രചന – ജയകുമാർ മാരാത്ത്
അവിഹിതം
…………
റിട്ടയേർഡ് ജസ്റ്റീസ് രാജ് മോഹൻ തമ്പി വസതിയിൽ കൊല്ലപ്പെട്ട നിലയിൽ …..!
ആ വാർത്ത കേട്ടാണ് ഗ്രാമം ഞെട്ടിയുണർന്നത് …
കേട്ടവർ കേട്ടവർ കുന്നിൻ മുകളിലുള്ള അദ്ദേഹത്തിൻ്റെ ബംഗ്ലാവിലേക്കോടി..
നിമിഷ നേരം കൊണ്ട് അവിടം ജനസമുദ്രമായി മാറി..
പോലീസ് സംഘം ,ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ പാഞ്ഞെത്തിയിരുന്നു.
മുൻവാതിൽ ഭദ്രമായി അകത്തുനിന്ന് തഴുതിട്ടിരുന്നു.
പിൻവാതിലും അങ്ങിനെ തന്നെ…
വാതിൽ പൊളിച്ചാണ് പോലീസ് അകത്ത് കടന്നത്..
സ്വീകരണമുറിയിലെ സെറ്റിയിലും തറയിലുമായിട്ടാണ് മൃതദേഹത്തിൻ്റെ കിടപ്പ്
തറയിൽ ‘തലകുത്തിയ നിലയിൽ …
തലയുടെ പിൻഭാഗം പൊട്ടിരക്തം തറയിലാകെ പരന്നു കിടന്നിരുന്നു…
ഡിവൈഎസ്പി ഷംസുദ്ദീനും സിഐ പൗലോസും എസ്ഐ ദിവാകരൻ നായരും സംഘവും വീടു മുഴുവൻ അരിച്ചുപെറുക്കി
ഒരു വൻ സംഘം തന്നെ പോലീസുകാരും ഉണ്ടായിരുന്നു ..
ആരും അകത്തു കയറിയതായോ പുറത്തു പോയതായോ ലക്ഷണമില്ല..
പിടിവലിയോ മറ്റും നടന്ന ലക്ഷണവുമില്ല.
മോഷണശ്രമവും സംശയിക്കപ്പെടാനില്ല..
ഭാരമേറിയ എന്തോ വസ്തു കൊണ്ട് പിറകിൽ നിന്ന് അടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത് …
എന്നാൽ ആ വസ്തു അവിടെയെങ്ങും കാണാനുമില്ല..
”ആരാണ് ബോഡി ആദ്യം കണ്ടത്?”
പോലീസുദ്യോഗസ്ഥൻ്റെ ചോദ്യം കേട്ട് അമ്പതു വയസ്സിലധികം പ്രായമുള്ള ഒരു സ്ത്രീ വിറച്ചുകൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും മുന്നോട്ടു കേറി നിന്നു..
നിറം മങ്ങിയ ഒരു സാരിയാണവർ ഉടുത്തിരുന്നത് …
“നിങ്ങളുടെ പേര്?”
” ജാനകിയമ്മന്നാണ് സാർ…”
“നിങ്ങൾക്കെന്താണിവിടെ ജോലി..?”
“അത്യാവശ്യം പാചകവും അടിക്കലും തൊടക്കലും എല്ലാം.. ”
” ഇന്നെപ്പോഴാണ് വന്നത് ?”
“വെളുപ്പിനെ അഞ്ചേമുക്കാലോടെ ഞാൻ വന്നു..
ആറു മണിയാവുമ്പോഴേക്കും ജഡ്ജിയേ മാൻ വ്യായാമം കഴിയും. അപ്പോൾ കാപ്പി റെഡിയാവണം…
അടീം തൊടേമൊക്കെ കഴിയുമ്പം നേരം ഉച്ചയാവും ഒരു മണിയോടു കൂടി ഞാൻ വീട്ടിലേക്ക് പോവും
അതാ പതിവ്
ഇന്ന് ….
