11/05/2026

ജീവന്റെ പാതി : ഭാഗം 10

രചന – രോഹിണി ആമി

ഇന്ദുവിന് എന്താ ചെയ്യേണ്ടതെന്ന് അറിയാൻ വയ്യാതായി…….ഇരുളിലേക്ക് നോക്കി നിന്നു……… ഈ ഇരുട്ടിൽ താനും കത്തിച്ചു വെച്ചിരിക്കുന്ന ദീപവും മാത്രം…… മനസ്സിൽ ഇനിയെന്ത് എന്ന് ചിന്തിക്കും മുന്നേ കയ്യിൽ ഒരു പിടി വീണു……..

ജീവന്റെ അച്ഛൻ……….

മോൾ വിഷമിക്കേണ്ട……… മതി ഇവിടെ നിന്ന് അനുഭവിച്ചതെല്ലാം……… ഇനിയും കണ്ടുനിൽക്കാൻ ജീവന്റെ അമ്മയ്ക്കോ എനിക്കോ ആവില്ല…….. അവൻ അനുഭവിച്ചതെല്ലാം ഓർക്കുമ്പോൾ അവനൊപ്പം നിൽക്കാനേ കഴിയുന്നുള്ളു മോളെ…….. അല്ലെങ്കിൽ അവൻ ഒറ്റപ്പെട്ടു പോകില്ലേ…….. ക്ഷമിക്ക് ഞങ്ങളോട്…….. ഞാൻ കൊണ്ടുവിടാം വീട്ടിൽ……. മോൾ വാ……. കയ്യിൽ പിടിച്ചു നടന്നു……..

ആദ്യമായിട്ടാണ് അച്ഛൻ എന്നോട് മിണ്ടുന്നതു തന്നെ……… ഇത്രയും സ്നേഹം ഉള്ളിലുണ്ടായിരുന്നോ…….. ഒന്നും മിണ്ടാനാവാതെ അച്ഛനൊപ്പം ആ വീട് വിട്ടിറങ്ങി…….. ഗേറ്റ് കടന്നപ്പോൾ ചുറ്റിലും ഉള്ള ഇരുട്ട് ഭയപ്പെടുത്തുന്നത് പോലെ…… ജ്യോതിയെ ഇനിയൊരിക്കലും കാണാൻ സാധിക്കില്ല……. കുറച്ചു ദിവസങ്ങൾ മാത്രമേ കൂടെ നിന്നുള്ളൂ എങ്കിലും എനിക്കൊരു കൂട്ടുകാരിയും സഹോദരിയും ആയി മാറിയിരുന്നു………. നടന്നു നടന്നു എവിടെ എത്തിയെന്നു പോലും അറിയില്ല….. അച്ഛൻ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്……. ഒരു ഓട്ടോയിൽ കയറി……. അച്ഛനാണ് വഴി പറഞ്ഞു കൊടുത്തത്…….. ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ട്…….. ഒന്നുറക്കെ കരയാൻ പോലുമാവുന്നില്ല…….

വീടിന്റെ ഗേറ്റ് കടക്കാൻ തുടങ്ങിയതും ഇന്ദു ഡ്രൈവർ ചേട്ടനോട് പറഞ്ഞു ഇവിടെ നിർത്തിയാൽ മതിയെന്ന്……….

ഞാൻ അകത്തു കൊണ്ടുവിട്ടിട്ടേ പോകൂ മോളേ…….. അച്ഛൻ പറഞ്ഞു…….

വേണ്ടാ അച്ഛാ……. ചോദ്യങ്ങൾക്ക് മുന്നിൽ അച്ഛൻ തല കുനിഞ്ഞു നിൽക്കുന്നത് കാണാൻ വയ്യാ……. പൊയ്ക്കോളൂ……. ഇത് ഞാൻ മാനേജ് ചെയ്‌തോളാം……. ഇരുട്ടിൽ തനിച്ചാക്കാതെ ഇവിടെ വരെയെങ്കിലും കൂട്ട് വരാൻ മനസ്സുണ്ടായല്ലോ…….. നന്ദിയുണ്ട്…….. ഈയവസ്ഥയിൽ അകത്തേക്ക് വിളിക്കാനും കഴിയുന്നില്ല എനിക്ക്…… എന്നോട് ക്ഷമിക്ക്……..

അവനെ ശപിക്കരുത് മോളെ……. അതുംകൂടി താങ്ങാനാവില്ല ഞങ്ങൾക്ക്…….

