രചന – മിയ അവ
ആവേശത്തോടെ ഇലക്ഷൻ ദിവസത്തിനു വേണ്ടി കാത്തിരുന്നു. എന്നാൽ അന്ന് സംഭവിച്ചത്…..
ഗേറ്റ് കടന്ന് അമ്മുവും ആമിയും കടന്നു വരുന്നത് കണ്ടാണ് ഞാൻ അവരുടെ അടുത്തേക്ക് നടന്നത്. നോക്കിയപ്പോൾ എന്റെ പെണ്ണ് എന്തോ ചിന്തയിലാണ്. എന്താണാവോ ഇതിന് മാത്രം ഇവൾക്ക് ചിന്തിക്കാൻ എന്നോർത്ത് അവളെ തന്നെ നോക്കി വരുമ്പോഴാണ് അമ്മു അവൾക്ക് എന്നെ ചൂണ്ടി കാണിച്ചു കൊടുത്തത്. ഏതോ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന പോലെ അവൾ ചുറ്റും കണ്ണോടിച്ചു ഒടുക്കം അത് എന്നിൽ വന്നു നിന്നു. വിടർന്ന കണ്ണുകളോടെ എന്റെ അടുത്തേക്ക് ഓടിയടുത്ത അവളുടെ കാലുകൾ പെട്ടെന്നാണ് നിശ്ചലമായത്. അപ്പോൾ തന്നെ തിരിഞ്ഞു നടക്കുന്ന അവളെ സംശയത്തോടെ ഞാൻ നോക്കി. പോവാൻ നേരം പിടിച്ചു നിർത്തിയ അമ്മുവിനോട് എന്തോ പറഞ്ഞു അവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു. അപ്പോഴേക്കും അമ്മു എന്റെ അടുത്തേക്ക് നടന്നെത്തിയിരുന്നു.
“ഗുഡ് മോർണിംഗ് മനുവേട്ടാ…”
“ഗുഡ് മോർണിംഗ്… എന്താടി അവൾ തിരിച്ചു പോയത്…”
“ഓഹ്.. അതോ.. വേറെന്ത് അസൂയ തന്നെ..”
“അസൂയയോ.. ആരോട്.. എന്തിന്…”
“മനുവേട്ടനോട് തന്നെ…അവളുടെ പാർട്ടി ഇനി എങ്ങനെ കിണഞ്ഞു പരിശ്രമിച്ചാലും മനുവേട്ടനെയോ ഏട്ടന്റെ പാർട്ടിയെയോ തോൽപ്പിക്കാൻ ആവില്ലെന്ന് അവൾക്ക് മനസ്സിലായി… അതിന്റെ അസൂയയും കുശുമ്പുമാ അവൾക്ക്.. അതാ ഏട്ടനെ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു തിരിച്ചു പോയത്…”
“ഓഹോ.. അവൾ അങ്ങനെ പറഞ്ഞോ..”
“ഏഹ്.. ആ.. ഉവ്വെന്നേ.. പറഞ്ഞു…”
“അല്ലാതെ എന്നെ ഫേസ് ചെയ്യാൻ വേറെ കാരണം ഒന്നും ഉള്ളതായി പറഞ്ഞില്ലേ…”
“വേറെ കാരണമോ.. വേറെ എന്ത് കാരണം ഉണ്ടാവാനാ…”
“ഏയ്..ഒന്നുല്ല.. ഞാൻ ചുമ്മാ ചോദിച്ചതാ.. എന്നാ ശരി നീ ചെല്ല്…”
“മ്മ് ശരി ഏട്ടാ… ആ പിന്നെ ഏട്ടാ ഓൾ ദി ബെസ്റ്റ്…”
“ഓഹ്.. താങ്ക്സ് ഡി…”
തിരിച്ചു നടക്കുമ്പോൾ ഞാൻ ഓർത്തു..
