19/04/2026

നിന്നോളം : ഭാഗം 03

രചന – ഫൗസിയ യൂസഫ്

“” നിന്നോടെനിക്ക് ദേഷ്യൊന്നൂല്ല.. എന്നുകരുതി, കണ്ണേട്ടനെയെനിക്ക് നഷ്ടപ്പെടുത്താനും വയ്യ! നീയിങ്ങനെ കണ്മുന്നിലുള്ളപ്പോ കണ്ണേട്ടനെന്നെ പൂർണ്ണമായും മനസ്സ് തുറന്ന് സ്നേഹിക്കാൻ കഴിയാതെ വരും… അതിന്… അതിന് നീ പോകുന്നതു തന്ന്യാ നല്ലത് “” ഭദ്രേച്ചീടെ വാക്കുകൾക്ക് ഇത്തിരി അയവു വന്നതുപോലെ… “” ഭദ്രേചിക്കെന്നോട് എന്തും പറയാം, കൽപ്പിക്കാം… അതിനുള്ള അവകാശം ഭദ്രേച്ചിക്കുണ്ട്… എട്ടുംപൊട്ടും തിരിയാത്ത ഇത്തിരിപോന്ന കുഞ്ഞിൽനിന്നും, സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളൊരു പെണ്ണിലേക്കെന്നെ പ്രാപ്തമാക്കിയില്ലേ.. അതിൽ കൂടുതലൊന്നും ഞാൻ ആഗ്രഹിച്ചൂടാ… എന്തേലും മോഹിച്ചു പോയെങ്കിൽ, അതെന്റെ തെറ്റ്.. ഭദ്രേച്ചി പറഞ്ഞാ മതി… ഇപ്പൊ,, ഈ നിമിഷം ഇറങ്ങിക്കോളാം ഞാനിവിടന്ന്! എങ്ങോട്ടേക്കായാലും… “” ഞാൻ പറഞ്ഞു. “” അങ്ങനെ, ഒരു ഗതിയും ഇല്ലാതെ നീയിവിടന്ന് പോവേന്നും വേണ്ട… നിനക്കൊരു ജോലിയും, താമസിക്കാനുള്ള ഇടവുമൊക്കെ ഞാൻ സംസാരിച്ചു വച്ചിട്ടുണ്ട്… എന്റൊരു ഫ്രണ്ടിന്റടുത്… “” ഭദ്രേച്ചി പറഞ്ഞപ്പോ എന്നിൽ, ആത്മനിന്ദയോടൊരു ചിരിയുതിർന്നു..

“” പോവുന്ന കാര്യം നീ തന്നെ ഇവിടെ പറഞ്ഞാമതി.. കേൾക്കുമ്പോ അവര് മുടക്കം പറഞ്ഞെന്ന് വരും… നീ അവരെക്കൊണ്ട് സമ്മതിപ്പിച്ചേക്കണം… ബാക്കിയൊക്കെ ഞാൻ വഴിയേ പറയാം “” ഭദ്രേച്ചി പോയ വഴി നോക്കി ഞാനങ്ങനെ നിന്നു… കൊണ്ടുവരാൻ കാട്ടിയ ഉത്സാഹം, എന്നെ പറഞ്ഞു വിടുന്നതിലും ചേച്ചി കാണിക്കുന്നുണ്ട്…. എങ്കിലും, ഉള്ളിലിപ്പോഴും ഇത്തിരി സ്നേഹം ബാക്കികിടപ്പുണ്ടെന്ന് തോന്നുന്നു.. അതുകൊണ്ടല്ലേ, മുന്നിലേക്കൊരു വഴി തെളിച്ചു തന്നിരിക്കുന്നത്… അതോ, കുറ്റബോധമോ, മറ്റുള്ളവരെ ധരിപ്പിക്കാനുള്ള ഒരു കാരണം മാത്രമാണോ എന്നോട് കാണിക്കുന്ന ഈ ഔദാര്യം?? അറിയില്ല… അച്ഛനോടും അമ്മോടും ഇക്കാര്യം എങ്ങനെ അവതരിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു… കേൾക്കുന്ന നിമിഷം ആ ഹൃദയങ്ങൾ വേദനിക്കും…

