17/04/2026

നിന്നോളം : ഭാഗം 05

രചന – ഫൗസിയ യൂസഫ്

ചാരുവിനേയും കൊണ്ട് ടാക്സി പടികടന്നു പോകുന്നതും നോക്കി ഒരു ദീർഘനിശ്വാസത്തോടെ, കൃഷ്ണവർമ്മ കസേരയിലേക്ക് ചാഞ്ഞിരുന്നു.. “” അവളിവിടെ ആദ്യായിട്ട് എത്തിയ ദിവസം ഓർമ്മയുണ്ടോ ലക്ഷ്മിക്ക്?”” അദ്ദേഹം ചോദിച്ചു. “” ഉവ്വ്.. ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ കണ്ണിന്റെ മുന്നിലിണ്ട്… ആ കുട്ടിയാണിപ്പോ, നമ്മുടെ വാക്കിനു വിലകൽപ്പിക്കാതിങ്ങനെ…” അവർക്കുള്ളിൽ ഗദ്ഗദം നിറഞ്ഞു.. “” അവരൊക്കെ വലുതായില്ലേ ലക്ഷമീ.. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയും പക്വതയുമായി.. അപ്പോപ്പിന്നെ നമ്മുടെ വാക്കിനൊക്കെ എന്തു വില!”” കൃഷ്ണവർമ്മ വേദനയോടൊന്ന് മന്ദഹസിച്ചു.. “” നിന്നെയാ ആദ്യം പറയേണ്ടത്… ഈ ജോലിക്കാര്യം, അവളോട് പറയുന്നതിന് മുമ്പ് നിനക്ക് ഞങ്ങോളോടൊന്ന് സൂചിപ്പിക്കാമായിരുന്നില്ലേ? ഞങ്ങളിത് അന്നേ തടയുമായിരുന്നില്ലേ?? “” ലക്ഷ്മി, ഭദ്രയ്ക്ക് നേരെ കയർത്തു..

“” അ.. അതുപിന്നെ, നീലിമ ഇക്കാര്യം പറഞ് വിളിക്കുമ്പോൾ അവളും ഉണ്ടായിരുന്നു എന്റൊപ്പം.. അതുകൊണ്ടല്ലേ എല്ലാം അവളറിഞ്ഞത്.. മാത്രല്ല, ഞാൻ കരുതിയില്ലല്ലോ അവളിങ്ങനെ നിങ്ങളെ ധിക്കരിച്ചോണ്ട് സ്വന്തം ഇഷ്ടം നോക്കി പോവുംന്ന്.. “” ഭദ്ര, സ്വന്തം ഭാഗം സുരക്ഷിതമാക്കി. “” ഇനി അതുംപറഞ്, രണ്ടാളുംകൂടി മുഷിയണ്ട… അവൾക്കിഷ്ടം അതായിരുന്നു, അവള് പോയി… യാത്രയും ജോലിയുമൊക്കെ നന്നായിരിക്കാൻ പ്രാർത്ഥിക്കാം… അത്രതന്നെ!”” കൃഷ്ണവർമ, എഴുനേറ്റു. “” ഞാനെന്തായാലും ജ്യോൽസ്യരെ കണ്ടിട്ടു വരാം.. “” അദ്ദേഹം പുറത്തേക്കിറങ്ങുന്നതിനിടയിൽ പറഞ്ഞു.. “” കണ്ണനെ, ഇന്ന് ലീവായിട്ടും ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ ഭദ്രേ.. ചാരു പോകുന്ന വിവരം അവനറിഞ്ഞില്ലേ? “” ലക്ഷ്മി, ചോദിച്ചു.

