23/04/2026

ജീവന്റെ പാതി : ഭാഗം 19

രചന – രോഹിണി ആമി

അമ്മയെ എല്ലാമൊന്ന് ഒതുക്കാൻ സഹായിക്കുമ്പോഴും ഇന്ദു ഓർത്തത് ജീവന്റെ മാറ്റമായിരുന്നു………. ഇത്രയൊക്കെ പറഞ്ഞിട്ടും പേടി മാറിയില്ലേ……. അമ്മ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്………. മറുപടി ഒരു മൂളലിൽ ഒതുക്കി……….

പോയിക്കിടന്നോളൂ മോളേ……… നേരത്തെ എഴുന്നേൽക്കണ്ട കേട്ടോ……. ഉറക്കം ഒക്കെ മാറിയിട്ട് എഴുന്നേറ്റാൽ മതി……..

അമ്മയ്ക്ക് ഗുഡ് നൈറ്റ്‌ പറഞ്ഞു മുറിയിലേക്ക് പോയി……… ജീവൻ ഒരു വശം തിരിഞ്ഞു കിടപ്പുണ്ട്………. അടുത്ത് പോയിരുന്നപ്പോൾ തിരിഞ്ഞു നോക്കി………. അവളുടെ കയ്യെടുത്തു നെഞ്ചിൽ വെച്ചു കണ്ണടച്ചു കിടന്നു………. എന്തോ ഉണ്ട് ഉള്ളിൽ……… മനസ്സിൽ കിടന്നത് തിളക്കുന്നുണ്ട്ന്ന് ഇന്ദുവിന് മനസ്സിലായി……. ഒന്നും മിണ്ടാതെ കൂടെയിരുന്നു……… കുറച്ചു കഴിഞ്ഞു ജീവൻ തന്നെ ചോദിച്ചു…… കിടക്കുന്നില്ലേ ന്ന്………. ഇന്ദു എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കയ്യിൽ ഒന്നുകൂടി ചേർത്തു പിടിച്ചു കണ്ണുകൊണ്ടു പോകരുതെന്ന് പറഞ്ഞു……. ഇന്ദു കൈ വിടുവിച്ചു………. അരികിൽ കിടന്നു…………

എന്താ ഒന്നും കഴിക്കാഞ്ഞത്…….. ജ്യോതിയെ ഓർത്തിട്ടാണോ…….. അവളിപ്പോൾ സുഖമായിട്ട് ഉറങ്ങുന്നുണ്ടാവും…….. അതിനിങ്ങനെ ഇവിടെ ഭക്ഷണവും ഉറക്കവുമില്ലാതെ നടക്കേണ്ട കാര്യമില്ല………..

ഇനിയെനിക്ക് ജ്യോതിയെ ഓർത്ത് ഒരു വിഷമവും ഉണ്ടാവില്ല……….. എനിക്കത് അറിയാം……..

പിന്നെന്താ……… ഒരു വിഷമം പോലെ……… എന്നെയോർത്താണോ………. ഞാൻ ഇനി ഇവിടം വിട്ട് പോകില്ലെന്ന് എങ്ങനെ വിശ്വസിപ്പിക്കണം………..

എനിക്ക് നിന്നെ വിശ്വാസമാണ് ഇന്ദു………. അതൊന്നുമല്ല……. ഒരു വല്ലാത്ത വിമ്മിഷ്ടം പോലെ……… ഞാൻ ചെയ്തതും പ്രവൃത്തിച്ചതും ഓർക്കുമ്പോൾ നിന്നെ ഞാൻ അർഹിക്കുന്നില്ല എന്നൊരു തോന്നൽ………. കയ്യിലൊതുങ്ങാത്തത് കയ്യിൽ പിടിച്ചിരിക്കും പോലെ……… നിന്നോടുള്ള എന്റെ നന്ദിയും കടപ്പാടും ഞാനെങ്ങനെ വീട്ടും ഇന്ദൂ ……….

