18/04/2026

ഗൗരി : ഭാഗം 04

രചന – നന്ദ നന്ദിത

“ന്താ മ്മേ…?? എന്തിനാ ഇങ്ങനെ കിടന്നു വിളിക്കണേ…?? “മോനെ… ബാലാ… അത്.. ഗൗരി മോളെ കാണുന്നില്ലടാ…” “അമ്മ എന്താ ഈ പറയണേ… അവൾ ഇവിടെ എവിടേലും കാണും… അല്ലാതെ ഇവിടെ പോകാനാ…?? “ഇല്ലാ കുട്ട്യേ… ഇവിടെ ഒരിടോം ഇല്യ… ല്ലായിടത്തും മോളേ അന്വേഷിച്ചു…” അതുടെ കേട്ടതും, ബാലന്റെ സർവ്വ നിയന്ത്രണവും വിട്ടു… അവൻ വേഗം മുറിക്ക് വെളിയിൽ ഇറങ്ങി… ഗോവണിപ്പടികളും കടന്ന് ഉമ്മറത്തു വരുമ്പോൾ… ശങ്കരൻ ഓടി വരുന്നുണ്ടായിരുന്നു “കുഞ്ഞേ… ഗൗരി കുഞ്ഞു…” “ന്താ ശങ്കരേട്ടാ… ന്റെ ഗൗരിക്ക് ന്താ പറ്റിയെ…?” “കുഞ്ഞേ… ഗൗരി കുഞ്ഞു… നമ്മുടെ കുളത്തില്…” ശ്വാസം കിട്ടാതേ ആ വയസ്സൻ കിതച്ചു… പിന്നെ ഒരു നിമിഷം പാഴാക്കാതെ,ബാലൻ കുളത്തിലേക്ക് ഓടി കല്പടവുകൾ ഓടിയിറങ്ങുമ്പോഴേ കണ്ടു കുളത്തിന്റെ ആഴങ്ങളിൽ നിന്ന് പണിക്കാർ പൊക്കി എടുത്ത് കൽപടവിൽ കിടത്തിയ ഗൗരിയുടെ ജീവനില്ലാത്ത ശരീരത്തെ… “ഗൗരീ…” ബാലൻ ഭ്രാന്തനെ പോലെ അലറി ഒപ്പം മുറിയിൽ പ്രകാശം പരന്നു…

“ബാലേട്ടാ…ബാലേട്ടാ… ന്താ പറ്റ്യേ…?? കണ്മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ട്… ഒരു നിമിഷം ബാലൻ അമ്പരന്നു… കുറച്ചു നിമിഷങ്ങൾക്ക് ശേഷം സ്വബോധനം വീണ്ടെടുത്തു…. താൻ കണ്ടത് സ്വപ്നം ആണെന് തിരിച്ചറിഞ്ഞു. “ബാലേട്ടാ… ന്താ… ന്തിനാ ന്നേ വിളിച്ചേ…?? “ഒന്നുല്ലടോ… ഞാൻ…!! ഞാൻ ഒരു സ്വപ്നം കണ്ടേ…” “ആവിശ്യമില്ലാത്ത ന്തേലുമൊക്കെ ചിന്തിച്ചു കിടന്നിട്ട ദുസ്വപ്നം കാണണേ…” “ദാ…. വെള്ളം കുടിക്ക്.. ബാലേട്ടാ…” മേശയുടെ മുകളിൽ വെച്ചിരുന്ന ജഗ് ഇൽ നിന്ന് വെള്ളമെടുത്തു നീട്ടികൊണ്ട് ഗൗരീ പറഞ്ഞു. അവൻ അത് വാങ്ങി വേഗം കുടിച്ചു. “ന്തിനാ അലറി ന്റെ പേര് വിളിച്ചേ…??ന്ത്‌ സ്വപ്നാ കണ്ടേ…??” “ഒന്നുല്ലടോ… താൻ കിടന്നോ…” അത്രയും പറഞ്ഞു ബാലൻ വീണ്ടും കിടന്നു. ബാലാനുറങ്ങുന്നതും നോക്കി ഗൗരി അങ്ങിനെ നിന്നു.. ലൈറ്റ് ഓഫ് ചെയ്തു പായിലേക്ക് കിടന്ന് പുതപ്പെടുത്ത് മൂടിപ്പുതച്ചു.

