26/04/2026

നിന്നോളം : ഭാഗം 06

രചന – ഫൗസിയ യൂസഫ്

“” പഴയതെല്ലാം മറന്ന്, കണ്ണേട്ടനെന്നെ സ്നേഹിക്കാൻ കഴിയില്ലേ?? “”

കുറച്ചു നേരത്തെ നിശബ്ദതതക്കു ശേഷമാണ് ഭദ്രയത് ചോദിച്ചത്…

“” ഇല്ല..!
എന്നിൽ ജീവൻ ശേഷിക്കുന്നിടത്തോളം കാലം ഈ മനസ്സിലൊരു പെണ്ണേയുള്ളൂ.. അത് ചാരുവായിരിക്കും!!
എന്റെ ഹൃദയം, എന്നേ അവൾക്കു ഞാൻ കൈമാറിയതാ.. അത് തിരിച്ചെടുക്കാൻ എന്റെ മരണത്തിനു പോലും കഴിഞ്ഞെന്നു വരില്ല…!””

“” മതി.. നിർത്ത്!
കണ്ണേട്ടാ… ഞാൻ.. ഞാൻ നിങ്ങളുടെ ഭാര്യയാണ്..
മറ്റൊരു പെണ്ണിനെ കുറിച്ച് എന്നോടിങ്ങനെ…. “” ഭദ്ര അസ്വസ്ഥയായി…

“” പൊള്ളുന്നുണ്ടല്ലേ നിനക്ക്?? “” കണ്ണൻ പരിഹാസത്തോടെ അവളെ നോക്കി..
“” പൊള്ളണം…!
ആ നീറ്റലെന്താണെന്ന് നീയും അറിയണം…
നിന്റെ ഭീഷണിക്കു വഴങ്ങി, ആ പാവം പെണ്ണ് വേണ്ടെന്ന് വച്ചത് അവള് സ്നേഹിക്കുന്ന പുരുഷനെ മാത്രമല്ല, അവളെ സ്നേഹിക്കുന്ന പുരുഷനെകൂടിയാണ്… പകരം, വാശി കാണിച്ച് നീ തട്ടിയെടുത്തത് നിന്നെ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലാത്ത എന്നെയാണ്…

ഒരു താലി കഴുത്തിൽ കെട്ടിയെന്ന പേരിലാണ്, നീയെനിക്ക് ഭാര്യയാണെന്ന് നീ പറയുന്നതെങ്കിൽ,, കേട്ടോളൂ..
എനിക്കീ താലി വെറും ആഭരണം മാത്രമാണ്…
നിന്റെ കഴുത്തിലിത് അണിയുന്ന സമയം പോലും, ഞാൻ നിന്നെക്കുറിച്ച് ചിന്തിച്ചിട്ടില്ല… എന്റെ മനസ്സിൽ ചാരു മാത്രമായിരുന്നു…

വിവാഹം, രണ്ട് മനസ്സുകളുടെ ഒന്നുചേരലാണെന്നല്ലേ പറയാറ്… താലി വീണത് നിന്റെ കഴുത്തിലാണെങ്കിലും, ചേർന്നത് ഞങ്ങളുടെ മനസ്സാ….
അവൾക്കുവേണ്ടി മാത്രം, ഞാൻ കെട്ടിയ താലി… അവളുടെ ഔദാര്യമായി നിന്റെ കഴുത്തിൽ കിടക്കുന്നത്, അതൊരു അടയാളപ്പെടുത്തലാണ്…
എന്റെ പെണ്ണിനോട് എനിക്കുള്ള സ്നേഹത്തിന്റെ… പ്രണയത്തിന്റെ അടയാളം..!”””

കണ്ണൻ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും, ഭദ്ര വെറുപ്പോടെ ചെവികൾ കൊട്ടിയടച്ചിരുന്നു…

“” ഇത്രയധികം വാഴ്ത്തിപ്പാടാൻ എന്തുണ്ട് വിശേഷിച്ച് അവൾക്ക്..??
കൃഷ്ണവർമ്മയുടെ ദത്തുപുത്രി എന്ന പേരോ..?
കൃഷ്ണവർമ്മയുടെ ഒരേയൊരു മകൾ, ഭദ്രയോളം വരില്ല ഒരു ദത്തുപുത്രിയും!””

