23/04/2026

നിന്നോളം : ഭാഗം 09

രചന – ഫൗസിയ യൂസഫ്

“” എന്തേയിപ്പോ ഇങ്ങനൊക്കെ തോന്നാൻ?? “” ലക്ഷ്മി, ജിജ്ഞാസയോടെ ഭർത്താവിനെ നോക്കി… കുറച്ചു നേരത്തേക്ക് മൗനമായിരുന്നു കൃഷ്ണവർമ്മയുടെ മറുപടിയിൽ… പിന്നെ,പറഞ്ഞു “” കണ്ണൻ ആഗ്രഹിച്ചത്, ഭദ്രയെ ആയിരുന്നില്ല, ചാരുവിനെയായിരുന്നു! അവര് തമ്മില്…. ഇഷ്ടത്തിലായിരുന്നു “” കേട്ടതിന്റെ ആഘാതത്തിൽ ലക്ഷ്മി, പൊടുന്നനെ എഴുനേറ്റു… “” എന്റീശ്വരാ എന്തായിതൊക്കെ കേക്കണേ… ആരാ പറഞ്ഞേ ഇതൊക്കെ?? “” “”” ആരും നേരിട്ട് പറഞ്ഞതല്ല ലക്ഷ്മി, കേൾക്കേണ്ടി വന്നു… അങ്ങനെയെങ്കിലും അറിയാൻ നിയോഗം ഉണ്ടായിരിക്കും.. “” അദ്ദേഹം, കട്ടിലിന്റെ ക്രാസിലേക്ക് ചാരിയിരുന്നു… “” ഭദ്രയ്ക്ക്… ഭദ്രയ്ക്കറിയാർന്നില്ലേ അവര് തമ്മിലുള്ള ഇഷ്ടം? “” “” ഉവ്വ്… അറിഞ്ഞുകൊണ്ട് പിടിച്ചു വാങ്ങിയതാ കണ്ണനെ, നമ്മടെ മോള്!”” അതുപറയുമ്പോൾ, അദ്ദേഹത്തിന്റെ സ്വരം കടുത്തു… “” കണ്ണൻ, സ്വന്തം ഇഷ്ടപ്രകാരമല്ല ഭദ്രയെ വേളികഴിച്ചത്.. ചാരുവിന്റെ നിർബന്ധമായിരുന്നു… അവളുടെ ഭദ്രേച്ചീടെ കടുംപിടുത്തതിന് വഴങ്ങി,

വഴിമാറി കൊടുത്തതാ ആ പാവം… എല്ലാം നമുക്ക് വേണ്ടി… നമ്മുടെ സന്തോഷത്തിനു വേണ്ടി… അതിലേറെ, അവളുടെ ഭദ്രേചിക്കു വേണ്ടി… “” കൃഷ്ണവർമ്മയുടെ ചുണ്ടുകൾ വിറച്ചു… “” എനിക്കിപ്പോൾ സംശയുമുണ്ട് ലക്ഷ്മി…ചാരുവിന് പെട്ടന്ന് ജോലി ശരിയാക്കിയതും, അവളെ ദൂരേക്ക് പറഞ്ഞയച്ചതും ഭദ്രേടെ ആവശ്യമായിരുന്നോന്ന്… ചാരുവിനെ കണ്ണനിൽ നിന്നകറ്റാൻ അവള് കണ്ട മാർഗമായിരുന്നോന്ന്… “” അദ്ദേഹം പറഞ്ഞു. “” എന്തൊരു ദ്രോഹാ നമ്മടെ മോള് കാട്ടിയത്…? കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിച്ചതല്ലേ അവര്… എന്നിട്ടാണോ അതിനോടിങ്ങനൊക്കെ…. “”” അവർ വിലപിച്ചു… “” എന്തായാലും കണ്ണനവളെ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല…. അതെനിക്കവന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി… തട്ടിപ്പറിച്ചു വാങ്ങിച്ചിട്ട് അനുഭവിക്കാൻ യോഗമില്ലാതായിപ്പോയി നമ്മടെ മോൾക്ക്… അത്രെന്നെ!”” കൃഷ്ണവർമ്മ ക്ഷുഭിതനായി… “” നീ പോയി കുറച്ചു വെള്ളം കൊണ്ടുവാ ലക്ഷ്മി..”” അദ്ദേഹം പറഞ്ഞതും, ലക്ഷ്മി ധൃതിയിൽ അടുക്കളയിലേക്ക് പോയി.

