രചന – രോഹിണി ആമി
ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ രാത്രിയായിരുന്നു….. ഒന്നും കഴിക്കാൻ തോന്നിയില്ല ആദിക്ക്…. ഇരുപ്പും ഉറയ്ക്കുന്നില്ല……. മൊബൈൽ എടുത്തു…….. ആഹാ…… സ്വിച്ച് ഓഫ് ആയിരിക്കുവാണ്……… ചാർജിൽ കുത്തിയിട്ട് ഓൺ ആക്കിയതും കാൾ വന്നു…….. മോനൂസ് ആണ്………
അപ്പാ എവിടാരുന്നു……. എത്ര നേരമായി ഞാൻ വിളിക്കുന്നു……… പരിഭവം എല്ലാം പറഞ്ഞു തീർത്തു……… അമ്മു എവിടെന്നു ചോദിച്ചു…….. ഇവിടെ ഉണ്ടെന്നു മറുപടി കിട്ടി….. കൂടുതലൊന്നും ചോദിച്ചില്ല……. അവനോടു കുറച്ചു നേരം സംസാരിച്ചിട്ട് കാൾ കട്ട് ചെയ്തു…….. ഒന്നിലും മനസ്സുറക്കുന്നില്ല……. ആകെയൊരു ശൂന്യത……. ഈ രാത്രി എങ്ങനെ വെളുപ്പിക്കും……… അറിയില്ല……. അച്ചായനെ വിളിച്ചു……….കാര്യങ്ങൾ എല്ലാം പറഞ്ഞു……. ആള് ഹാപ്പി ആണ്…….. അത് നിവേദ്യക്ക് അവളുടെ വീട്ടുകാരെ കിട്ടിയതിനല്ല……… ആദിയുടെ പാതി ആക്കിയതിനാണ്……… മെസ്സേജ് ട്യൂൺ വന്നു……. നോക്കിയപ്പോൾ നിവേദ്യ ആണ്…..
ചോറുണ്ടിട്ട് കിടന്നുറങ്ങണം…….. ഗുഡ് നൈറ്റ്…
മനസ് കുറച്ചു തണുത്തെങ്കിലും തിരിച്ചൊരു മെസ്സേജ് വിടാൻ ആദിക്ക് തോന്നിയില്ല……. എങ്കിലും എന്നെ തനിച്ചാക്കി പോയതല്ലേ…… ചെറിയൊരു പിണക്കത്തിലാണെന്ന് അറിയണം……..
കുറച്ചു നേരം മെസ്സേജ് സെൻറ് ചെയ്തിട്ടു കാത്തു നിവേദ്യ………. താനയച്ച മെസ്സേജ് സീൻ ചെയ്തിട്ടുണ്ട്…….. പിന്നെയും എന്താ തിരിച്ചു മെസ്സേജ് വിടാത്തത്…….. കുറച്ചു നേരം ചിന്തിച്ചിരുന്നു…..
പിന്നെ ഉറങ്ങിക്കിടക്കുന്ന നന്ദുവിനെ നോക്കി…….. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്നാണ് ചെക്കൻ എന്റെ കൂടെ ഒന്നു കിടക്കുന്നത്………. അവനും അവന്റെ ഒരപ്പായും……. ചിരിയോടെ നന്ദുവിന്റെ മുടിയിൽ തലോടി……..
രാവിലെ ഒരു ഗുഡ് മോർണിംഗ് വിഷ് ചെയ്തു……… അതിനും റിപ്ലൈ വന്നിട്ടില്ല…… പക്ഷേ സീൻ ചെയുന്നുണ്ട്……… ഒന്ന് വിളിച്ചു നോക്കിയാലോ……. അല്ലെങ്കിൽ വേണ്ടാ…… ശല്യം ചെയ്യണ്ട…….. തിരക്കിലാവും……. ഇന്ന് പോയി പുതിയ ഓഫീസിൽ ജോയിൻ ചെയ്യണ്ടതല്ലേ…….. എങ്കിലും പോകും മുൻപ് നന്ദൂട്ടനെ വിളിക്കുന്നതാ……. ഇന്ന് അതും ഉണ്ടായില്ല……… ചിന്തിച്ചിരിക്കുമ്പോൾ തന്നെ വീഡിയോ കാൾ വന്നു ആദിയുടെ……. പെട്ടെന്നു നന്ദൂട്ടനെ വിളിച്ചു കൊടുത്തു……..