അതിനൊരു വഴിയുണ്ട്……… ഒരു ചില്ലുകൂട് വാങ്ങിച്ചോളൂ……. എന്നെ അതിനുള്ളിൽ വെച്ച് എന്നും രാവിലെയും വൈകിട്ടും നേർച്ചയിട്ട് തൊഴുതോളൂ……… ഞാൻ നോക്കിയിട്ട് വേറെ വഴിയില്ല …………. അല്ല പിന്നെ………..എത്രയായി പറയുന്നു ഞാൻ……… ഇന്ദു ദേഷ്യത്തിൽ തിരിഞ്ഞു കിടന്നു…………

ജീവന്റെ ചുണ്ടിൽ ചിരി തെളിഞ്ഞു…….. ഫൂലൻ ദേവി സട കുടഞ്ഞു എഴുന്നേറ്റു……. അവളെ കെട്ടിപിടിച്ചു തന്നിലേക്ക് ചേർത്തു…….. ചെവിയിൽ പറഞ്ഞു……….. അടിയോ ഇടിയോ തരാൻ ഉദ്ദേശമുണ്ടെങ്കിൽ പറയണം….. ചെറിയൊരു മുൻകരുതൽ എടുക്കാനാ……..

ഞാൻ ആരെയും ഉപദ്രവിക്കാറില്ല……… സ്വയം വേദനിച്ചാലും………..

അതാണ് ന്റെ ഇന്ദൂട്ടി നീ എനിക്ക് തരുന്ന ഏറ്റവും വലിയ വേദന……. അന്ന് പേന വെച്ച് നിന്റെ കയ്യിൽ കുത്തിയപ്പോൾ അത് എന്റെ നെഞ്ചിൽ കുത്തിയിറക്കും പോലെയാണ് തോന്നിയത് …….. എന്ത് വേദനിച്ചുവെന്ന് അറിയുമോ……… അവളുടെ കയ്യിൽ തലോടി പറഞ്ഞു………

ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല……. ഞാൻ ഏട്ടന് ഉറപ്പു കൊടുത്തിട്ടുണ്ട്…….. മാത്രമല്ല….. എന്നോടിങ്ങനെ നന്ദിയുടെയും കടപ്പാടിന്റെയും പേരും പറഞ്ഞു സ്വയം ചുരുങ്ങരുത്……… അങ്ങനെ എങ്കിൽ എനിക്കുമില്ലേ ജീവനോട് നന്ദിയും കടപ്പാടും……… എന്റെ ഏട്ടന് ജ്യോതിയെ കൊടുത്തില്ലേ……. ഏട്ടന്റെ ജീവിതവും സന്തോഷവും തിരിച്ചു കൊടുത്തില്ലേ….. അതിന് ഞാനെങ്ങനാ നന്ദി പറയുക…….. ഇനിയിങ്ങനെയൊന്നും എന്നോട് പറയരുത് ഒരുപാട് അകൽച്ച തോന്നും പോലെ…….. പഴയതൊന്നും ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല…….. അതിൽ എനിക്കൊന്നും ഇല്ല സന്തോഷം തരുന്നത്…….. ഇനിയും അതൊന്നും ഓർമിപ്പിക്കരുത്…….

ഇന്ദുവിന്റെ ശബ്ദത്തിന്റെ മാറ്റം ജീവൻ തിരിച്ചറിഞ്ഞു………. അവളെ തിരിച്ചു കിടത്തി……. നെഞ്ചിലേക്ക് ചേർത്തു…….. ഒന്നൂടെ തരുവോ…….. മുൻപ് തന്ന പോലെ…… ഒന്നൂടെ… പ്ലീസ്….. കവിൾ ചൂണ്ടി കാണിച്ചു ജീവൻ ചോദിച്ചു……..

ഇന്ദു കവിളിൽ അമർത്തി ചുംബിച്ചു പറഞ്ഞു ……… ഇനി മേലാൽ ഇങ്ങനെയൊന്നും പറയരുത്……….. എന്നോട് വഴക്കിട്ടോ…… പിണങ്ങാനും ഇണങ്ങാനും ഇഷ്ടമാണ്……… പക്ഷേ ഇങ്ങനെ ഒക്കെ പറഞ്ഞു വേദനിപ്പിക്കരുത്……..

ജീവൻ അവളുടെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു……… വല്ലാത്തൊരു സ്നേഹം ശരീരത്തിലേക്ക് പടരുന്നത് ഇന്ദു അറിഞ്ഞു……. ജീവന്റെ മുഖം എടുത്തു മാറ്റി……… നെഞ്ചിലേക്ക് ചേർന്നു കിടന്നു…….