ഭദ്രയുടെ ചോദ്യവും പ്രസ്താവനയും കേട്ട്, കണ്ണന്റെ ചുണ്ടിലൊരു പുച്ഛച്ചിരി വിരിഞ്ഞു..

“” ഒരു മനുഷ്യന് ഉണ്ടാവേണ്ട ഒരേയൊരു ഗുണം എന്താണെന്ന് നിനക്കറിയോ?

മനുഷ്യത്വം!!

അതില്ലാത്തവന്, എന്തുണ്ടായിട്ടും കാര്യമില്ല…””അയാൾ പറഞ്ഞു.

“” ഞാൻ, മനുഷ്യഗണത്തിൽ പെട്ടതല്ല എന്നായിരിക്കും കണ്ണേട്ടൻ പറഞ്ഞു വരുന്നത്.. “” ഭദ്ര നിസംഗഭാവത്തിൽ അയാളെ നോക്കി..

“” അത് സ്വയം വിലയിരുത്തേണ്ട ഒന്നാണ്…
ഈ രാവ് പുലരുവോളം സമയമുണ്ട്. പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം മനസ്സിൽ ഒന്നുകൂടി കൂട്ടിക്കിഴിച്ചു നോക്ക്.. ഉത്തരം, താനേ വന്നോളും..
എനിക്കെന്തായാലും ഒന്നുറങ്ങണം..
കുറച്ചായി സമാധാനത്തോടെ ഒന്നുറങ്ങിട്ട്…
നിന്റെയീ വിളറിയ മുഖം മാത്രം മതി, എനിക്കിന്ന് ആശ്വാസത്തോടെയുറങ്ങാൻ…

അപ്പൊ ശരി… ഗുഡ് നൈറ്റ് “”

ഭദ്രയെ പുച്ഛത്തോടൊന്ന് നോക്കിയ ശേഷം, കണ്ണൻ ബെഡ്ഷീറ്റ് നിലത്തു വിരിച്ച്, അതിൽ കിടന്നു…

ആ കിടപ്പ് നോക്കി എത്രനേരം അങ്ങനെ ഇരുന്നെന്ന് ഭദ്രയ്ക്കറിയില്ല!
ഏറെ മോഹിച്ച ഈ രാത്രി…
ഇങ്ങനെ വാക്കുകൾക്കൊണ്ട് കുത്തി മുറിവേൽപ്പിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല….
മറ്റൊരുവളുടെ പേരിൽ, അപമാനിക്കപ്പെടുമെന്ന് കരുതിയില്ല..

ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി…

” ആ നശിച്ചവളെ ഈ വീട്ടിൽ കയറ്റിയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ” ഭദ്ര മനസ്സിൽ പറഞ്ഞുകൊണ്ട് പല്ലു ഞെരിച്ചു…

“” ഒറ്റ രാത്രികൊണ്ട് ആകെ ക്ഷീണിച്ചൂലോ കുട്ടി…
ഇന്നലെ തീരെ ഉറങ്ങീല്ല്യാലേ? “”

രാവിലെ ഭദ്രയെ കണ്ടപ്പോൾ, ജാനകി ഓപ്പോൾ അർത്ഥം വെച്ച് ചിരിച്ചോണ്ട് പറഞ്ഞു..
അതുകേട്ട്, അടുക്കളപ്പണിക്ക് വരുന്ന നങ്ങേലിയും ചിരിക്കുന്നുണ്ടായിരുന്നു…

ഭദ്രയ്ക്കാകെ ദേഷ്യം വന്നു…

‘ഉറങ്ങിയില്ല എന്നുള്ളത് നേരുതന്നെ..
അത് എന്തുകൊണ്ടാണെന്ന് ഇവരോട് പറയാൻ പറ്റില്ലല്ലോ.. ‘ ഭദ്ര പിറുപിറുത്തു..

