17/04/2026

നിവേദ്യ : ഭാഗം 04

രചന – രോഹിണി ആമി

നിയെ ആദിയോട് സംസാരിക്കാൻ മടിയായതുകൊണ്ടാണ് നിവേദ്യയെ കൂടെ കൂട്ടിയത്……. വേദു ഉണ്ടെങ്കിൽ ഒരു ധൈര്യം ആണ്……. മാത്രമല്ല ആദിയെ സമാധാനിപ്പിക്കാൻ അവളെക്കൊണ്ട് കഴിയും….. ആദിത്യന്റെ മുഖത്ത് ഇത് താൻ പ്രതീക്ഷിച്ചിരുന്നു എന്ന ഭാവം ആയിരുന്നു…..അതുകൊണ്ടു തന്നെ വലിയ വിഷമം ആ മുഖത്തു കണ്ടില്ല…… ഒന്നും മിണ്ടാനില്ലാതെ ആയപ്പോൾ നീതു പതിയെ എണീറ്റു പോയി…….. ആദിത്യൻ നിവേദ്യയെ നോക്കി ഒന്നു പുഞ്ചിരിച്ചു……. ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാ വിഷമങ്ങളും…. കുറച്ചു നേരം കൂടി ആദിത്യന്റെ കൂടെ ഇരുന്നു നിവേദ്യ…….. രണ്ടാളും ഒന്നും മിണ്ടാതെ വെളിയിലേക്ക് നോക്കിയിരുന്നു……..

പോകാൻ ഇറങ്ങിയപ്പോൾ നിവേദ്യ പറഞ്ഞു…….. സാരമില്ല ആദിത്യാ……. ആഗ്രഹിക്കുന്നതെല്ലാം കിട്ടിയാൽ ജീവിതത്തിന് ഒരർത്ഥം ഇല്ലാതെ ആവില്ലേ……. നേടിയെടുക്കുന്നതിൽ മാത്രമേ സന്തോഷം ഉള്ളൂ എന്നു വിചാരിക്കരുത്…….. ചിലപ്പോൾ ചിലതൊക്കെ നഷ്ടപ്പെടുത്തുന്നതിലും സന്തോഷം ഉണ്ടെടോ ….. അങ്ങനെ സന്തോഷം കണ്ടെത്തിയ ആളാണ് ഞാൻ……. വിഷമം ഇല്ലാന്ന് പറയുന്നില്ല…… നല്ല വിഷമം ഉണ്ട്…… എങ്കിലും സാരമില്ല…… നിങ്ങളെപ്പോലെയുള്ള ഫ്രണ്ട്‌സ് ഒക്കെ അടുത്തുണ്ടെങ്കിൽ എല്ലാം ശരിയാകും….. താങ്ക്സ് ഉണ്ട്…… ഇത്രയും നേരം കൂടെയിരുന്നതിന്…… ഒന്നും പറഞ്ഞു ആശ്വസിപ്പിച്ചില്ലെങ്കിലും തന്റെ പ്രെസെൻസ് എനിക്കു ഒരു ആശ്വാസമാണ്….. ചുരുക്കം ചിലരേ ഉള്ളൂ കട്ട ഫ്രണ്ട്‌സ് ആയിട്ട്……. ഇപ്പോൾ ഒരാളും കൂടെ കൂടി…… അതിനെന്താ…… ഈ കൂട്ട് ഞാനും ഉപേക്ഷിക്കില്ല….. ഒന്നുമല്ലെങ്കിലും ഈ ശബ്ദം എന്റെ മകന് ഏറ്റവും പ്രിയപ്പെട്ടതല്ലേ…. രണ്ടാളും ഒരുമിച്ച് ചിരിച്ചു…….