രണ്ടു മൂന്നു വട്ടം ബെല്ലടിച്ചിട്ടും ഏമാൻ വന്നില്ല ..
അപ്പോൾ ഞാൻ കർട്ടൻ്റെ വിടവിലൂടെ ഉള്ളിലേക്ക് ടോർച്ചടിച്ചു നോക്കി…
അപ്പഴാണ് ”…..
അവർ കരഞ്ഞു…
“എന്നിട്ട് നിങ്ങളെന്തു ചെയ്തു ..?”
“ഞാൻ ഓടി കുറച്ചപ്പുറത്തുള്ള ഏമാൻ്റെ വണ്ടിയോടിക്കാറുള്ള വറീച്ചൻ്റെ വീട്ടിൽ പോയി … ”
“ആരാണ് വറീച്ചൻ?”
പത്തു മുപ്പത്തഞ്ചു വയസ്സുള്ള ലുങ്കിയും ഷർട്ടുമിട്ട ഒരാൾ മുന്നോട്ടു കേറി വന്നു.
“താനാണോ സാറിൻ്റെ വണ്ടി ഓടിക്കുന്നത് ?”
“ഞാൻ ടൗണിൽ ഓട്ടോ ഓടിക്കുകയാണ്.. സാറിനെന്തെങ്കിലും ആവശ്യം വരുമ്പോൾ കാറെടുക്കാൻ എന്നെ വിളിക്കും”
കാർഷെഡിൽ ഒരു പുതിയ മോഡൽ കാർ കിടപ്പുണ്ടായിരുന്നു ..
” എന്നാണ് അവസാനം പുറത്തു പോയത് ”
” കഴിഞ്ഞ ശനിയാഴ്ച അത്യാവശ്യം സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോയിരുന്നു.. ”
“ഇവിടെ ആരെങ്കിലും ഇന്നലെ വന്നിരുന്നോ?”
“അദ്ദേഹത്തിന് കാര്യമായി സന്ദർശകരൊന്നും ഉണ്ടാവാറില്ല.. ഇന്നലെയും ആരും വന്നതായി കണ്ടില്ല ”
ജാനകിയമ്മയും വറീച്ചനും പറഞ്ഞു.
” ജാനകിയമ്മയുടെ വീട്?”
” കുറച്ചപ്പുറത്താണ് സാർ.. ”
” നിങ്ങളിവിടെ പണിക്ക് വന്നു തുടങ്ങിയിട്ടെ ത്ര നാളായി ”
” ഒരു നാലു കൊല്ലമേ ആയിട്ടുള്ളൂ.'”
“അതിനു മുമ്പ് ആരായിരുന്നു ..?”
“ഒരു തമിഴത്തിപ്പെണ്ണായിരുന്നു .. അവള് തോട്ടത്തില് പണിക്ക് വന്നവൻ്റെ കൂടെ ഒളിച്ചോടിപ്പോയെന്നാ കേട്ടത്…”
ജസ്റ്റീസ് രാജ് മോഹൻ തമ്പി ആ ബംഗ്ലാവിൽ ഒറ്റയ്ക്കായിരുന്നു താമസം
കുറേ വർഷങ്ങളായി…
കുറേ നാൾ സെക്യൂരിറ്റി പോലീസുകാരുണ്ടായിരുന്നു.
പിന്നീട് അദ്ദേഹം തന്നെ പറഞ്ഞ് വേണ്ടെന്ന് വെച്ചതാണ്
ഭാര്യയും ഒരു മകളുമുണ്ട്.
ഭാര്യയുമായി അത്ര രസത്തിലല്ലായിരുന്നെന്നാണ് അറിവ് –
അവർ മകളോടൊപ്പം മലേഷ്യയിലാണ്.
മകളുടെ ഭർത്താവിന് അവിടെയാണ് ജോലി..
ഒരു മൾട്ടിനാഷണൽ കമ്പനിയിൽ വലിയ ഉദ്യോഗസ്ഥനാണ്.