അമ്മ, വെള്ളത്തിനു വരുമ്പോൾ ഞാനുമുണ്ടായിരുന്നു അടുക്കളയിൽ… “” ആർക്കാമ്മേ വെള്ളം? അച്ഛനെവിടെ, കണ്ടില്ലല്ലോ?? ” ഞാൻ ചോദിച്ചു. “” മുറിയിലുണ്ട്, കിടക്കാ… അവിടേക്കാ വെള്ളം “” അമ്മ വെള്ളം ഗ്ലാസിലേക്ക് പകർത്തുന്നതിനിടയിൽ പറഞ്ഞു. “” ഈ സമയത്ത് അച്ഛൻ കിടക്കാറില്ലല്ലോ.. എന്തേലും വയ്യായ്കയുണ്ടോ അച്ഛന്? “” “” ചോദിച്ചിട്ടൊന്നും പറഞ്ഞില്ല… പിന്നെ, എല്ലാർക്കുമിപ്പോ എല്ലാതും മനസ്സില് വെച്ചല്ലേ ശീലം.. അച്ഛനും തോന്നിക്കാണും, അതാ നല്ലതെന്ന്!”” ഞാൻ, ഗ്ലാസിന് കൈനീട്ടിയിട്ടും അതുതരാതെ അമ്മ പോയി… അമ്മയുടെ പെരുമാറ്റത്തിലും, സംസാരത്തിലുമുണ്ടായ മാറ്റം എന്നെ സങ്കടപ്പെടുത്തി… “എന്തായിരിക്കും ഇങ്ങനെ? ” എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഭദ്രേച്ചി താഴേക്കു വന്നത്… “”ഭദ്രേച്ചീടെ തല.. ചുറ്റല് മ…മാറിയോ?”” ഞാൻ ചോദിച്ചു.

“” തലചുറ്റലല്ലാ , എന്റെ തലതന്നെ പൊട്ടിത്തെറിച്ചാലും നിനക്കെന്താടി.. നിനക്കതൊക്കെ പലതിനും സൗകര്യമാവുമല്ലോ.. “” ഭദ്രേച്ചി പൊട്ടിത്തെറിക്കുമെന്ന് ഞാൻ കരുതിയില്ല.. “” ഭദ്രേ..!”” അത് അമ്മയുടെ ശബ്‍ദമായിരുന്നു! “” നിന്റെ തലചുറ്റല് മാറിയോ എന്ന് അവള് ചോദിച്ചതില് എന്താടീ ഇത്ര വല്ല്യേ തെറ്റ്? അതിന് നീയിങ്ങനെ, അവളോട് ദേഷ്യപ്പെടാൻ മാത്രം എന്തിരിക്കുന്നു?” കടുപ്പിച്ച് ചോദിച്ച്, അമ്മ അടുത്തേക്ക് വന്നു.. “” അല്ലെങ്കിലും ഇവിടെല്ലാർക്കും പ്രിയം വളർത്തു പുത്രിയോടാണല്ലോ.. ഞാൻ വെറും നോക്കുകുത്തി!”” അതുവരെ അമ്മയോട് ഉച്ചത്തിൽ സംസാരിക്കാത്ത ഭദ്രേച്ചി, അന്നാദ്യമായി അമ്മയ്ക്കുനേരെ ഒച്ചയെടുത്തു… ഞാനാകെ വെറുങ്ങലിച്ചു പോയി… “” എന്നുമുതലാ ന്റെ മോൾക്ക് ഇത്തരം മാറ്റങ്ങളൊക്കെ? മുമ്പ്, ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ… അതോ, ഞങ്ങളെയൊക്കെ എന്ത് വിഡ്ഢിവേഷവും കെട്ടിക്കാം എന്നൊരു തോന്നലുണ്ടോ നിങ്ങൾക്കൊക്കെ? നീയിപ്പോ പറഞ്ഞ, നോക്കുകുത്തികൾ എന്ന പേര് ഞങ്ങൾക്കാ ഇപ്പൊ ചേർച്ച.. അതാണല്ലോ ഇവടെ നടക്കണതൊക്കെ…. “” “” ലക്ഷമീ… “” അമ്മ, കൂടുതലെന്തെങ്കിലും, പറയും മുൻപേ അച്ഛൻ വിളിച്ചു… ചേച്ചിയെ ഒന്നുകൂടി കടുപ്പിച്ചൊന്ന് നോക്കി അമ്മ, അച്ഛനരികിലേക്ക് പോയി….

