06/05/2026

ജനനി : ഭാഗം 05

രചന – രോഹിണി ആമി

വീട്ടിലെത്തിയതും അമ്മയെ കാണാൻ നിക്കാതെ നേരെ മുറിയിലേക്ക് പോയി……. തലയിണയിൽ മുഖം അമർത്തി കിടന്നു…….

അമ്മ പിച്ച വച്ചു മുറിയിലേക്ക് വന്നു…… കൈയ്യിൽ ചായ ഗ്ലാസ്‌ ഉണ്ടായിരുന്നു….

എന്തിനാ അമ്മേ ഇതൊക്കെ ചെയ്തേ…….. ഞാൻ വരില്ലായിരുന്നോ…… അടങ്ങി ഇരിക്കാൻ പറഞ്ഞാൽ അനുസരിക്കില്ല……. ജനി ചായ വാങ്ങി പറഞ്ഞു……..

ഒരു ചായ ഉണ്ടാക്കാനൊക്കെ ഇപ്പോഴും അമ്മയെക്കൊണ്ട് പറ്റും……..

അമ്മ കുടിച്ചോ……

മ്മ്….. കുടിച്ചു…….

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം അമ്മ ചോദിച്ചു………….
മോൾക്ക്‌ അച്ഛനോട് ഇപ്പോൾ ദേഷ്യം തോന്നുന്നുണ്ടോ………

അമ്മ എന്തൊക്കെയാ ഈ പറയുന്നത്…….. ജനി മുഖത്തേക്ക് നോക്കി ചോദിച്ചു…..

അമ്മ ഒക്കെ അറിഞ്ഞു….. സുമ വന്നിരുന്നു…. അഭിയുടെയും നിന്റെയും സ്നേഹം ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ…… നിനക്കിത് സഹിക്കാൻ ആവില്ലാന്ന് അമ്മക്കറിയാം……..

വിഷമം ഒന്നുമില്ല അമ്മേ…… പിന്നെ പെട്ടെന്ന് കേട്ടപ്പോൾ ഉൾക്കൊള്ളാൻ പറ്റാത്ത പോലെ….. സാരമില്ല……. ശീലമായി വരുന്നുണ്ട് ജനിക്ക്……

ഞാനും കുറ്റക്കാരിയാണ്…….. എല്ലാം മറക്കണമെന്നു പറയാനേ അമ്മക്ക് പറ്റു……..നീ തന്നെ ഇതിനുള്ള പോംവഴി കണ്ടുപിടിക്കണം…….. പക്ഷേ എന്ത് തീരുമാനിച്ചാലും ഈ അമ്മയെയും കൂടി ഓർക്കണം നീ…….. അനിക്കുട്ടനെ പോലെ ആവരുത്…..

ഞാൻ ഇതിനു ആത്മഹത്യാ ചെയ്യുമെന്നാണോ അമ്മ കരുതുന്നത് ….. അമ്മ പേടിക്കണ്ട….. അങ്ങനെ ഭീരുവിനെ പോലെ ഒളിച്ചോടാൻ ജനി തയ്യാറല്ല……. ഇതിലും വലിയൊരു വേദന എന്നെ കാത്തു ഇരിപ്പില്ലേ…… അതുവച്ചു നോക്കുമ്പോൾ ഇതു തീരെ ചെറുതാ…….

അവൾ അച്ഛന്റെ ശിക്ഷയെ കുറിച്ചാണ് പറയുന്നതെന്ന് അവർക്ക് മനസിലായി…. അവർ എണീറ്റു പതിയെ റൂമിനു വെളിയിലേക്ക് പോകുന്നത് ജനി നോക്കി നിന്നു ……..

കുറച്ചു നേരം തനിച്ചിരുന്നു……. എന്നും തനിച്ചാവുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ അല്ലേ നമ്മൾ നടപ്പിൽ കൊണ്ടുവരാറുള്ളു…….

എന്റെ ഉള്ളിലെ വിഷമങ്ങൾ അമ്മ അറിയണ്ട….. ചിലപ്പോൾ സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല……

പിറ്റേന്ന് രാധമ്മയുടെ അടുത്തേക്ക് പോകാൻ വല്ലാത്ത തിടുക്കം ആയിരുന്നു……

ബസ്സിൽ ഇരിക്കുമ്പോൾ കണ്ടു അഭിയേട്ടനെ……. കയ്യിൽ നിറയെ കല്യാണക്കുറിയുമായി………. നല്ല സന്തോഷത്തോടെയാണ് എല്ലാവരെയും വിളിക്കുന്നത്……….

