08/04/2026

ഓർമ്മകളിലൂടെ : ഭാഗം 11

രചന – മിയ അവ

അതിവേഗത്തിൽ വണ്ടിയോടിച്ച് ആശ ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ നിർത്തുമ്പോൾ കാലത്തു തലവേദനയാണെന്ന് പറഞ്ഞു കിടന്ന അച്ഛന്റെ മുഖമായിരുന്നു. വയ്യെന്ന് പറഞ്ഞിട്ടും അച്ഛയെ വിട്ട് പോരാൻ തോന്നിയതിൽ സ്വയം ശപിച്ചു. റിസപ്ഷനിൽ ചെന്ന് കൃഷ്ണൻ മാഷെന്ന് പേര് പറയുമ്പോൾ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവർ ചൂണ്ടി കാണിച്ച വഴിയിലൂടെ ഐ സി യുന്റെ മുന്നിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ പുറമെ ചെയറിൽ വിങ്ങി പൊട്ടി ഇരിക്കുന്ന അമ്മയെ കണ്ടു. ഒപ്പം അപ്പുറത്തെ വീട്ടിലെ ശാരദേച്ചിയും നാരായണേട്ടനും ഉണ്ട്. ഓടി ചെന്നു അമ്മയുടെ കൈകൾ കവർന്ന് അമ്മയെ നെഞ്ചോട് ചായ്ച്ചു.

“എന്ത്‌ പറ്റി അമ്മാ… എന്താ ഉണ്ടായത്…”

“അറിയില്ല മോളെ.. നീ പോയതും എന്റെ ഒപ്പം ഉമ്മറത്തു ഇരുന്നു ഒരു ഗ്ലാസ്‌ കട്ടൻ വാങ്ങി കുടിച്ച് അല്പം കിടക്കട്ടെന്ന് പറഞ്ഞു റൂമിലേക്ക് പോയതാ.. ഒരു ശബ്ദം കേട്ട് പോയി നോക്കിയപ്പോൾ ഡോറിന്റെ അടുത്ത് വീണു കിടക്കുന്നതാ കണ്ടത്.. ഓടിച്ചെന്ന് മടിയിൽ വെച്ചപ്പോൾ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു… പെട്ടെന്ന് നാരായണേട്ടനെ വിളിച്ചു പറഞ്ഞു ഒരു ടാക്സി വിളിച്ചു ഇവിടെ എത്തിച്ചു..എന്നിട്ട ഞാൻ നിന്നെ വിളിച്ചത്…”

പറഞ്ഞു കൊണ്ട് എങ്ങലടിച്ചു കരയുന്ന അമ്മയെ കൂട്ടി പിടിച്ചു മൂർദ്ധാവിൽ മുത്തി.

“ഒന്നും ഇല്ല അമ്മാ… അച്ഛയ്ക്ക് ഒന്നും സംഭവിക്കില്ല…”

ആശ്വാസമെന്നോണം ശാരദേച്ചിയുടെ കൈകളും എന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു.

കുറച്ചു സമയത്തെ നെഞ്ചിടിപ്പിനോടുവിൽ ഐ സി യുവിന്റെ ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു. എങ്ങനെയോ തട്ടി പിടഞ്ഞെഴുന്നേറ്റു ഞാൻ ഡോക്ടറെ നോക്കി.

“ഡോക്ടർ.. അച്ഛൻ…”

“ഏയ്‌.. ഇപ്പോ പേടിക്കാനൊന്നും ഇല്ല.. ഹി ഈസ്‌ ഓക്കേ നൗ.. ബിപി പെട്ടെന്ന് ഹൈ ആയതാ.. അതാ ബോധം പോയതും മൂക്കിന്ന് ബ്ലഡ്‌ വന്നതുമൊക്കെ.. അങ്ങനെ പെട്ടെന്ന് ബിപി ചേഞ്ച്‌ ആവാൻ മനസ്സിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായോ വീട്ടിൽ…”

“ഏയ്‌.. ഇല്ല.. അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല ഡോക്ടർ…”

