25/05/2026

ഓർമ്മകളിലൂടെ : ഭാഗം 24

രചന – മിയ അവ

“ഡീ.. നീ അധികം കിടന്നു കളിക്കല്ലേ.. പറയെടി.. ആരോട് ചോദിച്ചിട്ടാ നീ ഈ വീട്ടിലേക്ക് വന്നത്.. എന്ത് ധൈര്യത്തിലാ നീ എന്റെ ബെഡിൽ കേറി കിടന്നത്…”

“നിങ്ങൾ കെട്ടി തന്ന ഈ താലിയുടെ ധൈര്യത്തിൽ…”

കഴുത്തിലെ താലി പൊക്കി പിടിച്ച് തീ പാറുന്ന മിഴികളോടെ അവൾ എന്നെ നോക്കി.

“ഓഹോ.. അപ്പോ മോള് ഈ താലി നിനക്ക് തോന്നിയത് ചെയ്യാനുള്ള ലൈസൻസ് ആയി കണ്ടിരിക്കുവാണോ…”

“അല്ലാതെ സർ എന്തുവാ കരുതിയത്… ഈ താലി കെട്ടിയതിന്റെ പേരിൽ ഇയാൾക്ക് എന്നെ നിങ്ങടെ കാൽ ചുവട്ടിലിട്ട് ചവിട്ടിയരയ്ക്കാമെന്നോ…”

“ആ അതെ.. ഈ താലി നിന്റെ കഴുത്തിൽ കെട്ടിയിട്ടുണ്ടെൽ നിന്നെ എങ്ങനെ ഇട്ടു നരകിപ്പിക്കണമെന്നും ഈ മനുവിനറിയാം.. കേട്ടോടി…”

“ഓഹോ.. എന്നാ അതൊന്ന് കാണണല്ലോ..”

“അതിനെന്താ.. കാണിക്കാലോ.. തത്കാലം അധികം വെളച്ചിൽ എടുക്കാതെ പൊന്ന് മോള് നാളെ തന്നെ ഇവിടുന്ന് സ്ഥലം കാലിയാക്കാൻ നോക്ക്..”

“ഹാ.. അതെങ്ങനെ ശരിയാകും.. ഞാൻ പോയാൽ നിങ്ങൾക്ക് എങ്ങനെ എന്നെ ഇവിടെയിട്ട് നരകിപ്പിക്കാൻ കഴിയും…”

“വോ..നിന്നെ നരകിപ്പിക്കണമെന്നുണ്ടെങ്കിൽ എനിക്ക് നിന്നെ ഇവിടെ കിട്ടണമെന്നില്ല.. എവിടെ ആയിരുന്നാലും സമാധാനത്തോടെ ഇരിക്കാൻ സമ്മതിക്കില്ല ഞാൻ… ഓർത്തോ…”

“ഓഹോ.. അങ്ങനാണോ എന്നാ അത് ഇവിടെ വെച്ച് തന്നെ ആയിക്കോട്ടെ.. ഞാൻ ഇവിടെ തന്നെ കാണും.. നിങ്ങൾക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല…”

“നോക്കാടി… നിന്നെ ഞാൻ അധികം ഇവിടെ വാഴിക്കില്ല.. കെട്ട് കെട്ടിച്ചിരിക്കും ഉടനെ തന്നെ…”

“വോ.. കാണാം…”

“ആ കാണാം… മുന്നിന്ന് മാറി നിക്കെടി.. എനിക്കൊന്ന് ഉറങ്ങണം…”

“യ്യോ.. ഉറക്കത്തിന്റെ കാര്യം പറഞ്ഞപ്പോഴാ… എനിക്കും നല്ല ഉറക്കച്ചടവുണ്ട്.. വാ നമുക്ക് ഇപ്പോ കിടന്നുറങ്ങാം.. ബാക്കി അങ്കം നാളെയാക്കാം..”

