രചന – ഫൗസിയ യൂസഫ്
“” ദൈവം തരുന്ന വിധി, അതെന്തായാലും നമ്മൾ സ്വീകരിച്ചല്ലേ പറ്റൂ ലക്ഷ്മി… “” മുറിയിൽ, പരിതപിച്ചു കിടക്കുകയായിരുന്ന അമ്മയെ നോക്കി അച്ഛൻ ആശ്വസിപ്പിച്ചു… “” എന്നാലും.., ഇത്രയൊക്കെ പരീക്ഷിക്കാൻ മാത്രം നമ്മടെ മോള് എന്തു തെറ്റാ ചെയ്തേ… “” അമ്മ വീണ്ടും കരച്ചിലായി…. ഞാനമ്മയുടെ തലയിൽ, തഴുകിക്കൊണ്ടിരുന്നു…. “” തെറ്റ്….! അവളു ചെയ്ത തെറ്റെന്താണെന്ന് തനിക്കറിയില്ലേ ലക്ഷ്മി? നമുക്കത് ചിലപ്പോൾ, ചെറിയ കാര്യമായി തോന്നിയേക്കാം… പക്ഷേ, ദൈവത്തിനത് പൊറുക്കാൻ പറ്റിയെന്നു വരില്ല!”” അച്ഛനെന്നെ നോക്കിപ്പറഞ്ഞു. “” അച്ഛാ… വേണ്ട! അച്ഛൻ പറഞ്ഞു വരുന്നത് എന്താന്ന് എനിക്കറിയാം… ഭദ്രേച്ചി എന്നോടു ചെയ്തത് അത്രവല്ല്യേ തെറ്റായിട്ടൊന്നും ഞാൻ കാണുന്നില്ല…. ഭദ്രേച്ചി, എന്നോടെന്തു ചെയ്താലും എനിക്ക് പരിഭവിക്കാനോ പിണങ്ങാനോ കഴിയില്ല… കാരണം, അതിനേക്കാളൊക്കെ വലിയ കാരുണ്യമാണ് ഭദ്രേച്ചി എന്നോട് കാണിച്ചിട്ടുള്ളത്… എന്നെ ഒറ്റപ്പെടുത്താതിരുന്നത്… അനാഥയാക്കാതിരുന്നത്…. എന്നും പ്രാർത്ഥിച്ചിട്ടേ ഉള്ളു ഞാൻ… ആ എനിക്ക്, അച്ഛന്റെയീ വാക്കുകൾ നോവാണ് തരുന്നത്….. വലിയ വേദനയാണ് തരുന്നത്… “” ഞാൻ എഴുനേറ്റ് പുറത്തേക്കു കടന്നു…
അമ്മയ്ക്കിപ്പോ ആവശ്യം, അച്ഛന്റെ സാമിപ്യമാണ്…. അവരുടെ സങ്കടങ്ങൾ, അവർ പറഞ്ഞു തീർക്കട്ടെ…. കുറച്ചപ്പുറത്തായി, കണ്ണേട്ടൻ മറ്റേ വ്യക്തിയുമായി സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു…. എന്നെക്കണ്ടതും, അവർ അരികിലേക്ക് വന്നു… എനിക്കപ്പോഴും, അയാളോട് ഉള്ളിൽ നീരസമായിരുന്നു… “” പറഞ്ഞോ അവരോടെല്ലാം…? “” കണ്ണേട്ടൻ ചോദിച്ചു. “” മ്മ്ഹ്.. “” ഞാനൊന്ന് മൂളി. “” ഭദ്രയെ ഒന്ന് കണ്ടിട്ടു പോകാം എന്നു കരുതിയാ നിന്നത്… “” എന്റെ അരോചകത്വം മനസ്സിലാക്കി അയാൾ പറഞ്ഞു. “” അത്തരം സെന്റിമെന്റ്സിന്റെയൊന്നും ആവശ്യമില്ല… പ്രവർത്തിക്കേണ്ടത്, അതാത് സമയത്ത് പ്രവർത്തിക്കണം… അല്ലാതെ, എല്ലാം കഴിഞ്ഞ് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള പ്രഹസനം വെറും ബോറാണ്… “” ഞാൻ പുച്ഛത്തോടെ പറഞ്ഞു.