തമ്പി സാറിന് ഏതാണ്ട് എഴുപതിനോടടുത്ത് പ്രായം വരും’
അരോഗദൃഢഗാത്രന്…
ഏതാനും വർഷങ്ങൾക്കു മുമ്പുവരെ അദ്ദേഹം നാട്ടിലെ സാംസ്കാരിക പരിപാടികളിൽ സ്ഥിരം മുഖ്യ പ്രാസംഗികനായിരുന്നു.
ഒട്ടധികം സംഘടനകളുടെ ഉപദേശകനും രക്ഷാധികാരിയും ..
പക്ഷെ ..
കഴിഞ്ഞ മൂന്നാലു വർഷങ്ങളായി എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു.
ആരോഗ്യ കാരണങ്ങളാണ് പറഞ്ഞിരുന്നത് …
ബംഗ്ലാവും പരിസരവും അരിച്ചുപെറുക്കി പോലീസുകാർ ..
ഒട്ടധികം ആളുകളെ ചോദ്യം ചെയ്തു.
ഒരു തുമ്പും കിട്ടിയില്ല.
പത്രങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചാ വിഷയമായി ..
പോലീസിൻ്റെ പിടിപ്പുകേടിനെപ്പറ്റി പരാതികൾ ഉയർന്നു..
പോലീസുദ്യോഗസ്ഥർ പരക്കം പാഞ്ഞു..
സമൂഹത്തിൽ വിലയും നിലയും മാന്യതയുമുള്ള ഹൈക്കോടതി ജഡ്ജിയായിരുന്നയാൾ സ്വന്തം വസതിയിൽ ദാരുണമായി കൊല്ലപ്പെട്ടിട്ടും പോലീസ്
ഇരുട്ടിൽ തപ്പുന്നു …
മാധ്യമങ്ങൾ നാലു കോളങ്ങളിലെഴുതി
രാഷ്ട്രീയക്കാർ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു ..
പോലീസ് വിരണ്ടു..
വീണ്ടും ബംഗ്ലാവും പരിസരങ്ങളും അരിച്ചുപെറുക്കി ..
നാട്ടിലുള്ളവരെയെല്ലാം ചോദ്യം ചെയ്തു..
ബംഗ്ലാവും പരിസരവും ശ്രദ്ധിച്ചു നിരീക്ഷിക്കുന്നതിനിടയിലാണ് പറമ്പിൽ കുറച്ചു ദൂരെ മാറി എന്തൊക്കെയോ കൂട്ടിയിട്ടു കത്തിച്ചിരിക്കുന്ന കാര്യം ഹെഡ് കോൺസ്റ്റബിൾ രാജപ്പൻ നായർ കണ്ടത്..
പകുതി കരിഞ്ഞ ഒരു ബാർബി ഡോളിൻ്റെ കവർ ….
നനഞ്ഞു കുതിർന്ന ഒന്നുരണ്ടു കടയിലെ സാധനം വാങ്ങിയ ബില്ലുകൾ ..
രണ്ടു കയ്യിലും ഇതും പിടിച്ചു രാജപ്പൻ നായർ ചിന്തിച്ചു ..
പിന്നെ തലചൊറിഞ്ഞു.
“എന്താ നായരേ?”
സി ഐ ചോദിച്ചു.
“അല്ലാ ഞാനാലോചിക്കുവാ ജഡ്ജി സാറെന്തിനാ സാരിയും കുഞ്ഞുടുപ്പും പാവയുമെല്ലാം വാങ്ങിയത്?”
മേലുദ്യോഗസ്ഥൻമാർ നായരുടെ കയ്യിൽ നിന്നും അവ വാങ്ങി.
ജാനകിയമ്മയെയും ഗീവറീച്ചനെയും വീണ്ടും വിളിച്ചു..
” ജാനകിയമ്മക്ക് പേരക്കുട്ടികളുണ്ടോ?”