“ഓഹ്…ഓക്കേ..എന്തായാലും കഴിവതും സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ അച്ഛനോട് പറയാതെ നോക്കണം..നമുക്ക് നോക്കാം.. ഇപ്പോ ആള് ഓക്കേ ആണ്.. ഇൻജെക്ഷൻ കൊടുത്തതിന്റെ ചെറിയ മയക്കത്തിലാണ്.. ഉണർന്നിട്ട് റൂമിലേക്ക് മാറ്റാം.. സമാധാനായിട്ട് ഇരിക്കൂ..”

“മ്മ്.. താങ്ക്സ് ഡോക്ടർ…”

“യുർ വെൽക്കം…”

“മോളെ…”

ഡോക്ടർ പോവുന്നതും നോക്കി നിന്ന ഞാൻ അമ്മയുടെ വിളി കേട്ടു തിരിഞ്ഞു.

“ഇന്നലെ രാത്രി അച്ഛൻ ഒട്ടും ഉറങ്ങിയില്ല.. എന്തൊക്കെയോ ഓർത്തു കിടക്കുവായിരുന്നു…”

“മ്മ്…”

വെറുതെ ഒന്ന് മൂളാനെ അപ്പോൾ തോന്നിയുള്ളു. ആ മനസ്സിന്റെ വേദന എനിക്ക് മനസ്സിലാവുമായിരുന്നു.

ഒരു രണ്ടു മണിക്കൂറോളം കഴിഞ്ഞു അച്ഛനെ റൂമിലേക്ക് മാറ്റുമ്പോൾ. വല്ലാതെ ക്ഷീണിച്ചിരുന്നു അച്ഛ. ഡ്രിപ് കേറ്റണമെന്ന് പറഞ്ഞു നേഴ്സ് വന്നു ഡ്രിപ് ഇട്ടു പോയി. ഇപ്പോ ഒരു വിധം ഓക്കേ ആണെന്ന് കണ്ടപ്പോൾ ശാരദേച്ചിയും നാരായണേട്ടനും വീട്ടിലേക്ക് പോയി. ഞാനും അമ്മയും അച്ഛന്റെ അടുത്തായി ഇരുന്നു. അമ്മ അച്ഛന്റെ നെഞ്ചും കയ്യുമൊക്കെ തടവി കൊടുക്കുന്നുണ്ട്. പോവുന്നതിനു മുന്നെ നാരായണേട്ടൻ ഒരു ഫ്ലാസ്കിൽ ചായ വാങ്ങി വെച്ചിരുന്നു. അത് ഞാൻ രണ്ടു ഗ്ലാസുകളിലേക്ക് ആയി പകർത്തി. ഹോസ്പിറ്റലിൽ കൊണ്ട് വന്നു ഇത്ര നേരായിട്ടും അമ്മയും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലായിരുന്നു. ഒരു ഗ്ലാസ്‌ അമ്മയ്ക്ക് നേരെ നീട്ടി.

“എനിക്ക് ഇപ്പോ വേണ്ട മോളെ.. കുറച്ചു കഴിയട്ടെ…”

“ഇനിയെങ്ങോട്ടാ കഴിയാൻ.. മണി 10 ആവാൻ പോവുന്നു..ഇവിടെ വന്നതിൽ പിന്നെ ഒരു വസ്തു കഴിച്ചിട്ടില്ലല്ലോ..ഇനി അമ്മയ്ക്ക് ഇവിടെ തളർന്നു ഡ്രിപ് ഇട്ടു കിടക്കണോ..കളി പറയാതെ ഇതങ്ങു കുടിച്ചേ സരസ്വതിയമ്മേ…”

അല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ അമ്മ ചായ വാങ്ങി ഒന്ന് മൊത്തി. മറ്റേ ഗ്ലാസ്‌ കൊണ്ട് അച്ഛന് നേരെ തിരിഞ്ഞു.

