രചന – മിയ അവ
“അമ്മു ”
അല്പം ദേഷ്യം കലർന്നുള്ള അമ്മയുടെ വിളി കാതിൽ പതിഞ്ഞതും ചിന്തകളുടെ കൊടുമുടിയിൽ നിന്നും അമ്മു ദാ ന്ന് പറഞ്ഞു താഴോട്ട് വീണു. അതിന്റെ നീരസം മുഴുവൻ കോണി പടികളിൽ ചവിട്ടി തീർത്തുക്കൊണ്ടാണ് അവൾ താഴോട്ട് ഇറങ്ങിയത്.
“എന്തോന്നാ അമ്മേ ഇത് ഇങ്ങനെ വിളിച്ചു കൂവാൻ… ഇവിടെ ആരും ചാവാൻ കിടക്കുന്നൊന്നും ഇല്ലല്ലോ..”
” ആ ഇപ്പൊ ഇല്ല പക്ഷെ കുറച്ചു കൂടി കഴിഞ്ഞിരുന്നേൽ എന്റെ പൊന്നു മോള് ഇപ്പൊ ചാവാൻ കിടന്നേനെ ”
“ഏഹ്.. അതെങ്ങനെ ”
“മുകളിൽ കയറി വന്നു ഈ ചപ്പാത്തി കോല് കൊണ്ട് നിന്റെ തല ഞാൻ ഇപ്പൊ അടിച്ചു പൊട്ടിച്ചേനെ…മനുഷ്യൻ എത്ര നേരായി കിടന്നു കാറി കൂവുന്ന് അറിയോ.. നേരം 7 കഴിഞ്ഞു ഒന്നിങ്ങു നേരത്തെ ഇറങ്ങി വന്നു ഇവിടെ അടുക്കളയിൽ എന്നെ ഒന്ന് സഹായിച്ചാൽ എന്താ നിനക്ക്.. കെട്ടിച്ചു വിടാനായിന്നൊരു ബോധം നിനക്ക് ഉണ്ടോ…ഇത് നേരം ഉച്ച ആയാലും കണ്ണ് തുറക്കാൻ മടിയാ പെണ്ണിന്…”
“അയ്യടാ..കണ്ണ് തുറക്കാനൊക്കെ ഞാൻ എപ്പഴോ തുറന്നിട്ടുണ്ട്…കണ്ടോ കുളി വരെ കഴിഞ്ഞു ”
” പിന്നെ നീ എന്ത് കാഴ്ച കാണാൻ ഇരിക്കയായിരുന്നു അവിടെ… താഴോട്ട് ഇറങ്ങി വരാതെ.. ”
“ആ.. അത്.. അത് പിന്നെ ഞാൻ ഗഹനമായ ഒരു ചിന്തയിലായിരുന്നു..”
” ഉവ്വ്.. ഞാൻ ശ്രദ്ധിക്കുന്നുണ്ട്… നിനക്കും നിന്റെ അനിയത്തിയ്ക്കും അച്ഛനും കൂടെ ഒരു ചുറ്റി ക്കളി..ഡീ.. സത്യം പറയ്യ് എന്താ നിങ്ങളുടെ ഉദ്ദേശം ”
“അതൊക്കെ ഞാൻ വഴിയെ പറയാം അമ്മക്കുട്ടി.. ഇപ്പോ എനിക്കുള്ള ഫുഡ് എടുത്തു വെയ്ക്ക്..”
മീനാക്ഷിയെ ഒന്ന് സുഖിപ്പിച്ചു കൊണ്ട് അമ്മു പറഞ്ഞു.
” അയ്യടാ വേണേൽ പോയി എടുത്തു കഴിക്കെടി… പെൺ കുട്ടികൾ ആയ കുറച്ചു ഒക്കെ തനിയെ ചെയ്യുന്നത് നല്ലതാ… ”
” ഓഹോ… എന്നാ അങ്ങനെ ആവട്ടെ.. അല്ല അമ്മയ്ക്ക് ഞാൻ മാത്രം അല്ലല്ലോ പെൺകുട്ടി ആയി ഉള്ളത്.. ഒരെണ്ണം കൂടി ഉണ്ടല്ലോ അതെവിടെ പോയി… ”
“ഓഹ്.. നിന്റെയല്ലേ അനിയത്തി.. ബെഡിൽ നിന്ന് തല പൊന്തിയിട്ടുണ്ടാവില്ല..”
“ആഹാ.. അവളോട് ഞാൻ ഇന്ന് അമ്പലത്തിൽ പോവണം പറഞ്ഞതാണല്ലോ… ഇവളെ ഞാൻ.. ഡീ..”
