രചന – രോഹിണി ആമി
ഞാൻ നിങ്ങളോട് ഇന്ന് വരാമോന്ന് ചോദിച്ചത് ഇവരുടെ കാര്യം സംസാരിക്കാനാണ്….. ഇന്ദ്രന്റെ അച്ഛൻ ജ്യോതിയെയും ഇന്ദ്രനെയും നോക്കി പറഞ്ഞു……. ആരും ഒന്നും മിണ്ടാതിരുന്നു……….ജ്യോതിയുടെ മുഖത്ത് സന്തോഷം തീരെയില്ലാതിരുന്നത് ഇന്ദ്രൻ ശ്രദ്ധിച്ചു…….. അവളുടെ നോട്ടം ജീവന്റെ മുഖത്തേക്കായിരുന്നു…….. ജീവൻ തലയും കുനിച്ചു പിടിച്ചിരുപ്പുണ്ട്……… ജ്യോതിയുടെ മുഖം കണ്ടപ്പോൾ തന്നെ ഇന്ദ്രന് വല്ലാതായി……… എന്തോ അവളുടെ ഉള്ളിൽ ഉള്ളത് പോലെ തോന്നി………… ഇന്ദ്രൻ അവൾക്കരികിൽ നിന്ന് മുഖം പിടിച്ചുയർത്തി……….
എന്തു പറ്റി……. എന്താ ഒരു വിഷമം പോലെ………ഈ ഇന്ദ്രന്റെ കൂടെ ജീവിതം ജീവിച്ചു തീർക്കാൻ നീയിഷ്ടപ്പെടുന്നില്ലേ ജ്യോതി……. എന്തുണ്ടെങ്കിലും തുറന്നു പറഞ്ഞോളൂ……..
ഇന്ദ്രന്റെ ചോദ്യം കേട്ടപ്പോൾ എല്ലാവരും ജ്യോതിയുടെ മുഖത്തേക്ക് നോക്കി…….. അവൾ ഇന്ദ്രന്റെ കൈ വിടുവിച്ചു കുനിഞ്ഞിരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല……… ഇന്ദ്രൻ പോയി ലെറ്റർപാഡ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു………. മറുപടി എന്താണെങ്കിലും എഴുതാൻ പറഞ്ഞു…… അവൾ എഴുതി കഴിയും വരെ എല്ലാവരും കാത്തിരുന്നു…….. ഇന്ദ്രൻ കുറച്ചേറെ ടെൻഷനോടെ അവളെ നോക്കിയിരുന്നു……..
എനിക്ക് ഇന്ദ്രേട്ടന്റെ കൂടെ ജീവിക്കാൻ തന്നെ ആണ് ആഗ്രഹം……. പക്ഷേ എന്റെ ഏട്ടന് ഇനിയൊരു ജീവിതം ഉണ്ടോ ഇല്ലയൊന്നു അറിയാതെ ഞാൻ ഒരു ജീവിതത്തിലേക്ക് കടക്കില്ല……. എന്റെ ഏട്ടൻ എന്നോടുള്ള സ്നേഹം കൊണ്ട് ചെയ്തു കൂട്ടിയതാണിതെല്ലാം…….. തിരഞ്ഞെടുത്ത രീതി തെറ്റാവും……. പക്ഷേ……. ആ സ്ഥാനത്തു ഇന്ദ്രേട്ടൻ ആയിരുന്നെങ്കിലും ഇങ്ങനെ ഒക്കെയല്ലേ ചിന്തിക്കൂ….. ഏട്ടനോട് ക്ഷമിക്കാൻ ഞാൻ പറയില്ല……. പക്ഷേ… ഏട്ടൻ പറയുന്നതെന്താണെന്ന് ഒന്ന് കേട്ടുകൂടെ……. ആർക്കെങ്കിലും……… എന്റെ ഏട്ടൻ പാവമാണ് ഇന്ദ്രേട്ടാ………… പഞ്ചപാവം……… ഇങ്ങനെ എല്ലാവർക്കും മുന്നിൽ തെറ്റ് ചെയ്തവരെപ്പോലെ തലയും കുനിച്ചിരിക്കുന്നത് കാണുമ്പോൾ ചങ്കു പൊട്ടുന്നു……….
