രചന – രോഹിണി ആമി
ചിത്തു ന്ന് ഒരുപാട് തവണ ടൈപ്പ് ചെയ്തിട്ടുണ്ട്…. മെസ്സേജ് വായിച്ച മോചിത വല്ലാതായി….. ശരിക്കും ഒരു വട്ടൻ…… എങ്കിലും ഈ എഴുത്ത്… ഈ വരികൾ…..ഈ ശൈലി….. നല്ല പരിചയം തോന്നുന്നു…. മുൻപ് എവിടോ വായിച്ചു മറന്നപോലെ…..
ആലോചിച്ചു ഇരുന്നപ്പോൾ ആരോ ബെല്ലടിച്ചു…… സുമിയും ഹസ്ബൻഡും…… അകത്തേക്ക് വിളിച്ചു കുശലമൊക്കെ പറഞ്ഞു…….. കഴിക്കാൻ എടുക്കാൻ അടുക്കളയിൽ പോയപ്പോൾ കൂടെ സുമിയും വന്നു……
ഇപ്പോഴും ഹണി മൂൺ ആഘോഷിക്കുവാ രണ്ടും അല്ലെ….. സുമി ചോദിച്ചു….
നിനക്ക് എന്താ സുമി….. വട്ടാണോ….. ഹണി മൂൺ ആഘോഷിക്കാൻ പറ്റിയ പ്രായം….. ഒന്നു പോയേ നീ…….
അപ്പോൾ ഇതെന്താ…… കൊച്ചു ഗള്ളി……
അവൾ എന്റെ ചുണ്ടിൽ തൊട്ടു ചോദിച്ചു….
എന്ത്……
ഇങ്ങു വാ….. കാണിച്ചു തരാം…. സുമി എന്നെ വലിച്ചോണ്ട് കണ്ണാടിയുടെ മുന്നിൽ കൊണ്ടുനിർത്തി……
ദൈവമേ….. ചുണ്ടത്തു ചോര കട്ട പിടിച്ചു കിടക്കുന്നു…… ഇതു കണ്ടിട്ടാ ഈ പെണ്ണ്…… അയ്യേ…… നാണക്കേടായല്ലോ…. ഇനി ഇവളുടെ ഭർത്താവിന്റെ മുന്നിൽ എങ്ങനെ പോയി നിൽക്കും…… കുളി കഴിഞ്ഞു കണ്ണാടി നോക്കാൻ സമയം കിട്ടിയില്ല…… നേരെ അടുക്കളയിൽ കയറി….. അതാണ് പറ്റിപ്പോയത്…..
ആഹാ….. ഇതാണോ….. ഇന്നലെ മോനുവിന്റെ തലയുമായിട്ട് ഇടിച്ചതാ…. മോചിത പറഞ്ഞു….
മോനുവിന്റെ തലയോ അതോ ചേട്ടന്റെ തലയോ…
നിനക്ക് നാണമില്ലേ സുമി……. ഏട്ടത്തിയോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ….. കുറച്ചു ദേഷ്യപ്പെട്ടു ചോദിച്ചു…..
ചെയ്യുന്നതിന് കുറ്റമില്ല….. ഞാൻ ചോദിച്ചതാ ഇപ്പൊ കുറ്റം….. അവളും കുറുമ്പോടെ പറഞ്ഞു…
വാ…. നിനക്കു കഴിക്കാൻ തരാം…. നിന്റെ കെട്ടിയോനെയും വിളിച്ചോ… . ഞാൻ എടുത്തുവെക്കാം….
അതുംപറഞ്ഞു മോചിത അടുക്കളയിലേക്ക് പോയി…..
വൈകുന്നേരം ജയേട്ടനു ചായ കയ്യിൽ പിടിപ്പിച്ചിട്ട് തിരിഞ്ഞപ്പോൾ എന്റെ കയ്യിൽ പിടിച്ചു തിരിച്ചു നിർത്തി…..
നിനക്കിത് എന്തെങ്കിലും പുരട്ടി മായിച്ചു കൂടാരുന്നോ….. അളിയൻ എന്നെനോക്കി ആക്കിച്ചിരിക്കുവാ….. അവരൊക്കെ എന്തു വിചാരിക്കും….. ശ്ശേ….