അമ്മ പറഞ്ഞതിന്റെ ദേഷ്യം മുഴുവൻ എന്റെ നേർക്കുള്ള, ഭദ്രേച്ചീടെ നോട്ടത്തിലുണ്ടായിരുന്നു… ആ ഉഷ്ണച്ചൂടിൽ വെന്തുരുകാൻ കെൽപ്പില്ലാതെ ഞാൻ നോട്ടം മാറ്റി… ഭദ്രേച്ചി, മുറിയിലേക്ക് തന്നെ തിരിച്ചു പോയെങ്കിലും, ഞാനങ്ങനെ തന്നെ നിന്നു… അമ്മയുടെ ഭാവമാറ്റത്തിന്റെ അർത്ഥതലങ്ങൾ തേടുകയായിരുന്നു ഞാനപ്പോൾ… അച്ഛനെ കാണാനായി മുറിയിലേക്ക് ചെന്നപ്പോൾ, അച്ഛൻ കിടക്കുവാരുന്നു… ഞാൻ, വാതിൽപ്പടിയിൽ തന്നെ നിന്നു… “” മോളെന്തേ അവിടെത്തന്നെ നിന്നുകളഞ്ഞത്? ഇങ്ങു വാ.. “” അച്ഛൻ വിളിച്ചപ്പോൾ ഞാൻ അരികിലേക്ക് ചെന്നു… ആ മുഖത്ത്, പതിവിലുള്ള പ്രസരിപ്പ് എനിക്ക് കാണാൻ കഴിഞ്ഞില്ല… ആകെ ക്ഷീണിച്ചതുപോലെ…. “” വയ്യേ അച്ഛന്? “” ഞാൻ ചോദിച്ചു. “” ഒന്നും ഇല്ലെന്നേ.. അച്ഛൻ വെറുതെ കിടന്നതാ “” ആ വാക്കുകൾ, സമാധാനിപ്പിക്കലിന്റേതായിരുന്നെന്ന് എനിക്ക് മനസ്സിലായി… “” അമ്മ… അമ്മയെന്തിനാ ഭദ്രേച്ചിയോട് വഴക്കിട്ടേ? ചേച്ചിക്ക് നല്ല വിഷമായിക്കാണും “” ഞാൻ അമ്മയെ നോക്കി..

“” ഇന്നേവരെ കാര്യമില്ലാത്ത കാര്യത്തിന് ഞാൻ, നിങ്ങളോട് വഴക്കിട്ടിട്ടുള്ളതായി നിനക്ക് ഓർമ്മയുണ്ടോ? “” അമ്മ തിരിച്ചു ചോദിച്ചതും, എനിക്ക് ഉത്തരമില്ലായിരുന്നു… “” പിന്നെ, നീ പറയുന്നതുപോലെ അവൾക്ക് വിഷമൊന്നും ആയിക്കാണില്ല… പകരം, ദേഷ്യം കൂടിക്കാണും… നിന്നോട്! അങ്ങനല്ലേ? “” ഞാൻ മുഖം കുനിച്ചു…. “”” ഞാനിപ്പോ വരണ്ടായിരുന്നു അല്ലേ? എല്ലാരടേം സ്വസ്ഥത കളയാനായിട്ട്…”” ഞാൻ പതിയെ പറഞ്ഞു.. എന്റെ മിഴികളും നിറഞ്ഞിരുന്നു… “” നീയുള്ളപ്പോൾ ഇതിനു മുമ്പ് എന്ത് അസ്വസ്ഥതയാ ഞങ്ങൾക്കുണ്ടായിരുന്നത്… നീ എന്ത് സ്വസ്ഥതയാ ഞങ്ങൾക്ക് തരാതിരുന്നിട്ടുള്ളത്… പറയ്”” അമ്മ ക്ഷോഭിച്ചു.. “”മോളേ..”” ആ വിളി അച്ഛന്റെതായിരുന്നു… ഞാൻ മിഴികളുയർത്തി… “” നിനക്കെന്തും പറയാനും ചോദിക്കാനുമുള്ള അവകാശം തന്നിരുന്നില്ലേ ഞങ്ങള്… ഒരു വാക്ക് പറയാർന്നില്ലേ ഞങ്ങളോട്..? “” അച്ഛൻ ചോദിച്ചതും, ഞാനൊന്നു ഞെട്ടി…! “” അ.. അച്ഛനെന്തു കാ.. കാര്യാ പറയണേ.. നിക്ക്.. നിക്കൊന്നും.. “”

