25/05/2026

ഓർമ്മകളിലൂടെ : അവസാന ഭാഗം

രചന – മിയ അവ

രാവിലെ എഴുന്നേറ്റു കുളി കഴിഞ്ഞു ഒരുങ്ങി ഞാൻ താഴേക്കു ഇറങ്ങി. ആമി എന്നേക്കാൾ എത്രയോ മുന്നെ കുളി കഴിഞ്ഞു മായ മോളുടെ മുറിയിൽ കയറിയതാണ്. ഇത് വരെ ഇറങ്ങിയില്ല.. എന്താവോ രണ്ടും കൂടി അവിടെ പരിപാടി…കുറച്ചു നേരം വെയിറ്റ് ചെയ്തേരെ ഞാൻ പുറത്തേക്കിറങ്ങി. ഫ്രന്റ്‌ കാം ഓൺ ആക്കി സ്വയം സൗന്ദര്യം ആസ്വദിച്ചു. വാർഷികം പ്രമാണിച്ചു വലിയച്ഛൻ വാങ്ങിച്ചു തന്ന പുതിയ ഡ്രസ്സ്‌ ആണ്. മെറൂൺ കളർ കുർത്തയും കസവു മുണ്ടും. ആ ലുക്കിൽ മൂന്നാല് സെൽഫി എടുത്തു കൊണ്ട് ഇരിക്കുമ്പോഴാണ് ഉള്ളിൽ നിന്ന് ആ ശബ്ദം കാതിലെത്തിയത്.

“അമ്മേ അച്ഛാ വലിയച്ച വലിയമ്മേ ടാ മഹി…ഞാൻ ഇറങ്ങുവാണേ…”

… ഹോ.. കഴിഞ്ഞോ ഒരുക്കമെന്ന് മനസ്സിൽ ഓർത്തു തിരിഞ്ഞതും ഒറ്റ നോക്കിൽ തന്നെ കണ്ണുകൾ വിടർന്നു പോയി. പീച്ച് കളറിൽ വൈറ്റ് ത്രെഡ് വർക്ക്‌ വരുന്ന സാരി മനോഹരമായി ഞൊറിഞ്ഞുടുത്ത്…ഇരു സൈഡിൽ നിന്നും രണ്ടിഴ മാത്രം എടുത്തു ചുമ്മാ ക്ലിപ്പ് ചെയ്തു അഴിച്ചിട്ടിരിക്കുന്ന നീണ്ട ഇടതൂർന്ന മുടിയും…കരിമഷി കൊണ്ട് കറുപ്പിച്ചു വെച്ച കണ്ണുകളും…വിടർന്ന പുഞ്ചിരിയുമായി അവളിന്ന് പതിവിലും സുന്ദരിയായി തോന്നി. കണ്ണ് എടുത്തു മാറ്റാനാവാതെ അവളിൽ തന്നെ തളർന്നു വീണു പോയി ഞാൻ.

“അതേയ് എട്ടോയ്.. ഇവിടെ തന്നെയിങ്ങനെ നോക്കി നിൽക്കാനാണ് ഭാവമെങ്കിൽ ഇന്ന് അമ്പലത്തിൽ നട അടച്ചാലും അവിടെ എത്തലുണ്ടാവില്ല ട്ടോ…”

മുഖത്തിന് നേരെ കൈ വീശി മായ മോള് പറഞ്ഞപ്പോഴാണ് എന്റെ കണ്ണുകൾ എന്നിലേക്ക് മടങ്ങിയത്. നോക്കിയപ്പോൾ അമ്മയും അച്ഛനും വലിയമ്മയും വലിയച്ഛനും മഹിയും എന്തിന് രാമു മാമാ വരെ എന്നെ കളിയാക്കി ചിരിക്കുന്നു. നിന്ന നിൽപ്പിൽ ഉരുകി പോയ അവസ്ഥയെന്നൊക്കെ പറയില്ലേ.. ഇത് അത് തന്നെ…പെട്ടെന്ന് തന്നെ മുഖം തിരിച്ച് ഞാൻ കാറിന്റെ ഡോർ തുറക്കാൻ ഒരുങ്ങിയതും

“ഏട്ടാ വേണേൽ ഒന്ന് മുഖം കഴുകിയേക്ക്…”

“എന്തിനാടാ..എന്ത്..മുഖത്ത് വല്ലതും…”

ചോദിച്ചു കൊണ്ട് ഞാൻ മിററിലേക്ക് നോക്കി മുഖം തുടച്ചതും ആ കൊരങ്ങന്റെ അടുത്ത കമന്റ്‌ വന്നത്.

“അല്ല.. ഇപ്പോ നന്നായി ഒന്ന് ചമ്മി നാറിയില്ലേ.. അതിന്റെ വല്ല പാടുകളും ഉണ്ടേൽ പോട്ടെന്ന് കരുതിയാ…”

“ഹോ.. അവന്റെ ഒരു വളിഞ്ഞ കോമഡി..”

ഞാൻ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് കാറിൽ കയറി ഹോണടിച്ചു. അവൾ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് കാറിലേക്ക് കയറി. പതിവിൽ നിന്നും വിപരീതമായി അന്ന് അവൾ അരികിലിരുന്നപ്പോൾ കൈകൾക്ക് പോലും ഒരു വിറയൽ പോലെ…ശ്വാസഗതി കൂടി… ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തേക്ക് ഉയരുന്നുണ്ടോന്ന് പോലും തോന്നിപ്പോയി. ശ്വാസം ആഞ്ഞു വലിച്ച് സ്റ്റിയറിങ്ങിൽ കയ്യമർത്തി ഞാൻ പതിയെ സ്റ്റാർട്ട്‌ ചെയ്തു. വണ്ടി നീങ്ങി തുടങ്ങിയതും അവൾ കയ്യ് നീട്ടി എഫ് എം ഓൺ ആക്കി. അതിൽ നിന്നൊഴുകി വന്ന പാട്ട് മനസ്സിന്റെ ആഴങ്ങളിൽ വന്നു തൊട്ടു. ആ വരികൾ ഹൃദയത്തെ അവളോട് കൂടുതൽ ചേർത്ത് നിർത്തി….

……അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം….
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം…. (2)
ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം…
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം…
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം…..

ചൊടികളിൽ പോലും പ്രണയത്തിന്റെ തുടിപ്പുണർത്തി അതെന്നിൽ പെയ്തിറങ്ങി…

“നിർത്തിക്കെ നിർത്തിക്കെ…”

കയ്യിൽ പിടിച്ചു കുലുക്കി അവൾ പറഞ്ഞപ്പോൾ ഞെട്ടി പിടച്ച് ഞാൻ വണ്ടി ഒതുക്കി.

“എന്താ.. എന്ത് പറ്റി….”

“എനിക്ക് കുറച്ചു മുല്ലപ്പൂ വാങ്ങിച്ചു തന്നെ…”

“ന്തോന്നു…”

“മുല്ലപ്പൂ… ന്ത്‌ ഇത് വരെ കേട്ടിട്ടില്ലേ…”

“ഏഹ്.. അതെന്തിന് ഇപ്പോ മുല്ലപ്പൂ.. നീ കല്യാണത്തിന് വല്ലോം പോണോ…”

“വോ കല്യാണത്തിന് പോവുമ്പോ മാത്രം ആണോ മുല്ലപ്പൂ ചൂടുന്നെ…ഹും…”

“അതല്ല.. പക്ഷെ.. നീ മുല്ലപ്പൂ ഒക്കെ.. അതൊക്കെ കുറച്ചു അടക്കവും ഒതുക്കവും ഉള്ളവരല്ലേ വെച്ച് കാണാറ്…”

“ദേ.. നിങ്ങൾ വെറുതെ രാവിലെ തന്നെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കും…”

“ഹ ഹ ഹ.. ഞാൻ ചുമ്മാ പറഞ്ഞതാ.. എന്നാലും ഇന്നെന്താ മുല്ലപ്പൂവിനോടൊരു ആഗ്രഹം… മ്മ്…”

“അത് പിന്നെ ഇന്ന് വാർഷികം ഒക്കെ അല്ലേ… എനിക്ക് എന്റെ കല്യാണത്തിന് പോലും ഇത്തിരി പൂവ് വെയ്ക്കാൻ ഭാഗ്യം ഉണ്ടായില്ലല്ലോ.. അപ്പോ പിന്നെ വാർഷികത്തിന് കുറച്ചു പൂ വെയ്ക്കാന് കരുതി… നിന്ന് പൊട്ടം കളിക്കാതെ വാങ്ങിച്ചിട്ട് വാ മനുഷ്യാ…”

“ഓഹോഹോ… വോക്കെ….”

ചുണ്ടിലൂറിയ കുസൃതി ചിരിയോടെ ഞാൻ അവളെയൊന്ന് നോക്കിയിട്ട് കാറിൽ നിന്നിറങ്ങി. വാഴയിലയിൽ പൊതിഞ്ഞു ഒരു മുളം മുല്ലപ്പൂ അവൾക്ക് നേരെ നീട്ടിയപ്പോൾ അവളുടെ നുണക്കുഴികൾ വിടരുന്നത് ഞാൻ നോക്കി കണ്ടു. കാറിൽ വെച്ച് തന്നെ ആ നീണ്ട മുടിയിൽ മുല്ലപ്പൂ കോർത്തു അവളെന്നെ നോക്കി.

“പോവാം…”

“ഏഹ്… ഹാ…”

അവളിൽ കുരുങ്ങി കിടക്കുകയായിരുന്ന കണ്ണുകൾ മാറ്റി ഞാൻ വണ്ടിയെടുത്തു.

ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോഴേക്കും ഒരുവിധം തിരക്കുകൾ ഒക്കെ ഒഴിഞ്ഞിരുന്നു. അതുകൊണ്ട് വഴിപാട് കഴിപ്പിക്കലൊക്കെ പെട്ടെന്ന് തന്നെ നടന്നു. അമ്പലത്തിന് ചുറ്റും വലം വെച്ച് വന്നു നടയിൽ നിന്ന് കണ്ണടച്ച് കൈ കൂപ്പി മനസ്സുരുകി ദൈവങ്ങൾക്ക് നന്ദി പറഞ്ഞു. ഈ സൗഭാഗ്യത്തെ എന്നിലേക്ക് തന്നെ ചേർത്ത് വെച്ചതിന്… ഞാൻ കണ്ണുകൾ തുറന്നപ്പോഴും അവൾ കണ്ണടച്ച് കാര്യമായ പ്രാർത്ഥനയിലാണ്. കുറച്ചു നേരം അവളെ തന്നെ അങ്ങനെ നോക്കി നിന്ന് പോയി. പിന്നെ അരികിൽ ചെന്ന് കാതിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ഇങ്ങനെ എല്ലാം കൂടി ഒന്നിച്ചു പറഞ്ഞാൽ പുള്ളിക്കാരന് താങ്ങാൻ പറ്റിയെന്നു വരില്ല ട്ടോ…”

കൂമ്പിയ മിഴികൾ മെല്ലെ തുറന്നു അവൾ എന്നെ നോക്കി.

“വോ നമ്മൾ ഇവിടെ വല്ലപ്പോഴുമൊക്കെ വരുന്ന ആളുകളാ.. നിങ്ങളെയൊക്കെ പോലെ എപ്പോഴും വന്നു മൂപ്പരെ ശല്യപ്പെടുത്താറില്ല… അതോണ്ട് ഞാൻ ഇത്തിരി നീണ്ട കാര്യങ്ങൾ പറഞ്ഞാലും അങ്ങേര് കേട്ടിരുന്നോളും… ല്ലേ ന്റെ കൃഷ്ണ…”

നടയിലേക്ക് നോക്കി ചുണ്ട് കൂർപ്പിച്ച് ചോദിക്കുന്നവളോട് അപ്പോൾ മനസ്സിൽ നിറഞ്ഞത് അതിര് കവിഞ്ഞ വാത്സല്യമാണ്.