“” നിങ്ങളെപ്പോലെ, ചാരു ദൂരേക്ക് ജോലിക്ക് പോണത് കണ്ണേട്ടനും അത്ര താല്പര്യം ആയിട്ടില്ല.. അതവളോട് പറയേം ചെയ്തു. അവൾ അനുസരിക്കാത്തോണ്ടായിരിക്കും, ഇറങ്ങുന്ന നേരത്തും വരാതിരുന്നത് “” ഭദ്ര പറഞ്ഞ കള്ളത്തെ വിശ്വസിച്ച ലക്ഷ്മി, ഒരു മൂളലോടെ അകത്തേക്ക് പോയി.. ചാരുവിന്റെ ഓർമകളിലൂടെ കടന്നു പോകുകയായിരുന്നു കണ്ണൻ… ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയത് …. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചുപോയത്… അത് അവളെയായിരുന്നു… ചാരുവിനെ…! “” നമ്മടെ ഇഷ്ടം അച്ഛൻ അംഗീകരിക്കോ കണ്ണേട്ടാ…? “” അവൾ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. “” അംഗീകരിക്കാതെ പിന്നെ… നിനക്ക് എന്നെക്കാൾ നല്ലൊരു ചെക്കനെ ഈ ഭൂമിയിൽ വേറെ കിട്ടില്ലെന്ന്‌ അച്ഛനറിഞ്ഞൂടെ “” താൻ മറുപടി പറയും.

“” അയ്യോ.. ഞാനപ്പോ അത്രയ്ക്ക് മോശാണോ?? “” നിസ്സംഗത കലർത്തിയ അവളുടെ മറുപടി കേൾക്കുമ്പോൾ, ” ടീ കാന്താരീ.. ” എന്ന് വിളിച്ച് താനവളുടെ പിറകേ ഓടുമ്പോൾ,, കുപ്പിവളക്കിലുക്കം പോലെ ചിരിച്ചുകൊണ്ട് ഓടുമായിരുന്നു പെണ്ണ്…. “” കണ്ണേട്ടാ.. “” പെട്ടന്ന് ആ വിളി കാതിലടുത്തപ്പോൾ, ചാരുവാണെന്ന് കരുതിയാണ് പിടഞ്ഞെഴുന്നേറ്റത്… കണ്ടത് ഭദ്രയെയായിരുന്നു… “” അമ്മ തിരക്കി… എന്തേ അങ്ങോട്ട് കണ്ടില്ലല്ലോന്ന് ചോദിച്ചു ന്നോട്… “” അവൾ പറഞ്ഞു. “” പ്രത്യേകിച്ചൊന്നൂല്ല.. “” കണ്ണൻ, വിരസമായ മട്ടിൽ മറുപടി കൊടുത്തു. “” അച്ഛൻ… അച്ഛൻ എങ്ങോട്ടാ പോയേക്കണേ ന്ന് അറിയോ കണ്ണേട്ടന്? നമ്മടെ ജാതകം നോക്കിക്കാനാ “” ഭദ്രയുടെ മുഖത്തുണ്ടായ ഉത്സാഹം, കണ്ണനിൽ ഉണ്ടായില്ല.. അയാളവളെ നോക്കിയതുമില്ല! “” കുട്ടി ചെല്ലൂ.. എനിക്കിത്തിരി നോട്സ് റെഫർ ചെയ്യാനുണ്ട്.. അമ്മയോട് ഞാൻ വരാമെന്ന് പറയൂ ” അയാളവളെ ഒഴിവാക്കാനായി കള്ളം പറഞ്ഞു..