അധികമൊന്നും സംസാരിച്ചില്ല രണ്ടാളും……. അവൻ മൊബൈൽ കൊണ്ടു ഓടി നടക്കുവാണ്……… ഉമ്മ കൊടുക്കുന്നുണ്ട്…… അവസാനം കട്ട് ചെയ്തു………..
രണ്ടു മൂന്നു ദിവസം എങ്ങനെയോ തള്ളി നീക്കി……..പതിവ് തെറ്റിക്കാതെ നിവേദ്യ രാവിലെയും വൈകിട്ടും മെസ്സേജ് വിടും………. പക്ഷേ റിപ്ലൈ ഒന്നും കിട്ടാറില്ല…….. നന്ദു എന്നും അപ്പായുടെ അടുത്ത് പോണമെന്നു പറയും……… മുത്തശ്ശി എന്തെങ്കിലും പറഞ്ഞു വിഷയം മാറ്റും…… എന്നും ആദി വീഡിയോ കാൾ ചെയ്യുന്നതുകൊണ്ട് അടങ്ങി നിൽക്കുവാണ് ചെക്കൻ……….. എപ്പോൾ തിരിച്ചു വരുമെന്ന ചോദ്യം ആദിയും ഇപ്പോൾ ചോദിക്കാറില്ല നന്ദുവിനോടെന്ന് നിവേദ്യ ഓർത്തു………….
എല്ലാവരും സ്നേഹത്തോടെയാണ് പെരുമാറുന്നതെങ്കിലും എന്തോ പഴയ ആ ഒരു സ്വാതന്ത്രമോ അടുപ്പമോ ആരുടേയും അടുത്ത് എടുക്കാൻ തോന്നുന്നില്ല……..ഇതിലും സ്വാതന്ത്ര്യം എടുത്തിരുന്നു താൻ ആദിയുടെ വീട്ടിൽ……….. കാലം തെളിയിച്ചു തന്നതാണ് ആരൊക്കെ കൂടെയുണ്ടാവുമെന്ന്…….
ഉറങ്ങാൻ നേരം മൊബൈൽ എടുത്തു നോക്കും മെസ്സേജ് എന്തെങ്കിലും വന്നിട്ടുണ്ടോന്ന്……. ഇല്ല……ഇനിയത് പ്രതീക്ഷിക്കണ്ടാന്നു തോന്നുന്നു……… എങ്കിലും തന്റെ ഫ്രണ്ട്നെ ഒറ്റയ്ക്കാക്കാൻ തോന്നുന്നില്ല……. നന്ദുവിനെ ചേർത്തുപിടിച്ചു കിടക്കും…… എല്ലാം മറക്കും ………
ഇപ്പോൾ കൈക്കു വേദന ഒന്നുമില്ല…….. ഉടനെ ഷോപ്പിൽ പോകണം……. അച്ചായൻ ആരെയോ ഏൽപ്പിച്ചിരുന്നു താൻ ചെല്ലുംവരെ…….. വീണ്ടും പഴയ പോലെ ആവണം……. ഇവിടെ നിന്നും മാറണം…….. വല്ലാത്തൊരു ശ്വാസം മുട്ടൽ പോലെ…….. തന്റെയും മോന്റെയും നേരെയാണ് എല്ലാ കണ്ണുകളും……… അതിൽ മുഴുവൻ അനുകമ്പയും……… ഇങ്ങനെ ഒരു ജീവിതം വേണ്ട……. താനത് ഇഷ്ടപ്പെടുന്നില്ല…….