അതിരാവിലെ കോഴി കൂവുന്ന കേട്ടാണ് അവൾ കണ്ണ് തുറന്നത്. തലയിണയിൽ കെട്ടഴിഞ്ഞു,ഉടഞ്ഞ മുടി കെട്ടിക്കൊണ്ട് അവൾ എഴുന്നേറ്റു. മുഖം കഴുകി ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അടുക്കളയിലേക്ക് ചെന്നു. “ആഹാ മോളെണീറ്റോ..?” അംബികമ്മ, അരി കഴുകി അടുപ്പത്ത്,വച്ച കലത്തിലേക്ക് ഇട്ടുകൊണ്ട് ചോദിച്ചു… “നിക്ക് ഇത് ശീലം ആണമ്മേ… അമ്മ അതിങ്ങ് താ ഞാൻ ചെയ്തോളാം… ഉറക്കം, വരുന്നുണ്ടേൽ കുറച്ചു നേരം കൂടി കിടന്നോളൂ… ഞാൻ ചെയ്തോളാം ഇവിടുത്തെ ജോലിയൊക്കെ…” “എനിക്ക് ഇനി കിടന്നാൽ ഉറക്കമൊന്നും വരില്ല കുട്ടി…” “ങ്കിലെ…അമ്മ ഇവിടെ ഇരുന്ന മതി ഞാൻ ചെയ്തോളാം….” “ഏഴരയാകുമ്പോഴേക്കും ബാലൻ ഇറങ്ങും അപ്പോഴേക്കും..ല്ലാം ആവണം..അവന് കൊണ്ട് പോകാനുള്ളതാ…” അംബിക പറഞ്ഞു. “ആ…ന്നോട് ഏട്ടൻ പറഞ്ഞായിരുന്നു…” കയ്യിൽ നിന്നു ഇട്ട ഡയലോഗ് ആണെങ്കിലും അതിലെന്തോ സന്തോഷം അവൾക്ക് തോന്നി…

“പച്ചക്കറി എടുത്തു അരിഞ്ഞതും, തോരനും കൂട്ടാനും ഒക്കെ ആയപ്പോഴേക്കും അമ്മിണിയമ്മ വന്നിരുന്നു. “ആ അമ്മിണി എന്തെ താമസിച്ചേ…?അല്ലേൽ ന്റെ ഒപ്പം എണീക്കണ ആളാ…” അംബികമ്മ അവരോടു ചോദിച്ചു.. “ഗൗരി കുഞ്ഞുണ്ടല്ലോ… ഇവിടുത്തേക്ക് കൂട്ടിനു.. അതാ ഞാൻ…” “ആഹാ…കൊള്ളാലോ അമ്മിണി നീയ്…ന്റെ മോളെ ഇപ്പോഴേ ഇട്ട് കഷ്ടപ്പെടുത്താനാണോ നീ പറയണേ…?” “ഞാൻ അങ്ങിനെ പറഞ്ഞതല്ല.. അംബികമ്മേ…” “ആ… നീയ്… ആ കന്നിനെ മാറ്റി കെട്ടി, വൈക്കോലും, കാടിയും കൊടുത്തിട്ട്, പാല് കറന്നേ… ബാലൻ ഇറങ്ങാൻ നേരാവണ്…” “ആ ശങ്കരൻ എന്തിയെ… ആ മാങ്ങാ രണ്ടെണ്ണം പൊട്ടിക്കാൻ…??” “ന്തിനാമ്മേ മാങ്ങ…??” “മാഷിനെന്നും മാങ്ങ വച്ച് എന്തേലും കറി നിർബന്ധ…” “ആഹാ അതെന്താ…?” “ഇവിടൊരാളെ,മാധവേട്ടൻ കെട്ടിക്കൊണ്ട് വന്നതേ അംബികാമ്മ മാങ്ങ വച്ചു ന്തോ ഉണ്ടാക്കി കൊടുത്തിട്ട…” “ഒന്ന് പോയെ അമ്മിണി പോയ്‌ വല്ല ജോലീം ചെയ്തേ…”അംബിക ചിരിച്ചോണ്ട് പറഞ്ഞു..