“” വേഗം വരൂട്ടോ.. ഞാൻ ഊണ് വിളമ്പി കാത്തിരിക്കും “” അവൾ പോകുന്നതിനിടെ തിരിഞ്ഞു നിന്ന് പറഞ്ഞു. അയാളതിനും മറുപടിയൊന്നും പറഞ്ഞില്ല… “” ജ്യോൽസ്യരെ കണ്ടിട്ട് എന്തു പറഞ്ഞു? പൊരുത്തല്ലേ രണ്ടാളുംകൂടി? “” ചോറ് വിളമ്പിക്കൊടുക്കുന്നതിനിടെ ലക്ഷ്മി ആകാംക്ഷയോടെ ചോദിച്ചു. “”പൊരുത്തം, ഉത്തമം എന്ന് പറയാനൊന്നും ഇല്ല… പിന്നെ ഇതൊക്കെ ഒരു ചടങ്ങ് എന്നല്ലേയുള്ളൂ.. യഥാർത്ഥ പൊരുത്തം മനസ്സുകൾ തമ്മിലല്ലേ… അല്ലേ കണ്ണാ…?”” ഊണ് കഴിച്ചുകൊണ്ടിരുന്ന കണ്ണനോടായി കൃഷ്ണവർമ്മ പറഞ്ഞതും, അയാളൊന്ന് ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു… അപ്പോഴേക്കും ഭദ്ര, അകത്തേയ്ക്കോടിയിരുന്നു… സിറ്റിയിൽ ബസ്സിറങ്ങുമ്പോഴാണ് ഭദ്രേച്ചി വിളിച്ചത്.. “” നീയെവിടെത്തി? “” “” ഞാനിപ്പോ എറണാംകുളം സിറ്റിയിലെത്തി.. ഇനി ഇവിടന്ന് ഒരു ഓട്ടോ വിളിക്കേണ്ട ദൂരല്ലേ ഉണ്ടാവൂ? “” ഞാൻ ചോദിച്ചു. “” നീയിപ്പോ ഓട്ടോയൊന്നും വിളിക്കണ്ട… ഒരു പത്തു മിനുട്ടിനുള്ളിൽ നീലിമ അവിടെത്തും… ഇനിയുള്ള യാത്ര അവളോടൊപ്പം മതി “” ഭദ്രേച്ചി പറഞ്ഞു. “” ഇനിയെന്ത് യാത്രയാ ഭദ്രേച്ചി? ജോലിസ്ഥലം ഈ സിറ്റിയിൽ തന്നെയാണെന്നല്ലേ ചേച്ചി പറഞ്ഞത്..””

“” പറഞ്ഞതൊക്കെ അങ്ങനെത്തന്ന്യാ എന്നാൽ നിനക്ക് ജോലി അവിടെയല്ല, ബാഗ്ലൂരാണ്… നീലിമയോടൊപ്പം!”” ചേച്ചി പറഞ്ഞതും ഞാൻ ഞെട്ടിപ്പോയി… അറിയാതെ ” ഭദ്രേച്ചീ.. ” എന്നുള്ള ഉച്ചത്തിലുള്ള വിളി എന്നിൽനിന്നും വീണുപോയി… അടുത്തു നിന്നവർ കഥയറിയാതെ എന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാനാകെ വല്ലാതായിപ്പോയി… “” നിനക്കിത്തിരി ഓവർ സെന്റിമെന്റ്സുണ്ട്… ഇടയ്ക്ക്, അച്ഛനെ കാണണം അമ്മേ കാണണം എന്നൊക്കെ തോന്നിയാൽ നീയിങ്ങോട്ട് പോരും.. എനിക്ക് തന്ന വാക്കും മറക്കും.. ഇതാവുമ്പോ, പെട്ടന്നൊന്നും ഓടിവരില്ലല്ലോ… ഒരു മുൻകരുതൽ അത്രയേ ഉള്ളൂ… “” ഭദ്രേച്ചി പറഞ്ഞത് കേട്ടുനിൽക്കുമ്പോൾ, എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… “” ഇപ്പോഴും… ഇപ്പോഴും വിശ്വാസം വന്നിട്ടില്ലാലേ ഭദ്രേച്ചിക്കെന്നെ? “” “” പെണ്ണിന്റെ മനസ്സല്ലേ മോളേ, ഏതു സമയത്താ മാറുക എന്ന് പറയാൻ പറ്റില്ലല്ലോ… “” ചേച്ചി പരിഹാസത്തോടെ പറഞ്ഞപ്പോൾ ഞാനോർത്തത്, അതെത്ര ശരിയാണെന്നാണ്… ഒരുനിമിഷം കൊണ്ട് ഭദ്രേച്ചിക്ക് ഇത്രയധികം മാറാൻ കഴിയുമെങ്കിൽ…. എന്നെ അന്യയാക്കാൻ കഴിയുമെങ്കിൽ…. ആ വാചകങ്ങൾ എത്ര സത്യമാണ്!! “” ആഹ്, ഞാൻ വെക്കാണ്… അവളിപ്പോ എത്തും… ഞാൻ വിളിച്ചിട്ടുണ്ട് “” എന്റെ മറുപടിക്ക് കാക്കാതെ, ഭദ്രേച്ചി ഫോൺ വെച്ചു… ഞാൻ കണ്ണുകൾ തുടച്ച്, വിദൂരതയെ ഒപ്പിയെടുത്തു…