പക്ഷേ എങ്ങോട്ട്……… ഇനിയെങ്ങോട്ടു പോകും……… അച്ചായന്റെയും ചേച്ചിയുടെയും അടുത്തേക്കോ അതോ ആദിക്കരുകിലേക്കോ….. എവിടെ നിന്നാലും എല്ലാവരും ഉന്തി തള്ളി തന്നെ ആദിക്കരുകിൽ കൊണ്ടെത്തിക്കും……. ആദിയെക്കാൾ നല്ലൊരു അപ്പായെ നന്ദുവിന് വേറെ കിട്ടില്ലന്നാണ് ചേച്ചി വിളിച്ചപ്പോൾ പറഞ്ഞത്……. എനിക്കൊരു കൂട്ടും…….
എങ്കിലും പെട്ടെന്നൊരു ദിവസം ഇങ്ങനൊരു മാറ്റം അംഗീകരിക്കാൻ പറ്റുന്നില്ല……. ചിന്തിച്ചു ചിന്തിച്ചു കിടന്നുറങ്ങി………
ചിക്കുവിന്റെ വിവാഹം ഉറപ്പിച്ചു……. ഇനി അധികം ദിവസമില്ല…… എല്ലാം എടുപിടിന്നു ആയി…… അച്ഛനോട് ചോദിച്ചതാണ് അവൾക്കു ഇപ്പോഴേ ഈ വിവാഹം വേണമൊന്ന്……. അന്യോന്യം വാക്ക് കൊടുത്ത സ്ഥിതിക്ക് ഇനി എങ്ങനെ മാറ്റി വക്കും…… നല്ല കുടുംബക്കാരുമാണ്……. പിന്നെ ചിക്കുവിന് താല്പര്യവുമാണ്…….. അതാണല്ലോ ആവശ്യവും………
ആദിയെ വിളിച്ചു തരാൻ പറഞ്ഞു അച്ഛൻ……. വിവാഹത്തിന്റെ കാര്യം പറയാനാവും…… തന്റെ മുന്നിൽ നിന്നാണ് സംസാരിച്ചത്……… വരാമെന്നു പറഞ്ഞെന്നു തോന്നുന്നു……. അച്ഛന്റെ മുഖം തെളിഞ്ഞിട്ടുണ്ട്…………വന്നു പറയണ്ട കാര്യമില്ലല്ലോ…….. ആദി ഇപ്പോൾ ഈ വീട്ടിലെ ഒരംഗം അല്ലേ……… അച്ഛൻ ചോദിക്കുന്നത് കേട്ടു………
ഇപ്പോൾ ആദിയെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായം ആണ്……… അതെങ്ങനെ നന്ദൂട്ടൻ വാ തുറന്നാൽ അടക്കുംവരെ അവന്റെ അപ്പയുടെ കാര്യമാണ് പറയുന്നത്………. ആ കുഞ്ഞ് വായിലൂടെ ആദിയുടെ എല്ലാ കാര്യങ്ങളും എല്ലാവർക്കും പരിചയമായി…….. ചിക്കു ഏട്ടനായി ഏറ്റെടുത്തു കഴിഞ്ഞു………… നന്ദൂട്ടനുമായി വീഡിയോ കാൾ ചെയ്യുമ്പോൾ അവളും സംസാരിക്കാറുണ്ട്………
നീതു ഫോണിൽ വിളിക്കാറുണ്ട്……… ആദിയുടെ കാര്യങ്ങൾ ചോദിക്കുമ്പോഴും പറയുമ്പോഴും നിവേദ്യ മൌനത്തിൽ ആവും…….. നാളെ നീതു വരും…….. പിന്നെ വിവാഹം കഴിഞ്ഞേ പോകൂ……. അതാണ് ആകെയുള്ള ഒരാശ്വാസം……… ദേവേട്ടൻ ആയിരുന്നു ഓടിനടന്നു എല്ലാം ചെയ്തതൊക്കെ……… തനിയെ മടുത്തെന്നു തോന്നുന്നു………. അതുകൊണ്ടായിരിക്കും തന്നോട് ആദി എന്നാണ് വരുന്നതെന്ന് ചോദിച്ചു……… അറിയില്ല എന്നു പറഞ്ഞപ്പോൾ അന്തംവിട്ടു നോക്കുന്നതു കണ്ടു തന്നെ………
