18/04/2026

നിന്നോളം : ഭാഗം 13

രചന – ഫൗസിയ യൂസഫ്

“” ആരാ, ചാരു…? “” “” ഞാനാണ്.. “” സൈക്കാട്രിസ്റ്റ്, ഡോക്ടർ സാമുവലിന്റെ മുന്നിലിരിക്കുമ്പോൾ, എന്നോടൊപ്പം അച്ഛനും കണ്ണേട്ടനും ഉണ്ടായിരുന്നു…. “” നിങ്ങൾ ഭദ്രയുടെ….?? “” “” അനിയത്തിയാണ്..!””” ഡോക്ടർക്ക് മറുപടി കൊടുത്തത് അച്ഛനായിരുന്നു… “”” ജന്മംകൊണ്ടല്ല ഡോക്ടർ, കർമ്മം കൊണ്ട്!””” ഞാൻ തിരുത്തിപ്പറഞ്ഞു. ഡോക്ടർ, എന്റെ മറുപടിയിലെ പൊരുളറിയാതെ എന്നെ മിഴിച്ചു നോക്കി.. എല്ലാം പറഞ്ഞു ഞാൻ…. ആരുമില്ലാതായൊരു കൊച്ചുപെണ്ണ്, വലിയൊരു തറവാടിന്റെ ഭാഗമായതും, അവരുടെ എല്ലാമായതും… പിന്നെ, സ്നേഹിച്ചയാളെ ഭദ്രേച്ചീടെ പിടിവാശിക്കുമുന്നിൽ വിട്ടുകൊടുത്തത്, ദൂരേക്ക് മാറ്റിനിറുത്തപ്പെട്ടത്… അവസാനം, ഇവിടെ… ഭദ്രേച്ചീടെ ജീവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഈ ഹോസ്പിറ്റൽ വരാന്തയിൽ ഇരിക്കേണ്ടി വന്നത്…. അങ്ങനെയങ്ങനെ എല്ലാം, ചുരുങ്ങിയ വാക്കുകളിലൊരു ചിത്രം ഡോക്ടർക്ക് മുന്നിൽ വരച്ചുചേർത്തു… എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ഡോക്ടറുടെ മുഖത്ത്, തേടിനടന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയ ആശ്വാസമുണ്ടായിരുന്നു….

“” എന്റെ ഊഹം ശരിയായിരുന്നു… ഭദ്രയിലുണ്ടായ ഈ മാറ്റത്തിന്റെ തുടക്കം ഇവിടെനിന്നല്ല…. അന്ന്… അവർ നിങ്ങളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ ആ രാത്രിയിലാണ് ഭദ്രയുടെ മനസ്സിന്റെ രൂപാന്തരം തുടങ്ങിവെച്ചത്…. “” ഡോക്ടർ പറഞ്ഞപ്പോൾ, ഞങ്ങൾ മൂവരും ഞെട്ടലോടെ പരസ്പരം നോക്കി… “” ഇതൊരു മാനസിക രോഗമോ, ഭ്രാന്തോ ഒന്നുമല്ല… ചില സമയങ്ങളിൽ മനുഷ്യ മനസ്സുകളിൽ സ്വാഭാവികമായി സംഭവിക്കുന്നൊരു ചേഞ്ച്… സ്നേഹിച്ച, ഭർത്താവായി സ്വീകരിച്ച ആൾ, തന്നെ ഒരിക്കലും അംഗീകരിക്കില്ലെന്ന സത്യത്തോടൊപ്പം, മറ്റുള്ളവരും തന്നെ കുറ്റപ്പെടുത്തിയപ്പോൾ…, തള്ളിപ്പറഞ്ഞപ്പോൾ…, ഒറ്റപ്പെട്ടുപോയെന്നൊരു തോന്നൽ… ആ തോന്നലിൽനിന്നുണ്ടായ ആത്മഹത്യാ ശ്രമം… ചാരു പറഞ്ഞതുപോലെ, ഭദ്രയൊരിക്കലും സ്വയം ഹത്യക്ക് ശ്രമിക്കില്ല… അവളിലുണ്ടായ മാനസിക സംഘർഷത്തിന്റെ തുടക്കം…,