“” വേളി എന്തായാലും, ചാരുകൂടി വന്നിട്ടു മതി… അവളില്ലാതെങ്ങനാ ഇവിടൊരു ചടങ്ങ്…? “” അച്ഛൻ പറഞ്ഞതുകേട്ട്, ഭദ്ര മുന്നിലേക്ക് നീങ്ങിനിന്നു.. “” എനിക്കും അതാ ആഗ്രഹം അച്ഛാ… പക്ഷേ,, ആറുമാസം കഴിയാതെ അവൾക്കൊരു ലീവ് കിട്ടില്ലാത്രേ..”” “” അയ്യോ.. അത് കഷ്ടായല്ലോ.. അത്രേം നീട്ടാമെന്നു വെച്ചാൽ, ജ്യോൽസ്യര് പറഞ്ഞ സമയവും കഴിയില്ലേ… ഇനിയിപ്പോ എന്താ ചെയ്യാ.. “” ലക്ഷ്മി വ്യസനത്തോടെ, ഭർത്താവിനെ നോക്കി.. “” അങ്ങനെങ്കിൽ ചടങ്ങ് നടക്കട്ടെ… ഇതൊന്നും വേണ്ടെന്നു വെച്ച് പോയതല്ലേ അവള്… അവളുടെ മനസ്സുപോലെ തന്നെ ആയീന്ന് കരുതിയാ മതി…”” കൃഷ്ണവർമ്മയിൽ നീരസം പ്രകടമായി.. “” പിന്നെ… വല്ല്യേ ചടങ്ങായിട്ടൊന്നും വേണ്ടാന്നാ കണ്ണന്റെ അഭിപ്രായം.. നിനക്കെന്തേലും അഭിപ്രായ വ്യത്യാസം ണ്ടോ മോളേ…? “” “” ഇല്ലഛാ.. എനിക്കും അതാ ഇഷ്ടം. ആർഭാടം കാട്ടുന്ന പണംകൊണ്ട്, ആർക്കെങ്കിലും നല്ലത് ചെയ്താൽ അതല്ലേ ഭഗവാനും, നമുക്കും സന്തോഷം “” ഭദ്രയുടെ വാക്കുകൾ കേൾക്കെ, തന്റെ മകൾ ഒരുപാട് നന്മയുള്ളവളാണെന്ന് ആ അച്ഛന് തോന്നിപ്പോയി… അതിന്റെ സംതൃപ്തി ഇരുവരുടെയും മുഖത്ത് നിഴലിച്ചിരുന്നു…