“” അർഹതയില്ലാത്തതല്ലേ വന്നുചേർന്നേക്കണേ, അതിന്റെ ആക്രാന്തം കാണിക്കാതിരിക്കില്ലല്ലോ”” ഓപ്പോളുടെ സംസാരത്തിലെ മുള്ളും മുനയും ഭദ്രയ്ക്ക് മനസ്സിലായി…

ഈ വിവാഹത്തെ, ഏറ്റവും കൂടുതൽ വിമർശിച്ചത് ഓപ്പോളായിരുന്നു…
ഓപ്പോൾക്ക് മകനെക്കൊണ്ട് ഭദ്രയെ എടുപ്പിക്കണം എന്നൊരു മോഹം മനസ്സിലുണ്ടായിരുന്നു…
അതെന്തുകൊണ്ടോ, കൃഷ്ണവർമ്മ അത്ര താല്പര്യം കാണിച്ചിരുന്നില്ല..
അതിന്റെയൊരു അനിഷ്ടം ഇന്നുമുണ്ട് അവരുടെ മനസ്സിൽ..

ഭദ്ര, അവര് പറയുന്നതിനൊന്നും ചെവി കൊടുത്തില്ല..
അവളുടെ മനസ്സ്, കഴിഞ്ഞ രാത്രിയിൽ തന്നെ ബന്ധിക്കപ്പെട്ട് കിടക്കുകയായിരുന്നു…
അമ്മ അരികിലേക്ക് വന്നതൊന്നും അവളറിഞ്ഞിരുന്നില്ല!

“” അല്ല ഏട്ടത്തീ.. ആ പെണ്ണിനി ഇങ്ങോട്ടേക്ക് വരോ? അതോ അവിടെത്തന്നെ കൂടോ? “”
ചാരുവിനെ കുറിച്ചായിരുന്നു പുതിയ സംശയം..

“” വരാതെപിന്നെ..
അവൾ ജോലിക്ക് വേണ്ടി പോയതല്ലേ. ഇടയ്ക്ക് ലീവിന് വരും “” ലക്ഷ്മി മറുപടി കൊടുത്തു..

“” ഓഹ്, ഇനിയിപ്പോ വന്നില്ലേലും അത് ഭാഗ്യാന്ന് കണക്ക്കൂട്ടിയാ മതി..
കൊച്ചിലേ വന്നുകൂടിയതല്ലേ.. ഇതുവരെ നോക്കിവളർത്തി, പഠിപ്പിച്ചു, ഇപ്പൊ ദേ ഉദ്യോഗും ആയി..
ഇനീള്ളത് വല്ല്യേ ചെലവാ…
ഒരു കല്ല്യാണം ന്നൊക്കെ പറഞ്ഞാ എന്താ ചെലവ്…
ലക്ഷങ്ങള് വേണ്ടേ? അതും അവനാന്റേതല്ലാത്ത ഒന്നിനു വേണ്ടിയാവുമ്പോ… “” ഓപ്പോൾ, ഒന്ന് നിർത്തി ലക്ഷ്മിയെ നോക്കി.

ചാരുവിനെക്കുറിച്ച് അപ്പറഞ്ഞത്, ലക്ഷ്മിക്കത്ര പിടിച്ചില്ല…
“” ഞങ്ങളവളെ സ്വന്തം മോളായിട്ടേ കണ്ടിട്ടുള്ളൂ…
പിന്നെ കല്ല്യാണച്ചെലവ്,
ലക്ഷങ്ങള് പതിനായിരാക്കാനും, പതിനായിരം ആയിരാക്കാനും നമ്മള് വിചാരിച്ചാ നടക്കും..
ധൂർത്ത് വേണ്ടാന്നുവെച്ചാ, ചെലവും കുറയും ജാനകീ.. “”

ലക്ഷ്മിയുടെ മറുപടി, ജാനാകിക്കത്ര ബോധിച്ചിട്ടില്ലെന്ന് ആ മുഖം കണ്ടാലറിയാം…
ചാരുവിനേയും കണ്ണനേയുമൊന്നും അവർക്ക് പണ്ടേ പിടിക്കില്ല..
രണ്ടാളും ഏട്ടന്റെ കാശ് മുടിപ്പിക്കാൻ വന്ന് കൂടിയതാണെന്നാണ് അവരുടെ ഭാഷ്യം!