ഇന്ദു എല്ലാം മറന്നുവെന്ന് പറഞ്ഞാലും മനസ്സിൽ അതെല്ലാം മായാതെ നിൽക്കുന്നുണ്ടെന്ന് നെഞ്ചു നനഞ്ഞപ്പോൾ ജീവന് മനസ്സിലായി…….. ഒന്നുകൂടി ചേർത്തു പിടിച്ചു അവളെ ………

നീയെന്തു പാവമാ ഇന്ദൂ…….. ആരെയും വേദനിപ്പിക്കില്ല……..എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ………. ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടാവുമോ……. ഞാൻ കണ്ടിട്ടുള്ള പെൺകുട്ടികൾ ഇങ്ങനേ അല്ലല്ലോ………..ജീവൻ ചോദിച്ചു…..

അവൾ തലയുയർത്തി……. സൂക്ഷിച്ചു നോക്കി…….. ദേഷ്യത്തിൽ………

അതിന് ഇത്രയും ദേഷ്യത്തിൽ നോക്കാൻ മാത്രം ഞാൻ എന്ത് പറഞ്ഞു……… നിന്നെയൊന്നു പുകഴ്ത്തി പറഞ്ഞതല്ലേ……… അല്ലാ……. സത്യമല്ലേ ഞാൻ പറഞ്ഞത്……. ജീവൻ ഓർത്തു………

എത്ര പെൺകുട്ടികളെ കണ്ടിട്ടുണ്ട് ഇതിന് മുൻപ്………. ചതിയാ……. എന്നെ വഞ്ചിക്കുവായിരുന്നു അല്ലേ……… ഈശ്വരാ ഇങ്ങനെയൊരു കോഴിയെ ആണല്ലോ നീയെനിക്കു വേണ്ടി കണ്ടുപിടിച്ചു തന്നത്………..മാറങ്ങോട്ട്…… തൊട്ടാൽ കൊല്ലും ഞാൻ…… ഇന്ദു ജീവനെ തള്ളിമാറ്റി തിരിഞ്ഞു കിടന്നു………

കോഴിയോ….. ഞാനോ……… ജീവൻ കണ്ണു മിഴിച്ചു ചോദിച്ചു …….. ഞാൻ ഒരു പെണ്ണിനെയെ നോക്കിയിട്ടുള്ളു…… നിന്നെ മാത്രം…….. സത്യം ഇന്ദൂ………. സത്യം……

ഉവ്വ…… വിശ്വസിച്ചു……. മര്യാദക്ക് അടങ്ങി കിടന്നോ….. എനിക്കുറങ്ങണം……. ഇന്ദു മുഖം തിരിച്ചു വാ പൊത്തി ചിരിച്ചു ………..

കുറച്ചു സമയം കഴിഞ്ഞപ്പോൾ ജീവന്റെ ശ്വാസം കാതിലടിച്ചു………. അവളെ ചേർത്തു പിടിച്ചു ചോദിച്ചു …… അന്ന് ഇഷ്ടത്തോടെയല്ല കല്യാണത്തിന് സമ്മതിച്ചതെന്ന് പറഞ്ഞില്ലേ…….. ഇന്ന് ഇഷ്ടമുണ്ടോ എന്നോട്……. ശരിക്കും…….. അതോ…… താലി കെട്ടിയതു കൊണ്ട് മാത്രം സഹിക്കുന്നതാണോ……… സത്യം പറയ് ഇന്ദൂ……. നിന്റെ നാവിൽ നിന്നും കേൾക്കണമെനിക്കത്……… ഇഷ്ടമുണ്ടോ എന്നോട്…………

