രചന – സരിത മനു
ആ ഫയലിലേക്ക് ദേവാനന്ദ് വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി.. ആ പേജിൽ ഒരു ഫോട്ടോ പതിപ്പിച്ചിട്ടുണ്ടായിരുന്നു. നന്ദനയുടെ ഫോട്ടോ… അവന്റെ കയ്യിൽ നിന്ന് ഫയൽ നിലത്തേക്ക് വീണു.വിറയാർന്ന കൈകളോടെ അവൻ ഫയലെടുത്ത് ആ ഫോട്ടോയിലേക്ക് നോക്കി.. അവൻ വേഗം ആ കേസിന്റെ ഹിസ്റ്ററി നോക്കി. വന്ദന വി.,വയസ്സ് 16 ആത്മഹത്യയോ,കൊലപാതകമോ….? കൊലപാതകമെന്ന സംശയത്തിൽ കേസ് തന്റെ കൈകളിൽ എത്തിയിരിക്കുന്നു. അവന് തല വേദനിക്കും പോലെ തോന്നി. നന്ദു മോളെ കാണണമെന്നും.അവൻ വേഗം അവളെ വിളിച്ചു.പക്ഷേ റിംഗ് ചെയ്യുന്നതല്ലാതെ അറ്റൻഡ് ചെയ്തില്ല. അവന്റെ ഉള്ളിൽ എന്തൊക്കെയോ ചിന്തകള് വന്നു നിറഞ്ഞു തന്റെ സെൽ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്.
നന്ദു മോൾ ആയിരുന്നു അത് . “ഏട്ടാ…..എന്തെ പതിവില്ലാതെ ഏട്ടൻ ആ സമയത്ത് വിളിച്ചത്.?”.ഞാൻ ക്ലാസ്സിൽ ആയിരുന്നു ഏട്ടാ….” “ഒന്നുല്യാ….വെറുതെ വിളിച്ചതാ..” “എന്താ ഏട്ടാ….കാര്യം പറയ്…ഇങ്ങനെ വിളിക്കാറില്യാലോ ഏട്ടൻ….” “ഒന്നുല്യാടാ മോളെ….ഏട്ടൻ കുറച്ച് തിരക്കിലാണ്.വൈകിട്ട് വിളിക്കാം.ബൈ ..” അവൻ ഫോൺ വെച്ചിട്ടും നന്ദന ആലോചിക്കുകയായിരുന്നു എന്ത് പറ്റി ഏട്ടന്…? “എന്നും പോക്കറ്റടി എനിക്ക് പതിവുള്ളതാണല്ലോ…പിന്നെ ….എന്തിനാണാവോ …വൈകിട്ട് വിളിക്കുമ്പോ ചോദിക്കാം.”
അന്ന് മുഴുവൻ ദേവൻ ആലോചനയിൽ ആയിരുന്നു..ഇൗ കേസ് എവിടെ തുടങ്ങണം? എങ്ങനെ തുടങ്ങണം…? ഒന്നിനും കഴിയുന്നില്ല.. നന്ദു മോൾ ഇൗ പ്രായത്തിൽ ഇങ്ങനെ തന്നെയാണ്..പക്ഷേ….ഇതെങ്ങനെ…..? എന്തായാലും നാളെ തുടങ്ങണം…അതിനു മുൻപ് ഇൗ കേസിന്റെ എഫ് ഐ ആർ നോക്കട്ടെ… പിറ്റേന്ന് രാവിലെ ദേവൻ വന്ദനയുടെ വീട്ടിലേക്ക് പുറപ്പെട്ടു..അവിടെ ചെന്നാൽ പലർക്കും പല അഭിപ്രായങ്ങൾ ആവാം.. പതി നാറു വയസ്സുള്ള ഒരു പെൺകുട്ടി ….അത് ആത്മഹത്യ ആണെന്നും,കൊലപാതകം ആണെന്നും പറയാൻ ആൾക്കാരുണ്ടാകും.എന്തായാലും വന്ദനയുടേ വീട്ടിൽ നിന്ന് തുടങ്ങാം. അവൻ ആ വീട്ടിലേക്ക് ചെല്ലുമ്പോൾ പുറമെ നിന്ന് നോക്കിയിട്ട് അവിടെ ആൾതാമസം ഉള്ള ലക്ഷണം പോലും ഉണ്ടായിരുന്നില്ല. അവൻ ആ വീടിന്റെ വാതിലിൽ മുട്ടി വിളിച്ചു.ഏറെ നേരത്തിനു ശേഷം ആ വാതിൽ തുറക്കപ്പെട്ടു… ആ വാതിലിനു പിന്നിൽ ഐശ്വര്യം തുളുമ്പുന്ന എന്നാല് സങ്കടത്താൽ വിതുമ്പുന്ന മുഖവുമായി ഒരു സ്ത്രീ.. തന്നെ കണ്ടത് കൊണ്ടാവണം അവരുടെ കണ്ണിൽ നിന്ന് പെയ്തൊഴിയാൻ വെമ്പിയ ആ കണ്ണുനീർ മുത്തുകൾ താഴേയ്ക്ക് പതിച്ചത്.