അതിന്റെ ബാക്കി പത്രമാണ്, ഇന്നലെ ചാരുവിനെ ചൊല്ലി അവൾ പൊട്ടിത്തെറിച്ചതും അമ്മയോട് കയർത്തതുമെല്ലാം… എന്നാൽ, പിന്നീട് അമ്മയിൽ നിന്നും അറിഞ്ഞുകേട്ടൊരു സത്യം… അതാണ്‌ അവളിലെ ശൗര്യത്തെ കെടുത്തിക്കളഞ്ഞത്…. അമ്മയാവാൻ ഭാഗ്യമില്ലാതായിപ്പോയത്, ചാരുവിനോട് താൻ ചെയ്ത തെറ്റിന്റെ ഫലമാണെന്ന് അവൾ വിശ്വസിക്കുന്നു… അതവളുടെ മാനസിക പിരിമുറുക്കത്തെ കൂട്ടുകയും, താൻ മനസ്സറിഞ്ഞു സ്നേഹിച്ച ചാരുവിലേക്കുള്ള മടക്കയാത്രയ്ക്ക് മനസ്സ് തയ്യാറാവുകയും ചെയ്യുന്നു…. ആ സമയമാണ്, അവൾ നിങ്ങളിൽ നിന്നെല്ലാം മൗനം പാലിച്ചു നിന്നത്… അതേ സമയത്തു തന്നെയാണ്, ആ കുഞ്ഞ്…. അലമോൾ അവൾക്കുമുന്നിലെത്തിയത്…. കൊച്ചു ചാരുവിനോടുള്ള വാത്സല്യവും സ്നേഹവും തുളുമ്പി നിന്ന അവളുടെ ഹൃദയത്തിൽ, അലമോൾ ആ പഴയ ചാരുവാണെന്ന് സങ്കൽപ്പിച്ചിരിക്കുകയാണ്…. “”” ഡോക്ടറുടെ വാക്കുകൾക്ക് കാതോർക്കുമ്പോൾ എന്റെ കണ്ണും മനസ്സും നിറയുന്നുണ്ടായിരുന്നു….

അച്ഛനും, ഇടയ്ക്ക് മിഴികളൊപ്പുന്നത് കണ്ടു… “” ഇതൊരു അവസ്ഥ മാത്രമാണ്… പ്രത്യേക മെഡിസിനോ ട്രീറ്റ്മെന്റോ ആവശ്യമില്ലാത്തൊരു മാനസികാവസ്ഥ… ഇതിനുള്ള മരുന്ന്, നിങ്ങളിൽ തന്നെയുണ്ട്… ഞാൻ കുറിച്ചുതരേണ്ട ആവശ്യമില്ലാത്തൊരു മരുന്ന്…. നിങ്ങളുടെ സ്നേഹം….! പിന്നെ, ചാരുവും…. ഒന്നു ഞാൻ പറയാം… ഭദ്രയ്ക്കിപ്പോൾ, ചാരുവിനോട് കലർപ്പില്ലാത്ത സ്നേഹം മാത്രമേയുള്ളൂ…. അത്, അവൾക്കും തിരിച്ചു കൊടുക്കുക… അതവൾക്ക് ബോധ്യപ്പെടുന്ന നാൾ, അതായത് നിങ്ങളിലാർക്കും അവളോട് വെറുപ്പോ ദേഷ്യമോ ഇല്ലെന്ന് തിരിച്ചറിയുന്ന അന്ന്,അവൾ നിങ്ങളുടെ പഴയ ഭദ്രയായിരിക്കും…. “” ഡോക്ടർ പറഞ്ഞു നിറുത്തുമ്പോഴേക്കും, ഞാൻ വിതുമ്പിപ്പോയിരുന്നു…. അച്ഛനെന്നെ ചേർത്തു പിടിച്ച് പുറത്തേക്കിറങ്ങി…. “” മിസ്റ്റർ ഹരികൃഷ്ണൻ ഒന്ന് നിൽക്കൂ… “” ഡോക്ടർ, കണ്ണേട്ടനെ മാത്രം തിരികെ വിളിച്ചു… ഞങ്ങളെയൊന്ന് നോക്കിയശേഷം കണ്ണേട്ടൻ, അദ്ദേഹത്തിനരികിലേക്ക് ചെന്നു…