“” ഓഹ്, ഞാനെന്തു പറഞ്ഞാലും നിങ്ങക്കൊക്കെ അവരെയല്ലേ കാര്യം.. വേണ്ടാന്ന് വെക്കായിരുന്നേൽ ആദ്യം ചെയ്യേണ്ടതായിരുന്നു… “” എന്ന് മുറുമുറുത്തോണ്ട് ജാനകി അടുക്കളയിൽ നിന്നും പോയി..

“” അതുതന്നെയായിരുന്നു ചെയ്യേണ്ടിയിരുന്നത്.. “” പറഞ്ഞത് മനസ്സിലായിരുന്നെങ്കിലും, ശബ്ദം ഇത്തിരി ഉച്ചത്തിലായിപ്പോയി..
അതുകൊണ്ടുതന്നെ, ഭദ്ര പറഞ്ഞത് അമ്മ കൃത്യമായി കേൾക്കുകയും ചെയ്തു..

“ഇതെന്തു കഥ?” എന്ന മട്ടിൽ, അമ്മയും നങ്ങേലിയും പരസ്പരം നോക്കിയപ്പോൾ ഭദ്രയ്ക്കാകെ വെപ്രാളമായി..

“” അ.. അല്ല, അനിയത്തിയെപ്പോലെ കൊണ്ടുനടന്നിട്ട് ന്റെ കല്യാണത്തിന് കൂടാൻ മാത്രം, അവൾക്ക് സമയമില്ലാതായിപ്പോയില്ലേ.. അ.. അതിന്റെ ദേഷ്യത്തില് പറഞ്ഞതാ… “”

അവൾ പറഞ്ഞപ്പോൾ, ലക്ഷ്മി ചിരിച്ചു..
“” ഇനിയത് പറഞ്ഞിട്ടെന്താടീ പെണ്ണേ..
നീ നിന്ന് പരിഭവം പറയാതെ, കണ്ണന് കാപ്പി കൊണ്ടോയി കൊടുക്ക്..
സമയം വൈകി “”

അതും പറഞ്, അമ്മ നീട്ടിയ ചായക്കപ്പും വാങ്ങി ധൃതിയിൽ നടക്കുമ്പോൾ, ഭദ്രയ്ക്ക് വല്ലാത്തൊരു ആശ്വാസമുണ്ടായിരുന്നു..!

“”വിവാഹം കഴിഞ്ഞിട്ട് ഇതുവരെ ഭദ്ര നിന്നെ വിളിച്ചില്ലല്ലോ…
എന്നേയും വിളിച്ചിട്ടില്ല “” നീലിമേച്ചി എന്നോട് പറഞ്ഞു.

“” തിരക്കായിരിക്കും.. “” ഞാൻ മറുപടി കൊടുത്തു.

“” അതൊന്നുമല്ല, നിന്റെ ആവശ്യം കഴിഞ്ഞു.. ഇനി നീയങ്ങോട്ട് ചെന്നില്ലെങ്കിലും അവൾക്ക് പ്രശ്നമൊന്നും കാണില്ല… അവളെ എനിക്കറിഞ്ഞൂടെ… “” നീലിമേച്ചി ചിരിച്ചു.