“ഞാൻ ദേവാനന്ദ്…സർക്കിൾ ഇൻസ്പെക്ടർ ആണ്..ഇവിടെ ജോയിൻ ചെയ്തിട്ട് ഒരുപാട് നാൾ ആയിട്ടില്ല.. വന്ദന യുടെ വീട്….?” അവർ അതേ എന്ന് തലയാട്ടി. “എനിക്കാണ് ഇൗ കേസിന്റെ ചുമതല…നിങ്ങള് സഹകരിക്കണം..എനിക്ക് വന്ദനയെകുറിച്ച് അറിയാനുണ്ട്.” ഉമ്മറത്തെ സംസാരം കേട്ടിട്ടാവണം അവൻ അങ്ങോട്ട് വന്നത്.. അവനെ കണ്ട മാത്രയിൽ വീണ്ടും ദേവന് ഒരു ഷോക്കായി. അവനും തന്റെ നന്ദു മോളുടെ അതേ മുഖം…കയ്യിലിരുന്ന കേർച്ചിഫ് കൊണ്ട് നെറ്റിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് അവൻ ചോദിച്ചു. “ഇത്….ഇതാരാണ്….?” “മകനാണ്…സർ…” “അപ്പൊൾ വന്ദന മാത്രമല്ല….” മിഴികളിൽ നിന്നു ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവർ പറഞ്ഞു. “അവർ ഇരട്ടക്കുട്ടികൾ ആയിരുന്നു..മോളും,മോനും…മോള് പോയി..ഇനി…ഇനി .ഇവൻ മാത്രേ ഉള്ളൂ….” അവർ നിറുത്തി..
“ഇവിടെ…ആരൊക്കെ ഉണ്ട് ഇപ്പൊ? വന്ദനയുടെ അച്ഛൻ….?” “ഉണ്ട് സാറേ…കിടപ്പിലാണ്…ഒരു വണ്ടി അപകടം…പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല.” “അത്….അപകടം തന്നെയാണോ…?.അതോ….ആരെങ്കിലും ശത്രുക്കൾ….?” “ശത്രുക്കൾ….എന്ന് പറയാൻ ….എന്റെ അറിവിൽ ആരുമില്ല സർ” “എന്താണ് ഇവന്റെ പേര്…? “പ്രേമാനന്ദ്.” വീണ്ടും ദേവനില് ഒരു ഞെട്ടലുണ്ടായി. എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്?എല്ലാം തന്നോട് ബന്ധമുള്ള പോലെ മനസ്സിൽ ഒരു തോന്നൽ…. “വന്ദന എങ്ങനെ ആയിരുന്നു വീട്ടിൽ….?ഇത്….ഒരു കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം എന്തേലും…”? “എന്റെ മോൾക്ക്….അവൾക്ക് ആത്മഹത്യ ചെയ്യണ്ട ഒരു കാരണവും ഉണ്ടായിരുന്നില്ല സർ..എന്റെ മോൾ ഒരിക്കലും അങ്ങനെ ചെയ്യില്ല.” “എന്തായാലും വിഷാംശം ഉള്ളിൽ ചെന്നാണ് മരണം.അത് സ്വയം കഴിച്ചതാണോ…,അല്ലെങ്കിൽ മറ്റാരെങ്കിലും കഴിപ്പിച്ചതാണോ എന്നറിയണം.
അതാണ് ചോദിച്ചത്.”? “ഇവിടെ അടുത്തുള്ള സ്കൂളിൽ ആയിരുന്നില്ലേ ഇവർ..ഒരു ക്ലാസ്സിൽ….? വന്ദനക്ക് എന്തെങ്കിലും രീതിയിൽ മറ്റു റിലേഷൻ….. ഐ മീൻ ബോയ്ഫ്രണ്ട്….?” “യൂഷ്വലി ഇങ്ങനെയുള്ള കേസിൽ അവസാനം അങ്ങനെയാണ് വരാറു.അതുകൊണ്ട് ചോദിച്ചതാണ്.” “എനിവേ…എന്തായാലും നമുക്ക് കണ്ടെത്താം…അതിനു മുൻപ് എനിക്ക് പ്രേമാനന്ദിനോട് കൂടി കുറച്ച് കാര്യങ്ങൽ ചോദിച്ചറിയണം.നാളെ സ്റ്റേഷൻ വരെ ഒന്ന് വരണം ഇവനേം കൊണ്ട്.” അവൻ പോകാൻ ഇറങ്ങി.. വന്ദനയുടേ അച്ഛനെ കൂടി കണ്ട് കളയാം .ഒരുപക്ഷെ …അയാളിൽ നിന്നും എന്തെങ്കിലും തുമ്പ് കിട്ടിയാൽ…മകളെകുറിച്ച് എന്തെങ്കിലുമൊക്കെ അറിയാതിരി ക്കില്ല. അവൻ പറഞ്ഞു. “എനിക്ക് വന്ദനയുടെ അച്ഛനെ കൂടി ഒന്ന് കാണേണ്ടതുണ്ട്. “വരൂ സർ….അകത്താണ്.” “എത്ര നാളായി അയാൽ കിടപ്പിൽ ആയിട്ട്”? “അത്….മക്കൾക്ക് പത്തു വയസ്സുള്ളപ്പോൾ…. ആറു വർഷം കഴിയാറായി.” അവൻ ആ മുറിയിലേക്ക് ചെന്നു.