മറുപടി ഒന്നും പറയാതെ അകത്തേക്ക് നടന്നു ഇന്ദു………. അവളാ വീടിന്റെ ഉമ്മറത്തു കയറുന്നതു വരെ ആ അച്ഛൻ നോക്കി നിന്നു…..

ആ നേരത്ത് ഇന്ദുവിനെ കണ്ടപ്പോൾ ഇന്ദ്രൻ ഒന്നു ഞെട്ടി………. പിന്നെ വന്നു ചേർത്തണച്ചു………. അച്ഛൻ ഉണ്ടായിരുന്നില്ല……. അമ്മ കിടക്കുകയുമാണ്……. അതൊരു കാര്യത്തിൽ നന്നായെന്നു തോന്നി ഇന്ദുവിന്…….. പെട്ടെന്ന് ഒരു ചോദ്യവും പറച്ചിലും ഉണ്ടാവില്ല………

ചുറ്റും നോക്കിയിട്ട് ഇന്ദ്രൻ ചോദിച്ചു……. നീ തനിച്ചാണോ……… ജീവൻ എവിടെ…….. എന്താ ഈ രാത്രിയിൽ……….

എനിക്കിപ്പോ ഈ വീട്ടിൽ വരാൻ നേരവും നോക്കണോ ഏട്ടാ………. ഇന്ദുവിന്റെ ശബ്ദം ഇടറിപ്പോയി…….

എന്താ മോളെ ഈ പറയുന്നേ…….. തനിച്ച് വന്നതുകൊണ്ട് ചോദിച്ചതാണ് ഞാൻ…….

എന്തോ ഒരു വല്ലായ്മ ഇന്ദ്രന് ഫീൽ ചെയ്തു…….. അവളെ ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു……..

എന്തു പറ്റി ഇന്ദൂട്ടി……. ഇത് എന്താ സംഭവിച്ചത്…….. കവിളിൽ തലോടി ചോദിച്ചു…….. ഇതെന്താ ഇവിടെ ഇങ്ങനെ ………

ഏട്ടാ……. എനിക്കൊന്നു ഏട്ടന്റെ മടിയിൽ കിടക്കണം…… ഒന്നു കരയണം……. ഒരുപാട് പറയണം……. എല്ലാം കൂടി മനസ്സിൽ പിടിച്ചു വെക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല…….. ഞാൻ ചത്തു പോകും ……… ഇന്ദു ഇന്ദ്രന്റെ നെഞ്ചിലേക്ക് വീണു…….

അവളൊന്ന് കരഞ്ഞു സമാധാനിക്കും വരെ ഇന്ദ്രൻ കാത്തിരുന്നു………… ഇടയ്ക്കിടെ നിറഞ്ഞൊഴുകിയ ഇന്ദ്രന്റെ കണ്ണുനീർ ഇന്ദുവിന്റെ മുഖത്തേക്ക് വീണു………. ഇങ്ങനെ എന്റെ ഇന്ദൂട്ടി കരഞ്ഞിട്ടില്ല ഇന്നേവരെ………. അതിനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ല ഇവിടെ ആരും……

ഇവിടെ നിന്നും ഇറങ്ങിയ മുതൽ ഈ നിമിഷം നടന്നതു വരെയുള്ള കാര്യങ്ങൾ ഇന്ദു ഇന്ദ്രനോട് പറഞ്ഞു……. എല്ലാം സമാധാനത്തോടെ കേട്ടിരുന്നു ഇന്ദ്രൻ………. ഇന്ദുവിനെ നെഞ്ചിൽ ചേർത്തു പിടിച്ചുകൊണ്ടു തന്നെ……

അപ്പോൾ ജ്യോതിക്ക് വേണ്ടിയാണോ നീയെന്നോട് സംസാരിച്ചതെല്ലാം………..

മ്മ്…….

ഇത്രയും നാൾ എന്താ ഇതൊന്നും നീ ആരോടും പറയാഞ്ഞത്……….

അച്ഛന് എല്ലാം അറിയാം ഏട്ടാ……. പക്ഷേ ജീവൻ എന്നോട് പെരുമാറുന്നതൊന്നും ഞാൻ പറഞ്ഞിട്ടില്ല……. എല്ലാം ജ്യോതി സംസാരിക്കുമ്പോൾ അവസാനിക്കുമെന്ന് അച്ഛൻ വിശ്വസിച്ചിട്ടുണ്ടാവും……

അറിഞ്ഞുകൊണ്ട് അച്ഛൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു……… ജീവൻ എത്ര നല്ലവനാണെങ്കിലും…….. ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇതിനൊന്നും സമ്മതിക്കില്ലായിരുന്നു……… ഒരിക്കലും…….

