രചന – മിയ അവ
ഓഫീസിൽ ഇരിക്കുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ ആമിയുടെ അച്ഛന്റെ വാക്കുകളിൽ ആയിരുന്നു. ഞാൻ ഇഷ്ട്ടം ആണെന്ന് പറയുന്നതിന് മുന്നെ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു നടന്നിരുന്ന ആമി… ആ വാചകം മനസ്സിനെ കൊത്തി വലിക്കുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ അവൾ അന്ന് അങ്ങനെ…ഇനി അമ്മുവിന് എന്നെ ഇഷ്ടമാണെന്നു അവൾ മുന്നെ മനസ്സിലാക്കിയിരുന്നോ… പക്ഷെ അന്ന് അവൾ അമ്മുവിനോട് കാണിച്ച ദേഷ്യം… ഇനി ഒരുപക്ഷെ അമ്മു ചതിക്കുമെന്ന് അവൾക്ക് മുന്നെ വല്ല സൂചനയും.. എന്നാലും എന്റെ ജാതക ദോഷത്തിന്റെ കാര്യം പിന്നെയല്ലേ അറിഞ്ഞത്.. അപ്പോ എങ്ങനെ ശരിയാവും… ജാതക ദോഷത്തിന്റെ കാര്യം മനസ്സിലേക്ക് കടന്നു വന്നതും നെഞ്ച് പിടയ്ക്കാൻ തുടങ്ങി.. ശരീരം വിയർക്കാൻ തുടങ്ങി… ഒരു വാശിയിലായിരുന്നു ഒന്നും ചിന്തിക്കാതെ അങ്ങനെ… എന്റെ പ്രവൃത്തി ആമിയുടെ ജീവന് ആപത്ത് ഉണ്ടാക്കോ… ശ്വാസം വിറച്ചു പോയ പോലെ തോന്നി.. ഇല്ല.. എനിക്ക്.. അവൾ ഇല്ലാതെ.. കണ്ണുകൾ മിഴി നീർ മൂടിയപ്പോൾ തപ്പി പിടിച്ചു ഫോൺ എടുത്തു ആമിയുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ….”
“ആ.. ഞാൻ.. അത്… എനിക്ക്..”
“താൻ എന്തുവാടോ വിക്കൽ പ്രാക്ടീസ് ചെയ്യുവാണോ… ആണെങ്കിൽ തന്നെ സോറി ഞാൻ ഇപ്പോ ഒട്ടും ഫ്രീ അല്ല.. യു കനൗ ഇനി മുതൽ അടുക്കള ആമി ഏറ്റെടുത്ത കാര്യം.. സോ യാം വെരി ബിസി…പോയി വേറെ വല്ലവരേം വിളിക്ക്..”
അവളുടെ സംസാരം കേട്ടപ്പോൾ ഉള്ളിലുള്ള പേടിയും ടെൻഷനുമെല്ലാം ആവിയായി പോവുന്നത് ഞാൻ അറിഞ്ഞു. കുസൃതിയിൽ നിറഞ്ഞ ഒരു ചിരി എന്നിൽ സ്ഥാനം പിടിച്ചു.
“ഓഹോ…അപ്പോ നീ അവിടുന്ന് കളമൊഴിയുന്ന ലക്ഷണമില്ല ല്ലേ…”
“ഒരിക്കലും ഇല്ല.. തീറ്റ കൊതിയനായ താൻ ഇനി പാചകം ഒട്ടും പിടിയില്ലാത്ത ഞാൻ വെച്ചുണ്ടാക്കുന്ന വല്ല കഞ്ഞിയോ പയറോ… ചമ്മന്തിയോ വെച്ചങ്ങ് തൃപ്തിപ്പെടുന്നത് എനിക്കൊന്ന് കാണണം…”
“വോ.. ഇവിടെ എന്തോന്ന് ഹോട്ടലൊന്നും ഇല്ലേ.. നിന്റെ ഒണക്ക ഫുഡ് കഴിക്കാൻ മനു വേറെ ജനിക്കണം..”