ഞാൻ കാരണമാണ് ഏട്ടൻ ഇന്ദ്രേട്ടനെ സംശയിച്ചത്………. മരണം മുന്നിൽ കണ്ടപ്പോൾ ഞാൻ ഒന്നു പറഞ്ഞു പോയി ഇന്ദ്രൻ എന്ന പേര്…….. ഞാൻ ആഗ്രഹിച്ചു ഒന്നു കാണാൻ……. പിന്നെപ്പിന്നെ ഈ കിടപ്പിൽ നിന്നും എഴുന്നേൽക്കില്ലെന്ന് തോന്നിയപ്പോൾ ഇന്ദ്രൻ എന്നൊരാൾ എന്റെ ജീവിതത്തിൽ വേണ്ടാന്നു തോന്നി…… ആ പേര് കേൾക്കുന്നത് പോലും ഇഷ്ടമില്ലാതായി…….. ഏട്ടൻ ഇന്ദുവിനെ വിവാഹം ചെയ്തപ്പോൾ എന്റെ നാവു മാത്രമൊന്ന് ചലിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി…….. ഒന്നും വേണ്ടാന്ന് പറയാൻ…… ഇന്ദു എല്ലാ സത്യങ്ങൾ അറിഞ്ഞിട്ടും എന്റെ ശുശ്രുഷ ഏറ്റെടുത്തു……. അവൾക്കുകൂടി ബുദ്ധിമുട്ട് ഉണ്ടാക്കി ഞാൻ…….. ആ ദേഷ്യം ഞാൻ ഇന്ദുവിനോട് തീർത്തിട്ടുമുണ്ട്……
എന്റെ ഏട്ടൻ ദുഷ്ടനുമല്ല……. ചതിയനുമല്ല…… ഏട്ടന് ഇല്ലാത്ത ജീവിതം എനിക്കും വേണ്ട……. ഇന്ദ്രേട്ടൻ കുറച്ചു സമയം ഏട്ടന്റെ കൂടെ എല്ലാം കേൾക്കാൻ തയ്യാറായാൽ മനസ്സിലാവും ഏട്ടൻ എന്തുമാത്രം പാവമാണെന്നും…… ഇന്ദുവിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും……. പ്ലീസ് ഇന്ദ്രേട്ടാ…….. എനിക്കു വേണ്ടി…….
ജ്യോതി എഴുതിയത് മുഴുവൻ വായിച്ച ഇന്ദ്രൻ അത് ജീവനെ ഏല്പിച്ചിട്ട് അവൾക്കരികിൽ വന്നിരുന്നു…….. മുഖം രണ്ടു കൈക്കുള്ളിലാക്കി…… വിരൽ കൊണ്ട് കണ്ണുനീർ തുടച്ചു കൊടുത്തു……..
ഞാനിപ്പോൾ എന്തു വേണമെന്നാ നീ പറയുന്നത്……… നീ പറയുന്നതെന്തും അനുസരിക്കാൻ ഞാൻ തയ്യാറാണ്……. ഇങ്ങനെ കരയാതെ ജ്യോതി………..കണ്ടിട്ട് വല്ലാത്തൊരു പിടച്ചിൽ …….
ജ്യോതിയുടെ കരച്ചിലിന് ശക്തി കൂടിയെന്നല്ലാതെ അവളൊന്നു മുഖം ഉയർത്തിയില്ല…….. ജീവൻ അവളുടെ അടുത്ത് വന്നിരുന്നു………. ജീവനെ കണ്ടതും അവൾ കഴുത്തിൽ കൈചുറ്റി കെട്ടിപ്പിടിച്ചു……. ഉറക്കെ കരഞ്ഞു……….. ജീവൻ അവളെ ചേർത്തു പിടിച്ചു……… രണ്ടാളും ഒരേപോലെ കരഞ്ഞു…… ചുറ്റിനും എല്ലാവരും ഉണ്ടെന്ന് പോലും വിചാരിക്കാതെ……… കണ്ടു നിന്നിരുന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു……. ഇന്ദ്രന്റെ പോലും…… ജീവൻ അവളുടെ മുടിയിൽ പതിയെ തലോടി ആശ്വസിപ്പിച്ചു………… ഒന്നു കരച്ചിൽ നിന്നപ്പോൾ ജീവൻ അവളുടെ ചെവിയിൽ പറഞ്ഞു……..
