോനും ഇവിടെ തന്നെ താമസിക്കും…… അവൾക്കു ഇഷ്ടമുള്ള കാലം വരെയും…… ഞാൻ ഉണ്ടാവും കാവലായിട്ട്……. ഇനി ആർക്കും കൊത്തിപ്പറിക്കാൻ തരില്ല ഞാനിവളെ…… നിവേദ്യയെ ചേർത്തു പിടിച്ചു ആദി പറഞ്ഞു…..

ശ്രീക്കു സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്…….

എന്റെ പെണ്ണിനെ തൊടാൻ നിനക്കെങ്ങനെ ധൈര്യം വന്നു……. ദേഷ്യത്തിൽ ആദിയുടെ അടുത്തേക്ക് വന്നു ശ്രീ……

ദേവൻ മുന്നിൽ കയറി നിന്നു……. നിന്റെ പെണ്ണെന്നു പറയാനുള്ള അവകാശം ഇപ്പോൾ നിനക്കില്ല ശ്രീക്കുട്ടാ…… അത് നീ തന്നെയാ നശിപ്പിച്ചത്………

നന്ദു ഇതെല്ലാം കണ്ട് പേടിച്ചു നിവേദ്യയെ കെട്ടിപ്പിടിച്ചു……. അപ്പാ….. വാ…… പോകാം….. ആദിയെ പിടിച്ചു വലിച്ചു………

നന്ദു കരയാൻ തുടങ്ങി…….. ആദി അവനെ കയ്യിലെടുത്തു…….. ഒന്നുമില്ല മോനൂസ് കരയണ്ടാട്ടോ…….. അവനെ ചേർത്തു പിടിച്ചു…..

അവനോടു പറ ഏട്ടാ ഞാനാ അവന്റെ അച്ഛൻ ന്ന്……. എനിക്ക് അവനെ വേണം….. ഞാൻ കൊണ്ടുപോകും………. എന്റെ മോനാ അവൻ….. ശ്രീയുടെ കണ്ണു നിറഞ്ഞൊഴുകി…..

എന്നു മുതലാ ശ്രീക്കുട്ടാ……. നീയവന്റെ അച്ഛനാണെന്നു പറയേണ്ടത് വേദുവാണ്….. ജന്മം കൊടുത്താൽ മാത്രം അച്ഛനാവുമോ…… അവനിപ്പോൾ അവന്റെ അപ്പയിൽ അനുഭവിക്കുന്ന ആ സുരക്ഷിതത്വം ഉണ്ടല്ലോ അത് കൊടുക്കാൻ നിന്നെക്കൊണ്ട് കഴിഞ്ഞിട്ടില്ല……. അവന്റെ കണ്ണിലും മനസ്സിലും ആദിത്യൻ ആണ് അവന്റെ അപ്പാ……. ദേവൻ ശ്രീയെ ആശ്വസിപ്പിച്ചു………

അപ്പോൾ ഇതെന്താ ഏട്ടാ…….. ഒരു കവർ എടുത്തു കാണിച്ചു ശ്രീ ചോദിച്ചു…….. ഇവൻ എന്റെ കുഞ്ഞാണെന്ന് ഇതിലും വലിയ തെളിവ് വേണോ…….. അറിയേണ്ടതെല്ലാം… അറിഞ്ഞിട്ടാണ് ഞാൻ വന്നത്……. അവൻ അപ്പാന്നു വിളിക്കേണ്ടത് എന്നെയാണ് ഏട്ടാ…..

നിവേദ്യയുടെ കൈ മുറുകുന്നത് ആദി അറിഞ്ഞു…….. ഒന്നുകൂടി ചേർത്തു പിടിച്ചു…..

ആദിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുന്ന വേദുവിനെയും നന്ദുവിനെയും അടർത്തി മാറ്റാൻ ശ്രീ മുന്നോട്ടു നടന്നു…….

ദേവൻ ശ്രീയെ ശക്തിയിൽ ചേർത്തുപിടിച്ചു കൊണ്ടു വെളിയിലേക്കു നടന്നു…….. നീതുവിനോട് വരാൻ പറഞ്ഞു…….