ഞങ്ങൾ പുറത്തേക്കും… “” ഇനിയെന്താ തന്റെ സ്റ്റാന്റ്? വൈഫുമായിട്ട്….. “” “” ഇല്ല ഡോക്ടർ, എനിക്കതിനു കഴിയില്ല… അവളുടെ കുറവുകളല്ല അതിനു കാരണം… അവളെ അംഗീകരിക്കാൻ എന്നെക്കൊണ്ട് കഴിയില്ല ഡോക്ടർ..”” കണ്ണൻ നിർബന്ധം പറഞ്ഞു. ഡോക്ടറൊന്നു പുഞ്ചിരിച്ചു. “” പിന്നെന്തിനായിരുന്നെടോ ഈ വിവാഹം? ഭദ്രയെ, ഈ ഹോസ്പിറ്റൽ വരെ എത്തിച്ചതിന് തനിക്കൊരു പങ്കുമില്ലെന്ന്, തനിക്കു തോന്നുന്നുണ്ടോ? ഉള്ളിലുള്ളതെല്ലാം അന്നുതന്നെ വെട്ടിത്തുറന്നു പറയാമായിരുന്നില്ലേ മറ്റുള്ളവരോട്?”” ഒരല്പം പരുഷമായിരുന്നു ഡോക്ടറുടെ വാക്കുകൾ.. “” ഇല്ലെന്ന് ഞാൻ പറയുന്നില്ല… എന്റെ മനസ്സ് പറയുന്നതേ എന്നും ഞാൻ കേട്ടിട്ടുള്ളൂ… പ്രവർത്തിച്ചിട്ടുള്ളൂ…. അതിനൊരു മാറ്റം വന്നത്, ഈയൊരു വിവാഹക്കാര്യത്തിൽ മാത്രമാണ്… എനിക്കറിയാം, ചാരുവിന് മാറ്റാരേക്കാളും പ്രിയം ഭദ്രയോടാണ്… അവൾക്കുവേണ്ടി അവളെന്തും ത്യജിക്കും… അതുകൊണ്ടുതന്നെ, എന്റെ ഇഷ്ടവും അനിഷ്ടവും ഞാനാരോട് തുറന്നു പറഞ്ഞാലും, ഭദ്ര പിന്തിരിയാത്തിടത്തോളം ചാരുവെന്നെ സ്വീകരിക്കില്ലായിരുന്നു… എന്നെ, മറ്റൊരുവൾക്ക് നഷ്ടപ്പെടുത്തി, സ്വന്തമാക്കാൻ മോഹിച്ച ഭദ്രയോട് എനിക്ക് വെറുപ്പായിരുന്നു….