ഏട്ടന് വിഷമം ഒന്നുമില്ല…….. നിന്റെ സന്തോഷം ആണ് ഏട്ടന് വലുത്……. നിന്റെ ജീവിതവും……..പൂർണ്ണ മനസ്സോടെയാണ് ഞാൻ നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്………. എന്റെ സന്തോഷത്തിനും ജീവിതത്തിനും രണ്ടാം സ്ഥാനം മാത്രമാണുള്ളത്…….. ഇങ്ങനെ വിഷമിക്കരുത് ഇനി……… കല്യാണപ്പെണ്ണ് ആവാൻ തയ്യാറായിക്കോ……… ഏട്ടന്റെ ഏറ്റവും വലിയൊരു സ്വപ്നമാണത്…….. ഇന്ദ്രനെപ്പോലൊരു ആൾ നിന്റെ ഭാഗ്യമാണ് മോളെ …….. നിന്നെ ഏതവസ്ഥയിലും സ്വീകരിക്കാൻ തയ്യാറുള്ള ഒരാണുള്ളപ്പോൾ ഏട്ടനെന്തിനാ വിഷമിക്കുന്നത്…….
എന്നിട്ടും കരച്ചിൽ നിക്കാഞ്ഞു ജീവൻ പറഞ്ഞു……
ഏട്ടന്റെ കാര്യമോർത്തിട്ടാണെങ്കിൽ വിഷമിക്കണ്ട….. എല്ലാം ശരിയാകും……… ഏട്ടൻ വാക്ക് തരുന്നു… നിന്റെ ഏട്ടത്തിയായി വീട്ടിലേക്ക് വന്നത് ആരാണോ അവൾ തന്നെയാവും ഇനിയും നിന്റെ ഏട്ടത്തി………എന്റെ ഫൂലൻ ദേവി …… നമ്മുടെ ഇന്ദു…….. ഇത് ഏട്ടൻ തരുന്ന വാക്കാണ് എന്റെ മോൾക്ക്………
വിശ്വാസം വരാതെ ജീവനിൽ നിന്ന് മാറി ജ്യോതി ഏട്ടനെ നോക്കി……. ജീവൻ അതെയെന്ന് തലകുലുക്കി……..
അവളുടെ കാലു പിടിക്കാം സാഷ്ടാംഗം വീണ് ……… അല്ലാതെ വേറെ വഴിയില്ലല്ലോ……… കൊല്ലാതെ വിട്ടാൽ മതിയായിരുന്നു…….. നീയിത് ഇനി ആരോടും പറയണ്ട………
ഏട്ടന്റെ വിഷമിച്ചുള്ള പറച്ചിൽ കേട്ട് ജ്യോതിക്ക് ചിരി വന്നു……… കൂടെ ജീവനും ചിരിച്ചു…….
എല്ലാവരും തീരുമാനിച്ചോളൂ ഇവൾക്ക് സമ്മതമാണ്…… ജീവൻ എല്ലാവരോടുമായി പറഞ്ഞു………
വളരെ അടുത്ത ആൾക്കാരെ മാത്രം വിളിച്ചൊരു ചടങ്ങായി നടത്താമെന്ന് എല്ലാവരും തീരുമാനിച്ചു…….. അപ്പോഴും ഇന്ദ്രൻ ജീവനോട് അടുക്കാതെ നിന്നു……. ഇടയ്ക്കിടെ നോക്കുന്നുണ്ടെങ്കിലും ജീവനോടൊന്നു മിണ്ടാൻ ഇന്ദ്രന്റെ മനസ്സ് സമ്മതിച്ചില്ല…… ജ്യോതി ഇടയ്ക്കിടെ ഇന്ദ്രനെ ദയനീയമായി നോക്കുന്നുണ്ട്……… അത് കണ്ടില്ലെന്ന് വെച്ചു……… അച്ഛൻ ജീവനോട് മിണ്ടുന്നുണ്ട്…… ദേഷ്യം ഒന്നുമില്ലാതെ……. തനിക്കു മാത്രം അതിനു കഴിയുന്നില്ല…….. ജ്യോതിയുടെ വിഷമം കണ്ടില്ലെന്നു വെയ്ക്കാനും പറ്റുന്നില്ല……എന്തു ചെയ്യണമെന്നറിയാതെ ചിന്തിച്ചിരുന്നു …………
അടുത്ത് ആരോ വന്നിരുന്നു……… നോക്കേണ്ടി വന്നില്ല ഇന്ദ്രന് അതാരാണെന്ന് മനസ്സിലാക്കാൻ………. ജീവൻ………
പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്…….. ഞാനത് അംഗീകരിക്കുന്നു…… ക്ഷമിക്കണം എന്ന് പറയാൻ പോലും പറ്റുന്നില്ല…….. പക്ഷേ ഞാൻ ഇന്ദുവിനെ സ്നേഹിച്ചിരുന്നില്ലെന്ന് മാത്രം പറയരുത്……. കാരണം…… അവളെ വേദനിപ്പിക്കുമ്പോൾ അതിനിരട്ടിയായി വേദനിച്ചത് എനിക്കാണ്……….