അനുവിനെ നീട്ടി വിളിച്ചു കൊണ്ടു മുറിയിലേക്ക് ചെന്ന അമ്മു മൂടി പുതച്ചു കിടക്കുന്ന അനുവിന്റെ നടുപ്പുറത്ത് ഒന്ന് കൊടുത്തിട്ട് പറഞ്ഞു.
” ഡീ.. നിന്നോട് ഞാൻ നേരത്തെ എഴുന്നേറ്റു റെഡി ആവാൻ പറഞ്ഞതല്ലേ
അമ്പലത്തിൽ പോണമെന്ന്….”
“ഓഹ്.. ഞാൻ അത് മറന്നു.. ഇനിപ്പോ നാളെ പോവാം ചേച്ചി.. ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ…”
“പറ്റില്ല പറ്റില്ല.. ഇന്ന് തന്നെ പോണം നീ എഴുന്നേറ്റെ പെണ്ണെ… ഇല്ലേൽ നല്ലത് കിട്ടും എന്റെ കയ്യിന്ന്…”
“ഓഹ്.. നിനക്ക് ഈ തിടുക്കം ഇപ്പോ ഭഗവാനെ കാണാനൊന്നും അല്ലല്ലോ..ആ മനുവേട്ടനെ കാണാൻ അല്ലേ ഈ തുള്ളൽ…”
“അതേലോ… അതിന് തന്നെയാ… വെറുതെ അല്ലല്ലോ നിനക്കും കൂടി ഗുണം ഉണ്ടാവാൻ വേണ്ടിയല്ലേ..”
“ഉവ്വുവ്വേ… വെയിറ്റ് ഞാൻ ഇപ്പോ റെഡി ആവാം…”
“മ്മ്.. അങ്ങനെ നല്ല കുട്ടിയാവ്…”
“വോ…”
പുഞ്ച പാടത്തെ മൂടൽ മഞ്ഞിനെ വകഞ്ഞു മാറ്റി അവന് പിന്നാലെ ഓടുമ്പോൾ പിന്നിൽ നിന്നുള്ള അനുവിന്റെ വിളിയൊന്നും അവൾ ഗൗനിക്കുന്നെ ഇല്ലായിരുന്നു.
” മനുവേട്ടാ… ഒന്ന് നിന്നേ…. ”
ക്ഷമ കെട്ട അവളുടെ നീട്ടി വിളി കേട്ടതും ചെറിയൊരു കുസൃതി ചിരിയോടെ അവൻ തിരിഞ്ഞു നിന്നു….
🍁
” അമ്മേ… അമ്മേ…. ”
“ഹ.. ഞാൻ… നീ.. എന്താ മോളെ…”
ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് വിട്ടു മാറാതെ തന്നെ അമ്മു മകൾക്ക് മറുപടി നൽകി.
“അമ്മയിത് എന്തുറക്ക.. എത്ര നേരായി ഞാൻ വിളിക്കുന്നു… എന്ത് പറ്റി ഈ സമയത്തു ഒരു ഉറക്കം.. ഇത് പതിവില്ലാത്തത് ആണല്ലോ… വയ്യായ്ക വല്ലതും ഉണ്ടോ അമ്മേ…”
“ഏയ്.. ഒന്നുല്ല മോളെ.. ഞാൻ ഇങ്ങനെ പഴയത് ഒക്കെ ഓരോന്ന് ഓർത്തു ഇരുന്നപ്പോ അറിയാതെ മയങ്ങി പോയി…”
“എന്ത് പറ്റി ഇപ്പോ പഴയത് ഒക്കെ ഓർക്കാൻ… അച്ഛൻ വഴക്ക് വല്ലതും പറഞ്ഞോ അമ്മയെ…”
“ഏയ്.. ഇല്ല കുട്ട്യേ..അച്ഛൻ കാലത്തെ പോയല്ലോ…”
“പിന്നെ എന്ത് ഉണ്ടായി അമ്മേ പറ..”
“ഞാൻ.. അത്… ഇന്ന്.. ഇന്നവളുടെ ഓർമ്മ ദിവസം ആണ് മോളെ… മനുവേട്ടൻ… മനുവേട്ടനെ കുറിച്ചോർത്തപ്പോൾ….”
“അമ്മയ്ക്ക് ഒന്ന് പോയി കണ്ടൂടെ മനുവങ്കിളിനെ… എന്നാ മനസ്സിലെ ഈ ഭാരം ഒന്ന് മാറി കിട്ടുവല്ലോ…”
“കാണണം ആ കാലിൽ വീണു മാപ്പ് ചോദിക്കണമെന്നൊക്കെ ഉണ്ട് മോളെ.. പക്ഷെ.. പക്ഷെ ധൈര്യമില്ല.. ആ പ്രതികരണം നേരിടാനുള്ള ശക്തിയില്ല അമ്മയ്ക്ക്…”
പറഞ്ഞു കൊണ്ട് വിതുമ്പി കരയുന്ന അമ്മയെ ശ്രീക്കുട്ടി തന്നോട് ചേർത്ത് പിടിച്ചു. ആ നെഞ്ചിലെ നോവിനെ തിരിച്ചറിയാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നു.എന്തോ ഓർത്തതിന് ശേഷം ശ്രീക്കുട്ടി അമ്മയെ പിടിച്ചു നേരെ ഇരുത്തി അമ്മയ്ക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു ചോദിച്ചു.
