23/04/2026

ജീവന്റെ പാതി : ഭാഗം 17

രചന – രോഹിണി ആമി

 

ഇന്ദ്രൻ പറഞ്ഞിട്ട് പോയതിന്റെ വിഷമത്തിലായിരുന്നു ഇന്ദു…….. ഏട്ടൻ ഇങ്ങനെ ഒന്നും വഴക്ക് പറഞ്ഞിരുന്നില്ല മുൻപൊന്നും തന്നെ………. എല്ലാത്തിനും കാരണക്കാരൻ ഒന്നും മിണ്ടാതെ തലയും കുനിച്ചിരുപ്പുണ്ട്……… എല്ലാവരുടെയും വായിൽ നിന്ന് കേൾക്കുന്നത് താനും……..

തന്നെ ദേഷ്യത്തിൽ നോക്കി നിൽക്കുന്ന ഇന്ദുവിനെ നോക്കി ജീവൻ പറഞ്ഞു………

ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട നീ ……… ഞാൻ വിചാരിച്ചോ നിന്റെ കയ്യിൽ ബ്ലേഡ് ആവുമെന്ന്…….. അന്നത്തെ പോലെ വല്ല പേനയോ പെൻസിലോ ആകുമെന്ന് കരുതി……….

ശരിയാണ്……… കയ്യിൽ തടഞ്ഞപ്പോഴേ മനസ്സിലായതാണ് അതൊരു ബ്ലേഡ് ആണെന്ന്……… ഒന്നു പേടിപ്പിക്കാൻ നോക്കിയതാ……… ജീവൻ പിടി വിടുമെന്ന് വിചാരിച്ചു…….. പക്ഷേ ഇങ്ങനെ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല……… ഇതെങ്ങാനും ഏട്ടൻ അച്ഛനോടും അമ്മയോടും പറഞ്ഞാൽ പിന്നെ പോയി ചത്താൽ മതി………. വിവരമുള്ള മോളുടെ വിവരമില്ലായ്മ………. ഈശ്വരാ ഞാനിനി എല്ലാവരുടെയും മുഖത്ത് എങ്ങനെ നോക്കും………… ഇന്ദുവിന് ദേഷ്യവും വിഷമവും ഒരുപോലെ തോന്നി……..

അവളുടെ വിഷമം കണ്ട് ജീവൻ ഇന്ദുവിന്റെ കയ്യിൽ പിടിച്ചു അടുത്തിരുത്തി പറഞ്ഞു ………. സാരമില്ല……. ഞാൻ പറഞ്ഞോളാം എല്ലാവരോടും……… പോരേ…….

അല്ലേലും പറഞ്ഞേ പറ്റൂ…….. ഉള്ള വിവരക്കേട് മുഴുവൻ കാട്ടിക്കൂട്ടിയിട്ട്…. പ്രതിക്കൂട്ടിൽ ഞാനും……… ഇന്ദു കൈവിടുവിച്ചു ദേഷ്യത്തിൽ പറഞ്ഞു…….

ആ സമയം ചോദിക്കാൻ വിട്ടു……… നീയെന്തിനാ എന്നെ അടിച്ചേ………. ജീവൻ കവിളിൽ കൈ വെച്ചു ചോദിച്ചു……. അന്ന് ഞാൻ അടിച്ചതിനു പകരം ചോദിച്ചതല്ലേ നീ…….. പക്ഷേ ഞാൻ അടിച്ചത് ഇത്രയും ശക്തിയിൽ ആയിരുന്നില്ലല്ലോ …….. ഇപ്പോൾ പകരത്തിനു പകരമായില്ലേ………. ഇനി എന്നെ ഈ വീട്ടിൽ നിന്നും ഇറക്കി വിട്…… അപ്പോൾ തുല്യമാകും…….. എന്നിട്ടും ദേഷ്യം തണുത്തില്ലെങ്കിൽ പറ എന്റെ ജീവൻ കൂടി തരാം…………

ഇന്ദു ഒന്നു ദേഷ്യത്തിൽ നോക്കി……… നോക്കണ്ട ഇന്ദൂ…….. ഞാനതും ചെയ്യും………. എനിക്ക് നിന്നെ വേണം സ്വന്തമായിട്ട്………

എഴുന്നേറ്റു പോകാനൊരുങ്ങിയ ഇന്ദുവിനെ ജീവൻ പിടിച്ചു നിർത്തി……… മുറിവ് വലിഞ്ഞപ്പോൾ അറിയാതെ കാറിപ്പോയി……. പിടി വിട്ടു തിരിച്ചു കൈ വലിച്ചു……… മുറിവിൽ ബ്ലഡ് പടരുന്നത് നോക്കിയിരുന്നു……….. ഇന്ദു ജീവന്റെ അടുത്തു വന്നിരുന്നു ……… കയ്യെടുത്തു പതിയെ തലോടി പറഞ്ഞു ……….
ഇങ്ങനെ ഇനി ഒരിക്കലും ചെയ്യരുത്……….

നീ ചെയ്യില്ലെന്ന് ഉറപ്പു തന്നാൽ…………

മിണ്ടാതെ കുനിഞ്ഞിരുന്നു മുറിവിലേക്ക് നോക്കിയിരിക്കുന്ന ഇന്ദുവിന്റെ മുഖം പിടിച്ചുയർത്തി……….