“അയിന് നീയിതെങ്ങോട്ടാ കേറി പോവുന്നെ.. ഇതെന്റെ ബെഡാ…”

“പിന്നെ നിങ്ങടെ ബെഡിൽ അല്ലാതെ വേറെ വല്ലോരുടേം ബെഡിൽ എനിക്ക് കേറി കിടക്കാൻ പറ്റോ.. എന്നെ കെട്ടിയത് നിങ്ങളല്ലേ…”

“ദേ.. മര്യാദക്ക് ഇങ്ങോട്ട് ഇറങ്ങിക്കേ.. എന്റെ ബെഡിൽ വേറെയാരും കിടക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.. നീ വേണേൽ താഴെ പാ വിരിച്ചു കിടക്ക്…”

“അയ്യടാ… ഭർത്താവിനോട് വഴക്കിട്ടു താഴെ പാ വിരിച്ച് കിടക്കുന്ന ഭാര്യന്മാരൊക്കെ അങ്ങ് സീരിയലിൽ.. ഇതേ ആമിയാ.. ഞാൻ ഇവിടെ തന്നെ കിടക്കും…”

“ആഹാ.. അങ്ങനിപ്പോ നിന്റെ കൂടെ കിടക്കാൻ എനിക്ക് സൗകര്യല്ല…”

“സൗകര്യല്ലേൽ നിങ്ങൾ താഴെ ഇറങ്ങി കിടക്കണം..അല്ല പിന്നെ..”

“അതെവിടുത്തെ ന്യായം.. ഇതേ എന്റെ ബെഡാ.. ഇവിടെ ആര് കിടക്കണം കിടക്കണ്ടാന്ന് തീരുമാനിക്കുന്നത് ഞാനാ നിനക്ക് അതിൽ ഒരു അവകാശവുമില്ല…”

“ഓഹോ.. ദേ ഇത് കണ്ടോ.. ഈ കഴുത്തിൽ കെട്ടിയിരിക്കുന്നത് വെറും നൂൽ അല്ല.. താലിയാ താലി… ഇത് എന്റെ കഴുത്തിൽ ഉണ്ടേൽ നിങ്ങടെ എല്ലാം വസ്തു വകകളിലും നിങ്ങൾക്ക് ഉള്ളത് പോലെ അവകാശം ഈ ആമിയ്ക്കും ഉണ്ട്… ആഹാ..എന്നോടോ…”

“ഓഹോ അത്രയ്ക്കായോ.. എങ്കിൽ പിന്നെ ആ താലി ഞാൻ തന്നെ അങ്ങ് പൊട്ടിച്ച് എടുത്തേക്കാം…”

അത് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു ആ താലിയിൽ പിടിത്തമിട്ടപ്പോൾ ഒന്നും മിണ്ടാതെ അവൾ എന്റെ കണ്ണിലേക്ക് നോക്കി നിന്നു. അതിലേക്ക് നോക്കവേ ആ കണ്ണുകൾ നിറഞ്ഞു വരുന്നത് പോലെ എനിക്ക് തോന്നി. പതിയെ എന്റെ കൈ താലിയിൽ നിന്നും അടർന്നു. നിമി നേരത്തേക്ക് ഞങ്ങൾക്കിടയിൽ മൗനം വിരുന്നെത്തി. എന്നാൽ പെട്ടെന്ന് തന്നെ ഞാൻ പഴയ ഫോമിലായി.

“അങ്ങനിപ്പോ നീ എന്റെ കയ്യിന്ന് രക്ഷപ്പെടേണ്ട… നിന്നെ വെള്ളം കുടിപ്പിച്ചിട്ടേ ഈ താലി ഞാൻ ഊരി വെയ്പ്പിക്കൂ….”

“വോ.. എന്നാ സർ വന്ന് കിടക്ക്.. എനിക്ക് ഉറക്കം വരുന്നു…”

“നിന്റെ അടുത്ത് എന്റെ പട്ടി കിടക്കും…”

“ഹാ എന്നാ താൻ എവിടെയാന്ന് വെച്ചാൽ കിടക്ക്.. ഞാൻ ഉറങ്ങുന്നു.. ആമിയ്ക്ക് ഉറക്കം വിട്ടൊരു കളിയില്ല… വോക്കെ ബേയ് ഗുഡ് നൈറ്റ്…”