“അമ്മേ..”
“മ്മ്….”
“ഞാൻ ഒരൂട്ടം പറഞ്ഞാൽ അമ്മ സമ്മതിക്കോ…”
“എന്ത്.. മോള് പറ…”
“ഞാൻ.. ഞാനൊന്ന് പോയി കണ്ടാലോ അങ്കിളിനെ.. ഞാൻ ഒന്ന് സംസാരിച്ചു നോക്കിയാലോ…”
“ഏയ്.. വേണ്ട മോളെ.. നീ എന്റെ മോളാണെന്ന് അറിഞ്ഞാൽ അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല… നിന്നെ ശപിച്ചേക്കാം.. ആട്ടിയിറക്കിയേക്കാം.. വേണ്ട.. എന്റെ മോള് പോവണ്ട…”
“ഒന്നും ഉണ്ടാവില്ല അമ്മേ… അതൊക്കെ ഞാൻ നോക്കിക്കോളാം… അമ്മ ഒന്ന് സമ്മതം മൂളിയാൽ മാത്രം മതി..”
“മോളെ..എന്നാലും.. അറിഞ്ഞു കൊണ്ട് നിന്നെ അവിടേക്ക് വിടാൻ…”
“അമ്മ അതൊന്നും ഓർക്കേണ്ട… കുറെ കാലായില്ലേ ഞാനീ മനസ്സിന്റെ ഭാരം കാണുന്നു… ഒരുപക്ഷെ അതൊന്ന് കുറയ്ക്കാൻ എനിക്ക് പറ്റിയാലോ… കേട്ട് അറിവ് മാത്രേ ഉള്ളുവെങ്കിലും അറിഞ്ഞിടത്തോളം നല്ല മനസ്സിന്റെ ഉടമയാ മനുവങ്കിൾ… അദ്ദേഹത്തിന് നമ്മളോട് പൊറുക്കാൻ കഴിയുമെന്ന് തന്നെയാ എന്റെ വിശ്വാസം… അമ്മ ധൈര്യമായിട്ടിരിക്ക്…എല്ലാം നേരെയാവും..”
“മ്മ്…”
അമ്മു വെറുതെ ഒന്ന് മൂളി.
“ഞാൻ ഇന്ന് തന്നെ ഇറങ്ങാം അമ്മേ.. ഇന്ന് ആ ആന്റിയുടെ ഓർമ്മ ദിവസമല്ലേ.. ഇന്ന് തന്നെ പോവുന്നതാവും നല്ലതെന്ന് തോന്നുന്നു…. അമ്മ പ്രാർത്ഥിക്ക്…”
” മ്മ്… അമ്മ ഇനി എന്ത് പറയാനാ.. നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്യ്..അച്ഛൻ അറിയണ്ട..മോള് പോയിട്ട് വാ.. പറ്റുവെങ്കിൽ അമ്മയ്ക്ക് വേണ്ടി ആ കാലിൽ വീണൊന്ന് മാപ്പ് ചോദിക്കണം.. അമ്മയെ ശപിക്കരുതെന്ന് പറയണം… ”
എങ്ങലടിച്ചു കരയുന്ന അമ്മുവിനെ പുണർന്നു കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.
” എല്ലാം ഞാൻ നോക്കിക്കോളാം… അമ്മ സമാധാത്തോടെ ഇരിക്ക്..”
“മ്മ്..”
” എന്നാ ഞാൻ പെട്ടെന്ന് തന്നെ റെഡിയാവട്ടെ.. ഇപ്പോ തന്നെ ഇറങ്ങുവാ… ”
“മ്മ്.. ശരി മോളെ…”
അമ്മുവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ശ്രീക്കുട്ടി വേഗം തന്നെ റെഡിയായാവാനായി പോയി.
അവൾ പോയതും അമ്മു കണ്ണുകൾ അടച്ചു വീണ്ടും പഴയത് ഒക്കെ മനസ്സിലേക്ക് ആവാഹിച്ചു.