“മ്മ്.. എന്നാ പിന്നെ നടക്കട്ടെന്ന് ” പറഞ്ഞ് ഞാൻ ആ കള്ള കൃഷ്ണനെ നോക്കി വീണ്ടും തൊഴു കയ്യോടെ നിന്നു. ഉള്ളിൽ നിന്നിറങ്ങി വന്നു പൂജാരി തീർത്ഥം നൽകിയപ്പോൾ ഇരു കൈകളോടും കൂടി അത് വാങ്ങി തിരിഞ്ഞു നടക്കാൻ നിന്ന എന്റെ കൈകളിൽ അവളുടെ കൈ വന്നു തൊട്ടപ്പോൾ ഒരു സംശയത്തോടെയാണ് ഞാൻ അവളുടെ നേരെ നോക്കിയത്. പ്രസാദമായി കിട്ടിയ ഇലചീന്തിൽ നിന്ന് ഒരു നുള്ള് ചന്ദനം വിരലിലാക്കി എന്റെ നെറ്റിയിൽ അവൾ കുറി വരയ്ക്കുമ്പോൾ എന്റെ മിഴികൾ അവളിലെ ചലനങ്ങളെ നോക്കി കാണുകയായിരുന്നു. കണ്ണുകളിൽ കുസൃതി നിറഞ്ഞിട്ടുണ്ട്… ചൊടികളിൽ വിരിഞ്ഞ നാണത്തിൽ കുതിർന്ന ചിരിയിൽ ആ നുണ കുഴികൾ മുഖത്ത് കൂടുതൽ തെളിമയോടെ നിന്നു… കവിളുകൾ പോലും പ്രണയത്താൽ തുടുത്ത പോലെ തോന്നി…
അത്ഭുതത്തോടെ… അതിലേറെ സന്തോഷത്തോടെ ഞാൻ അവളെ ഉറ്റു നോക്കി. എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി അതേ പുഞ്ചിരിയോടെ അവൾ..

“നേതാവിന് ഇന്നൊരു സർപ്രൈസ് ഉണ്ട്…”

“സർപ്രൈസോ… എന്താ അത്…”

“അത് കൊള്ളാം… അത് പറയുവാണേൽ പിന്നെ എങ്ങനാ സർപ്രൈസ് ആവാം… വീട്ടിൽ എത്തട്ടെ തരുന്നുണ്ട് ഞാൻ…”

ആദ്യമായിട്ടാണ് ആ മുഖം ഇത്രയും നാണത്താൽ ചുവക്കുന്നത് ഞാൻ കാണുന്നത്. മുന്നിൽ നടക്കുന്നത് സ്വപ്നമാണോന്ന് വരെ തോന്നി പോയി എനിക്ക്.

“ഇറങ്ങാം..?..”

അവൾ ചോദിച്ചപ്പോൾ വിടർന്ന പുഞ്ചിരി ആയിരുന്നു എന്റെ മുഖത്ത്.

“മ്മ്.. വാ…”

ഒരിക്കൽ കൂടി അമ്പലം വലം വെച്ച് ഞങ്ങൾ ഇറങ്ങി. കാറിൽ മുന്നോട്ട് പോവുമ്പോൾ വീണ്ടും ആ പാട്ടു കാതിൽ ഒഴുകി നടന്നു.

…..ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം… ഒരുമിച്ചാ മാനത്തെ മുകിലായി തീരാം.. ഒരുമിച്ചാ മാനത്തെ മുകിലായി തീരാം……

ഫോൺ റിങ് ചെയ്തപ്പോൾ ഞാൻ വണ്ടി ഒരു അരികിലേക്ക് ഒതുക്കി നിർത്തി.

“ഹാ അമ്മേ പറ….”

“മനു.. ഞാൻ നിന്റെ വാട്സാപ്പിലേക്ക് ഒരു ലിസ്റ്റ് അയച്ചിട്ടുണ്ട്.. വരുന്ന വഴി അതൊക്കെ ഒന്ന് വാങ്ങിച്ചിട്ട് വരണേ… എന്നിട്ട് നിങ്ങൾ പെട്ടെന്ന് ഇങ്ങു വാ.. ഇവിടെ കുറച്ചു ഗസ്റ്റ് ഒക്കെ എത്തിയിട്ടുണ്ട്.. നിങ്ങളെ അന്വേഷിക്കുന്നു…”

“ഗസ്റ്റോ.. ആഹാ..അപ്പോ നിങ്ങളിത് വലിയ പരിപാടി ആക്കുവാണോ…”

“പിന്നല്ലാതെ… ഞങ്ങൾക്കിത് ആഘോഷിക്കാനുള്ള ദിവസമല്ലേ… എല്ലാവരും ഭയങ്കര സന്തോഷത്തിലാ… നിങ്ങൾ പെട്ടെന്ന് വായോ…”

“ഓഹോ.. ഓക്കേ എന്നാ സന്തോഷം ഒട്ടും കുറയ്ക്കണ്ട.. ഞങ്ങളിതാ എത്തി…”

“അമ്മയെന്താ പറഞ്ഞേ…”

ഫോൺ വെച്ചപ്പോഴാണ് അവൾ ചോദിച്ചത്.