” ഉണ്ട് സാർ മകളുടെ കുട്ടി”
വില കുറഞ്ഞ രണ്ടുസാരിയുടെയും രണ്ടു കുഞ്ഞുടുപ്പിൻ്റെയും ബില്ലുകളിൽ നോക്കി സി.ഐ ചോദിച്ചു.
” ജാനകിയമ്മക്ക് വേണ്ടിയാണോ ഈ സാരിയും ഉടുപ്പും പാവയുമൊക്കെ സാർ വാങ്ങിയത് ?”
“അയ്യോ സർ ….. എനിക്ക് കിട്ടിയിട്ടില്ല”
തമ്പി സാറിൻ്റെ ഭാര്യയും മകളും വന്നിരുന്നു.
അവർ ടൌണിലെ അദ്ദേഹത്തിൻ്റെ ഫ്ലാറ്റിലാണ് താമസിച്ചത് ..
തമ്പി സാറിൻ്റെ ഭാര്യ പ്രൗഢയും പരിഷ്കാരിയും ലേശം അഹങ്കാരിയുമായിരുന്നു.’
അവർ ഏറെക്കാലമായി ഭർത്താവിനോടു ഫോണിൽ പോലും സംസാരിക്കാറില്ല ..
വല്ലപ്പോഴും മകളാണ് സംസാരിച്ചിരുന്നത് …
ഗീവറീച്ചനെയും കൂട്ടി തമ്പി സാർ ഷോപ്പിക്ക് നടത്താറുള്ള കടകളിൽ പോയി ..
ചിലപ്പോഴൊക്കെ തമ്പി സാർ ചെറിയ പെൺകുട്ടിക്കുള്ള ഉടുപ്പും സാരിയും സ്വീറ്റ്സും വാങ്ങാറുണ്ടത്രെ…
ആർക്കു വേണ്ടി?
വീണ്ടും ജാനകിയമ്മയെ വിളിച്ചു..
ജഡ്ജിയുടെ സ്വഭാവത്തിലെ പ്രത്യേകതകൾ ചോദിച്ചു.’
രണ്ടു പേർക്കുള്ള ഭക്ഷണം അദ്ദേഹം കഴിക്കുമത്രെ…
മധുര പലഹാരങ്ങൾ വാങ്ങാറുണ്ടെങ്കിലും കഴിക്കുന്നത് കണ്ടിട്ടില്ല …
ഒരു മുറിയിലേക്ക് മാത്രം ജാനകിയമ്മക്ക് പ്രവേശനമില്ല… അവിടെ അടിച്ചുവാരാൻ കയറിയ ജാനകിയമ്മയെ ജഡ്ജി പിടിച്ചു പുറത്താക്കി വഴക്കു പറഞ്ഞത്രെ…..
താഴത്തെ നിലയിൽ സ്റ്റെയർകേസിന് താഴെയുള്ള ആ മുറി ഒന്നുകൂടി പരിശോധിക്കാൻ തീരുമാനിച്ചു..
കാർപെറ്റിൽ പൊട്ടിക്കിടക്കുന്ന കുപ്പിവളത്തുണ്ട് അവരുടെ ശ്രദ്ധയിൽ പെട്ടു ..
കാർ പെറ്റ് നീക്കി..
നിലം ചവിട്ടിയപ്പോൾ ഒരു ഭാഗം പൊള്ളയായതുപോലെ തോന്നി..
അത് താഴോട്ടുള്ള ഒരു വാതിലായിരുന്നു ….
അത് തുറന്നപ്പോൾ താഴേക്ക് മര ഗോവണി കണ്ടു..
ആ വീട് രാജകുടുംബത്തിലെ ഒരു താവഴി താമസിച്ചിരുന്നതാണെന്നന്നും അവരിൽ നിന്ന് തമ്പി സാർ വാങ്ങി മോടിപിടിപ്പിച്ചതാണെന്നും കേട്ടിരുന്നു..
പടികളിറങ്ങി അവർ താഴോട്ട്.-..
അവിടെ ആരൊ താമസിച്ചിരുന്നതായി തോന്നി..