“അമ്മു പറഞ്ഞത് പോലെ ഞാൻ ജയിക്കുന്നതിൽ അവൾക്ക് അസൂയ ഉണ്ടാവോ.. ഏയ് ഒരിക്കലും ഉണ്ടാവില്ല.. എന്റെ വിജയം തന്നെയാവും ഇപ്പോൾ അവളും ആഗ്രഹിക്കുന്നത്… ഇത് അമ്മുവിനെ പറ്റിക്കാൻ പെണ്ണ് ചുമ്മാ നമ്പർ ഇറക്കിയതാവും.. ഇങ്ങനെ ഒരു സാധനം… ”
വോട്ടിങ് തുടങ്ങിയതോടെ ഞാൻ കുറച്ചു ബിസി ആയിരുന്നു. വിജയം തൊണ്ണൂറ്റി ഒൻപതു ശതമാനവും ഉറപ്പുണ്ടെങ്കിലും ഉള്ളിലൊരു ടെൻഷൻ പോലെ തോന്നി. കാത്തു കാത്ത് നിന്ന് അങ്ങനെ ആ ഫലം പ്രഖ്യാപിച്ചു. ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ ഞാൻ വിജയിച്ചു. സുഹൃത്തുക്കളുടെയും ബാക്കി വിദ്യാർത്ഥികളുടെയും ആരവങ്ങളുടെയും ആഘോഷങ്ങൾക്കുമിടയിലും എന്റെ കണ്ണുകൾ തേടിയത് അവളെയാണ്. സ്റ്റാഫ് റൂമിന്റെ അടുത്തായി കുറച്ചു ടീച്ചേഴ്സിന്റെ ഇടയിൽ നിൽക്കുന്ന അവളെ ഞാൻ തല ചരിച്ചൊന്നു നോക്കി. ആ കണ്ണുകളും അപ്പോൾ എന്നിൽ തന്നെയായിരുന്നു. എന്റെ വിജയത്തിലുള്ള സന്തോഷം ആ കണ്ണുകളിൽ പോലും അലയടിക്കുന്നുണ്ടായിരുന്നു. എന്റെ ചിരിയ്ക്ക് മനോഹരമായ മറു ചിരി പകരം തന്ന് അവൾ ഉൾവലിയുന്നത് ഞാൻ കണ്ടു. ഓടി ചെന്നടുക്കാനും വാരി പുണർന്നു കണ്മഷിയിട്ട് കറുപ്പിച്ച ആ ഉണ്ട കണ്ണിൽ നോക്കി എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണെന്നു പറയാനും മനസ്സ് കൊതിച്ചു. എന്നാൽ ഇവന്മാരൊന്ന് താഴെ ഇറക്കിയിട്ട് വേണ്ടേ…
ആട്ടവും പാട്ടും ഒന്നൊതുങ്ങിയപ്പോഴും പിടിച്ചു വെച്ചു കഥ പറഞ്ഞു കൊണ്ടിരിക്കുന്ന കിഷോറിന്റെയും ശരത്തിന്റെയും അടുത്ത് നിന്ന് എങ്ങനെയെങ്കിലും സ്കൂട്ടായ് അവളെ കണ്ടു പിടിച്ചു ഇഷ്ട്ടം തുറന്നു പറയണം കരുതി നിക്കുമ്പോഴാണ് അമ്മു അങ്ങോട്ട് വന്നത്.
“മനുവേട്ടാ…”
“മ്മ്.. എന്ത് പറ്റി അമ്മു..”
“ഹാ ഒരു കൺഗ്രാറ്റ്സ് പറയാൻ വന്നതാ മാഷേ…”
“ഓ.. താങ്ക്സ് ഡിയർ…എവിടെ നിന്റെ ഫ്രണ്ട്…”
“ഹാ.. ഞാൻ പറഞ്ഞില്ലേ അവൾക്ക് ഏട്ടൻ ജയിച്ചത് ഇഷ്ട്ടായിട്ടില്ല.. അതോണ്ട് നല്ല കലിപ്പിലാ… ഇങ്ങോട്ട് വിളിച്ചപ്പോൾ എന്നെ കടിച്ചു കീറാൻ വന്നു… വല്ലാത്ത അസൂയ തന്നെ…”
“ഓഹോ.. മാഡം അത്രയ്ക്ക് കലിപ്പിലാണോ…എന്നാ നമുക്ക് ആ കലിപ്പ് ഒന്നൂടെ കൂട്ടി കൊടുത്താലോ അമ്മുവേ..”
