രചന – മിയ അവ
നോമിനേഷൻ സമർപ്പിക്കലും ക്യാമ്പയിനിങ്ങുകളും തകൃതിയായി നടന്നു. മൂന്നാല് ദിവസം കഴിഞ്ഞു ഞങ്ങൾക്ക് സ്റ്റഡി ലീവും തുടങ്ങി. അമ്മു നാട്ടിലേക്ക് പോയപ്പോൾ ഞാനും വീട്ടിലേക്ക് പോന്നു.വീട്ടിൽ പോയിട്ടും ഒരു സുഖം കിട്ടിയില്ല. പഠിക്കണമെന്നൊക്കെ ഉണ്ടായിട്ടും എന്തോ മനസ്സ് പിടി തന്നില്ല. മുൻപ് വീട്ടിലായിരുന്നപ്പോൾ ആനന്ദിപ്പിച്ച പലതിലും ഇപ്പോൾ എനിക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല. മനസ്സ് മറ്റെവിടെയോ തങ്ങി നിൽക്കുകയാണ്. അത് എന്റെ നേതാവിൽ തന്നെയാണെന്ന് ഞാൻ ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. തീർത്തും അരോചകമായി തോന്നിയ ഒരു സ്റ്റഡി ലീവ്. കുറച്ചൊക്കെ പഠിച്ചും കുറെ നേരം ഓരോന്ന് ചിന്തിച്ചു നടന്നും സമയത്തെ ഞാൻ കൊന്ന് കൊണ്ടിരുന്നു. ദിവസങ്ങൾ കടന്ന് പോകവേ എന്നിലെ മാറ്റം സരസ്വതിയമ്മയും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായത് ആ ചോദ്യം കേട്ടപ്പോഴാണ്.
“എന്താടി കോളേജിൽ വല്ലതും ഒപ്പിച്ചു വെച്ചിട്ടാണോ ഇങ്ങോട്ട് പോന്നത്..”
“ഏഹ്.. എന്ത് ഒപ്പിക്കാൻ..”
“അല്ല എന്റെ മോളായോണ്ട് എന്തു വേണമെങ്കിലും ഒപ്പിക്കാലോ.. അങ്ങനെ ഇന്നത് എന്നൊന്ന് ഉണ്ടാവില്ലല്ലോ കയ്യിലിരിപ്പ് അതല്ലേ…”
“ഓഹോഹോ.. മോളെ കുറിച്ച് നല്ല മതിപ്പ് ആണല്ലോ..”
“അത് പിന്നെ നിന്നെ പ്രസവിച്ചത് ഞാൻ ആണല്ലോ…”
“വോ വോ വോ… അല്ല ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ കാര്യം…”
“ഒന്നുല്ല വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു.. എന്തൊക്കെയോ ഒരു മാറ്റം.. പലപ്പോഴും നീ ഇവിടെയൊന്നും അല്ല…”
ഒരു അർത്ഥം വെച്ചു സരസ്വതിയമ്മ പറഞ്ഞത് കേട്ട് ഞാൻ ഉറക്കെ ചിരിച്ചു.
“എന്ത് ഇത്ര ചിരിക്കാൻ..”
സരസ്വതിയമ്മ മുഖം വീർപ്പിച്ചത് കണ്ടതും അടുത്ത് ചെന്നു ആ മുഖം രണ്ടു സൈഡിൽ നിന്നും പിടിച്ചു വലിച്ച് കൊണ്ട് പറഞ്ഞു.
“എന്റെ സരസ്വതിയമ്മേ..ഈ മുന വെച്ചുള്ള ചോദ്യം നിക്ക് മനസ്സിലാവുന്നുണ്ട് ട്ടോ… മ്മ്..ശരിയാ.. ഒരു കുഞ്ഞു ബോംബ് എന്റെ ഉള്ളിലുണ്ട്… പക്ഷെ അത് പൊട്ടിക്കണോ വേണ്ടേന്നുള്ള കൺഫ്യൂഷനിൽ നിൽക്കുവാ.. അതിലൊരു തീരുമാനം ആവട്ടെ ന്നിട്ട് ഞാൻ വിശദമായി പറയാം ട്ടോ.. അത് വരെ വെയിറ്റ് എന്റെ അമ്മക്കുട്ടി..”