ആ കുടുംബത്തോടുള്ള പ്രതിബദ്ധത കൊണ്ടാ എനിക്ക് പ്രതികരിക്കാൻ കഴിയാതെ പോയത്… അതുകൊണ്ട്, അവളെ ഇങ്ങനെ ശിക്ഷിക്കാനാ എനിക്കു തോന്നിയത്… അതൊരു തെറ്റായിപ്പോയെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല ഡോക്ടർ… “” കണ്ണൻ പറഞ്ഞു. ഡോക്ടർ, അയാളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു… ആത്മാർത്ഥ സ്നേഹത്തിന്റെ പ്രതിരൂപമായി ഒരുവൾ, ഉള്ളിലുള്ളപ്പോൾ ഒരു പുരുഷന് മറ്റൊരു പെണ്ണിനെ എങ്ങനെ സ്നേഹിക്കാനാകും…? ഡോക്ടർ ചിന്തിച്ചു… ഞങ്ങൾ മുറിയിലേക്ക് ചെല്ലുമ്പോഴും, ഗൗതംസാറും അലമോളും പോയിരുന്നില്ല…. ഭദ്രേച്ചി, ആ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ… അത് ഞാൻ തന്നെയല്ലേ എന്ന് എനിക്കും തോന്നിപ്പോയി…. “” ഡോക്ടറെന്താ പറഞ്ഞത്? “” അമ്മ അന്വേഷിച്ചു. “” പെട്ടന്ന് എല്ലാംകൂടി കേട്ടതിന്റെയൊരു ഷോക്ക്.. അത്രേ ഉള്ളു ലക്ഷ്മി… അതിനെ രോഗം എന്നൊന്നും കരുതി ചികിൽസിക്കേണ്ടെന്നാ ഡോക്ടറ് പറഞ്ഞത്.. “” അച്ഛൻ മറുപടി പറഞ്ഞു. അപ്പോഴേക്കും കണ്ണേട്ടനും എത്തിയിരുന്നു…

“”എങ്കില്പിന്നെ, ഞങ്ങളിറങ്ങട്ടെ.. വീട്ടിലുള്ളവർ കാത്തിരിക്കുന്നുണ്ടാകും..”” ഗൗതം സർ എഴുനേറ്റു.. “” നമുക്കിറങ്ങാം മോളേ.. ആന്റിയോട് റ്റാറ്റ പറയൂ.. “” അദ്ദേഹം, അലാമോളുടെ കയ്യിൽ പിടിച്ചപ്പോൾ, ഭദ്രേച്ചിയുടെ മുഖം മാറുന്നുണ്ടായിരുന്നു… അലമോളും, പോകാനത്ര താല്പര്യം കാണിച്ചില്ല… “” നമുക്കിപ്പോ പോണ്ട ഡാഡി… കുറച്ചുനേരം കൂടി കഴിഞ്ഞിട്ടു പോകാം… എനിക്കിനീം ആന്റിടെ അടുത്ത് ഇരിക്കണം.. “” അലമോൾ വാശിപിടിച്ചു… ഭദ്രേച്ചി, അവളെ മുറുകെ ചേർത്തുപിടിച്ചിരുന്നു…. അവളും, ചേച്ചിയോട് കൂടുതൽ ചേർന്നിരുന്നു…. “” സമയം ഇപ്പോൾത്തന്നെ വൈകി മോളേ.. നമുക്ക് ആന്റിയെ കാണാൻ പിന്നെ വരാട്ടോ.. “” “” പ്ലീസ് ഡാഡി.. ഇത്തിരിനേരം കൂടി… പ്ലീസ്.. “” അലമോളുടെ, ആവശ്യത്തിന് വഴങ്ങിക്കൊടുക്കാനെ സാറിന് നിർവാഹമുണ്ടായിരുന്നുള്ളൂ… അദ്ദേഹം, കണ്ണേട്ടനോടൊപ്പം പുറത്തേക്ക് നടന്നു… “” മോളെ ഇത്രയും ഹാപ്പിയായി ഈ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല.. “” ഗൗതം പറഞ്ഞു. കണ്ണൻ ചെറുങ്ങനെയൊന്ന് ചിരിച്ചു.