“” ഒന്നും ഒളിക്കണ്ട…! അച്ഛനും ചിലതൊക്കെ മനസ്സിലാക്കിയിട്ടുണ്ടെന്ന് കൂട്ടിക്കോളൂ.. “” എനിക്കാകെ പരിഭ്രമമായി… സത്യങ്ങളുടെ ചുരുളുകൾ അവർക്കിടയിലും അഴിഞ്ഞു തുടങ്ങി എന്നു ഞാൻ ഭയപ്പെട്ടു… “” പുതിയ കള്ളങ്ങളൊന്നും ആലോചിക്കണ്ട! ഇന്നെന്തായിരുന്നു അമ്പലവഴിയിൽ നീയും കണ്ണനുംകൂടിയൊരു ചർച്ച? കാര്യം വളരെ ഗൗരവമുള്ളത്കൊണ്ടാണല്ലോ, അടുത്തുണ്ടായിരുന്ന എന്നെപ്പോലും കാണാതിരുന്നത്!””” എന്റെ കൈകാലുകൾ വിറകൊണ്ടു… നല്ല തണുപ്പിലും ഞാൻ വീട്ടിവിയർത്തു… “” ഞാൻ… ഞാനിപ്പഴാ ഓർത്തെ, നാളെ പോകാനുള്ളതൊന്നും എടുത്തു വെച്ചില്ല… ഞാ.. ഞാനങ്ങോട്ടു ചെല്ലട്ടെ “” ധൃതിയിൽ നടക്കാൻ തുടങ്ങിയതായിരുന്നു ഞാൻ… “” വ്യക്തമായ ഉത്തരം തന്നിട്ട് പോയാ മതി!”” അച്ഛൻ പറഞ്ഞു.. “” വേണ്ടച്ഛാ.. അതൊക്കെ കഴിഞ്ഞില്ലേ… ഇനി ഇങ്ങനെത്തന്നെ പോയ്ക്കോട്ടെ.. നമുക്കത്തിനെപ്പറ്റിയൊന്നും പറയണ്ട.. “” “” എങ്ങനെ പൊയ്ക്കോട്ടെ ന്ന്? ഇങ്ങനെ നായ്ക്കും നരിക്കും ഇല്ലാതെ ജീവിതം തീർക്കാം എന്നാണോ മോള് പറയുന്നത്? “” അച്ഛൻ ചോദിച്ചു. “” ഞാൻ.. ഞാൻ സമ്മതിപ്പിച്ചോളാം കണ്ണേട്ടനെ… കുറച്ചുകൂടി സമയം തന്നാമതി.. “”

“” സമ്മതിപ്പിക്കാം, അല്ലേ? അതിനർത്ഥം നിനക്കറിയാം അവൻ സ്വന്തം ഇഷ്ടത്തോടെ അവളോടൊപ്പം ജീവിക്കില്ലെന്ന്… തല്ലിപ്പഴുപ്പിച്ചതിന് രുചി കാണില്ല മോളേ… തനിയേ പഴുക്കണം… അതിനേ മധുരം കാണൂ..!”” അച്ഛൻ പറഞ്ഞ ശരികളൊക്കെ എനിക്കും അറിയാവുന്നതാണ്… പക്ഷേ,, എനിക്കിതല്ലാതെ മറ്റൊരു വഴി, കാണിക്കാനില്ലല്ലോ… “” എന്റെ മനസ്സിലും ഉണ്ടായിരുന്നു ചില മോഹങ്ങളൊക്കെ… ഭദ്ര, അവളുടെ ഇഷ്ടത്തെ കുറിച്ച് എന്നോട് പറയുന്നതിന് മുമ്പുവരെ… അവൾക്കൊരു വേളിയായതിനു ശേഷം മാത്രം പറയാമെന്നുവെച്ചൊരു മോഹം…. പക്ഷേ…,, ഭദ്രയുടെ മോഹവും അയാളിലാണെന്ന് പറഞ്ഞപ്പോൾ എന്റെ ആഗ്രഹം ഞാൻ മനപ്പൂർവം മൂടിവെച്ചു…. അതൊരു വലിയ തെറ്റായിരുന്നെന്ന് ഞാനറിയുന്നത് ഇന്ന് മാത്രമാണ്!”‘” അച്ഛനും ആഗ്രഹിച്ചിരുന്നെന്നോ ഞാനും കണ്ണേട്ടനും തമ്മിലുള്ള ഒന്നുചേരൽ…! എനിക്കത് വിശ്വസിക്കാനായില്ല! “” സത്യമാ മോളേ അച്ഛൻ പറഞ്ഞത്.. ഒരിക്കൽ അച്ഛനും എന്നോട് പറഞ്ഞിട്ടുണ്ട്… കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരും കണക്ക് കൂട്ടിയതല്ലല്ലോ… മോളാണെങ്കിൽ, ഒന്നും പറയാതെ ആ വിവാഹത്തെ പിന്തുണയ്ക്കുകയും ചെയ്തു… “” അമ്മയുംകൂടി പറഞ്ഞപ്പോൾ ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു..