ഇങ്ങനെ മിണ്ടാതിരിക്കുന്ന ഇന്ദുവിനെ എനിക്ക് വേണ്ട……….. വാശിയും ദേഷ്യവും കാണിക്കുന്ന ജീവനെ അടിയറവ് പറയിക്കുന്ന ഇന്ദുവിനെയാ എനിക്കിഷ്ടം…….. സ്നേഹിച്ചതും ആ ഫൂലൻ ദേവിയെയാണ്………

ഞാൻ അത്രയ്ക്ക് ധൈര്യശാലി ഒന്നുമല്ല ജീവൻ……… ആ സമയം സ്വയം തോൽക്കാതിരിക്കാനും ആരും ആശ്വസിപ്പിക്കാൻ ഇല്ലെന്നുള്ള ബോധ്യത്തിലും ചെയ്തു കൂട്ടിയതാണ് എല്ലാം……. പതറിപ്പോയിട്ടുണ്ട് പലപ്പോഴും……… അപ്പോഴെല്ലാം ജീവൻ പറഞ്ഞത് ഓർക്കും……… ഒരു ബന്ധവുമില്ല എനിക്ക് നീയുമായി ……… ഈ വീട്ടിലെ ആരുമായും………….അത് കാതിൽ കേൾക്കുമ്പോൾ ഒരു വാശി എവിടെ നിന്നോ ഉണ്ടാവും ……..

ജീവൻ ഇന്ദുവിനെ ചേർത്തു പിടിച്ചു………. ഇനിയും അടിക്കല്ലേ…… സ്നേഹം കൊണ്ടു കെട്ടിപ്പിടിച്ചതാ……….. എന്നോട് ക്ഷമിക്ക് ഇന്ദൂട്ടി ………. ഇനിയൊരിക്കലും……. ഒരിക്കലും വേദനിപ്പിക്കാതെ നോക്കിക്കൊള്ളാം………. പൊന്നുപോലെ നോക്കിക്കോളാം ഞാൻ……….. ഒരവസരം തന്നൂടെ……… എന്നെ വേണ്ടാന്ന് വെയ്ക്കരുത് പ്ലീസ്……..

ഇപ്പോഴും ജീവന് എന്നെ മനസ്സിലായിട്ടില്ല…….. ഞാൻ ജീവനെ ഉപേക്ഷിച്ചു പോകുമെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ………. പെട്ടെന്ന് മറക്കാനോ പൊറുക്കാനോ പറ്റുന്നതാണോ എന്നോട് ചെയ്തതെല്ലാം………. കുറച്ചു സമയം ആരും തന്നില്ല എനിക്ക്…….. എല്ലാം മറക്കാൻ ആയില്ലെങ്കിലും പൊറുക്കാനാവും എനിക്ക് ജീവനോട് ……….. ഉള്ളിൽ സ്നേഹം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്……… പക്ഷേ…….. എന്നെ ആ രാത്രിയിൽ വെളിയിലാക്കി വാതിൽ അടച്ചപ്പോൾ തോന്നി ആ തോന്നലെല്ലാം തെറ്റായിരുന്നുവെന്ന്…… ഈ മനസ്സിൽ ഇന്ദുവെന്ന ഒരാളേ ഉണ്ടായിരുന്നില്ലെന്ന്…….

ജീവന്റെ കൈകൾ തന്റെ ശരീരത്തു മുറുകുന്നത് ഇന്ദു അറിഞ്ഞു…… നെറുകയിൽ നനവോടെ ചുണ്ട് ചേരുന്നതും അറിഞ്ഞു………… അതൊന്നും തടയാൻ നിന്നില്ല ഇന്ദു………ജീവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു ……..

എന്തിനാ എന്നെ ഇറക്കി വിട്ടേ………. ഞാനെന്ത് തെറ്റാ ചെയ്തേ…….. ആ രാത്രിയിൽ എന്നെ തനിച്ചു വിടാൻ എങ്ങനെ മനസ്സ് വന്നു …………..

ദയനീയമായ ആ നോട്ടം ജീവന്റെ ജീവനെടുത്തു എന്നു വേണം പറയാൻ…… ഇറുക്കി നെഞ്ചിലേക്ക് ചേർത്തു പിടിച്ചു…….. പൊട്ടിക്കരഞ്ഞു പുറത്തു നഖം ഇറക്കുന്നതും നെഞ്ചിൽ പല്ലു താഴുന്നതും സുഖമോടെ ജീവൻ അറിഞ്ഞു……..