യാഥാർഥ്യം അതുതന്നെയാണല്ലോ എന്ന് ഞാനും ഓർത്തുപോയി…

“” നീയിങ്ങനെ സർവ്വത്യാഗിയായി, കണ്ണീരും ഒലിപ്പിച്ചോണ്ട് നടന്നോ..
ചില സീരിയലുകളിലെ നായികമാരെ പോലെ..
പറഞ്ഞില്ലെന്നു വേണ്ട, അതൊക്കെ ഭയങ്കര ബോറാണുട്ടോ പെണ്ണേ.. “”

നീലിമേച്ചി പറഞ്ഞപ്പോൾ ഞാനറിയാതെ ചിരിച്ചുപോയി…

“” ഈ കണ്ണീരെന്നു പറയണത്, മനുഷ്യന്മാർക്ക് പറഞ്ഞിട്ടുള്ളതാ നീലിമേച്ചി.. ഉള്ളില് സ്നേഹള്ളോർക്കേ കണ്ണില് കണ്ണീര് വരൂ…
അതിങ്ങനെ ഉരുക്കുപോലെ നിക്കണോർക്കൊന്നും അറിയാൻ വഴിയില്ല..”” ഞാൻ, ഒളികണ്ണിട്ട് ചേച്ചിയെ നോക്കുമ്പോ, ആള് തലകുലുക്കി ചിരിക്കുന്നുണ്ടായിരുന്നു…

“” ചേച്ചീടെ കൂടെ കൂടിയേപിന്നെ, ഞാൻ കരഞ്ഞിട്ടൊന്നും ഇല്ല്യ..
ഞാനിപ്പോ ഡബിൾ സ്ട്രോങ്ങായില്ലേ””

“” ഉവ്വ്വ്വ്.. “” ചേച്ചി വീണ്ടും ചിരിച്ചു..

ഞാൻ ചേച്ചിയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അതുകണ്ട് പുരികക്കൊടികളുയർത്തി ചോദ്യഭാവത്തിൽ ചേച്ചിയെന്നെ നോക്കി..

“” ഇങ്ങോട്ട് വരുമ്പോൾ, ഭദ്രേച്ചി പറഞ്ഞ അറിവ് മാത്രമുള്ള നീലിമേച്ചിയെ കുറിച്ച് എന്തൊരു ടെൻഷനായിരുന്നു എനിക്ക്.. ന്നെ ഉൾക്കൊള്ളാൻ പറ്റോ, അനിയത്തിയെപ്പോലെ കാണോ.. അങ്ങനങ്ങനെ…
ഇപ്പൊ ദേ, ന്റെ സ്വന്തം ചേച്ചീനെ പോലിങ്ങനെ…. “” എന്റെ കണ്ണുകൾ നിറഞ്ഞു..

“” നിന്നെ അടുത്തറിയുന്ന ആരേലും നിന്നെ സ്നേഹിക്കാതിരിക്കോടി…
എന്റെ ഇളയതിനെ പോലും ഞാനിങ്ങനെ സ്നേഹിച്ചിട്ടുണ്ടോന്ന് പോലും എനിക്ക് സംശയാണ് “” ചേച്ചിയെന്നെ ചേർത്തുപിടിച്ച് പറഞ്ഞപ്പോൾ, ശരിക്കും എനിക്ക് കരച്ചിൽ വന്നു…

“” എന്നിട്ടും ആ കണ്ണൻ നിന്നെ വിട്ടുകളഞ്ഞല്ലോന്നാ ഞാൻ ചിന്തിക്കുന്നേ… ഇത്രേം നല്ല മൊതലിനെ വേറെ എവിടുന്നേലും കിട്ടോ അയാൾക്ക്?
അതെങ്ങനാ, ചക്കരക്കുടം കണ്ടാൽ ഒന്ന് രുചിച്ചു നോക്കണമെന്ന് കരുതാത്തവരുണ്ടോ ല്ലേ.. “”

നീലിമേച്ചി പറഞ്ഞതുകേട്ട്, ഞാൻ ചേച്ചീടെ കൈകൾ വേഗം വേർപ്പെടുത്തി.. എനിക്ക് നല്ലോണം ദേഷ്യം വന്നു..

