24/04/2026

നിന്നോളം : അവസാന ഭാഗം

രചന – ഫൗസിയ യൂസഫ്

മറുത്തൊന്നും പറയാതെ കണ്ണൻ, മുറിക്ക് പുറത്തേക്കിറങ്ങി…
വെളിയിൽ നിന്ന അമ്മയെ കണ്ട്, അയാൾക്കൊരു സങ്കോചം തോന്നാതിരുന്നില്ല….

“” അവള് പറഞ്ഞതു തന്നെയാ അതിന്റെ ശരിയായ തീരുമാനം… കുറച്ചു വൈകിയെങ്കിലും, ദൈവം അവളെക്കൊണ്ട് നന്മ തോന്നിച്ചല്ലോ..
ഞങ്ങൾക്കും അതു കാണാനാ മോനേ ആഗ്രഹം.. “”

ലക്ഷ്മിയുടെ അഭിപ്രായത്തിനും, അയാൾ മറുപടി കൊടുത്തില്ല…
അവരെയൊന്ന് നോക്കുക മാത്രം ചെയ്ത്, അയാൾ മുന്നോട്ട് നടന്നു…

“” മോളെ… “” ലക്ഷ്മി, മകളെ വിളിച്ചു.

“” അമ്മ ഇവിടുണ്ടായിരുന്നല്ലേ…
ഇനിയിപ്പോ പ്രത്യേകിച്ച് വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ ല്ലേ അമ്മേ..? “” ഭദ്രയൊന്ന് ചിരിക്കാൻ ശ്രമിച്ചു.

“” ഞാനും ഈ ആവശ്യം പറയാനാ ഇങ്ങോട്ടു വന്നത്… ഇനിയും, എന്റെ മോള് കണ്ണന്റെ മനസ്സ് കണ്ടില്ലെങ്കിൽ, അവനെ നമ്മള് കാണേണ്ടി വരുന്നത്
മറ്റേതെങ്കിലും കോലത്തിലായിരിക്കും..
അത് നമുക്കൊന്നും അംഗീകരിക്കാൻ പറ്റീന്നു വരില്ല്യ..
അതിന്റെ സൂചനയാ കുറച്ചു മുമ്പ് എനിക്ക് കാണേണ്ടി വന്നത് “” അവർ പറഞ്ഞു.

അതെന്താണെന്ന ഭാവേന, ഭദ്ര അമ്മയെ നോക്കി…

“” ഒരുകുപ്പി മദ്യാണ്, ഇന്ന് തൊടീല് ന്റെ മുന്നില് വന്നുവീണത്.. സ്വയം നിയന്ത്രിക്കാൻ പറ്റാതാവുമ്പഴാ മനുഷ്യന്മാര് പല തെറ്റുകളിലേക്കും പോണത്… അങ്ങനൊരു തെറ്റ് കണ്ണന് പറ്റാൻ, ന്റെ മോളൊരു കാരണക്കാരിയാവരുത്…
അവനിഷ്ടല്യെങ്കി, ന്റെ കുട്ടി ഒഴിഞ്ഞു പോണതു തന്ന്യാ നല്ലത്.. “”

അതു പറയുമ്പോൾ, അമ്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഭദ്ര കണ്ടില്ലെന്ന് നടിച്ചു..

“” ഞാനത് തീരുമാനിച്ചു കഴിഞ്ഞമ്മേ…
സ്നേഹം, അറിഞ്ഞു തരുമ്പഴേ മധുരിക്കൂ…
അല്ലെങ്കി, ജീവിതകാലം മുഴുവൻ കൈപ്പുനീര് കുടിക്കേണ്ടി വരും….
ഞാൻ കാരണം, മറ്റുള്ളവരും!