“അതെ.. ജനിക്കേണ്ടി വരും.. ഈ മനു ശങ്കർ മണകൊണാഞ്ചന് ഹോട്ടൽ ഫുഡ് പിടിക്കില്ലെന്ന് ഞാൻ അറിഞ്ഞു…അപ്പോ ഈ ആമിയുടെ വഴിയെ തന്നെ താൻ വരേണ്ടി വരും…”
“ഓ അപ്പോ എല്ലാം അറിഞ്ഞു വെച്ചാണല്ലേ…”
“തീർച്ചയായും….”
“ശരി.. പൊന്ന് മോള് കൂടുതൽ ആ അടുക്കള ഭരിക്കുന്നത് എനിക്കൊന്ന് കാണണം…”
“ആ കാണാം…”
ഫോൺ വെച്ചതിനു ശേഷം കുറച്ചു നേരം എന്തോ ആലോചിച്ചു പിന്നെ വേഗം ഫോണെടുത്ത് കിഷോറിന്റെ നമ്പർ ഡയൽ ചെയ്തു.
അന്ന് ഞാൻ സന്ധ്യയ്ക്ക് മുന്നെ തന്നെ മടങ്ങിയെത്തി. ജനലിലൂടെ പുറത്തേക്കും നോക്കി ഹാളിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു.
“ഏട്ടൻ ആരെയെങ്കിലും പ്രതീക്ഷിക്കുവാണോ..”
മഹിയാണ്.
“ഞാനോ.. ആരെ പ്രതീക്ഷിക്കാൻ…”
“അല്ല കുറെ നേരായി ഞാൻ ശ്രദ്ധിക്കുന്നു പുറത്തേക്ക് പാളി നോക്കിയുള്ള ഈ നടത്തം.. അതോണ്ട് ചോദിച്ചതാ… ”
“ഹോ.. വന്ന് വന്നു എനിക്ക് ഒന്ന് പുറത്തേക്ക് നോക്കാനും പറ്റില്ലേ… ഇതെന്ത് കഷ്ട്ടവാ…”
“ഓ പറ്റുവല്ലോ.. നോക്കിക്കോ.. ഏട്ടൻ നന്നായി തന്നെ നോക്കിക്കോ…വേണേൽ നാളെ അച്ഛനോട് പറഞ്ഞു നമുക്ക് ആ ജനലിന് വീതി കൂട്ടുകയും ആവാം ഏട്ടന് നോക്കാൻ…”
“ദേ.. നീ വെറുതെ…”
പറഞ്ഞു മുഴുമിപ്പിക്കും മുന്നെയാണ് ഒരു കാറിന്റെ ഹോണടി കേട്ടത്. അത് കേട്ടതും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.. മോളെ ആമി നിനക്കുള്ള പണി ഒരുങ്ങി കഴിഞ്ഞു.
പെട്ടെന്ന് തന്നെ ഞാൻ പോയി ഡോർ തുറന്നു.
“ഹാ.. ആരൊക്കെയാ ഇത് കേറി വരൂ.. അമ്മാ ഇത് ആരൊക്കെയാ വന്നേ നോക്കിയേ…”
കിഷോറും ഷോണിമയും കിഷോറിന്റെ അമ്മയും അച്ഛനും ശരത്തും ഒക്കെയായിരുന്നു അത്.
“ആഹാ.. ആരൊക്കെയാ വന്നത്..വരൂ…ഇരിക്കൂ…”
അമ്മ ഹാളിലേക്കു വന്നു അവരെ സ്വീകരിച്ചിരുത്തി.
“മനുന്റെ കല്യാണം കഴിഞ്ഞു ഞങ്ങളൊന്ന് ഇവിടേക്ക് വന്നില്ലല്ലോ.. പിന്നെ കാലത്ത് മനു ക്ഷണിക്കും ചെയ്തു ഇന്ന് തന്നെ വരണം പറഞ്ഞു.. അപ്പോ വന്നിട്ട് പോവാന്ന് കരുതി…”
കിഷോറിന്റെ അമ്മ പറഞ്ഞത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി. ഞാൻ ചുണ്ട് കോട്ടി കാണിച്ചു പുച്ഛിച്ചു.
“അതിനെന്താ.. നല്ല കാര്യമല്ലേ.. ഇരിക്കൂ.. ഞാൻ ചായ എടുക്കാം..”