സാരമില്ല…….. ഇനി കഴിഞ്ഞു പോയതൊന്നും ഓർത്തിരുന്നിട്ട് കാര്യമില്ല……… മോളുറങ്ങിക്കോ……..സമാധാനമായി…….. എന്തായാലും നാളെ സംസാരിക്കാം……. ഉറങ്ങിക്കോ……..

ഇന്ദുവിന്റെ മുടിയിൽ തലോടി ഉറക്കി……. കവിളിൽ ചുവന്നു തിണിർത്തു കിടക്കുന്നത് കണ്ടപ്പോൾ നെഞ്ചു പൊട്ടിപ്പോകും പോലെ തോന്നി……..കവിളിൽ പതിയെ തലോടി…….. ആ തലോടലിന്റെ നനവ് ഇന്ദു അറിഞ്ഞു….. ഉറങ്ങാൻ കഴിയാതെ കുറച്ചേറെ തീരുമാനങ്ങൾ എടുക്കുകയായിരുന്നു ഇന്ദ്രൻ……..

ഇരുട്ടിന്റെ മറവിൽ ഇരുന്നു കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി……. പക്ഷേ ഇന്ദുവിന്റെ മുഖം മായുന്നില്ല കണ്ണിൽ നിന്നും മനസ്സിൽ നിന്നും….. കൈ നീറിപ്പുകയുന്നു…… സ്വയം ശിക്ഷിച്ചതാണ്………. ഇന്ദു ശീലിപ്പിച്ചത്……. അതിലും നീറ്റലുണ്ട് മനസ്സിൽ……. അവളെ ഉപദ്രവിക്കരുത് ന്ന് നേരത്തെ തീരുമാനിച്ചതാണ്……. പക്ഷേ കൈവിട്ടു പോയി…….

എനിക്ക് വേറെ വഴിയില്ല ഇന്ദൂ…….. എനിക്കറിയാം നിനക്ക് തനിയെ ജ്യോതിയെ എടുത്തു പൊക്കാൻ ഒന്നും കഴിയില്ലെന്ന്…… അവൾ ശ്രമിക്കാതെ……… ഒരു കാരണം തേടി നടന്ന എനിക്ക് വീണു കിട്ടിയ ചാൻസ് ആയിരുന്നു അത് ……. ഞാൻ നിന്നെ എന്നിൽ നിന്നും മോചിപ്പിച്ചതാണ്…….. മതി ഇങ്ങനെ കിടന്നു വേദനിച്ചത്……….. കഴിയുന്നില്ല എനിക്ക്……. ഇതിൽ കൂടുതൽ…… നിന്റെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ……. അതുമതി എനിക്ക്…… നിന്റെ മനസ്സിൽ ജീവൻ എന്നും ഒരു ദുഷ്ടനും ചതിയനുമായിത്തന്നെ ഇരിക്കട്ടെ……..

വിഷമം സഹിക്കാൻ കഴിഞ്ഞിരുന്നില്ല കുറച്ചു ദിവസമായിട്ടു……. അതാണ് മുന്നിൽ പോലും വരാതിരുന്നത്……. അത് മുഴുവൻ ദേഷ്യമായ് വെളിയിലേക്ക് വന്നതാണ്……. അടിച്ചു പോയതാണ്……… സ്നേഹിക്കാനും വയ്യാ സ്നേഹിക്കാതിരിക്കാനും വയ്യാ….. എന്നും കണ്ടുകൊണ്ടിരിക്കുമ്പോൾ സ്നേഹം കൂടിക്കൂടി വരികയാണ്……… ഇന്ദ്രനോടുള്ള വെറുപ്പ് മറന്നു എന്നെക്കൊണ്ട് ജീവിക്കാനും സാധിക്കില്ല…… ക്ഷമിക്ക് ഇന്ദൂ….

അവൾ പോയിക്കാണുമോ……. ഈ രാത്രിയിൽ തനിച്…….. ഇന്ദുവിന്റെ വാശി അറിയാവുന്ന ജീവൻ ചെറിയൊരു പേടിയോടെ ധൃതിയിൽ കീ എടുത്തു വെളിയിലേക്ക് നടന്നു……..

