25/05/2026

ഓർമ്മകളിലൂടെ : ഭാഗം 23

രചന – മിയ അവ

ഉണർന്നപ്പോൾ തലയ്ക്കു നല്ല ഭാരം പോലെ തോന്നി. ബെഡിൽ കിടന്നു കൊണ്ട് തന്നെ കൈ രണ്ടും നീട്ടി പിടിച്ചപ്പോൾ കൈ തട്ടി ടീപോയുടെ മുകളിൽ നിന്ന് എന്തോ ഒന്ന് താഴെ വീണു പൊട്ടുന്ന ശബ്ദം കേട്ടു. കൈ എത്തിച്ചു തലയ്ക്കു മുകളിലുള്ള സ്വിച്ചിൽ അമർത്തി ലൈറ്റ് ഓൺ ചെയ്തു എഴുന്നേറ്റു നോക്കിയപ്പോൾ വോഡ്കയുടെ കുപ്പിയാണ് പൊട്ടി കിടക്കുന്നത്.

“ഇതാരാ എന്റെ റൂമിൽ കൊണ്ട് വെച്ചത്.. ഞാൻ ഇതൊന്നും ഉപയോഗിക്കാത്തത് ആണല്ലോ..പിന്നെ എങ്ങനെ വന്നു…”

നെറ്റിയിൽ കൈ വെച്ചു ഓർമ്മകളിൽ ചികയുമ്പോൾ പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട്‌ നോക്കി… മായ മോളാണ്.

“ഹാ.. ഉണർന്നോ..ബെസ്റ്റ് ഇതൊക്കെ ഇവിടെ പൊട്ടിച്ചിട്ടാൽ ആര് വന്ന് നന്നാക്കുമെന്നാ വിചാരം…”

“ഇതാരാടി ഇവിടെ കൊണ്ട് വെച്ചത്… എന്റെ റൂമിൽ എങ്ങനെ ഈ സാധനം ഒക്കെ വന്നു…”

“ഹാ.. അപ്പോ ഓർമ്മയില്ലേ.. എന്റെ ഏട്ടൻ ഇന്നലെ പുതിയ ശീലങ്ങളൊക്കെ തുടങ്ങി.. ഇനി ഇപ്പോ മദ്യോ മയക്കു മരുന്നോ എന്താന്ന് വെച്ചാൽ ആവാലോ…”

“വോ.. നിന്ന് കൊഞ്ചാതെ ഇതിവിടെ കൊണ്ട് വെച്ചത് ആരാന്ന് പറയെടി…”

“വേറെ ആര്.. നിങ്ങടെ ക്ലോസായ ഫ്രണ്ട് തന്നെ… കിഷോറേട്ടൻ.. ആത്മസുഹൃത്തിന്റെ വിഷമം മാറ്റാൻ കൊണ്ട് വെച്ചതല്ലേ.. ഇന്നലെ എന്തായിരുന്നു രണ്ടും കൂടെ ഇതിനുള്ളിൽ.. വിഷമം മാറിയില്ലേൽ ചെല്ല്.. ഇനിയും ഉണ്ടാവും ഫ്രണ്ടിന്റെ കയ്യിൽ സ്റ്റോക്ക്…”

“ഇന്നലെ ഞാൻ മദ്യപിച്ചോ…”

“ഏയ്‌.. ഇല്ല എന്റെ ഏട്ടൻ മദ്യത്തെ നോക്കി നിന്ന് ആസ്വദിക്കുവായിരുന്നു…”

“വോ.. അമ്മയും വലിയമ്മയുമൊക്കെ എവിടെ..”

“ഇവിടെ ആരും ഇല്ല…”

“അതെന്താ.. എല്ലാവരും എവിടെപ്പോയി രാവിലെ തന്നെ…”

“അവരൊക്കെ കാലത്തു തന്നെ കോഴിക്കോടേക്ക് പുറപ്പെട്ടു…”

“കോഴിക്കോടോ.. അവിടെ എന്താ..”

“വോ.. അവരുടെ സൽ പുത്രൻ ഇന്നലെ ഒരു കല്യാണം കഴിച്ചു…ഓർമ്മയുണ്ടോ ആവോ..അവളുടെ വീട് കോഴിക്കോട് ആണ്…”

“അതെന്തിനാ അവരൊക്കെ അങ്ങോട്ട് പോയത്.. ആരോട് ചോദിച്ചിട്ടാ പോയത്..”

