രചന – രോഹിണി ആമി
കുറച്ചു നേരമായി നിവേദ്യയുടെ മുത്തശ്ശി നന്ദൂട്ടനെ കണ്ണെടുക്കാതെ നോക്കുന്നത് ആദി ശ്രദ്ധിച്ചു……….
ആദി നന്ദൂട്ടനെ മുത്തശ്ശിക്ക് അരികിൽ ഇരുത്തി………. രണ്ടുപേർക്കും ഒരേ പ്രായമായതിനാലാവും പെട്ടെന്ന് അടുത്തു…… അവൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്……. തിരിച്ചും……… മുത്തശ്ശനും അവനരികിൽ ഇരിക്കണമെന്നുണ്ട്…….. പക്ഷേ ആ ഒരു ഗൗരവം വിടാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല…… വേറാരോടും അവൻ അടുത്തില്ല………
ഞങ്ങൾക്ക് വേദുവിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള യോഗ്യത ഇല്ല…… അന്ന് ഇവളെ മനസ്സിലാക്കാൻ സാധിച്ചില്ല ഞങ്ങൾക്ക്…… ആദി പറഞ്ഞതെല്ലാം ശരിയാണ്……. ഇന്നും അവളെ മനസ്സിലാക്കാതെ തെറ്റായ തീരുമാനം എടുക്കേണ്ടി വന്നേനെ……… ആദിക്ക് വേദുവിനോടും മോനോടും ഉള്ള സ്നേഹം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്……… ഇനിയും അവളെ വേദനിപ്പിക്കാൻ ആവില്ല ഞങ്ങൾക്ക്………ഞാനാണ് കൂടുതൽ എന്റെ മോളെ വേദനിപ്പിച്ചത്…….. വേദുവിന്റെ അച്ഛൻ പറഞ്ഞു…….
വേദുവും മോനും വീട്ടിലേക്കു വരണം…..ഇനിയിപ്പോൾ ആദിയും വീട്ടിൽ ഒരംഗം ആണ്…….. ഇനിയും അവളെ ഒറ്റപ്പെടുത്താൻ ആവില്ല……….. അവളോട് ചെയ്ത തെറ്റ് ഞങ്ങൾക്ക് തിരുത്തണം……. കുറച്ചു ദിവസം വന്നുകൂടെ ഞങ്ങളുടെ കൂടെ വീട്ടിലേക്കു……. മുത്തശ്ശൻ ആദിയോട് ചോദിച്ചു……..
നിവേദ്യയോട് ചോദിക്കൂ …….. അവൾക്കു ഇഷ്ടമെങ്കിൽ കൊണ്ടുപോകാം………..
ഞാൻ അവളെയും മോനെയും മാത്രം കൊണ്ടുപോകുന്ന കാര്യമല്ല പറഞ്ഞത്……. നിങ്ങൾ മൂന്നാളും…… അതിൽ ആദിയുമുണ്ട്…….
എനിക്ക് നാളെ ഇവിടുത്തെ ഓഫീസിൽ ജോയിൻ ചെയ്യണം…….. അതുകൊണ്ട് വരാൻ പറ്റില്ല……. ഇവർക്ക് വരാൻ ഇഷ്ടമുണ്ടെങ്കിൽ കൊണ്ടുപൊക്കോളൂ……….. ആദി മുത്തശ്ശനോട് പറഞ്ഞു……..
നിവേദ്യ ഒന്നും പറയാതെ മുറിയിലേക്ക് പോയി………. ആദി നീതുവിന്റെയും ദേവന്റെയും അടുത്ത് പോയി പറഞ്ഞു………. ഒരഞ്ചു മിനിറ്റു കഴിഞ്ഞു എന്നെ കണ്ടില്ലെങ്കിൽ ആരേലും അന്വേഷിച്ചു വരണം……… ഇത്രയും നേരം ഇല്ലാതിരുന്ന ഒരു പേടിയും വിറയലുമാ അവളുടെ അടുത്തേക്ക് പോകണമല്ലോ എന്നോർക്കുമ്പോൾ…… മൂന്നാളും ഒരുമിച്ചു ചിരിച്ചു……..