ശരിയാണ്……. ഒരു തെറ്റിദ്ധാരണ മൂലം ഉണ്ടായ തെറ്റാണ്……. ഞാൻ ഒന്നും അന്വേഷിച്ചില്ല…… ശ്രമിച്ചതുമില്ല…… മനസ്സിലെ തോന്നൽ ശരിയാണെന്നു കരുതി…… അങ്ങനെ വിശ്വസിച്ചു………. വേറെയാർക്കുമെന്നോട് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിലും അവൾക് കഴിയും….. എനിക്കുറപ്പുണ്ട്………
വേദനിപ്പിച്ചതിന് ഞാൻ അവളുടെ കാലിൽ വീണു മാപ്പിരന്നോളാം……..അവൾ തരുന്ന എന്തു ശിക്ഷയും ഞാൻ സ്വീകരിച്ചുകൊള്ളാം……ഒരു ചാൻസ് തന്നുകൂടെ എനിക്ക്………. അവളെ എനിക്ക് തരുമോ……. ജീവന്റെ ജീവനായി സ്നേഹിച്ചോളാം ഞാൻ…….. ഒന്നു നുള്ളി പോലും വേദനിപ്പിക്കില്ല……. എന്നെ ഒരിക്കൽ കൂടി…… ഒരിക്കൽ കൂടി മാത്രം വിശ്വസിക്കുമോ…….
ജീവന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നും വരുന്നതാണെന്ന് ഇന്ദ്രന് മനസ്സിലായി……… ഇത് കേൾക്കാതെ….. കാണാതെ പോകാൻ തന്നെക്കൊണ്ട് ആവുകയുമില്ല…….. പക്ഷേ……. എന്റെ ഇന്ദു……… അവൾ അനുഭവിച്ച വേദന……. അവളുടെ കണ്ണുനീർ……. അതൊന്നും മറക്കാൻ കഴിയുന്നില്ല………ഇന്ദ്രന് എന്തു പറയണമെന്ന് അറിയാതെ പോയി……. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഇന്ദ്രൻ ജീവനോട് പറഞ്ഞു………
എനിക്ക് ജീവനെ മനസ്സിലാകുന്നുണ്ട്…….. ചിലപ്പോൾ അങ്ങനെ ഒരു സിറ്റുവേഷനിൽ ഞാനും ഇങ്ങനെ ഒക്കെയേ ചിന്തിക്കുവൊള്ളായിരിക്കും…… പക്ഷേ……. എന്റെ ഇന്ദൂട്ടി…… അവൾക്കൊരുപാട് വിഷമം ഉണ്ട്…….. ഉള്ളിൽ കൊണ്ട് നടക്കുവാണ് എല്ലാം………. അവൾ ഇനി ജീവന്റെ കൂടെ വരാൻ സമ്മതിക്കുമൊന്ന് എനിക്കറിയില്ല……. അവളെ ഇനി ഒന്നിനും നിർബന്ധിക്കാൻ എനിക്കാവില്ല…… അതിനുള്ള ശക്തി എനിക്കില്ല……. അവൾ അതുപോലെ ചങ്കു പൊട്ടി കരഞ്ഞപ്പോഴും ജീവനെ കുറ്റം പറഞ്ഞിട്ടില്ല………. നിന്നെ ന്യായീകരിച്ചിട്ടേ ഉള്ളൂ…….. അതിൽ നിന്നും മനസ്സിലായി ഇന്ദുവിന്റെ മനസ്സിൽ ജീവൻ ഉണ്ടെന്ന്…….. പക്ഷേ………
എനിക്ക് ജീവന്റെ കൂടെ നിൽക്കാനാവില്ല……. ഇന്ദൂട്ടിയ്‌ക്കൊപ്പമേ ഞാൻ നിൽക്കൂ……. പക്ഷേ മനസ്സു കൊണ്ട് ഞാൻ നിനക്കൊപ്പം ഉണ്ട്……. എല്ലാം ജീവന്റെ കയ്യിലാണ്…….. നിന്നോടുള്ള അവളുടെ വിശ്വാസവും സ്നേഹവും തിരിച്ചു പിടിക്കേണ്ടത് നിന്റെ ആവശ്യമാണ്……..നിന്റെ മാത്രം…….. ഇവിടെ ആരുമവളെ നിര്ബന്ധിക്കില്ല……. നിന്റെ കൂടെ വരാനോ….. നിന്റെ കൂടെ ജീവിക്കാനോ……….. അവസാന തീരുമാനം ഇന്ദൂട്ടിയുടേതാണ്…….