“” ചാരൂ, നീ സത്യമറിയാതെയാണ് സംസാരിക്കുന്നത്… അത്തരമൊരു സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാനത്ത് നമ്മളായാലും അങ്ങനെയേ പ്രവർത്തിക്കുമായിരുന്നുള്ളൂ… “” കണ്ണേട്ടൻ എന്നെ ശാസിക്കുംവിധം പറഞ്ഞു.. ആ സമയം, അയാളുടെ മൊബൈൽ റിംഗ് ചെയ്തു.. “” ആഹ് മോളെ, ഡാഡി ദേ എത്തി… ഒരു ടെൻ മിനുട്സ് അതിനുള്ളിൽ ഡാഡി എത്തിയിരിക്കും പ്രോമിസ്… ഓക്കെ… വരാം… ഡാഡി പ്രോമിസ് പറഞ്ഞതല്ലെടാ… വരാം… വരാം.. ഓക്കേ “” ഒരു ചെറുപുഞ്ചിരിയോടെ അയാൾ കോൾ കട്ട് ചെയ്യുന്നത് കണ്ടു… “” അവളാ വിളിച്ചത്, അലമോള്… ഇനിയും ലേറ്റയായാൽ അവളാകെ വയലന്റാകും… പിന്നെ, കുറച്ചു ദിവസത്തേക്ക് അതുമതി എന്നോട് പിണങ്ങിയിരിക്കാൻ…. “”” എന്ന് പറഞ് അയാൾ പോക്കറ്റിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡെടുത്ത് കണ്ണേട്ടനു നീട്ടി… “” എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം… ഞാൻ, നാളെ വരാം “” എന്നെ നോക്കിയും യാത്രചോദിച്ച് അയാൾ, താഴേക്കുള്ള സ്റ്റെപ്പിറങ്ങിപ്പോയി…. കണ്ണേട്ടൻ കയ്യിലിരുന്ന വിസിറ്റിംഗ് കാർഡ് എനിക്കു നീട്ടി… കാർഡിലെ പേരുകണ്ട് ഞാനൊന്നമ്പരന്നു… പ്രമുഖ ബിസിനസ് ഗ്രൂപ്പായ “എസ് എൻ ഡെവലപ്പേഴ്സിന്റെ ” എം ഡി, ഗൗതം മേനോൻ. നാലകത്ത്! ഞാൻ അതിശയത്തോടെ കണ്ണേട്ടനെ നോക്കി…
“” നോക്കണ്ട… അദ്ദേഹം തന്നെയാ ഇപ്പൊ ഇവിടുന്ന് പോയത്… നീയിത്രേം നേരം വഴക്കു പറഞ്ഞോണ്ടിരുന്നത്.. “” കണ്ണേട്ടൻ പറഞ്ഞു. കണ്ടിട്ടില്ലെങ്കിലും, കേട്ടറിവുണ്ട് എസ് എൻ ഗ്രൂപ്പിനെ കുറിച്ചും, നാലകത്ത് തറവാടിനെ കുറിച്ചുമൊക്കെ…. തലമുറകളായി ബിസിനസിൽ തൊട്ടതെല്ലാം പൊന്നാക്കിയ എസ് എൻ ഗ്രൂപ്പിനെ കുറിച്ച് എങ്ങും ഖ്യാതിയുണ്ട്…. സ്വന്തം വളർച്ചയോടൊപ്പം, സമൂഹ നന്മയും ലക്ഷ്യമിടുന്ന ചുരുക്കം ചില ബിസിനസ് ഗ്രൂപ്പുകളിൽ പെട്ടതാണ് എസ് എൻ ഡെവലപ്പേഴ്സും… “” പുറമേക്ക് കാണിച്ചില്ലെങ്കിലും, എല്ലാവർക്കും ഉണ്ടാവുമെടോ ഓരോരുത്തരുടെ സ്വകാര്യ സങ്കടങ്ങൾ…. അദ്ദേഹത്തിന്റെ കാര്യവും അങ്ങനെത്തന്നെയാ…. “” കണ്ണേട്ടൻ പറഞ്ഞപ്പോൾ, ആകാംക്ഷയോടെ എന്റെ മിഴികളുയർന്നു…. “” ആരെ കുറിച്ചാ കണ്ണാ…? “” അച്ഛനും അങ്ങോട്ടു വന്നു. ഞാൻ, കയ്യിലിരുന്ന വിസിറ്റിംഗ് കാർഡ് അച്ഛനെ കാണിച്ചു.. അച്ഛനും അതിശയമായിരുന്നു…