🍁
“കഷ്ട്ടം ഉണ്ട് ട്ടോ മനുവേട്ടാ എന്നേ ഇട്ടു ഇങ്ങനെ ഓടിക്കുന്നത്…”
“അതിന് നിന്നോട് ആരാ എന്റെ പിറകെ ഇങ്ങനെ ഓടാൻ പറയുന്നു..”
“ഓഹ്.. അതിനെങ്ങനാ അതൊക്കെ മനസ്സിലാവണേൽ മനസ്സിലൊരിത്തിരി സ്നേഹം വേണം ”
“ആഹാ അപ്പോൾ എനിക്ക് സ്നേഹം ഇല്ലന്നാണോ? ”
“ഉവ്വ.. എനിക്ക് തോന്നുന്നില്ല.. ഉണ്ടായിരുന്നെങ്കിൽ ഈ നാട്ടുകാർ മൊത്തം നമ്മളെ കുറിച്ച് ഓരോന്നും പറയുന്നു.. തിരിച്ചു അവർക്ക് എന്തെങ്കിലും ഒരു മറുപടി കൊടുക്കുന്നുണ്ടോ ”
“അതിന് അവര് പറയുന്നത് പോലെ നമുക്കിടയിൽ ഒന്നും ഇല്ലന്ന് നമുക്കറിയാലോ അമ്മു.. പിന്നെ എന്തിനാ വെറുതെ അവരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ പോവുന്നെ ”
ആ വാക്കുകളിൽ അൽപ നേരം തറഞ്ഞു നിന്നു പോയി അമ്മു. അനക്കമൊന്നും കാണാതെ തിരിഞ്ഞു നോക്കിയപ്പോൾ ആണ് പുറകെ വരുന്ന അനുവിനെ മനു ശ്രദ്ധിച്ചത്.
“ആഹാ.. നീയും ഉണ്ടായിരുന്നോ അനുവേ ഇവളുടെ കൂടെ ”
“പിന്നില്ലാതെ.. ഇവൾ ഏട്ടനെ കണ്ടതും ഒരു ഓട്ടമല്ലായിരുന്നോ.. നമ്മൾ ഒക്കെ ഉള്ളത് ആര് ശ്രദ്ധിക്കാൻ അപ്പോ ”
“ഹ ഹ..ഹ.. പിന്നെ നിന്റെ പഠിത്തം ഒക്കെ എങ്ങനെ പോവുന്നു.. ചേച്ചിയെ പോലെ തട്ടി മുട്ടി പോയാൽ പോരാ ട്ടോ നല്ല ഉയർന്ന മാർക്ക് തന്നെ വാങ്ങിക്കണം..”
“അയ്യടാ എന്നെ അങ്ങനെ അങ്ങ് കൊച്ചാകുവൊന്നും വേണ്ട തട്ടി മുട്ടിയാണേലും ഞാൻ ഇവിടെ വരെ എത്തിയല്ലോ.. ഞാൻ നിങ്ങടെ കോളേജിൽ ജോയിൻ ചെയ്തു നാളെ ക്ലാസ്സ് തുടങ്ങുവാ അത് പറയാനാ ഓടി വന്നേ ഇപ്പോൾ ഹും..”
“ഓഹ്.. നീ ഡിഗ്രി ഒക്കെ എത്തി അല്ലേ.. ആഹാ അപ്പോൾ വലിയ പെണ്ണായല്ലോ.. എന്നാ രണ്ടാളും അടിപൊളി ആയി പഠിക്ക് എന്നിട്ട് വേണം ഒരു ഏട്ടനായി നിന്ന് എനിക്ക് നിങ്ങടെ രണ്ടു പേരുടെയും കല്യാണം നടത്തി തരാൻ…”
അത്രയും പറഞ്ഞു ചിരിച്ചു കൊണ്ട് അവരുടെ അടുത്ത് നിന്ന് നടന്നു പോവുന്ന മനുവിനെ നോക്കി അനു അമ്മുവിനെ തോണ്ടി
“ഇത്രയും കാലം നീ പിന്നാലെ ഓടിയിട്ടും അങ്ങേർക്ക് ഇപ്പോഴും നീ പെങ്ങൾ ആണല്ലോ ഡി ചേച്ചി…വീഴ്ത്തും സ്വന്തമാക്കുമെന്നൊക്കെ ഡയലോഗ് അടിച്ചിട്ട് നല്ല പുരോഗമനം തന്നെ.. കഷ്ട്ടം ”
“ഞാൻ എന്തോരം പിന്നാലെ നടക്കുന്നുണ്ടെന്ന് നീ തന്നെ കാണുന്നില്ലേ അനു.. പക്ഷെ അങ്ങേർക്ക് എന്താവോ അങ്ങനെ ഒരു ഫീലിംഗ് തോന്നാതെ.. ആ സമയം ഉണ്ടല്ലോ ഞാൻ ഇനി മുതൽ അങ്ങേരുടെ കൂടെ തന്നെ കാണുവല്ലോ കോളേജിൽ… ശരിയാക്കിയെടുക്കാം ”
” ഉവ്വേ.. കണ്ടാൽ മതി… ”
“വോ.. കാണും.. നീ വാ..”