“” ഇനി, മോളെ കൊണ്ടുപോകാനായിരിക്കും ബുദ്ധിമുട്ട്.. വാശികാണിച്ചു തുടങ്ങിയാൽ പിന്നെയവളെ പിടിച്ചാൽ കിട്ടില്ല “” ഗൗതം വീണ്ടും ചിരിയോടെ പറഞ്ഞു. കണ്ണനപ്പോഴും, ഒന്നും പറയാതെ വിധൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു… ഗൗതം, അയാളെ കുറച്ചു നേരം ശ്രദ്ധിച്ചു… “” ഞാനൊരു ഔട്ട്സൈഡറാണ് എങ്കിലും ചോദിക്കുകയാണ്, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രോബ്ലമുണ്ടോ? ഐ മീൻ, താനും ഭദ്രയുമായിട്ട്….? “”” “” സാറിനെന്താ അങ്ങനെ തോന്നാൻ..” “” എന്തോ അങ്ങനെ തോന്നി… വൈഫ്‌ ഇങ്ങനൊരവസ്ഥയിൽ കിടക്കുമ്പോൾ, ഒരു ഭർത്താവിന്റെ ആറ്റിട്യൂഡിലുണ്ടാകുന്ന മാറ്റങ്ങൾ എനിക്കും അറിയാം.. ഞാനും കടന്നുപോയിട്ടുണ്ട് ഇങ്ങനൊരു വഴിയേ…. ബട്ട്, തനിക്കങ്ങനൊന്നും….. മേബി, എന്റെ തോന്നലായിരിക്കാം, അല്ലേ?? “” ഗൗതം പുഞ്ചിരിച്ചു. “” കള്ളം പറഞ്, ഉത്തമ ഭർത്താവിന്റെ ക്‌ളീൻ സർട്ടിഫിക്കറ്റ് വാങ്ങിച്ചിട്ട് കാര്യമില്ലല്ലോ… സർ പറഞ്ഞത് സത്യമാണ്… ഞാനും ഭദ്രയും, പേരിനു മാത്രമുള്ള ഭാര്യാഭർത്താക്കന്മാരാണ്… അതിനപ്പുറത്തേക്ക് ഞങ്ങൾ തമ്മിൽ ഒന്നുമില്ല… ഒന്നും….!”” കണ്ണന്റെ വാക്കുകളെ, ഞെട്ടലോടെയാണ് ഗൗതം കേട്ടു നിന്നത്…

“” പൊരുത്തപ്പെടില്ലെന്ന് നൂറ് ശതമാനവും ഉറപ്പുണ്ടായിട്ടു തന്നെയാ എനിക്കവളെ വേളി കഴിക്കേണ്ടി വന്നത്… കൊതിച്ചതിനെ എന്നിൽനിന്നകറ്റിയതും, ഈയൊരു വിധി എനിക്കു തന്നതും ഭദ്രയാണ്.. “” ഗൗതമിന് ഒന്നും മനസ്സിലായില്ല… അദ്ദേഹം, സംശയത്തോടെ കണ്ണനെ നോക്കി… ആ സംശയങ്ങൾക്ക് മറുപടിയെന്നോണം കണ്ണനും ചിലതൊക്കെ പറഞ്ഞു. “” തെറ്റേത് ശരിയേത് എന്നൊന്നും വേർതിരിക്കാൻ എനിക്ക് പറ്റുന്നില്ല… പക്ഷെ, ഈ സമയത്ത് ഭദ്രയ്‌ക്കൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് എനിക്ക് തോന്നുന്നു… തന്റെ പ്രെസെന്റ്സ് ആയിരിക്കും, അവരെ പഴയ നിലയിലേക്ക് എത്തിക്കാൻ സഹായിക്കുക… “” ഗൗതം തന്റെ അഭിപ്രായം തുറന്നു പറഞ്ഞു.. കണ്ണനൊന്നും പറഞ്ഞില്ല… അന്നേരം ഞാൻ, അലമോളെയും തോളിലിട്ട് അങ്ങോട്ട് ചെന്നു.. “” കളിച്ചുകളിച്ച് മോളുറങ്ങിപ്പോയി… “” ഞാൻ പറഞ്ഞു. ഗൗതം സർ, എന്നിൽ നിന്നും മോളെവാങ്ങി സ്വന്തം തോളിലിട്ടു… ആ കാഴ്ച്ചയിൽ, എനിക്കെവിടെയോ ഒരു നോവുതോന്നി…. അമ്മയില്ലാത്ത…. ഭാര്യയില്ലാത്ത ആ കുഞ്ഞിന്റെയും അവളുടെ ഡാഡിയുടേയും ചിത്രം എന്നിലൊരു വേദനയുണർത്തി….