“” തനിക്ക് നല്ല സങ്കടമുണ്ടല്ലേ അയാളെ നഷ്ടപ്പെടുന്നതിൽ? “” ഒരു കപ്പ്‌ കോഫി, എനിക്കു നേരെ നീട്ടിക്കൊണ്ട് നീലിമേച്ചി ചോദിച്ചു. “” ആരെ?? “” “” ജയകൃഷ്ണനെ.. അതായത് തന്റെ കണ്ണേട്ടനെ!”” നീലിമേച്ചി പറഞ്ഞതുകേട്ട് ഞാനാകെ ചൂളിപ്പോയി… ഇങ്ങനൊരു ചോദ്യം അവരിൽ നിന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു… “” താൻ വറീഡാവൊന്നും വേണ്ട.. എനിക്കെല്ലാം അറിയാം.. ഭദ്ര എല്ലാം പറഞ്ഞിട്ടുണ്ട് “” ആ മറുപടിക്ക് ഒരു ചിരി കൊടുത്ത്, ഞാൻ കോഫി മൊത്തിക്കുടിച്ചു.. “” താൻ ചെയ്തത് മണ്ടത്തരമാണെന്നേ ഞാൻ പറയൂ.. എത്രയൊക്കെ ഇന്റിമസിയുണ്ടെന്ന് പറഞ്ഞാലും, ജീവനായി കാണുന്നൊരാളെ വിട്ടുകൊടുക്കേണ്ട ആവശ്യമൊന്നും ഇല്ല… ദാറ്റ്സ് യുവർ ഫോൾട്ട്… “” ഞാൻ കോഫി കുടിച്ച് മുഴുവനാക്കി എഴുനേറ്റു.. “” നമുക്കത് വിടാം ചേച്ചി… ഇനിയതൊന്നും ഓർമ്മയിൽ പോലും വരരുതെന്നാ എന്റെ ആഗ്രഹം “” ഞാൻ പറഞ്ഞു. “” എന്ത് മറക്കാൻ ശ്രമിക്കുന്നോ, അതായിരിക്കും കൂടുതൽ നമ്മൾ ഓർത്തിരിക്കുക…. കാരണം, അത് നമ്മുടെ മനസ്സിനെ കൂടുതൽ ടച്ച് ചെയ്തിട്ടുള്ള ഒന്നായിരിക്കും! തനിക്കീ ജന്മം മറക്കാൻ കഴിയോ അയാളെ?? “” നീലിമേച്ചി എനിക്ക് തൊട്ടടുത്തായി വന്നുനിന്ന് ചോദിച്ചു..

അതൊരു ചോദ്യമായിരുന്നു…! സത്യത്തെ ചികഞ്ഞു പോകേണ്ട ചോദ്യം… എന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യം… “” മറക്കാൻ ശ്രമിക്കും!”” അതും പറഞ്, ഞാൻ റൂമിലേക്ക് നടന്നു.. സത്യത്തിൽ പേടിയായിരുന്നു.. ഭദ്രേച്ചിയുടെ ഫ്രണ്ട് എനിക്കൊരു പരീക്ഷണശാലയായിരിക്കുമോ എന്നൊരു സന്ദേഹമുണ്ടായിരുന്നു മനസ്സിൽ… എന്നോടുള്ള അനിഷ്ടം, നീലിമച്ചേച്ചി വഴി, ഭദ്രേച്ചി തീർക്കുമോ എന്ന ടെൻഷൻ തുടക്കം മുതൽ കൂടെയുണ്ടായിരുന്നു… എന്നാൽ..,, യാത്രയിലുടനീളം ഞാൻ നീലിമേച്ചിയെ അറിയുകയായിരുന്നു… ഒരുപാട് സംസാരിച്ചു.. അടുത്തറിഞ്ഞു… ശ്വാസം നേരെവീണത് അന്നേരമായിരുന്നു.. “” വേളിക്കുള്ള തീയതി കുറിച്ചൂട്ടോ.. അടുത്ത തിങ്കളാഴ്ച!”” രണ്ടു ദിവസം കഴിഞ്ഞ്, അമ്മയെ വിളിച്ചപ്പോഴാണ് അക്കാര്യം പറഞ്ഞത്.. “”നീയില്ലാത്തോണ്ട് അച്ഛന് നല്ല വെഷമം ണ്ട്ട്ടോ കുട്ടീ.. ഒന്നും പുറത്ത് കാട്ടണില്ലാന്നെ ള്ളൂ..”” “” അച്ഛനിപ്പഴും ന്നോട് ദേഷ്യാണോ അമ്മേ?? “”