“ഹാ അമ്മ അവിടെ ഇരുന്നു അവരോട് സംസാരിക്ക്… അവര് ചായയും ഭക്ഷണം ഒക്കെ കഴിഞ്ഞിട്ടേ പോവുന്നുള്ളു… അതൊക്കെ ചെയ്യാൻ അടുക്കള ഏറ്റെടുത്ത അമ്മയുടെ മരുമോൾ ഇവിടെയില്ലേ.. അവൾ ചെയ്തോളും…”
ഞാൻ അവളെ നോക്കി ഗൂഢ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.
“മനു.. നീ.. അവൾക്ക് എല്ലാവർക്കും കൂടിയുള്ള ഫുഡ് ഒന്നും ശരിയാവില്ല…”
“ഹാ ഇങ്ങനൊക്കെ തന്നെ അല്ലേ ശരിയാവാ… ആ കൈപ്പുണ്യം ഞങ്ങളും ഒന്ന് അറിയട്ടെ…”
കിഷോറിന്റെ മറുപടി കേട്ട് അവൾ അവനെ നോക്കി കണ്ണുരുട്ടുന്നുണ്ട്. അതെല്ലാം നോക്കി ഞാൻ ഉള്ളിൽ അട്ടഹസിക്കുകയായിരുന്നു. എന്നോടാ അവളുടെ കളി… ഇന്നത്തോടെ അവളുടെ അടുക്കള ഭരണം നിർത്തുന്നത് എനിക്ക് കാണണം…
“ഹാ ആന്റി അവിടെ ഇരിക്ക്… എനിക്ക് കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ട്…”
കിഷോർ അമ്മയെ അവിടെ പിടിച്ചിരുത്തി. കിഷോറിന്റെ വീട്ടുക്കാരുടെ മുന്നിൽ അവൾക്ക് കുക്കിംഗ് അറിയില്ലെന്ന് പറഞ്ഞാൽ അവൾക്ക് കുറച്ചിൽ ആയിപ്പോവോ എന്ന ചിന്തയായിരുന്നു അമ്മയ്ക്ക്. ഇടയ്ക്ക് ആമിയെ പാളി നോക്കി അമ്മ അവിടെ ഇരുന്നു. വലിയമ്മയും വലിയച്ഛനും അത്യാവശ്യമായി വലിയമ്മയുടെ വീട്ടിൽ പോയതായിരുന്നു. അച്ഛൻ എത്തിയിട്ടും ഇല്ല.
“വാ ആമി.. ഞാനും വരാം നമ്മുക്കൊന്നിച്ച് ഫുഡ് ഉണ്ടാക്കാം..”
ഷോണിമ എഴുന്നേറ്റതും ഞാൻ അവളെ കലിപ്പിച്ചു നോക്കി.
“നീയെങ്ങോട്ട് ഇതവൾക്കുള്ളതാ. നിനക്ക് ഉള്ളതാവുമ്പോൾ പറയാം.. പോയി ഇരിക്കെടി അവിടെ…”
ഞാൻ പറഞ്ഞത് കേട്ട് കഷ്ട്ടമുണ്ട് മനുന് ചുണ്ട് കോട്ടി പറഞ്ഞു അവൾ അവിടെ തന്നെ ഇരുന്നു.
“അപ്പോ മരുമോൾ ചെല്ല്.. പോയി പണി തുടങ്ങിക്കോ…”
ഞാൻ അവളെ നോക്കി പറഞ്ഞതും അവൾ എന്നെ നോക്കി പേടിപ്പിച്ചു അടുക്കളയിലേക്ക് പോയി. അവൾക്ക് പിന്നാലെ ഞാനും പോയി.