തല്ക്കാലം, അവളിതറിയണ്ട…
ഫോർമാലിറ്റീസൊക്കെ കഴിയട്ടെ, എല്ലാം കഴിഞ്ഞ് ഞാൻ തന്നെ പറഞ്ഞോളാം അവളോട്.. ” നിന്റെ കണ്ണേട്ടനെ ഞാൻ, തിരികെ ഏൽപ്പിക്കാണെന്ന്.. “”

പുഞ്ചിരിച്ചാണ് അവളത് പറഞ്ഞതെങ്കിലും, ആ ചിരിയിലും ഒളിഞ്ഞിരിക്കുന്ന വേദന ലക്ഷ്മിക്ക് കാണാമായിരുന്നു…

“” അച്ഛനോട് അമ്മതന്നെ പറഞ്ഞോളൂ..വേണ്ടത്, അച്ഛൻ ചെയ്തുതരും…
ഞാൻ കാരണം ഇല്ലാതായിപ്പോയ ഈ കുടുംബത്തിന്റെ സമാധാനം എനിക്ക് തിരിച്ചു തരണം.. “” അവൾ പറഞ്ഞു.

ലക്ഷ്മി എഴുനേറ്റു…
ഭദ്രയുടെ മുടിയിഴകളിലൂടെ ഒന്ന് വിരലോടിച്ചതിനു ശേഷം, അവർ കണ്ണുകൾ തുടച്ച് പുറത്തേക്ക് കടന്നു..

ഭദ്ര, ദീർഘമായൊന്ന് നിശ്വസിച്ചു…
ഒരു തെളിഞ്ഞ ചിരി, അവളുടെ അധരങ്ങളിൽ ചേക്കേറിയപ്പോൾ, എന്തൊക്കെയോ ഉറച്ച നിലപാടിന്റ പ്രതീതിയുണ്ടായിരുന്നു അവളുടെ മുഖത്ത്…

“” ഇന്ന് സൺ‌ഡേ ആയതുകൊണ്ട്, മോൾ ഇരിക്കപ്പൊറുതി തരുന്നില്ല..
ഭദ്രയാന്റീനെ കാണണം എന്ന് പറഞ്…
അവൾക്കൊരു റിലാക്സ് ആയിക്കോട്ടെ എന്ന് ഞാനും കരുതി”” വന്നുകേറിയ ഉടനെ ഗൗതം പറഞ്ഞു.

“” അതിനെന്താ ഗൗതം…
നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിലും ഇങ്ങോട്ടു വരാം… അതിനൊരു ഇൻട്രോഡക്ഷന്റെ ആവശ്യമൊന്നും ഇല്ല.. “” കൃഷ്ണവർമ, നിറഞ്ഞ മനസ്സോടെ അവരെ സ്വീകരിച്ചു..

“” ഞാൻ, ആന്റിയെ കണ്ടിട്ട് വരാവേ..”” അലമോൾ, വേഗം അകത്തേക്കോടി…

“” കണ്ടില്ലേ, അവൾക്കൊരു പരിചയക്കുറവും ഇല്ല “” ലക്ഷ്മിയും ചിരിയോടെ പറഞ്ഞു.

മോള് മുറിയിലേക്ക് വരുമ്പോൾ, ഞാനും ഭദ്രേചിക്കൊപ്പമുണ്ടായിരുന്നു.

“” ഹായ് ആന്റി.. “”

അവൾ വന്നപാടെ, ഭദ്രേച്ചിയുടെ അടുത്ത്കൂടി…

“” ആന്റി ഒത്തിരി ക്ഷീണിച്ചല്ലോ.. “”

“” മോളും ക്ഷീണിച്ചു.. “”

“” അത്, ആന്റിയെ കാണാത്തോണ്ടല്ലേ
ഡാഡിയോട് കൊറേ റിക്വസ്റ്റ് ചെയ്തു.. ഇപ്പഴാ സമ്മതിച്ചേ.. “”

അവളുടെ നിഷ്കളങ്കമായ മറുപടി കേട്ട്, ഭദ്രേച്ചിയവളെ വാരിപ്പുണർന്നു..
ആ കാഴ്ച, എന്റെ കണ്ണുകളെയും കുളിർമ്മയിലാഴ്ത്തി…

“” എന്നിട്ട് താനെന്തു തീരുമാനിച്ചു?
ഭദ്ര പറഞ്ഞതുപോലെ മൂവ് ചെയ്യാനാണോ പ്ലാൻ? “” ഗൗതം, കണ്ണനോട് ചോദിച്ചു.