“” അതിനർത്ഥം, അച്ഛന് നിന്നോട് ദേഷ്യമായിരുന്നു എന്നല്ലേ? മക്കള് തെറ്റ് ചെയ്താൽ, അച്ഛനമ്മമാർക്ക് ക്ഷമിക്കാനേ പറ്റൂ.. അവരെ വെറുക്കാൻ കഴിയില്ല മോളേ”അമ്മ പറഞ്ഞപ്പോൾ, എന്റെ ഉള്ളൊന്ന് പൊള്ളി… “” എപ്പഴും പറയും, “ന്റെ കുട്ടിക്ക് നന്മ മാത്രം കൊടുക്കണേ ഭഗവാനേ ന്ന് ” അങ്ങനെ തേടണ ആൾക്ക്, മോളോട് ദേഷ്യം കാണിക്കാൻ പറ്റോ? “” “” മ്മ്ഹ്.. “” ഞാനൊന്ന് മൂളി. മറ്റൊന്നും പറയാൻ എനിക്ക് കഴിയുമായിരുന്നില്ല… “” വിവാഹൊക്കെ നന്നായി നടക്കട്ടെ ഞാൻ നിത്യവും പ്രാർത്ഥിക്കണുണ്ട്. ഭദ്രേച്ചിക്ക് ഞാൻ വിളിച്ചോളാം.. “” ഞാൻ വേഗം ഫോൺ വെച്ചു.. “” വിവാഹമായല്ലേ?? ഭദ്ര പറഞ്ഞിരുന്നു..”” നീലിമേച്ചി അരികിലേക്ക് വന്നു. “”മ്മ്ഹ്..”” “” താനിത്രയും പാവമായതുകൊണ്ടാ അവളിങ്ങനെ തന്നെ ടോർച്ചർ ചെയ്യുന്നത്… പെൺകുട്ടികൾ കുറച്ചെങ്കിലും ബോൾഡാവണ്ടേ.. “”

“” ഞാനത്രയ്ക്ക് പാവൊന്നും അല്ല.. പിന്നെ, ഭദ്രേച്ചീടടുത്ത് എപ്പഴും താഴ്ന്നു നിൽക്കാനാ എനിക്കിഷ്ടം… അതിപ്പോ എന്റെ ഇഷ്ടങ്ങളെ മാറ്റിവെക്കാനാണെങ്കിൽ അങ്ങനെ..”” ഞാനൊന്ന് പുഞ്ചിരിച്ച് അകത്തേയ്ക്ക് പോയി… ഒരാഴ്ച, കണ്ണടച്ച് തുറക്കുംമുന്നേ പോയി… ഇന്നാണ് ആ ദിവസം… ഭദ്രേച്ചീടെ കല്യാണം.. കണ്ണേട്ടന്റെയും! ക്ഷണമൊക്കെ കുറച്ചേ ഉള്ളൂന്നാ അമ്മ പറഞ്ഞേ… എല്ലാ കാര്യത്തിലും മിതത്വം പാലിക്കുന്നതാ അച്ഛന്റെ സ്വഭാവം.. കണ്ണേട്ടനും അങ്ങനെത്തന്നെ… “” നീയിവിടെ നിരാശകാമുകിയായിട്ട് ഇരുന്നോ.. അവിടിപ്പോ കല്യാണം പൊടിപൊടിക്കുന്നുണ്ടാകും.. “” നീലിമേച്ചി എന്നെ കളിയാക്കി… “” ഇങ്ങനൊക്കെ പറയാവോ.. ഒന്നുമില്ലെങ്കി, ചേച്ചീടെ കൂട്ടുകാരീടെ കല്യാണല്ലേ… അതില് സന്തോഷിക്കല്ലേ വേണ്ടത്? “” “”നഷ്ടപ്പെടലിന്റെ വേദനയൊക്കെ ഞാനും അനുഭവിച്ചിട്ടുള്ളതാ മോളെ.. ഈ ജീവിതം അവസാനിപ്പിക്കാൻ വരെ തുനിഞ്ഞിട്ടുണ്ട്… അത്കൊണ്ട്, ഈ അഭിനയൊക്കെ എന്റടുത്ത് എടുക്കണ്ട.. കേട്ടല്ലോ? പിന്നെ ഭദ്ര… അവളെന്റെ ഫ്രണ്ടൊക്കെ തന്നെ എന്നുകരുതി , എന്ത് വൃത്തികേട് കാണിച്ചാലും അതിനെ സപ്പോർട്ട് ചെയ്യാനൊന്നും എന്നെക്കിട്ടില്ല..!”” നീലിമേച്ചി ഇത്തിരി ദേഷ്യത്തിലായിരുന്നു…