വേണ്ടാ ജീവാ……. ഇന്ദുവിനെ തേടിയാണെങ്കിൽ വേണ്ടാ……. ഇന്ദു അവളുടെ വീട്ടിൽ ചെന്നു……. വെളിയിലേക്ക് നടന്ന ജീവനോടായ് അച്ഛൻ പറഞ്ഞു………

പേടിക്കേണ്ട നീ …….. അച്ഛൻ അത്രയെങ്കിലും ചെയ്യണ്ടേ മോനെ അവൾക്ക് വേണ്ടി……… ഇപ്പോ മനസ്സിലായില്ലേ മോനേ പകയും ദേഷ്യവും മനസ്സിൽ കൊണ്ടു നടന്നാൽ കൊണ്ടു നടക്കുന്ന മനസ്സിനെയേ അത് ബാധിക്കൂ ന്ന്….. ഇപ്പോ വിഷമിക്കേണ്ടി വന്നില്ലേ നീ…… എന്നാലും അടിക്കേണ്ടിയിരുന്നില്ല മോനെ അവളെ……. തെറ്റായിപ്പോയി……. ക്ഷമിക്കാൻ പറ്റാത്ത തെറ്റ്‌……

ഒന്നുറങ്ങാനോ കണ്ണടയ്ക്കാനോ കഴിയാതെ ഇരുന്നു ജീവൻ……… ശരീരത്തിലും മനസ്സിലും നിറയെ ഇന്ദുവാണ്……. വേണ്ടിയിരുന്നില്ല…….. ഒന്നും…..

പിറ്റേന്ന് രാവിലെ ഇന്ദ്രൻ ഇന്ദുവിനോട് റെഡിയാവാൻ പറഞ്ഞു……..ഏട്ടന്റെ ഇങ്ങനെ ഒരു ഭാവം ഇതിന് മുൻപ് കണ്ടിട്ടില്ല…… ദേഷ്യത്തിലാണ്……… അച്ഛൻ വന്നിട്ടുണ്ട്…….. എല്ലാം കേട്ടിട്ട് മിണ്ടാതെ ഇരിക്കുവാണ്………

എന്തിനാ അച്ഛാ ഇങ്ങനൊരു ക്രൂരത ഇന്ദുവിനോട് ചെയ്തത്……… ഇതിലും ഭേദം അവളെ അങ്ങു കൊന്നുകളയുന്നതായിരുന്നില്ലേ….. മകന് വേണ്ടി മകളുടെ ജീവിതം കളഞ്ഞില്ലേ……. അച്ഛനും വരണം കൂടെ …… എല്ലാമൊന്ന് പറഞ്ഞു തീർക്കാൻ……..

ഇന്ദ്രന്റെ ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ലാതെ തലയും കുനിച്ചിരുപ്പുണ്ട് അച്ഛൻ …….. പാവം……. ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…….. ഇന്ദ്രൻ ഇന്ദുവിന്റെ കയ്യിൽ പിടിച്ചു കാറിനരികിലേക്ക് നടന്നു……. അവൾ പേടിയോടെ ഏട്ടനെ നോക്കി…….

ഒന്നുമില്ലടാ…….. ഞാൻ വഴക്കൊന്നും ഉണ്ടാക്കുന്നില്ല…… ഇതിന്റെ തീരുമാനം എനിക്കൊന്നു അറിയണം……ജീവന്റെ അരികിൽ നിന്നും……. പിന്നെ….. എനിക്ക് കുറച്ചേറെ ചോദിച്ചറിയാനുണ്ട്……. ജീവനോടും……..പിന്നെ…….. മുഴുവൻ പറയാതെ ഇന്ദ്രൻ കാറെടുത്തു………….

ഒന്നും മിണ്ടാതെ മൂന്നാളും ഇരുന്നു…….. ഇന്ദു സീറ്റിൽ ചാരികിടന്നു…….. ഇന്ദ്രൻ ഇടയ്ക്കിടെ ഇന്ദുവിനെ നോക്കുന്നുണ്ടായിരുന്നു…… താലിയും കയ്യിൽ കുരുക്കി എന്തോ ആലോചനയിലാണ്…….

വാതിൽ തുറന്നത് ജീവനാണ്…….. ഇന്ദ്രനെ കണ്ടപ്പോൾ മുഖത്ത് ദേഷ്യം ഇരച്ചു കയറി…….