ജീവൻ ഇന്ദ്രന്റെ കയ്യിൽ പിടിച്ചു…….. ഇതു മതി…….. മനസ്സുകൊണ്ട് എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി……..ഇന്ദുവിന്റെ ഏട്ടന്റെ സമ്മതം മാത്രം മതി……..
ജീവന് സന്തോഷം തോന്നി……. ഇന്ദുവിന്റെ മനസ്സ് മാറ്റാൻ തന്നെക്കൊണ്ടാവും…….. അതിനുള്ള വഴിയൊക്കെ ഈ ജീവന് അറിയാം…….
ഇന്ദ്രന്റെ കൂടെ ചിരിയോടെ നിൽക്കുന്ന ജീവനെ കണ്ടപ്പോൾ ജ്യോതിയുടെ മുഖം പ്രകാശിച്ചു…….
രണ്ടാളും ഒരുമിച്ചു വന്നു ജ്യോതിയുടെ അടുത്തിരുന്നു…… കൈകളിൽ പിടിച്ചു……… അവളുടെ പിടുത്തതിന്റെ മുറുക്കത്തിൽ മനസ്സിലായി അവൾ അനുഭവിക്കുന്ന സന്തോഷം……. ജീവൻ അവളെ അവിടെ നിർത്തിയിട്ട് ഉള്ളിലേക്ക് പോയി……..
ഇന്ദ്രൻ ജ്യോതിയുടെ അടുത്തിരുന്നു……… സന്തോഷമായോ എന്റെ ജ്യോതിക്ക്…….. വിഷമം ഒക്കെ മാറിയോ…….
അവൾ തലയാട്ടി……. കണ്ണുകൊണ്ടു അടുത്തേക്ക് വരാൻ പറഞ്ഞു…….. ഇന്ദ്രൻ കുറച്ചു കൂടി അടുത്തേക്ക് ചെന്നിരുന്നു …….
ഇന്ദ്രന്റെ മുഖം പിടിച്ചു നെറ്റിയിൽ ഒന്നു ചുംബിച്ചു……… ജ്യോതിയുടെ സ്നേഹസമ്മാനം………… രണ്ടാളും ഒരേപോലെ ചിരിച്ചു………. ഇന്ദ്രൻ കവിളിൽ വിരൽ ചൂണ്ടി കാണിച്ചു….. അതിനു തിരിച്ചു കെട്ടിപ്പിടിച്ചു ചേർത്തു പിടിച്ചു ജ്യോതി…….. ഒരു രഹസ്യം പോലെ ഇന്ദ്രൻ പറഞ്ഞു…….
ലവ് യൂ ജ്യോതി……… ഒരുപാട്…… ഒരുപാട് ഇഷ്ടമാണ് എനിക്ക് നിന്നെ………. എന്റെ ആദ്യ പ്രണയം……. ഈ നോട്ടം എന്റെ ജീവനെടുക്കുമായിരുന്നു അറിയുമോ………. നിന്നെ ഓർക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല……. അന്ന് തനിച്ചിരുന്ന നിന്റെ അടുത്തേക്ക് ഞാൻ വന്നത് എന്റെ മനസ്സിലുള്ളത് പറയാൻ കൂടിയായിരുന്നു……..പക്ഷേ… പറയാൻ സാധിച്ചില്ല എന്ന് മാത്രമല്ല……… കൂടെ ഉള്ളവർ എങ്ങനെ ഉള്ളവരായിരുന്നുവെന്ന് ഞാൻ തിരിച്ചറിയാനും വൈകിപ്പോയി……എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഞാൻ എത്രമാത്രം വിഷമിച്ചെന്നറിയുമോ………. അന്ന് ദൈവത്തിനെ വിളിച്ചു പ്രാർത്ഥിച്ചത് പോലെ ഞാനിന്നു വരെ പ്രാർത്ഥിച്ചിട്ടില്ല………. ആ നശിച്ച ദിവസം ഞാൻ ഓർക്കാൻ ആഗ്രഹിക്കാറില്ല……ഇന്നും…….