അതും പറഞ്ഞു അവൾ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി കിടന്നു. എനിക്കാണേൽ ദേഷ്യവും ഉറക്കവും തലയ്ക്കു പിടിച്ചിട്ട് വട്ട് പിടിക്കുന്നുണ്ടായിരുന്നു. ആ കലിപ്പിൽ നേരെ ചെന്നത് ഉള്ളിലെ റൂമിലേക്ക് ആണ് അവിടുത്തെ അമ്മുവിന് ഒപ്പമുള്ള ഫോട്ടോസ് കണ്ടതും പോയ പോലെ ഞാൻ തിരിച്ചു നടന്നു. അത് കറക്റ്റ് ആയി ആ പിശാച് പുതപ്പ് മാറ്റി കാണുകയും ചെയ്തു. അവളുടെ മുന്നിൽ അങ്ങനെ വിട്ട് കൊടുക്കാൻ മനസ്സ് ഇല്ലാത്തത് കൊണ്ട് ഗ്ലാസ്‌ ഡോർ തുറന്നു ബാൽക്കണിയിൽ ഇട്ടിരിക്കുന്ന സോഫ വലിച്ചു നീക്കി കൊണ്ട് വന്നു ബെഡിന്റെ കാൽക്കലിട്ടു. അപ്പോ ദേ ആ കുരുട്ടിന്റെ അടുത്ത ഡയലോഗ്.

“ഹാ അപ്പോ ഇനി മുതൽ നിങ്ങൾ ഉറങ്ങുന്നതും ഉണരുന്നതും ആമിയുടെ കാൽ ചുവട്ടിൽ നിന്നാണ്…ഭേഷ്..”

പിന്നെ ഒരു നിമിഷം ഞാൻ അത് അവിടെ ഇട്ടില്ല. അവിടുന്നും പിടിച്ചു വലിച്ച് വിൻഡോയുടെ ഓരത്തായി നീക്കി ഇട്ടു. പിന്നെ അവളെ കനപ്പിച്ച് ഒരു നോട്ടവും നോക്കി തല വഴി പുതപ്പ് ചുറ്റി കിടന്നുറങ്ങി.

“ഹേയ് സുരിക്ക റിക്ക… മുക്കാ മുഴം പോട്ട് മാരി കുഴന്ത്…കബത്തില് മാറ്റി പിടിച്ച.. പിസ്റ്റ സുമ കിര സോമാരി ജമാ കിരായ.. പിസ്റ്റ സുമ കിര സോമാരി ജമാ കിരായ….”

പിറ്റേന്ന് ഹൈ വോളിയത്തിൽ ഡപ്പാൻ കൂത്ത് പാട്ടും കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി പിടഞ്ഞ ഞാൻ ദേ സോഫയിൽ നിന്ന് താഴെ വീണു കിടക്കുന്നു. നടുവും തിരുമ്മി പയ്യെ എഴുന്നേറ്റു നിവർന്നു നിന്ന് നോക്കിയ ഞാൻ അന്തം വിട്ട് പണ്ടാരമടങ്ങി പോയി. ഞാൻ അലക്കി തേച്ച് വെച്ച എന്റെ പുതിയ ഷർട്ടും മുട്ടിറങ്ങി നിൽക്കുന്ന ഒരു സ്‌കിന്നി പാന്റും ഇട്ടു ദേ അവൾ അവിടെ പാട്ടിനൊപ്പം കിടന്നു തുള്ളുന്നു. ഇരുന്നിടത്ത് നിന്ന് തന്നെ ഞാൻ ഫോണെടുത്ത് സമയം നോക്കി. മണി 5 കഴിഞ്ഞു 10 സെക്കന്റ്‌…ഈശ്വരാ ഈ പുലർച്ചെയ്ക്ക് എഴുന്നേറ്റു ഇമ്മാതിരി പാട്ടും വെച്ച് തുള്ളാൻ ഇവൾക്ക് എന്തോന്നിത് വട്ടോ…
അവൾ ഒരു തരത്തിലും നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ എഴുന്നേറ്റു ചെന്ന് ആ പാട്ട് ഓഫ് ചെയ്തു. അപ്പോ ദേ തുള്ളൽ നിർത്തി അവൾ എന്നെ നോക്കി.