എന്നെ വെറുപ്പാണെന്നു പറഞ്ഞില്ലേ……. സ്നേഹിക്കുന്നില്ലെന്ന് പറഞ്ഞില്ലേ…… ഒരു ബന്ധവുമില്ലെന്ന് പറഞ്ഞില്ലേ……… ഓരോന്നും എണ്ണിയെണ്ണി പറഞ്ഞു അടിച്ചും ഇടിച്ചും കടിച്ചും ഏങ്ങലടിച്ചു ഇന്ദു……. ഇന്ദുവിന്റെ നിശബ്ദമായ ഏങ്ങലടികൾ ജീവൻ നെഞ്ചിൽ ഏറ്റുവാങ്ങി…….. തെറ്റ് ചെയ്തത് താനും വേദന മുഴുവൻ അവൾക്കും………… ഇത്രയും വിഷമം ഉള്ളിൽ ഉണ്ടായിരുന്നോ……….. ഇനിയൊരിക്കലും വേദനിപ്പിക്കില്ല ഇന്ദൂട്ടി നിന്നെ……….. ഒരിക്കലും……… ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഓരോ നിമിഷവും സ്നേഹം കൊണ്ടു വീർപ്പു മുട്ടിച്ചോളാം നിന്നെ……….

കരച്ചിൽ നിന്നുവെന്ന് തോന്നിയപ്പോൾ ജീവൻ ചോദിച്ചു……..

പോകാം നമുക്ക് നമ്മുടെ വീട്ടിലേക്കു…….വരുവോ എന്റെ കൂടെ……. എല്ലാം പൊറുത്ത്…

ഇന്ദു വരില്ലെന്ന് തലയാട്ടി…….

അതെന്താ…….. പിണക്കം മാറിയില്ലേ എന്നോട്……… ഇനിയും എന്താ വേണ്ടത് ഞാൻ…….. എന്റേതായി എന്റെ കൂടെയൊന്ന് വരാൻ……..

ഇനി ഒന്നും വേണ്ടാ…….. ഞാൻ കുറച്ചു ദിവസം കൂടി ഇവിടെ നിന്നോട്ടെ………മനസ്സ് കുറച്ചു കൂടി ഓക്കേ ആവാനുണ്ട്……. അതുമല്ല പെട്ടെന്ന് ഞാൻ ഇവിടുന്ന് മാറിയാൽ അത് ജ്യോതിക്ക് ബുദ്ധിമുട്ടാകും……… എനിക്ക് ഉണ്ടായ അനുഭവം അവൾക്കു വേണ്ടാ……..

അങ്ങനെ അനുഭവിക്കാൻ ജീവൻ അല്ലല്ലോ ഇന്ദ്രൻ………. ജ്യോതിയെ നോക്കാൻ ഇന്ദ്രൻ ഉണ്ടല്ലോ……… എന്നെ മാത്രം നോക്കാൻ ആരുമില്ല……. തനിച്ചിരുന്നു നിന്നെയോർക്കാൻ എനിക്കിനിയും വയ്യ ഇന്ദൂ ……. നീ വരുന്നില്ലെങ്കിൽ വേണ്ടാ……. ഞാനും പോകുന്നില്ല ………. പോകുന്നെങ്കിൽ ഒരുമിച്ച്……… അല്ലെങ്കിൽ ഇവിടെ…….. എവിടെയായാലും ഒരുമിച്ചു…….. അതും പറഞ്ഞു ജീവൻ ഇന്ദുവിനെ വിട്ടു ബെഡിലേക്ക് കിടന്നു……….

മ്മ്…… നല്ല തീരുമാനം…….. ജ്യോതിക്ക് സന്തോഷം ആവട്ടെ……. ഇനി അച്ഛനും അമ്മയും കൂടി നിന്നാൽ ഇരട്ടി സന്തോഷം……….. ഇന്ദു ചിരിയോടെ പറഞ്ഞു……..

ജീവന്റെ നോട്ടം ഇന്ദുവിനെ അവനിലേക്ക് വലിച്ചടുപ്പിക്കും പോലെ തോന്നി……… ഇന്ദു എഴുന്നേറ്റു മാറി നിന്നു…….. ജീവൻ രണ്ടു കയ്യും നീട്ടി ഇന്ദുവിനെ ക്ഷണിച്ചു……….. അടുത്തേക്ക് വരാൻ പറഞ്ഞു……..

അവൾ ഇല്ലെന്ന് തലയാട്ടി……… എല്ലാം പറഞ്ഞു പെയ്തൊഴിഞ്ഞതു കൊണ്ടാവും ഇന്ദുവിന്റെ മുഖത്ത് നല്ല തെളിച്ചം ഉണ്ടായിരുന്നു…… ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് പോയി………. ഡ്രസ്സ്‌ മാറി തിരിച്ചിറങ്ങിയപ്പോഴേക്കും ജീവൻ ഉറങ്ങിപ്പോയിരുന്നു…….. അടുത്തിരുന്നു മുറിവിൽ തലോടി……….. കല്യാണത്തിന്റെ ക്ഷീണം മുഖത്ത് തെളിഞ്ഞു കാണാം……… വിരൽ കൊണ്ടു മുടിയൊതുക്കി വെച്ചു……. കവിളിൽ തലോടി………. മതി എന്റെ മുന്നിൽ ഇങ്ങനെ താഴ്ന്നത്………ചില നേരം സഹിക്കാൻ കഴിയുന്നില്ല…… പെട്ടെന്ന് എനിക്ക് ക്ഷമിക്കാനും കഴിയുന്നുണ്ടായിരുന്നില്ല……. ഓർമ്മകൾ പലതും തികട്ടി വരുമ്പോൾ വിഷമം കൊണ്ടു മാത്രമാണ് അങ്ങനെ ഒക്കെ പെരുമാറിയത് ……. കഴിഞ്ഞ കുറച്ചു ദിവസം കൊണ്ടു മനസ്സിലായി ജീവൻ ഇന്ദുവിന് ആരാണെന്ന്………….