“” ഗൗതം സാറിന്, അദ്ദേഹത്തിന്റെ വൈഫിനെ നഷ്ടമായിട്ട് ആറ് മാസമേ ആയിട്ടുള്ളൂ…. ആക്സിഡന്റ് ആയിരുന്നത്രെ… അഞ്ചു വയസ്സുള്ള ഒരു മോളുണ്ട്…, പേര് അല…! ചാരു നേരത്തെ ചോദിച്ചില്ലേ, ഒരു ജീവനേക്കാൾ വലുതല്ലല്ലോ മറ്റൊന്നും എന്ന്…? അതദ്ദേഹത്തതിന് അറിയാഞ്ഞിട്ടല്ല… പക്ഷേ,,, മറ്റേത് ജീവനേക്കാളും അദ്ദേഹത്തിന് വലുത്, സ്വന്തം മകളുടെ ജീവനായിരുന്നു….! അതിനു വേണ്ടിയാ, ആക്സിഡന്റ് സംഭവിച്ചിട്ടും അദ്ദേഹം ഭദ്രയെ സേവ് ചെയ്യാൻ ശ്രമിക്കാതെ പൊയ്ക്കളഞ്ഞത്….””” കണ്ണേട്ടൻ പറഞ്ഞു നിർത്തി. “” എന്താ… എന്താ ആ കുട്ടിക്ക് സംഭവിച്ചേ? “” ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. “”ജീവനായിരുന്ന അമ്മയെ പെട്ടന്നൊരു ദിവസം നഷ്ടപ്പെട്ടതിന്റെ ആഘാതം, ആ കുഞ്ഞു മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതല്ല… ആ വേദന, അവൾ തീർക്കുന്നത് പിടിവാശികളിലൂടെയാണ്…. ഗൗതം സാറിനെയല്ലാതെ, മറ്റൊരാളെയും അവൾ അനുസരിക്കുകയോ, അരികിലേക്ക് അടുപ്പിക്കുകയോ ചെയ്യുന്നില്ലത്രേ…. സാറ് കാണിക്കുന്ന ചെറിയ പിണക്കം പോലും അവൾക്ക് താങ്ങാൻ കഴിവില്ലെന്ന്…. “” ഞാനും മമ്മീടെ അടുത്തേക്ക് പോവാ “” എന്ന് പറഞ് അവൾ ഇറങ്ങി ഓടിക്കളയും… ഡാഡി, അവളുടെ അരികിൽ നിന്ന് മാറാനോ മറ്റോ അവൾ അനുവദിക്കില്ല….
ഭദ്രയ്ക്ക് ആക്സിഡന്റ് പറ്റിയ ആ രാത്രിയാണത്രേ ഗൗതം സാർ, വൈഫിന്റെ മരണശേഷം പുറത്തിറങ്ങുന്നത്…. അതും മോള് ഉറങ്ങിയ ശേഷം… പക്ഷേ, സാറ് പോയ ഉടനെ അവളുണരുകയും ഡാഡിയെ ചോദിച്ച് ബഹളം വെയ്ക്കുകയും ചെയ്തു…. മമ്മിയെ പോലെ ഡാഡിയും തന്നെവിട്ട് പോയോ എന്ന പേടിയിലും വേദനയിലും ആയിരിക്കണം അവൾ വീടിന്റെ മുകൾ നിലയിലേക്ക് ഓടിക്കയറുകയും, താഴേക്ക് ചാടാൻ ശ്രമിക്കുകയും ചെയ്തത്… വിവരമറിഞ്ഞ ഗൗതം സാർ, യാത്ര മാറ്റിവെച്ച് തിരികെ വരുമ്പോഴാണ് ഈ ആക്സിഡന്റ് ഉണ്ടാകുന്നത്… സ്വാഭാവികമായും ആരും ആ സമയത്ത്, സ്വന്തം മകളുടെ ജീവനെ കുറിച്ചേ ചിന്തിക്കൂ… എങ്കിലും, ചെയ്തത് തെറ്റല്ല എന്ന് അദ്ദേഹം പറയുന്നില്ല… “ഭദ്രയെ രക്ഷിക്കാൻ മാറ്റാരെങ്കിലും ശ്രമിക്കും. പക്ഷേ, ഞാനൊരൽപം വൈകിയാൽ എന്റെ മോളെക്കൂടി എനിക്ക് നഷ്ടമാകും ” എന്നാ അദ്ദേഹം കണ്ണു നിറച്ചുകൊണ്ട് പറഞ്ഞത്… “” കണ്ണേട്ടൻ പറഞ്ഞതുകേട്ട് എനിക്കാകെ കുറ്റബോധം തോന്നി… സത്യമറിയാതെ ആ പാവം മനുഷ്യനെ, പഴിച്ചതിൽ എനിക്കെന്നോടു തന്നെ വെറുപ്പ് തോന്നി…