തോരണങ്ങൾ നിറഞ്ഞ അങ്കണത്തേക്കാൾ നവാഗതരെ വരവേറ്റത് തീർച്ചയായും അവിടുത്തെ പാർട്ടി ബാനറുകൾ തന്നെയായിരുന്നു. കോളേജിലേക്ക് കാല് വെച്ചത് മുതൽ കണ്ണുകൾ തേടിയത് തന്റെ പ്രാണനാവാൻ പോവുന്നവനെയാണ്. ഒടുക്കം വലതു പക്ഷത്തിന്റെ പ്രൗഡി വിളിച്ചോതുന്ന ആ വലിയ ബാനറിന് മുന്നിൽ ആളെ കണ്ടെത്തി. അടുത്തേക്ക് പോവാൻ നോക്കിയപ്പോഴേക്കും ചുറ്റിലും കുറെ പ്രവർത്തകരോ സുഹൃത്തുക്കളോ കൂടി നിൽക്കുന്നു. പിന്നെ സംസാരിക്കാൻ നിൽക്കാതെ ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സിൽ നോക്കിയപ്പോൾ ഒരുപാട് ആളുകൾ. നാട്ടിൻ പുറത്തു നിന്ന് വന്ന എനിക്ക് ഇവരോട് ഒക്കെ എങ്ങനെ പരിചയപ്പെട്ടു തുടങ്ങണമെന്ന് അറിയാത്തതു കൊണ്ട് നേരെ ചെന്നു ഏറ്റവും പുറകിൽ ആരുമില്ലാത്ത ബെഞ്ചിൽ തന്നെ പോയിരുന്നു. ബെല്ലടിച്ചു കുട്ടികൾ ഒക്കെ ക്ലാസ്സിൽ കയറി. ഒട്ടും വൈകാതെ തന്നെ ടീച്ചറും ഒരു പുഞ്ചിരിയോടെ ക്ലാസ്സിലേക്ക് എത്തി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
ആദ്യ ദിവസം അതും നാട്ടിൽ നിന്ന് ഒരുപാട് വിട്ടുള്ള കോളേജിൽ നന്നായി വീർപ്പു മുട്ടുന്നുണ്ടായിരുന്നു. ആദ്യമായാണ് വീടും വീട്ടുക്കാരെയും വിട്ടു ഇങ്ങനെയൊരു പറച്ചു നടൽ.
പക്ഷെ ഉള്ളിലുള്ള മനുവേട്ടൻ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇത് അനിവാര്യമാണെന്നുള്ളത് കൊണ്ട് മാത്രം ഇറങ്ങി തിരിച്ചതാണ് കാത്തോളണേ ദൈവമേന്ന് മനസ്സിൽ പ്രാർത്ഥിച്ച് നിൽക്കുമ്പോഴാണ്
“മെയ് ഐ കം ഇൻ മാഡം ”
ചോദിച്ചു കൊണ്ട് വാണം വിട്ടത് പോലൊരെണ്ണം ക്ലാസിലേക്ക് ഇടിച്ചു കേറി വന്നത്. ബെല്ലടിക്കാൻ മിനുറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ബാഗുമായി പുറത്ത് നിൽക്കുന്ന അവളെ കണ്ടു ഗീത മിസ്സ് സംശയത്തോടെ ഒന്ന് നോക്കി.
“നോക്കണ്ട മിസ്സ്… ഞാൻ ഇവിടെ പഠിക്കാൻ വന്നതാ.. ഈ ക്ലാസ്സിലെ തന്നെ കുട്ടിയാ..കുറച്ചു വൈകി പോയ കുഴപ്പം മാത്രേ ഉള്ളൂ.. .”
അവളുടെ പറച്ചിൽ കേട്ടതും ക്ലാസ്സ് മൊത്തം ചിരി തുടങ്ങി. ഒപ്പം ഗീത മിസ്സും.
“സൈലെൻസ്…(അവളുടെ നേരെ തിരിഞ്ഞ് ) കൊള്ളാലോ ആള്…എന്തായാലും സ്വന്തം കുഴപ്പം സ്വയം പറഞ്ഞത് നന്നായി.. ചോദിച്ച് ഞാൻ ബുദ്ധിമുട്ടേണ്ടി വന്നില്ലല്ലോ… സോ കേറി വാ… ”
“താങ്ക് യു മിസ്സ്.. ”
അവൾ ക്ലാസ്സിൽ കയറി ചുറ്റും കണ്ണോടിച്ചു. എന്നിട്ട് നേരെ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ ആകെ എന്ത് ചെയ്യും എന്ന അവസ്ഥയിലും.