“ഏഹ്.. എങ്ങനെ…”
“അതൊക്കെ ഉണ്ട്.. ഞാനൊന്ന് അവളെ പോയി കാണട്ടെ.. നീ ഇവിടെ നില്ല്…”
അവളെ അവന്മാരുടെ കൂടെ നിർത്തി ഞാൻ ആമിയെ തപ്പിയിറങ്ങി. നോക്കി നോക്കി എത്തിയപ്പോൾ ദേ കക്ഷി നമ്മുടെ വാകമരത്തിന്റെ ചുവട്ടിൽ തന്നെ ഇരിപ്പുണ്ട്. ഒരു കുസൃതി ചിരിയോടെ ഞാൻ അടുത്തേക്ക് ചെന്നു. എന്തോ കാര്യമായി ആലോചനയിലാണ്. ഇന്ന് കാലത്ത് തൊട്ടേ തുടങ്ങിയതാണല്ലോ ഈ ആലോചന.. ഇത് ഇനിയും കഴിഞ്ഞില്ലേന്നോർത്ത് ഞാൻ മെല്ലെ വിളിച്ചു.
എന്തോ അശരീരി കേട്ടപ്പോലെയാണ് അവൾ ഞെട്ടി തിരിഞ്ഞു നോക്കിയത്. ആ കണ്ണുകൾ നിറഞ്ഞ പോലെ എനിക്ക് തോന്നി. എന്തോ സങ്കടം അവളെ അലട്ടുന്നത് പോലെ… പക്ഷെ ഏത് നോവിനെയും മായ്ച്ചു കളയുന്ന മരുന്നുമായിട്ടാണല്ലോ ഞാൻ വന്നത്. എന്റെ പ്രണയം തുറന്നു പറയുന്നതിലൂടെ അവളുടെ നോവിനെ ഞാൻ ഇങ്ങ് ഏറ്റെടുക്കും… എന്നിട്ട് ആ മനസ്സിനെ ക്ലീൻ ആക്കി അവിടെ എന്നെ പ്രതിഷ്ഠിക്കും.. ഓർത്തപ്പോൾ തന്നെ ചുണ്ടിൽ ഒരു കുസൃതി ചിരി മിന്നി. അതോടെ തന്നെ അവൾക്കരികിലായി പോയിരുന്നു.
ഞാൻ സംസാരത്തിന് തുടക്കമിട്ടിട്ട് പോലും ആള് അധികം മൈൻഡ് തരാതെ മുഖം തിരിച്ചു ഇരിക്കുവാണ്. ഞാൻ കുറച്ചു നേരം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ പതിയെ ആ കൈകളിൽ എന്റെ കരം ചേർത്തു. ഒരു പിടച്ചിലോടെ അവൾ എന്നെ തിരിഞ്ഞു നോക്കി. സൗമ്യമായ പുഞ്ചിരിയോടെ തന്നെ ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കി ഞാൻ എന്റെ പ്രണയം അവൾക്ക് മുന്നിൽ തുറന്നു വെച്ചു. അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടതാണ്.. അതിനുള്ളിൽ എന്നോടുള്ള പ്രണയം തുളുമ്പുന്നത് ഞാൻ തിരിച്ചറിഞ്ഞതാണ്… പക്ഷെ… എന്നിട്ടും.. എന്നിട്ടും അവൾ….എന്റെ പ്രണയത്തെ നിഷേധിച്ചപ്പോൾ… എനിക്ക് ചുറ്റിലും എന്താ നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ പകച്ചു പോയിരുന്നു ഞാൻ… ഇതല്ലായിരുന്നു ഞാൻ അറിയുന്ന.. ഞാൻ മനസ്സിലാക്കിയ ആമി.. ഒരാളോട് ഇഷ്ട്ടം തോന്നിയാൽ അത് കണ്ണിൽ നോക്കി തന്നെ എനിക്ക് ഇഷ്ടമാണെടോന്ന് പറയാൻ ചങ്കൂറ്റമുള്ള പെണ്ണ്.. അതായിരുന്നു ഞാൻ അറിഞ്ഞ ആമി… എന്നാൽ ഇപ്പോൾ ഇവിടെ ഉള്ളിലെ പ്രണയത്തെ അവൾ വിദഗ്ദ്ധമായി മറയ്ക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ.. കാരണമറിയാതെ എന്റെ മനസ്സ് തളരുകയായിരുന്നു അവിടെ…എന്റെയാണെന്ന് തോന്നിയതോണ്ടാ ഞാൻ ആ കയ്യിൽ കയറി പിടിച്ചത്…പക്ഷെ അവൾ അവിടെ കിടന്നു അലറി വിളിച്ചപ്പോൾ ഞാൻ പോലും അറിയാതെ അവളെ പിടിച്ച കൈ ഊർന്ന് പോയി…വാക്കുകൾ കൊണ്ട് അവൾ മുറിവേൽപ്പിക്കുമ്പോഴും എന്റെ കണ്ണുകൾ അവളുടെ ഈ പെരുമാറ്റത്തിനുള്ള കാരണം തേടുകയായിരുന്നു..ഇടയ്ക്ക് കേറിയുള്ള കിഷോറിന്റെ ശബ്ദം കേട്ടാണ് ഞാൻ ചുറ്റിലും നോക്കിയത്. അത്രയും ആളുകൾ അവിടെ കൂടി നിൽക്കുന്നുണ്ടെന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്… ആകെ നാണക്കേട് പോലെ തോന്നി.. ആമിയോട് ക്ഷമ ചോദിച്ച് അവിടെ നിന്ന് പോവാമെന്ന് കരുതി തിരിയുമ്പോഴാണ് അമ്മുവിൽ എന്റെ കണ്ണെത്തി നിന്നത്. നാണമുണ്ടോടോന്ന് അവൾ ചുണ്ടനക്കി പറയുന്നത് കണ്ടപ്പോൾ എന്തോ വല്ലായ്മ തോന്നി. എന്നെ കുഞ്ഞു നാൾ മുതൽ കാണുന്നവളാണ്..നാളിതുവരെ അവളുടെ മുന്നിലോ നാട്ടിലോ പോലും ചെറുതാവേണ്ടയോ നാണം കെടേണ്ടയോ അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല… എന്നിട്ടും ഇത്രയും ആളുകളുടെ മുന്നിൽ മോശക്കാരനായി തല കുനിക്കേണ്ടി വന്നപ്പോൾ എന്നോട് തന്നെ അരിശം തോന്നി…ആ ദേഷ്യത്തിന്റെ പുറത്താണ് അവളെക്കാൾ നല്ല കുട്ടിയെ കൂട്ടുക്കാരന് കണ്ടെത്തി കൊടുക്കെന്ന് പുച്ഛത്തോടെ കിഷോറിനോട് പറഞ്ഞ ആമിയെ നോക്കി ഞാൻ വെല്ലുവിളിച്ചത്… അവിടുന്ന് തിരിഞ്ഞു നടക്കുമ്പോഴും എനിക്കറിയാമായിരുന്നു അവളെക്കാൾ മികച്ചത് എനിക്കെവിടെയും കണ്ടെത്താൻ കഴിയില്ലെന്ന്… എന്റെ മനസ്സിൽ നിന്ന് അവളെ പറിച്ചു മാറ്റാനും കഴിയില്ലെന്ന്…
എന്നെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞതിന് എന്തോ കാരണം ഉണ്ടെന്ന് തന്നെ ഞാൻ അപ്പോഴും വിശ്വസിച്ചു… ഇന്നല്ലെങ്കിൽ നാളെ അത് കണ്ടെത്തണമെന്നും…
അങ്ങനെ ഓരോന്നും ഓർത്തിരിക്കുമ്പോഴാണ് അന്ന് രാത്രി അമ്മുവിന്റെ കോൾ വരുന്നത്… ആദ്യം എടുക്കാൻ തോന്നിയില്ല… വീണ്ടും വീണ്ടും വിളിക്കുന്നത് കണ്ടപ്പോൾ ഫോണെടുത്ത് ചെവിയിൽ വെച്ചു.