“” അറിയില്ല…
ഭദ്ര വാശിയിലാ.. അവൾ ഇതിൽനിന്നും പിന്തിരിയാൻ ചാൻസില്ല!
ഏത് സംഭവിച്ചാലും, എനിക്ക് ഒരുപോലെയാ…
എന്റെ നഷ്ടങ്ങൾ, അതെന്നും നഷ്ടങ്ങൾ തന്നെയാ.. “” കണ്ണൻ പറഞ്ഞു.

“” ഡോണ്ട് വറി മാൻ…
ജീവനേക്കാളേറെ സ്നേഹിച്ചതാ ഞാനെന്റെ ശാലിനിയെ…
ജീവിച്ചു കൊതിതീരും മുമ്പേ, കൊണ്ടുപോയില്ലെടോ ദൈവമവളെ..
ഞാൻ സഹിക്കുന്നില്ലേ… പിടിച്ചു നിൽക്കുന്നില്ലേ…
അതങ്ങനെയാ…,, പരാജയങ്ങൾ ജീവിക്കാനുള്ള ഊർജ്ജം തരും…
നമ്മളത് കണ്ടില്ലെന്ന് നടിക്കുന്നതാ പ്രശ്നം…”” ഗൗതം, കണ്ണന്റെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു.

ഇറങ്ങാൻ നേരമാണ് ഗൗതം, ഭദ്രയുടെ അടുത്തേക്ക് ചെന്നത്..

“” ഇങ്ങനെ രോഗികളെ പോലെ മുറിയിൽ തന്നെ കഴിച്ചു കൂട്ടാതെ, പുറത്തേക്കൊക്കെയൊന്ന് ഇറങ്ങെടോ…
പുറംലോകം തരുന്നൊരു എനർജി, ഈ മുറിയിലെ ചുവരുകൾക്ക് തരാൻ കഴിയില്ല “”

ഗൗതം പറഞ്ഞപ്പോൾ, ഭദ്രയൊന്ന് പുഞ്ചിരിച്ചു.

“” ഞാൻ കാരണം, ഒരുപാട് പഴി കേൾക്കേണ്ടി വന്നല്ലേ സാറിന്… എല്ലാത്തിനും സോറി… “”

“” ഏയ്, ലീവ് ഇറ്റ്…
പിന്നെ, പഴി പറഞ്ഞതു മുഴുവൻ ഇയാളാ… തന്റെ അനിയത്തിക്കുട്ടി.
ചേച്ചിയോട് ഇയാൾക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി.. “”

സാറിനുള്ള ജ്യൂസുമായി വന്ന, എന്നെ നോക്കിയാണ് സാറത് പറഞ്ഞത്…
എനിക്കത്, സന്തോഷത്തിന്റെ നിമിഷമായിരുന്നു…
ആ തിളക്കം, ഭദ്രേച്ചിയുടെ കണ്ണുകളിലും കണ്ടപ്പോൾ, എനിക്കത് ഇരട്ടി മധുരമായിരുന്നു…

“” പിന്നെ, എന്റെ മനസ്സിൽ ചില പ്ലാൻസൊക്കെയുണ്ട്…
അതിനുവേണ്ടി ഞാൻ ചിലപ്പോൾ സാറിനെ ബുദ്ധിമുട്ടിച്ചെന്നു വരും…
അഡ്വാൻസായി ക്ഷമ ചോദിക്കുന്നു “” ഭദ്ര പറഞ്ഞു.