ഇങ്ങനെ ഉറങ്ങി കിടക്കുമ്പോൾ എന്ത് പാവമാണ്…….. കൊച്ചു കുഞ്ഞുങ്ങളെപ്പോലെ………… ഒന്നു കൊഞ്ചിക്കാനൊക്കെ തോന്നുന്നുണ്ട്……….. ഒരുമ്മ കൊടുക്കാനും………. എങ്കിലും………. എന്നെ കാണുന്നത് വെറുപ്പാണെന്ന് പറഞ്ഞില്ലേ……… അതുകൊണ്ട് ഉമ്മ തരുന്നില്ല…….. അവിടെക്കിടക്ക്…….. ഹും…….. ചുണ്ടിൽ തെളിഞ്ഞ ചെറിയൊരു ചിരി മറച്ചു വെച്ചു ഇന്ദു………. പില്ലോ എടുത്തു തല പൊക്കി വെച്ചു കൊടുത്തു ……… ലൈറ്റ് ഓഫ്‌ ചെയ്തു……… പതിയെ മുറിവിട്ട് ഇറങ്ങിപ്പോന്നു…………

ആർക്കും മുഖം കൊടുക്കാതെ നടന്നു…….. പക്ഷേ ഏട്ടൻ കയ്യോടെ പിടിച്ചു മുന്നിൽ നിന്നു ചോദിച്ചു ……… എവിടെ നായകൻ…….. കാണുന്നില്ലല്ലോ…… നീ കൊന്നോ…… അതോ അവൻ സ്വയം കുത്തിച്ചത്തോ………

ഉറങ്ങിപ്പോയി…….. ഇന്ദു തല കുനിച്ചു പറഞ്ഞു……… ഇന്ദ്രന് ചിരി വന്നു…….. അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു ചേർത്തു പിടിച്ചു………. കയ്യിലെ പാടിൽ തലോടി……… ഇനി ഇങ്ങനെ ഉണ്ടാവരുത് ഇന്ദൂട്ടി……… ഏട്ടൻ ക്ഷമിച്ചെന്ന് വരില്ല കേട്ടോ…….. നിനക്ക് വേദനിച്ചാൽ എനിക്കും വേദനിക്കും ഇന്ദൂട്ടി……. അതെന്താ നീ മനസ്സിലാക്കാത്തത്……….

സോറി ഏട്ടാ…… ഇനിയുണ്ടാവില്ല…… സത്യം……. ഇന്ദു കണ്ണു നിറച്ചു പറഞ്ഞു…….

ഇതിങ്ങനെ ഏത് നേരവും ഒട്ടിയെ നിൽക്കുവൊള്ളോ സയാമീസ് ഇരട്ടകളെപ്പോലെ……. ആരോ ഒരാൾ കമന്റ്‌ വിട്ടു……… എല്ലാവരും കുറച്ചൊരു അസൂയയോടെ അവരെ രണ്ടാളെയും നോക്കി………… ഇന്ദ്രൻ ചിരിയോടെ ഒന്നുകൂടി ചേർത്തു പിടിച്ചു സ്വന്തം മോളെ………

മനസ്സിൽ നിന്നും വലിയൊരു വിഷമം ഇറങ്ങി പോകുന്നതറിഞ്ഞു ഇന്ദ്രൻ……….ആ ഒരു സന്തോഷത്തോടെ ജ്യോതിക്കരികിലേക്ക് പോയി……… ഇന്ദ്രനെ കണ്ടതും മുഖം വീർപ്പിച്ചു തിരിച്ചു പിടിച്ചു ……… മുന്നിൽ വന്നു നിന്നപ്പോൾ കണ്ടു കണ്ണു നിറഞ്ഞൊഴുകുന്നത്………. തല കുനിച്ചു പിടിച്ചിരിക്കുവാ മുഖം കാണാതിരിക്കാൻ………

അച്ചോടാ എന്റെ ജ്യോതിക്കൊച്ചു കരയുവാണോ ……. താടിയിൽ പിടിച്ചിരുന്ന ഇന്ദ്രന്റെ കൈ തട്ടിമാറ്റി ജ്യോതി……….

ആഹാ….. അത്രയ്ക്കായോ…… ജ്യോതിയുടെ മുഖം കൈക്കുള്ളിൽ എടുത്തു……… ചോദിച്ചു………

വിഷമം ആയോ…….

മ്മ്……. ജ്യോതി തലയാട്ടി……..

വിഷമം മാറ്റട്ടെ……… അന്നത്തെ പോലെ……. ഇന്ദ്രൻ കള്ളച്ചിരിയോടെ ചോദിച്ചു……….. ഇന്ദ്രന്റെ കൈ തട്ടി മാറ്റി വാ പൊത്തി ചുറ്റിനും നോക്കി ജ്യോതി……….ഇന്ദ്രനോട് എഴുന്നേറ്റു പോകാൻ പറഞ്ഞു……. ഇന്ദ്രൻ അവളുടെ ഉള്ളംകൈയിൽ ഉമ്മ കൊടുത്തു…….