“ഡോ.. താൻ എന്തിനാ പാട്ട് ഓഫ് ചെയ്തേ..”

“പിന്നെ വലിയ സൗണ്ടിൽ ഇമ്മാതിരി പാട്ടും വെച്ച് ഇവിടെ നിന്ന് തുള്ളിയാൽ ബാക്കി ഉള്ളവർക്ക് ഉറങ്ങുകയൊന്നും വേണ്ടേ…”

“അതിന് ഞാൻ നിങ്ങളെ വിളിച്ചോ എന്റെ കൂടെ വന്നു തുള്ളാൻ… നിങ്ങൾക്ക് പോയി കിടന്നു ഉറങ്ങി കൂടെ എനിക്ക് എന്നും കാലത്ത് വ്യായാമം ചെയ്യണം…”

“ഏഹ്.. വ്യായാമോ.. ഇതോ…”

“ആ.. ഞാൻ ഇങ്ങനെയാ എന്നും വ്യായാമം ചെയ്യാറ്…”

“നീയെന്താടി ഊളൻ പാറയിൽ ആയിരുന്നോ…”

“അയ്യാ.. നല്ല ഫ്രഷ് കോമഡി… ആ പാട്ട് ഓൺ ചെയ്യെടോ…”

“പറ്റില്ല.. എനിക്ക് ഇവിടെ ഉറങ്ങണം…”

“എന്നാ എനിക്ക് ഇവിടെ വ്യായാമം ചെയ്യണം…”

“ഹോ ഏത് നേരത്താവോ ഇതിനെ…”

“അത് ഈ താലി കെട്ടുമ്പോൾ ഓർക്കണമായിരുന്നു… ഈൗ…”

“പോടീ മരത്തവളെ….”

“നീ പോടാ മരമാക്രി….”

“ഇവളെ ഇന്ന് ഞാൻ….”

കയ്യിൽ തടഞ്ഞ ഫ്ലവർ വെയിസ് എടുത്തു അവളെ എറിയാൻ ഓങ്ങിയതും

“ദേ അതെങ്ങാൻ എന്റെ നേരെ എറിഞ്ഞാൽ ഞാനിപ്പോ ഇവിടെ കിടന്നു കാറി വിളിക്കും… താഴെ അമ്മ എഴുന്നേറ്റിട്ടുണ്ട്.. കേറി വന്നു ആകെ സീൻ ആവും..വാദപ്രതിവാദങ്ങൾ നടന്നാൽ ഞാൻ തന്നെയേ ജയിക്കുള്ളു.. ബിക്കോസ് യാം യുർ വൈഫ്‌….എനിക്ക് ഇവിടുന്ന് ഡാൻസ് കളിക്കാനുള്ള അവകാശണ്ട്….”

“ഹോ.. ഈ കുരിപ്പ്…”

എടുത്ത ഫ്ലവർ വെയിസ് അവിടെ തന്നെ വെച്ച് ഞാൻ വീണ്ടും സോഫയിൽ പോയി കിടന്നു. അവളാണേൽ മുന്നത്തെക്കാൾ സൗണ്ടിൽ പാട്ട് വെച്ച് തുള്ളാൻ തുടങ്ങി. അതും കൂടിയായപ്പോൾ ഞാൻ എഴുന്നേറ്റു എന്റെ ജോഗിംഗ് സ്യുട്ട് എടുത്തിട്ട് ബാത്‌റൂമിൽ കയറി പല്ലും തേച്ച് ജോഗിംഗിന് ഇറങ്ങി.

സ്റ്റെപ് ഇറങ്ങി താഴെ എത്തിയപ്പോൾ അടുക്കളയിലേക്ക് പാളി നോക്കി. അവിടെ വെളിച്ചമുണ്ട്.. അമ്മയാവും.. അമ്മ എന്നും കാലത്ത് 5 മണിക്ക് എഴുന്നേറ്റു അടുക്കളയിൽ യുദ്ധം തുടങ്ങുന്നതാണല്ലോ… അന്ന് അവളെ കെട്ടിയതിൽ പിന്നെ അമ്മയെ മര്യാദയ്ക്ക് ഒന്ന് ഫേസ് ചെയ്തിട്ടില്ല.. ജോഗിംഗ് കഴിഞ്ഞു വന്നിട്ടാവാമെന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങി.