“അച്ഛേ.. വാ.. നമുക്ക് ഈ ചായ കുറച്ചു കുടിക്കാം…”

തല ചരിച്ച് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അച്ഛൻ. തിരിച്ചു ഒരു പുഞ്ചിരി നൽകി ഞാൻ അച്ഛയെ കയ്യിലെ ഡ്രിപ് ഇട്ടത് ഇളകാതെ പിടിച്ചു നിവർത്തി ഇരുത്തി. ചൂടുള്ള ചായ ഊതി ഊതി അച്ഛയുടെ ചുണ്ടിലേക്ക് ചേർത്തു. അതിൽ നിന്ന് ഒരല്പം മൊത്തി കുടിച്ച് അച്ഛ എന്നെ നോക്കി. പിന്നെ തല നേരെ വെച്ചു എന്റെ തോളിലേക്ക് ചാഞ്ഞു.

“പേടിച്ചോ അച്ഛേടെ കുട്ടി…”

“മ്മ്…”

ഒരു നേർത്ത ഗദ്ഗദം തൊണ്ടയിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു.

“അച്ഛയ്ക്ക് ഒന്നും ഇല്ല അപ്പൂസേ….. പെട്ടെന്ന് ഒരു വിഷമം പോലെ… കുഞ്ഞു നാള് തൊട്ടേ ഒന്ന് വഴക്ക് പറഞ്ഞു പോലും വേദനിപ്പിച്ചിട്ടില്ല ന്റെ കുട്ടിയെ..അതിനുള്ള അവസരം ന്റെ കുട്ടി ഉണ്ടാക്കിയിട്ടും ഇല്ല.. എപ്പോഴും കുസൃതി കാണിച്ചും ചിരിച്ചും ചിരിപ്പിച്ചും മാത്രേ കണ്ടിട്ടുള്ളു.. ഇന്നലെ ന്റെ മോള് ഈ മടിയിൽ വീണു പൊട്ടി കരഞ്ഞപ്പോൾ സഹിച്ചില്ല…പെട്ടെന്ന് താങ്ങാൻ പറ്റിയില്ല ഈ അച്ഛയ്ക്ക്…എത്രയൊക്കെ മൂടി വെച്ചാലും ന്റെ കുഞ്ഞിന്റെ വിഷമം അച്ഛയ്ക്ക് അല്ലേ മനസ്സിലാവൂ…”

മിഴിയിൽ നിന്നടർന്നു വീണ മിഴിനീരിനെ അച്ഛ കാണാതെ തുടച്ചു. എന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി കണ്ണുകൾ അടച്ച് ആ മൂർദ്ധാവിൽ ചുണ്ട് ചേർത്തു. പിന്നെ ആരും ഒന്നും മിണ്ടിയില്ല. ക്ഷീണം കാരണം അച്ഛ മെല്ലെ ഉറക്കത്തിലേക്ക് വീണു. അച്ഛന്റെ അരികിലായി അമ്മയും തല ചായ്ച്ചു കിടന്നു. അടുത്തുള്ള ചെയർ വലിച്ചിട്ട് അതിലേക്ക് ഇരുന്നു ഞാൻ ചുവരിലേക്ക് ചാരി. വീറോടെ ഓരോ ആളുകളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു അതിന് വേണ്ടി പ്രവർത്തിച്ച് പരിഹരിക്കാൻ ഓടി നടക്കുന്ന സഖാവ് കൃഷ്ണന്റെ ഈ വീഴ്ച എന്നെ ആകെ തളർത്തിയിരുന്നു. എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന അച്ഛയ്ക്ക് എന്തേ പറ്റി.. ഒരുപക്ഷെ സ്വന്തം മോളുടെ വേദനയോർത്തപ്പോൾ ഏതൊരു അച്ഛനെയും പോലെ ഹൃദയം പിടഞ്ഞു പോയിട്ടുണ്ടാവും.. ഇല്ല.. ഇനിയൊരിക്കലും ആ ഹൃദയം വേദനിക്കാൻ ഇട വരുത്തരുത്. പതിയെ കണ്ണുകൾ കൂമ്പി. ചിന്തകളിലേക്ക് പോയ നിമിഷങ്ങളിലെ ഓർമ്മകൾ ഇരച്ചു കയറാൻ തുടങ്ങി. അത് ഒടുക്കം അമ്മുവിൽ തങ്ങി നിന്നു. അമ്മുവിൽ നിന്നും കേട്ട അവസാന വാക്കുകളെ മനസ്സിലേക്ക് കൊണ്ട് വന്നു.