ആദി ചെല്ലുമ്പോൾ നിവേദ്യ കണ്ണാടിയുടെ മുന്നിൽ നിൽക്കുവായിരുന്നു………. പിറകിൽ പോയി നിന്നിട്ട് ആദി പറഞ്ഞു……… തന്നെ ഇങ്ങനെ കാണാൻ നല്ല രസമുണ്ടെടോ……
നിവേദ്യ പെട്ടെന്നു തിരിഞ്ഞു……… നാലടി പിന്നോട്ടു നീങ്ങി ആദി………. അടിക്കരുത്…. പ്ലീസ്…….. ആ ഒരാവേശത്തിനു ചെയ്തതല്ല…… ശരിക്കും ഇഷ്ടമായിട്ടു തന്നെയാ…….. എനിക്ക് നിങ്ങളെ രണ്ടാളെയും പിരിഞ്ഞിരിക്കാൻ പറ്റില്ല നിവേദ്യ……….. ഞാനിതു എത്ര വട്ടം പറഞ്ഞിട്ടുണ്ട്……. നീയല്ലേ മനസ്സിലാക്കാഞ്ഞത്…………
ഒരു ഫ്രണ്ട് ആയി അഭിനയിച്ചു കൂടെ നിന്നിട്ട് ചതിക്കുവായിരുന്നു അല്ലേ ………. നിങ്ങൾക്കും ശ്രീയേട്ടനും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല…… ഞാൻ വിശ്വസിച്ചു പറഞ്ഞതെല്ലാം എല്ലാവരോടും കൊട്ടിഘോഷിക്കാൻ ആരാ അനുവാദം തന്നത്………. ഞാൻ ഒരു മണ്ടി…….. ആരെയും വിശ്വസിക്കരുതെന്ന് അനുഭവം ഉള്ളതാണ്….. എങ്കിലും പഠിക്കില്ല………
ഒന്നു നിർത്തുവോ നിവേദ്യ…….. ആരെ ചതിക്കേണ്ടി വന്നാലും തന്നെ ഒരിക്കലും ചതിക്കില്ലെടോ……… അങ്ങനെ ഒന്നും അറിയില്ല ആദിക്ക്…….. എന്നോട് വിശ്വസിച്ചു പറഞ്ഞതെല്ലാം മറ്റുള്ളവരോട് പറയേണ്ടി വന്നതല്ലേ എനിക്ക്……… എല്ലാ തെറ്റും സ്വയം ഏറ്റെടുത്തു എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്……. ഞാനത് പറഞ്ഞതുകൊണ്ട് തനിക്ക് തന്റെ സ്വന്തക്കാരെ തിരിച്ചു കിട്ടിയില്ലേ ……… എല്ലാവർക്കും മനസ്സിലായില്ലേ അവരുടെ വേദു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്……..
മനസ്സിലാക്കേണ്ട സമയത്തു ആരുമുണ്ടായിരുന്നില്ല………പിന്നെ ഇപ്പോഴെന്തിനാ എനിക്ക്…….
എനിക്കിതു അംഗീകരിച്ചു തരാൻ പറ്റുന്നില്ല ആദി……… താലിയിൽ പിടിച്ചു നിവേദ്യ പറഞ്ഞു………
ഞാൻ ശ്രീയേട്ടന്റെ കൂടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞതിന് അർത്ഥം വേറൊരു കല്യാണം കഴിച്ചു ജീവിക്കണം എന്നല്ല ……… ഞാൻ ആഗ്രഹിക്കുന്നില്ല ഒരു കുടുംബ ജീവിതം…….. എനിക്ക് നന്ദു മാത്രം മതി ജീവിക്കാൻ……..