എന്റെ പ്രണയം നഷ്ടപ്പെട്ടു എന്ന് കരുതിയതാണ്………. വേറൊന്ന് ജീവിതത്തിൽ വേണ്ടെന്നും തീരുമാനിച്ചതാണ് ………. നിന്നെ സ്നേഹിച്ചത് പോലെ വേറെ ആരെയുമെനിക്ക് സ്നേഹിക്കാൻ സാധിക്കില്ല……… ആരെയും….. പിന്നീട് ഞാൻ ജീവിച്ചത് എന്റെ ഇന്ദുവിന് വേണ്ടി മാത്രമാണ്……… ഇപ്പോൾ തോന്നുന്നു…….. എന്റെ കണ്ണുനീരും പ്രാർത്ഥനയും ദൈവം കണ്ടിരുന്നുവെന്ന്……. ഇന്ദുവും ജീവനും ഒരു നിമിത്തം ആയിരുന്നുവെന്ന്………
ഇനി പോകരുത് എന്നെ വിട്ട്……. ദൈവം വന്നു വിളിച്ചാൽ പോലും….. ഞാനെന്റെ ഇന്ദ്രേട്ടന്റെ കൂടെ വരാമെന്നു പറഞ്ഞു തിരികെ എന്റെ കൈക്കുള്ളിലേക്ക് പോരണം……. ഇങ്ങനെ ഇറുക്കി പിടിച്ചോണം…….. കേട്ടോ…….
ജ്യോതി ഒന്നുകൂടി ഇന്ദ്രനെ ഇറുക്കി പിടിച്ചു……. ചെവിയിൽ ചുണ്ടമർത്തി സമ്മതമറിയിച്ചു….
ഈ പെണ്ണെന്നെ ബാലൻ കെ നായരാക്കും……. അതേ…… ഇങ്ങനെ ഇരുന്നാൽ മാത്രം മതിയോ…….. എഴുന്നേൽക്കണ്ടേ…… രണ്ടുകാലിൽ നിൽക്കേണ്ടേ….. ഇന്ദ്രൻ ചോദിച്ചു…….
ഇന്ദ്രന്റെ രണ്ടു കയ്യും കാട്ടിക്കൊടുത്തു……. എന്നെ എടുത്താൽ മതിയെന്ന് പറഞ്ഞു നെഞ്ചിലേക്ക് മുഖം മറച്ചു……..
മടിച്ചീ…….. നീ നടന്നാലും ഞാൻ എടുത്തോളാം നിന്നെ…… എന്നും….. എന്നുവെച്ചു ശ്രമിക്കാതിരുന്നാൽ നല്ല തല്ലു വെച്ചു തരും ഞാൻ…… ഒരുപാട് പണികളുണ്ട് നമുക്ക്…… ആദ്യം ജീവന്റെയും ഇന്ദുവിന്റേയും കാര്യത്തിൽ ഒരു തീരുമാനം എടുക്കണം…….. പിന്നെ നിന്നെയാ പഴയ ജ്യോതിയായി തിരിച്ചു കൊണ്ട് വരണം……..
പിന്നെയെന്താ വേറെ എന്നുള്ള രീതിയിൽ ജ്യോതി ഇന്ദ്രനെ നോക്കി…….
പിന്നെ……. നമുക്ക് എത്ര കുഞ്ഞുങ്ങൾ വേണമെന്ന് തീരുമാനിക്കണ്ടേ ………. പറഞ്ഞു തീരും മുന്നേ ജ്യോതി ഇന്ദ്രനെ പിച്ചാൻ തുടങ്ങിയിരുന്നു……
ആാാ…… വേദനിക്കുന്നു പെണ്ണേ…….. നിനക്ക് മടിയാണെങ്കിൽ വേണ്ടാ…… ഞാൻ തീരുമാനിച്ചോളാം……….. ഇന്ദ്രൻ അവളുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു മാറി നിന്ന് അവളുടെ മുഖത്തു വിരിയുന്ന നാണം ആസ്വദിച്ചു……..