“എന്ത് പറ്റി ഫോൺ എടുക്കാൻ ഇത്രയും താമസം.. കാലത്ത് പ്രണയാഭ്യർത്ഥന നടത്തിയതിന്റെ ക്ഷീണത്തിലാണോ…”
“ആണെങ്കിൽ… നീ വന്നത് മാറ്റി തരോ..”
“ഓഹ്.. നമ്മൾ പാവം.. നമ്മളെയൊന്നും ആർക്കും കണ്ണിൽ പിടിക്കില്ലല്ലോ…”
“ആ.. ഇല്ല.. നീ വെച്ചേ അമ്മു.. വെറുതെ ഭ്രാന്ത് പിടിപ്പിക്കാതെ…”
“ഓഹ്.. അല്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങൾക്ക് ശല്യം ആണല്ലോ… കുഞ്ഞു നാൾ മുതൽ നിങ്ങടെ പുറകെ നടക്കുന്ന എന്നെ വേണം പറയാൻ…”
“നിന്നോട് ഞാൻ പറഞ്ഞോ എന്റെ പുറകെ നടക്കാൻ… നിനക്ക് വേറെ പണിയില്ലേ അമ്മു…”
“നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടാ മനുഷ്യാ ഞാൻ പുറകെ നടക്കുന്നത്…എന്നിട്ട് എന്നെ ഇഷ്ടപ്പെടാതെ നിങ്ങളെ വെറുക്കുന്നവളെ പോയി പ്രൊപ്പോസ് ചെയ്തേക്കുന്നു.. നാണം ഉണ്ടോ നിങ്ങൾക്ക്…”
“അവൾക്ക് എന്നോട് വെറുപ്പാണെന്ന് അവൾ നിന്നോട് പറഞ്ഞോ അമ്മു..”
“അത് പറയാൻ എന്തിരിക്കുന്നു.. നിങ്ങളെ പാർട്ടിയെ അവൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.. അതുപോലെ നിങ്ങളെയും…”
“ഹും അങ്ങനെ പാർട്ടി നോക്കി പ്രണയിക്കാൻ അവൾ അത്രയ്ക്കു ചീപ്പ് അല്ല.. അത് ആമിയാ…ഇന്നല്ലെങ്കിൽ നാളെ അവൾ എന്നോട് ഇഷ്ടം പറയും..”
“ഓഹ്..അത്രയ്ക്ക് ഉറപ്പുണ്ടോ നിങ്ങൾക്ക്..”
“ഉറപ്പുണ്ട്…”
“മ്മ് എന്നാ കാണാം.. അവൾ തിരിച്ചു സ്നേഹിക്കുന്നതും സ്വപ്നം കണ്ട് ഇരിക്ക് അവിടെ…”
“വോ.. ഇരുന്നോളാം…”
കുശുമ്പ് മൂത്ത് അമ്മു ഫോൺ കട്ട് ചെയ്തപ്പോൾ ഞാനും മെല്ലെ ഉറക്കത്തിലേക്ക് പോയി.