എന്തു വിചാരിക്കുവാൻ…… പുറത്തുള്ളവർ എങ്കിലും കരുതിക്കോട്ടെ നമ്മൾ തമ്മിൽ നല്ല സ്നേഹത്തിലാണെന്നു…. മോചിത പറഞ്ഞു….
അപ്പോൾ എനിക്ക് നിന്നോട് സ്നേഹമില്ലെന്നാണോ നീ പറയുന്നത്……
ജയേട്ടന്റെ സ്നേഹം ഞാൻ കാണാറില്ല…… സ്നേഹിക്കുന്നത് ഇരുട്ടത്ത് ആയതുകൊണ്ടാവും ചിലപ്പോൾ ഞാൻ കാണാത്തത്….
ജയേട്ടൻ ചായയും എടുത്തു തിരിഞ്ഞു നിന്നു….
ശ്ശേ….. വേണ്ടിയിരുന്നില്ല….. അങ്ങനെ പറയേണ്ടിയിരുന്നില്ല….. മോചിത ഓർത്തു….. എല്ലാം പറഞ്ഞതിനു ശേഷമേ ബോധം വരൂ….
എല്ലാവരും കൂടി ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു……. കുറച്ചു നേരം മിണ്ടിയും പറഞ്ഞും ഇരുന്നു….
സുമി അവളുടെ ഭർത്താവിനെ ചേർന്നാണ് ഇരിക്കുന്നത്…… നല്ല ജോഡി ആണ് രണ്ടാളും…. ഇടക്കിടക്ക് അവളെ കളിയാക്കുന്നുണ്ട്… സുമി തിരിച്ചു അടി കൊടുക്കുന്നുണ്ട് …. ഇതെല്ലാം നോക്കി കണ്ടു കൊണ്ട് സെറ്റിയുടെ ഇങ്ങേ അറ്റത്തു ഞാനും… അങ്ങേ അറ്റത്തു ജയേട്ടനും….. മുഖം കണ്ടാലറിയാം അനിയത്തിയുടെ ചിരിച്ച മുഖം കണ്ടിട്ട് ഒരുപാട് സന്തോഷമുണ്ടെന്ന്…….. അറിയാതെ എന്റെ മുഖത്തേക്ക് നോക്കി…. പെട്ടെന്ന് ചിരി നിന്നു ജയേട്ടന്റെ…….
കിടന്നപ്പോൾ അകന്നാണ് കിടന്നതെങ്കിലും എണീറ്റപ്പോൾ ജയന്റെ കൈക്കുള്ളിലായിരുന്നു….. ഇതിനു മാത്രം ഒരു കുറവുമില്ല……. അവൾ പിറുപിറുത്തു എണീറ്റു….
സുമിയും ഭർത്താവും ജയേട്ടന്റെ കൂടെ ഇറങ്ങി…….പണിയെല്ലാം കഴിഞ്ഞു…. കുളിയും കഴിഞ്ഞു കണ്ണാടി മുന്നിൽ വന്നു ചുണ്ട് നോക്കി …. ഇന്ന് കുഴപ്പമില്ല…… ചെറിയ ഒരു പാടേ ഉള്ളൂ……
മൊബൈൽ എടുത്തു….. ആഹാ…. വന്നല്ലോ വനമാല….. പേരില്ലാത്തവൻ…..
ഇന്നലെ എന്താ കഥ ഇടാഞ്ഞത്……
ബിസി ആയിരുന്നോ…….
പണിയെല്ലാം കഴിഞ്ഞോ…..
പെട്ടെന്ന് കഥ ഇടൂ…. വായിക്കാൻ തിടുക്കമുണ്ട്…… അല്ല…. നിന്നെ കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്……
ഇതൊക്കെയായിരുന്നു മെസ്സേജ്…….
ഞാൻ ആരാണെന്നു വിചാരിച്ചാ നിങ്ങൾ ഇങ്ങനെ മെസ്സേജ് വിടുന്നത്……മോചിത ചോദിച്ചു…..
ഒരു കഥാകാരി…….. സ്വന്തം ജീവിതം കഥയാക്കുന്നവൾ….. എനിക്കു ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി ……..
തിരിച്ചു ഇങ്ങനെ മെസ്സേജ് വന്നു……
ഞാൻ ഒരു ഭാര്യയാണ്….
ചോദിച്ചില്ല…..
കൂടെ ഒരമ്മയും…..
നല്ല കാര്യം…..
നിങ്ങൾ പോയി വേറെ ആർക്കെങ്കിലും മെസ്സേജ് വിടൂ….. എന്നെയിങ്ങനെ ശല്യം ചെയ്യരുത്……
എന്റെ കണ്ണിൽ ജനിമൃതി എന്ന ഒരൊറ്റ ഐഡി മാത്രമേ ഉള്ളൂ…… എന്റെ മൊബൈലിൽ നിന്റെ മെസ്സേജ് മാത്രമേ വരൂ….. നിനക്കു മാത്രമേ സെൻറ് ആവൂ…. ഒരു സുഹൃത്ത് ആയിട്ടു കൂട്ടിക്കൂടെ കൂടെ…… അതുവരെ ഇങ്ങനെ ശല്യം ചെയ്യും ഞാൻ….. ഞാൻ നിന്റെ കഥകളെയാണ് ഇഷ്ടപ്പെടുന്നത്……. പേടിക്കണ്ട….. തട്ടിക്കൊണ്ടു പോകാത്തൊന്നുമില്ല ഞാൻ…
ആ പേടി എനിക്കില്ല…..
അപ്പോൾ ഫ്രണ്ട്‌സ്…..
ശരി…… എനിക്കു ശല്യമെന്നു തോന്നിയാൽ ഞാൻ ബ്ലോക്ക് ചെയ്യും….. അവൾ പറഞ്ഞു….
അങ്ങനെ തോന്നിയാലല്ലേ……
എങ്കിൽ പേരില്ലാത്തവന്റെ പേരു പറയു……
നിനക്കെന്തും വിളിക്കാം…… ഇന്നാണ് എന്റെ പേരിടൽ ചടങ്ങ്…… വിളിച്ചോ….
ഒരാളുടെ സ്വഭാവം അറിയാതെ എങ്ങനെ പേരിടും…… ഞാൻ തോന്നുന്നപോലെ അവസരങ്ങൾക്കനുസരിച്ചു വിളിച്ചോളാം…..
ആയിക്കോട്ടെ……. ഒരാളുടെ സ്വഭാവത്തിന് അനുസരിച്ചാണ് പേരിടുന്നതെങ്കിൽ നിന്റെ പേരിന്റെ അർത്ഥമെന്ത്……… അതും നിന്റെ സ്വഭാവവും തമ്മിൽ എന്താ ബന്ധം….
ജനിമൃതി……. ഇതിനു പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ല….. ജനനവും മരണവും….
ജനിമൃതി യുടെ അർത്ഥമല്ല…… മോചിത എന്ന പേരിന്റെ അർത്ഥം……
അവൾ ഒന്നു ഞെട്ടി…… അപ്പോൾ നിങ്ങൾക്ക് എന്നെ അറിയുമോ……. ആരാ നിങ്ങൾ…..
നിന്റെ നിഴൽ………. അങ്ങനെ അറിയപ്പെടാനാണ് എനിക്കിഷ്ടം……
കാര്യത്തിലേക്കു വരൂ…. എന്നെ കബളിപ്പിക്കാതെ….. ആരാ….. നിങ്ങൾക്ക് എന്നെ എങ്ങനറിയാം…..
ആരുമല്ല….. നിന്റെ കഥകളിലൂടെ മാത്രം നിന്നെ അറിഞ്ഞവൻ…… നീയെഴുതിയ മോചിത എന്ന കഥ നിന്റെ ആണെന്ന് തോന്നി….. അതു ശരിയാണെന്നു ഇപ്പോൾ മനസ്സിലായി…..
അവൾ സ്വന്തം തലക്കിട്ടടിച്ചു….. അബദ്ധം പറ്റിയല്ലോ എന്നോർത്ത്…..
തലയടിച്ചു പൊട്ടിക്കരുത്……….. ഇനിയും ഒരുപാട് കഥകൾ ഉദിക്കേണ്ട ഇടമാണ്…..
ശരി……..
എന്താ സ്വന്തം പേരിൽ വരാത്തത്…. അതോ സ്വന്തം പേര് ഇഷ്ടമില്ലേ….
എന്റെ ജീവിതത്തിൽ നിന്നും എടുത്തു എഴുതുമ്പോൾ എനിക്കൊരു മറ വേണമെന്നു തോന്നി…. ആരും തിരിച്ചറിയാൻ പാടില്ല എന്നെ ….. ചില കഥകൾ ഒന്നും സത്യമായിരിക്കണമെന്നില്ല….. എന്റെ മനസ്സിൽ ഉദിക്കുന്നവയാവും……. ആ കഥാപാത്രത്തിന് എന്റെ മുഖം ആവരുതെന്ന് നിർബദ്ധമുണ്ട്..