“നമുക്കെ … മാഷിനോട് പറയാം…” അംബികയും, ഗൗരിയും ഉമ്മറത്തേക്ക് വന്നു… ഒടുവിൽ മുറ്റത്തെ മാവിന്റെ ചുവട്ടിൽ ആകാശത്തേക്ക് നോക്കി മൂവരും നിന്നു. “തൊട്ട കൊണ്ട് അടക്കാവുന്ന, ഒന്നും ഇല്ല അംബികേ… താഴെ നിന്നതൊക്കെ തീർന്നു..” “രണ്ടുപേരും അങ്ങോട്ട്‌ മാറി നിന്നെ എറിഞ്ഞിടാൻ പറ്റ്വോ ന്ന് നോക്കട്ടെ… ” “മോളെ നോക്കി എറിയണേ ദേഹത്തൊന്നും കല്ല് വന്നു വീഴല്ലേ..” “എനിക്ക് നല്ല ഉന്നമൊക്കെയാ, പണ്ടൊക്കെ സ്കൂളിൽ പോകുമ്പോ മാവിലും പുളിയിലുമൊക്കെ എത്ര എറിഞ്ഞേക്കുന്നത്…?” അവൾ ചിരിയോടെ കല്ലുകൾ പെറുക്കി മാങ്ങ എറിഞ്ഞിടാൻ പല പ്രാവശ്യം ശ്രമിച്ചു. ഒടുവിൽ മാങ്ങക്ക് കൊള്ളാതെ ആയപ്പോൾ എന്തും വരട്ടെന്ന് കരുതി മാവിലേക്ക് കയറി.. അതും കുറേ പരാജയം ആയെങ്കിലും സാധിച്ചേ പറ്റുവെന്ന ഉറച്ച തീരുമാനത്തിനൊടുവിൽ അവൾ മാവിലേക്ക് വലിഞ്ഞു കയറി. ചെറിയ ചില്ലകളിലേക്ക് പയ്യെ പയ്യെ നടക്കുമ്പോഴും പേടിച്ചു വിറച്ചു തുഞ്ചത്ത് നിക്കണ മൂവാണ്ടൻ മാങ്ങ പറിച്ചെടുക്കുമ്പോ ഭയങ്കര സന്തോഷത്തോടെ തുള്ളിച്ചാടൻ അവൾക്ക് തോന്നി…