ഇന്ദു കുറച്ചു നേരം മിണ്ടാതെ നോക്കി കിടന്നു ജീവനെ……… സത്യമാണ്…….. എന്റെ വിവാഹം പൂർണ്ണ മനസ്സോടെ ആയിരുന്നില്ല……… അമ്മയുടെ ഒരാഗ്രഹം…….. ഞാൻ സുമംഗലി ആയിക്കാണാൻ……… ഞാനതിന് സമ്മതിച്ചു….. അത്രേയുള്ളൂ……… പിന്നീട് സ്നേഹിക്കാൻ ജീവൻ എനിക്ക് സമയം തന്നില്ല…….. എങ്കിലും എപ്പോഴൊക്കെയോ ഉണ്ടായിരുന്നു മനസ്സിൽ…….. ദേഷ്യം തോന്നിയത് സത്യമറിയാതെ ആ രാത്രിയിൽ ഇറക്കി വിട്ടപ്പോഴാണ്…….. അന്നാണ് ഞാൻ ഉള്ളു നീറി കരഞ്ഞത്………. അപ്പോഴാണ് ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് മനസ്സിലായത്…….. ഏട്ടനോട് എല്ലാം തുറന്നു പറഞ്ഞു മനസ്സ് ഫ്രീ ആക്കുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു ഇനി ജീവന്റെ അരികിലേക്കൊരു തിരിച്ചു പോക്ക് ഇല്ലെന്ന്…….. എനിക്ക് തോന്നി ജീവന് എന്നെ സ്നേഹിക്കാനാവില്ലെന്ന്……. വെറുതെ ഒരു ശല്യമാവണ്ടന്ന് തോന്നി…….. അന്ന് ജ്യോതിയെ കാണാൻ ഏട്ടനൊപ്പം വന്നപ്പോൾ……. എല്ലാം കലങ്ങി തെളിഞ്ഞപ്പോൾ എങ്കിലും പോകരുത് എന്നു പറയുമെന്ന് കരുതി…….. ഉണ്ടായില്ല……. അന്ന് എന്നോട് അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരുപക്ഷെ നിന്നേനെ……..

ജീവൻ അവളുടെ കവിളിൽ തലോടി……… ഇന്ദു കൈ തട്ടി മാറ്റി……. പോ……. തൊടണ്ടാ…….. എന്നെയെന്താ അന്ന് പിടിച്ചു നിർത്താഞ്ഞത്………… ഇന്ദു ചോദിച്ചു……

നിനക്ക് പോകാതിരുന്നു കൂടായിരുന്നോ…….. ഞാൻ നിന്റെ കെട്ടിയോളാടാ എന്നു പറഞ്ഞു ഇവിടെ നിൽക്കാൻ മേലായിരുന്നോ…… ഞാൻ ആഗ്രഹിച്ചത് അതാണ്…….

മ്മ്…… പിന്നേ……. ഇറക്കി വിട്ടതാണ് എന്നെ…… അപ്പോൾ പിന്നെ തിരിച്ചു കയറ്റേണ്ടത് ആരാണ്…….. എനിക്കെന്താ നാണവും മാനവും ഒന്നും ബാധകമല്ലേ……… ഇന്ദു ദേഷ്യപ്പെട്ടു……..

ഏട്ടന്റെ കല്യാണം കഴിഞ്ഞു എന്നോട് കെഞ്ചിയപ്പോൾ ക്ഷമിച്ചു കൂടെ വരാൻ മനസ്സ് പറഞ്ഞതാണ്……… പോയത് തനിച്ചാണ്……. തിരിച്ചു വരുമ്പോൾ എല്ലാവരുടെയും സമ്മതം വേണമെന്ന് തോന്നി……… ജ്യോതിയെ കാണാൻ വീട്ടിൽ വരുമ്പോൾ കൂടെ പോരാൻ ഞാൻ തീരുമാനിച്ചതാണ്…….. അപ്പോഴേക്കും വെട്ടും കുത്തുമൊക്കെ ആയില്ലേ…….. കൂടെ പനിയും….. ഞാൻ വിളിച്ചപ്പോൾ വിളി കേൾക്കാതിരുന്നത് എന്നെ ശരിക്കും പേടിപ്പിച്ചു…….. ഏതൊക്കെ ദൈവങ്ങളെ വിളിച്ചെന്നറിയുമോ……. ഏട്ടൻ ഒന്നുമില്ലെന്ന് പറഞ്ഞപ്പോളാണ് ആശ്വാസമായത്…..

എനിക്ക് നിന്നോട് ഇഷ്ടമില്ലെന്നാണോ കരുതിയിരുന്നത് നീ ………..നിന്നെ വേദനിപ്പിക്കുമ്പോൾ വേദനിക്കുന്നത് എനിക്കായിരുന്നു…… പരാതി ഒന്നും പറയാതെ സ്വയം നീ എല്ലാം ചെയ്തപ്പോൾ തോറ്റു പോകുവായിരുന്നു ഞാൻ അവിടെയും……… ഒരു തെറ്റിദ്ധാരണ മൂലം ഞാൻ നശിപ്പിച്ചത് നിന്റെ കൂടെയുള്ള നല്ല നിമിഷങ്ങളാണ്……… അന്നും ഇന്നും നീയില്ലാതെ എനിക്കൊരു ജീവിതം ഇല്ല ഇന്ദൂ……… ഇറക്കി വിട്ടത് വീട്ടിൽ നിന്നും മാത്രമാണ്…….. എന്റെ മനസ്സിൽ നിന്നല്ല…….. അതും നീ കൂടുതൽ വിഷമിക്കാതിരിക്കാൻ…… ഞാൻ ഉദ്ദേശിച്ചതിലും വലിയ ശിക്ഷയാണ് നീ സ്വയം ഏറ്റെടുത്തത്…….. കണ്ടുകൊണ്ടിരിക്കാൻ പറ്റുമായിരുന്നില്ല എനിക്ക്…….