“ഏട്ടൻ ഇവിടെ ആരോടും ചോദിച്ചിട്ടല്ലല്ലോ ആ കുട്ടിയുടെ കഴുത്തിൽ താലി കെട്ടിയത്… പിന്നെ അവരെന്തിന് അവിടെ പോവാൻ ഏട്ടനോട് ചോദിക്കണം…”

“ഷേയ്.. ഷിറ്റ്… നീ അവരെ വിളിച്ചേ.. എനിക്ക് സംസാരിക്കണം…”

“ഞാനൊന്നും വിളിക്കില്ല.. ഇനി ഏട്ടൻ വിളിച്ചാലും ആമിയെയും ആ വീട്ടിലുള്ളവരെയും കണ്ടു സംസാരിക്കാതെ അവർ തിരിച്ചു വരുവൊന്നുമില്ല… താലി കെട്ടിയ ഏട്ടന് തോന്നുന്നില്ലെങ്കിലും ഏട്ടൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കേണ്ടത് അവരുടെ കടമ്മയാണല്ലോ.. അത്രയെങ്കിലും മാന്നേഴ്സ് കാണിക്കണ്ടേ ആ വീട്ടുക്കാരോട് നമ്മൾ..”

“അതിന് മാപ്പ് ചോദിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ആരോടും ചെയ്തിട്ടില്ല…”

“ഇല്ല.. ഒരിക്കലും ഇല്ല.. അനുവാദമില്ലാതെ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുന്നത് ഒരു തെറ്റല്ലല്ലോ അല്ലേ… ആ സ്ഥാനത്തു ഞാൻ ആണെങ്കിലോന്ന് ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ…”

“നീ അതിന് അവളെ പോലെ തെമ്മാടിത്തരം കാണിക്കുന്നില്ലല്ലോ…”

“ആമി എന്ത് തെമ്മാടിത്തരം കാണിച്ചുന്നാ ഈ പറയുന്നേ… കാണിച്ചത് അമ്മുവല്ലേ.. അതിന് ആമി എന്ത് ചെയ്തു… ഇത് കുറച്ചു കൂടി പോയി ഏട്ടാ…ഏട്ടൻ ഇങ്ങനെ ഒക്കെ ചെയ്യുമെന്ന്…”

“അതെ.. ഞാൻ ചെയ്തു.. ഇനിയും ചെയ്യും… എന്നെ വേദനിപ്പിച്ചവരെ ആരെയും ഞാൻ വെറുതെ വിടില്ല…”

“ഓഹ്.. എന്നാൽ ചെല്ല്.. ഇനിയും എന്താന്ന് വെച്ചാൽ കാണിച്ചു കൂട്ട്.. തത്കാലം ഇവിടെ നിന്നൊന്ന് പോയി തരാവോ.. എനിക്ക് ഈ റൂമൊന്ന് ക്ലീൻ ചെയ്യണം… മദ്യത്തിന്റെ നാറ്റം കൊണ്ട് അടുക്കാൻ പറ്റുന്നില്ല…”

എനിക്ക് മുന്നിൽ ദേഷ്യത്തിൽ കൈ കൂപ്പി നിക്കുന്ന മായ മോളെ നോക്കി പല്ല് പോലും തേയ്ക്കാൻ നിക്കാതെ ഞാൻ വീട്ടിൽ നിന്നുമിറങ്ങി. കാറെടുത്ത് സ്പീഡിൽ ഓടിച്ചു പോവുമ്പോൾ എന്റെ വീട്ടുക്കാർ പോലും എന്നെ വെറുത്തു പോവുമോ എന്ന് ഞാൻ ഭയപ്പെട്ടു. അവിടെ നിന്നും നേരെ ചെന്നത് കിഷോറിന്റെ ഫ്ലാറ്റിലേക്കാണ്. ഡോറിൽ മുട്ടിയപ്പോൾ ഷോണിമയാണ് ഡോർ തുറന്നത്. അവരുടെ കല്യാണം കഴിഞ്ഞതിനു ശേഷം രണ്ടും പേരും ഒന്നിച്ചാണ് അവിടെ താമസിക്കുന്നത്. ഡോർ തുറന്നു തന്ന് എന്നെ നോക്കി ഒന്നും മിണ്ടാതെ തിരിഞ്ഞു പോവുന്ന ഷോണിമയെ ഞാൻ പിന്നിൽ നിന്ന് വിളിച്ചു.