“അപ്പോ പിള്ളാരെ… എന്റെ ഹവർ ഇപ്പോ കഴിയും.. കുറച്ചു മിനിറ്റ് കൂടി ഉള്ളൂ.. ബട്ട് ഞാൻ ഇപ്പോ ഇറങ്ങുവാ..ഇന്ന് ഫസ്റ്റ് ഡേ അല്ലേ ബാക്കി സമയം നിങ്ങൾ ഒന്ന് പരസ്പരം പരിചയപ്പെടലൊക്കെ ആവട്ടെ.. നമുക്ക് വിശദമായി അടുത്ത ക്ലാസ്സിൽ പരിചയപ്പെടാം…ഓക്കേ… ”
“ഓക്കേ മിസ്സ്…. ”
മിസ്സ് പോയതും പിള്ളേരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും സംസാരായി.
“ഐആം ആമിക….ഫ്രം ആലുവ….”
തന്റെ നേരെ നീണ്ട കൈയിലേക്ക് നോക്കി കുറച്ചു പേടിയോടെയാണെങ്കിലും പുഞ്ചിരിച്ചു കൊണ്ട് ഞാനും ആ കൈയിലേക്ക് കൈ കോർത്തു.
“ഐആം അമൃത….ഫ്രം…”
“ആഹാ.. അപ്പോ അമ്മു വിളിക്കാം.. താൻ എന്താ ഇവിടെ ഒറ്റയ്ക്ക് ഇരുന്നത്….”
“അത്.. ഞാൻ വന്നപ്പോ അൽമോസ്റ്റ് എല്ലാ ബെഞ്ചും ഫിൽ ആയിരുന്നു… പിന്നെ ആരെയും പരിചയം ഇല്ലല്ലോ.. അതുകൊണ്ട് വേഗം വന്ന് പുറകിൽ ഇരുന്നുന്നെ ഉള്ളൂ….”
“ആഹാ… ഇനി എന്നെ പരിചയം ആയല്ലോ…അപ്പോ നമുക്കിടയിൽ ഇനി ആ പരിചയക്കുറവ് തീർന്നു….ഓക്കേ അല്ലേ ”
“ഓക്കേ ആമിക…. ”
“ണോ….ആമിക അല്ല.. ആമി…ഈ പൂച്ചക്കുട്ടി എന്നെ അങ്ങനെ വിളിച്ചാൽ മതി…. ”
എന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ച് ആമി പറഞ്ഞത് കേട്ട് ഞാൻ ഉറക്കെ ചിരിച്ചു.
“പൂച്ചക്കുട്ടിയോ….ആമിയ്ക്ക് എങ്ങനെ മനസ്സിലായി.. ഞാൻ ഒരു സൈലന്റ് ടൈപ്പ് ആണെന്ന്…”
“അത് പ്രതേകിച്ചു മനസ്സിലാക്കാൻ ഒന്നുമില്ല… ദേ.. ഈ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ടല്ലോ… എന്റെ അമ്മുക്കുട്ടി ഒരു പാവം പൂച്ചക്കുട്ടിയാണെന്ന്… ”
“ആഹാ… ആണോ….”
“ആണേ…അപ്പോ ഇനി മുതൽ നമ്മൾ ഫ്രണ്ട്‌സ്… വെറും ഫ്രണ്ട്സ് അല്ല കട്ട ഫ്രണ്ട്സ് ഓക്കേ..?? ..”
“ഓക്കേ…. ”
ആമിയുടെ കയ്യിലേക്ക് പുഞ്ചിരിയോടെ കൈ ചേർത്ത എന്നെ ആമി കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം തന്നു. ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ തനിക്ക് ആശ്വാസമായി എത്തിയ പോലെ ഞാൻ ആ മുഖത്തേക്ക് നോക്കി.
“വാ നമുക്ക് ഒന്ന് കോളേജ് മൊത്തം കണ്ടിട്ട് വരാം ”
“അയ്യോ ഇപ്പോളോ.. ഇപ്പോ ക്ലാസ്സ് ടൈം അല്ലെ പുറത്തു ഇറങ്ങിയാൽ പ്രശ്നം ആവില്ലേ…”
“ഓ.. എന്റെ പൂച്ചക്കുട്ടി.. ക്ലാസ്സ് ടൈമിൽ ഇറങ്ങിയാൽ പ്രശ്നം ആവാൻ ഇത് സ്കൂൾ അല്ല കോളേജ് ആണ്..ഇവിടെ നമുക്ക് ബോറടിച്ചാൽ നമ്മൾ പുറത്തു ഇറങ്ങും അത്രയേ ഉള്ളു ”
“എന്നാലും…”
“ഡ്രിങ്ങ്..ഡ്രിങ്ങ് ”
“ആ.. ദേ ബെല്ലടിച്ചു.. ഇനി പുറത്തു ഇറങ്ങാലോ..”