“”ദേ ചേച്ചി, വെറുതെ ഓരോന്നും പറയല്ലേട്ടോ.. കണ്ണേട്ടനെ കുറിച്ച് അങ്ങനാണോ ചേച്ചി ധരിച്ചു വെച്ചേക്കണേ…
ഞാൻ പറഞ്ഞോണ്ട് മാത്രാ കണ്ണേട്ടൻ….”” പറഞ്ഞു വന്നത് മുഴുവനാക്കാതെ ഞാൻ പെട്ടന്ന് നിർത്തിയതും ചേച്ചി എന്നെ സൂക്ഷ്മമായൊന്ന് നോക്കി..

“” എന്തേ നിർത്തിക്കളഞ്ഞത്?
ബാക്കികൂടി പറ.. “”

“” ഒ.. ഒന്നൂല്ല്യ “”

“” കണ്ണനെ കുറിച്ച് പറഞ്ഞപ്പോ എന്താ പെണ്ണിന്റൊരു ചൂട്…
ഇങ്ങനെ സ്വയം ഉരുകിത്തീരാനായിട്ട് എന്തിനാടി നീയവനെ വിട്ടു കൊടുത്തത്? “” ചേച്ചി ദേഷ്യപ്പെട്ടു.

“” മതി ചേച്ചി, നമുക്കത് സംസാരിക്കണ്ട… എന്ത് പറഞ്ഞുവന്നാലും അവസാനം ഇതിലേ വന്നുനിൽക്കൂ..

എല്ലാം കഴിഞ്ഞില്ലേ.. കണ്ണേട്ടനിപ്പോ ഒരു ഭർത്താവാണ്, ഭദ്രേച്ചീടെ…
അവര് സുഖായി കഴിയട്ടെ..
ഇനി അതേ ള്ളൂ പ്രാർത്ഥന!”” ഞാൻ പറഞ്ഞു.

“” പിന്നേ സുഖം…
അവര് സുഖമായി ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല… “”

“” അയ്യോ ചേച്ചി, അങ്ങനൊന്നും പറയല്ലേട്ടോ… ദൈവദോഷാ അതൊക്കെ “”

“” ദൈവത്തിന് നിരക്കാത്തത് ചെയ്തവരെ ദൈവം രക്ഷിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?
അങ്ങനെങ്കിൽ നമ്മളൊക്കെ ദൈവത്തിൽ വിശ്വസിക്കുന്നതിന് എന്താ അർത്ഥം…!”” അതും പറഞ്, ചേച്ചി മുറിക്കകത്തേക്ക് പോയി..

“” അവർക്ക് നല്ലത് വരുത്തണട്ടോ ദേവീ.. “” ഞാൻ പ്രാർഥനയോടെ നിന്നു…

ആഴ്ചകളൊക്കെ ദ്രുതഗതിയിൽ നീങ്ങിപ്പോയി…
കണ്ണന്റെ മനോഭാവത്തിൽ യാതൊരു മാറ്റവും സംഭവിച്ചില്ല…
ക്ഷമിച്ചും, പ്രതികരിച്ചും, സ്നേഹിക്കാൻ ശ്രമിച്ചും ഭദ്ര, കണ്ണനെ തന്റെ വരുതിക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും, പരാജയപ്പെട്ട് മടങ്ങേണ്ടിവന്നു….

“” കണ്ണേട്ടാ…
കണ്ണേട്ടനിവിടെ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ, നമുക്ക് കണ്ണേട്ടന്റെ വീട്ടിലേക്ക് താമസം മാറാം…
കണ്ണേട്ടന്റെ ഇഷ്ടങ്ങളോടും അഭിരുചികളോടും ചേർന്നു നിൽക്കാനാ എനിക്കും ഇഷ്ടം…”” ഭദ്ര പറഞ്ഞു.

“” ഉത്തമ ഭാര്യയാവാനുള്ള ശ്രമം, അല്ലേ? “” കണ്ണൻ പരിഹസിച്ചു.

“” അങ്ങനല്ലേ വേണ്ടത്?
നിങ്ങളുടെ ഇഷ്ടം എന്താണോ, അതാണ്‌ എന്റെയും ഇഷ്ടം…
അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറാണ് ഞാൻ!””