മൂക്കിൻ തുമ്പ് പിടിച്ചു പറഞ്ഞു കൊണ്ട് ഞാൻ ആ കവിളിൽ ഒരുമ്മ കൊടുത്തു.
“ആഹാ.. അപ്പോ പൊട്ടിച്ചില്ലേ.. നിന്റെ ഒരു സ്വഭാവം വെച്ച് പൊട്ടിക്കേണ്ട സമയൊക്കെ കഴിഞ്ഞല്ലോ.. എന്ത് പറ്റി..”
“അതാ ഞാനും ആലോചിക്കുന്നേ… സാധാരണ മനസ്സിൽ എന്തെങ്കിലും ഒന്ന് കുടുങ്ങിയാൽ അത് അപ്പോ തന്നെ മുഖത്ത് നോക്കി പറഞ്ഞു ആ ഭാരമങ്ങ് കളയുന്ന ഞാനാ.. പക്ഷെ ഇവിടെ എന്തോ ഒന്ന് എന്നെ പിന്നോട്ട് വലിക്കുന്നു… ഹാ.. വരട്ടെ.. എന്തായാലും അധികം വൈകാതെ ഞാൻ ആ ബോംബ് പൊട്ടിക്കും.. അപ്പോ കാണാവേ.. ഉമ്മ..”
ഒരിക്കൽ കൂടി ആ കവിളിൽ ചുണ്ട് ചേർത്ത് ഞാൻ റൂമിലേക്ക് പോയി. പോവുന്ന വഴിയിൽ ഒന്നുറപ്പിച്ചു. എക്സാമൊക്കെ കഴിഞ്ഞു ഇലക്ഷന്റെ അന്ന് എന്റെ നേതാവ് ജയിച്ചു നിൽക്കുമ്പോൾ ഓടിച്ചെന്ന് ആ കോളറിൽ പിടിച്ചു മുന്നിൽ നിർത്തി ആ കണ്ണിൽ നോക്കി പറയണം
“ടോ നേതാവേ.. താൻ എന്റെ ഉള്ളിൽ കൂട് കൂട്ടിയെന്ന്…”
“ഓർത്തതും നാണത്തിൽ കലർന്നൊരു ചിരി ചുണ്ടുകളിൽ എത്തിന്നൊക്കെ വിചാരിക്കും..ബട്ട് നെവർ ഇത് ആമികയാ ആമിക..”
കണ്ണാടിയിൽ നോക്കി അത്രയും എന്നോട് തന്നെ പറഞ്ഞു ഞാൻ ഉറക്കെ ചിരിച്ചു. വല്ലാത്തൊരു സന്തോഷം അനുഭവിക്കുന്നുണ്ടായിരുന്നു ഞാൻ അപ്പോൾ.
രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ പോവുമ്പോൾ അച്ഛൻ റൂമിലേക്ക് കയറി വന്നത്.
“ഹാ.. എന്താ അച്ചേ പതിവില്ലാതെ ഈ നേരത്തൊരു വരവ്..”
“ഏയ്.. ഞാൻ വെറുതെ മോളെ ഒന്ന് കാണാൻ..”
“വേണ്ട വേണ്ട കിടന്നുരുളണ്ട..നമ്മൾ ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചിട്ട് ഇപ്പോ ദേ കഷ്ടിച്ച് അര മണിക്കൂർ ആവുന്നേ ഉള്ളു അപ്പഴേക്കും എന്റെ അച്ചയ്ക്ക് എന്നെ കാണാൻ തോന്നിയോ..ഏഹ് …”
അടുത്ത് ചെന്നിരുന്നു തല താഴ്ത്തി ആ കണ്ണിലേക്കു നോക്കി ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് അച്ഛ എന്റെ തോളിൽ തട്ടി.
“ഒന്ന് പോടീ കാന്താരി… എന്നെ കൊണ്ടൊരു ഇൻട്രോ ഇടാനും നീ സമ്മതിക്കില്ലേടി..”