രണ്ടു ദിവസം കഴിഞ്ഞാണ്, ഭദ്രേച്ചീടെ സർജറി ഫിക്സ് ചെയ്തത്…. അമ്മയെപ്പോഴും അതിനെചൊല്ലി കരച്ചിലായിരുന്നു…. നഷ്ടപ്പെടാൻ പോകുന്നത്, ഒരു പെണ്ണിനും ചെറുതല്ലല്ലോ….. ഭദ്രേച്ചി എപ്പോഴും നിശബ്ദയായിരുന്നു…. അപൂർവമായേ എന്തെങ്കിലും പറയൂ.. അതും അമ്മയോടോ അച്ഛനോടോ… ഞാൻ അരികിൽ ചെന്നാലും കാണാത്ത ഭാവമായിരുന്നു…. കണ്ണേട്ടനാണെങ്കിൽ, അരികിൽപോലും ചെല്ലാറുമില്ല…. ഭദ്രേച്ചിയെ കാണാൻ വാശിപിടിച്ച് ഒരിക്കൽക്കൂടി, അലമോൾ ഡാഡിക്കൊപ്പം വരികയുണ്ടായി… അന്നാണ്, ഭദ്രേച്ചി വീണ്ടും ചിരിച്ചു കണ്ടത്…. സർജറി, പറഞ്ഞ ദിവസം തന്നെ നടന്നു…. മുറിയിലേക്ക് മാറ്റിയിട്ടും എനിക്ക്, ചേച്ചിക്കരികിൽ ചെല്ലാൻ തോന്നിയില്ല ആ മുഖം കാണുന്നതുതന്നെ എനിക്ക് വേദനയായിരുന്നു…. എല്ലാ വേദനകൾക്കും, ഞാനൊരു ഹേതുവാകുകയാണോ എന്നൊരു മനപ്രയാസമെന്നെ വരിഞ്ഞുമുറുക്കി.. “” മോളേ, ഈ കഞ്ഞി ചേച്ചിക്ക് കോരിക്കൊടുക്ക് “” അമ്മയെന്നെ വിളിച്ചു. അമ്മ, അച്ഛനോടൊപ്പം പുറത്തേക്ക് പോകുന്നത് കണ്ടു… സ്പൂണിൽ കോരിയെടുത്ത കഞ്ഞി, വായിലേക്ക് വച്ചുകൊടുക്കുമ്പോഴും, ഞാൻ ചേച്ചിയെ നോക്കിയില്ല… എനിക്കതിന് ധൈര്യം വന്നില്ല…. “”

എനിക്കുള്ള ശിക്ഷ, കുറഞ്ഞുപോയെന്ന് നിനക്ക് തോന്നുന്നുണ്ടോ…? “” പെട്ടന്നായിരുന്നു ആ ചോദ്യം! ഞാൻ ചേച്ചിയെ നോക്കി… ഒരു വരണ്ട ചിരിയുണ്ടായിരുന്നു ആ മുഖത്ത്…. പിടിച്ചു നിർത്തിയതെല്ലാം ഒരു നിമിഷംകൊണ്ടാണ്, അണപൊട്ടി പുറത്തേക്കൊഴുകിയത്… “” എന്തിനാ ചേച്ചി, എന്നോടിങ്ങനൊക്കെ…. ഞാൻ… ഞാനങ്ങനൊക്കെ ആഗ്രഹിക്കോ..? “” എന്റെ ശബ്ദമിടറി… “” ആഗ്രഹിച്ചാലും തെറ്റ് പറയാൻ പറ്റില്ലല്ലോ… ഏത് ശിക്ഷയും അർഹിക്കുന്നവളല്ലേ ഞാൻ.. “” വാക്കുകൾക്കൊപ്പം ചേച്ചിയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ, എനിക്കെന്നെ നിയന്ത്രിക്കാനായില്ല… ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു… ആ നെറുകയിൽ ചുണ്ടമർത്തുമ്പോൾ, എന്റെ കണ്ണുനീർ ചേച്ചിയുടെ കണ്ണുനീരിനൊപ്പം ചേരുന്നുണ്ടായിരുന്നു…… കാത്തിരിക്കണേ…. ❤