“നീയെന്താടി ഒന്നും മിണ്ടാതെ പോവുന്നെ…”

“ഹും..നിന്നോട്‌ ഞാൻ എന്ത് പറയാനാ മനു.. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് ഇനിയെന്ത് കാര്യം…ഇന്നലെ ചെയ്തു കൂട്ടിയത് ഒക്കെ വല്ല ബോധവുമുണ്ടോ.. ആമി എന്ത് തെറ്റ് ചെയ്തിട്ടാടാ…”

“പിന്നെ.. നീയും കേട്ടതല്ലേ അവൾ പറഞ്ഞതൊക്കെ…”

“എന്ന് വെച്ച്.. അവൾ എന്തോ വാശിപ്പുറത്ത് അങ്ങനൊക്കെ പറഞ്ഞെന്ന് കരുതി… അമ്മു നിന്നെ ഉപേക്ഷിച്ചു പോയതിന് അവൾ എന്ത് പിഴച്ചു…”

“അവൾക്ക് ഇതിൽ ഒരു പങ്കും ഇല്ലാന്ന് ഞാൻ വിശ്വസിക്കുന്നില്ല ഷോണി.. ഇല്ലെങ്കിൽ ആരും ക്ഷണിക്കാതെ അവൾ എങ്ങനെ ഇന്നലെ അവിടെ എത്തി…”

“ടാ.. അത് ഞാൻ പറഞ്ഞില്ലേ.. അവൾ അവളുടെ ചെറിയമ്മയുടെ കൂടെ വന്നതാ.. നിന്റെ അമ്മയുടെ ഫ്രണ്ടാ അവളുടെ ചെറിയമ്മ…”

“ഓ.. പിന്നെ.. ഞാനെങ്ങും കേട്ടിട്ടില്ല ഇങ്ങനെയൊരു ഫ്രണ്ടിനെ കുറിച്ച്.. ഇതൊക്കെ അവൾ കെട്ടി ചമ്മച്ച കഥയാവും…”

“ഓഹ്.. എന്നാ അങ്ങനെ തന്നെ കൂട്ടിക്കോ.. നീ വിശ്വസിക്കേണ്ട.. എന്തായാലും കഴിഞ്ഞല്ലോ… ഇനിയെങ്കിലും ആ പാവത്തെ വെറുതെ വിട്ടേക്ക്…”

“വെറുതെ വിടാനോ.. ആരെ അവളെയോ.. ഒരിക്കലും ഇല്ല… ഞാൻ വേദനിച്ചതിനൊക്കെയും അവളെ കൊണ്ട് ഞാൻ കണക്ക് ചോദിക്കും…”

“അടിപൊളി.. എന്നാ ചെല്ല്.. കോഴിക്കോട് തന്നെ ഉണ്ടാവും അവൾ… നിന്നെ പേടിച്ചു ഓടി ഒളിക്കാൻ അവൾ അമ്മുവല്ല ആമിയാ… പോയിട്ട് എന്താ തീർക്കാൻ ഉള്ളതെന്ന് വെച്ചാൽ തീർത്തിട്ട് വാ..അല്ല പിന്നെ…”

“ഓ.. പൊയ്ക്കോളാം.. ആദ്യം നീ അവൻ എന്തിയെന്ന് പറ…”

“ഓഹ്.. ഇന്നലെ ഫ്രണ്ടിന്റെ സങ്കടത്തിൽ ആർമാദിക്കുകയല്ലായിരുന്നോ.. എഴുന്നേറ്റിട്ടില്ല ആശാൻ.. റൂമിലുണ്ട്…”

“മ്മ്.. നീ ആ പേസ്റ്റ് ഇങ്ങ് എടുത്തേ.. ഞാൻ പല്ല് തേച്ചിട്ടില്ല…”

“ഓഹ്.. വീട്ടിൽ ആർക്കും മുഖം കൊടുക്കാതെ മുങ്ങിയതാവും ല്ലേ… ഇനി നാട് വിടേണ്ടി വരുവോടാ…”

“ഒന്ന് പോടീ… നീ എടുത്തിട്ട് വാ…”

“അവന്റെ അടുത്തേക്ക് ചെല്ല്.. റൂമിലെ ബാത്‌റൂമിൽ ഉണ്ട് എല്ലാം..കൂട്ടിന് അവനെയും വിളിച്ചോ…”

“മ്മ്…”