നീയെന്താ ഇവിടെ………

കുറച്ചു കാര്യങ്ങൾ അറിയണം എനിക്ക്…….. അറിയാതെ ഇവിടെ നിന്നും പോകില്ല……. ഇന്ദ്രൻ പറഞ്ഞു…….

അറിയാനുള്ള കാര്യങ്ങൾ എല്ലാം ഇന്നലെ നിന്റെ വീട്ടിലേക്ക് വന്ന ആളിനോട് ചോദിച്ചാൽ മതി…….. പുതുതായി എനിക്കൊന്നും പറയാനില്ല……… ജീവൻ അത് പറഞ്ഞപ്പോഴാണ് ഇന്ദ്രന്റെ അടുത്ത് നിൽക്കുന്ന ഇന്ദുവിനെ കണ്ടത് ……… ഓഹോ…. ഏട്ടനേയും കൊണ്ടു രാവിലെ ചോദ്യത്തിനും പറച്ചിലിനും ഇറങ്ങിയതാണോ……

മാറെടാ അങ്ങോട്ട്‌………. അതിന് നിന്നോടാ ചോദിക്കാനുള്ളതെന്ന് ഞാൻ പറഞ്ഞോ……… എനിക്ക് വളഞ്ഞ വഴി അറിയില്ല നിന്നെപ്പോലെ…… ചോദിച്ചറിയാനുള്ളത് നേരിട്ട് ചോദിച്ചോളാം ഞാൻ……

ജീവനെ തട്ടിമാറ്റി ഇന്ദ്രൻ ഇന്ദുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറി……… ഇന്ദു കാട്ടിക്കൊടുത്ത ജ്യോതിയുടെ മുറിയിലേക്ക് പോയി…….. ഇന്ദ്രന്റെ കൈവിരലുകൾ മുറുകുന്നതും……. വിറയ്ക്കുന്നതും………. വിയർപ്പാൽ നനയുന്നതും ഇന്ദു അറിഞ്ഞു……

ഏട്ടൻ ജ്യോതിയെ കണ്ടാലുള്ള അവസ്ഥ ഓർത്തു നല്ല പേടിയുണ്ടായിരുന്നു ഇന്ദൂന്…….. വാതിലിനരികിൽ വന്നതും ഏട്ടൻ ഒന്നു നിന്നു……. ജ്യോതി എഴുന്നേറ്റു ഇരിക്കുന്നുണ്ട്……. ഡോക്ടർ പരിശോധിക്കുന്നുണ്ട്…….. ഡോക്ടർ അവൾക്ക് മറഞ്ഞു ഇരിക്കുന്നതിനാൽ അവൾ ഞങ്ങളെ കണ്ടിട്ടില്ല………. ഏട്ടന്റെ ധൈര്യം ചോർന്നു പോകുന്നതറിഞ്ഞു ഇന്ദു……. കയ്യിലെ പിടുത്തം അയഞ്ഞപ്പോൾ ഇന്ദു തിരിച്ചു മുറുക്കി പിടിച്ചു…………

ഡോക്ടർ ഒന്നു മാറിയപ്പോൾ ജ്യോതി എന്നെക്കണ്ടു…….. മുഖത്തു വിരിഞ്ഞ ചിരി ഏട്ടനെ കണ്ടപ്പോൾ മാഞ്ഞു…….. അവിടെ ചെറിയൊരു പേടി നിറഞ്ഞത് പോലെ……..

ആദ്യത്തെ ഒരമ്പരപ്പിനു ശേഷം പിറകെ വന്ന ജീവൻ ജ്യോതിയുടെ മുഖത്തെ പേടി കണ്ടപ്പോൾ ഇന്ദ്രനെ തള്ളി മാറ്റി പറഞ്ഞു ……

ഇവിടെ വച്ചൊരു സീൻ വേണ്ട……..മര്യാദക്ക് നീ വെളിയിലേക്ക് പോ ഇന്ദ്രാ…….. ജ്യോതിയെ പേടിപ്പിക്കരുത്…… ഞാൻ കയ്യും കെട്ടി നോക്കി നിന്നുവെന്നു വരില്ല……… വിളിച്ചു കൊണ്ടു പോ ഇന്ദൂ നിന്റെ ഏട്ടനെ…………