വേർതിരിവ് കാണിച്ചിട്ടില്ലിതുവരെ തന്നോടും ഭദ്രേച്ചിയോടും… അവരെ നോവിക്കുന്നവളായി മാറാനായിരിക്കോ ദേവീ ന്റെ വിധി…? മനസ്സാകെ ചുട്ടുനീറുന്ന പോലെ… പക്ഷേ, പറയാതെ വയ്യല്ലോ… മനസ്സിനെ പാകപ്പെടുത്തിയാണ് അച്ഛനരികിലേക്ക് ചെന്നത്… പൂമുഖത്ത് അച്ഛനൊപ്പം കണ്ണേട്ടനേയും കണ്ടപ്പോൾ, മുന്നിലേക്ക് ചെല്ലാതെ മാറിനിൽക്കാനെ തോന്നിയുള്ളൂ… “” തനിക്ക് എതിർപ്പൊന്നും ഉണ്ടാവില്ല്യാന്ന് ഞാൻ കരുതിക്കോട്ടെ? “” അച്ഛൻ ചോദിക്കുന്നത് കേട്ടു… ഭദ്രേച്ചിയുമായുള്ള വിവാഹക്കാര്യം കണ്ണേട്ടനോട് അച്ഛൻ സംസാരിച്ചു കാണണം.. കണ്ണേട്ടന്റെ മറുപടിക്ക് കാതോർക്കുമ്പോ, എന്തിനെന്നറിയാതെ എന്റെ ഹൃദയവും ശക്തിയിൽ മിടിച്ചുകൊണ്ടിരുന്നു… “” അതഛാ… ഞാൻ “” “” പെട്ടന്ന് ചോദിക്കുമ്പോ എന്തു പറയണം എന്ന് അറിയാതെ വരും… സാരല്ല, താൻ പിന്നെ പറഞ്ഞാലും മതി “” കണ്ണേട്ടന്റെ പുറത്ത് തട്ടിക്കൊണ്ട് അച്ഛൻ അകത്തേക്ക് കയറുന്നതും, കണ്ണേട്ടൻ അസ്വസ്ഥനാകുന്നതും ഞാൻ വാതിലിന്റെ വിടവിലൂടെ നോക്കിക്കണ്ടു…

ആ മുഖം കാണെ, എന്റുള്ളിലൊരു വേദന കൂടുകൂട്ടി… ഭദ്രേച്ചീടെ ആഗ്രഹം, ഒരിക്കലെങ്കിലും അറിഞ്ഞിരുന്നെങ്കിൽ…,,, എന്റെ മോഹം ഞാൻ എന്നേ ഉപേക്ഷിക്കുമായിരുന്നു… എങ്കിൽ, പാവം കണ്ണേട്ടനെ ഇത്രമേൽ വേദനിപ്പിക്കേണ്ടി വരില്ലായിരുന്നു… കണ്ണുകൾ ഇറുകെയടച്ചു, ചുമരിനോട് ചേർന്നു നിന്നു ഞാൻ… സ്ഥലകാല ബോധമില്ലാതെ, കണ്ണുകൾ അനുസരണക്കേട് കാട്ടിയതൊന്നും ഞാൻ അറിയുന്നില്ലായിരുന്നു… “” എന്താത്… എന്തൊരു നിൽപ്പാ കുട്ടീത്? “” അമ്മയുടെ കയ്യെന്റെ തോളിൽ പതിച്ചപ്പോഴാണ് ഞാൻ, ഞെട്ടലോടെ മിഴികൾ തുറന്നത്.. “” അ.. അതുപിന്നെ… ഞാൻ “” കവിളിലൂടൊഴുകിയ കണ്ണുനീർ ധൃതിയിൽ തുടച്ചു മാറ്റുന്നതിനിടെ ഞാൻ പിറുപിറുത്തു… “” രണ്ടീസായി ഞാൻ ശ്രദ്ധിക്കണു ഒരേ നിൽപ്പും ആലോചനയും… എന്താ നെനക്ക് പറ്റീത് മോളേ ? “” അമ്മ എന്നെ തലോടിയതും, ഭാരങ്ങളിറക്കിവെക്കാൻ ഒരു അത്താണികിട്ടിയ ആശ്വാസത്തോടെ ഞാനാ തോളിലേക്ക് ചാഞ്ഞു.. കുറേ കരഞ്ഞു..