“ഓഹോ.. ഇൻട്രോ ആയിരുന്നോ.. ഹാ വോക്കെ.. ഇൻട്രോയുടെ സമയം ഒക്കെ കഴിഞ്ഞു…ഇനി പോരട്ടെ പോരട്ടെ.. കാര്യം പോരട്ടെ…”
“അച്ചേടെ അപ്പൂസ് തെറ്റൊന്നും ചെയ്യില്ലന്ന് അച്ഛയ്ക്ക് അറിയാം… എന്നാലും അമ്മ ഒരു കാര്യം പറഞ്ഞു.. അതൊന്ന് ചോദിക്കാനാ അച്ഛ വന്നേ…”
“ഹാ ഞാൻ ഊഹിച്ചു.. സരസ്വതിയമ്മ അവിടുത്തെ വ്യാകുലതകളൊക്കെ ഇവിടെ കൊണ്ട് തന്നിട്ടുണ്ടാവുന്ന്…”
ബാക്കി എല്ലാരും എന്നെ ആമിയെന്ന് വിളിക്കുമ്പോൾ അച്ഛ മാത്രം എന്നെ അപ്പൂസെന്നാണ് വിളിക്കുന്നത്. അച്ഛന് ആണായും പെണ്ണായും ഉള്ള ഒരേ ഒരു മൊതല് ആയോണ്ട് അങ്ങനെ വിളിക്കുന്നതാ ഇഷ്ടം അത്രേ..
“അമ്മയ്ക്ക് പിന്നെ വ്യാകുലത ഇല്ലാതിരിക്കില്ലല്ലോ മോളെ…അത് വിട്ടേക്ക്.. മോള് പറ.. എന്താ മനസ്സിൽ.. ആരാ ആള്…”
“മനു.. മനു ശങ്കർ..”
അച്ഛയ്ക്ക് ഒരു പുഞ്ചിരി പകർന്നു കൊണ്ട് ഞാൻ തുടർന്നു.
“ആലപ്പുഴ… കുട്ടനാട് ആണ് നാട്… ദി ഗ്രേറ്റ് നേതാവ്..ഞാൻ മനസ്സിലാക്കിയിടത്തോളം ആളുകളുടെ നന്മയ്ക്ക് വേണ്ടി എന്തും ചെയ്യുന്നോരു മനുഷ്യൻ..സഹായിക്കാനും കൂടെ നിൽക്കാനും ഒരു മടിയും കാണിക്കാത്ത മനുഷ്യ സ്നേഹി..ഒരുപാട് നന്മയുള്ളൊരു വ്യക്തി…പിന്നെ ഓപ്പോസിറ്റ് പാർട്ടി ആയോണ്ട് സഖാവ് കൃഷ്ണന് അംഗീകരിക്കാൻ വല്ല ബുദ്ധിമുട്ട് ഉണ്ടോന്ന് നോക്കിയാൽ മതി ”
കണ്ണിറുക്കി അങ്ങനെ പറഞ്ഞതും അച്ഛ പൊട്ടിച്ചിരിച്ചു.
“പാർട്ടി ഏതായാൽ എന്താ അപ്പൂസേ ആളുകളെ സ്നേഹിക്കാനും അവരുടെ നോവ് അകറ്റാനുമുള്ള മനസ്സുണ്ടായാൽ മതി..കൂടെ ഇരിക്കുന്നവന്റെ ഉള്ളിലെ പിടപ്പ് അറിയാൻ കഴിയുന്നവൻ ദൈവത്തിന് തുല്യമാണ്.. അതിൽ അവന്റെ കൊടിയുടെ നിറം നോക്കണ്ട…”
“മ്മ്… എനിക്കറിയായിരുന്നു എന്റെ സഖാവ് കൃഷ്ണൻ ഇങ്ങനെയെ പറയൂന്ന്.. പക്ഷെ വേറൊരു പ്രശ്നം ഉണ്ട് അച്ചേ…”
“എന്താടാ…”
“ആള് ഭയങ്കര റിച്ച് ആണ്.. എന്നെപ്പോലെ ഒരു പാവം റിട്ടയെർഡ് സ്കൂൾ മാഷിന്റെ കുട്ടിയൊന്നും അല്ല.. ഭയങ്കര ബിസ്സിനെസ്സുക്കാരും ഡോക്ടർസും ഒക്കെയാ വീട്ടിലുള്ളവരെന്ന അമ്മു പറഞ്ഞത്.. അതാ അച്ചേ ഒരു പേടി..”