എങ്കിൽ പോയാലോ…… എനിക്കു കുറച്ചു ജോലിയുണ്ട്……. നിവേദ്യ ചോദിച്ചു….. താൻ പൊയ്ക്കോളൂ….. ഞാൻ കുറച്ചു നേരം കൂടി കഴിഞ്ഞേ ഉള്ളൂ…… അതെന്തായാലും വേണ്ട…… തന്റെ മുഖത്തിന്‌ ഈ ശോകം ചേരുന്നില്ല ആദിത്യാ…… പണിയൊന്നും ഇല്ലെങ്കിൽ എന്നെയൊന്നു ഷോപ്പിൽ വിടുവോ….. ഇനി ഓട്ടോ പിടിച്ചു പോകാൻ വയ്യ…… മ്മ്…… എങ്കിൽ വാ….. ആദിത്യൻ എഴുന്നേറ്റു…. ഞാനിന്ന് ഒന്നു മോനുസിനെ വിളിച്ചോട്ടെ……. ഡ്രൈവ് ചെയ്യുമ്പോൾ ആദിത്യൻ നിവേദ്യയോട് ചോദിച്ചു…….. എന്തിനു എന്നുള്ള രീതിയിൽ അവൾ ആദിത്യനെ നോക്കി……. അവനോടു സംസാരിച്ചാൽ ഞാൻ എന്റെ വിഷമങ്ങൾ ഒരുപരിധി വരെ മറക്കും……. ഇനി അടുത്ത തവണ വീഡിയോ കാൾ ചെയ്യാമെന്ന് സത്യം ചെയ്തതാണ്……. എങ്കിലും താനെന്തെങ്കിലും ഒരു കള്ളം പറഞ്ഞു അതൊന്നു ഓക്കേ ആക്കിത്തരുവോ…… പ്ലീസ്… ആദിത്യന്റെ മുഖം കണ്ടപ്പോൾ നിവേദ്യ സമ്മതിച്ചു……. വൈകിട്ട് വിളിച്ചോളൂ….. ഇനി പുതിയ സത്യങ്ങൾ ഒന്നും തന്നെ ചെയ്തേക്കരുത് ….. ചിരിച്ചു കൊണ്ട് പറഞ്ഞു…..

ആദിത്യൻ നന്ദൂട്ടനോട് ഒരുപാട് അടുക്കുന്നുണ്ടോന്ന് ഒരു സംശയം….. മുൻപ് നീതു ഉണ്ടായിരുന്നപ്പോൾ ഇങ്ങനെ തോന്നിയിട്ടില്ല…… ഇപ്പോൾ ആദിത്യൻ തനിച്ചാണ്……. രണ്ടാളും അടുക്കാൻ ചാൻസ് കൂടുതലാണ്….. നിവേദ്യ ടെൻഷനിൽ നഖം കടിച്ചു……. കുരുക്ക് കൂടുതൽ മുറുകുവാണോ……. ഒരു വഴി കാണിച്ചു തരണേ ഈശ്വരാ…… ഷോപ്പിൽ ഇറങ്ങി തിരിഞ്ഞു ആദിത്യനോട് പറഞ്ഞു…… ഇനിയീ വിഷമത്തിൽ വല്ല ബാറിലും പോയി കോൺ തെറ്റി കിടക്കുവോ….. എനിക്കു പണിയുണ്ടാക്കരുത്……. ആ ഒരു ശീലം ഇല്ലെടോ…… ഇതല്ല…. ഇതിലപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്……. ഓക്കേ…… ബൈ….. ആദിത്യൻ കൈ വീശി…… മ്മ്…. ശരി….. ബൈ……. തിരിച്ചു കൈ വീശി കാണിച്ചു നിവേദ്യ…….. നീതുവിന്റെ മുഖത്തു നോക്കി….. ഒന്നുമില്ല…. സാരമില്ല…… എന്നു കാണിച്ചു….. അവളുടെ മുഖം തെളിഞ്ഞില്ലെങ്കിലും ഒരു ദീർഘശ്വാസം പുറത്തേക്കു വന്നു………