“” ക്ഷമയൊക്കെ കയ്യിലിരിക്കട്ടെ..
ഈ കുടുംബത്തിന് എന്ത് ഹെല്പ്പിനും ഞാനുണ്ടാകും…
അപ്രതീക്ഷിതമായി കിട്ടിയ ബന്ധമാണെങ്കിലും, എന്റെ മോളെ പഴയ മിടുക്കിയാക്കിയത് താനാണ്…
സൊ, താങ്ക്സ് പറയേണ്ടത് ഞാനാണ്.. “”

ഗൗതം എഴുനേറ്റു…

പോകാൻ നേരം, അലമോൾ ഭദ്രയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു…
ഭദ്ര തിരിച്ചും…

“” ഭദ്രേച്ചി, ആ കുഞ്ഞുമായി പെട്ടന്നാണല്ലോ അടുത്തത്..? “‘

അവർ പൊയ്ക്കഴിഞ്ഞപ്പോൾ, ഞാൻ ഭദ്രേച്ചിയോട് ചോദിച്ചു.

“” അവളരികിൽ വരുമ്പോൾ, എനിക്ക് ഫീൽ ചെയ്യുന്നത് നിന്റെ ബാല്യമാണ്…
അതുകൊണ്ടാ അവളെഞാൻ കൂടുതൽ സ്നേഹിച്ചു പോകുന്നത്!””

ഭദ്രേച്ചിയുടെ മറുപടി എന്റെ കണ്ണുകളെ നനയിച്ചു കളഞ്ഞു…
ഭദ്രേച്ചി, എന്നെത്തന്നെ നോക്കി നോക്കിയിരിക്കുകയായിരുന്നു…

“” ന്താ ഇങ്ങനെ നോക്കണത്…? “”

“” നിനക്കെങ്ങനാടി പെണ്ണേ, ഇങ്ങനെ എല്ലാം മറന്ന് സ്നേഹിക്കാൻ പറ്റണത്?
എന്നോട് ഒരു വെറുപ്പും തോന്നുന്നില്ലേ നിനക്ക്?? “”

“” പിന്നേ.. ചേച്ചിയെ കുറിച്ച് ഓർക്കുമ്പഴൊക്കെ എനിക്ക് വെറുപ്പ് വരും… അപ്പഴാ നിക്ക് കൂടുതൽ സ്നേഹിക്കാൻ തോന്നാ… “” ഞാൻ ചേച്ചിയെ ചേർത്തുപിടിച്ചു.

“” ഇതിനൊക്കെക്കൂടി ഞാനൊരു സമ്മാനം തരണുണ്ട് നിനക്ക്..
കുറച്ചു കൂടി കഴിയട്ടെ.. “”

ചേച്ചിയെന്നെ ഒന്നുകൂടി അരികിലേക്ക് ചേർത്തുപിടിച്ചപ്പോൾ, ഞാനാ കൊച്ചു ചാരുവായി ചേച്ചിയോട് ചേർന്നിരുന്നു…

ദിവസങ്ങളും മാസങ്ങളും അതിവേഗത്തിലാണ് കടന്നു പോയത്..
നീലിമേച്ചി ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്…
തിരിച്ച് ജോലിയിലേക്ക് വിളിച്ചെങ്കിലും ഭദ്രേച്ചിയെന്നെ വിട്ടില്ല…
പോകാൻ എനിക്കും മനസ്സു വന്നില്ല!
എല്ലാ സന്തോഷങ്ങൾക്കിടയിലും, ഭദ്രേച്ചിയോടുള്ള കണ്ണേട്ടന്റെ അകൽച്ച മാത്രം എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു…

അലമോൾ വല്ലപ്പോഴും ഗൗതം സാറിനൊപ്പം വരുമായിരുന്നു… അല്ലാത്തപ്പോൾ, ഫോണിലൂടെ അവളെപ്പോഴും ചേച്ചിയുമായി സ്നേഹം പങ്കുവെച്ചു….
ഗൗതം സാറുമായി നേരിട്ടും, ഫോണിലൂടെയും ചേച്ചി, കാര്യമായെന്തൊക്കെയോ ഡിസ്‌കസ് ചെയ്യുന്നത് കേൾക്കായിരുന്നു…
എന്താണെന്ന് ഞാൻ ചോദിച്ചില്ലെങ്കിലും, ഗൗരവമുള്ളതെന്തോ ആണെന്ന് ഞാൻ ഊഹിച്ചു…