“ഓക്കേ ”
ഞാൻ അവൾക്ക് നേരെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.
“ഇങ്ങനെ ഒരു പഞ്ച പാവം.. വാ..”
കവിളിൽ ഒന്ന് നുള്ളി അവൾ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങി.
പേടിച്ചു പേടിച്ചു നിന്ന എന്റെ കയ്യും പിടിച്ചു കോളേജ് മൊത്തം അവൾ ഓരോ കാഴ്ചകളും ചൂണ്ടി കാണിച്ചു കൊണ്ടു നടന്നു. അങ്ങനെ ചുറ്റിയടിച്ചും അവളുടെ ഓരോ കഥകൾ കേട്ടും അന്നത്തെ ദിവസം പോയതറിഞ്ഞില്ല. നല്ല സംസാര പ്രിയയായിരുന്നു ആമി. വൈകുന്നേരം ആയപ്പോൾ ഹോസ്റ്റലിൽ പോവാൻ നോക്കുമ്പോൾ എന്തോ ഒരു ഭയം തോന്നി. ഒറ്റയ്ക്ക് ഹോസ്റ്റലിൽ കൂട്ടിനു ആരെങ്കിലും ഉണ്ടാവോ ഒന്നും അറിയില്ല. അങ്ങനെ പേടിച്ചു നിൽക്കുമ്പോഴാണ് എന്റെ മനസ്സ് മനസിലാക്കിയ പോലെ ആമി ചോദിച്ചത്.
“എന്താടി.. പേടിയുണ്ടോ നിനക്ക് ഹോസ്റ്റലിൽ പോവാൻ…”
“അത് പിന്നെ.. ആമി.. ഞാൻ ഇത് വരെ ഒറ്റയ്ക്ക് എവിടെയും നിന്നിട്ടില്ല.. അപ്പോൾ ഹോസ്റ്റലിൽ.. ഞാൻ…”
“മ്മ്.. മനസ്സിലായി മനസ്സിലായി….മ്മ്..”
കുറച്ചു നേരം എന്തോ ആലോചിച്ചു അവൾ എനിക്ക് നേരെ തിരിഞ്ഞു.
“അല്ലേടി അമ്മുവേ… എന്നാ ഞാനും നിന്റെ ഒപ്പം ഹോസ്റ്റലിൽ താമസിച്ചാലോ..”
“ശരിക്കും… പക്ഷെ.. നിന്റെ വീട് ഇവിടെ അടുത്തല്ലേ… വണ്ടിയിൽ അല്ലേ നീ വന്നത്..”
“അതിനെന്താ.. നാളെ മുതൽ വണ്ടി എടുക്കുന്നില്ല.. ഹോസ്റ്റലിൽ താമസിച്ചോളാം പറഞ്ഞു ഇങ്ങു പോരണം.. അത്രോള്ളു.. നീ വാ.. ഇപ്പോ തന്നെ ഹോസ്റ്റലിൽ എനിക്കും ഒരു അഡ്മിഷൻ എടുത്തേക്കാം..”
“ആമി.. ശരിക്കും ആലോചിച്ചു ആണോ നീ..”
“പിന്നില്ലാതെ.. നീ വന്നേ പെണ്ണെ..”
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. എന്നെയും കൂട്ടി ഹോസ്റ്റലിൽ പോയി അവൾക്കും കൂടി ഒരു അഡ്മിഷൻ എടുത്തു പോരാത്തതിന് എന്റെ റൂമിൽ തന്നെ വേണമെന്ന് പറഞ്ഞു നിർബന്ധം പിടിച്ചു അവൾ എന്റെ റൂം മേറ്റ് ആയി സ്ഥാനം പിടിച്ചു. പിന്നെ വാർഡന്റെ കാല് പിടിച്ചു ഇന്നത്തെ ദിവസം ഞാൻ അവളുടെ വീട്ടിൽ നിന്നോട്ടെന്ന് പെർമിഷനും വാങ്ങി അവൾ എന്നെയും കൊണ്ട് വീട്ടിലേക്ക് വിട്ടു. എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ശരിക്കും ഒറ്റയ്ക്ക് ആവുമെന്ന് കരുതി ഇരുന്ന എനിക്ക് കോളേജിലും റൂമിലും ഒരേ കൂട്ട് തന്നെ കിട്ടി. അങ്ങനെ സന്തോഷത്തോടെ അന്ന് അവളുടെ വീട്ടിൽ തങ്ങി.