ഒരു വിഷമവും തോന്നുന്നില്ലേ അഭിയേട്ടാ നിങ്ങൾക്ക്…….. എന്നെ വേണ്ടാന്നു വെക്കുന്നതിൽ……….നമ്മൾ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ എല്ലാം വെറുതെയായിരുന്നോ…….. അതോ എന്നെ സ്നേഹിക്കുന്ന പോലെ അഭിനയിച്ചതാണോ………. ജനി മനസ്സിൽ ചോദിച്ചു…………

അതുകേട്ടതുപോലെ അഭി ജനി ഇരിക്കുന്ന ബസ്സിലേക്ക് നോക്കി………. ജനി തിരക്കിലേക്ക് മുഖം ഒളിപ്പിച്ചു……….. ബെൽ അടിച്ചു ബസ് പോകും വരെ അഭി അതിലേക്ക് നോക്കി നിന്നു…………..

എന്റെ മനസ്സ് ഇന്നും നിങ്ങളുടെ കയ്യിലാ അഭിയേട്ടാ…….. അത് എന്നെന്റെ കയ്യിൽ തിരികെ കിട്ടുന്നോ……. അന്ന് ഞാൻ മറന്നിരിക്കും നിങ്ങളെ ……………വേറൊരു പെണ്ണിന്റെ സ്വത്ത് ഞാൻ മനസ്സുകൊണ്ട് പോലും ആഗ്രഹിക്കില്ല………..ജനി കണ്ണടച്ച് സീറ്റിൽ ചാരിയിരുന്നു……..

രാധമ്മയുടെ നെഞ്ചിൽ മുഖം ചേർത്തു വച്ചിരിക്കുമ്പോൾ വല്ലാത്തൊരാശ്വാസമാണ് ജനിക്ക്……. ആരോ ഒരാൾ അമ്മയുടെ റൂമിലെ വാതിൽക്കൽ വരെ വന്നു പോകുന്നത് കണ്ടു…………… ഉച്ചക്ക് അമ്മയ്ക്ക് കൊടുക്കാൻ കൊണ്ടുപോയ ചോറു മുഴുവൻ അമ്മ എനിക്കു വാരി തന്നു………… കുറച്ചുദിവസമായി വയറും മനസ്സും നിറഞ്ഞിട്ട്………. അപ്പോഴും കണ്ടു വാതിലിനരികിൽ ഒരാൾ പെരുമാറ്റം………….

അമ്മേ……. നമ്മളല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ……………

ഉണ്ട്…….. മോൻ ഉണ്ട്…….. അവന് ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടി……….. എന്നാലും ഞാൻ നിന്നെ വിടില്ല കേട്ടോ……… കുറച്ചുകൂടി നിന്നെ സ്നേഹിക്കണം എനിക്ക്……..

സ്നേഹിച്ചോ……. പക്ഷേ അതിന് വേറെ സാലറി തരേണ്ടി വരും…….. ജനിച്ചു ചിരിയോടെ പറഞ്ഞു…

നീ എന്റെ സ്വത്ത് മുഴുവൻ എടുത്തോ…… എന്റെ കൂടെ ഇങ്ങനെ ഉണ്ടായിരുന്നാൽ മതി………..

നടന്നത് തന്നെ……. എന്നെ സ്നേഹിച്ചവരും.. ഞാൻ സ്നേഹിക്കുന്നവരും… ആരും ഇന്ന് എന്റെ കൂടെ ഇല്ല…….. എല്ലാവരും ഓരോരോ വേദന തന്നിട്ടാണ് പോയത്……. എന്നെ വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത രാധമ്മയുടെ സ്നേഹം എനിക്ക് എന്നും വേണം……… എനിക്ക് പോയല്ലേ പറ്റൂ……. ഒരു ഫോൺവിളിയുടെ ദൂരമേയുള്ളൂ നമ്മൾ തമ്മിൽ……… കാണണം എന്ന് തോന്നുമ്പോളും……. എനിക്ക് ആശ്വസിക്കാൻ ഒരു ആശ്രയം വേണമെന്ന് തോന്നുമ്പോഴും ഓടി വരും………..ആട്ടി ഇറക്കരുത്…………ഒന്നു കാണാൻ അനുവദിച്ചാൽ മതി…….മകനോടും പറയണം………..

നിന്നെ ആട്ടി ഇറക്കാനോ……… എന്നെ ഇതുപോലെ ആക്കിയത് നിന്റെ കഴിവ് കൊണ്ട് മാത്രമാണ്………… മരുന്നായിട്ട് നീയെന്റെ അരികിൽ ഉണ്ടായത് കൊണ്ട് മാത്രമാണ്……. നിനക്ക് എപ്പോൾ വേണമെങ്കിലും വരാം…….. നിനക്ക് വേണ്ടി ഈ വാതിൽ എന്നും തുറന്നു തന്നെ കിടക്കും………… ഇവിടെ തന്നെ നിൽക്കാൻ അമ്മ പറയില്ല………….. നിന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞു വെച്ച് പിടിച്ചു നിർത്താനും പറ്റുന്നില്ല……….. എന്ത് സഹായം വേണമെങ്കിലും അമ്മയെ ഒന്ന് വിളിച്ചാൽ മതി…………. ഇനി തന്നെയല്ല കേട്ടോ……. അമ്മയുണ്ട്………. പ്രാർത്ഥിക്കാം മോൾക്ക്‌ വേണ്ടി………..