“” പിന്നെന്തുകൊണ്ട് നീ എന്നെ ത്യജിച്ചില്ല?
എന്റെ സ്വപ്നങ്ങളാണ് നിനക്ക് പ്രധാനമെങ്കിൽ, എന്തുകൊണ്ട് നീ ചാരുവിനെ എന്നിൽനിന്നകറ്റി??

സ്നേഹം, നേടിയെടുക്കൽ മാത്രമല്ല വിട്ടുകൊടുക്കലും കൂടിയാണെന്ന് അവള് പറയുന്നു…
അത് സത്യമാണെങ്കിൽ, അവൾ വഴിമാറിത്തന്നതുപോലെ നിനക്കും മാറി നിൽക്കാമായിരുന്നില്ലേ?
ഞങ്ങളെ ചേർത്തുവെക്കാമായിരുന്നില്ലേ? “”

കണ്ണന്റെ ചോദ്യത്തിനൊന്നും, ഭദ്രയ്ക്ക് ഉത്തരമില്ലായിരുന്നു…!

“” അച്ഛനും അമ്മയ്ക്കും മുന്നിൽ, ഈ മുറിക്ക് പുറത്ത് നിന്റെ ഭർത്താവെന്ന വേഷംകെട്ടലിന് ഒരു ന്യായീകരണമേ ഉള്ളൂ…
സത്യങ്ങൾ അറിയുമ്പോഴുള്ള ,ആ പാവങ്ങളുടെ വേദന….
മകളുടെ മാനസിക വൈകൃതം തിരിച്ചറിയുമ്പോഴുള്ള ആഘാതം….
പക്ഷേ…,
എനിക്കു മുന്നിലുള്ള നിന്റെയീ അഭിനയം വെറും പൊള്ളയാണെന്ന് തിരിച്ചറിയാൻ എനിക്ക് സൈക്കോളജി പഠിക്കേണ്ട ആവശ്യമൊന്നും ഇല്ല….
അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും പിന്നെന്തിനാ നീ വീണ്ടും വീണ്ടുമിങ്ങനെ വിഡ്ഢിവേഷം കെട്ടുന്നത്?? “” കണ്ണൻ, വെറുപ്പോടെ മുഖം തിരിച്ചു നിന്നു..

“” കണ്ണേട്ടനിൽ നിന്ന് ഇത്തരം വാക്കുകളൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…
ഒരു കോളേജ് അധ്യാപകന് കുറച്ചുകൂടി നന്നായി സംസാരിച്ചൂടെ?””
ഒട്ടൊരു നേരത്തെ മൗനത്തിനു ശേഷം, പതിയെയാണ് ഭദ്ര ചോദിച്ചത്…

“” പ്രതീക്ഷിക്കാത്തത് ചുറ്റിലും നടക്കുമ്പോൾ, ഒരു മാറ്റം ഏതു മനുഷ്യനും സംഭവിക്കും…
എല്ലാവരെയും സ്നേഹിക്കാനും അർഹിക്കുന്ന സ്ഥാനം കൊടുക്കാനും ശീലിച്ചൊരു ഭദ്രയുണ്ടായിരുന്നു….
ആരോരുമില്ലാത്തൊരു പെൺകുട്ടിയ്ക്ക് തണലാവുകയും , അവളെ അനിയത്തിയെ പോലെ ചേർത്തുപിടിക്കുകയും ചെയ്ത ആ കുഞ്ഞുഭദ്രയോട് എന്നും ബഹുമാനമായിരുന്നു…..
അവൾ അഭിമാനമായിരുന്നു…
അവളിൽ പെട്ടന്നുണ്ടായ മാറ്റം, ഉലച്ചു കളഞ്ഞത് ഒരു കുടുംബത്തെയാണ്…
ഉറ്റവരെയാണ്….”” അത്രയും പറഞ്, അയാൾ കോളേജിലേക്കിറങ്ങി..

“” രണ്ടു ദിവസം ലീവെടുത്ത്,രണ്ടാളും എല്ലായിടത്തുമൊന്ന് ചെന്നിട്ട് പോരൂ..
വിവാഹം കഴിഞ്ഞ് ഇത്രയായിട്ടും നിങ്ങള് ചെന്നില്ലെന്ന പരാതിയുണ്ട് എല്ലാർക്കും..”” ഇറങ്ങാൻ നേരം അച്ഛൻ പറഞ്ഞു.