സോറി……… കുറച്ചു ടെൻഷൻ ആയിപ്പോയി……. ജീവന്റെയും ഇന്ദുവിന്റേയും കാര്യം ഓർത്തപ്പോൾ…….. അതാണ് മിണ്ടാതിരുന്നത്……… പോട്ടേ കേട്ടോ….. സാരമില്ല….. ഇനി ഉണ്ടാവില്ല……….

ഇപ്പോൾ മാറിയോ വിഷമം…….. ഇന്ദ്രന്റെ നെഞ്ചിൽ കൈവെച്ചു ജ്യോതി ആംഗ്യത്തിൽ കാണിച്ചു……….

മ്മ്…. മാറി……. ഇനി വിഷമവേ ഉണ്ടാവില്ല………

ജ്യോതി സംശയത്തോടെ എന്താന്ന് പിരികം പൊക്കി ചോദിച്ചു…….

ഇങ്ങനെ പോയാൽ രണ്ടിൽ ഒന്നേ ഉണ്ടാവൂ……. കത്തിക്കുത്തു വരെ നടന്നു അവിടെ…….. എന്നിട്ടിപ്പോൾ സുഖമായി കിടന്നുറങ്ങുന്നുണ്ട് നിന്റെ ഏട്ടൻ……… ഉറക്കിയതോ എന്റെ പെങ്ങളും………. എന്നാലും……. അവരെപ്പോലെ അവര് മാത്രേ ഉളളൂ……… എന്റെ ഇന്ദുവിന്‌ വേണ്ടി എന്തു ചെയ്യാനും മടിയില്ല ജീവന്……… വേണമെങ്കിൽ കാലിൽ വരെ പിടിക്കാൻ തയ്യാറാണ്……… ഇന്ദുവിന്റെ മുഖത്തെ ചിരി കണ്ടപ്പോളാണ് ശ്വാസം നേരെ വീണത്……..
അതാണ് എന്റെ പെണ്ണിനെ ഒന്നു സന്തോഷിപ്പിക്കാമെന്ന് വെച്ചത്……..
ഇന്ദ്രന്റെ സന്തോഷം ജ്യോതിയുടെ മുഖത്തും കൂടി പടർന്നു……….

എല്ലാവരും പോയി വീടൊഴിഞ്ഞു………. ജീവനുംഅച്ഛനും അമ്മയും മാത്രമായി ബാക്കി…… അവർ പോകാൻ ജീവനെ അന്വേഷിച്ചു……. ജീവൻ ഉറക്കമാണെന്നു പറഞ്ഞു ഇന്ദു ……. ഇപ്പോൾ വിളിക്കാമെന്നും……… എല്ലാവരുടെയും കണ്ണുകൾ തന്റെ മുഖത്തേക്കാണെന്ന് അവൾക്ക് മനസ്സിലായി……..അറിയാതെ പെട്ടെന്ന് വായിൽ വന്നു പോയതാണ്…… ഈ ചെറിയ സമയം കൊണ്ടു ഇവിടെന്തു മഹാത്ഭുതമാണ് നടന്നതെന്ന് അവർ അന്യോന്യം നോക്കി ചോദിക്കുന്നുണ്ട്………. ഇന്ദു ചമ്മി അവർക്ക് നടുവിൽ നിന്നു……. ഏട്ടനെ ദയനീയമായി നോക്കി………..

പോയി വിളിച്ചോണ്ട് വാ ജീവനെ…….. അവർക്ക് പോകേണ്ടതല്ലേ…….. ഇന്ദ്രൻ ഇന്ദുവിനെ അവിടെ നിന്നും രക്ഷപെടുത്തി വിട്ടു………

മുറിയിൽ ചെന്നപ്പോൾ പില്ലോ കെട്ടിപ്പിടിച്ചു സുഖമായി കിടന്നുറങ്ങുന്ന ജീവനെ കണ്ടപ്പോൾ ഒരെണ്ണം വെച്ചു കൊടുത്താലോ ന്ന് വരെ ചിന്തിച്ചു……. എല്ലാവർക്കും മുന്നിൽ ശരിക്കും ചമ്മിപ്പോയി……. ഒന്നും ബാധിക്കാതെ ഒന്നും അറിയാതെ കിടക്കുന്ന കിടപ്പു കണ്ടില്ലേ…….. എന്തോ ഒരു വല്ലായ്മ തോന്നി ആ കിടപ്പ് കണ്ടിട്ട്………

ജീവാ…….. വിളിച്ചിട്ട് അനങ്ങിയില്ല……. ജീവാ…… ഒന്നുകൂടി തട്ടി വിളിച്ചു……. മൂളുന്നുണ്ട് പക്ഷേ കണ്ണു തുറക്കുന്നില്ല……… ചുട്ടു പൊള്ളുന്നുണ്ട്….. കൈ നീര് വെച്ചു ചുവന്നു പൊങ്ങി….. ഇന്ദ്രനെ ഉറക്കെ ഉറക്കെ വിളിച്ചു ഇന്ദു……… ആകെ പേടിച്ചു പോയി……. കണ്ണെല്ലാം നിറഞ്ഞൊഴുകി……..