“ഹാ അവര് ഇത് വലിയ ആഘോഷമാക്കാനുള്ള പരിപാടിയാ.. ഗസ്റ്റ് ഒക്കെ വന്നു തുടങ്ങിയെന്ന്… നമ്മളോട് പെട്ടെന്ന് എത്താനാ പറഞ്ഞത്.. അതിന് മുന്നെ കുറച്ചു സാധനങ്ങൾ വാങ്ങിക്കാനുണ്ട്… നീ ഇവിടിരിക്ക്.. ഞാൻ ആ കടയിൽ പോയി എല്ലാം വാങ്ങിച്ചിട്ട് വരാം…”

“മ്മ്… വോക്കെ…”

അവളെ നോക്കി ചെറുതായി കണ്ണിറുക്കി കാണിച്ചു ഞാൻ വണ്ടിയിൽ നിന്നിറങ്ങി കടയിലേക്ക് നടന്നു. അവളും എന്റെ പിന്നാലെ ഡോർ തുറന്നു ഇറങ്ങുന്നത് കണ്ടിരുന്നു. സാധനങ്ങൾ വാങ്ങിക്കുന്നതിനിടയിൽ ഞാൻ ഒന്ന് പുറത്തേക്ക് പാളി നോക്കിയപ്പോൾ കാറിൽ ചാരി എനിക്കായി കാത്തു നിൽക്കുന്നവളെ കണ്ടു മനസ്സ് സന്തോഷം കൊണ്ട് മൂടുകയായിരുന്നു. എല്ലാം വാങ്ങിച്ചു കടക്കാരന് കാശും കൊടുത്തു ഞാൻ ഇറങ്ങി. റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്. കമ്പനിയിൽ നിന്നുള്ള ഇമ്പോർടന്റ് മെസ്സേജ് ആയത് കൊണ്ട് ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു. നോട്ടം ഫോണിൽ ആയത് കൊണ്ട് കാലുകൾ മുന്നോട്ട് ചലിച്ചത് എന്തു കൊണ്ടോ ഞാൻ അറിഞ്ഞില്ല….

“….മനുവേട്ടാ………..”

ആമിയുടെ നീട്ടിയുള്ള വിളിയിൽ ഫോണിൽ നിന്ന് തല പൊക്കും മുന്നെ കൈകൾ കൊണ്ട് എന്നെ അവൾ മുന്നിലേക്ക് വലിച്ചിട്ടിരുന്നു. ശക്തിയിൽ മുന്നിലേക്ക് മാളി പോയ ഞാൻ എന്താ നടക്കുന്നതെന്നോർത്ത് തിരിഞ്ഞപ്പോഴേക്കും അതി വേഗത്തിൽ വന്ന കാറിലിടിച്ച് മുകളിലേക്കുയർന്ന് ഞാൻ നിൽക്കുന്ന വശത്തേക്ക്…എന്റെ അരികിലേക്കായി അവൾ തെറിച്ചു വീണിരുന്നു.

“….ആമി……………”

മുന്നിലെ കാഴ്ചയിൽ വിറങ്ങലിച്ചു പോയ ഞാൻ എങ്ങനെയൊക്കെയോ ചോരയിൽ മുങ്ങിയ ആ മുഖമെടുത്ത് മടിയിലേക്ക് വെയ്ക്കുന്നതിനിടയിൽ ഇടിച്ചിട്ട് നിർത്താതെ പോവുന്ന ആ കാറിലേക്ക് എന്റെ നോട്ടം പോയിരുന്നു… ഓടിക്കുന്നതിനിടയിൽ ഒരു വേള പുറത്തേക്ക് തലയിട്ട് തിരിഞ്ഞു നോക്കിയ ആ മുഖം ഞാൻ അപ്പോൾ വ്യക്തമായി കണ്ടു… അത്… അതവളായിരുന്നു….. ആ രാക്ഷസി…. ആട്ടിൻ തോലിട്ട ആ ചെന്നായ…അമ്മു….

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“വാട്ട്…. സത്യം… സത്യമാണോ അങ്കിൾ.. അത്… അത് ചെയ്തത്…”

“അതെ… അവൾ തന്നെ…എന്റെ ആമിയെ… ഈ കണ്മുന്നിലിട്ട് തട്ടി തെറിപ്പിച്ചു കടന്നു കളഞ്ഞു അവൾ…”

പറയുമ്പോൾ മനുവിന്റെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു. മുഷ്ട്ടി ചുരുട്ടി ആ ദേഷ്യത്തെ അവൻ പിടിച്ചു നിർത്തുന്നത് നോക്കി നിന്ന ശ്രീക്കുട്ടി കണ്ണുകൾ കൂട്ടിയടച്ചു. മനുവിൽ നിന്ന് കേട്ട സത്യത്തെ ഉൾകൊള്ളാൻ അവളുടെ മനസ്സിന് സാധിക്കുന്നില്ലായിരുന്നു. മനുവുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതും അവനെയും ആമിയെയും തമ്മിൽ അകറ്റാൻ നോക്കിയതുമൊക്കെയേ തന്റെ അമ്മയുടെ ചെയ്തികളായി അവളുടെ അറിവിലുണ്ടായിരുന്നുള്ളു. എന്നാൽ ആമി ആന്റിയെ ഈ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റിയത് തന്റെ അമ്മയുടെ കൈകളാണെന്നത് അവളുടെ മനസ്സിന് ഒരു ആഘാതം തന്നെ സൃഷ്ടിച്ചു. ഇത്ര മാത്രം ക്രൂരമാവാൻ അമ്മയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നോർത്ത് അവളുടെ മനസ്സ് കണ്ണീരിൽ കുതിർന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“മനു… മനുവേട്ടാ….ഞാൻ… എനിക്ക്….”

വേദനയിൽ പിടയുന്ന അവളുടെ വാക്കുകൾ ആണ് അമ്മുവിൽ നിന്നുള്ള എന്റെ നോട്ടത്തെ പിൻവലിച്ചത്.
മടികളിലേക്ക് വെച്ച ആ മുഖം ഞാൻ കൈകളിൽ കോരിയെടുത്തു.

“..ആമി….”