ജീവന്റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ ഇന്ദു തുടച്ചു……….. താലി കെട്ടും മുൻപ് വരെ മനസ്സിൽ നിന്നോട് ദേഷ്യം മാത്രേ ഉണ്ടായിരുന്നുള്ളൂ…….. പക്ഷേ എന്റെ സ്വന്തം പെണ്ണായപ്പോൾ മുതൽ സ്നേഹം എവിടെ നിന്നൊക്കെയോ വന്നു പോയി….. പക്ഷേ പുറമെ കാണിക്കാൻ പേടിയായിരുന്നു…… പിന്നെ ഉള്ളിൽ ഒതുക്കി…….. നിന്നോടുള്ള ഇഷ്ടം അതിരു കടക്കുമ്പോൾ ഞാൻ ജ്യോതിയെ കുറിച്ചോർക്കും…… അവൾക്ക് ഇല്ലാത്ത ജീവിതം തനിക്കും വേണ്ടെന്ന് മനസ്സിൽ പലവട്ടം പറഞ്ഞു പഠിപ്പിക്കും……

ഇപ്പോൾ ഇഷ്ടം മാത്രേ ഉളളൂ…….. നിന്നോടുള്ള നിറഞ്ഞ ഇഷ്ടം……… ഒരു നിമിഷം പോലും പിരിയാൻ വയ്യാത്ത അത്രയും ഇഷ്ടം…….. പേടിയാണ് ഇപ്പോഴും നീയെന്നെ വിട്ടു പോകുമോന്നു…….. മനസ്സിന് ഉറപ്പ് കൊടുക്കാനാവുന്നില്ല എനിക്ക്…….. പോകുവോ എന്നെ വിട്ട്……… ഇന്ദുവിന്റെ മുഖം അടുപ്പിച്ചു ചോദിച്ചു……..

ഇനി പോകില്ല……. ജീവനെ വിട്ട്…….. ഒരിക്കലും…….. ഉറപ്പ്…….. ഇനിയെനിക്കും അതിനാവില്ല……..

ആ ഒരുറപ്പ് കേട്ടപ്പോൾ ജീവന് സ്വന്തം ജീവൻ തിരിച്ചു വന്നപോലെ തോന്നി……… സന്തോഷം കൊണ്ടു ഇന്ദുവിനെ ചേർത്തു പിടിച്ചു മുഖം നിറയെ ഉമ്മകൾ കൊണ്ടു മൂടി……. ഇന്ദു ജീവനെ നിയന്ത്രിച്ചു നിർത്തി …… കൈകൊണ്ടു തള്ളി മാറ്റി………. ഒരു ചിരിയോടെ തിരിഞ്ഞു കിടന്നു…………

എങ്കിലും എന്നെ ഇറക്കി വിട്ടില്ലേ……. ആ വിഷമം മാറട്ടെ…… എന്നിട്ട് മതി ഉമ്മയൊക്കെ……. കുറെ ഉണക്ക ഉമ്മകൾ തന്നാൽ ഞാനെല്ലാം മറക്കുമെന്നു കരുതിയോ……. ഹും….. മര്യാദക്ക് മാറിക്കിടന്നോ……….. അല്ലെങ്കിൽ വേണ്ടാ…… പാവമല്ലേ…….. വേണമെങ്കിൽ ഒന്നു കെട്ടിപ്പിടിച്ചു കിടന്നോ…… ഇതെന്റെ ചെറിയൊരു ദയ മാത്രമാണ്……