“അപ്പോ മോളെ ആമി…എങ്ങനെയാ കാര്യങ്ങൾ.. തുടങ്ങുവല്ലേ…”
“ഡോ.. താൻ എനിക്ക് പണി തരാൻ മനഃപൂർവം അല്ലേ അവരെ വിളിപ്പിച്ചത്…”
“അതേലോ… എന്റെ ഭാര്യയുടെ കൈപ്പുണ്യം അവരും കൂടെയൊന്ന് അറിയട്ടെന്ന്…”
“ഉവ്വ.. എനിക്ക് എങ്ങും വയ്യ… വേണേൽ തന്നെ അങ്ങോട്ട് ഉണ്ടാക്കി കൊടുക്ക്.. താൻ വിളിച്ചിട്ടല്ലേ അവര് വന്നത്…”
“അതെങ്ങനെ നടക്കും.. അടുക്കള ഇനി മുതൽ ഇവിടുത്തെ മരുമോളുടെ കയ്യില്ലല്ലേ… ഐ ചലഞ്ച് യു.. ഇവിടെ ഒരാളുടെയും സഹായം ഇല്ലാതെ നീ ഇന്ന് അവർക്കുള്ള ഫുഡ് ഉണ്ടാക്കിയാൽ നീ പറയുന്നിടത്ത് ഈ മനു നിക്കും…ഇനി പറ്റിയില്ലെങ്കിൽ ഞാൻ പറയുന്നത് കേട്ട് ഇവിടെ അടങ്ങി ഒതുങ്ങി നീ കഴിയണം… റെഡി ആണോ…”
“ഓഹോ.. അത്രയ്ക്കയോ.. താൻ പറയുന്നത് കേട്ട് നിക്കാൻ ആമിയ്ക്ക് സൗകര്യല്ല..”
“ഹാ..എന്നാ അധികം വാചകമടിക്കാതെ പറഞ്ഞത് ചെയ്യാൻ നോക്കെടി..”
“ഹാ.. ചെയ്യാം.. ആമിയ്ക്ക് ഇതൊക്കെ നിസ്സാരം..”
“വോ.. കണ്ടാൽ മതി…”
“ഓ.. കാണാം.. തത്കാലം ഇയാളൊന്ന് പോയാട്ടെ…”
“വോക്കെ.. ഞാൻ ശല്യം ആവുന്നില്ല…”
അവളെ അവിടെ വിട്ടു ഞാൻ ഹാളിൽ ചെന്നിരുന്നു അവരോട് സംസാരിക്കാൻ തുടങ്ങി. ഉള്ളിലെ കാര്യം എന്താവും ഓർത്ത് അമ്മയുടെ മുഖത്തു നല്ല പരിഭ്രാന്തിയുണ്ടായിരുന്നു. അങ്ങനെ ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മഹി ഫോണും കൊണ്ട് എഴുന്നേറ്റു പോവുന്നത് കണ്ടു.
“നീയെങ്ങോട്ടാടാ…”
“ഏഹ്.. എനിക്കൊന്ന് എന്റെ റൂമിലേക്ക് പോവാനും വയ്യേ…”
“മ്മ്…റൂമിലേക്ക് തന്നെ ആയാൽ മതി..”
ഒരു നീട്ടിയൊരു മൂളൽ നൽകി ഞാൻ അവനെ നോക്കി. എന്നെ നോക്കി കൊഞ്ഞനം കുത്തി അവൻ റൂമിലേക്കു പോയി. പിന്നെ പെട്ടെന്ന് തന്നെ റെഡിയായി ഇറങ്ങുന്നത് കണ്ടു.
“അമ്മേ എന്റെ ഫ്രണ്ട് വിളിച്ചിരുന്നു.. ഒരു അർജന്റ് ഉണ്ട് ഞാൻ ഇപ്പോ വരാവേ…”
പറഞ്ഞു അവൻ ബൈക്കും എടുത്തു പോയി. ആ പോക്ക് അത്ര പന്തിയല്ലല്ലോന്ന് തോന്നിയത് കൊണ്ട് ഞാൻ മെല്ലെ അടുക്കളയിലോട്ട് ചെന്ന് ഫോണിൽ വീഡിയോ ഓൺ ആക്കി ആമി കാണാതെ അത് അവിടെ വെച്ച് പോന്നു.
അല്പം കഴിഞ്ഞു മഹിയുടെ ബൈക്ക് മുറ്റത്തേക്ക് കേറുന്ന സൗണ്ട് കേട്ടെങ്കിലും കുറച്ചു താമസിച്ചാണ് അവൻ ഉള്ളിലോട്ടു കയറിയത്. ഒരു സംശയത്തോടെ ഞാൻ അവനെ നോക്കി.
“എന്ത്.. ഇങ്ങനെ നോക്കാൻ…”
“ഓ.. നിനക്ക് ഈയിടെയായി ഗ്ലാമർ ഇത്തിരി കൂടിയല്ലോന്നോർത്ത് നോക്കിയതാ..”