പുലർച്ചെയുള്ള തണുപ്പിനെക്കാൾ എന്നെ കുഴപ്പിച്ചത് ഓടുമ്പോൾ വഴിയിൽ കണ്ട നാട്ടുകാരുടെ കുശലാന്വേഷണങ്ങളും ചീത്ത വിളിയും ഒക്കെയായിരുന്നു. അവരുടെ പ്രിയപ്പെട്ട നേതാവ് ഒരിക്കലും അങ്ങനൊരു പ്രവൃത്തി ചെയ്യുമെന്ന് അവരും പ്രതീക്ഷിച്ചു കാണില്ലല്ലോ… എല്ലാവരോടും എന്തൊക്കെയോ മറുപടി നൽകി ഞാൻ ജോഗിംഗ് നിർത്തി വീട്ടിലേക്ക് മടങ്ങി.

ഉമ്മറത്തു തന്നെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടിട്ടും ആള് ഭയങ്കര ഗൗരവത്തിലാണ്.
.,.കലിപ്പ് മാറിയിട്ടില്ല തോന്നുന്നു. എല്ലാവരും കൂടി ആ മൊതലിനെ ഇങ്ങോട്ട് പിടിച്ചു കൊണ്ട് വന്നില്ലേ.. ഇതിലും വലിയ ശിക്ഷ എനിക്ക് വേറെ തരാനില്ല..ന്നിട്ട് അതിന്റെ പുറമെ ഈ മൗനവൃതവും… ഞാനും മിണ്ടില്ല എന്നാ..
മനസ്സിൽ ഓർത്ത്‌ അച്ഛനെ മറി കടന്ന് ഉള്ളിലേക്ക് കയറാൻ ഒരുങ്ങിയതും..

“നീ തിരിച്ചു പോവുന്നില്ലേ മനു…”

“ആ.. തിരക്കിനിടയിൽ അത് പറയാൻ വിട്ടു അച്ഛാ… ഞാൻ കല്യാണത്തിന് മുന്നെ ഇവിടെ ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ കൊടുത്തിരുന്നല്ലോ.. അത് സാങ്ക്ഷനായിന്നു പറഞ്ഞു മെയിൽ വന്നായിരുന്നു വിത്ത്‌ പ്രൊമോഷൻ എം ഡി ആയിട്ട്…ഇനി ഇവിടുത്തെ കമ്പനിയിൽ പോയി ജോയിൻ ചെയ്താൽ മതി…”

“മ്മ്…”

… വോ ഇതെന്ത് എനിക്ക് പ്രൊമോഷൻ കിട്ടിയെന്ന് പറഞ്ഞിട്ടും ഒരു സന്തോഷം ഇല്ലാതെ…. ആ കലിപ്പ് മാറിയാൽ യുർ ഗ്രേറ്റ്‌ മനുക്കുട്ടാന്ന് പറയുമായിരിക്കും…