ടീ ഫൂലൻ ദേവീ……… ജ്യോതി ഓക്കേ ആകും വരെ കാത്തിരിക്കണമെന്ന് തുറന്നു പറയാൻ ഇത്രയും മടിയാണോ നിനക്ക് …… എനിക്ക് നിന്റെ മനസ്സ് വായിക്കാൻ കഴിയുന്നുണ്ട് ഇപ്പോൾ…….. ഞാൻ നിന്നെ മനസ്സിലാക്കില്ലെന്ന് കരുതിയോ …….. ഞാൻ സമ്മതിച്ചു……. പക്ഷേ എനിക്ക് ഒന്നു പ്രണയിക്കണം എന്റെ ഭാര്യയെ……..ഒരു തടസ്സവും ഇല്ലാതെ…… എന്റെ ഇന്ദുവിനെ പൂർണ്ണമായും മനസ്സിലാക്കണം എനിക്ക്…….. അതിനിടയിൽ സംഭവിക്കുന്ന ഇങ്ങനെ ചില കുരുത്തക്കേടുകൾ സഹിച്ചേ പറ്റൂ………. ജീവൻ അവളെ ചുറ്റിപ്പിടിച്ചു

അപ്പോൾ കടിഞ്ഞൂൽ പൊട്ടനല്ല…… ഭാഗ്യം…… ഇന്ദു മനസ്സിൽ വിചാരിച്ചു……. ജീവന്റെ കയ്യിൽ പിടിച്ചു……… മുറിവിൽ തലോടി കിടന്നു …….

പിറ്റേന്ന് എഴുന്നേറ്റപ്പോഴും ജീവന്റെ കൈകൾ തന്നെ ചുറ്റിയിരിപ്പുണ്ടായിരുന്നു…… കൈകൾ മാറ്റി എഴുന്നേറ്റു………. കവിളിൽ തലോടി…… നല്ല ഉറക്കമാണ്…….. ഒന്ന് അനങ്ങുന്നു കൂടിയില്ല…… ഒരെണ്ണം വെച്ചു കൊടുത്താലോ……. അല്ലേൽ വേണ്ടാ……… പോകുന്ന വഴി കാലിൽ ഇക്കിളിയിട്ടു എഴുന്നേൽപ്പിച്ചു……..

ഞാൻ ഉണർന്നു കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ വേറാരും ഉറങ്ങണ്ട…….. അതെനിക്കിഷ്ടമല്ല……. ഇന്ദു പറഞ്ഞു ……

ഉറക്കം പോയതിന്റെ ദേഷ്യം മുഖത്ത് കാണാനുണ്ടായിരുന്നു….. ഇന്ദു ഒന്ന് ചിരിച്ചു കാണിച്ചു…….. പില്ലോ പറന്നു വന്നത് പിടിച്ചു……. തിരിച്ചെറിഞ്ഞു ഇന്ദു ……..

ചായ താ ഇന്ദൂട്ടാ…….. പറഞ്ഞിട്ട് ഒന്നുകൂടി ചുരുണ്ടു…….

ചായ പല്ലുതേക്കാതെ തരില്ല ജീവുട്ടാ….. എണീറ്റോ ജീവുട്ടാ…… അതേ ഈണത്തിൽ പറഞ്ഞിട്ട് ഇന്ദു പോയി……….

കിച്ചണിൽ പോയിരുന്നു…….. അമ്മേ ചായ…….. എന്നിട്ട് ഇന്ദുവിനെ നോക്കി…… നീ നോക്കിക്കോ ഞാൻ ചായ കുടിച്ചിരിക്കും……. അതും പല്ലു തേക്കാതെ തന്നെ…….. ഹും….. കുറച്ചു നേരം കാത്തിട്ടും അമ്മയൊന്നു അനങ്ങുന്നില്ല……… അമ്മേ ചായ…….. ഒന്നുകൂടി പറഞ്ഞു നോക്കി…..

അമ്മ തിരിഞ്ഞു നിന്നു പറഞ്ഞു……. അമ്മയോട് ക്ഷമിക്ക് മോനേ……. എല്ലാ താക്കോലും അമ്മ ഇന്ദുട്ടിയെ ഏൽപ്പിച്ചു…… മോളോട് ചോദിച്ചോ എന്താന്ന് വെച്ചാൽ…… എന്റെ കെട്ടിയോന് മാത്രം ഉള്ള ചായയെ ഞാൻ എടുത്തുള്ളൂ…….. നിനക്ക് വേണമെങ്കിൽ ഇന്ദുട്ടിയോട് ചോദിക്ക്……… അമ്മ ചായയും കൊണ്ടു അടുക്കള വിട്ടു………