വൈകിട്ട് നന്ദൂട്ടനോട് ആദിത്യൻ കുറെയേറെ നേരം മൊബൈലിൽ സംസാരിച്ചു…… മുറിയിൽ വന്നു നോക്കിയപ്പോൾ അവിടെ ബെഡിൽ കിടന്നു സംസാരിക്കുന്നു…… കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ബാൽക്കണിയിൽ നിന്നു സംസാരിക്കുന്നത് കണ്ടു…… ഒന്നു നിർത്തടാ നന്ദൂട്ടാ …….നിനക്ക് ഭക്ഷണവും വെള്ളോം ഒന്നും വേണ്ടേ……… അപ്പാക്കു ഉറങ്ങണ്ടേ….. ഞാൻ അപ്പായോട് മിണ്ടുന്നതിനാ……. എന്നെയല്ലേ അപ്പാക്കു ഒത്തിരിയിഷ്ടം…….. കുശുമ്പ് ആണ് അമ്മുന്…… മുഖം ഇപ്പോൾ ബലൂൺ പോലെ വീർത്തിരിക്കുവാ…… എന്തോ ആദിത്യൻ പറഞ്ഞുവെന്നു തോന്നുന്നു….. കുത്തിമറിഞ്ഞു ചിരിക്കുന്നുണ്ട്….. ശരി അപ്പാ……. എനിക്കു തന്ന പ്രോമിസ് മറക്കരുതേ…… ബൈ….. ഈശ്വരാ ഇനിയും പ്രോമിസോ……. അടുത്തത് എന്താണോ എന്തോ…… മൊബൈൽ മാറ്റിവച്ചിട്ട് നന്ദൂട്ടൻ എന്തോ തിരയുന്നുണ്ട്……. എന്താ നീയീ തപ്പുന്നത് നന്ദു……. ഒരു പിൻ വേണം……. എന്തിനു…… അപ്പാ പറഞ്ഞു ബലൂൺ പിൻ വെച്ചു കുത്തിപ്പൊട്ടിക്കാൻ…….. ആ….. ദേ കിട്ടി…… ആദിത്യൻ പറയുന്നത് എന്തും ഈ ചെക്കൻ കേൾക്കും……. ദൈവമേ ഇനി പിന്നിന് കുത്തുവോ……. നിവേദ്യ കവിൾ രണ്ടും പൊത്തി ചിരിച്ചോണ്ട് താഴേക്കു പോയി……. നന്ദൂട്ടന്റെ പൊട്ടിച്ചിരി കേട്ടു നിവേദ്യയുടെ മുഖം തെളിഞ്ഞു…….. നിവേദ്യയുടെ മാറിൽ മുഖം ചേർത്ത് കിടക്കുമ്പോൾ നന്ദു പറഞ്ഞു…….

അപ്പാ ഇനി കുറച്ചു നാൾ വിളിക്കില്ലെന്നു പറഞ്ഞു……. കുറച്ചു ബിസി ആയിരിക്കുമെന്ന്….. അമ്മുവിനെ ഒത്തിരി ടെൻഷൻ അടിപ്പിക്കാതെ പഠിക്കണമെന്ന് പറഞ്ഞു…….. നല്ല മാർക്ക് വാങ്ങിയാൽ ഒരു സർപ്രൈസ് ഗിഫ്റ്റ് തരുമെന്നു പറഞ്ഞു….. എന്തു ഗിഫ്റ്റ്……… നിവേദ്യ നന്ദുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…… അതു സർപ്രൈസ് അല്ലേ അമ്മു…… അതെങ്ങനെ പറയും…… എന്നോടും പറഞ്ഞില്ല അപ്പാ……. കുറച്ചു നാൾ വിളിക്കില്ലെന്നു ആദിത്യൻ പറയാൻ കരണമെന്താവും……. നിരാശാ കാമുകൻ എങ്ങോട്ടെങ്കിലും ഒളിച്ചോടാൻ പ്ലാൻ ഇട്ടിട്ടുണ്ടോ……. എന്തായാലും നാളെ ചോദിച്ചു നോക്കാം ……. ഒന്നുകൂടി നന്ദൂട്ടനെ ചേർത്തു പിടിച്ചു……. നീതുവുമായുള്ള കണ്ടുമുട്ടലുകൾ കഴിവതും ഒഴിവാക്കി ആദിത്യൻ……. അതുകൊണ്ട് തന്നെ ഷോപ്പിൽ വെച്ചു കാണാം എന്നു പറഞ്ഞ നിവേദ്യയോട് വെളിയിൽ വെച്ചു കാണാം എന്നാണ് തിരിച്ചു പറഞ്ഞത്……..