“ഓ അതൊക്കെ ജന്മനാ കിട്ടിയതാ അതിൽ ഏട്ടൻ അസൂയപ്പെട്ടിട്ട് കാര്യമില്ല..”
“വോ… നടക്കട്ടെ നടക്കട്ടെ…”
“വോവോ…”
അവൻ അതും പറഞ്ഞു റൂമിലേക്ക് പോയി.
കുറച്ചു കഴിഞ്ഞതും ആമി ഒരു ബൗളിൽ ചിക്കൻ കറിയും കാസ്ട്രോളിൽ ചൂടുള്ള ചപ്പാത്തിയും കൊണ്ട് വന്നു വെച്ചു. എന്നിട്ടു അവൾ തന്നെ എല്ലാവർക്കും സെർവ് ചെയ്തു. യാതൊരു ചളുപ്പും ഇല്ലാതെ അവരോട് വലിയ വായിൽ വീമ്പു പറയുന്നവളെ നോക്കി ഞാൻ ഉള്ളിൽ ചിരിച്ചു. ഭക്ഷണവും കഴിച്ചു എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി. പോവുന്നതിനിടയിൽ കിഷോർ എന്നെ നോക്കി കണ്ണ് കാണിക്കുന്നുണ്ടായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന രീതിയിൽ. അവനോട് കുഴപ്പമില്ലന്ന് കൈ കൊണ്ട് കാണിച്ച് ഞാൻ യാത്രയാക്കി.
അവർ പോയതും അമ്മ ആമിയെ നോക്കി.
“ആമി മോളെ.. മോൾക്ക് ചിക്കൻ വെയ്ക്കാൻ ഒക്കെ അറിയായിരുന്നോ..”
“പിന്നെയ് .. ആമിയ്ക്ക് ഇതൊക്കെ നിസ്സാരം…”
എന്നിട്ട് എന്റെ നേരെ തിരിഞ്ഞു.
“അപ്പോ തുടങ്ങുവല്ലേ മനു ശങ്കർ.. ഇനി ആമി വരയ്ക്കും.. താൻ അവിടെ നിൽക്കും…”
.…ഹും ഇവൾക്ക് അറിയില്ലല്ലോ ഇവളുടെയും എന്റെ അനിയൻ പൊട്ടന്റെയും കള്ളത്തരം ഞാൻ പൊളിച്ചടുക്കുമെന്ന്…
ഓർത്തു കൊണ്ട് താടി ഉഴിഞ്ഞ് ഞാൻ അവളുടെ പ്രകടനം നോക്കി കാണുകയായിരുന്നു.
“വോക്കെ.. പക്ഷെ അതിന് മുന്നെ ഞാൻ എന്റെ ഫോൺ ഇവിടെ എവിടെയോ വെച്ചിരുന്നു.. ഒരു മിനിറ്റ് ഇപ്പോ വരാവേ…”
ഞാൻ അടുക്കളയിലേക്ക് കടന്നതും അവളും പിന്നാലെ വരുന്നത് കണ്ടു. അടുക്കളയിലെ ഷെൽഫിൽ പിന്തിരിഞ്ഞു വെച്ച ഫോൺ ഞാൻ കയ്യിലെടുത്തതും അവളുടെ മുഖം മാറി. പണി പാളിയെന്ന് മനസ്സിലായതും അവൾ എന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ച് മുകളിലേക്ക് ഓടി കയറി. അവൾക്ക് പിന്നാലെ ഞാനും ഓടി. പുറകിൽ നിന്നും അമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. അതിനൊന്നും ചെവി കൊടുക്കാനുള്ള നേരം ഇല്ലായിരുന്നു അപ്പോൾ. ഞങ്ങളുടെ റൂമിലേക്ക് ഓടി കയറിയവൾ ബാത്‌റൂമിൽ കയറി വാതിലടയ്ക്കാൻ വേണ്ടി ബാത്‌റൂമിന്റെ പടിയിൽ കാൽ വെച്ചതും സ്ലിപ് ആയി പിന്നിലേക്ക് മറിഞ്ഞതും ഒന്നിച്ചായിരുന്നു. വീഴുന്നത് കണ്ട് അവളെ താങ്ങാൻ പോയ ഞാനും ബാലൻസ് തെറ്റി അവൾക്കൊപ്പം താഴേക്ക് മറിഞ്ഞു. വീഴുന്നതിനിടയിൽ അവൾ എന്നെയും ഞാൻ അവളെയും മുറുകെ പിടിച്ചിരുന്നു. മുതുകടിച്ച് വീണത് ഞാനായത് കൊണ്ട് വേദനയിൽ കണ്ണുകൾ കൂട്ടിയടച്ചിരുന്നു. പതിയെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ എന്റെ കൈക്കുള്ളിൽ കിടന്നു എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെയാണ് കണ്ടത്. ഒരു നിമിഷം അവളുടെ കണ്ണുകളുമായി എന്റെ മിഴികൾ കോർത്തു. ശ്വാസം പോലും എടുക്കാനാവാതെ എന്റെ കണ്ണുകൾ അവളിൽ ആഴ്ന്നിറങ്ങി. ഒരു നിശ്വാസത്തിനപ്പുറം എന്നോട് ചേർന്ന് നിൽക്കുന്നവളെ നോക്കി നിൽക്കെ എന്നിൽ ആ പഴയ പ്രണയം നാമ്പെടുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അതിന്റെ പ്രതിഫലനം പോൽ ചുണ്ടിൽ ഒരു കുസൃതി ചിരി തെളിഞ്ഞതും എന്നെ നോക്കി കണ്ണ് തുറുപ്പിച്ച് അവൾ ശക്തിയായി പിടഞ്ഞു.
“പിടി വിടെടോ എനിക്ക് എഴുന്നേൽക്കണം…”
“ആഹാ.. എന്റെ മേലേക്ക് വീണിട്ട് നീ ആളാവുന്നോടി ഉണ്ടക്കണ്ണി…”
“ഉണ്ടക്കണ്ണി നിങ്ങടെ…”
“എന്ത് നിർത്തി കളഞ്ഞത്.. മുഴുവനും പറയെടി…”
“സൗകര്യല്ല.. താൻ വിട്ടേ…”
“ഞാൻ എപ്പോഴോ വിട്ടു മാഡം ഒന്ന് എഴുന്നേറ്റാൽ മതി…”
“ഓഹ്.. ഇതെപ്പോ…ഹും…”
പിടിത്തം വീട്ടിട്ടും എഴുന്നേൽക്കാതെ കിടന്നതിന്റെ ജാള്യത മറച്ചു വെച്ച് അവൾ മെല്ലെ എഴുന്നേറ്റു.
അവൾ എഴുന്നതിന്റെ പിന്നാലെ അവളെ നോക്കി ഒരു ചിരിയുള്ളിൽ ഒളിപ്പിച്ചു എഴുന്നേൽക്കാൻ നോക്കിയ ഞാൻ വേദന കൊണ്ട് അവിടെ തന്നെ വീണു പോയി. എങ്ങനെയോ വേദന കടിച്ചു പിടിച്ചു കൈ കുത്തി എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്റെ നേരെ അവൾ കൈ നീട്ടി. അവളെയൊന്ന് നോക്കിയതിനു ശേഷം ആ കൈയിൽ പിടിച്ചു ഞാൻ പതിയെ എഴുന്നേറ്റു. നിവർന്നു നിന്ന് ഞാൻ അവളെയൊന്ന് നോക്കി. എന്റെ നോട്ടം നേരിടാനാവാതെ അവൾ മുഖം തിരിക്കുന്നത് ഞാൻ ഒരു ചിരിയോടെ നോക്കി നിന്നു. പെട്ടെന്നാണ് എനിക്ക് എന്റെ ഫോണിന്റെ ഓർമ്മ വന്നത്.
ചുറ്റിലും നോക്കിയപ്പോൾ രണ്ടു കഷ്ണമായി പൊട്ടി കിടക്കുന്ന ഫോൺ കണ്ടു എന്റെ നെഞ്ച് കലങ്ങിയപ്പോൾ ആ ഭദ്രകാളി അവിടെ കിടന്നു അട്ടഹസിക്കുകയായിരുന്നു.