പല്ലു തേച്ചിട്ട് ചായ കുടിച്ചാൽ അതെന്റെ പല്ലിനെ അപമാനിക്കും പോലെയാ…… ഇന്ദുവിന്റെ അടുത്തേക്ക് ചെന്നു……. തല്ക്കാലം എനിക്ക് ചായ വേണ്ടാ…… ഞാനിതു കൊണ്ട് അഡ്ജസ്റ്റ് ചെയ്‌തോളാം……. ഇന്ദുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് ഓടി……. ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കവിൾ പൊത്തി ദേഷ്യത്തിൽ നിൽക്കുന്ന ഇന്ദുവിനെ…….. ഹും എന്നോടാ കളി……

ഈശ്വരാ……. ഈ പെണ്ണ് ഞാൻ കരുതിയ പോലെയല്ല…….. സോറി നമ്മൾ കരുതിയ പോലെയേ അല്ല……. ഇപ്പോൾ നന്നായി മാന്തും…… പിച്ചും…….. കടിക്കും……. ഇടയിൽ ചവിട്ടും തൊഴിയുമുണ്ട് എനിക്കിട്ട് ……… ചോദിച്ചപ്പോൾ പറയുവാ……. ഇതെന്റെ തടിയാ…… ഞാൻ വിലയ്‌ക്കെടുത്ത എന്റെ സ്വന്തം തടിയെന്നു…… ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യുമെന്ന്…………. ഇവളെ വെച്ചു നോക്കുമ്പോ ഞാനാ പാവം…….. പാവം ഞാൻ……… വേദന മാറാൻ ഇടയ്ക്കിടെ ഓരോ ഉമ്മ തരും…… അതു മാത്രമാണ് ആശ്വാസം….. എങ്കിലും പാവമാണ് എന്റെ ഇന്ദു……… ഞാൻ വേദനിപ്പിച്ചതിന്റെ ഒരംശം പോലും ആവില്ല ഇതൊന്നും. ……

ഇന്ന് ഞങ്ങൾ അവളുടെ വീട്ടിലേക്ക് പോകുവാണ്…… രാവിലെ തുടങ്ങിയ ഒരുക്കം ആണ്…….. ഏത് ഡ്രസ്സ്‌ ഇടുമെന്നു കൺഫ്യൂഷനിലാണ് എന്റെ ഇന്ദൂട്ടൻ…. ഒടുവിൽ ഒരു സാരിയിൽ പിടിച്ചു…….. ബാക്കി എടുത്തതെല്ലാം നിലത്തു കിടപ്പുണ്ട്……. ഇനി ഇതെല്ലാം ആര് മടക്കി വെക്കും……. ഞാൻ തന്നെ മടക്കി വെക്കും ……. കുറച്ചൊന്നു ദേഷ്യപ്പെട്ടാൽ അപ്പോൾ തുടങ്ങും……. എന്നാലും ഇറക്കി വിട്ടില്ലേ എന്നെ …….. ഞാനെന്തു തെറ്റാ ചെയ്തേ…… കൂടെ കണ്ണും നനയും…….

ദേ….. ഞാൻ മൂക്കും കുത്തി അവിടെ വീണു……. ഞാൻ എടുത്തു വെച്ചോളാം…….. എന്തു വേണമെങ്കിലും ചെയ്‌തോളാം……. ഈയൊരു വാചകം പറയാതിരുന്നാൽ മതിയായിരുന്നു…….. ചങ്കിടിപ്പ് ആണ് അതിപ്പോഴും കേൾക്കുമ്പോൾ…….. അവളുടെ ഉള്ളിൽ നിന്നും അതൊരിക്കലും മായില്ല……. അത്രക്ക് വിഷമം ഉണ്ടാക്കി ആ ഒരു കാര്യം……… അത് അവൾ പറഞ്ഞു തീർത്തോട്ടെ…… എന്റെ വിധി……… ഏത് നേരത്താണോ ഇവളെ ഇറക്കി വിടാൻ തോന്നിയത്……. ആ സമയം സ്വയം ഇറങ്ങി പോയാൽ മതിയായിരുന്നു………

വീടിന്റെ ഗേറ്റ് കടന്നപ്പോഴേ കേട്ടു എന്തൊക്കെയോ ശബ്ദം……. വണ്ടി നിർത്തും മുന്നേ ഇന്ദു ചാടിയിറങ്ങി……… കുറച്ചൊരു പേടിയോടെ ഞാനും………

തുടരും