പിറ്റേന്ന് ശനിയാഴ്ച ആയത് കൊണ്ട് ഹോസ്റ്റലിൽ ചെന്നു ആമിയെ കണ്ടു സംസാരിക്കണമെന്ന് കരുതിയിരുന്നു..അവൾ നോ പറഞ്ഞതിന്റെ കാരണം അറിയണമെന്നും അപ്പോഴത്തെ ദേഷ്യത്തിനാണ് അങ്ങനെ ഒരു വെല്ലുവിളി നടത്തിയതെന്ന് പറയണമെന്നും ഒക്കെ വിചാരിച്ചതാണ്..പിന്നെയാണ് അമ്മു ഇന്നലെ വിളിച്ചത് ഓർത്തത്..അവൾ ഫോണിലൂടെ അങ്ങനെ ഒക്കെ വിളിച്ചു കൂവണമെങ്കിൽ ആമി അടുത്ത് കാണില്ലെന്നുള്ളത് ഉറപ്പാണ്.. ചിലപ്പോൾ വീട്ടിൽ പോയി കാണും. വന്നിട്ട് കണ്ടു സംസാരിക്കാമെന്ന് കരുതി ഞാൻ ആശ്വസിച്ചു…അന്നത്തെ പകൽ എങ്ങനൊക്കെയോ കടന്നു പോയി.
രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാനുള്ള പരിപാടി നോക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ അമ്മുവാണ്. പാവം ഇന്നലെ വല്ലാത്തൊരു അവസ്ഥയിൽ ആയത് കൊണ്ട് അവളോട് കടുപ്പിച്ച് എന്തൊക്കെയോ പറഞ്ഞു പോയി. എനിക്കറിയാം അവൾക്ക് എന്നെ ഒത്തിരി ഇഷ്ടമാണെന്നു എന്നാലും എന്റെ മായ മോളെ പോലെ ഒരു പെങ്ങളായെ ഞാൻ അവളെ കുഞ്ഞു നാൾ മുതൽ കണ്ടിട്ടുള്ളു… അതു കൊണ്ട ആ ഇഷ്ട്ടത്തെ ഞാൻ കണ്ടില്ലെന്ന് നടിക്കുന്നത്. ഈ കുശുമ്പ് ഒക്കെ ഉള്ളു.. ആള് ശുദ്ധ പാവമാണ്… ഇന്നലെ ഞാൻ ഒത്തിരി വേദനിപ്പിച്ചു കാണും അവളെ.. എന്നിട്ടും അവൾ എന്നെ വീണ്ടും വിളിക്കുന്നുണ്ടെങ്കിൽ ഒത്തിരി സ്നേഹിക്കുന്നുണ്ടാവും അവൾ എന്നെ.. പക്ഷെ ഞാൻ എങ്ങനെയാ അവളെ.. എന്റെ പെങ്ങളല്ലേ… മാത്രവുമല്ല ഇനി ആമിയെ മറന്നൊരു ജീവിതം എനിക്കില്ല.. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു പോയി എന്റെ ആമി…അമ്മുവിനെ എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിപ്പിക്കണം… അവൾക്ക് നല്ലൊരു ഭാവിയുണ്ട്.. അത്രക്കും സ്നേഹിക്കാൻ കഴിയുന്ന അവൾക്ക് എന്നേക്കാൾ നല്ലൊരു പയ്യനെ തന്നെ കിട്ടണം…അവളെ ഒത്തിരി സ്നേഹിക്കുന്ന ഒരാളെ കെട്ടി ഹാപ്പി ആയിട്ടിരിക്കണം അവൾ എന്നും… ”
അങ്ങനെ കരുതിയാണ് ആ ഫോണെടുത്തത്.
“പറയെടാ അമ്മൂസേ…”
“ഹോ ആ വിളിയൊക്കെ ഓർമ്മയുണ്ടോ..”