കുഴമ്പും,എണ്ണയും മണക്കുന്ന ആ മുറിയുടെ മൂലയിൽ ഇട്ടിരുന്ന അ കട്ടിലിൽ ഒരാൾ കിടക്കുന്നുണ്ടായിരുന്നു. അവൻ അയാളുടെ അടുത്തേക്ക് ചെന്നു.ജീവച്ഛവമായി കിടക്കുന്ന അയാളുടെ മുഖത്തേക്ക് അവൻ ഒന്നേ നോക്കിയുളുള്ളൂ. “ഇത്……ഇത്….തന്റെ….അച്ചനല്ലെ ഇത്….?” അവന്റെ ഞെട്ടൽ കണ്ടിട്ടാവണം അവർ ചോദിച്ചു. “എന്ത് പറ്റി സർ….?ഇത്…ഇതാണ് അവരുടെ അച്ഛൻ…” “വിറയാർന്ന ചുണ്ടുകൾ കൊണ്ട് അവൻ ചോദിച്ചു…?” “ഇദ്ദേഹത്തിന്റെ…പേര്….”? “വേണുഗോപാൽ..” അതൊരു ഇടിമുഴക്കം പോലെ അവന്റെ കാതുകളിൽ പ്രതിധ്വനിച്ചു. അപ്പൊൾ….വന്ദന വി…വന്ദന വേണുഗോപാൽ….തന്റെ നന്ദു മോളുടെ മുഖമായി വന്നത്….. ദൈവമേ….എന്റെ കൂടപ്പിറപ്പുകൾ ….ഒരു നിമിഷം അവന്റെ ഹൃദയം നീറി..ഇത്….ഇതെങ്ങാനും തന്റെ അമ്മ അറിഞ്ഞാൽ … നന്ദു മോൾ അറിഞ്ഞാൽ….. അച്ചനെന്ന ഇൗ മനുഷ്യൻ തങ്ങളുടെ സ്വപ്നങ്ങളിൽ നിന്ന് പോലും അന്യമായിരുന്നു..
പക്ഷേ….ഇപ്പൊൾ….ഇൗ അവസ്ഥയിൽ…. അവൻ ഒന്നും പറയാതെ….നിറഞ്ഞ കണ്ണുകൾ അവർ കാണാതെ അവിടെ നിന്നും ഇറങ്ങി തന്റെ ജീപ്പിൽ കയറി. * * * * * * * * * * * അന്ന് നന്ദന കോളജ് വിട്ടു നേരത്തെ വീട്ടിലെത്തി. “സീതമ്മാ….വിശക്കുന്നു കഴിക്കാൻ….” “എന്ത് പറ്റി…?ഇന്ന് കോളേജ് ക്യാന്റീൻ തുറന്നില്ലേ…?ഏട്ടന്റെ കയ്യീന്ന് പൈസ അടിച്ചു മാറ്റി പോയതല്ലേ…?” “അതൊക്കെ കയ്യിലുണ്ട് അമ്മേ…വല്ലതും തായൊ.ക്ഷീണം…” “അതിനിവിടെ രാവിലത്തെ പുളിച്ച ദോശ ഉണ്ട്.വേറൊന്നും ഇല്ല.അത് നിനക്ക് വേണ്ടല്ലോ..” “ദോശയെങ്കിൽ ദോശ….” അവള് ചിരിച്ചു. “പോയി മേല് കഴുകി വാ പെണ്ണേ … കിന്നരിക്കാൻ നിക്കാണ്ട്…” അവള് മുറിയിലേക്ക് പോയി.സീത കിച്ചനിലേക്കും .. “അമ്മേ…….” നന്ദനയുടെ ആ വിളി കേട്ട് കൊണ്ട് സീത നന്ദനയുടെ അടുത്തേക്ക് ഓടി. (തുടരും)

by