ഇടറി പോയിരുന്നു ശബ്ദം. ചങ്ക് പറിഞ്ഞു പോവുന്ന പോലെ വേദന തോന്നി… ആ കാഴ്ച കാണാനാവാതെ ശരീരം കുഴഞ്ഞു പോവുന്നത് പോലെ… കണ്ണിൽ നിന്ന് അണപ്പൊട്ടിയൊഴുകുന്ന കണ്ണുനീരിനെ തടഞ്ഞു നിർത്താനായില്ല…അവസാനമില്ലാതെ അത് അവളുടെ മുഖത്തേക്ക് ഊർന്നിറങ്ങി…ചൂട് ചോര എന്റെ മുണ്ടിലേക്ക് പടർന്നു കയറി…

“മനുവേട്ടാ.. എനിക്ക് ചിലത്… ചിലത് പറയാനുണ്ട്… ഞാൻ… എനിക്ക്… വെറുപ്പല്ലായിരുന്നു… ന്റെ… ന്റെ പ്രാണനായിരുന്നു…ഇഷ്ട്ടം.. ഇഷ്ട്ടാണ് ഒത്തിരി….”

ആ മുഖത്തേക്ക് വീണു പോയിരുന്നു ഞാൻ. മുഖത്തേക്ക് മുഖം ചേർത്ത് ആ നെറ്റിയിൽ അമർത്തി ചുംബിച്ചു…

“അറിയാടാ… ഞാൻ..എനിക്കിത്… നീ എന്തിനാടാ എന്നെ തള്ളി മാറ്റിയത്… ഇത്.. എനിക്കുള്ള വിധിയല്ലേ…ഞാനല്ലേ.”

“ഹേയ്… ഞാൻ.. ഞാനിപ്പോ ഹാപ്പി ആണ്… എന്താനറിയോ… ന്റെ… ന്റെ മരണം വരെ.. ഈ താലി എന്റെ കഴുത്തിൽ ഉണ്ടാവാണേന്നാ ഞാൻ..ഇപ്പോ പോലും…പ്രാർത്ഥിച്ചത്… അത്.. അത് സാധിച്ചല്ലോ.. നിക്ക്.. നിക്കത് മതി…”

അവിടെ ഇരുന്നു എന്റെ കൈകളിൽ വാരിയെടുത്ത് ഞാൻ അവളെ ആഞ്ഞു പുൽകി….ആ മുഖത്തേക്ക് മുഖം അമർത്തി ചങ്ക് പൊട്ടി ഞാൻ കരഞ്ഞു…
ചുറ്റിലും ആളുകൾ തടിച്ചു കൂടുന്നുണ്ടായിരുന്നു. ആരൊക്കെയോ അരികിലിരുന്ന് അവളെ പൊക്കാൻ ഒരുങ്ങിയപ്പോൾ പിടപ്പോടെ അവളെന്റെ കൈകൾ മുറുക്കി പിടിച്ചു….

“ഏട്ടാ… ഞാൻ.. ഞാൻ… പോകുവാ…

ശ്വാസം വിലങ്ങുന്നുണ്ടായിരുന്നു അവൾക്ക്… മുകളിലേക്ക് ശ്വാസം വലിച്ചെടുത്ത് അവൾ എന്നെ മുറുക്കി പിടിച്ചു…പ്രാണൻ അടർന്നു പോവുന്ന വേദന ആ പിടിയിൽ ഞാൻ അറിയുന്നുണ്ടായിരുന്നു…തുറിച്ച കണ്ണുകളോടെ അവൾ എന്നെ നോക്കി…

“അമ്മു… അവളെ…അവളെ വിട്ടേക്ക്.. പിന്നാലെ പോവരുത്….

ഒടുവിൽ പറഞ്ഞ വാക്കിനൊപ്പം അവൾ ശ്വാസം മുകളിലേക്ക് ആഞ്ഞു വലിച്ചു… എന്നിൽ മുറുകിയ പിടി മെല്ലെ അയഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു… എന്റെ മുഖത്തു തറഞ്ഞു നിന്ന കണ്ണുകളിലെ കൃഷ്ണമണി മേലോട്ട് ഉയർന്നു…ശരീരത്തിൽ തണുപ്പ് പടർന്നു…ജീവന്റെ അവസാന കണികയും പതിയെ അവളിൽ നിന്നകന്നു പോവുന്നത് നടുക്കത്തോടെ ഒരു വിരല് പോലും അനക്കാനാവാതെ ഞാൻ നോക്കി നിന്നു…. എന്റെ പിടിയിൽ ഉണ്ടായിരുന്ന കൈ താഴേക്ക് ഊർന്ന് വീണപ്പോൾ വിറങ്ങലിച്ചു പോയി ഞാൻ… കണ്ണുകൾ പോലും മിഴിനീരൊഴുക്കാൻ മറന്നു….പ്രാണൻ പൊടിയുന്ന വേദന സിരകളിലേക്ക് ഇരച്ചു കയറി… ഒരു നിമിഷം… ഒരൊറ്റ നിമിഷം കൊണ്ട് എന്റെ ലോകം തന്നെ അവിടെ അവസാനിച്ചു…. വിളി കേൾക്കാൻ അവളില്ലെന്നറിഞ്ഞിട്ടും ഉറക്കെ… നെഞ്ച് പൊട്ടി ഉച്ചത്തിൽ വിളിച്ചു…

“…….ആമി……………”

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കിതപ്പോടെ മനു പിന്നിലേക്ക് ചാഞ്ഞു…. കണ്ണുകളിൽ നിന്നൊഴുകിയിറങ്ങിയ ചൂട് കവിളിനെ പൊള്ളിച്ചു…

“എന്നെ… എന്നെ ഇവിടെ തനിച്ചാക്കി… എന്റെ മരണത്തെയും കൊണ്ട് അവൾ പോയി…. അവളുടെ പ്രാണൻ പകരം കൊടുത്ത് അവൾ എന്നെ… എന്നെ….”