മാറെടാ അങ്ങോട്ട്‌……. ജീവന്റെ കൈ തട്ടി മാറ്റി ഇന്ദ്രൻ ജ്യോതിക്കരികിലേക്ക് പോയി…….. അവളുടെ അടുത്തിരുന്നു……… കുറച്ചു നേരം മുഖത്തേക്ക് നോക്കിയിരുന്നു………. ജ്യോതി തല കുനിച്ചു……… രണ്ടു കയ്യാലെ അവളുടെ മുഖം പിടിച്ചുയർത്തി……….. തടയാൻ വന്ന ജീവനെ അവന്റെ അച്ഛൻ തടഞ്ഞു നിർത്തി……

എനിക്ക് നിന്നോടാണ് ചോദിക്കാനുള്ളത്…….. എന്നു മുതലാണ് ജ്യോതി നിനക്കു ഇന്ദ്രനോട് ദേഷ്യം തോന്നിത്തുടങ്ങിയത്……… പറയ്……. ഇന്ദ്രനെ പേടിയാണോ നിനക്ക്……. പറ ജ്യോതി…….

പെട്ടെന്ന് അവൾ ഇന്ദ്രന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു……… മുഖം നെഞ്ചിൽ പൂഴ്ത്തി വെച്ച് പൊട്ടിപ്പൊട്ടി കരഞ്ഞു………. ഇന്ദ്രൻ രണ്ടു കയ്യാലെ ചേർത്തു പിടിച്ചു അവളെ…….. ജ്യോതിയുടെ കൈകളും ഇന്ദ്രനെ മുറുക്കി പിടിച്ചു ……. ഇന്ദ്രൻ അവളുടെ നെറുകയിൽ ചുണ്ടമർത്തി ഒന്നുകൂടി തന്നോട് ചേർത്തിരുത്തി…….

എല്ലാവരും ആ കാഴ്ച ഒരു ഞെട്ടലോടെ നോക്കി നിന്നു…….. ഇന്ദുവിന്‌ പോലും ഇവിടെന്താ നടക്കുന്നതെന്ന് മനസ്സിലായില്ല…… താൻ ഊഹിച്ചതെല്ലാം ശരിയായിരുന്നു…….. ഏട്ടന്റെ വിഷമം ഇപ്പോളാണ് ശരിക്കും ഉൾക്കൊള്ളാൻ സാധിച്ചത്…….. അറിയാതെ പറ്റിയ ഒരു തെറ്റ്‌……. മനസ്സറിയാത്ത ഒരു തെറ്റ്‌…….. അതിനു ഇത്രയും വിഷമിക്കേണ്ടതുണ്ടോ…….. ഇത്രയും മനസ്സുടഞ്ഞു പോകേണ്ട കാര്യമുണ്ടോ……… പലവട്ടം ആലോചിച്ച കാര്യമാണ് താൻ …….

ഇന്ദു പോയി ഇന്ദ്രന്റെ തോളിൽ കൈ വെച്ചു…….. മുഖം ഉയർത്തി നോക്കിയ ഇന്ദ്രൻ ഇന്ദുവിനോട് പറഞ്ഞു………

സോറി ഇന്ദൂട്ടി……. ഞാൻ നിന്നോട് ഇത് മറച്ചു വെച്ചതാണ്……… കാരണം എനിക്കും അറിയില്ലായിരുന്നു ജ്യോതി എന്നെ സ്നേഹിക്കുന്നുണ്ടോന്ന്……… കണ്ട അന്നുമുതൽ ഒരു നോട്ടം കൊണ്ടു മാത്രം സ്നേഹിക്കാൻ തുടങ്ങിയതാണ്……. ഇഷ്ടമായിരുന്നു എനിക്ക് ജ്യോതിയെ…….. ആദ്യമായി തോന്നിയ ഒരിഷ്ടം…….. അവളുടെ ചില നോട്ടത്തിൽ നിന്നും എനിക്കും തോന്നിയിട്ടുണ്ട് എന്നെ ഇഷ്ടമാണെന്ന്……. ഇന്നിപ്പോൾ പൂർണ്ണമായും മനസ്സിലായി….. ഇന്ദ്രന് ജ്യോതി ഇല്ലാതെ പൂർണ്ണത ഉണ്ടാവില്ലെന്ന്……..

ഒന്നുകൂടി മുറുക്കിച്ചേർത്തു പിടിച്ചു ജ്യോതിയെ ഇന്ദ്രൻ………….