വിവാഹത്തിന്റെ പകലങ്ങനെ കടന്നുപോയി… ബന്ധുക്കളെല്ലാം പിരിഞ്ഞുപോയി.. പലർക്കും കൃഷ്ണവർമ്മ മകളെ, ജയകൃഷ്ണന് വിവാഹം ചെയ്തുകൊടുത്തതിൽ വിയോജിപ്പുണ്ടായിരുന്നു… പലരുമത് പറയുകയും ചെയ്തു.. അതെല്ലാം ഒരു പുഞ്ചിരിയോടെ അദ്ദേഹം ചിരിച്ചു തള്ളുകയാണ് ചെയ്തത്… കാരണം, അദ്ദേഹത്തിന് കണ്ണൻ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു! കലുഷിതമായ മനസ്സോടെ ജനലരികെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു കണ്ണൻ… “” കണ്ണേട്ടാ… “” ഭദ്ര വിളിച്ചു. കണ്ണൻ, തിരിഞ്ഞു നോക്കിയില്ല… “” ഒക്കെ ഒരു സ്വപ്നം പോലെ തോന്നാ ല്ലേ..? ഇത്ര പെട്ടന്ന് ഞാൻ കണ്ണേട്ടന്റെ സ്വന്തമാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല… എല്ലാം ന്റെ ഭാഗ്യം.. “” അവൾ, പതിയെ കണ്ണനരികിലേക്ക് ചെന്നു.. അയാളുടെ തോളിലേക്ക് മുഖം ചേർത്തു… “” മാറിനിൽക്ക്…!”” പെട്ടന്നായിരുന്നു കണ്ണന്റെ ശബ്ദമുയർന്നത്… ഭദ്ര, പേടിയോടെ അകന്നുമാറി.. ആ മുഖത്തേക്ക് ഭീതിയോടെ നോക്കി..

“‘” എന്റെ ചാരുവിനെ നാടുകടത്തി, എന്നോടൊപ്പം സുഖമായി ജീവിക്കാമെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി… ഈ ജന്മം നീയത് സ്വപ്നം കാണണ്ട!””” “” ക.. കണ്ണേട്ടാ “” “” അതെ.. കണ്ണൻ തന്നെ! ചാരു പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ നിന്നെ വിവാഹം ചെയ്തത്… അവള് പറഞ്ഞാൽ, ഞാനെന്തും അനുസരിക്കും… അതെനിക്ക് അവളോടുള്ള അവസാനിക്കാത്ത സ്നേഹത്തിന്റെ അടയാളമാണ്… പക്ഷേ,, നിന്നെ, പുടവ തന്ന് സ്വീകരിക്കണമെന്നേ അവളെന്നോട് ആവശ്യപ്പെട്ടിട്ടുള്ളൂ… കൂടെ ജീവിക്കാമെന്ന് ഞാനവൾക്ക് വാക്ക് കൊടുത്തിട്ടില്ല! അങ്ങനൊന്ന് അവളെന്നോട് ആവശ്യപ്പെടാത്തിടത്തോളം കാലം, എന്റെ ദേഹത്തൊന്ന് സ്പർശിക്കാൻ പോലും നിനക്കവകാശമില്ല…! ഈ മുറിക്കകത്ത് ഞാനും നീയും രണ്ട് വ്യക്തികൾ മാത്രമായിരിക്കും… മറ്റൊന്നും നീ പ്രതീക്ഷിക്കണ്ട…!! കണ്ണന്റെ വാക്കുകൾ കേട്ട് തറഞ്ഞു നിന്നുപോയി ഭദ്ര…! കാത്തിരിക്കണേ… ❤