വാക്കുകൾ മുഴുമിപ്പിക്കും മുന്നെ മനു ഒരു വശത്തേക്ക് ഊർന്ന് വീണു.

“അങ്കിൾ… അങ്കിൾ… അയ്യോ… രാമുവങ്കിൾ…”

ശ്രീക്കുട്ടി അടുത്തെത്തി മനുവിനെ താങ്ങി നിർത്താൻ പണിപ്പെട്ടു.

“എന്താ.. എന്ത് പറ്റി… അയ്യോ മോനേ.. മനു കുഞ്ഞേ….”

അവരുടെ അടുത്തേക്ക് ഓടിയടുത്ത രാമു മനുവിനെ താങ്ങി ഇരുത്തി. അപ്പോഴേക്കും ശ്രീക്കുട്ടി ഓടിപ്പോയി അവിടെയുള്ള പൈപ്പ് തുറന്നു അതിൽ കുടുക്കിയ ഓസും കൊണ്ട് മനുവിന്റെ അടുത്തേക്ക് ഓടി അവന്റെ മുഖത്തേക്ക് വെള്ളം തളിച്ചു. വെള്ളത്തിന്റെ ചീറ്റലിൽ മനു പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു.

“എന്താ കുഞ്ഞേ.. എന്ത് പറ്റി…”

രാമുവിന്റെ ശബ്ദത്തിൽ ആധി നിറഞ്ഞിരുന്നു.

“ഏയ്‌ കുഴപ്പല്ല്യ…രാമുമാമേ.. എനിക്കൊന്ന് കിടക്കണം… എന്നെ ഒന്ന്..”

“ആ കുഞ്ഞേ ഞാൻ പിടിക്കാം…”

രാമുവും ശ്രീക്കുട്ടിയും കൂടി മനുവിനെ പതിയെ എഴുന്നേൽപ്പിച്ചു. രാമുവിന്റെ കൈകളിൽ പിടിച്ചു മനു മെല്ലെ മെല്ലെ നടന്നു റൂമിലേക്ക് പോയി. ഏതോ ലോകത്തെന്ന പോലെ ശ്രീക്കുട്ടിയും അവർക്കൊപ്പം നടന്നു. ഉമ്മറത്തേക്ക് കയറിയ അവൾ ചാരുപ്പടിയിലേക്ക് ഇരുന്നു പോയി. സങ്കടമോ ദേഷ്യമോ എന്തൊക്കെയോ പുറത്തു വരാനാവാതെ ഉള്ളിൽ കിടന്നു വിങ്ങുന്നത് പോലെ തോന്നി അവൾക്ക്.

“കുട്ടി ഭയന്നോ…”

പുറത്തേക്ക് ഇറങ്ങി വന്ന ശ്യാമ ഞെട്ടി തരിച്ചുള്ള ശ്രീക്കുട്ടിയുടെ ഇരിപ്പ് കണ്ട് ചോദിച്ചു.

“മ്മ്…”

തിങ്ങി കൂടിയ സങ്കടം കൊണ്ട് വാക്കുകൾ മൂളലിൽ ഒതുങ്ങി പോയി. പിടിച്ചു നിർത്തിയിട്ടും അവളുടെ മിഴിയിൽ നിന്നും കണ്ണുനീർ കവിളിലേക്കിറങ്ങി.

“ഹേയ്.. സാരല്യ കുട്ട്യേ… അത് പെട്ടെന്ന് ടെൻഷൻ കേറിയതാ… ഒന്ന് കിടന്നാൽ നേരെയാവും… കുട്ടി വിഷമിക്കണ്ട…”

“മ്മ്…”

ഒരു നിമിഷം രണ്ടു പേരും പരസ്പരം മിണ്ടിയില്ല.

“ആമി മോളുടെ മരണം നേരിൽ കണ്ടപ്പോൾ കുഴഞ്ഞു വീണതാ ന്റെ മനുക്കുട്ടൻ… പിന്നെ കണ്ണ് തുറക്കുന്നത് രണ്ടു ദിവസങ്ങൾ കഴിഞ്ഞാണ്… നേരിയ തോതിൽ ശ്വാസം എടുക്കുന്നത് മാത്രമായിരുന്നു ആ രണ്ടു ദിവസങ്ങളിൽ അവനിൽ ജീവനുണ്ടെന്ന ഞങ്ങളുടെ ആശ്വാസം…കണ്ണ് തുറന്ന അവൻ ആ ഹോസ്പിറ്റൽ മൊത്തം കേൾക്കെ അലറി വിളിച്ചു…കയ്യിൽ കുത്തിയ ഡ്രിപ് എല്ലാം വലിച്ചൂരി.. കണ്ണിൽ കണ്ടതെല്ലാം എറിഞ്ഞുടച്ച് ആ ഹോസ്പിറ്റൽ വരാന്തയിലൂടെ ഇറങ്ങിയോടി…സെക്യൂരിറ്റികളും ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചു കൊണ്ട് വന്നു കിടത്തി ഞരമ്പിലേക്ക് മരുന്ന് കുത്തി കേറ്റിയപ്പോൾ മയക്കം വന്ന കണ്ണുകൾ അടയുമ്പോൾ വിറയ്ക്കുന്ന ചുണ്ടുകളിലൂടെ ആ പേര് മാത്രം പതിഞ്ഞ സ്വരത്തിൽ പുറത്തേക്ക് വന്നു… ആമി….”

ശ്യാമ സാരി തലപ്പു കൊണ്ട് കണ്ണുനീർ ഒപ്പി. ശ്രീക്കുട്ടി അനക്കമില്ലാതെ അത് നോക്കി നിന്നു.