ജ്യോതിക്ക് ആരുടേയും മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല…….. പ്രത്യേകിച്ച് ജീവന്റെ……..

കൊണ്ടുപോയ്‌ക്കോട്ടെ……. ഞാൻ ഇപ്പോൾ തന്നെ……… ഞാൻ പൊന്നുപോലെ നോക്കിക്കോളാം…….. വരുവോ എന്റെ കൂടെ ……….എനിക്ക് നിന്റെ സമ്മതം വേണം…….. ഇന്ദ്രൻ ഏങ്ങലടിക്കുന്ന ജ്യോതിയുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു………..

ജ്യോതി സ്വന്തം കാലുകളിലേക്ക് നോക്കി……. പിന്നെ ദയനീയമായി ഇന്ദുവിനെ നോക്കി…….. അത് മനസ്സിലായത് പോലെ ഇന്ദു ജ്യോതിക്കരികിൽ വന്നിരുന്നു……..

അതൊന്നും ഏട്ടന് ഒരു വിഷയമേ അല്ല ജ്യോതി…….. നിന്റെ കാലുകൾ ചലിച്ചാലും ഇല്ലെങ്കിലും ഏട്ടൻ കൊണ്ടുപോകും നിന്നെ…….. ആ കൈകളിൽ നീ സുരക്ഷിതയായിരിക്കും….. നിന്നെ പൂർണ്ണമായും ഉൾക്കൊണ്ടു തന്നെയാണ് ഏട്ടൻ വിളിക്കുന്നത്……. വരുമോ……….എന്റെ ഏട്ടന്റെ പെണ്ണായിട്ട്…… നമ്മുടെ വീട്ടിലേക്കു…… വന്നാൽ ഞാൻ മുല്ലപ്പൂ കെട്ടിത്തരാം……… എന്നും ……… ഇന്ദു ചിരിയോടെ പറഞ്ഞു ………..

ജ്യോതി അവളുടെ കവിളിൽ തലോടി……… വേദനിച്ചപ്പോൾ……. സ്സ്….. എന്നൊരു ശബ്ദം ഉണ്ടാക്കി ഇന്ദു കണ്ണടച്ചു ……… ജ്യോതി ജീവനെ നോക്കി പിന്നെ ഇന്ദ്രനെയും…… വീണ്ടും മുഖം മങ്ങി അവളുടെ……… അതിനർത്ഥം ഇന്ദ്രന് മനസ്സിലായി…….. അവനെഴുന്നേറ്റ് ജീവന് അരികിലേക്ക് വന്നു……..

ജ്യോതിയെ ഞാൻ സ്നേഹിച്ചിട്ടേ ഉള്ളൂ…….. അവൾ എന്നെയും…….. ഞാൻ അവളെ ഉപദ്രവിച്ചിട്ടില്ല…….. മനസ്സ് കൊണ്ടുപോലും…….. എന്നെക്കൊണ്ട് അതിനു കഴിയില്ല…….. പിന്നെ എന്തിന്റെ പേരിലാണ് ജീവൻ ഇന്ദുവിന്റെ ജീവിതം വെച്ച് കളിച്ചതെന്ന് എനിക്കറിയില്ല…….. എന്റെ മുന്നിൽ വന്നു നിന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നു തന്നേനെ നിനക്ക് കൊല്ലാനോ വെട്ടാനോ എന്തിനും …….. അതിനു പകരം എന്റെ ഇന്ദുവിനെ നീ വേദനിപ്പിച്ചു…….. ഒരുപാട്…… ഒരുപാട്……. എന്റെ ഇന്ദു ഇങ്ങനെ ചങ്കു പൊട്ടി കരയുന്നത് ഞാൻ കണ്ടിട്ടില്ല……. എന്റെ നെഞ്ചിൽ വീണ അവളുടെ കണ്ണുനീർ ഇതുവരെ ഉണങ്ങിയിട്ടുമില്ല……….. അതെല്ലാം ഓർത്തു കൈകെട്ടി നിൽക്കാനാവുന്നില്ല ജീവാ എനിക്ക്……. എനിക്ക് നീ മറുപടി തന്നേ പറ്റൂ……

ഇന്ദ്രൻ ജീവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു…… ഭിത്തിയിലേക്ക് ചേർത്തു…….. വീണ്ടുമൊരു ഞെട്ടൽ കൂടി ഉണ്ടായി എല്ലാവർക്കും………

തുടരും 💕💕