ഒരാഴ്ചയും കൂടി ഉണ്ടായിരുന്നു ജനിക്ക് രാധമ്മയുടെ കൂടെ ബാക്കി………

അതു കഴിഞ്ഞു കുറച്ച് ദിവസം വീട്ടിൽ ഇരുന്നു……… അമ്മയെ നോക്കി……… തനിച്ചിരിക്കുമ്പോളാണ് കൂടുതലും സുഖം എന്ന് മനസ്സിലായി………….ചിക്കുവിന്റെ കൂടെയാണ് കൂടുതൽ സമയവും………. അവനു മാത്രമേ ഇപ്പോൾ എന്നെ മനസ്സിലാവു………….. എന്തു പറഞ്ഞാലും വാലാട്ടി കേട്ടുകൊണ്ടിരിക്കും……… എന്റെ പിറകെ നടക്കും………. രാത്രിയിൽ പുറത്തു അവൻ ഉള്ളതാണ് ഒരു ആശ്വാസം…….. സംരക്ഷിക്കാൻ ഒരാൾ ഉണ്ടാവുക എന്നുള്ളത് വലിയൊരു ആശ്വാസമാണ്… അത് നായ് ആണേലും മനുഷ്യൻ ആണെങ്കിലും……..

ഇന്നാണ് ആ ദിവസം……. അഭിയേട്ടൻ വേറൊരു പെണ്ണിന് സ്വന്തമാകുന്ന ദിവസം…….

ആരോ നെഞ്ചിൽ ഇരുന്ന് കല്യാണമേളം കൊട്ടുംപോലെ തോന്നി………. അഭിയേട്ടൻ വേറൊരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നതും……. ആ പെണ്ണിന്റെ കൈചേർത്തു പിടിക്കുന്നതും മനസ്സിൽ കണ്ടു…………..

രാത്രിയായപ്പോഴേക്കും ജനി ശരിക്കും തളർന്നു പോയിരുന്നു………. ഭക്ഷണവും വെള്ളവും ഇല്ലാതെ….. ഇന്നലെ വരെയുള്ള കാര്യങ്ങൾ താനൊന്ന് മറന്നു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു ജനിച്ചു……

തനിക്ക് ഭ്രാന്ത് പിടിക്കുമോ എന്ന് വരെ പേടിച്ചു ജനി………. കുറച്ചു നേരം ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ………. കണ്ണടയ്ക്കാൻ കൂടി പറ്റുന്നില്ല…….. കണ്ണടച്ചാൽ അഭിയും ഭാര്യയും ചേർന്നുനിൽക്കുന്നതാണ് മുന്നിൽ തെളിയുന്നത്…………

കുറച്ചുനേരം വെറും നിലത്ത് കിടന്നു മുഖം ചേർത്തുവച്ചു…….. തിരിഞ്ഞും മറിഞ്ഞും…….. ഇല്ല…. ഒരു വിധത്തിലും മനസ്സിന് ആശ്വാസം കിട്ടുന്നില്ല………

ഓടിപ്പോയി അഭിയേട്ടനോട് പറഞ്ഞാലോ…… എന്നെ ഉപേക്ഷിക്കരുത് ന്ന്…… അഭിയേട്ടൻ ഇല്ലാതെ ജനിയെ കൊണ്ട് ജീവിക്കാനാവില്ല എന്ന്……..

അവൾ സമയം നോക്കി……. ഒൻപതര ആവുന്നു……..അഭിയുടെ ഭാര്യ ഒരു ഗ്ലാസ് പാലുമായി മുറിയിലേക്ക് പോകുന്നു …….. അത് രണ്ടുപേരും പങ്കിടുന്നു …….. പിന്നെ അവളെ നെഞ്ചോട് ചേർത്തു പിടിക്കുന്നു……

വേണ്ട……. അഭിയേട്ടാ വേണ്ടാ……..

ജനി ചാടി എഴുന്നേറ്റു……ഒന്നു മയങ്ങിയപ്പോൾ കണ്ടതാണ് അതെല്ലാം……. . ജനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത് ……….ഒന്ന് അലറിക്കരയാൻ തോന്നി അവൾക്ക്…….ചങ്കു പൊട്ടിപ്പോകും പോലെ……. ബെഡ് ഷീറ്റ് വായിൽ കുത്തി തിരുകി എങ്ങി എങ്ങി കരഞ്ഞു…….. അതല്ലാതെ അവളെക്കൊണ്ട് ഒന്നിനും കഴിഞ്ഞില്ല…….

ഇതെല്ലാം അറിഞ്ഞുകൊണ്ട് നിശബ്ദമായി അടുത്ത മുറിയിൽ ഇരുന്നു കണ്ണുനീർ വാർക്കാനല്ലാതെ ആ അമ്മയ്ക്കും ഒന്നിനും കഴിഞ്ഞില്ല……

എല്ലാം ഞാൻ കാരണമാണോ ഈശ്വരാ……. എന്റെ മകൾ….ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി……….