ചുണ്ടിൽ, ആത്മനിന്ദയുടെ ചിരി മാത്രം അവശേഷിച്ചു… അമ്മ പറഞ്ഞതുപോലെ കണ്ണേട്ടനന്നും വൈകിതന്നെയാണ് വന്നത്… സംസാരിച്ച് വഴിപിരിഞ്ഞു പോയ ആള് എങ്ങോട്ട് പോയെന്ന് എനിക്കും അറിവില്ലായിരുന്നു… ഞാൻ, നാളെ തിരിച്ചു പോകാനുള്ള മുന്നൊരുക്കത്തിലായിരുന്നു… “” കണ്ണാ.., ഒന്നവിടെ നിൽക്കൂ “” അച്ഛൻ വിളിക്കുന്നത് കേട്ടാണ്, ഞാനും മുറിക്ക് പുറത്തേക്കു വന്നത്.. എന്തിനായിരിക്കും അച്ഛൻ, കണ്ണേട്ടനെ വിളിക്കുന്നുണ്ടാവുക? എനിക്കാകെ ടെൻഷനായി… “” എന്താ തന്റെ ഉദ്ദേശം? “” അച്ഛൻ ഗൗരവത്തോടെ തന്നെ ചോദിച്ചു.. “” അച്ഛാ, കൂടെ പഠിപ്പിക്കുന്ന മഹേഷ്‌ സാറിനെ കണ്ടപ്പോ… സംസാരിച്ചു നിന്നു. അതാ… ലേറ്റായത് “” കണ്ണേട്ടൻ നുള്ളിയൊപ്പിച്ചു. “” അതല്ല ചോദിച്ചത്… ലേറ്റായിവരുന്നതിന്റെ കാരണമൊക്കെ എനിക്കറിയാം.. അതിലേക്ക് ഞാൻ കടക്കുന്നില്ല! ഞാൻ ചോദിച്ചത് തന്റെ ജീവിതത്തെ കുറിച്ചാണ്… ഇങ്ങനെ, രണ്ട് പെണ്ണുങ്ങൾക്കിടയിൽ ശ്വാസംമുട്ടി കാലം കഴിക്കാനാണോ തന്റെ ഉദ്ദേശം? “” സംസാരം കേട്ട്, ഭദ്രേച്ചിയും ഇറങ്ങി വരുന്നുണ്ടായിരുന്നു…