“എന്റെ ഫോൺ നശിപ്പിച്ചിട്ട് നിന്ന് കിണിക്കുന്നോടി ദുഷ്ടേ…”
“പിന്നെ ഞാൻ ഇവിടെ കിടന്നു നെഞ്ചത്ത് അടിച്ചു കരയണോ…അല്ല പിന്നെ..”.
“വീഴുമ്പോൾ നിനക്ക് ഒന്ന് ശ്രദ്ധിക്കായിരുന്നില്ലേ…”
“ഓ.. പിന്നെ.. വീഴുന്നതിനിടയ്ക്ക് ഞാൻ എന്നെ സേഫ് ആക്കാൻ നോക്കാതെ തന്റെ ഫോണും ആലോചിച്ചു ഇരിക്കുവാണല്ലോ.. ഒന്ന് പോടോ…”
“ഇവളെയൊക്കെ ഞാൻ കാണിച്ചു തരാടി നിനക്ക്.. ഇതൊന്ന് ശരിയാക്കി വരട്ടെ..നിന്റെ കള്ളത്തരം ഞാൻ പൊളിച്ചു തരുന്നുണ്ട്…”
“വോ.. അതിന് കാണിക്കാൻ അതിൽ വല്ലതും വേണ്ടേ… താൻ മനസ്സിൽ കാണുമ്പോൾ ആമി മാനത്ത് കാണും.. അതിലെ വീഡിയോ ഓഫ് ചെയ്തു വെച്ചിട്ടാണ് ആമി ഇതെല്ലാം ചെയ്തത്..പിന്നെ അതും കൊണ്ട് ഓടിയത്.. തന്റെ പണി ഏറ്റുവെന്ന് കുറച്ചു നേരത്തെങ്കിലും താൻ ചുമ്മാ ആശ്വസിച്ചോട്ടെന്ന് കരുതിയാ..ഇനി താൻ തെളിവ് കൊണ്ട് വരുന്നത് എനിക്ക് ഒന്ന് കാണണം…”
അത് കേട്ടതും ഞാൻ അവളെ നോക്കി പല്ല് കടിച്ചു.
“നിന്ന് പല്ല് കടിക്കാതെ പോയി ഫോൺ നന്നാക്കാൻ നോക്ക്..ഹേ..ഹും…”
വീണ്ടും അവൾക്ക് മുന്നിൽ വീണ്ടും തോറ്റതിന്റെ ചമ്മൽ കടിച്ചമർത്തി ഞാൻ കാറും എടുത്തു പുറത്തേക്ക് പോയി.
മൊബൈൽ ഷോപ്പിൽ കാണിച്ചു ഫോൺ ശരിയാക്കിയേരെ ഞാൻ അവിടെ വെച്ച് തന്നെ ആമിയുടെ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ.. അച്ഛാ…”
ഞാൻ അച്ഛായെന്ന് വിളിച്ചത് കേട്ടിട്ടാണോ എന്തോ കുറച്ചു നേരത്തേക്ക് അപ്പുറത്ത് നിന്ന് മറുപടിയൊന്നും കേട്ടില്ല. പിന്നെ
“ഹാ.. മോനേ.. പറയ്യ്…”
“അച്ഛാ.. എനിക്ക് അച്ഛനെയൊന്ന് കാണണം… ഞാൻ നാളെ കോഴിക്കോട് വരും… ഞാൻ വരുന്ന കാര്യം വേറെയാരും അറിയണ്ട… അച്ഛൻ അവിടെ കാണില്ലേ..”
“ഉവ്വല്ലോ.. മനു വന്നോളൂ…ഈ വരവ് ഞാൻ പ്രതീക്ഷിച്ചതാ.. ആരും അറിയില്ല…”
“മ്മ്.. ശരി അച്ഛാ.. അപ്പോ നാളെ കാണാം..”
“ശരി മോനേ…”
ഫോൺ വെച്ചതും ഉള്ളിൽ അന്നത്തെ വാക്കുകൾ ആയിരുന്നു.
….ആമി എന്തിന് എന്നോടുള്ള ഇഷ്ട്ടം വേണ്ടെന്ന് വെച്ചു… പിന്നീട് എന്തിന് അവൾ ഞങ്ങളെ ഒന്നിപ്പിക്കില്ലെന്ന് വെല്ലുവിളിച്ചു…അറിയണം… എനിക്ക് എല്ലാം അറിയണം..
(തുടരും )

by