അയയിൽ തൂങ്ങുന്ന സാരികൾ……
കുഞ്ഞുടുപ്പുകൾ.
ഒരരികിൽ നിലത്തു വിരിച്ച പായയിൽ കിടന്നുറങ്ങുന്ന നാലു വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടി….
ഒരു കാൽ പെരുമാറ്റം ……
ഒരു യുവതി…
മങ്ങിയ നിറമുള്ള ചേലച്ചുറ്റിയ മൂക്കുത്തിയണിഞ്ഞ ഇളം കറുപ്പു നിറമുള്ള ഒരു സ്ത്രീ …
കഷ്ടി ഇരുപത്തഞ്ചിലധികം പ്രായമില്ലാത്ത അവൾ അവരുടെ മുമ്പിൽ പകച്ചു നിന്നു…
പിന്നെ ഓടി…
അവരും പിന്നാലെ ഓടി ..
ഒരു കാനിലിരുന്ന മണ്ണെണ്ണ അവൾ തല വഴി ഒഴിച്ചു …
തീപ്പെട്ടി ഉരക്കുന്നതിനു മുമ്പേ എസ് ഐ അത് പിടിച്ചു വാങ്ങി…
അവൾ നിലത്ത് കുഴഞ്ഞു വീണു –
……..
കാവേരി ……
അതാണവളുടെ പേര് ..
ജാനകിയമ്മ വരുന്നതിനു മുമ്പേ അതായത് അഞ്ചാറു വർഷം മുമ്പ് ഇവിടെ ജോലിക്കെത്തിയതാണവൾ..
പതിനെട്ടു വയസ്സിൽ ..
തമിഴ്നാട്ടിൽ ഏതോ കുഗ്രാമത്തിൽ ജനിച്ചവൾ..
കുഞ്ഞിലേ തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ടു.
ശേഷം ജീവിതം അമ്മാവൻ്റെ വീട്ടിൽ ..
അമ്മായിയുടെ ആട്ടും തുപ്പുമേറ്റ് പണിയെല്ലാമെടുത്ത് കിട്ടിയതും തിന്ന് കഴിഞ്ഞ അവളെ അവിടെ നിന്നും വീട്ടുപണിക്ക് ജഡ്ജിയേ മാൻ്റെ വീട്ടിലെത്തിച്ചത് ഒരു ബ്രോക്കറായിരുന്നു …
അവൾക്കിവിടം സ്വർഗ്ഗമായിരുന്നു
ജഡ്ജിയേ മാൻ്റെ ഭാര്യയും മകളും മലേഷ്യക്ക് പോയ സമയമായിരുന്നു അത്….
വളക്കൂറുള്ള മണ്ണിൽ പറിച്ചുനട്ട പൂച്ചെടി പോലെ അവൾ മാസങ്ങൾ കൊണ്ടു തന്നെ ആളാകെ മാറി.-.
അവളുടെ തമിഴ് യുവ കലർന്ന സംസാരവും കുസൃതി കലർന്ന പെരുമാറ്റവും തമ്പി സാറിലും മാറ്റങ്ങൾ വരുത്തി…
എപ്പോഴോ അവൾ ഏമാൻ്റെ ഇംഗിതങ്ങൾക് വഴങ്ങി..
അറുപത്തി അഞ്ചുകാരനായ ഏമാന്നും പതിനെട്ടുകാരിയായ കാവേരിയും കാമുകീകാമുകൻമാരെപ്പോലെ ആർത്തുല്ലസിച്ചു …
പക്ഷെ …
എപ്പോഴോ തമ്പി സാറിൻ്റെ കണക്കുകൂട്ടലുകൾ തെറ്റി…
അവൾ പോലും അറിഞ്ഞില്ലായിരുന്നു …
ആകെ അങ്കലാപ്പായി …
ഇരുചെവിയറിയാതെ അവൾ പ്രസവിച്ചു..