കഴിവതും എല്ലാവരിൽ നിന്നും അകന്നു മാറുവാണ്………. ആരൊക്കെയോ വന്നു പോകുന്നുണ്ട്…….. ആർക്കും മുഖം കൊടുക്കാൻ തോന്നുന്നില്ല……. കാരണം ചോദ്യങ്ങൾ തന്നെ………. നീതുവിന് ആകെ വയ്യായ്ക ആണ്…….. കിടപ്പാണ് എപ്പോഴും….. അവൾക്കരികിൽ ഇരിക്കുമ്പോഴും ആരും തന്നെ വിടുന്നില്ലെന്നു അറിഞ്ഞപ്പോൾ തനിച്ചിരിക്കാൻ ഒരു ഇടം കണ്ടുപിടിച്ചു നിവേദ്യ……. വീടിന്റെ പിറകിൽ കുറച്ചു മാറിയായി വലിയൊരു മാവുണ്ട്…….. അതിനു ചുവട്ടിൽ പോയിരിക്കും……… നന്ദു ഏതു നേരവും മുത്തശ്ശിയുടെ കൂടെയാണ്…….. അതുകൊണ്ട് ആ പേടിയില്ല……… ഒരു ദിവസം വൈകുന്നേരം………
നീയെന്താ ഇവിടെ തനിച്ചിരിക്കുന്നത്…….
നിവേദ്യ പെട്ടെന്ന് തിരിഞ്ഞു നോക്കി……. ശ്രീയേട്ടൻ……..
ഞാൻ നിന്നെ ശല്യം ചെയ്യാൻ വന്നതല്ല വേദൂ…… എനിക്കൊന്നു സംസാരിക്കണം നിന്നോട്…… എണീറ്റു പോകരുത്………. കുറച്ചു നേരം……. പ്ലീസ്……. ഏട്ടത്തിയോട് ചോദിച്ചപ്പോൾ പറഞ്ഞു നീയിവിടെയാണ് എപ്പോഴും എന്ന്……. ഞാനിവിടെ ഇരുന്നോട്ടെ……….. നിവേദ്യ ഒന്നും മിണ്ടിയില്ല……. ശ്രീ അടുത്തു വന്നിരുന്നു…..
ഞാൻ സ്റ്റേറ്റ്സിലേക്ക് പോകുവാണ്…….. അതിനു മുൻപ് നിന്നോടൊന്നു സംസാരിക്കണമെന്നുണ്ടായിരുന്നു…….. ഏട്ടത്തി ഇന്നാണ് പറഞ്ഞത് നീയിവിടെ ഉള്ള കാര്യം……….പേടിക്കണ്ട….. ഏട്ടനോട് അനുവാദം ചോദിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്……
അല്ലെങ്കിലും ഇനി ഞാൻ നിന്നെ വേണമെന്നു നിർബന്ധം പിടിച്ചിട്ടും കാര്യമില്ലല്ലോ………. നീയിപ്പോൾ ആദിയുടെ ഭാര്യ അല്ലേ…….. ആദി പറഞ്ഞത് ശരിക്കും സത്യമാണ്…….. നഷ്ടപ്പെടുത്തിയതിന്റെ വില ഇപ്പോളാണ് മനസ്സിലാകുന്നത്………. ആ സ്വരത്തിൽ നിരാശയും വിഷമവും നിറഞ്ഞു നിന്നിരുന്നു……
വേദൂ…….. സത്യം പറ……… അന്ന് നിന്നെ രക്ഷപെടുത്താൻ വേണ്ടി മാത്രമല്ലേ ആദിത്യൻ ആ താലി കെട്ടിയത്……… നിങ്ങൾക്ക് രണ്ടാൾക്കും അങ്ങനെയൊരു ഇഷ്ടമുണ്ടോ…… ആദിത്യൻ മോനെ സ്നേഹിക്കുന്നത് സത്യമായിരിക്കും……… പക്ഷേ വേദൂനെ ആദി സ്നേഹിക്കുന്നുണ്ടോ………. നിനക്ക് തിരിച്ചും അങ്ങനെയൊരു ഇഷ്ടം ഇല്ല……… സത്യമല്ലേ…..