“അല്ലെങ്കിലും പഠിച്ചു ഡിഗ്രി എടുക്കാൻ വേണ്ടിയൊന്നും അല്ലല്ലോ അച്ഛാ അമ്മു ഈ പെടാ പാടൊക്കെ പെട്ട് ഈ നാട്ടിലേക്ക് എത്തിയത്.. അതിനൊരു ലക്ഷ്യം മാത്രമേയുള്ളു.. മനു.. മനു ശങ്കർ.. അവന് വേണ്ടിയാ ഞാൻ വന്നത്… ഇവിടുന്ന് അവൻ കോഴ്സ് കഴിഞ്ഞു പോവുന്നതിന് മുന്നെ എന്ത് ചെയ്തും അവനെ കൊണ്ട് ഞാൻ എന്നെ ഇഷ്ട്ടമാണെന്ന് പറയിപ്പിക്കും…അത് അവനോടുള്ള ഒടുങ്ങാത്ത പ്രണയം കൊണ്ടൊന്നും അല്ല.. കണക്കില്ലാത്ത അവന്റെ കുടുംബത്തിന്റെ സ്വത്ത്… അതെനിക്ക് വേണം.. അവനിലൂടെ എനിക്ക് അതിന്റെ അവകാശിയാവണം.. എന്നിട്ടു വേണം ഒരു റാണിയെ പോലെ എനിക്ക് വാഴാൻ.. എനിക്ക് മാത്രമല്ല.. എന്റെ അച്ഛനും അമ്മയ്ക്കും അനുവിനും…”

ഓർക്കും തോറും എന്റെയുള്ളിൽ അമ്മുവിന്റെ മുഖം കൂടുതൽ വികൃതമായി വന്നു. ഒരു പൂച്ചക്കുട്ടിയായി വന്നു എല്ലാരുടെയും മുന്നിൽ അഭിനയിച്ചാടിയ ചെന്നായ.. അങ്ങനെയേ അവളെ വിശേഷിപ്പിക്കാൻ തോന്നിയുള്ളു. അച്ഛയ്ക്ക് വയ്യെന്ന വാർത്ത കേട്ടില്ലായിരുന്നെങ്കിൽ പിടിച്ചു വലിച്ചു കരണം പുകച്ച് പൊട്ടിച്ചേനെ ഞാൻ… അവളോടുള്ള ദേഷ്യം പല്ലുകൾ കൂട്ടിയിറുമ്മിയും മുറുകുന്ന മുഷ്ട്ടിയിലും തീർത്തു കൊണ്ടിരുന്നു. തിരിച്ചെടുക്കാൻ നോക്കിയിട്ടും കഴിയാതെ മനസ്സ് ആ വാക്കുകളിൽ കുരുങ്ങി കിടന്നു. അവൾ പറഞ്ഞവസാനിപ്പിച്ചിടത്തേക്ക് വീണ്ടും ചിന്തകൾ പടർന്നു കയറി.