പക്ഷേ എനിക്കതു പോരാ നിവേദ്യാ……….. എനിക്ക് ജീവിക്കണമെങ്കിൽ നിങ്ങൾ രണ്ടാളും കൂടെ വേണം………. അല്ലാതെ ഒരു നിമിഷം പറ്റാതായി…….. ഇനിയിപ്പോൾ തനിക്ക് എന്റെ കൂടെ നിൽക്കാൻ പറ്റില്ല എന്നാണെങ്കിൽ തന്റെ വീട്ടിൽ പൊക്കോളൂ………. എന്നെ അംഗീകരിക്കാൻ പറ്റുമ്പോൾ വന്നാൽ മതി……. ഇപ്പോൾ ഞാൻ ആരുമില്ലാത്തവനല്ലല്ലോ……… എനിക്കൊരു ഭാര്യയുണ്ട്…. കുഞ്ഞുണ്ട്……… ആ ഒരു തോന്നൽ തന്നെ ധാരാളം……… പക്ഷേ വരാതിരിക്കരുത്…….. ഈ വീടിന്റെ കീ എന്നും ആ ചെടിച്ചട്ടിയിൽ ഉണ്ടാവും……..
അറിയില്ല എനിക്ക്…. എന്താ വേണ്ടതെന്നു……. ആദിയെ വെറുക്കാനും ഇഷ്ട്ടപ്പെടാനും എനിക്കാവുന്നില്ല ഇപ്പോൾ…… വീട്ടിലേക്കു പോകാനും തോന്നുന്നില്ല………. കുറച്ചു നാൾ വിട്ടു നിന്നപ്പോൾ എല്ലാവരോടും ഒരകൽച്ച തോന്നുന്നു………. ചിക്കുവിനോട് പോലും ഒന്നു മനസ്സു തുറന്നു സംസാരിക്കാൻ പറ്റുന്നില്ല …….
തന്റെ മനസ്സിലെ ആദിയെന്ന ഫ്രണ്ട് ഇപ്പോഴും ഉണ്ടെന്നു മനസ്സിലായി………..എല്ലാം പറയുന്നുണ്ടല്ലോ എന്നോട്…….. ആദി പറഞ്ഞു…….
അതങ്ങനെ തന്നെ നിൽക്കട്ടെ……… ഇത് എന്റെ കഴുത്തിൽ ഇല്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം…….. കഴുത്തിലെ താലി കാണിച്ചു നിവേദ്യ പറഞ്ഞു……..
ആദിക്കൊരു വല്ലായ്മ തോന്നി……. സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മുത്തശ്ശിയും കൂടെ കയ്യിൽ തൂങ്ങി നന്ദുവും വന്നു………
ആദിയുടെയും നിവേദ്യയുടെയും കയ്യിൽ പിടിച്ചു അടുത്തിരുത്തി……….. നീ ചെയ്തതാണ് ശരി……….. ഒരുപാട് ഇഷ്ടമായി നിന്നെ എനിക്ക്…….. ആരും വിശ്വസിച്ചാലും എനിക്ക് നല്ല വിശ്വാസം ആയിരുന്നു എന്റെ വേദു തെറ്റൊന്നും ചെയ്യില്ലെന്ന്……… അത് ഇന്ന് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുത്തത് നന്നായി……. ശ്രീക്കുട്ടനും എന്റെ ചെറുമകനാണ്……. പക്ഷേ അവൻ ചെയ്ത തെറ്റ് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല….. ഇനിയെത്ര പ്രായശ്ചിത്തം ചെയ്താലും…….
അതൊക്കെ പോട്ടെ…….എല്ലാം കലങ്ങിത്തെളിഞ്ഞല്ലോ……. വരുവോ കുറച്ചു നാൾ മുത്തശ്ശിക്കൊപ്പം നിൽക്കാൻ…… മൂന്നാളും……. നിവേദ്യയുടെയും ആദിയുടെയും കയ്യെടുത്തു ചേർത്തു പിടിച്ചു മുത്തശ്ശി ആദിയോട് ചോദിച്ചു……..
ഇവർ രണ്ടാളും വരും മുത്തശ്ശി…….. എനിക്ക് നാളെ മുതൽ ഓഫീസിൽ പോണം……… ആദി പറഞ്ഞു…….
അപ്പായും വാ…….. ഇല്ലെങ്കിൽ മോനൂസ് അപ്പായെ എങ്ങനെ കാണും……….