ഇതൊക്കെ ചികഞ്ഞിട്ട് ശ്രീയേട്ടനെന്തിനാ……. ഞങ്ങളുടെ മനസ്സിൽ എന്തെങ്കിലും ആയിക്കോട്ടെ……പക്ഷേ സത്യം ഇതാണ്………… നിവേദ്യ ഇപ്പോൾ ആദിത്യന്റെ ഭാര്യ ആണ്……. അതിനുമപ്പുറം എന്റെ നല്ലൊരു ഫ്രണ്ട് ആണ് ആദി………
അതെനിക്ക് മനസ്സിലായി………. ഞാൻ നിന്നോട് ചെയ്തു കൂട്ടിയ എല്ലാ പാപങ്ങളും എണ്ണി എണ്ണി ആദിത്യൻ പറഞ്ഞപ്പോൾ………….. എന്നോട് ക്ഷമിക്കില്ലേ വേദൂ നീ…….. ശ്രീ പതിയെ ചോദിച്ചു…………
വേദു എന്ന പെണ്ണ് ക്ഷമിക്കും……… കാരണം ശ്രീയേട്ടൻ എനിക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു……….. പക്ഷേ….. നന്ദുവിന്റെ അമ്മയാണ് ഞാൻ…….. ആ ഒരു രീതിയിൽ ഒരിക്കലും ക്ഷമിക്കില്ല……… ആവില്ല എനിക്ക് ശ്രീയേട്ടാ…….. അവൻ ആദ്യമായി അച്ഛനെ കാണണം എന്നു പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ച വേദന എന്താണെന്നു ശ്രീയേട്ടന് അറിയില്ല……അന്നാണ് നിങ്ങളെ ഞാൻ പൂർണ്ണമായും വെറുത്തത്…………ആ ഒരു രാത്രിയിൽ ഞാൻ എന്റെ വിഷമങ്ങളും സങ്കടങ്ങളും എല്ലാം കരഞ്ഞു തീർത്തു…… ഒരിക്കലെങ്കിലും ഒന്നു തേടിവരാമായിരുന്നില്ലേ ശ്രീയേട്ടാ……. നിവേദ്യയുടെ ശബ്ദം വിറച്ചു………
ക്ഷമിക്കാൻ പറയാൻ അർഹതയില്ല…… മറ്റാരേക്കാളും നിനക്ക് എന്നെ അറിയാം……… എന്റെ പേരിനു കളങ്കം ഉണ്ടാകുന്ന ഒന്നും ഞാൻ ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ല……… നിന്നെ ഇഷ്ടമായിരുന്നു വേദൂ എനിക്ക് …….. കൂട്ടുകാർ എരു കേറ്റിയപ്പോൾ അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു പോയി…….