കണ്ണേട്ടൻ എന്നേയും ഭദ്രേച്ചിയേയും മാറിമാറി നോക്കി… “” ഒരാള് വിട്ടുകൊടുത്ത് വലിയ ത്യാഗിയായി… മറ്റൊരാള്, വെട്ടിപ്പിടിച്ച് കേമിയായി… ഇതിനിടയിൽ, ജീവച്ഛവം പോലെ താനും! കൊള്ളാം.. മൂന്നാളും കൂടി, അസ്സല് വേഷാ ഞങ്ങളെ കെട്ടിച്ചത്… നല്ലൊന്നാന്തരം കോമാളി വേഷം! നന്നായി… വയസ്സുകാലത്ത് ഞങ്ങൾക്ക് കിട്ടിയ വളർത്തുകൂലി…. സന്തോഷായി ഞങ്ങൾക്ക്.. “” അച്ഛൻ വികാരാധീതനായി… “” നടന്നതൊക്കെ നടന്നു… ഒന്നും നടക്കാൻ പാടില്ലാത്തതായിരുന്നു… പക്ഷേ, എന്തുചെയ്യാം…. ഇതുവരെ ഞങ്ങളുടെയൊക്കെ തീരുമാനവും ഇഷ്ടവും നടന്നു… ഇനി എന്തുവേണമെന്ന് തനിക്കു തീരുമാനിക്കാം… ഭദ്രയെ തള്ളണോ കൊള്ളണോ…, കൊതിച്ചവൾക്കൊപ്പം ജീവിക്കണോ വേണ്ടയോ…. രണ്ടായാലും അച്ഛനും അമ്മയ്ക്കും സമ്മതമാണ് !!!! “”” ഞെട്ടലോടെ നിൽക്കുകയായിരുന്നു ഞങ്ങൾ മൂന്നുപേരും…. ഭദ്രേച്ചീടെ മുഖത്ത്, രക്തച്ചുവപ്പ് പടർന്നു കയറിയിരുന്നു… “” അച്ഛാ…!!”” ചേച്ചി വിളിച്ചു… “” എന്റെ ഭർത്താവിനോടാണ് അച്ഛൻ സംസാരിക്കുന്നത്… ഒരച്ഛനും പെരുമാറില്ല, ഇങ്ങനൊക്കെ”” അവജ്ഞയായിരുന്നു ആ സ്വരത്തിൽ. “” നല്ല മക്കൾ പെരുമാറുന്ന രീതിയിലാണല്ലോ നിന്റെയൊക്കെ നടപ്പ്… അതുകൊണ്ടാണല്ലോ എനിക്കിങ്ങനെയൊക്കെ നാണംകെട്ട് പറയേണ്ടി വരുന്നത്….. എന്തിനായിരുന്നു നീയിങ്ങനെയൊക്കെ… ഛേ…! “‘ അച്ഛൻ, വെറുപ്പോടെ മുഖം തിരിച്ചു..

“” അച്ഛൻ പറയുന്നതുകേട്ട്, എന്നെവിട്ട് ഇവളെത്തേടിപ്പോയാൽ….., പിന്നീയീ ഭദ്ര ജീവിച്ചിരിക്കില്ല! “” ഭദ്രേച്ചി, കണ്ണേട്ടനോടായി പറഞ്ഞു.. “” നിന്നെ വിവാഹം കഴിക്കാനും അച്ഛൻ തന്നെയാ എന്നോട് ആദ്യമായി ആവശ്യപ്പെട്ടത്… അതേ അച്ഛൻ തന്നെയാ ഇപ്പോൾ, വേണ്ടെങ്കിൽ ഉപേക്ഷിച്ചോളാനും പറയുന്നത്… എന്റെ ഇഷ്ടവും അതുതന്നെയാണ്!”” “”കണ്ണേട്ടാ…!!”” ഞാനറിയാതെ വിളിച്ചുപോയി… “” നീ.. നീ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം.. ഇപ്പൊ ഇറങ്ങിക്കോളണം ഇവിടുന്ന്… ഇതെന്റെ വീടാ… ഈ ഭദ്രയ്ക്ക് മാത്രം അവകാശമുള്ള വീട്!”” എനിക്കുനേരെ വിരൽ ചൂണ്ടിക്കൊണ്ട്, ഒരൽപ്പം മാത്രം അകലത്തിൽ നിന്നുകൊണ്ടാണ് ചേച്ചിയത് പറഞ്ഞത്… മുഖം കുനിച്ചു നിന്ന ഞാൻ, ഭദ്രേച്ചീടെ കവിളത്തു വീണ അടിയുടെ ഒച്ച കേട്ടാണ്, പകപ്പോടെ മിഴികളുയർത്തിയത്…! “” ഇറങ്ങേണ്ടത് അവളല്ല, നീയാ… ഇത്രയും വൃത്തികെട്ട മനസ്സുള്ള ഒരുവളെ ഞങ്ങൾക്കിനി മകളായിട്ടു വേണ്ട!”” അച്ഛൻ, കിതയ്ക്കുന്നുണ്ടായിരുന്നു… പുറത്ത് നല്ല മഴയായിരുന്നു…. എല്ലാവരും ഒരുവേള നിശബ്ദരായിരിക്കെ, ഇരുട്ടും മഴയും ഒന്നുചേർന്ന മുറ്റയ്ത്തേക്ക് ഭദ്രേച്ചി ധൃതിയിൽ ഇറങ്ങി…. പിന്നെ, നടന്നു…. കാത്തിരിക്കണേ.. ❤