ഇല്ല…….. മോനൂസ് പോയിട്ടു വാ…….. അപ്പാ എന്നും വിളിക്കാം………. സ്കൂളിൽ പോകേണ്ടതാണ്………. പോയി പെട്ടെന്ന് വരണം……. അപ്പാ ഇവിടെ നിന്നോളാം…….
മ്മ്……. അവൻ തലയാട്ടി……
വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു ഇപ്പോൾ ദേവാ…….. ആദി നീതുവിനോടും ദേവനോടും പറഞ്ഞു……
സാരമില്ല ആദി……. അവൾക്കു പെട്ടെന്ന് ഒന്നും ഉൾക്കൊള്ളാൻ ആവില്ലെന്ന് ഞങ്ങളെക്കാൾ നന്നായി ആദിക്കറിയില്ലേ……… വിഷമിക്കാതെ….. ദേവൻ പറഞ്ഞു…..
വീട്ടിൽ പോയാൽ പിന്നെ തിരിച്ചു ഇങ്ങോട്ടു വരുവോ നിവേദ്യ…….. ആദി സംശയം ചോദിച്ചു….
ആഹാ ബെസ്റ്റ്……. അവൾ വന്നില്ലേൽ അവളെ വരുത്തില്ലേ………
ആര്……. ആദി ചോദിച്ചു……
അപ്പാടെ പൊന്നുമോൻ…….. മോനൂസ്……. നീതു കളിയാക്കി പറഞ്ഞു…….. പേടിക്കണ്ട ആദി…… ഞാൻ ഇടയ്ക്കു പൊയ്ക്കോളാം വേദൂന്റെ അടുത്ത്…….. ശ്രീയുടെ കാര്യമോർത്തിട്ടാണെങ്കിൽ ടെൻഷൻ വേണ്ടാ…….
എനിക്ക് ടെൻഷൻ ഒന്നുമില്ല നീതു……. പിന്നെ നിവേദ്യ എന്നെ ആഗ്രഹിക്കുന്നത് എങ്ങിനെയാണോ അങ്ങനെ ഞാൻ കൂടെയുണ്ടാകുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ……. അതിപ്പോൾ ഫ്രണ്ട് ആയിട്ടാണേൽ അങ്ങനെ……. ആ താലി അതിനൊരു തടസ്സം ആവില്ല…….ചുമ്മാ കിടക്കട്ടെ അതാ കഴുത്തിൽ…….. ആദിയുടെ വേദന ദേവന് മനസ്സിലായി…….
എല്ലാം നല്ലതിനാണ് ആദി……… അവൾക്കു സ്നേഹിക്കുന്നവരെ ഒരുപാട് അകറ്റി നിർത്താൻ ഒന്നും പറ്റില്ല…….. അല്ലെങ്കിൽ നോക്കിക്കോ……. ദേവൻ പറഞ്ഞു……
മ്മ്…….. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം…………
പോകാനിറങ്ങിയപ്പോൾ മുത്തശ്ശി തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു………………. നെറ്റിയിൽ ഉമ്മ വെച്ചു…….. മോനൂസ് കഴുത്തിൽ അള്ളിപ്പിടിച്ചു ഇരുപ്പുണ്ട്…….. ആദ്യം പോകാനുണ്ടായിരുന്ന ഉത്സാഹം ഇപ്പോഴില്ല……… കാറിൽ കയറാൻ നേരം നിവേദ്യയുടെ മുഖത്തു നിന്ന് കണ്ണെടുത്തില്ല ആദി………. ഒന്നു നോക്കുന്നു കൂടിയില്ല……. നന്ദുവിന്റെ നേർക്ക് കൈ നീട്ടി നിവേദ്യ……. നന്ദു വീണ്ടും ആദിയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു ചോദിച്ചു…….
അപ്പാ……അപ്പായും വാ മോനൂസിന്റെ കൂടെ……… മോനെ ഇട്ടേച്ചു പോകുവോ……. നന്ദുവിന്റെ മുഖം വാടി………
കുനിഞ്ഞു നിവേദ്യയുടെ മടിയിൽ ഇരുത്തി നന്ദുവിനെ……… എന്നിട്ട് കവിളിൽ ഉമ്മ കൊടുത്തു………..