“പകയുണ്ട് എനിക്ക് അവനോട്.. ഇത്രയും നാളും ഞാൻ പുറകെ നടന്നിട്ടും എന്റെ ഇഷ്ട്ടം എന്നോ അറിയാമായിരുന്നിട്ടും കൂടി അവൻ അവളെ പോയി പ്രൊപ്പോസ് ചെയ്തിരിക്കുന്നു…അത് കണ്ടു വെറുതെ നിൽക്കോ ഞാൻ.. പിന്നെ ഞാൻ എന്തിന് ഈ മനക്കോട്ട കെട്ടി കാത്തിരിക്കുന്നു…അച്ഛൻ ഒന്നും കൊണ്ടും പേടിക്കണ്ട..മനുവിനെ കൊണ്ട് ഇഷ്ട്ടമാണെന്ന് പറയിക്കാൻ ഇനി എളുപ്പം സാധിക്കും…അറിഞ്ഞോ അറിയാതെയോ ആമി അതിനൊരു അവസരം ഒരുക്കി വെച്ചിരിക്കുകയാണ്…ആമിയുടെ റീജെക്ഷൻ അവനിൽ വാശി ഉണ്ടാക്കിയിട്ടുണ്ട്.. അവളെക്കാൾ നല്ലൊരു പെണ്ണിനെ സ്നേഹിച്ചു അവളുടെ മുന്നിൽ കൂടെ നടക്കുമെന്ന് വെല്ലുവിളിചിരിക്കുകയാ അവൻ… ഇതാണ് എനിക്ക് പറ്റിയ അവസരം… അവന്റെ ആ വാശിയിലേക്കു കൂടുതൽ എണ്ണയൊഴിച്ചു ആളി പടർത്തി കൊണ്ട് ഞാൻ ഇറങ്ങി ചെല്ലും..ആത്മാർത്ഥ പ്രണയമായി… തിങ്കളാഴ്ച തന്നെ എന്റെ പ്രണയം അവനോട് തുറന്നു പറയും ഞാൻ… ആദ്യം തട്ടി കളഞ്ഞേക്കാം.. പക്ഷെ ആമിയോടുള്ള വാശി ഉള്ളിൽ ആളി കത്തുമ്പോൾ എന്നെ സ്വീകരിക്കാതിരിക്കാൻ അവന് കഴിയില്ല..അതിന് വേണ്ടി എന്ത് ചെയ്തും ആ വാശി ഞാൻ ആളി കത്തിക്കും..എനിക്ക് നിന്നെ മതിയെന്ന് അവനെക്കൊണ്ട് പറയിപ്പിക്കും ഈ അമ്മു…”

പിന്നെ അവിടെയുണ്ടായ അവളുടെ പൊട്ടിച്ചിരി കാതിൽ മുഴങ്ങിയതും ഞെട്ടി ഞാൻ കണ്ണ് തുറന്നു.

“അതെ.. ഒട്ടും വൈകിക്കൂടാ.. എത്രയും പെട്ടെന്ന് അമ്മുവിന്റെ ചതി മനുവിനെ അറിയിക്കണം…”

വെപ്രാളപ്പെട്ട് എഴുന്നേറ്റ് ഫോൺ എടുത്തു. അപ്പോഴാണ് മനുവിന്റെ നമ്പർ ഫോണിൽ നിന്നും കളഞ്ഞത് ഓർത്തത്. എടുത്തു ചാടി അങ്ങനെ ചെയ്തതിൽ ഒരു നിമിഷം എന്നോട് തന്നെ കലി തോന്നിപ്പോയി. ആ നമ്പർ ഓർമ്മയിൽ ചികയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ കണ്ണിൽ കണ്ട നമ്പറിൽ എല്ലാം കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു മനുവിന്റെ നമ്പർ കിട്ടാൻ.. പക്ഷെ രാത്രി ഏറെ വൈകിയത് കൊണ്ടാണോ എന്തോ കുറെ പേര് ഫോൺ അറ്റൻഡ് ചെയ്തില്ല..ചെയ്തവരാരും നമ്പർ തന്നുമില്ല.. പരസ്യമായി നാണം കെടുത്തിയിട്ട് ഇനിയെന്തിനു നമ്പർ അന്വേഷിക്കുന്നുവെന്ന് ചോദിച്ചു പലരും പുച്ഛിച്ചു. ഒരു തരത്തിലും എനിക്ക് മനുവിനെ കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇനി നേരിൽ കാണുകയേ വഴിയുള്ളു. നാളെ ഒരു ദിവസം കൂടി കഴിഞ്ഞേ അച്ഛയെ ഡിസ്ചാർജ് ചെയ്യാൻ പറ്റുള്ളുവെന്ന ഡോക്ടർ പറഞ്ഞത്. അപ്പോ ഇനി തിങ്കളാഴ്ച കോളേജിൽ വെച്ചേ മനുവിനെ കാണാൻ കഴിയുള്ളു. അപ്പോഴേക്കും അവൾ മനുവിനോട് ഇഷ്ടം പറയുമോ.. ഇല്ല അതിന് മുന്നെ മനുവിനെ കാണണം.. എല്ലാം അറിയിക്കണം…