“മതി…മതി വേഗം ഇറങ്ങിയേ നീയ്… അവനെങ്ങാനും കണ്ടോണ്ട് വന്ന അത് മതി ഇനി… ” അംബിക ഗൗരിയെ നോക്കി പറഞ്ഞു… “ഇറങ്ങുവാമ്മേ…”എന്ന് പറഞ്ഞു കൊണ്ട് പറിച്ച മാങ്ങാകൾ ഓരോന്നായി താഴ്യ്ക്ക് എറിഞ്ഞു കൊടുത്തു. മാഷും, അംബികമ്മയും ഓരോ മാങ്ങയും നിലത്തു നിന്ന് പെറുക്കി എടുത്തു. മാങ്ങ താഴേക്ക് ഇട്ട്,ഗൗരി താഴേക്ക് ചവിട്ടി ഇറങ്ങാൻ നോക്കി.. പക്ഷേ,താഴേക്ക് നോക്കിട്ട്, പേടിച്ചിട്ട് തലകറങ്ങും പോലെ തോന്നി ഗൗരിക്ക്… “വീഴാതെ നോക്കി ഇറങ്ങു കുട്ട്യേ…” “നിക്ക് പേടിയാ…ഞാൻ ഇറങ്ങൂല… താഴോട്ടു നോക്കീട്ട് തല ചുറ്റണ പോലെ… ” “ഹയ്യോ… അമ്മേ… നിക്ക് പേടിയാവണ് ണ്ട് ട്ടോ… നിക്ക് ഇറങ്ങാൻ പറ്റണില്ല…” “അയ്യോ… ന്താ കുട്ട്യേ…” “താഴേക്കു നോക്കിട്ട് തല കറങ്ങണ പോലെ..” “ഈശ്വര… ന്താ ഇപ്പൊ ചെയ്ക…?? “അമ്മേ ഞൻ ഇറങ്ങുവാട്ടോ…” ഉമ്മറത്ത് ബാലന്റെ ശംബ്ദം കേട്ട്… അംബികമ്മ തിരിഞ്ഞു നോക്കി “മോനെ… ഒന്ന് വാ.. മോള്…” “അവൾക്കെന്താ…??” “മോള്…ദേ മാവിന്റെ…” “മാവിന്റെയോ..?” എന്ന് ചോദിച്ചു കൊണ്ട് ബാലൻ മുറ്റത്തേക്ക് ഇറങ്ങിവന്നു. മാവിന്റെ മുകളിൽ ഇരിക്കുന്ന ഗൗരിയെ കണ്ടതും, ബാലന് ദേഷ്യം വന്നു…

“ഇവളെന്തിനാ ഇപ്പോ ഇങ്ങോട്ട് കേറിയേ…?” “അത്…കൂട്ടാൻ വെക്കാൻ രണ്ട് മാങ്ങ പൊട്ടിക്കാൻ… അച്ഛനും ഞാനുടെ തൊട്ടക്ക് പൊട്ടിക്കാൻ നോക്കിട്ട് പറ്റില്യ… അപ്പൊ മോള് കേറിയേ…” “അവൾക്കോ ബോധം ഇല്ല…. നിങ്ങൾക്കും രണ്ടാൾക്കും…!!” അവൻ ദേഷ്യപ്പെട്ട്, പുറകിലെ ചായ്‌പ്പിലേക്ക് പോയി ഏണി എടുത്തോണ്ട് വന്നു. മാവിലേക്ക് കേറി… “നീ അങ്ങോട്ട് എങ്ങിനെ വലിഞ്ഞു കേറീടി… മരം കേറി…?? പെൺകുട്ടിയോൾ ആയാൽ ച്ചിരി അടക്കോം ഒതുക്കോം വേണം…?” “അടുക്കോം ഒതുക്കോം ഉണ്ടായിട്ട് എന്തിനാ അലമാരെൽ വെക്കാനോ…? ഹും..!!” അവൾ അതും പറഞ്ഞു ചുണ്ട് കൊണ്ട് ഗോഷ്ടി കാട്ടി… “ആഹാ… അത്രക്കായോ.. എങ്കി നീ അവിടിരുന്നോ… നിനക്കെ ഇച്ചിരി അഹങ്കാരം കൂടുതലാ… അത് മാറുമ്പോൾ ഇറങ്ങി വായോ…” അതും പറഞ്ഞു അവൻ താഴേക്ക് ഇറങ്ങാൻ തുടങ്ങി… “അയ്യോ…. ബാലേട്ടാ… ബാലേട്ടാ… വാ പോവല്ലേ… പ്ലീസ്… ഞൻ വെറുതെ പറഞ്ഞെ…പെൺകുട്ടിയോൾ ആയാൽ അടക്കോം ഒതുക്കോം വേണം…” “എങ്ങിനെ…??” ” അട…ക്കോം ഒതു… ക്കോം..” “ഹും…” “പതിയെ ആ താഴെ കൊമ്പിലേക് ചവിട്ടി ഇറങ്ങു..”