ശരിയാണ്….. എന്നാലും….
വേണ്ട…. ഇത് എന്റെ മുഖംമൂടി ആണ്….. എന്നെ മറ്റാരും അറിയുന്നത് എനിക്കിഷ്ടമല്ല….
ഓക്കേ ഓക്കേ……
ബൈ…… ഞാൻ കുറച്ചു എഴുതാൻ ശ്രമിച്ചു നോക്കട്ടെ…… അവൾ പറഞ്ഞു….
ഞാൻ ഓൺലൈനിൽ ഉണ്ടാവും നീ പോകുന്നതു വരെ….. പ്രിയപ്പെട്ട കൂട്ടുകാരീ……
മോചിത തിരിച്ചു മെസ്സേജ് ഒന്നും വിട്ടില്ല…… എങ്കിലും മനസ്സിന് ഒരാശ്വാസം തോന്നുന്നു….. കുറച്ചു നേരം സംസാരിച്ചപ്പോൾ……… ഇല്ല ….. തന്നെ അറിയാത്ത ആരോ ആണെന്ന് അവളും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…… ജയേട്ടൻ അറിഞ്ഞാലുള്ള പുകിൽ ഓർത്തു പേടി തോന്നി മോചിതക്ക്.. …..
എല്ലാ ദിവസവും ഓരോ പേരിൽ വിളിക്കും….. ഇതുവരെ മോശപ്പെട്ട രീതിയിൽ മെസ്സേജ് ഒന്നും അയച്ചിട്ടില്ല…… ഓരോ കഥകൾക്കും വിമർശനങ്ങളും പ്രശംസകളും തരാൻ തുടങ്ങി…. അവളുടെ ആത്മവിശ്വാസം കൂട്ടാൻ അതു സഹായകവുമായി…. ഒരു കണക്കിൽ പറഞ്ഞാൽ മൊബൈൽ ഓൺ ചെയ്താൽ ആദ്യം നോക്കുന്നത് പേരില്ലാത്തവന്റെ മെസ്സേജ് ആയിരിക്കും…….
സിനിക്ക് റീചാർജ് ചെയ്തതിന്റെ പൈസ കൊടുക്കാനുണ്ട്……കുറേയാവുമ്പോൾ ഒരുമിച്ചാണ് കൊടുക്കാറ്…… . അവളുടെ അടുത്ത് ഒന്നു പോകണമെന്നുണ്ട്……. കണ്ടിട്ട് കുറെ ആയി……. ജയേട്ടനോട് ചോദിച്ചു…..
എന്താ ഇത്ര അത്യാവശ്യം…..
ചുമ്മാ…… അവളെക്കണ്ടിട്ട് കുറെയായി…..
മ്മ്….. ശരി… ഞാൻ വരുമ്പോൾ ഇവിടെ കാണണം……
മ്മ്….
പറച്ചിൽ കേട്ടാൽ തോന്നും…… എന്നെ കാണാതെ ഇരിക്കാൻ പറ്റില്ലെന്ന്….. ഞാൻ ഇല്ലെങ്കിൽ ചായ തന്നെ ഇട്ടു കുടിക്കേണ്ടി വരില്ലേ അതിനാ……
പണിയെല്ലാം പെട്ടെന്ന് ഒതുക്കിയിട്ട് ഇറങ്ങി…… ഒരോട്ടോ പിടിക്കാം….. അവളോട് വിളിച്ചു പറഞ്ഞില്ല……. വീട്ടിൽ കാണും….. എവീടെങ്കിലും പോകുവാണേൽ എന്നോട് സൂചിപ്പിക്കാറുണ്ട്…… വീട്ടിലെത്തി ബെല്ലടിച്ചു….. മഹിയേട്ടനാണ് വാതിൽ തുറന്നത്….
ആഹാ….. മോചിതയോ….. വാ…. കയറി വാ…
മഹിയേട്ടൻ ഇന്ന് പോയില്ലേ…….
ഇല്ല…… ഒരു ടൂർ കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ…..