പിറ്റേന്ന് കാലത്തു തന്നെ ഞങ്ങൾ എഴുന്നേറ്റു കുളിച്ചു ഹോസ്റ്റലിൽ നിൽക്കാനായി അവളുടെ ബാഗ് പാക്ക് ചെയ്തു ഫുഡും കഴിച്ചു ഹോസ്റ്റലിലേക്ക് പോയി അവിടെ ഞങ്ങടെ റൂമിൽ ബാഗും വെച്ചു ബുക്സ് ഒക്കെ എടുത്തു ഞങ്ങൾ കോളേജിലേക്ക് വിട്ടു. ഓരോ കഥകൾ പറഞ്ഞു ചിരിച്ചും കളിച്ചും ഗേറ്റ് കടന്നു നടക്കുമ്പോഴാണ് ഗ്രൗണ്ടിൽ പെട്ടെന്നൊരു ആൾക്കൂട്ടം ഞങ്ങൾ കണ്ടത്.
“വാ നമുക്ക് അത് എന്താന്ന് നോക്കിയിട്ട് വരാം…”
“അയ്യോ വേണ്ട ആമി.. കണ്ടിട്ട് എന്തോ വഴക്ക് ആണെന്ന് തോന്നുന്നു.. നമുക്ക് പോവണ്ട.. ക്ലാസ്സിൽ പോവാം വാ…”
“അയ്യേ.. നീ ഇങ്ങനെ പേടിക്കാതെ.. വഴക്ക് ആണെങ്കിൽ എന്താ.. കാര്യം എന്താണെന്ന് അറിയാലോ.. ഒരു പ്രശ്നം നടക്കുമ്പോൾ സ്വന്തം കാര്യം നോക്കി പോവുന്നത് ശരിയാണോ… നീ വന്നേ..”
ഞാൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു ആ ആൾക്കൂട്ടത്തിലേക്ക് നടന്നു.
“എടോ.. എന്താ ഇവിടെ പ്രശ്നം…എന്തിനാ എല്ലാരും…..”
അവൾ അടുത്തുള്ള ഒരു ചെക്കനോട് കാര്യം ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് നടുവിലായി നീണ്ടു കുറച്ചു തടിച്ചൊരു പയ്യൻ അവിടെ കരഞ്ഞു കൊണ്ട് നിൽക്കുന്ന പെൺകുട്ടിയുടെ ഷാളിൽ കയറി പിടിച്ചത്. അത് ആമിയുടെ കണ്ണിൽ പെട്ടതും
“ഡോ.. താൻ എന്താടോ കാണിച്ചത്…”
എന്ന് ചോദിച്ചു അവന്റെ മുഖം നോക്കി ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു. അതോടെ സംഗതി വഷളായതും കൂടുതൽ കുട്ടികൾ അങ്ങോട്ട് ഓടി കൂടുന്നത് കണ്ടു പേടിച്ചു
ഞാൻ ചുറ്റിലും നോക്കിയപ്പോൾ ദേ വരുന്നു മനുവേട്ടൻ. അവിടേക്ക് നടന്നു വരുന്ന മനുവേട്ടനെ കണ്ടതും ഞാൻ മെല്ലെ പിന്നിലേക്ക് വലിഞ്ഞു ക്ലാസ്സിലേക്ക് ഓടി….
🍁
“അമ്മേ… അപ്പോൾ ഇനി യാത്രയില്ല ഞാൻ ഇറങ്ങുവാ…”
അമ്മുവിന്റെ ഓർമ്മകളെ മുറിച്ചു കൊണ്ട് യാത്ര ചോദിക്കാൻ എത്തിയ ശ്രീക്കുട്ടിയെ നെഞ്ചോടു ചേർത്ത് കവിളിൽ ഉമ്മ വെച്ചു അമ്മു.
“പോയിട്ട് വാ മോളെ…അവരുടെ ശാപം മോൾക്ക് ഏൽക്കാതെ ഇരിക്കട്ടെ ”
“ഒന്നും ഇല്ല…അവരോട് വഴക്ക് കൂടാനല്ലല്ലോ മാപ്പ് ചോദിക്കാനല്ലേ പോവുന്നത്… എല്ലാം നല്ലത് പോലെ തന്നെ നടക്കും…”
“മ്മ്…”
“അപ്പോ ഇറങ്ങുവാണേ.. എന്റെ അമ്മ ടെൻഷൻ ആവാതെ ഇരിക്ക് ”
“ശരി മോളെ ”
അവൾ ബാഗും എടുത്തു കണ്ണിൽ നിന്ന് മായുന്നതും നോക്കി അമ്മു നിന്നു.
(തുടരും )

by