ഒരിഞ്ചെക്ഷൻ എടുത്തു കുറച്ചു നേരം നെറ്റിയിൽ തുണി നനച്ചിട്ടപ്പോഴേക്കും ചൂട് കുറഞ്ഞു………… സാരമില്ല…… പേടിക്കാനില്ല ഇന്ദൂട്ടി…….. റസ്റ്റ്‌ ഇല്ലാതെ ഓടി നടന്നിട്ടാ…… രണ്ടു മൂന്നു ദിവസം…… അതിന്റെ കൂടെ ഇതും കൂടി……. ഇന്ദ്രൻ മുറിവ് നോക്കി പറഞ്ഞു……..

എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു ജീവന് കയ്യിൽ എന്ത് പറ്റിയതാണെന്ന്…….. ഇന്ദ്രൻ എന്തോ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട് എല്ലാവരെയും………. ജീവനെ ഉറങ്ങാൻ വിട്ടിട്ട് എല്ലാവരും മുറിക്കു പുറത്തിറങ്ങി……….. ഇന്ദുവിനോട് കഴിക്കാൻ പറഞ്ഞിട്ട് അനുസരിച്ചില്ല…… ജീവൻ എഴുന്നേറ്റിട്ട് കഴിച്ചോളാമെന്നു പറഞ്ഞു പോയ ഇന്ദുവിനെ ഇന്ദ്രൻ പിടിച്ചിരുത്തി വാരിക്കൊടുത്തു വയർ നിറച്ചു……… ഇടയ്ക്കിടെ മുറിയിൽ പോയി നോക്കി ഇന്ദു……. നല്ല ഉറക്കമാണ്…….

ജീവന്റെ അവസ്ഥ കാരണം എല്ലാവരും ഇന്നവിടെ നിൽക്കാമെന്ന് തീരുമാനിച്ചു……… ജ്യോതിയുടെ മുഖം ഒന്നുകൂടി പ്രകാശിച്ചു……

ആദ്യ രാത്രിയുടെ ചടങ്ങ് മുടക്കെണ്ടാന്നു കരുതി ഇന്ദു ജ്യോതിയെ ഇന്ദ്രന്റെ മുറിയിലേക്ക് കൊണ്ടു വിട്ടു…… കയ്യിൽ ഒരു ഗ്ലാസ്സ് പാലും കൊടുത്തു……… എന്നിട്ട് മുറിയിലേക്ക് പോന്നു……… ജീവൻ എഴുന്നേൽക്കുന്നതും കാത്തിരുന്നു……….

ഇന്ദ്രൻ ജ്യോതിയെ എടുത്തു ബെഡിൽ ചാരിയിരുത്തി……. അവളുടെ മടിയിൽ കിടന്നു……… കയ്യെടുത്തു നെഞ്ചിൽ വെച്ചു……..

ജ്യോതി…….. ഈയൊരു ദിവസം ഞാൻ എന്നും ഓർക്കാറുണ്ട്……… നീയെനിക്ക് സ്വന്തമാകുന്ന ദിവസം…….. ഇപ്പോഴുള്ള നിന്റെ പേടിയും വിറയലും എനിക്ക് അനുഭവപ്പെടുന്നുണ്ട് …….. എനിക്ക് നിന്നെ പൂർണ്ണ ആരോഗ്യത്തോടെ വേണം………. അതുവരെ ഞാൻ കാത്തിരുന്നോളാം…….. അന്ന് മതി ഈ രാത്രി……… എന്റെയൊപ്പം സ്വന്തം കാലിൽ നിന്ന് എന്റെ കവിളിൽ എത്തിക്കുത്തി ഉമ്മ താരാറാകുമ്പോൾ ഒരുമിച്ചു ആഘോഷിക്കാം നമുക്ക് ഈ രാത്രി……… പോരേ……… ഇന്ദ്രൻ ജ്യോതിയോട് ചോദിച്ചു….. ജ്യോതി സന്തോഷത്തിൽ തലയാട്ടി……. മുഖത്തെ ടെൻഷൻ മാറി കുട്ടിത്തം തിരിച്ചു വന്നു…..

ചടങ്ങ് തെറ്റണ്ട……… ഇന്ദ്രൻ കുടിച്ചിട്ട് ബാക്കി പാതി പാൽ അവളെ കുടിപ്പിച്ചു……… നെറ്റിയിലൊരു ഉമ്മയും കൊടുത്തു നെഞ്ചിലേക്ക് ചേർത്തു കിടത്തി………….. രണ്ടാളുടെയും മനസ്സിൽ ഒരേപോലെ കോളേജ് ലൈഫ് കയറി വന്നു…… കൂടെ ഒരു ഞെട്ടലും……. ഒന്നുകൂടി ചേർത്ത് പിടിച്ചു ഇന്ദ്രൻ………… മുടിയിൽ തലോടി……. ജ്യോതിയുടെ മുഖം ഉയർത്തി കവിളിൽ ചുണ്ട് ചേർത്തു……..

അതേ ഫസ്റ്റ് നൈറ്റ്‌ പിന്നേ ആഘോഷിക്കാമെന്നേ പറഞ്ഞുള്ളു…….. ഇങ്ങനെ എന്റെ ചെറിയ ചെറിയ കുരുത്തക്കേടുകൾ സഹിച്ചോണം എന്റെ ജ്യോതികൊച്ചു…… ജ്യോതി ഇന്ദ്രനെ ഇറുക്കി പിടിച്ചു…….. കുറച്ചു സമയം കഴിഞ്ഞു കൈകൾ അയയുന്നത് അറിഞ്ഞു ഇന്ദ്രൻ…….. ഉറങ്ങിയെന്നു മനസ്സിലായപ്പോൾ അവളെ നേരെ കിടത്തി പുതപ്പിച്ചു കൊടുത്തു……… പതിയെ ഉള്ളംകാലിൽ വിരൽ കൊണ്ടു ചുരണ്ടി……..അവളൊന്ന് അനങ്ങി…… ഇന്ദ്രന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു……
ആ ചിരിയോടെ തന്നെ ജ്യോതിയെ ചേർത്തു പിടിച്ചു കണ്ണടച്ചു……..

ഉറക്കം വരാതെ ജീവനെ നോക്കിയിരുന്നു ഇന്ദു……… കയ്യിൽ പതിയെ തടവി……. ചൂട് കുറഞ്ഞു…… എങ്കിലും ഇന്ദു തുണി നെറ്റിയിൽ നനച്ചിട്ടുകൊണ്ടേയിരുന്നു……… തണുപ്പ് കൂടിയപ്പോൾ ജീവൻ കണ്ണു വലിച്ചു തുറന്നു…….. നെറ്റിയിൽ ഇരിക്കുന്ന ഇന്ദുവിന്റെ കൈ പിടിച്ചു വെച്ചു………. കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടാതെ നോക്കിയിരുന്നു………

വിശ്രമം ഇല്ലാതെ നടന്നിട്ടല്ലേ പനി പിടിച്ചത്…… എന്ത് ചൂടായിരുന്നുവെന്ന് അറിയുവോ…… കൈ തിരിച്ചു വലിച്ചു ഇന്ദു ചോദിച്ചു…….

അത് വിശ്രമം ഇല്ലാഞ്ഞിട്ടല്ല ഇന്ദൂ……. എനിക്ക് ബ്ലഡ് കാണുന്നത് പേടിയാണ്……. ചോരയിൽ കുളിച്ചു കിടക്കുന്ന ജ്യോതിയെ കണ്ടതിനു ശേഷം…….ആരോടും പറയണ്ട…….. നാണക്കേടാ…… അതിന് നിന്റെ ഏട്ടൻ എനിക്കിട്ട് എത്ര കുത്ത് തന്നു……. എന്റമ്മോ…… എന്തൊരു ശരീരം വേദനയാ…….. ജീവൻ അനങ്ങാനാവാതെ പറഞ്ഞു……

നിഷ്കളങ്കമായ മറുപടി കേട്ട് ഇന്ദുവിന് ചിരി വന്നു……… ആരെങ്കിലും പറഞ്ഞായിരുന്നോ കൈ മുറിക്കാൻ………

അതൊന്നും കുഴപ്പമില്ല……. മുറിച്ചത് കൊണ്ടല്ലേ നിന്റെ ഉള്ളിൽ എന്നോടുള്ള സ്നേഹം ഞാൻ കണ്ടുപിടിച്ചത്…….. നിന്നോട് ചെയ്തതിനുള്ള പരിഹാരം ആയിക്കോട്ടെ ഇതെല്ലാം……

ഇങ്ങനെ ഇനി പരിഹാരം കാണാൻ ശ്രമിക്കരുത്……. ഒരിക്കലും…….

മ്മ്…….ഇല്ല……. അതെല്ലാം പോട്ടേ…….. ജ്യോതിയും ഇന്ദ്രനും എവിടെ……….

അവർ ഉറങ്ങിക്കാണും…….. ജ്യോതിയെ മുറിയിലാക്കിയിട്ടാ ഞാനിങ്ങ് പോന്നത്……

ജീവന്റെ മുഖം മങ്ങുന്നത് കണ്ടപ്പോൾ ഇന്ദു ചാടി പറഞ്ഞു………

എന്റെ ഏട്ടൻ ഒരു ഡോക്ടർ ആണ്……. എന്താ വേണ്ടതെന്നു ഏട്ടനറിയാം…….. അത്രയ്ക്ക് വിവരമില്ലാത്തവനല്ല…….. അതിനുമപ്പുറം ജ്യോതിയുടെ കെട്ടിയോൻ ഇന്ദ്രൻ ആണ്……. ഇന്ദ്രൻ…….

എനിക്ക് വിശ്വാസമാണ് ഇന്ദ്രനെ…….. അതിനുമപ്പുറം ഒരുപാട് കടപ്പാടുമുണ്ട്…… അവളെ ഈയൊരവസ്ഥയിൽ സ്വീകരിച്ചതിനു……… സ്നേഹിക്കുന്നതിന്……… പിന്നെ എല്ലാം അറിഞ്ഞിട്ടും ക്ഷമിച്ചു എന്റെ ഇന്ദുവിനെ തിരിച്ചു തന്നതിനും…….