അന്നൊരു വൈകുനേരം, കുളപ്പടവിലിരിക്കുമ്പോഴാണ്, എന്നെ ഞെട്ടിച്ചുകൊണ്ട് ചേച്ചി അക്കാര്യം പറഞ്ഞത്…
ചേച്ചി, കണ്ണേട്ടനുമായി വേർപിരിയുകയാണെന്ന്…!
ഡിവോഴ്സ് പേപ്പറിൽ ഒപ്പുവെച്ചെന്ന്..!

“” ചേച്ചിയെന്തു പ്രാന്താ ഈ പറയണേ..
ഇതെന്താ കുട്ടിക്കളിയാ…
അതോ, ന്നെ കളിപ്പിക്കാൻ വേണ്ടി പറയാണോ? “”

ഞാൻ, ഒരാശ്വാസത്തിനു വേണ്ടി ചോദിച്ചു.

“” അല്ലെടി പെണ്ണേ…
പറഞ്ഞതൊക്കെ സത്യം തന്നെയാ…
അത്, ഈ വീട്ടിൽ അറിയാത്ത ഒരാള് നീ മാത്രമായിരുന്നു…!”” ചേച്ചി ചിരിച്ചു.

എന്നിട്ടും എനിക്കത് വിശ്വസിക്കാൻ തോന്നിയില്ല….
ഞാനത് ആഗ്രഹിച്ചിരുന്നില്ല….

“” നീയിങ്ങനെ ഷോക്കായി നിൽക്കൊന്നും വേണ്ട…
ഇതൊക്കെ നാട്ടിൽ നടക്കുന്നതല്ലേ…
ഒന്നിച്ച് പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയാത്തവർ, സത്യം മനസ്സിലാക്കുമ്പോൾ രണ്ടായി വേർപിരിയുന്നു…
അതിത്ര ആനക്കാര്യമായി തലയിലേറ്റുകയൊന്നും വേണ്ട.. “” ചേച്ചിയെന്നെ ചേർത്തു പിടിച്ചു..

“” എന്നിട്ട് എന്താണാവോ ഉദ്ദേശം??
മറ്റെന്തെങ്കിലും മനസ്സിൽ വച്ചിട്ടുണ്ടെങ്കിൽ, അത് നടക്കാൻ പോകുന്നതല്ല…!!”” ഞാൻ ദേഷ്യപ്പെട്ടു.
അപ്പോഴും, ചേച്ചി ചിരിച്ചതേയുള്ളൂ..

“” നീയിങ്ങനെ ചൂടാവാതെടി പെണ്ണേ…
അന്ന് ഞാൻ പറഞ്ഞില്ലേ, നിനക്ക് ഞാനൊരു സമ്മാനം കരുതിവെച്ചിട്ടുണ്ടെന്ന്…
ഇതിനേക്കാൾ വലിയൊരു സമ്മാനം, നിനക്കായി എനിക്ക് തരാനില്ല പെണ്ണേ… “”

“” സ്വന്തം താലിച്ചരട് പൊട്ടിച്ചു വേണം എനിക്കു സമ്മാനം തരാൻ, അല്ലേ?
നന്നായിട്ടുണ്ട്…
എല്ലാരും കൂടി, എന്നെ വിഡ്ഢിവേഷം കെട്ടിക്ക്യായിരുന്നു എന്ന് അറിഞ്ഞില്ല””
ഞാൻ, അതേ ഗൗരവത്തിൽ തന്നെ പറഞ്ഞു.