മനസ്സിനെ ഓരോ ചിന്തകൾ വിഴുങ്ങി വിഴുങ്ങി എപ്പോഴോ കണ്ണുകൾ അടഞ്ഞു.

പിറ്റേന്ന് അടുത്തുന്നു എന്തോ തട്ടും മുട്ടും കേട്ടാണ് കണ്ണുകൾ വലിച്ചു തുറന്നത്. സിറിഞ്ചിലേക്ക് മരുന്ന് കേറ്റുന്ന നഴ്സിനെയാണ് കണ്ണ് തുറന്നപ്പോൾ കണ്ടത്.

“രാവിലെ ഒരു ഇൻജെക്ഷൻ ഉണ്ട്..”

“ഓഹ്…ഓക്കേ…”

അമ്മയെ നോക്കിയപ്പോൾ അമ്മ അപ്പോഴും മയക്കമാണ്.. ഇന്നലത്തെ ക്ഷീണം കാണും. മെല്ലെ അമ്മയെ വിളിച്ചു എഴുന്നേൽപ്പിച്ചു. എന്നിട്ട് അച്ഛന്റെ അടുക്കൽ ചെന്നു അച്ഛയെ തട്ടി വിളിച്ചു. നേഴ്സ് സിറിഞ്ച് കേറ്റുമ്പോൾ ഒരു ഞരക്കത്തോടെ അച്ഛൻ എന്റെ കയ്യിൽ പിടിച്ചു. ഒന്നുമില്ലെന്ന് കണ്ണ് കൊണ്ട് കാണിച്ചു ഞാൻ അടുത്തിരുന്നു. രാവിലെ ഭക്ഷണം കഴിഞ്ഞു കഴിക്കാനുള്ള മെഡിസിൻ ടേബിളിൽ വെച്ചു സിസ്റ്റർ പോവാൻ ഒരുങ്ങിയപ്പോൾ..

“സിസ്റ്റർ… അച്ഛനെ ഡിസ്ചാർജ് ചെയ്യാൻ ആയോ…”

“ഇന്ന് മുഴുവൻ ഇവിടെ കിടക്കണം ഇൻജെക്ഷൻ ഉണ്ട്.. പിന്നെ ഡ്രിപ് ഇടാനും.. ഇന്ന് കഴിഞ്ഞു നാളെ ഡോക്ടർ പറയും ഡിസ്ചാർജ് ആക്കുന്നത്..”

“ഓഹ്.. ഓക്കേ സിസ്റ്റർ…”

സിസ്റ്റർ പോയതോടെ അച്ഛനെ പല്ല് തേപ്പിക്കാനും നനച്ചു തുടയ്ക്കാനും ഒക്കെയായി അമ്മ തിരിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് തന്നെ ബ്രഷ് ചെയ്ത് ഫ്ലാസ്ക്കും എടുത്തു ചായ വാങ്ങിക്കാൻ ഇറങ്ങി.