അപ്പാ ഈ വീട്ടിൽ ഉണ്ടാവും മോനൂസേ…….. നിങ്ങൾ വരുന്നതും കാത്ത്……
ഒരുപാട് താമസിക്കരുത്……… ഞാൻ തനിച്ചാണ്…… നിങ്ങൾ രണ്ടാളും ഇല്ലാതെ ഒന്നു ശ്വാസം വിടാൻ പോലും പറ്റുമോന്ന് അറിയില്ല…….. തിരിച്ചു ഇങ്ങോട്ടു നീ വരുമൊന്നു അറിയില്ല……… എങ്കിലും ഞാൻ എന്നും പ്രതീക്ഷിക്കും……. എന്റെ അമ്മൂസിനോടാ ഞാനീ പറയുന്നത്……… മുഖം തിരിച്ചു വച്ചിരിക്കുന്ന നിവേദ്യയോടായി പറഞ്ഞു………..
ഡോർ അടച്ചു കൊടുത്തു…….. ദേവനും നീതുവും കൈ വീശി…….. മോനൂസ് ഫ്ലയിങ് കിസ്സ് തരുന്നുണ്ട്……. മതിയാവാത്ത പോലെ വീണ്ടും വീണ്ടും…….
കാർ നീങ്ങിത്തുടങ്ങിയപ്പോഴും നിവേദ്യ ഒന്നു നോക്കുന്നുണ്ടായിരുന്നില്ല ആദിയെ …….. ആദിയുടെ കണ്ണുകൾ നിവേദ്യയുടെ മുഖത്തു തന്നെയായിരുന്നു…….. ശരീരത്തിൽ നിന്നും ഏതോ ഒരു ഭാഗം പറിച്ചെടുത്തു പോകുംപോലെ തോന്നി ആദിക്ക്…….. അവർ അകന്ന് പോകുന്നതു കാണാൻ കഴിയാതെ ആദി തിരിഞ്ഞു നടന്നു…………. കണ്ണു നിറഞ്ഞോ……. കാഴ്ചകൾ അവ്യക്തമാകുന്നുണ്ട്……..
നിവേദ്യ ഒന്നു നോക്കിയിരുന്നെങ്കിൽ…… ഇത്രയും വിഷമം ആവില്ലായിരുന്നു…….. തിരിച്ചു വരില്ലെന്ന് അറിയാം……… എങ്കിലും വരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം………..
നേരെ മുറിയിൽ പോയി കിടന്നു……. എല്ലാത്തിനോടും ദേഷ്യം തോന്നുന്നു……. അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിൽ നോക്കി…….. കണ്ണു നിറഞ്ഞൊഴുകി……… അവർ ഇപ്പോഴും ചിരിക്കും പോലെ തോന്നി ആദിക്ക്….. മോനൂസ് ബെഡിൽ ഊരിയിട്ടിരുന്ന ബനിയൻ എടുത്തു നെഞ്ചിൽ ചേർത്തു വച്ചു കണ്ണടച്ചു……
ആരും കാണാതെ നിവേദ്യ നന്ദുവിന്റെ മുടിയിൽ കണ്ണുനീർ തുടച്ചു…….. വേറൊരു ഇഷ്ടവും മനസ്സിൽ തോന്നിയില്ലെങ്കിലും നിവേദ്യക്ക് ആദിയുടെ ആ നിൽപ്പ് ശരിക്കും വേദനിപ്പിച്ചു…………ആരുമില്ലാത്തവരെപ്പോലെ …….
ബന്ധങ്ങൾ എല്ലാം ചുറ്റിനും ഉണ്ടായിട്ടും എന്തോ ഒരു കുറവ് പോലെ തോന്നി അവൾക്കു……… നന്ദു ഒന്നും മിണ്ടാതെ ഇരിക്കുവാണ്………. അവൾക്കു മനസ്സിലായി നന്ദുവും താനും മനസ്സിൽ ഓർക്കുന്നത് ഒരേ മുഖം ആണെന്ന്………

by