ചിന്തിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി. മുകളിലേക്ക് കയറാൻ ഒരുങ്ങിയതും അടുക്കളയിൽ നിന്ന് പതിവില്ലാതെ ഭയങ്കര സംസാരം… അമ്മ ഇത് ആരോടാവും ഇങ്ങനെ സംസാരിക്കുന്നെ… മായ മോള് എഴുന്നേറ്റു കാണില്ലല്ലോ മണി 6 ആയതല്ലേ ഉള്ളു.. വലിയമ്മയാണെൽ അധികം സംസാര പ്രിയയും അല്ല… പിന്നെ ആരെന്ന് കരുതി മെല്ലെ ഹാളിൽ നിന്ന് അടുക്കളയിലേക്ക് എത്തി നോക്കിയപ്പോൾ ദേ ലവൾ സ്ലാബിന്റെ മുകളിൽ ചമ്രം പതിഞ്ഞു ഇരുന്നു ലോക കത്തിയടി… അത് കേട്ട് ചിരിച്ചു കൊണ്ട് അമ്മയും വലിയമ്മയും… സ്വല്പം ഒന്ന് തല ചരിച്ചപ്പോൾ ദേ ഒരു വലിയ ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ചു കൊണ്ട് മഹിയും അവളുടെ കൂടെ സ്ലാബിൽ കയറി ഇരുന്നു രണ്ടും കൂടി ബിസ്ക്കറ്റ് തീറ്റയും കഥ പറച്ചിലും… ഇവൾ ഫസ്റ്റ് ഡേ തന്നെ എല്ലാവരെയും കയ്യിലെടുത്തോ.. ഈശ്വരാ എന്റെ അച്ഛനെയും വലിയച്ഛനെയും മായ മോളെയെങ്കിലും ഇവളുടെ സോപ്പിങ്ങിൽ നിന്ന് ഒഴിവാക്കി തരണേ… പൊന്ന് മോനേ മഹി.. നീ സ്വന്തം സഹോദരനെ മറന്നു അവൾക്കൊപ്പം ചേർന്നല്ലേ.. വെച്ചിട്ടുണ്ട്.. ഇതിനൊക്കെ ഞാൻ വെച്ചിട്ടുണ്ട്.. അവന്റെ ഒരു ബിസ്ക്കറ്റ് പൊട്ടിച്ചു കൊടുക്കൽ…
അവനെ മനസ്സിൽ നന്നായി പ്രാകുമ്പോഴാണ് അമ്മയുടെ ഡയലോഗ്..

“ഇനി മോള് ചെല്ല്.. റൂമിൽ പോയി കുളിച്ചിട്ട് വാ.. അപ്പോഴേക്കും അമ്മ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വെയ്ക്കാം….”

… ഇത് തന്നെ പറ്റിയ അവസരം.. അവൾ കയറുന്നതിന് മുന്നെ ബാത്‌റൂമിൽ കയറി ഡോർ അടയ്ക്കണം.. ഇന്ന് അവൾ കുളിക്കുന്നത് ഒന്ന് എനിക്ക് കാണണം…ഹ ഹ ഹ…

ഞാൻ വേഗം തന്നെ കിട്ടിയ ഒരു ടീ ഷർട്ടും എടുത്തു ബാത്‌റൂമിൽ കയറി ഡോർ അടച്ചു.
കുറച്ചു കഴിഞ്ഞു അവൾ വന്നു ഡോർ തുറക്കാൻ നോക്കുന്നുണ്ട്.

“ഹേ.. മനുഷ്യാ.. നിങ്ങള് ഇതിനുള്ളിൽ ഉണ്ടോ.. പെട്ടെന്ന് ഇറങ്ങിക്കേ.. എനിക്ക് കുളിക്കണം…”

“ഓഹോ.. നിനക്ക് കുളിക്കണമെങ്കിൽ നീ നിന്റെ വീട്ടിൽ പോയി കുളിക്കെടി.. ഇതെന്റെ റൂം എന്റെ ബാത്രൂം.. ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളപ്പോൾ ഇവിടുന്ന് ഇറങ്ങുള്ളു….”

“ദേ.. എനിക്ക് തമാശ കളിക്കാൻ നേരം ഇല്ല.. നിങ്ങൾ ഇറങ്ങിക്കേ..”

“അയിന് നിന്റെ അടുത്ത് ആര് തമാശ കളിക്കാൻ വരുന്നു… യേ.. ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ എനിക്ക് ഇവിടുന്ന് ഇറങ്ങാൻ മനസ്സില്ല…”

“എന്റെ സ്വഭാവം നിങ്ങൾ ചീത്തയാക്കല്ലേ വെറുതെ… എടോ എനിക്ക് ഇന്നൊരു ഇന്റർവ്യൂ ഉള്ളതാടോ… മര്യാദയ്ക്ക് ഇങ്ങോട്ട് ഇറങ്ങിക്കേ…”

“ഓഹോ.. എന്നാ പൊന്ന് മോള് ഇന്ന് ഇന്റർവ്യൂന് പോയത് തന്നെ…”

“ആഹാ.. താൻ അത്രയ്ക്കായോ.. എന്നാ ഒന്ന് കാണണല്ലോ..”