ഇന്ന് ഞായറാഴ്ചയായതിനാൽ നാട്ടുകാരുടെ പ്രിയപ്പെട്ട സഖാവിനെ കാണാൻ ആളുകൾ ഹോസ്പിറ്റലിൽ വന്നും പോയും കൊണ്ടിരുന്നു. അവരോടൊക്കെ സ്നേഹത്തോടെ വിശേഷങ്ങൾ പറയുന്ന അച്ഛയെ ഒരു ചിരിയോടെ ഞാൻ നോക്കി നിന്നു. കഥ പറച്ചിലും ഡ്രിപ് ഇടലും ഇൻജെക്ഷൻ വെയ്ക്കലും ഒക്കെയായി സമയം കടന്നു പോയി. രാത്രിയിലെ ഡ്രിപ് കേറ്റിയപ്പോൾ ചെറുതായി നീര് വെച്ചിരുന്നു അച്ഛയുടെ കയ്യിൽ. അവിടെ തടവി കൊണ്ടിരുന്ന അമ്മയെ പിടിച്ചു മാറ്റി ഞാൻ അവിടെ കേറി ഇരുന്നു. തൊട്ടപ്പുറത്തെ ബെഡിൽ ഉണ്ടായിരുന്ന പേഷന്റ് ഇന്ന് കാലത്ത് ഡിസ്ചാർജ് ആയി പോയത് കൊണ്ട് ആ ബെഡ് ഒഴിഞ്ഞു കിടപ്പായിരുന്നു. അമ്മയോട് പോയി അവിടെ കിടക്കാൻ പറഞ്ഞു ഞാൻ അച്ഛന്റെ കയ്യെടുത്തു തടവാൻ തുടങ്ങി. എന്നെയും അമ്മയെയും നോക്കി ചിരിച്ചു കൊണ്ട് അച്ഛ കണ്ണടച്ച് ഉറക്കത്തിലേക്ക് കടന്നു. അച്ഛനെ അരികിലിരുന്ന് തടവി കൊടുക്കാനുള്ള അവസരം നിഷേധിച്ചതിന് എന്നെ നോക്കി മുഖം വീർപ്പിച്ചു സരസ്വതിയമ്മയും ഉറങ്ങാനായി കിടന്നു. രണ്ടു പേരെയും മാറി മാറി നോക്കി ഒരു പുഞ്ചിരിയോടെ ഞാൻ അച്ഛയുടെ കൈ തടവി കൊണ്ടിരുന്നു.

തടവി തടവി എപ്പഴാ ഉറങ്ങിയതെന്ന് അറിയില്ല.. കാലത്തു എഴുന്നേക്കുമ്പോൾ അച്ഛയുടെ ബെഡിൽ തല വെച്ചായിരുന്നു കിടപ്പ്. വേഗം തന്നെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി ബ്രഷ് ചെയ്തു മുഖവും കഴുകി അച്ഛയ്ക്ക് കാലത്തു ഭക്ഷണത്തിന് മുന്നെ കഴിക്കാനുള്ള മെഡിസിൻ എടുത്തു അച്ഛയെ വിളിച്ചുണർത്തി. അപ്പോഴേക്കും അമ്മയും എഴുന്നേറ്റ് പല്ല് തേക്കാനൊക്കെയായി ബാത്‌റൂമിലേക്ക് പോയി. തലേന്നത്തെക്കാൾ അച്ഛയുടെ മുഖം ക്ഷീണം മാറി ഒന്ന് തെളിഞ്ഞ പോലെ തോന്നി.

ഏതാണ്ട് 10 മണിയൊക്കെ ആയപ്പോഴാണ് ഡോക്ടർ പരിശോധനയ്ക്കായി എത്തിയത്. അച്ഛയെ നോക്കിയ ശേഷം ഡോക്ടർ ഞങ്ങളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

“ഹി ഈസ്‌ ആൾറൈറ്റ് നൗ…ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം.. എന്റെ ഒ.പി കഴിഞ്ഞിട്ട് ഒന്ന് റൂമിലേക്ക് വരൂ.. ഡിസ്ചാർജ് എഴുതി തരാം…പിന്നെ ഇവിടുന്ന് പോയാലും ഭക്ഷണം നന്നായി ശ്രദ്ധിക്കണം.. ഉപ്പ് പരമാവധി കുറയ്ക്കുന്നത് നന്നാവും.. എല്ലാത്തിലുമുപരി ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ അധികം ഓർക്കാതിരിക്കുക.. കേട്ടല്ലോ..”