“പിന്നെ നാല് വർഷങ്ങൾ… നാല് വർഷങ്ങൾ.. ന്റെ കുഞ്ഞ്.. സ്വബോധമില്ലാതെ… ഒരു മനോരോഗിയായി…കരുണ മെന്റൽ ഹോസ്പിറ്റലിലെ അടഞ്ഞിട്ട മുറിയിൽ…”

തൊണ്ട കുഴിയിൽ വെച്ച് വാക്കുകൾ മുറിഞ്ഞു പോയി. ശ്രീക്കുട്ടിയുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു… അപ്പോഴേക്കും മനുവിനെ മുറിയിൽ കിടത്തി രാമുവും ഉമ്മറത്തേക്ക് വന്നിരുന്നു.

“പഴയ അവസ്ഥയിലേക്ക് തിരിച്ചു കിട്ടുമെന്ന് കരുതിയതല്ല… പിന്നെ എന്തോ ദൈവത്തിന്റെ കൃപ കൊണ്ട് ന്റെ കുട്ടി ഇങ്ങനെയായി…ആമിയുടെ അച്ഛൻ കൃഷ്ണമാഷ് അവളുടെ മരണം അറിഞ്ഞതും കുഴഞ്ഞു വീണു..ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും കഴിഞ്ഞിരുന്നു.. അറ്റാക്ക്… താങ്ങാൻ പറ്റി കാണില്ല അദ്ദേഹത്തിന്…ഒറ്റയ്ക്കായി പോയ സരസ്വതി എങ്ങും പോവാൻ കൂട്ടാക്കിയില്ല.. ഞങ്ങളും പാർവതിയും എല്ലാം മാറി മാറി വിളിച്ചിട്ടും എവിടേക്കും ഇല്ലെന്ന ഒറ്റ വാശിയിലായിരുന്നു… പിന്നെ ആ വീടും വിറ്റ് അവിടെ കോഴിക്കോട് ഒരു വൃദ്ധ ആശ്രമത്തിലേക്ക് മാറി… ആർക്കും മുന്നിലും തോറ്റു കൊടുക്കാത്ത ഒരു സഖാവിന്റെ ഭാര്യയല്ലേ.. വീറും വാശിയുള്ള ഞങ്ങടെ ആമിയുടെ അമ്മയല്ലേ..മനസ്സുറപ്പ് കാണാതിരിക്കില്ലല്ലോ..വേറെയാരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ദൃഡ നിശ്ചയാമായിരുന്നു അവൾക്ക്..അവൾക്ക് അതാണ് ആശ്വാസമെങ്കിൽ അത് അങ്ങനെ തന്നെ ആവട്ടെയെന്ന് ഞങ്ങളും കരുതി… ആമി മോളുടെ മരണവും മനുക്കുട്ടന്റെ അവസ്ഥയും മുകുന്ദേട്ടനെയും തളർത്തിയിരുന്നു.. ബിപി കൂടുതലായിരുന്നു.. പിന്നെ രണ്ടു വർഷം മുൻപ് സ്ട്രോക്ക് വന്നു അദ്ദേഹവും…”

ഒന്ന് നിർത്തി…

“ഹോസ്പിറ്റൽ വിട്ടു ഇവിടേക്ക് വന്നതിന് ശേഷം പുറത്തേക്ക് ഇറങ്ങിയിട്ടില്ലായിരുന്നു മനു… ആ മുറിയിക്കുള്ളിൽ തന്നെ രാവും പകലും..എന്തോ ചിന്തയിൽ അങ്ങനെ…മൂന്നാല് മാസം മുൻപാണ് ഒരൂസം ആമിയുടെ അമ്മയെ കുറിച്ച് എന്നോട് തിരക്കിയത് അവൻ.. അറിഞ്ഞപ്പോൾ അവരെയൊന്നു കാണണമെന്ന് പറഞ്ഞു..അവന്റെ വലിയച്ഛനെയും കൂട്ടി അവിടം വരെ പോയി സരസ്വതിയെ കണ്ടു സംസാരിച്ചു പോന്നു.. കൃഷ്ണ മാഷിനെ കുറിച്ച് ഒന്നും ചോദിച്ചു കണ്ടില്ല.. ഞങ്ങൾ ഒന്നും പറയാനും പോയില്ല…അന്ന് വന്നപ്പോൾ മുറിയിലൊക്കെ എന്തോ തിരയുന്നത് കണ്ടു… അങ്ങനെയാണ് ഭംഗിയായി പൊതിഞ്ഞു വെച്ച അവളുടെ ഡയറി അവന് കിട്ടുന്നത്… വാർഷികത്തിന്റെ അന്ന് അവന് കൊടുക്കാനായി അവൾ കരുതി വെച്ചതായിരുന്നു അത്… കൂടെ ഒരു കത്തും ഉണ്ടായിരുന്നു…കത്ത് വായിച്ചതും തിടുക്കത്തിൽ ആ ഡയറി തുറന്നു വായിക്കുന്നതിനിടയ്ക്ക് താഴെ പോയ കത്ത് റൂം ക്ലീൻ ചെയ്യുമ്പോൾ മായ മോൾക്ക് കിട്ടി. അവളാണ് ആ കത്തിലെ കാര്യങ്ങൾ ഞങ്ങളെ വായിച്ചു കേൾപ്പിച്ചത്…. നേതാവിനോട് പറയാൻ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ കാര്യങ്ങൾ ഇതിലുണ്ടെന്നും ആമിയുടെ മനസ്സാണ് അതെന്നുമായിരുന്നു ആ കത്തിൽ… തിരിയിടുന്ന അവളുടെ ഫോട്ടോയ്ക്ക് മുന്നിൽ ഭദ്രമായി തന്നെ അവൻ ആ ഡയറി സൂക്ഷിക്കുന്നുണ്ട്…ഞങ്ങളെ പോലും അതെടുക്കാൻ സമ്മതിക്കാറില്ല… കഴിഞ്ഞ മാസം ആണ് ആ ഗാർഡനിൽ പോയിരുന്നു എന്തൊക്കെയോ കുത്തി കുറിക്കുന്നത് കാണാറ്… ആമിയുടെ ഓർമ്മയ്ക്കായ് ഒരു കഥ എഴുതുന്നുണ്ടെന്നും അത് പബ്ലിഷ് ചെയ്യണമെന്നുമൊക്കെ പറഞ്ഞുവെന്ന് മഹി പറഞ്ഞു…കുറെ എഴുതിയെങ്കിലും ആ ഉള്ളിലെ ഭാരമൊന്ന് ഇറക്കി വെയ്ക്കാൻ കഴിയുമെങ്കിൽ ആവട്ടെ ന്റെ കുഞ്ഞിന്….. ”