അവിടെ നിന്ന് പല്ല് തേപ്പും കുളിയും കഴിഞ്ഞു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ച് കിഷോറിനെയും കൂട്ടി ഇറങ്ങി. എവിടേയ്ക്കെന്നില്ലാതെ കുറെ അലഞ്ഞു. മനസ്സിന് ഒരു സ്വസ്ഥത കിട്ടുന്നില്ലായിരുന്നു. ഒടുവിൽ സന്ധ്യ മയങ്ങിയപ്പോൾ ബീച്ചിൽ പോയി കടലിന്റെ തീരത്ത് നീണ്ടു നിവർന്നു കിടന്നു. അപ്പോഴേക്കും ശരത്തും ഞങ്ങളുടെ കൂടെ കൂടിയിരുന്നു. അവിടെ വീശിയടിക്കുന്ന തണുത്ത കാറ്റിന് പോലും എന്റെ ഉള്ള് തണുപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“അമ്മുവിനെ അന്വേഷിക്കണ്ടേ മനു…”

കിഷോറാണ്.

“എന്തിന്…എന്നെ ഭംഗിയായി കമ്പളിപ്പിച്ച് കടന്നു കളഞ്ഞില്ലേ അവൾ.. ഇനിയെനിക്ക് എന്തിനാ അവളെ…”

“ഓഹ്.. അല്ലെങ്കിലും നിന്റെ ദേഷ്യവും വാശിയും മുഴുവൻ ഒന്നും ചെയ്യാത്ത ആ ആമിയോടാണല്ലോ അല്ലേ…”

ശരത്തിന്റെ ചോദ്യത്തിന് എന്റെ കയ്യിൽ മറുപടിയില്ലായിരുന്നു. കിഷോർ എന്തോ പറയാൻ പോയപ്പോൾ ഞാൻ അവനെ കണ്ണ് കൊണ്ട് തടഞ്ഞു. കുറച്ചു നേരം പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ കാറ്റിന്റെ മടി തട്ടിൽ മയങ്ങി. നേരമേറെ കഴിഞ്ഞു ശരത്ത് തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.

“മനു.. മതി കിടന്നത്.. നേരം ഒരുപാടായി.. വീട്ടിലേക്ക് ചെല്ല്… ഇവിടെ കിടന്നു കാറ്റ് കൊണ്ടത് കൊണ്ടൊന്നും നിന്റെ പ്രശ്നങ്ങൾ തീരില്ല… അതിന് നിന്റെ വീട് തന്നാ നല്ലത്…എഴുന്നേറ്റു പോവാൻ നോക്ക്.. ഞാൻ പോവുന്നു…”

അതും പറഞ്ഞു ഞങ്ങളെ അവിടെ വിട്ട് അവൻ ബൈക്കിൽ കയറി പോയി.

“ഇവനിത് എന്തോന്ന മനു ഇങ്ങനെ… ഇവനിപ്പോഴും ആ ആമിയോട് സോഫ്റ്റ്‌ കോർണർ ആണെന്ന് തോന്നുന്നു… ഷോണിയും അതെ.. രണ്ടും ആ കാര്യത്തിൽ ഒറ്റ കെട്ടാ…നീയിങ്ങനെ ടെൻഷൻ അടിക്കുന്നത് കണ്ടിട്ട് പോലും രണ്ടിനും ഒരു മാറ്റവുമില്ല…”

“സാരല്ല്യ ടാ അവന് ഞാൻ ഇന്നലെ ചെയ്തത് ഒട്ടും പിടിച്ചിട്ടില്ല.. അതിന്റെ പരിഭവമാണ്.. അത് മാറുമ്പോൾ ശരിയായിക്കോളും…”

“മ്മ്.. എന്നാ നമുക്കും വിട്ടാലോ.. ഷോണി കുറെ തവണയായി വിളിക്കുന്നു…”

“മ്മ്…”

കാറിൽ കയറി കിഷോറിനെ അവന്റെ ഫ്ലാറ്റിന് മുന്നിൽ ഇറക്കി വിട്ട് ഞാൻ വീട്ടിലേക്ക് പോയി.

ഞാൻ അവിടെ എത്തിയപ്പോഴേക്കും ലൈറ്റ് എല്ലാം അണച്ച് എല്ലാവരും ഉറക്കത്തിലേക്ക് പോയിരുന്നു. അതുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ കയ്യിലുള്ള സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്നു ഞാൻ ഉള്ളിലേക്ക് കയറി. വിശപ്പും ദാഹവുമൊന്നും തോന്നാത്തത് കൊണ്ട് വേറെയാരെയും നോക്കാതെ ഞാൻ മുകളിൽ എന്റെ റൂമിലേക്ക് നടന്നു.