“അയ്യോ… നിക്ക് പേടിയ…” “ഉവ്വോ.. പിന്നെ ന്തിനാ ഇങ്ങോട്ട് വലിഞ്ഞു കേറിയേ… ഇങ്ങോട്ട് മര്യാദക്ക് ഇറങ്ങു പെണ്ണേ…” “സത്യായിട്ടും നിക്ക് പേടി വരണ് ബാലേട്ടാ…” “പേടിക്കണ്ട… പതിയെ ഇടത്തെ കൊമ്പിൽ പിടിച്ചിട്ട്, ഇച്ചിരികൂടെ മുന്നോട്ട് നീങ്ങിട്ട്, പതിയെ താഴെ കൊമ്പിൽ ഇറങ്ങു…” “ഉം..” “പേടിക്കണ്ടാട്ടോ…വീഴില്ല…” “ഉം…” “ആ… അങ്ങിനെ… ഇനി ന്റ കയ്യിലേക്ക് പിടിച്ചോളൂ…” ബാലന്റെ കയ്യിലേക്ക് എത്തി പിടിച്ചു, ഗൗരീ പതിയെ ഏണിയിലൂടെ താഴേക്ക് ഇറങ്ങി… “ന്തേലും പറ്റിയോ മോളെ…” താഴെ ഇറങ്ങിതും, അവളുടെ തലയിൽ തലോടി അംബികമ്മ “ഇല്ലമ്മേ…” “ഇല്ലമ്മേ…താഴെ വീണു വെല്ലോം പറ്റിയിരുന്നെലോ…?? നിന്നോടാരാ ഇപ്പൊ മരത്തെ കേറാൻ പറഞ്ഞെ..??” ബാലൻ ദേഷ്യത്തോടെ ഗൗരിയോടായി പറഞ്ഞു.. “ദേ… നോക്കിയേമ്മ…ദേഷ്യം വന്നിട്ട് ബാലേട്ടന്റെ കവിളും മൂക്കൊക്കെ ചുവന്നെ… നല്ല ഭംഗിണ്ടല്ലേ…??” അതും പറഞ്ഞു ബാലന്റെ കവിളിൽ നുള്ളി, ഗൗരീ വേഗം അകത്തേക്ക് ഓടി… “ടീ… നിന്നെ…” അത് കണ്ടതും അംബികമ്മയും, മാഷും കൂടെ ചിരിച്ചു.

“ഞൻ എന്നാ ഇറങ്ങുവാ…” മാഷിനോടും, അമ്മയോടുമായി യാത്ര പറഞ്ഞു, ബാലൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു… “അയ്യോ… ബാലേട്ടാ… പോവല്ലേ..” “ന്താടി…??” “ബാഗ്..” “ഉം…അതെ… മാവും, പ്ലാവും ഒക്കെ പറമ്പിലു ധാരളം എണ്ട്.. ഏതിൽ എങ്കിലും കേറാൻ തോന്നിയ നേരത്തെ പറയണം… കോളേജിന്ന് നിക്ക് പെട്ടന്ന് വരേണ്ടേ…??” അവന്റെ സംസാരം കേട്ടപ്പോൾ ഗൗരിക്ക് ചിരി വന്നു. “ശരി…ഞൻ ഇറങ്ങുവാ…” ബാലചന്ദ്രൻ പോകുന്നത് നോക്കി ഗൗരീ പടിപ്പുരയിൽ നിന്നു. ” ബാലചന്ദ്രൻ സർ ഇന്ന് വൈകിയല്ലോ…?? എന്തുപറ്റി..?? ” ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ സുരേഷ് സർ ചിരിച് കൊണ്ട് നിൽക്കുന്നു. “വീട്ടിൽ നിന്ന് ഇറങ്ങാൻ കുറച്ചു ലേറ്റ് ആയി…” “സർ അങ്ങിനെ വൈകാറില്ലല്ലോ… അത് കൊണ്ട് ചോദിച്ചതാ…” “ഈ hour ക്ലാസ്സുണ്ട്… പിന്നെ കാണാം…” ബാലൻ ചിരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി.