“അതിനെന്തിനാ കുട്ടാ പേടിക്കുന്നെ..”
“അല്ല അച്ചേ.. അവർ അത്ര റിച്ച് ആവുമ്പോൾ എന്നെപ്പോലൊരാളെ കെട്ടാൻ വീട്ടിൽ സമ്മതിച്ചില്ലെങ്കിലോ..”
“വീട്ടുക്കാരുടെ കാര്യം എന്തിനാ നമ്മൾ നോക്കുന്നെ.. അവന്റെ സൈഡ് എങ്ങനെയാ..ഇഷ്ട്ടം ആണോ ന്റെ കുട്ടിയോട്..”
“ഹാ.. എന്റെയൊരു സൈക്കോളജിക്കൽ കണ്ണിൽ വെച്ച് നോക്കുമ്പോൾ എനിക്കുള്ളത് പോലെ ആൾക്കും എന്നോടും ചെറിയൊരു ചായ്‌വുണ്ടെന്ന തോന്നിയത്…”
“ആഹാ.. എന്നാപ്പിന്നെ എന്താടാ… അവൻ ആൺകുട്ടിയാണേൽ വീട്ടുക്കാരുടെ വാക്ക് കേട്ട് സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കൂല… ഇനി പണമില്ലാത്തത് ആണ് അവരുടെ പ്രശ്നമെങ്കിൽ അവനോട് ധൈര്യായിട്ട് ഇങ്ങോട്ട് ഇറങ്ങി പോരാൻ പറയണം.. ഈ കൃഷ്ണ മാഷ് നോക്കും അവനെ.. ന്റെ മോനായി…ഇനി ഞാൻ ഇല്ലാതാവുന്ന ഒരു സമയം വന്നാൽ കൂലി പണി എടുത്താണെലും ന്റെ കുട്ടിയ്ക്ക് ഒരു നേരം കഞ്ഞി കൊടുക്കണം അത്രയുള്ളൂ ഈ കൃഷ്ണന്…”
“ഐവ… ഇതാണ് ദി റിയൽ സഖാവ്.. പ്രൌഡ് ഓഫ് യു അച്ചേ.. ഉമ്മാ…”
അച്ഛയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.
“ഹ ഹ ഹ.. ആട്ടെ.. അപ്പോ എപ്പഴാ ഈ ഉള്ളിലിരുപ്പ് അവനെ അറിയിക്കുന്നെ…”
“വൈകാതെ തന്നെ.. ഇലക്ഷന്റെ അന്ന്..”
“മ്മ്.. നടക്കട്ടെ.. എന്നിട്ട് അച്ഛയ്ക്ക് ഒന്ന് പരിചയപ്പെടുത്തി തരണം ട്ടോ മനുവിനെ.. ഈ സഖാവിനോട് ഏറ്റു മുട്ടാൻ പറ്റിയ എതിരാളിയാണോ അവനെന്ന് അറിയണല്ലോ…”
“ഉവ്വേ… ഇപ്പോ സഖാവ് വിട്ടാട്ടെ..പോയി ഉറങ്ങ് ”
” ഹ. ഹ.. അപ്പോ ശരി അപ്പൂസേ.. ഗുഡ്‌നൈറ്റ്… ”
“ഗുഡ് നൈറ്റ് അച്ചേ..”
അച്ഛ പോയതും കതകടച്ച് ഞാൻ ഉറങ്ങാൻ കിടന്നു.