ദൂരെയേതോ നഴ്സിങ്ങ് ഹോമിൽ …
ആരുമറിയാതെ അവളെ നിലവറയിലെ മുറിയിൽ തമ്പി സാർ പാർപ്പിച്ചു.
തോട്ടത്തിൽ പണിക്കു വന്ന തമിഴൻ്റെ കൂടെ അവൾ ഒളിച്ചോടിയെന്ന് തമ്പി സാർ അവളുടെ വീട്ടിലറിയിച്ചു..
കുറച്ചു പണവും അവർക്കു നൽകി…
അവർക്കും സന്തോഷം..
ഒരു സൊല്ലയൊഴിഞ്ഞല്ലോ?
അതിൽ പിന്നെ തമ്പി സാർ അധികം പരിപാടികൾക്കൊന്നും പോവാറില്ല…
ആരെങ്കിലും വിളിച്ചാൽ തന്നെ ആരോഗ്യ കാരണം പറഞ്ഞ് ഒഴിവാക്കും.’
കഴിഞ്ഞ ആഴ്ചയാണ് തൻ്റെ ഭാര്യയും മകളും മരുമകനും തിരിച്ചു വരുന്ന വിവരം മകൾ വിളിച്ചു പറഞ്ഞത് ….
മരുമകന് ഇന്ത്യയിലെ ഓഫീസിലേക്ക് ട്രാൻസ്ഫർ”…..
എന്തുചെയ്യും?
തമ്പി സാർ കുഴങ്ങി..
ഇത്ര നാൾ കെട്ടിപ്പൊക്കിയ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീഴാൻ പോകുന്നു:
അത്…
സഹിക്കാവുന്നതിലപ്പുറമാണ്.-.
ഒടുവിൽ അത് തന്നെ തീരുമാനിച്ചു..
ആരുമറിയാതെ അമ്മയെയും കുഞ്ഞിനെയും തീർക്കുക …
റിവോൾവറുമായി തമ്പി സാർ നിലവറയിലേക്കിറങ്ങി ചെന്നു ..
തോക്കുചൂണ്ടി ..
എവിടെയെങ്കിലും കൊണ്ടു വിട്ടാൽ ആർക്കും ശല്യമില്ലാതെ ഞങ്ങൾ കഴിഞ്ഞോളാം…
കാവേരി കേണപേക്ഷിച്ചു …
ഏമാൻ്റെ മനസ്സലിഞ്ഞില്ല…
കുഞ്ഞിനെയും മാറോടു ചേർത്ത് പിടിച്ചു’ അവൾ തോക്കിനു മുന്നിൽ കണ്ണടച്ചു നിന്നു..
സ്വീകരണമുറിയിൽ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ലം …
തമ്പി സാർ ഫോണെടുക്കാൻ മുകളിലേക്ക് കയറി…
അവളും പിന്നാലെ കയറി…
അവളുടെ കയ്യിൽ കിട്ടിയത് ചിരവയായിരുന്നു ..
സെറ്റിയിലിരുന്ന് ഫോൺ ചെയ്യുന്ന തമ്പി സാറിൻ്റെ പിൻവശം നോക്കി അവൾ ശക്തിയിൽ പ്രഹരിച്ചു..
അവൾ ചത്താലും പ്രശ്നമില്ല… അവളുടെ കുഞ്ഞ്….
രക്ഷപ്പെടാനാണ് തീരുമാനിച്ചിരുന്നത് പക്ഷെ ……
കഴിഞ്ഞില്ല…
നിലവറയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പകൽ വെട്ടത്തിൽ കൊണ്ടുവന്ന പ്രതിയെ കണ്ട് ജനക്കൂട്ടം നിശ്ശബ്ദരായി നിന്നു..
നാലു വയസ്സുള്ള അവളുടെ കുഞ്ഞ് ആകാംക്ഷയോടെ അത്ഭുതത്തോടെ പകച്ച് ചുറ്റും നോക്കി…
അവൾ പുറം ലോകം കാണുന്നത് ആദ്യമായിട്ടായിരുന്നുവല്ലോ?

by