“ദേ…ടീ… സാന്ദ്രേ… ബാലചന്ദ്രൻ സർ വരുന്നുണ്ട്… നിനക്ക് ആയിരുന്നില്ലേ കാണാഞ്ഞിട്ട് വെപ്രാളം..” “ഒന്ന് വെറുതെ ഇരിക്കെടി..” സാന്ദ്ര രമ്യയുടെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു. “ഓ…ആളെ കണ്ടപ്പോൾ പെണ്ണിന്റെ മുഖത്ത് എന്താ ഒരു പ്രകാശം… ഇത്ര നേരം പവർക്കെട്ട് പോലെ ആയിരുന്നു…” “ഇവളെ കൊണ്ട് തോറ്റല്ലോ… നീ മിണ്ടാതിരുന്നേ.. സർ എത്തി…” “ഇന്ന് ബാലൻ മാഷിന്റെ കറികൾക്ക് ഒരു പുതുമയുണ്ടല്ലോ…??” ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന നേരത്ത് ശാരി ടീച്ചർ പറയുന്ന കേട്ട് ബാലൻ ചിരിച്ചു. “സത്യം പറഞ്ഞാൽ സർന്റെ അമ്മേടെ മാമ്പഴപുളിശ്ശേരിയും,സാമ്പാറും, അവിയലും ഒക്കെ കഴിക്കാൻ ഒരു പ്രേത്യേക രസവ…” സുരേഷ് സാറും, ശാരി ടീചർനൊപ്പം കൂടി “ഇന്ന് ന്തായാലും… അമ്മയല്ല… ആരാ ബാലൻ സാറേ… ഇതൊക്കെ ഉണ്ടാക്കിയെ… അസ്സൽ ആയിട്ടുണ്ട്…” അവരുടെ സംസാരം കേട്ട്, ബാലൻ ചിരിച്ചു… മനസ്സിൽ ഗൗരിയുടെ ചിത്രം തെളിഞ്ഞു വന്നു. അവളെ കാണാൻ അവന്റെ മനസ്സ്‌ വെമ്പൽ കൊണ്ടു….

വൈകീട്ട് വീട്ടിലേക്കു പോകുമ്പോൾ എന്തോ, പതിവിലും വേഗത ഉള്ളപോലെ തോന്നുന്നു… ഗൗരി എന്ന ഒറ്റപേര് മാത്രം… മനസ്സിൽ എനിക്ക് എന്തൊക്കെയാ സംഭവിക്കുന്നത്…?? എന്തിനാ എന്റെ മനസ്സ്‌ അവളെ കാണാൻ ഇത്ര തിടുക്കം കൂട്ടുന്നത്…? ഇതാണോ പ്രണയം…?? അവളെന്റെ ആരെക്കെയോ ആണെന്ന തോന്നൽ…മനസ്സിൽ ഓരോ നിമിഷവും വെരുറക്കുന്നു… പടിപ്പുര കടന്നതും… ന്നേ കാത്തിരുന്നപോലെ ഗൗരി ഓടി വന്നു ന്റെ കയ്യിലെ ബാഗ് വാങ്ങി “വേഗം കുളിച്ചിട്ട് വാ…ഇന്ന് ഏട്ടന് ഏറ്റവും ഇഷ്ടള്ള ഇല അട ഉണ്ടാക്കിട്ടുണ്ട് ഞൻ…” “ആഹാ…ദേ വരുന്നു… നീയാ തോർത്തു ഇങ്ങട് എടുത്തേ…” ഷർട്ട്‌ അഴിച്ചു ഹാങ്കറിൽ തൂകി കൊണ്ടു ബാലൻ പറഞ്ഞു “പിന്നെ… താൻ ഒരുങ്ങി കോളൂട്ടോ… നമുക്ക് കടയിൽ പോയി… തനിക്ക് വേണ്ടതൊക്കെ വാങ്ങാം… എത്ര ദിവസാ ദേവൂന്റെ ഈ ഡ്രസ്സ്‌ ഇടണേ…” “ഇറങ്ങാം…. ബാലേട്ടാ… ഞൻ റെഡി ആയി…” ബാലൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു… ഗൗരീ വേഗം വണ്ടിയിൽ കയറി “പോയിട്ട് വരാം അമ്മേ…”. ഉമ്മറത്തു നിന്ന അമ്മയോടായി ഗൗരീ പറഞ്ഞു. “വേഗം മടങ്ങണെ… മക്കളെ… മഴക്കോളുണ്ട്…” ” ശരിയമ്മേ… ” പട്ടണത്തിലെത്തിയപ്പോഴേക്കും വാഹനങ്ങളുടെ ഇരച്ചിലമ്പൽ കണ്ട് അവൾ കുറച്ച് കൂടെ ബാലാനോട് ചേർന്നിരുന്നു. വലിയൊരു തുണിക്കടയുടെ മുന്നിലേക്ക് വണ്ടി നിർത്തി.