സിനിയും അമ്മയും എവിടെ……
അമ്മക്ക് ബി പി കുറഞ്ഞെന്ന് തോന്നുന്നു…. രാവിലെ ചെറിയ ഒരസ്വസ്ഥത….. രണ്ടു പേരുംകൂടി ഹോസ്പിറ്റലിൽ വരെ പോയതാ…. മോചിത ഇരിക്ക്….. അവരിപ്പോൾ വരും…. ഞാൻ കുടിക്കാനെടുക്കാം…..
വേണ്ട….. ഒന്നും വേണ്ട….
അല്ലെങ്കിൽ മോചിത തന്നെ എടുത്തോളൂ….. ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം…. അതുംപറഞ്ഞു മഹി മുകളിലേക്ക് പോയി…..
ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുത്തു…അതു കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് തോളിൽ ആരോ കൈ വച്ചത്….. തിരിഞ്ഞു നോക്കി…..
മഹിയേട്ടൻ…….
കൈയ്യിലിരുന്ന ഗ്ലാസ് താഴെ വീഴുന്നതിനു മുന്നേ അയാൾ പിടിച്ചിരുന്നു…..
മോചിതയുടെ അടുത്തേക്ക് ചേർന്നു നിന്നു……. കുറച്ചു നാളായി ഒരാഗ്രഹം മനസ്സിൽ കയറിയിട്ട്…. ഇപ്പോൾ ദൈവമായിട്ട് എന്റെ മുന്നിൽ കൊണ്ടു വന്നു തന്നു…….കുറച്ചു നേരത്തേക്ക് എന്റെയായിക്കൂടെ…..
ഛീ……. മാറിനിൽക്ക്….. അവൾ അയാളെ തള്ളിമാറ്റി…..
പ്ലീസ് മോചിത…… ആരുമറിയില്ല…….. എനിക്കറിയാം നീയും ജയനും തമ്മിൽ അങ്ങനൊന്നുമില്ലെന്നു…..സിനിയും അമ്മയും കുറച്ചു നേരമെടുക്കും വരാൻ….. .കുറച്ചു നേരം മാത്രം…. പ്ലീസ്……
തൊടരുത് എന്നെ……. നിങ്ങളെ ഞാൻ ഇങ്ങനൊന്നുമല്ല കരുതിയത്….. മാന്യനെന്നു വിചാരിച്ചാ അകത്തേക്ക് കയറി വന്നത്… ഞാനും ജയേട്ടനും എങ്ങനെയും ആയിക്കോട്ടെ…. എന്നാലും വേറൊരാണിന്റെ ചൂട് തേടിപ്പോകാൻ മോചിതയെ കിട്ടില്ല…. അതിനു വേറെ ആളെ നോക്കിക്കോ നിങ്ങൾ………. അതും പറഞ്ഞു അയാളെ കടന്നു കൊടുംകാറ്റുപോലെ വാതിൽ തുറന്നു വെളിയിലേക്കിറങ്ങി…..
തന്റെ വിഷമങ്ങളുടെ ഭാണ്ഡക്കെട്ടുകൾ സിനിയിൽ ഇറക്കി വെക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരാപത്ത്….. എല്ലാ ഭാര്യാഭർത്താക്കന്മാരും എന്നെയും ജയേട്ടനെയും പോലെ ആയിരുന്നില്ല…. അവർ പരസ്പരം സംസാരിക്കുന്നവർ ആയിരുന്നുവെന്ന് ഞാൻ മനസ്സിലാക്കണമായിരുന്നു…. മോചിതയുടെ കണ്ണു നിറഞ്ഞൊഴുകി…… എങ്ങനെ വീടുവരെ എത്തിയെന്നു അവൾക്കറിയില്ല….. വന്നതേ ബെഡിലേക്ക് മറിഞ്ഞു….. പോകേണ്ടിയിരുന്നില്ല…… ഇപ്പോഴും അയാളുടെ കൈ ശരീരത്തിൽ ഇരിക്കുംപോലെ തോന്നി മോചിതക്ക്……. ഷവറിന്റെ കീഴിൽ പോയി നിന്നു കുറെ നേരം…..
മൊബൈൽ ബെല്ലടിക്കുന്നതു കേട്ട് എഴുന്നേറ്റു…. സിനി കാളിങ്…… എടുക്കണോ….. അവളോട് അയാൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ….എന്നായാലും ഫേസ് ചെയ്യണം… എത്രയും നേരത്തെ ചെയ്യുന്നോ അത്രയും നല്ലത്….