എല്ലാവരും പോകാനിറങ്ങി…… ജ്യോതിയുടെ അമ്മ ഇന്ദ്രന്റെ അമ്മയോട് ഇന്ദു എപ്പോൾ വരുമെന്ന് ചോദിച്ചു…….. ഇന്ദുവിനോട് സംസാരിക്കാൻ പറ്റാത്ത വിഷമം ഉണ്ടായിരുന്നു അതിൽ…….. വരുമ്പോൾ പറയണമെന്നും പറഞ്ഞു……..
മ്മ്…… ആ ഫൂലൻ ദേവി ഇന്ന് ഞാൻ ഇവിടുണ്ടെന്ന് വിചാരിച്ചു ബാങ്കിൽ കിടന്നുറങ്ങിയില്ലെങ്കിലേ അതിശയം ഉള്ളൂ…… ജീവൻ മനസ്സിൽ വിചാരിച്ചു ചിരിച്ചു……
പോകാനിറങ്ങിയപ്പോൾ ജീവൻ ഇന്ദ്രനെ ചേർത്തണച്ചു…… തിരിച്ചു ഇന്ദ്രനും…….
എന്റെ ഇന്ദൂനെ ജീവൻ സ്‌നേഹിക്കുന്നുണ്ടെന്ന് പൂർണ്ണമായും ബോധ്യമായത് കൊണ്ടാണ് ഞാനിതിന് കൂട്ട് നിൽക്കുന്നത്…….. പിന്നെ എന്റെ ഇന്ദുവിന്റെ സന്തോഷത്തിനു വേണ്ടിയും……… അവളെങ്ങനെ പ്രതികരിക്കുമെന്ന് എനിക്കും അറിയില്ല…….
വിഷമം കൊണ്ട് അവൾ നിന്നെ അകറ്റി നിർത്തിയേക്കാം…..ചിലപ്പോൾ ദേഷ്യത്തിൽ പലതും പറഞ്ഞേക്കാം………. മറക്കാൻ ആവാത്ത വിധം……. എങ്കിലും അതിലിരട്ടി സ്നേഹത്തോടെ ചേർത്തു പിടിച്ചോണം ……. വിടാതെ……… അവളെ ഇനിയും വിഷമിപ്പിക്കില്ലെന്ന് അറിയാം ……..എങ്കിലും പറയുകയാണ്…….. വേദനിപ്പിക്കരുത്…… എന്റെ മകളാണ് അവൾ …….
ജീവൻ പതിയെ ഇന്ദ്രനെ അടർത്തി മാറ്റി ചിരിയോടെ തലയാട്ടി……. ജ്യോതിയുടെ കവിളിൽ തലോടി പറഞ്ഞു……..
ഉടനെ ഏട്ടൻ കൊണ്ടുപോകും നിന്നെ……. ഇനി കല്യാണം കഴിഞ്ഞു ഇങ്ങോട്ട് തിരികെ വന്നാൽ മതി…..
സമ്മതിച്ചു തലയാട്ടി അവൾ…..
പിന്നെ ആ ഫൂലൻ ദേവിയോട് ഒന്നും പറയണ്ട……. ഇവിടെ നടന്നതൊന്നും…… അറിഞ്ഞാൽ അവൾ നാടു വിട്ടു പോയിക്കളയും…… കേട്ടോ……. അവൾ ചിരിച്ചു തലയാട്ടി………
അവർ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇന്ദ്രൻ അറിഞ്ഞു മനസ്സിലേക്ക് ചെറിയ ഒരു തണുപ്പ് പടരുന്നത്…….. ചിന്തയും വിഷമവും ഒക്കെ പതിയെ പടിയിറങ്ങാൻ തയ്യാറായി നിൽക്കുന്നു……… ജീവന്റെ കണ്ണിലും സംസാരത്തിലുമുള്ള ആ ഒരുറപ്പാണ് തന്റെ ഉള്ളിൽ പടർന്ന കുളിരിനു കാരണമെന്ന് ഇന്ദ്രന് മനസ്സിലായി………..
തുടരും

by