അവരൊരുമിച്ച് ആ വലിയ കടക്കുള്ളിലേക്ക് കയറി… ഉള്ളിലെത്തിയപ്പോ തന്നെ അവളുടെ ചുറ്റിനും പല നിറത്തിൽ പല ശോഭയിൽ പല പല വർണങ്ങളിൽ തുണിത്തരങ്ങൾ വിരിച്ചിട്ടു…. “ഏതാ എടുക്കാ…? ഇതിനൊക്കെ ഒത്തിരി വിലയാകുവോ…?” അവളാകെ വിഷമിച്ചു… ഇദ്ദേഹത്തിന് ഇഷ്ടമുള്ളത് എടുത്ത് തന്നൂടെ.. അതാവുമ്പോ നിക്ക് സന്തോഷത്തോടെ ഉപയോഗിക്കാരുന്നു.. “താനെന്താ ആലോചിക്കണേ..?” രാവിലെ ഭയങ്കര ബോൾഡായി നിന്ന കക്ഷി ഇപ്പൊ ന്തേ…? ” “ഏയ് ഒന്നുല്യ… ഏത് എടുക്കുമെന്നൊരു കൺഫ്യൂഷൻ… ” “തന്റെ ഫേവറേറ്റ് കളർ ഏതാ…?” “ഏയ് അങ്ങനെ ഒന്നുല്ല… എല്ലാം ഇഷ്ട…” “എങ്കിൽ ഞാൻ എടുത്തു തരട്ടെ…?” “ഉം…അത് മതി ബാലേട്ടനല്ലേ എല്ലാം എനിക്ക് വേണ്ടി ചെയ്യുന്നത്,അപ്പൊ ഇതും ബാലേട്ടന്റെ ഇഷ്ടത്തിന് മതി എനിക്കും അതാ ഇഷ്ട്ടം…” വീട്ടിലിടാനും പുറത്തിട്ടോണ്ട് പോകുവാനും ഒക്കെയായി അവൾക്ക് ധാരാളം തുണികൾ വാങ്ങി…. ഒക്കെ വാങ്ങി ബില്ല് പേ ചെയ്യാൻ നിക്കുമ്പോഴും അവളുടെ മുഖത്ത് വല്ലാത്തൊരു വാട്ടം കണ്ടു… “എന്തേയ് മുഖം വല്ലാണ്ടായിരിക്കുന്നെ…?” “അതേ ന്റെ കയ്യില് പൈസ ഒന്നുല്ല… പക്ഷെ… ഞാനിഷ്ടപ്പെട്ട ഒരു ഡ്രസ്സ്‌ കൂടെ എടുത്തോട്ടെ…?” അവളുടെ കെഞ്ചിയുള്ള ചോദ്യം കേട്ട് ബാലന് ചിരി വന്നു… “താൻ വാങ്ങേടോ…” സന്തോഷം കൊണ്ടവൾ തിരികെ പോയ്‌..