എങ്ങോട്ടെങ്കിലും പോകുവാണോ ആദിത്യൻ…… തിരിച്ചു ജോലിക്കു കയറുവാണ്…… ലീവ് തീർന്നില്ല…… എങ്കിലും പോകുവാണ്…….. ഒളിച്ചോട്ടം…… അല്ലേ…… അങ്ങനെയൊന്നും അല്ല നിവേദ്യ……… പകൽ സമയങ്ങളിൽ എങ്ങനെയും സമയം കളയാം…… നേരമിരുട്ടി കഴിയുമ്പോൾ തനിച്ചു വീട്ടിൽ……. പറ്റില്ലെടോ…….. ഓർക്കാൻ ഒന്നുമില്ലാതെ…… മുൻപ് വീട്ടിൽ വന്നാൽ നീതു ഫുൾടൈം വിളിക്കും……. ഉറങ്ങും വരെ…… ഇനിയിപ്പോൾ അതില്ലല്ലോ…… ഞാൻ നാളെ പോകും…… ഇടയ്ക്കു വരുമ്പോൾ കാണാം……. മോനൂസിനെ ഞാനിടക്ക് വിളിക്കും……. മ്മ്…… ശരി…… നീതുവിന് ഇതറിയുമ്പോൾ വിഷമം ആവും……… അവൾ കാരണം ആണ് ആദിത്യൻ പോയതെന്നേ വിചാരിക്കു…… താനിതൊന്നും അവളോട്‌ പറയണ്ട…… ഞാനിവിടെ ഒക്കെ തന്നെ ഉണ്ടെന്നു പറഞ്ഞാൽ മതി……. എന്നാൽ ഞാൻ പൊക്കോട്ടെ….. മ്മ്…… ഇടയ്ക്കു വിളിക്ക്…… ശരി…….. നീതുവിനോട് സത്യം പറയാതിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു നിവേദ്യ…… എപ്പോഴും മൂഡി ആണവൾ…… പഴയ ആ ഒരു ഉത്സാഹം ഒന്നുമില്ല ഇപ്പോൾ……. കല്യാണത്തിന് ഇനി ഒരുപാട് നാളുകളില്ല……. രണ്ടുപേരുടെയും മനസ്സു മാറിയാലോന്നു രണ്ടു വീട്ടുകാർക്കും പേടിയുണ്ട്……. അതുകൊണ്ടു തന്നെയാണ് എടുപിടിയെന്നു എല്ലാം ചെയ്യുന്നത്…….. ഏറെസമയവും അവളുടെ കൂടെയായിരുന്നു….