രാവ് മാഞ്ഞു പകൽ വരുന്ന വേഗത്തിൽ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു. സ്റ്റഡി ലീവ് തീർന്ന് ഞങ്ങൾ ഹോസ്റ്റലിലേക്ക് പോയി. എക്സാം തുടങ്ങിയത് കൊണ്ട് മറ്റൊന്നിലേക്കും ശ്രദ്ധ തിരിയാതിരിക്കാൻ നേതാവിനെ കാണാനുള്ള അവസരങ്ങൾ പരമാവധി ഞാൻ കുറച്ചു. ആ മുഖം കണ്ടാൽ.. ആ കണ്ണുകൾ.. ആ ചിരി… മനസ്സിൽ പതിഞ്ഞാൽ പിന്നെ മറ്റൊന്നും മുന്നിലുണ്ടാവില്ല. അതുകൊണ്ട് നേതാവിന്റെ മുന്നിൽ പെടാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചു. ഈയൊരു പ്രണയത്തിന്റെ പേരിൽ പഠിപ്പിൽ ഉഴപ്പില്ലെന്ന് ഇറങ്ങുമ്പോൾ അച്ഛയ്യ്ക്കു വാക്ക് കൊടുത്തതാണ്. മനസ്സിനെ സ്വയം പൂട്ടിട്ട് മുറുക്കി നന്നായി തന്നെ പഠിച്ചു ഞാൻ എക്സാം ഓരോന്നും എഴുതി. അങ്ങനെ ലാസ്റ്റ് എക്സാമും കഴിഞ്ഞു ഹോസ്റ്റലിൽ എത്തിയ എനിക്ക് എവിടെയും ഇരിപ്പ് ഉറയ്ക്കുന്നില്ലായിരുന്നു. നാളെയാണ് ഇലക്ഷൻ.. ഞാൻ എന്റെ നേതാവിനോട് പ്രണയം തുറന്നു പറയുന്ന ദിവസം. കോളറിൽ പിടിച്ചു കണ്ണിൽ നോക്കി പറയുമെന്നൊക്കെ വാചകം അടിച്ചെങ്കിലും ചെറുതായി ഒരു ടെൻഷനുണ്ടോ.. ഹേയ്.. ആമിയ്ക്ക് എന്ത് ടെൻഷൻ.. എന്നാലും മനസ്സ് ഇളകി മറിയുകയാണ്. ഒരുമാതിരി പ്രസവിക്കാൻ കൊണ്ട് പോയ ഭാര്യയെ കാത്ത് ലേബർ റൂമിന്റെ പുറത്തു തലങ്ങും വിലങ്ങും നടക്കുന്ന ഭർത്താവിനെ പോലെ ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.നാളത്തെ പുലരി പിറക്കുന്നത് തന്റെ പ്രണയത്തിന് ഒരു പുതിയ ഭാവം നൽകാൻ ആണെന്ന് ഓർക്കും തോറും മനസ്സ് കിടന്നു തുള്ളി ചാടുകയാണ്. ഇടയ്ക്ക് എപ്പോഴോ ടെൻഷൻ തോന്നിയപ്പോൾ അച്ഛയെ വിളിച്ചു. നീ പൊളിക്കെടാ അപ്പൂസേ ന്നുള്ള പറച്ചിൽ കേട്ടപ്പോൾ കുറച്ചു കൂടിയൊരു കോൺഫിഡൻസ് കൂടി. പിന്നെ നാളേയ്ക്ക് വേണ്ടി ഒത്തിരി സ്വപ്‌നങ്ങൾ നെയ്തു കൂട്ടി.
“നീ എന്തുവാ പെണ്ണെ ഇത് അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ നടക്കുന്നു…തനിയെ ചിരിക്കുന്നത്… വട്ടായോ…”
അമ്മുവിന്റെ ചോദ്യം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.
“അമ്മുവിനോട് പറയണോ നാളത്തെ പ്ലാൻ…”
മനസ്സിൽ ചോദിച്ചു. പിന്നെ ഓർത്തു അല്ലെങ്കിൽ വേണ്ട.. നാളെ അമ്മുവിനും ഇതൊരു സർപ്രൈസ് ആവട്ടെ… അവൾക്ക് സന്തോഷം ആവും.. അവൾ ഏറെ ഇഷ്ട്ടപ്പെടുന്ന മനുവേട്ടനല്ലേ..
“എന്ത് പറ്റിയെടി…”
“ഏഹ്.. എന്താ….”
“ഹാ.. നീ ഇവിടെയൊന്നും അല്ലേ ആമി..”