“” ഭദ്രയെ കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർ പറഞ്ഞു.. “” ഒരു സിസ്റ്റർ വന്ന് പറഞ്ഞു. “” ഭദ്രേച്ചി വന്നാൽ, അച്ഛൻ അമ്മേം കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളൂ… ഇവിടെ നിന്നാൽ അമ്മേടെ പ്രയാസം കൂടുകയേ ഉള്ളു… “” ഞാൻ പറഞ്ഞു. അച്ഛനൊന്ന് മൂളുക മാത്രം ചെയ്തു… പിന്നെ, അമ്മയ്ക്കടുത്തേക്ക് പോയി… “” കണ്ണേട്ടാ… “” ഞാൻ വിളിച്ചു. “” അറിയാലോ, ഭദ്രേച്ചീടെ ഈ അവസ്ഥേല് നമുക്ക് ചെയ്യാൻ കഴിയുന്നത് മാക്സിമം സന്തോഷം കൊടുക്കാ എന്നുള്ളതാ… അതോണ്ട്, ചേച്ചിയോട് കണ്ണേട്ടനിനി ദേഷ്യം കാണിക്കരുത്… “” “” ദേഷ്യം കാണിക്കാതിരിക്കാം… എന്നുവെച്ച്, സ്നേഹം അഭിനയിക്കാൻ തല്ക്കാലം എന്നെ നിർബന്ധിക്കണ്ട! ഉള്ളിലൊന്ന് വെച്ച്, പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കാൻ ഞാൻ ശീലിച്ചിട്ടില്ല ചാരൂ… “” അതുംപറഞ്, കണ്ണേട്ടൻ പോയി.. എത്രയൊക്കെ മാറ്റാൻ ശ്രമിച്ചാലും, കണ്ണേട്ടന്റെ ഹൃദയം , എനിക്കല്ലാതെ മറ്റൊരാൾക്കുവേണ്ടി തുടിക്കുകയില്ലെന്ന് അന്നേരം ഞാൻ തിരിച്ചറിഞ്ഞു….
ഭദ്രേച്ചിയെ മുറിയിലേക്ക് മാറ്റിയിട്ടും, ഞാൻ ചേച്ചിക്കരികിലേക്ക് പോയതേയില്ലായിരുന്നു… ചേച്ചിയെ അഭിമുഖീകരിക്കാൻ എനിക്ക് ഭയമുണ്ടായിരുന്നു…. ഒരർത്ഥത്തിൽ, എന്നെ ചൊല്ലിയല്ലേ ചേച്ചി ആ രാത്രി വീടുവിട്ടറങ്ങിയത്…. ഈയൊരവസ്ഥയിൽ ഇവിടെ കിടക്കേണ്ടി വന്നത്…. “” മോള് കാണുന്നില്ലേ ഭദ്രയെ…? “” അച്ഛൻ എനിക്കരികെ വന്നുനിന്നു.. “” ഈയൊരവസ്ഥയിൽ ചേച്ചിയെന്നെ കാണാതിരിക്കുന്നതാ അച്ഛാ നല്ലത്… അത് ചിലപ്പോ, ചേച്ചീടെ ആരോഗ്യ സ്ഥിതിയെ ബാധിക്കും… “” ഞാൻ പറഞ്ഞു. “” അതുശരി… ഈ ആളാണോ, എന്നോടും അമ്മയോടും വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞത്…? “” അച്ഛൻ കളിയാക്കി. “” ന്നെ അന്വേഷിച്ചോ ഭദ്രേച്ചി? “” പെട്ടന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.. “” ഇല്ല…. നിന്നെ അന്വേഷിക്കും എന്നുതന്നെയാ അച്ഛനും കരുതിയേ… പക്ഷേ, അതുണ്ടായില്ല!”” പ്രതീക്ഷിച്ചതെങ്കിലും, എന്തോ വല്ല്യേ സങ്കടം തന്നെയായിരുന്നു ആ മറുപടി.. നിരാശയുടെ ഭാവം മാറ്റി, വെറുതെയൊന്ന് ചിരിക്കാൻ ശ്രമിച്ചുനോക്കി ഞാൻ…