രാവിലെ മായ മോളോട് ദേഷ്യപ്പെട്ട് ഇറങ്ങി പോയേരെ ഇപ്പോഴാണ് തിരിച്ചു വരുന്നത്. അത്രയൊന്നും പറയേണ്ടി ഇരുന്നില്ല.. പാവം… സാരല്യ നാളെ ഒന്ന് സോപ്പിടാം പെണ്ണിനെ…അമ്മയും ബാക്കി എല്ലാവരും തിരിച്ചു എത്തിയോന്ന് പോലും അറിയില്ല… പോയിട്ട് ആ പൂന്തനയെ കണ്ടു മാപ്പ് പറഞ്ഞോ എന്തോ…മഹിയെയും കണ്ടില്ലല്ലോ ഇവിടെ…ഇനി അവനും പോയി കാണുവോ അവരുടെ കൂടെ..ആ എന്തായാലും നാളെയാവട്ടെന്ന് അപ്പോ അറിയാലോന്ന് കരുതി ഡോർ തുറന്നു ലൈറ്റ് ഓൺ ചെയ്തു. നേരെ നോക്കിയ ഞാൻ ഞെട്ടിപ്പോയി. എന്റെ ബെഡിൽ സാരി ഉടുത്തൊരു സ്ത്രീ കിടക്കുന്നു. ഇനി വല്ല പ്രേതവും ആവോ… മനസ്സിൽ ചിന്തിച്ചു അടുത്തേക്ക് ചെന്നു. അടുത്തെത്തി ആ മുഖം കണ്ടപ്പോൾ ഞാൻ ആകെ വെട്ടി വിയർത്തു… ഇവളോ.. ഇവളെന്താ ഇവിടെ… പെട്ടെന്നാണ് ദേഷ്യം കയറിയത്. അവിടെ നിന്ന് ഉറക്കെ തന്നെ വിളിച്ചു കൂവി..

“ഡീ….”

എന്റെ വിളി കേട്ട് പെട്ടെന്ന് ഞെട്ടി ഉണർന്നു അവൾ പാതി അടഞ്ഞ കണ്ണുകളോടെ എന്നെയൊന്നു നോക്കി. എന്നിട്ട് കൈ കൊണ്ട് കണ്ണുകൾ രണ്ടും കൂട്ടി തിരുമ്മി ഒരു കോട്ടു വാ വിട്ട് രണ്ടും കയ്യും മുന്നിലേക്ക് കൂട്ടി പിടിച്ചു അവൾ ഒന്ന് മൂരി നിവർന്നു എഴുന്നേറ്റു.

“ഹോ.. വേട്ട കഴിഞ്ഞ് എത്തിയോ സിംഹം..”

“സിംഹോ…”

“ഹാ.. സാധാരണ സിംഹങ്ങളാണല്ലോ ഇങ്ങനെ കിടന്നു ഗർജിക്കുന്നത്…”

അവളുടെ വളിഞ്ഞ കോമഡി കേട്ട് എനിക്ക് തലയ്ക്കു പ്രാന്ത് കയറി.

“നീയെന്താടി ഇവിടെ…”

“ഏഹ്.. യ്യോ ഇനി വീട് മാറിപ്പോയോ.. മംഗലത്ത് വീട്ടിൽ മനു ശങ്കറിന്റെ വീട് തന്നെയല്ലേ ഇത്…”

“ഡീ.. നീ അധികം കിടന്നു കളിക്കല്ലേ… പറയെടി.. ആരോട് ചോദിച്ചിട്ടാ നീ ഈ വീട്ടിലേക്ക് വന്നത്.. എന്ത് ധൈര്യത്തിലാ നീ എന്റെ ബെഡിൽ കേറി കിടന്നത്…”

“നിങ്ങൾ കെട്ടി തന്ന ഈ താലിയുടെ ധൈര്യത്തിൽ…”

കഴുത്തിലെ താലി പൊക്കി പിടിച്ച് തീ പാറുന്ന മിഴികളോടെ അവൾ എന്നെ നോക്കി.

(തുടരും )

അങ്ങനെ ആമിയുടെയും മനുവിന്റെയും അടുത്ത അങ്കം ഇവിടെ തുടങ്ങുകയാണ്… എല്ലാവരും കൂടെ കാണുമല്ലോ അല്ലേ… സ്നേഹത്തോടെ….