അമ്മയ്‌ക്കൊന്നും മനസ്സിലായില്ലെങ്കിലും, ഒന്നും ചോദിച്ചെന്നെ ബുദ്ധിമുട്ടിക്കാതെ എന്റെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു അമ്മ… “” വേറൊന്നുമല്ലമ്മേ…. അവളൊരു ജോലി വേണംന്ന് എപ്പഴും പറയാറില്ലേ.. ഞാനത് എന്റെ ഫ്രണ്ട്സിൽ ചിലരോട് പറഞ്ഞിരുന്നു.. അതിലൊരാൾ വിളിച്ചിരുന്നു, ഇവൾക്കുള്ള ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്… എത്രയും വേഗം ജോയിൻ ചെയ്യേണ്ടി വരും.. അതറിഞ്ഞപ്പോ മുതലുള്ള ടെൻഷനാ പെണ്ണിന്… ഇവിടന്ന് വിട്ടു നിൽക്കേണ്ടി വരില്ലേ എന്നോർത്ത് “” അമ്മയ്ക്കുള്ള മറുപടിയുമായി വന്നത് ഭദ്രേച്ചിയായിരുന്നു… ചുണ്ടിലൊരു ചിരി വരുത്തിയിട്ടുണ്ടെങ്കിലും, എന്റെ നേർക്കുള്ള നോട്ടം കടുത്തതായിരുന്നു…. “” ജോലിയോ.. ഇവക്കോ? “” അമ്മ പെട്ടന്ന് ചോദിച്ചു.

“” ജോലി വേണം എന്നുള്ള ചിന്തയൊക്കെ നല്ലതു തന്നെ.. പക്ഷേ, അതിപ്പോ എന്തായാലും വേണ്ട! മാത്രല്ല, ഇവിടന്ന് വിട്ടു നിന്നിട്ടുള്ള ഒരു ജോലിയെ പറ്റിയും നീയിപ്പോ ചിന്തിക്കേം വേണ്ട… അതെനിക്ക് ഇഷ്ടല്ല!!”” കടുപ്പിച്ചു പറഞ്ഞുകൊണ്ട് അച്ഛൻ ഞങ്ങൾക്കിടയിലേക്ക് വന്നപ്പോൾ, ആദ്യം ഞെട്ടിയത് ഭദ്രേച്ചിയായിരുന്നു.. എന്തു പറയണമെന്ന് എനിക്കും അറിയില്ലായിരുന്നു… അച്ഛൻ പറയുന്നതെന്തും, അക്ഷരംപ്രതി അനുസരിച്ചേ എനിക്ക് ശീലമുണ്ടായിരുന്നുള്ളൂ… ഭദ്രേച്ചി, ഇടയ്ക്കിടെ എന്നെ നോക്കിക്കൊണ്ടിരുന്നു… പിന്നെ, കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു തന്നു… “” അച്ഛാ.. നിക്ക് പോണം.. അച്ഛനും അമ്മേം എതിര് പറയരുത്.. ഞാൻ പറഞ്ഞിട്ടാ ചേച്ചി, നിക്ക് വേണ്ടി കൂട്ടുകാരോട് പറഞ് ജോലിയന്വേഷിച്ചത്… ഇനിയത് വേണ്ടാന്ന് വെക്കാൻ പറ്റില്ലഛാ… “” ഞാൻ പറഞ്ഞു. ഇങ്ങനൊന്നും ഇതിനുമുൻപ് അച്ഛനോട് സംസാരിച്ചു ശീലിച്ചിട്ടില്ല ഞാൻ… വിറച്ചു വിറച്ചായിരുന്നു അത്രയും പറഞ്ഞു തീർത്തത്…