വേദൂ….. നീ എന്റെയാ……. ഞാൻ ഇനിയും വരും…….. അന്ന് വരും നീയെന്റെ കൂടെ…… ഇവനെ കൊന്നിട്ടാണെങ്കിൽ കൂടി ഞാൻ കൊണ്ടുപോകും നിന്നെ….. ശ്രീയുടെ ശബ്ദം അകന്നു പോയി………

നീ പേടിക്കണ്ട……. സമാധാനമായി ഇരിക്ക്……. ദേവേട്ടൻ നോക്കിക്കോളും എല്ലാം……. നീതു ആശ്വസിപ്പിച്ചിട്ട് വെളിയിലേക്കു പോയി……. വണ്ടി അകന്നു പോകുന്ന ശബ്ദം കേട്ടു……

നിന്ന നിൽപ്പിൽ നിന്നും അനങ്ങാനാവാതെ നിൽക്കുവാണ് നിവേദ്യ…….. നന്ദു ആദിയെ അള്ളിപ്പിടിച്ചു ഇരുപ്പുണ്ട്……..

സാരമില്ല……. താൻ വാ……. ആദി നിവേദ്യയുടെ തോളിൽ നിന്ന് കയ്യെടുത്തു പറഞ്ഞു…….

ഞാൻ മോനൂസിനെ സ്കൂളിൽ ആക്കിയിട്ടു വരാം….. ഇല്ലെങ്കിൽ തന്റെ ടെൻഷൻ ഒക്കെ കണ്ട് അവൻ വിഷമിക്കും…….. ഒന്നു ചിരിക്കെടോ അവനോടു…….. ആകെ പേടിച്ചിരിക്കുവാ…….

നന്ദുവിനെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തു നിവേദ്യ ….. അവനെ റെഡിയാക്കി…….. ആദിയുടെ കൂടെ ബൈക്കിൽ ഇരിക്കുമ്പോൾ നിവേദ്യയോട് നന്ദു ചോദിച്ചു……

അമ്മു….. അപ്പായെ ആ അങ്കിൾ കൊല്ലുവോ…. അമ്മുനെ പിടിച്ചോണ്ടു പോകുവോ……

ആകെയൊരു വല്ലാത്ത അവസ്ഥയിൽ ആയി നിവേദ്യ…….. ഈ കുഞ്ഞിന് ഞാനെങ്ങനെ ധൈര്യം കൊടുക്കും……. വര്ഷങ്ങളോളം സംഭരിച്ചു വച്ചിരുന്ന ധൈര്യം മുഴുവൻ കുറച്ചു മുൻപ് ചോർന്നു പോയിരിക്കുന്നു……

ആദി നിവേദ്യയുടെ മുഖത്തു നോക്കി…….. ഈ അപ്പാ ഉള്ളിടത്തോളം കാലം അമ്മുനെ പിടിച്ചോണ്ടു പോകാൻ ആരും വരില്ല……….അപ്പാക്കും ഒന്നും വരില്ല……….. അപ്പായും മോനൂസും കൂടി ഫൈറ്റു ചെയ്തു ഓടിക്കില്ലേ എല്ലാവരേയും……

കുറച്ചൊന്നു മുഖം തെളിഞ്ഞു നന്ദുവിന്റെ….. എന്നിട്ടും തെളിയാതിരിക്കുന്ന നിവേദ്യയോട് പറഞ്ഞു……. ഞാൻ പെട്ടെന്നു വരാം….. ഡോർ അടച്ചോ………

മ്മ്…… നിവേദ്യ ഉള്ളിലേക്ക് പോയി……

നീതുവിനെ ഒന്നു വിളിക്കണമെന്ന് ഉണ്ടായിരുന്നു നിവേദ്യക്ക്……. അവിടുത്തെ സ്ഥിതികൾ അറിയാൻ……. പിന്നെ വേണ്ടാന്നു വെച്ചു…..

ആദി…….. ഞാൻ എങ്ങോട്ടെങ്കിലും പൊക്കോട്ടെ……. ഞാൻ ഇനി ഇവിടെ നിന്നാൽ അത് തനിക്കും കൂടെ ശല്യമാണ്…… ആപത്താണ്…… എനിക്ക് പേടിയുണ്ട് ശ്രീയേട്ടൻ എന്തും ചെയ്യും……. ഇപ്പോൾ ആദിയോട് നല്ല ദേഷ്യവും ഉണ്ട്………

ആഹാ….. ബെസ്റ്റ്…… ഇത്രയും ധൈര്യമേ ഉള്ളോ തനിക്കു……. ഞാൻ വിചാരിച്ചു കല്ലു പോലുള്ള പെണ്ണാവുമെന്ന്…….

ഞാൻ ആദിത്യന്റെ അടുത്തു നിന്നാലേ പ്രോബ്ലം ഉള്ളൂ……. ഞാൻ അച്ചായന്റെ വീട്ടിലേക്കു പോട്ടെ…… ഒരു ആന്റി വരും കൂട്ട് കിടക്കാൻ….. അങ്ങോട്ട്‌ വരില്ല ശ്രീയേട്ടൻ…….