ചിലപ്പോൾ ഒക്കെ തോളിൽ ചാഞ്ഞിരിക്കും….. ചിലപ്പോൾ നിൽക്കുന്ന നിൽപ്പിൽ വന്നു കെട്ടിപ്പിടിക്കും…… മനസ്സിന്റെ നിയന്ത്രണം വിടുമ്പോൾ ചെയ്യുന്നതാണെന്ന് നിവേദ്യക്കു മനസ്സിലായി……. അന്ന് വേദു…… ഇന്ന് നീതു…. നിവേദ്യ മൊബൈൽ എടുത്തു നീതുവിന്റെ അച്ഛനെ വിളിച്ചു ചോദിച്ചു…… ഇന്നൊരു ദിവസം അവളെ വീട്ടിലേക്കു വിടുമൊന്ന്…… നിവേദ്യയെ ശരിക്കും അറിയാവുന്നതുകൊണ്ട് അദ്ദേഹം സമ്മതിച്ചു….. രാത്രിയിൽ മടിയിൽ കിടക്കുന്ന നീതുവിനോട് നിവേദ്യ ചോദിച്ചു……. നിനക്ക് കുറ്റബോധം തോന്നുന്നുണ്ടോ നീതു……. ഇതിന് കുറ്റബോധം എന്നാണോ പറയുന്നത് വേദു………. എങ്കിൽ ആയിരിക്കും……. ആദിക്ക് ആരെങ്കിലും സ്വന്തം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ വിഷമം വരില്ലായിരുന്നു…….. ഇതിപ്പോൾ ആദി തനിച്ചാണെന്നു എനിക്കറിയാം……. അറിഞ്ഞു വച്ചിട്ടും ഞാൻ……. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ……. ആദിക്ക് നല്ല വിഷമം ഉണ്ട്….. അത് നിന്നോട് പോലും പറയാത്തതാണ്…… ഞാൻ വെറുതെ ഒരു ജീവിതം കാട്ടി കൊതിപ്പിച്ചു…….. ഓർത്തിട്ടു സഹിക്കാൻ കഴിയുന്നില്ല വേദു……. നീതു പൊട്ടിക്കരഞ്ഞു………

നിവേദ്യ അവളുടെ മുടിയിൽ പതിയെ തലോടി……. മുത്തശ്ശിയുടെ മടിയിൽ മുഖം അമർത്തി കരയുന്ന വേദുവാണ് മനസ്സിലേക്ക് ഓടിയെത്തിയത്…… കുറച്ചൊന്നു മനസ്സു തണുത്തപ്പോൾ നീതു പറഞ്ഞു……. ഒന്നു മനസ്സു തുറന്നു കരയാൻ എത്ര ദിവസമായി ശ്രമിക്കുന്നുവെന്ന് നിനക്കറിയുവോ……. വീട്ടിൽ ചുറ്റിനും ആരെങ്കിലും ഒക്കെ കാണും…… ഷോപ്പിൽ ആരെങ്കിലും കണ്ടാലൊന്നുള്ള പേടിയും…… നിനക്ക് മാത്രേ എന്റെ മനസ്സ് അറിയാൻ കഴിഞ്ഞിട്ടുള്ളൂ വേദു…….. താങ്ങായി എന്നുമുണ്ടാവണം നീയെന്റെ കൂടെ……. ഒരിക്കൽ താനുമിങ്ങനെ നീതുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുള്ളതാണ്…… നന്ദുവിനെക്കുറിച്ചുള്ള സത്യങ്ങൾ പറഞ്ഞപ്പോൾ……… ഇന്നലെ ആദിത്യൻ നന്ദൂട്ടനെ വിളിച്ച കാര്യമൊക്കെ പറഞ്ഞു…… നീ നന്ദൂട്ടനെ വിളിക്കരുതെന്ന് ആദിയോട് ഒരിക്കലും പറയരുതേ വേദു……… ആദിക്ക് ആകെയുള്ള ഒരാശ്വാസം ഇപ്പോൾ നന്ദൂട്ടനാണ്….. നിവേദ്യക്ക് സമ്മതിക്കാനോ സമ്മതിക്കാതിരിക്കാനോ കഴിഞ്ഞില്ല…… രാത്രി മുഴുവൻ സംസാരിച്ചിരുന്നു രണ്ടാളും…… നീതു നന്ദുവിനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി……. നിവേദ്യ കുറച്ചു നേരം കൂടി കണ്ണു തുറന്നു കിടന്നു……. തുടരും……. 💞💞💞💞….a…m….y…💞💞💞💞💞💞