ആര് പറഞ്ഞു തിരിച്ചു കിട്ടിയെന്ന്……. ഞാൻ പറഞ്ഞോ……. ഇന്ദു ദേഷ്യം ഭാവിച്ചു ചോദിച്ചു…….

അതിനിനി നീ പറഞ്ഞു വേണ്ടാ എനിക്കറിയാൻ……… ഇന്ദ്രൻ ഇൻജെക്ഷൻ എടുക്കുമ്പോൾ മുതൽ എനിക്ക് ബോധം ഉണ്ട്…… പക്ഷേ കണ്ണു തുറക്കാനാവുന്നില്ല ന്ന് മാത്രം…….. എന്റെ മുഖത്ത് തലോടുന്നതും…….. ഇടയ്ക്കിടെ വന്നു നോക്കി പോകുന്നതും ഞാൻ അറിഞ്ഞു…….. ഈ ടെൻഷൻ ഞാനറിഞ്ഞതല്ലേ…….. അത് സ്നേഹം ഇല്ലാഞ്ഞിട്ടാണോ എന്നോട് …..

വല്യ കണ്ടുപിടുത്തം ആയിപ്പോയി……… അത് സ്നേഹമില്ലെങ്കിലും ഞാൻ നോക്കിയേനെ…… ആരായിരുന്നാലും…….

ആണോ അങ്ങനെ ആണോ ഇന്ദൂ……… അപ്പോൾ എന്നോട് സ്നേഹമില്ലേ നിനക്ക്…….. പറ…….. ജീവൻ ഇന്ദുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു ചോദിച്ചു…………

ഉണ്ടായിരുന്ന ഒരു ബ്ലേഡ് ഞാനെടുത്തു കളഞ്ഞു………. ഈ റൂമിൽ ഇനിയൊരു സ്ലൈഡ് പോലുമില്ല…….. വഴക്കുണ്ടാക്കിയാൽ കുത്തിക്കീറാൻ…… അതുമല്ല….. ഞാനാ ഗെയിം നിർത്തി……… ഇന്ദു ചിരിച്ചു പറഞ്ഞു………. ഗൗരവത്തിൽ ഇരുന്ന ജീവന്റെ മുഖം ഇന്ദുവിന്റെ ചിരി കണ്ടപ്പോൾ മാറി വന്നു……

നിന്റെ ചിരി ഇത്രയും അടുത്ത് ഞാൻ ആദ്യമായിട്ടാ കാണുന്നത് ഇന്ദൂ……… നല്ല ഭംഗിയുണ്ട് കാണാൻ …….

അല്ലേലും എന്റെ ചിരി കാണാൻ നല്ലതാണെന്നു എനിക്കറിയാം………. ഹും…… ഇതിനു മുൻപും ഞാൻ ചിരിച്ചിട്ടുണ്ട്…….. കാണാൻ ജീവന് സമയം ഇല്ലായിരുന്നല്ലോ…..

അങ്ങനെ ആരാണ് പറഞ്ഞത്……. ഞാനല്ലാതെ…….. ഓ നിന്റെ ഏട്ടനാവും…….. ജീവൻ ഇന്ദുവിനെ ചൊടിപ്പിച്ചു……. ഒന്നു പൊക്കിപ്പറഞ്ഞപ്പോൾ പെണ്ണ് തലയിൽ കേറി……

അതേ……. ഏട്ടൻ തന്നെയാണ് പറഞ്ഞത് ……. എന്റെ ഏട്ടൻ കള്ളം പറയില്ല……… ഒരിക്കലും….

എന്റെ അളിയനാണെന്നു പറഞ്ഞിട്ട് കാര്യമില്ല……. പാഷാണത്തിൽ കൃമി ആണല്ലോ ഈശ്വരാ…… എന്തു പറഞ്ഞാലും അവൾക്കു ഏട്ടൻ കഴിഞ്ഞേ ഉളളൂ മറ്റാരും…….ഇന്ദുവിന്റെ മനസ്സിൽ ഒന്നാം സ്ഥാനത്തു വരാൻ കടമ്പകൾ ഏറെയാണല്ലോ……. ഓടിത്തളർന്നാലും ഞാൻ ഇഴഞ്ഞെങ്കിലും ആ സ്ഥാനത്ത് എത്തിയിരിക്കും ഇന്ദൂ……. നീ നോക്കിക്കോ…… ജീവൻ മനസ്സിലോർത്തു………

തന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ സൂക്ഷിച്ചു നോക്കുകയാണ് ഇന്ദു……… മൂങ്ങ നോക്കും പോലെ……… ഈ നോട്ടം കണ്ടിട്ട് ഞാൻ പറഞ്ഞ വാക്ക് മാറ്റി പറയേണ്ടി വരുമോ……… വിഷമിപ്പിക്കില്ലെന്ന്…….. എനിക്ക് ഈ കുറുമ്പ് കാണുമ്പോൾ അടിയുണ്ടാക്കാനാ തോന്നുന്നേ………. വളിച്ച ഒരു ചിരി കൊടുത്തു ജീവൻ …….. അതേ രീതിയിൽ തിരിച്ചും ചിരിച്ചു ഇന്ദു………… നേരിടാൻ തയ്യാറാണെന്ന് പറയാതെ പറഞ്ഞുകൊണ്ട് ……..

തുടരും