കാൾ അറ്റൻഡ് ചെയ്തതും സിനി ഇങ്ങോട്ട് ചോദിക്കാൻ തുടങ്ങിയിരുന്നു….
എന്തിനാ വന്നതെന്ന്…… പെട്ടെന്ന് പോയെന്നു മഹിയേട്ടൻ പറഞ്ഞു…. എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നോ….
ഒരുവിധം അവളോട് സംസാരിച്ചു ഫോൺ വച്ചു…….. അയാൾ വിളിപ്പിച്ചതാവും….
ഒന്നും കഴിക്കാൻ തോന്നിയില്ല…… ബെഡിൽ നിന്നും ഒന്നെണീക്കാൻ പോലും തോന്നിയില്ല അവൾക്ക്….. മനസ്സിൽ എന്തോ ഒന്ന് ഇരുന്നു വിങ്ങുന്നപോലെ…….
വൈകുന്നേരം ജയേട്ടനും മോനും എന്തൊക്കെയോ കാട്ടിക്കൂട്ടി കൊടുത്തു….. ഇടയ്ക്കിടയ്ക്ക് ജയേട്ടൻ നോക്കുന്നുണ്ട്….
കിടക്കാൻ നേരം ചോദിച്ചു…. നിനക്ക് വയ്യായ്ക എന്തെങ്കിലും ഉണ്ടോ……
ഇല്ല…..
പിന്നെ…… ഡേറ്റ് ആയോ…..
മ്മ്…… അല്ലെങ്കിൽ ഇനിയും താൻ ചോദ്യങ്ങൾ നേരിടേണ്ടി വരും….
ഉറക്കം തീരെ വരുന്നില്ല…….. ജയേട്ടനും മോനും നല്ല ഉറക്കം….. അവൾക്ക് ജയനോട് ശരിക്കും ദേഷ്യം തോന്നി….. ഇന്നത്തെ തന്റെയീ അവസ്ഥക്ക് കാരണം ജയേട്ടൻ ഒറ്റയൊരാളാണ്…… എന്നോട് കുറച്ചു നേരം സംസാരിച്ചിരുന്നെങ്കിൽ…….. ഇന്ന് വേറൊരുത്തൻ എന്റെ ദേഹത്ത് കൈ വെക്കുമായിരുന്നോ….. അവൾക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല….. എല്ലാം തന്റെ തെറ്റാണ്……. സ്വന്തം തെറ്റ് മറ്റുള്ളവരുടെ മേലെ അടിച്ചേൽപ്പിക്കുകയാണ് താൻ…. കുടുംബകാര്യം വേറൊരാളോട് പറഞ്ഞത് തന്നെ തെറ്റ്…….
രണ്ടു മൂന്നു ദിവസം അങ്ങനെ പോയി….. എന്റെ അവസ്ഥ കണ്ടിട്ട് ജയേട്ടനു ഒന്നും തോന്നുന്നില്ലേ…. ഒന്ന് ചോദിക്കുന്നു കൂടിയില്ല……വല്ലാത്തൊരു വെറുപ്പ് അവൾക്ക് തോന്നി ജയനോട്……
മനസ്സിലെ വിഷമങ്ങൾക്ക് ഒരറുതി കിട്ടട്ടെന്നു വിചാരിച്ചു മൊബൈൽ എടുത്തു സിം ഇട്ടു……
പേരില്ലാത്തവൻ കുറെ മെസ്സേജ് അയച്ചിട്ടുണ്ട്….. കൂടുതലും..
എന്തു പറ്റി….. എന്തു പറ്റി ……
ഒന്നുമില്ല…… അതുമാത്രം ടൈപ്പ് ചെയ്തിട്ടു അവൾ മൊബൈൽ താഴെ വച്ചു……
മൊബൈൽ ബെല്ലടിച്ചു…… അവൾ ഞെട്ടി നോക്കി…. ഈ നമ്പർ സിനിക്ക് അല്ലാതെ വേറെ ആർക്കും അറിയില്ല…… ആരാവും….. എടുക്കണോ വേണ്ടയൊന്ന് മോചിത ആലോചിച്ചു നിന്നു……….
ഇനി മഹേഷിനു സിനി നമ്പർ കൊടുത്തിട്ടുണ്ടാവുമോ…… അയാളാണോ…..
തുടരും……..

by