അല്പസമയം കഴിഞ്ഞവൾ തിരികെയെത്തി. “എന്തേയ് ഇതിൽ…?” ആകാംഷയോടെ അവൻ ചോദിച്ചു… “അതൊക്കെ സസ്പെൻസ്… ” “ആഹാ… അതുകൊള്ളാലോ… ” “ഇനി എന്തെങ്കിലും വേണോ…?” “ഒന്നും വേണ്ട നമുക്ക് വീട്ടിലേക്ക് പോകാം…” ബൈക്കിൽ കേറിയ ശേഷം ഗ്ലാസ്സിലൂടെ ഗൗരിയെ ഒന്നുടെ നോക്കി, ബാലൻ. “തനിക്ക് വേറെ എന്തെങ്കിലും വേണോ…?” “വേണ്ട ബാലേട്ടാ… വേണ്ടതൊക്കെ വാങ്ങി തന്നൂലോ…. അത് മതി… മടങ്ങാം… നമുക്ക്… മഴ വരണുണ്ട്…” “ശരി…” തിരക്കിട്ട റോഡിലൂടെ, വണ്ടി വേഗത്തിൽ പോയികൊണ്ടിരുന്നു… നിമിഷങ്ങൾക്കകം വാനം ഇരുട്ട് മൂടി… നേർത്ത ജല കണങ്ങൾ അവളുടെ കവിളിലേക്ക് പതിച്ചു… പെട്ടന്ന് തന്നേ മഴയുടെ ശക്തി കൂടി… ബാലൻ പെട്ടന്ന് അടുത്തു കണ്ട ബസ്റ്റോപ്പിലേക്ക് വണ്ടി ഒതുക്കി… അവർ വെയ്റ്റിംഗ് ഷെഡിലേക്ക് കേറി നിന്നു… തൊട്ട് അടുത്തെങ്ങും ആരുമില്ല… ബാലൻ കയ്യിലെ വാച്ചിലേക്ക് നോക്കി… സമയം 6.30 കഴിഞ്ഞു. “എന്തൊരു മഴയാ…?? ഗൗരീ അവളോടായി തന്നേ പറഞ്ഞു മൊത്തം ഇരുട്ട് മൂടി… വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങി…

“തലയിൽ വെള്ളം താണാൽ… പനി പിടിക്കും…”അതും പറഞ്ഞു… സാരീ തുമ്പെടുത് വേഗം ബാലന്റെ തല തുവർത്തി കൊടുത്തു… ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി … അവളുടെ ചുടുശ്വാസം അവന്റെ മുഖത്തു തട്ടി നിന്നു. അടുത്ത നിമിഷം ഗൗരീ അവനിൽ നിന്നും അടർന്നു മാറി… ഗൗരിക്ക് എന്തോ ചമ്മൽ തോന്നി… ഓരോ നിമിഷം കഴിയുംതോറും മഴയുടെ ശക്തി കൂടി വന്നു… ഒപ്പം ഇടിയും മിന്നലും… വഴിവിലക്കിന്റെ നേരിയ പ്രകാശത്തിലൂടെ ഗൗരിയെ വ്യക്തമായി അവനു കാണമായിരുന്നു… നനഞ്ഞൊട്ടിയ സാരിയിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി അവനു… മഴയുടെ തണുപ്പിൽ അവളുടെ ചുണ്ടുകൾ വിറകൊള്ളുന്നു… ഇടിയും മിന്നലും അവളെ വല്ലാതെ ഭയപ്പെടുത്തിയെന്ന് അവളുടെ മുഖത്ത് നിന്നും വ്യക്തമായിരുന്നു… ഇടി വെട്ടുമ്പോൾ അവൾ ചെവി പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു.ഒരാശ്രയം എന്ന വണ്ണം അവളെ ബാലനെ നോക്കി… അതറിഞ്ഞിട്ടാവണം ബാലൻ അവളുടെ അരികിലേക്ക് ചേർന്നു നിന്നു… ഒരു കൈകൊണ്ടവളെ ചുറ്റി പിടിച്ചു. (തുടരും )