പറഞ്ഞിരിക്കെയാണ് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത്. വടിയൂന്നി കൊണ്ട് ഒരാൾ അതിൽ നിന്നുമിറങ്ങി.. അയാളുടെ കൈ പിടിച്ചു കൊണ്ട് പ്രായമായ ഒരു സ്ത്രീയും..അവർ ഇറങ്ങിയെന്ന് കണ്ടപ്പോൾ ഡ്രൈവർ വണ്ടി എടുത്തു പോയി. ഉമ്മറത്തേക്ക് കയറിയവരെ ശ്യാമ ശ്രീക്കുട്ടിയ്ക്ക് പരിചയപ്പെടുത്തി.

“.മനുവിന്റെ വലിയച്ഛനും വലിയമ്മയുമാണ്…”

“ഓ…നമസ്കാരം…”

ശ്രീക്കുട്ടി അവരെ നോക്കി കൈ കൂപ്പി.

“നമസ്കാരം.. ആരാ ശ്യാമേ ഇത്…”

“ഇത്.. മനുക്കുട്ടനെ കാണാൻ വന്നതാ ഏട്ടാ..എന്തോ ഡോക്യുമെന്ററിയിക്കോ മറ്റോ…”

“ഹാ.. എന്നിട്ട് സംസാരിച്ചോ അവനോട്…”

“ഉവ്വ്… സംസാരിച്ചു സർ..ഞാൻ ഇറങ്ങാൻ നിക്കുവാ…മുത്തശ്ശി ഞാൻ ഒന്ന് മനു സാറിനെ പോയി നോക്കിക്കോട്ടേ…”

“ഓ.. കുട്ടി ചെന്ന് കണ്ടോളു…യാത്ര ചോദിച്ചു പോരൂ…”

ശ്യാമയോട് അനുവാദം ചോദിച്ചു അവൾ മനുവിന്റെ മുറിയിലേക്ക് പോയി.

അവിടെയെത്തിയപ്പോൾ ബെഡിൽ കണ്ണുകൾക്ക് മേലെ കൈ വെച്ച് എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു മനു… തൊട്ട് അടുത്തായി മൊബൈൽ ഫോണിൽ നിന്നും ഉയരുന്ന പാട്ട് ആ മുറിയാകെ അലയടിച്ചു നിന്നു…

….. ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം… ഒരുമിച്ചാ മാനത്തെ മുകിലായി തീരാം…ഒരുമിച്ചാ മാനത്തെ മുകിലായി തീരാം……

ആമിയുടെ ഓർമ്മകളിലാണ് അവന്റെ മനസ്സെന്ന് ആ പാട്ടിലൂടെ അവൾക്ക് മനസ്സിലായിരുന്നു… മനുവിനെ വിളിക്കാതെ അവനെ ഒരിക്കൽ കൂടി ഒന്ന് നോക്കി ശ്രീക്കുട്ടി തിരിഞ്ഞു നടന്നു.. താഴെ ഉള്ളവരോട് യാത്ര പറഞ്ഞു ആ പടി ഇറങ്ങുമ്പോൾ വന്നതിനേക്കാൾ മനസ്സിന് ഭാരമേറിയതായി തോന്നി ശ്രീക്കുട്ടിയ്ക്ക്…നടത്തത്തിനിടയിൽ അവളുടെ മനസ്സിലേക്ക് തനിക്ക് ഓർമ്മ വെച്ചത് മുതൽ മനു അങ്കിളിന്റെ പേര് പറഞ്ഞു നിരന്തരം അച്ഛന്റെ വഴക്കുകളും അടിയും ഉപദ്രവങ്ങളും ഏറ്റു വാങ്ങി കരഞ്ഞു തളരുന്ന അവളുടെ അമ്മയുടെ ചിത്രം തെളിഞ്ഞു… അന്നൊക്കെ അത് കാണുമ്പോൾ ഉള്ളിൽ വേദനയായിരുന്നു അവൾക്ക്…എന്നാൽ ഇപ്പോ ആ മുഖം ഓർക്കുമ്പോൾ സ്വന്തം അമ്മയായിട്ട് കൂടി പുച്ഛമാണ് തോന്നുന്നത്..
കുറ്റബോധത്തിൽ മനസ്സ് നൊന്ത് ജീവിക്കുന്ന അമ്മയുടെ ഉള്ളിലെ ഭാരമകറ്റാനാണ് അവൾ ഇങ്ങോട്ട് വന്നത്…എന്നാൽ ഇവിടുന്ന് മടങ്ങുമ്പോൾ അവൾ മനസ്സിലാക്കുകയായിരുന്നു തന്റെ അമ്മ കാരണം ഈ വീടിനും ഇവിടുള്ളോർക്കും ഉണ്ടായ നഷ്ടത്തിനും വേദനയ്ക്കും മുന്നിൽ അവളുടെ അമ്മ അനുഭവിക്കുന്ന വേദന ഒന്നുമല്ലെന്ന്…. ഇവിടുള്ളവരുടെ മൗനം കൊണ്ട് പോലും അവളുടെ അമ്മ മാപ്പ് അർഹിക്കുന്നില്ലെന്ന്….ആമിയുടെ ഓർമ്മകളിൽ അവളുടെ ഹൃദയവും വിതുമ്പി…..

ശുഭം ❤