“ആ ആയി… നീ എന്താന്ന് വെച്ചാൽ ചെയ്യ്…”

“വോ.. ഈ മംഗലത്ത് വീട്ടിൽ കുളിക്കാൻ തന്റെ ഈ ഒണക്ക ബാത്രൂം മാത്രമല്ലല്ലോ ഉള്ളേ.. ഞാൻ മായ മോളുടെ റൂമിൽ പോയി കുളിച്ചോളാം. താൻ ഇതിനുള്ളിൽ അങ്ങ് തപസ്സു ഇരുന്നോ ഹും…”

പിന്നെ അനക്കമൊന്നും ഇല്ലാഞ്ഞത് കണ്ടപ്പോൾ ഞാൻ മെല്ലെ പുറത്ത് ഇറങ്ങി വന്നു. അവൾ അപ്പുറത്തെ റൂമിൽ പോയെന്ന് തോന്നുന്നു. ആരാണാവോ ഈ വീട്ടിൽ ഇത്രേം ബാത്രൂം ഉണ്ടാക്കി വെച്ചത്… നാശം…
പിന്നെ അവിടെ കിടന്ന ഒരു ഡ്രസ്സ്‌ എടുത്തു ഞാൻ കുളിക്കാൻ പോയി. കുളി കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ഫോൺ റിങ് ചെയ്തത്. എടുത്തു ചെവിയിൽ വെച്ചു.

“ഹലോ സർ… ഞാൻ ആലപ്പുഴ വി. കെ ഗ്രൂപ്പിൽ നിന്നുമാണ് വിളിക്കുന്നത്…”

“ഓക്കേ.. പറയൂ…”

“സർ ഇന്നിവിടെ ജോയിൻ ചെയ്യുന്നുണ്ടോ അറിയാനായിരുന്നു… നമ്മളിവിടെ പുതിയ സ്റ്റാഫിനെ സെലക്ട്‌ ചെയ്യാനുള്ള ഇന്റർവ്യൂ ഇന്നാണ് വെച്ചിരിക്കുന്നത്.. അപ്പോ സർ ഇന്ന് ജോയിൻ ചെയ്യുവായിരുന്നെങ്കിൽ… ഇന്റർവ്യൂ ബോർഡിൽ സർ മാനേജ് ചെയ്യുമല്ലോ…മാനേജർ ഇന്ന് ലീവാണ്.. പെട്ടെന്ന് ഒരു എമർജൻസി…”

“ഓഹ്.. അതേയോ… അതിനെന്താ.. ഞാൻ ഇന്ന് തന്നെ ജോയിൻ ചെയ്യാം… ഐ വിൽ ബി ദേർ ഓൺ ടൈം…”

“ഓക്കേ താങ്ക് യു…സർ..”

“യുവർ വെൽക്കം…”

ഫോൺ വെച്ച് കബോർഡിൽ ഡ്രസ്സ്‌ നോക്കിയപ്പോഴാണ് ആ കുരുട്ട് ഇന്ന് രാവിലെ എഴുന്നേറ്റു ഡാൻസ് കളിച്ചത് ഞാൻ തേച്ച് വെച്ച ഷർട്ട്‌ ആയിരുന്നല്ലോ ഓർത്തത്. പിന്നെ വേറൊരെണ്ണം എടുത്തു ആയെൺ ചെയ്തു ഇട്ടു റെഡിയായി ബാഗും ട്രാൻസ്ഫർ ഫയലുകളുമെല്ലാം എടുത്തു താഴോട്ടിറങ്ങി.

(തുടരും )

വി കെ ഗ്രൂപ്പ്‌ ഓർമ്മയുണ്ടല്ലോ ല്ലേ 😁അപ്പോ വായിച്ചു അഭിപ്രായം പറയണം… കൂടെയുണ്ടെന്ന വിശ്വാസത്തിൽ തന്നെ തുടരുന്നു… സ്നേഹത്തോടെ…

✍️ മിയ