ആ പ്രായത്തിൽ ഒരു കുഞ്ഞ്…….. അതും പഠിച്ചു കൊണ്ടിരിക്കുമ്പോൾ…….. എല്ലാവരുടെയും മുഖത്തു നോക്കാനുള്ള ഭയം……… അച്ഛൻ……. ഏട്ടൻ……… സത്യത്തിൽ ഒളിച്ചോടുകയായിരുന്നു ഞാൻ……… പേടിയായിരുന്നു………
നീ വീടു വിട്ടു പോയെന്നും……. എന്റെ പേര് പറഞ്ഞില്ലാന്നും ഞാനറിഞ്ഞു……… ശരിക്കും ആശ്വാസമാണ് തോന്നിയത് അന്ന്…….. പിഴച്ചവൾ എന്ന് വീട്ടിൽ എല്ലാവരും പറഞ്ഞപ്പോഴും എനിക്ക് പറയാൻ തോന്നിയില്ല ഞാനാണ് അവളെ അങ്ങനാക്കിയതെന്ന്……. ആരും അന്വേഷിച്ചില്ല…….. ഞാനും മനഃപൂർവം അന്വേഷിച്ചില്ല……… പക്ഷേ മനസ്സിൽ ഉണ്ടായിരുന്നു വേദു എന്ന പെണ്ണ്…….. കണ്ണു നിറച്ചു വയറിൽ കൈ ചേർത്തു നടന്നു പോകുന്ന പെണ്ണ്……….. അവസാനമായി ഞാൻ നിന്നെ കണ്ടത് അങ്ങനായിരുന്നു………
പിന്നീട് തിരക്കായി പോയി……. പല കുഞ്ഞുങ്ങൾക്കും ചികിത്സ കൊടുക്കുമ്പോഴും ഓർത്തിരുന്നു നിന്റെ വയറ്റിലുള്ള എന്റെ കുഞ്ഞിനെ………. കുഞ്ഞിനെ നശിപ്പിച്ചു എവിടെങ്കിലും എന്നോടുള്ള വാശിയിൽ ജീവിച്ചിരിപ്പുണ്ടാവും എന്നാണ് ഞാൻ വിചാരിച്ചത്………. അന്ന് ആദിത്യന്റെ കൂടെ നിന്നെ കണ്ടപ്പോൾ പുച്ഛം തോന്നി………. പിന്നെ മോന്റെ പ്രായവും നീ വീട്ടിൽ നിന്നു പോയ സമയവും എല്ലാം ആലോചിച്ചപ്പോൾ ഒരു സംശയം തോന്നി……… അതാണ് അന്ന് അങ്ങനൊരു ടെസ്റ്റ് ചെയ്തത്………..
എന്റെ മോൻ വേറൊരാളെ അപ്പാന്നു വിളിക്കുമ്പോൾ ഒരു വിഷമം………. എന്റെ മോന്റെ അമ്മ വേറൊരുത്തന്റെ കയ്യിൽ കൈ ചേർത്തപ്പോൾ ഒരു ദേഷ്യം…….. അതൊക്കെ പുറത്തു വന്നതാണ് കഴിഞ്ഞ ദിവസം നടന്നതിന് കാരണം………. ഈ കഴിഞ്ഞ വർഷങ്ങൾ നീയനുഭവിച്ച വേദന ഞാൻ മറന്നു വേദൂ………… എന്റെ സ്വാർത്ഥത……..
വന്നുകൂടെ വേദൂ എന്റെ ജീവിതത്തിൽ………. ഞാൻ ആദിത്യനോട് സംസാരിക്കാം……. ക്ഷമ ചോദിക്കാം…….. എനിക്ക് നീയും മോനും ഇല്ലാതെ പറ്റില്ല………. നിന്നെ കണ്ടു ക്ഷമ പറഞ്ഞു പോകാമെന്നു കരുതി വന്നതാണ് ഇപ്പോൾ………. പക്ഷേ…… പറ്റുന്നില്ല…….. നിന്നെയും മോനെയും കാണുമ്പോൾ വീണ്ടും മനസ്സിൽ പല ആഗ്രഹങ്ങളും തോന്നുന്നു……..
നിവേദ്യ പെട്ടെന്ന് തിരിഞ്ഞു ശ്രീയെ നോക്കി……….

by