“ഏയ്.. ഒന്നുല്ല ന്റെ അമ്മൂസെ.. ഞാൻ ചുമ്മാ ഓരോന്ന് ഓർത്തതാ…”
“ഹാ.. കിടക്കുന്നില്ലേ..”
“ഉവ്വ്…”
ഞങ്ങൾ രണ്ടും ഉറങ്ങാനായി കിടന്നപ്പോഴാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത്. വീട്ടീന്ന് അച്ഛൻ ആയിരുന്നു.അമ്മു പെട്ടെന്ന് തന്നെ ഫോണെടുത്തു ചെവിയിൽ ചേർത്തു.
“ആ അച്ഛാ.. അച്ഛനെന്തേ വിളിക്കാഞ്ഞത് ഓർക്കുവായിരുന്നു ഞാൻ…”
“കുഴപ്പമില്ല അച്ഛാ.. പിന്നെ എന്തൊക്കെയാ വിശേഷങ്ങൾ….”
അവരുടെ സംഭാഷണം തുടർന്നു. പിന്നെ കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അമ്മു പറ്റില്ല അവൾക്ക് കുറച്ചു കൂടെ ടൈം വേണമെന്നൊക്കെ പറഞ്ഞു വാശി പിടിക്കുന്നത് കണ്ടു. അവസാനം ഫോൺ വെച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു.
“എന്ത് പറ്റി അമ്മു.. എന്തിനാ നീ അച്ഛനോട് ടൈം വേണമെന്ന് ഒക്കെ പറഞ്ഞു വാശി കാണിച്ചേ..”
“അത്.. അത് ഒന്നുല്ല ആമി..”
“ഹാ.. എന്താടി.. എന്താണെങ്കിലും പറ.. ഞാൻ അല്ലേ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..”
“പ്രശ്നം അല്ലേടാ…”
“പിന്നെ.. എന്തായാലും പറ..”
“അത് പിന്നെ ആമി.. എന്റെ വീട്ടിൽ വിവാഹാലോചനകൾ നടക്കുന്നുണ്ട്.. അതാ അച്ഛൻ വിളിച്ചു പറഞ്ഞത്..”
“ആഹാ.. അത് നല്ല കാര്യമല്ലേ.. എന്നായാലും കെട്ടണ്ടേ..”
“അത്.. എനിക്ക് പക്ഷെ ഇപ്പോ വേണ്ട ആമി..”
“അതെന്തേ..അതെന്താ.വേണ്ടാതെ…
നിനക്ക് വേറെ വല്ല ഇഷ്ടവും ഉണ്ടോ ഇനി…”
“അത്.. അത് പിന്നെ..”
“ഹാ.. മടിക്കാതെ പറ പെണ്ണെ..”
“അത്.. ആമി.. ശരിയാ.. എനിക്കൊരാളെ ഇഷ്ട്ടമാ ആമി..”
“ആഹാ.. കൊള്ളാലോ.. എന്റെ പൂച്ചക്കുട്ടിയ്ക്കും പ്രേമമോ..”
ഞാൻ അവളുടെ കവിളിൽ ചെറുതായി നുള്ളി വലിച്ചു.
“പക്ഷെ എനിക്ക് പേടിയാ ആമി..തിരിച്ചു എന്നോട് അങ്ങനെയൊരു ഇഷ്ട്ടം ഉണ്ടോന്നറിയില്ല..”
“അത് ചോദിക്കാലോ.. സോ സിമ്പിൾ… നീ ആള് ആരാണെന്നു പറ.. നമുക്ക് സെറ്റ് ആക്കാം..”
“അത്.. അത് പിന്നെ ആമി..”
“ഹാ പറ അമ്മൂസേ..ഇതിത്ര വലിയ ആന കാര്യമൊന്നുമല്ല.. ഈ പ്രായത്തിൽ ആർക്കായാലും ഇതൊക്കെ ഉണ്ടാവും അതൊരു തെറ്റല്ല.. നീ ആളാരാണെന്ന് പറയ്യ് മോളൂസേ ”
“ഈൗ..നീ അറിയും ആളെ.. നമ്മുടെ.. മനുവേട്ടൻ…”
.
(തുടരും )

by