” ശരി ഡോക്ടർ… ”

ഞങ്ങളോട് മൂന്നു പേരോടും ചിരിച്ചു കൊണ്ട് ഡോക്ടർ കടന്ന് പോയി.
ഡിസ്ചാർജ് എഴുതി വാങ്ങലും ബിൽ അടയ്ക്കലും മരുന്ന് വാങ്ങലും ഒക്കെയായി ഹോസ്പിറ്റൽ വിടുമ്പോൾ ഒരു രണ്ടു മണിയോട് അടുത്തിരുന്നു. ടാക്സി വിളിച്ചു അമ്മയെയും അച്ഛയെയും വീട്ടിലാക്കി വേഗം തന്നെ കുളിച്ചു ഫ്രഷ് ആയി ഞാൻ കോളേജിലേക്ക് പോവാൻ റെഡിയായി. ഇന്നിനി പോവണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും ഇന്ന് പോയിട്ട് അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു ഞാൻ വേഗം വണ്ടിയെടുത്ത് ഇറങ്ങി. മനസ്സിൽ മനുവിന്റെ മുഖം മാത്രമായിരുന്നു. എങ്ങനെയെങ്കിലും അമ്മുവിന്റെ ചതിയിൽ നിന്ന് മനുവിനെ രക്ഷിക്കണം.
കോളേജിൽ എത്തിയ ഉടനെ വണ്ടി പാർക്ക്‌ ചെയ്ത് ക്ലാസ്സിലെക്കാണ് ഓടിയത്. നോക്കിയപ്പോൾ മെൽവിൻ സാറിന്റെ ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കുകയാണ്. ലാസ്റ്റ് പീരിയഡ് ആണ്. ഏകദേശം കഴിയാറായിട്ടുണ്ട്. ഞാൻ ജനാലയിലൂടെ ഉള്ളിലേക്ക് നോക്കി. അമ്മു ക്ലാസ്സിൽ ഇല്ലായിരുന്നു. മെൽവിൻ സർ തല തിരിച്ച് എന്നെ നോക്കിയെങ്കിലും ഞാൻ മൈൻഡ് ആക്കാതെ അവിടുന്നു തിരിഞ്ഞു നടന്നു.

“ക്ലാസ്സിൽ കയറിയില്ലെങ്കിൽ പിന്നെ ഈ സമയം അമ്മു എവിടെയായിരിക്കും.. ഇനി ഹോസ്റ്റലിൽ പോയി കാണുവോ… അങ്ങനെയെങ്കിൽ മനു ഇവിടെ എങ്ങാൻ ഉണ്ടോന്ന് നോക്കണം.. അവനെ കണ്ടു കാര്യം പറയണം…”

മനസ്സിൽ തീരുമാനിച്ച് മനുവിനെ തേടി കോളേജ് മൊത്തം അലഞ്ഞു. ഒടുവിൽ കോറിഡോറിന്റെ അടുത്ത് കൂടെ പോവുമ്പോൾ കുറെ ദൂരെയായി അമ്മുവിന്റെ ചുരിദാർ പോലെയൊന്നു പാസ്സ് ചെയ്തു പോവുന്നത് പോലെ കണ്ടു. ഒട്ടും വൈകാതെ തന്നെ ആ ചുരിദാർ കണ്ട ഭാഗത്തേക്ക്‌ ഞാൻ ഓടി. ഓടി അവിടെ എത്തിയപ്പോഴേക്കും ഞാൻ കണ്ടത് മനുവുമായി സംസാരിച്ചു നിൽക്കുന്ന അമ്മുവിനെയാണ്. ആ കാഴ്ച കണ്ടതും മനസ്സിന്റെ സകല നിയന്ത്രണവും വിട്ടു പോയിരുന്നു. സർവ്വ ദേഷ്യത്തോടെ തന്നെ ഉറക്കെ വിളിച്ചു.

” അമ്മൂ..”

(തുടരും )