“ഹ ഹ ഹ.. എന്റെ ഇഷ്ട്ടത്തെ വേറൊരു രീതിയിൽ കണ്ടു നീ തന്നെ അല്ലേ ആ വിളി ഇല്ലാതാക്കിയത്…”
“അപ്പോ നിങ്ങൾക്ക് ഒരിക്കലും എന്നെ പ്രണയിക്കാൻ പറ്റില്ലേ മനുവേട്ടാ…”
“അതെങ്ങന അമ്മു നീ എനിക്ക് എന്റെ മായ മോളെ പോലെയല്ലേ…”
“എനിക്ക് ആ സ്ഥാനം വേണ്ടെങ്കിലോ…”
“വേണ്ടെങ്കിൽ നീ എന്റെ ജസ്റ്റ് ഒരു പരിചയക്കാരി മാത്രം…”
“ഓഹോ..എനിക്കറിയാം നിങ്ങടെ മനസ്സിൽ ഇപ്പോഴും ആമി തന്നെ ആവും അല്ലേ…”
“പിന്നല്ലാതെ. ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോഴേക്കും ആ ഇഷ്ടം പോവോ..”
“ഹോ.. എന്നാ കേട്ടോ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്…”
“എന്ത്…”
“ആമി… അവൾ മിക്കവാറും നിങ്ങളോട് ഓക്കേ പറയും.. ഇനി നിങ്ങൾ ആവില്ല.. അവൾ ആവും നിങ്ങടെ പുറകെ നടക്കുന്നത്…”
“അതെന്താ..നിന്നോട് അവൾ അങ്ങനെ വല്ലതും പറഞ്ഞോ…”
“പറഞ്ഞില്ല.. പക്ഷെ ചോദിച്ചു…നിങ്ങളെ കുറിച്ചുള്ള കുറേ കാര്യങ്ങൾ… അതിൽ മിക്കതും നിങ്ങടെ വീട്ടിലെ സ്വത്തു വകകളുടെ കണക്കെടുപ്പ് ആയിരുന്നു.. എല്ലാം കേട്ട് കഴിഞ്ഞു അപ്പോ നൈസ് ആയിട്ടൊരു ഓക്കേ പറഞ്ഞാൽ കുറച്ചു കാലം അയാളുടെ കാമുകിയായി നടന്ന് ആ സ്വത്ത് കുറച്ചു കൈക്കലാക്കി പിന്നെ മടുത്തെന്ന് പറഞ്ഞു അങ്ങേരെയും തേച്ച് എനിക്കിഷ്ടമുള്ള ആളുടെ കൂടെ സുഖമായി ജീവിക്കാം അല്ലേ അമ്മൂസേന്ന് പറഞ്ഞു തുള്ളി ചാടിയ ഇവിടുന്ന് കുറച്ചു മുന്നെ പോയത് അവൾ…ഞാൻ അതിനെ എതിർത്തപ്പോൾ അവളുടെ ലക്ഷ്യത്തിന് തടസ്സം നിൽക്കാൻ വന്നാൽ എന്നെ നിങ്ങടെ ശത്രുവാക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. നോക്കിക്കോ വൈകാതെ തന്നെ വരും അവൾ..നമ്മളെ തമ്മിൽ തെറ്റിക്കാനും .. നിങ്ങടെ സ്വത്ത് തട്ടിയെടുക്കാനും പുതിയ എന്തെങ്കിലും നാടകവുമായി…സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം…”
അത്രയും പറഞ്ഞു അമ്മു ഫോൺ വെച്ചപ്പോൾ മനസ്സ് ആകെ കലങ്ങി മറിയുകയായിരുന്നു. സത്യമാവോ അമ്മു പറഞ്ഞത്..? ആമി അങ്ങനെ ഒക്കെ പറയുവോ…ഏയ് ഒരിക്കലും ഇല്ല… പക്ഷെ അമ്മു വെറുതെ കള്ളം പറയുമോ.. ഇത്തിരി കുശുമ്പ് ഉണ്ടെങ്കിലും ആരെയും വേദനിപ്പിക്കാൻ ശ്രമിക്കുകയോ മനഃപൂർവം ഒരാളെ മോശമാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ആളല്ല അമ്മു.. ഞാൻ ചെറുപ്പം മുതലേ കാണുന്നതല്ലേ അവളെ..ഇനി ചിലപ്പോൾ കുശുമ്പ് കൊണ്ട് പറഞ്ഞതാവും.. നാളെ ഞാൻ ചുമ്മാ പറഞ്ഞതാ മനുവേട്ടാന്ന് പറഞ്ഞു കണ്ണ് നനച്ചു കൊണ്ട് വരും അവൾ ഒരു നൂറു സോറി പറയാൻ…
മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ ടേബിളിൽ വെയ്ക്കാൻ പോവുന്നതിനു മുന്നെ ചുമ്മാ ഒന്ന് വാട്സാപ്പ് ഓൺ ആക്കി. ആമി എന്റെ നമ്പർ അന്വേഷിച്ചിരുന്നു പറഞ്ഞു കുറെ പേരുടെ മെസ്സേജസ്…ആമി എന്തിന് ഇപ്പോൾ എന്റെ നമ്പർ അന്വേഷിക്കണം..ഇനി സോറി പറയാനാവോ..പെട്ടെന്നാണ് അമ്മു പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് വന്നത്… അതും കൂട്ടി വായിച്ചപ്പോൾ മനസ്സിൽ പല ചിന്തകൾ വന്നു മൂടി.
…അമ്മു എന്റെ സ്വത്തിന്റെ കാര്യങ്ങൾ പറഞ്ഞത് കേട്ടാവോ ആമി എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നത്…പക്ഷെ എന്റെ നമ്പർ അവളുടെ കയ്യിൽ ഉണ്ടായിരുന്നല്ലോ.. എന്നെ വിളിച്ചതല്ലേ അന്ന്.. ഇനി ഞാൻ കരുതിയ പോലെ ഞാൻ ആണെന്ന് അറിഞ്ഞല്ലേ അവൾ എന്നെ വിളിച്ചത്.. എന്റെ ശബ്ദം കേൾക്കാൻ വേണ്ടിയല്ലേ അവൾ വിളിച്ചത്… അങ്ങനെയെങ്കിൽ എന്നോട് അവൾക്ക് പ്രണയം ആണെന്നത് എന്റെ വെറും തെറ്റിദ്ധാരണ മാത്രമാവോ… അപ്പോൾ ഞാൻ ആ കണ്ണിൽ കണ്ട പ്രണയം.. അത് എന്റെ തോന്നലായിരുന്നോ…എന്റെ വിശ്വാസങ്ങളെല്ലാം തെറ്റുകയാണോ… അമ്മു അങ്ങനൊക്കെ പറഞ്ഞ അന്ന് തന്നെ ആമി എന്നെ അന്വേഷിച്ചെങ്കിൽ.. ഇനി അമ്മു പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടാവോ… ഏയ്.. ആമി… അവൾ ഒരിക്കലും…ഇല്ല… അങ്ങനെ ഒന്നും ആവില്ല…
അങ്ങനെയൊക്കെയുള്ള ചിന്തകളായിരുന്നു മനസ്സിനെ അപ്പോൾ പിടി കൂടിയത്…ഒരു പക്ഷെ അമ്മു അപ്പോൾ വിളിച്ച് അങ്ങനെയൊക്കെ പറഞ്ഞില്ലായിരുന്നുവെങ്കിൽ അങ്ങനെയുള്ള ചിന്തകൾ ഒന്നും എന്റെ മനസ്സിലേക്ക് വരില്ലായിരുന്നു.. ആമിയെ ഒന്ന് തിരിച്ചു വിളിക്കാനെങ്കിലും ഞാൻ ശ്രമിച്ചേനെ… എല്ലാം കൂടെ കേട്ടും കൂട്ടി വായിച്ചും മനസ്സ് ആകെ കലുഷിതമായിരുന്നു.. കൃത്യമായി ഒരു ഉത്തരം കിട്ടാത്ത മനസ്സുമായാണ് ഞാൻ അന്ന്.. തിങ്കളാഴ്ച കോളേജിൽ പോയത്.
(തുടരും )

by