ഇപ്പോൾ താനൊരിടത്തേക്കും പോകുന്നില്ല….. അച്ചായൻ വരട്ടെ…….. എന്നിട്ട് തീരുമാനിക്കാം…… അല്ലെങ്കിൽ ദേവൻ വിളിക്കട്ടെ………. നമുക്കു വഴി ഉണ്ടാക്കാം…… ഒന്നു സമാധാനിക്കെടോ……

ഇല്ല ആദി……. എന്തോ ഒരു അപായസൂചന…… എന്തൊക്കെയോ ഇനിയും എന്നെ കാത്തിരിക്കുന്നത് പോലെ……..

അതിൽ താൻ മാത്രമല്ലെടോ………നമ്മൾ………… ഇനി വരുന്നതെന്തും നമുക്ക് ഒരുമിച്ച് നേരിടാം….. താനിങ്ങനെ പേടിക്കാതെ……

അന്നത്തെ ദിവസം ആദി നിവേദ്യയുടെ കൂടെ നടന്നു…….. ഒരു നേരം പോലും തനിച്ചിരുത്തിയില്ല…….. താൻ ടെൻഷൻ അടിക്കാതിരിക്കാനാണ് അതെന്നു നിവേദ്യക്കു മനസ്സിലായി …………..എങ്കിലും മനസ്സ് ശാന്തമാക്കാൻ നിവേദ്യക്ക് കഴിഞ്ഞില്ല……

വൈകുന്നേരം മോനൂസിനെയും നിവേദ്യയേയും കൂട്ടി ബീച്ചിൽ ഒക്കെ പോയി….. മനസ്സൊന്നു ശാന്തമാക്കാൻ………

രാത്രിയിൽ നീതു വിളിച്ചു…… ദേവേട്ടൻ ശ്രീയെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്……. നീ ഒന്നുകൊണ്ടും പേടിക്കണ്ട എന്നൊക്കെ പറഞ്ഞു…… കുറച്ചൊരു മനസ്സുഖം കിട്ടിയതു പോലെ തോന്നി നിവേദ്യക്ക്……….

പിറ്റേന്ന് വൈകുന്നേരം ആദി മോനൂസിനെയും കൊണ്ടു സ്കൂളിൽ നിന്നും തിരിച്ചു വന്നപ്പോൾ കണ്ടു വീടിന്റെ മുറ്റത്തു രണ്ടു മൂന്നു വണ്ടികൾ കിടക്കുന്നത്…….. ചെറിയൊരു പേടിയോടെ അകത്തേക്ക് ചെന്നു………

കുറെയേറെ ആൾക്കാർ…….. പരിചയമുള്ള മുഖങ്ങൾ ദേവന്റെയും നീതുവിന്റെയും ശ്രീയുടെയും മാത്രം………. നന്ദു പതിയെ കൈപൊക്കി കാണിച്ചു എടുക്കാൻ……… ആദി അവനെ എടുത്തു നിവേദ്യയുടെ മുഖത്തേക്ക് നോക്കി………. കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു…….. അവളുടെ കൈ ഒരു പ്രായം ചെന്ന സ്ത്രീയുടെ കൈകളിലാണ് ….. ഒരുപക്ഷേ മുത്തശ്ശി ആവും…… ശ്രീ വിജയിയെപ്പോലെ ചിരിച്ച് അടുത്തിരുപ്പുണ്ട്…..

ഇത് വേദൂന്റെ അച്ഛനും അമ്മയും…….. ഇത് മുത്തശ്ശനും മുത്തശ്ശിയും പിന്നെ ഇത് എന്റെ അച്ഛനും അമ്മയും…….. എല്ലാവരെയും ദേവൻ പരിചയപ്പെടുത്തിക്കൊടുത്തു……….

നന്ദിയുണ്ട് മോനെ ഞങ്ങളുടെ വേദൂനെ സംരക്ഷിച്ചതിന്……… ഇനിയും നിന്നെ ശല്യം ചെയ്യുന്നില്ല…….. ഞങ്ങൾ കൂട്ടുവാണ് ഇവളെ വീട്ടിലേക്കു………. മതി തനിച്ച് അനുഭവിച്ചതൊക്കെയും…… മുത്തശ്ശൻ പറഞ്ഞു….

നിവേദ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…….. തല കുനിച്ചിരിക്കുവാണ്…… ആരെയും നോക്കാതെ……….