“” എന്നെ അറിയാത്തവരല്ലല്ലോ അച്ഛാ ബന്ധുക്കളാരും…
പിന്നെ, എക്സാം ടൈം അടുത്തിരിക്കുന്ന സമയത്ത് ലീവെടുക്കുന്നത് കുട്ടികളെ ബുദ്ധിമുട്ടിക്കലല്ലേ..”” കണ്ണൻ മറുപടി പറഞ്ഞു.

“” ഒക്കെ നിങ്ങടെ ഇഷ്ടം..
ഞാൻ പറഞ്ഞെന്നേ ഉള്ളൂ…
എനിക്കും ഈ വിരുന്ന് നടക്കലിലൊന്നും വല്ല്യേ താല്പര്യം ഇല്ല””
അച്ഛൻ ചിരിയോടെ പറഞ്ഞപ്പോൾ, കണ്ണനും അതേ ചിരിയോടെ യാത്ര പറഞ്ഞിറങ്ങി…

“” എല്ലാരും ചോദിച്ചു തുടങ്ങി ട്ടോ ഭദ്രേ.. “”

“” എന്ത്?? “”

“” വിശേഷൊന്നും ആയില്ലേന്ന് “”

അമ്മ പറഞ്ഞതുകേട്ട് ഭദ്ര പെട്ടന്ന് ഞെട്ടി!

“” ഇപ്പൊ വേണ്ടാന്ന് തീരുമാനം എടുക്കേണ്ട പ്രായല്ല, രണ്ടാൾടേം..
അതല്ല, മറ്റെന്തേലും ആണെങ്കി എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കണതാ നല്ലത്… “”

“ഡോക്ടറ്…
ഡോക്ടറ്, വിചാരിച്ചാലൊന്നും നടക്കാത്ത പ്രശ്‌നമാണ് ഞങ്ങൾക്കിടയിലെന്ന് അമ്മയ്ക്കറിയില്ലല്ലോ..” ഭദ്ര ഓർത്തു..

“” നീയെന്താ കുട്ടീ ആലോചിക്കണേ..
ഞാൻ പറഞ്ഞതെന്തേലും കേട്ടോ നീയ്.. “”

“” അ.. അതിനൊക്കെ ഒരു സമയല്ല്യേ അമ്മേ.. അപ്പൊ നടന്നോളും ഒക്കെ “”

കൂടുതലൊന്നും പറഞ്ഞു നിൽക്കാതെ ഭദ്ര വേഗം അവിടുന്ന് തടിതപ്പി…
നടക്കുന്നതിനിടയിൽ അവളോർത്തു.. ഒരിക്കൽ കണ്ണേട്ടൻ പറഞ്ഞത്,

“” നിനക്കെന്റെ പെരുമാറ്റത്തെ കുറിച്ച് അച്ഛനോടോ അമ്മയോടോ പറയണമെന്നുണ്ടെങ്കിൽ പറയാം..
എനിക്കതിൽ വിരോധമൊന്നുമില്ല…
പക്ഷേ,,
പറഞ്ഞു വരുമ്പോൾ എല്ലാം പറയേണ്ടി വരും… എല്ലാം…!!

എനിക്കുവേണമെങ്കിൽ, സത്യങ്ങളെല്ലാം എല്ലാരോടും പറയാം.. എന്നാൽ ഞാൻ പറയില്ല… കാരണം,
നിന്റെ നാവിൽനിന്നുതന്നെ എല്ലാരും എല്ലാം അറിയുന്നതാ എനിക്കിഷ്ടം..
സ്വന്തം തെറ്റുകൾ, അവനവൻ തന്നെ എണ്ണിയെണ്ണി പറയേണ്ടി വരുന്നതിലും നല്ലത് മരണമാണ്..!””

കാത്തിരിക്കണേ.. ❤