മറുപടിക്ക് പകരം ഒരു കൂർത്ത നോട്ടമായിരുന്നു അച്ഛനെനിക്ക് തന്നത്… ആ നോട്ടത്തിൽ തന്നെ ഞാൻ ഉരുകിയൊലിച്ച് ഇല്ലാതായിരുന്നു.. ചെറുതെങ്കിലും, ഒരു അനുസരണക്കേടിന്റെ പേരിൽ ശാസിക്കേണ്ടി വന്നിട്ടില്ലിതുവരെ അച്ഛനെന്നെ… അതിനുള്ള ഇട ഞാൻ നൽകിയിട്ടില്ലിന്നോളം… “” എന്നെ അനുസരിക്കേണ്ട പ്രായം കഴിഞ്ഞു എന്ന് സ്വയം തോന്നലുണ്ടെങ്കിൽ നിനക്ക് പോകാം.. ഞാൻ നിർബന്ധിക്കില്ല! അച്ഛൻ കാരണം എന്റെ ഭാവി പോയെന്ന് നാളെ, കുറ്റം പറയരുതല്ലോ”” അച്ഛൻ പറഞ്ഞതും, ന്റെ നെഞ്ചോന്ന് വിങ്ങി… കരയാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട ഞാൻ നിസ്സാഹായതയോടെ മുഖം കുനിച്ചു നിന്നു… “” അച്ഛൻ, പോണ്ട എന്ന് പറഞ്ഞത് നിന്നോടുള്ള സ്നേഹക്കൂടുതലുകൊണ്ടല്ലേ മോളേ.. നിങ്ങളെപ്പോഴും അടുത്തുണ്ടാവുന്നതാ അച്ഛന് സന്തോഷം… അപ്പൊ, ആ സന്തോഷം കൊടുക്കേണ്ടത് നിങ്ങള് മക്കളുടെ കടമയല്ലേ? മോള് അച്ഛൻ പറയുന്നത് കേൾക്ക് “” അമ്മ എന്റെ കയ്യിൽ പിടിച്ചു.

കടമകളുടെയും കടപ്പാടുകളുടെയും ഇടയിൽ കിടന്ന്, വെന്തുനീറുന്ന ഞാനെന്ന പെണ്ണിന്റെ മനസ്സ് ഇവർക്കുമുന്നിൽ എങ്ങനെ തുറന്നു കാണിക്കാനാണ്… സ്നേഹത്തിന്റെ പേരിൽ നാടുവിടേണ്ടി വരുമ്പോൾ, അതേ സ്നേഹത്തിന്റെ പേരിൽ വീണ്ടും ഈ മണ്ണിൽ തന്നെ വേരൂന്നേണ്ടി വരുന്നു… രണ്ടായാലും എനിക്ക് സങ്കടാണ്… ഞാൻ കാരണം, മറ്റുള്ളവർക്കും! “” നിനക്കൊന്ന് പറഞ്ഞു കൊടുത്തൂടെടി ഇവൾക്ക്..? നിന്റെ കല്യാണം നടക്കുമ്പോ, ഇവളല്ലേ എല്ലാത്തിനും മുന്നിൽ വേണ്ടത്… നിനക്ക് അണിഞ്ഞൊരുങ്ങണെങ്കി ഇവളില്ലാതെ പറ്റുവോ… ഇടംവലം തിരിയണെങ്കി, ചാരു വേണംന്ന് നിർബന്ധം നിനക്കല്ലേ എപ്പഴും… നീയ് തന്നെ പറഞ്ഞു മനസ്സിലാക്കിക്ക് ഇവളെ… നീ പറഞ്ഞാലേ ഇവള് കേൾക്കൂ.. “”” ഭദ്രേച്ചിയോടായി പറഞ്ഞുകൊണ്ട് അമ്മ അച്ഛനുപിറകെ അകത്തേക്ക് പോയി… ഭദ്രേച്ചിയെന്നെ രൂക്ഷമായി നോക്കി..

“” അവര് അങ്ങനൊക്കെ പറയും… അതുകേട്ട് പോകാതിരുന്നാൽ.,, നീ ഇതിനേക്കാളേറെ വിഷമിക്കേണ്ടി വരും.. നീ മാത്രല്ല, അവരും… ന്റെ ജീവൻ ഇവിടത്തെ ഉത്തരത്തിൽ കിടന്ന് തൂങ്ങണത് എല്ലാർക്കും കാണേണ്ടി വരും..! അത് വേണോ? “” ഞാൻ ഞെട്ടിത്തരിച്ചു…! ന്നെ പ്രകോപിപ്പിക്കാൻ പറയുന്നതാണെങ്കിൽ കൂടിയും, അങ്ങനൊരു വാചകം കേൾക്കേണ്ടി വരുന്നത് പോലും എനിക്ക് വേദനയാണ്… സ്നേഹിച്ചേ ശീലമുള്ളൂ എന്റെ മനസ്സിന്… നോവിക്കാൻ പഠിച്ചിട്ടില്ലിതുവരെ…!! കാത്തിരിക്കണേ ❤