“”” നിന്നെ ഇടിച്ചിട്ട് നിർത്താതെ പോയില്ലേ ആ കാറ്… അത് ഓടിച്ചിരുന്ന ആള് വന്നിരുന്നു ഇവടെ… ചാരു അയാളെ, കണ്ണുപൊട്ടണ ചീത്ത പറഞ്ഞു… “” ലക്ഷ്മി ഭദ്രയോട് പറഞ്ഞു. കുറച്ചു നേരത്തേക്ക് ഭദ്ര ഒന്നും മിണ്ടിയില്ല! പിന്നെ, പതിയെ പറഞ്ഞു.., “” ഞാൻ ചെയ്ത കുറ്റത്തിന്, അയാളെ പറഞ്ഞിട്ടെന്തിനാ? “” “” മോളെ……! “” “” ജീവൻ കളയാൻവേണ്ടി തന്നെ ചെയ്തതാ… പക്ഷേ, അവിടേം ദൈവമെന്നെ തോൽപ്പിച്ചു കളഞ്ഞു…”” നിരാശയോടൊപ്പം പഴയ ദേഷ്യവും അവളിൽ അവശേഷിച്ചിരുന്നു…. “” എന്താ കുട്ടീ നീയീ പറയണേ… ഇങ്ങനൊക്കെ ചിന്തിക്കാൻ മാത്രം എന്താ ഉണ്ടായേ… മരിക്കാന്നു വെച്ചാ, കുട്ടിക്കളിയാന്നാ നിന്റെ വിചാരം…? “” “” എന്റെ ജീവിതത്തിൽ സംഭവിച്ചതെന്താന്ന് അമ്മയ്ക്കറിയില്ലേ…? അല്ലെങ്കിലും, നിങ്ങൾക്കൊന്നും എന്റെ ജീവിതത്തെ കുറിച്ചല്ലല്ലോ ആധി മുഴുവൻ…. അവളല്ലേ… അവളയല്ലേ, നിങ്ങൾക്ക് പ്രധാനം… “” ഭദ്ര പല്ലു ഞെരിച്ചു. “” ഈ കിടപ്പിലും, നിനക്കൊരു മാറ്റവും ഇല്ലല്ലോ മോളെ… “” ലക്ഷ്മി വിലപിച്ചു.
“” അങ്ങനെ മാറുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് തോന്നിയതോണ്ടാ, ഞാനതിനു ശ്രമിച്ചത്… ഒന്നിൽ പിഴച്ചെന്നു കരുതി, ഇനിയും എന്നെ ബുദ്ധിമുട്ടിച്ചാൽ ഞാൻ വീണ്ടും ഇത് ആവർത്തിച്ചെന്നു വരും….”” ഭദ്രേച്ചിയുടെ വാക്കുകൾക്ക്, ഞാനും കണ്ണേട്ടനും അച്ഛനുമെല്ലാം കേൾവിക്കാരായി പുറത്തുണ്ടായിരുന്നു…. ഒരു തരിമ്പെങ്കിലും ചേച്ചിക്കെന്നോടുള്ള സമീപനത്തിൽ, മാറ്റമുണ്ടാകുമെന്ന് വിശ്വസിച്ച എനിക്ക് അതൊരു വലിയ വേദനയായിരുന്നു… സങ്കടം അണപൊട്ടി പുറത്തേക്ക് വന്നപ്പോൾ ഞാൻ തിരിഞ്ഞോടി, വിജനമായ കൊറിഡോറിൽ ചെന്നുനിന്നു…. “” എന്തേ, സഹിക്കാൻ പറ്റുന്നില്ലല്ലേ? “” കണ്ണേട്ടന്റേതായിരുന്നു ആ ചോദ്യം… “” ഇവൾക്കാണോ, ഞാൻ സന്തോഷവും സ്നേഹവും കൊടുക്കേണ്ടത്?”” കണ്ണേട്ടൻ വീണ്ടും ചോദിച്ചു. ഞാനപ്പോഴും മൗനം പാലിച്ചു. “” സ്നേഹം കൊടുക്കുന്നെങ്കിൽ, അത് ഒരൽപമെങ്കിലും അർഹിക്കുന്നവർക്ക് കൊടുക്കണം… ഭദ്രയത് അർഹിക്കുന്നില്ല…! അവളുടെയുള്ളിൽ ഇപ്പോഴുള്ളത് പക മാത്രമാണ്…. ആ പക, അവളെ കൊണ്ടെത്തിക്കുന്നത് മരണത്തിലേക്കായിരിക്കും… അവളുടെയല്ല… നിന്റെ… നിന്റെ മരണത്തിലേക്ക്….!”” കാത്തിരിക്കണേ…. ❤

by