“” ഒരിക്കൽ, നിന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും തച്ചുടച്ച് വാങ്ങിയ താലിയല്ലേ…
അത് പൊട്ടിച്ചു തിരികെ തന്നാലും അതത്ര കുറ്റമൊന്നും അല്ല…
മറിച്ച്, അതാണ്‌ ശരി…!
എനിക്കെന്തായാലും അതുപകരിക്കില്ല…
അത് ചേരുന്നത് നിന്റെയീ കഴുത്തിനു തന്നെയാ…
അതു കാണാനാ എനിക്കും ഇഷ്ടം!””

ഭദ്രേച്ചിയുടെ ന്യായീകരണങ്ങളൊന്നും എന്റെ മനസ്സിനെ തണുപ്പിച്ചില്ല..
പിന്നീടുള്ള ദിവസങ്ങളത്രയും ഞാൻ, ഉറങ്ങിയതുമില്ല..!

“” കണ്ണേട്ടൻ ആവശ്യപ്പെട്ടിട്ടല്ലേ ഭദ്രേച്ചീടെ ഈ സാഹസം?
എന്തിനു വേണ്ടിയാ…?
പഴയ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് മനസ്സിലെങ്കിൽ, അത് നടക്കില്ല!
അതിനീ ചാരു, ജീവനോടെ ഉണ്ടാവില്ല!””

ഒരിക്കൽ കണ്ണേട്ടനോട് നേർക്കുനേർ നിന്ന് കയർത്തു…

“” നീയെന്താ ചത്തുകളയോ?
എങ്കിൽ അതൊന്ന് കാണണമല്ലോ.. “” മറുപടി ഭദ്രേച്ചിയിൽ നിന്നായിരുന്നു!

“” നീയെന്താ കണ്ണേട്ടനെ ഭീഷണിപ്പെടുത്തുകയാണോ?
തല്ക്കാലം അതുവേണ്ട!
ഞങ്ങൾ മുതിർന്നവർ തീരുമാനിക്കും, നീയത് അനുസരിക്കും..
അങ്ങനല്ലേ അച്ഛാ?? “”

അരികിലേക്ക് വന്ന അച്ഛനെ ചേർത്തുപിടിച്ച്, ഭദ്രേച്ചി ചോദിച്ചതും അതിനെ ശരിവെക്കും വിധം, അച്ഛനും തലകുലുക്കി…

“” ആരാ എന്താണെന്നുവെച്ചാ തീരുമാനിച്ചോ, ഞാൻ പോവാ…
ഇനി ഇങ്ങോട്ടെന്നെ പ്രതീക്ഷിക്കണ്ട!”” ഞാൻ തിരിഞ്ഞു നടന്നു.

“” ടീ.. “”

ഭദ്രേച്ചി, ഉച്ചത്തിൽ വിളിച്ചു.

“” അങ്ങനെ പോകാനുള്ള ഉദ്ദേശമുണ്ടെങ്കിൽ നിനക്ക് പോകാം…
പക്ഷെ, ആ നിമിഷം മുതൽ ഞാനിവിടെ, ഈ മുറിയിലുണ്ടാകും…
ഉണ്ണാതെ… ജലപാനം പോലും ഇല്ലാതെ ഇരുട്ടത്ത്….
പിന്നെ ഞാൻ, പുറത്തേക്കിറങ്ങില്ല!
ഇത് ഭദ്രയാ പറയുന്നേ…

എന്റെ വാശി, നീ കണ്ടിട്ടുള്ളതാ..
അറിയാലോ നിനക്കെന്നെ… “”

ഭദ്രേച്ചി പറഞ്ഞാൽ, പറഞ്ഞതുപോലെ ചെയ്തുകളയും..
അതെനിക്കറിയാം…
പക്ഷെ,
ഭദ്രേച്ചിയുടെ ആവശ്യം… അത് അംഗീകരിക്കാൻ എനിക്കു കഴിയില്ല!

രണ്ടു ദിവസം കഴിഞ്ഞ്, അപ്രതീക്ഷിതമായിട്ടായിരുന്നു നീലിമേച്ചി വന്നത്..
കണ്ടപാടേ ഞാനോടിച്ചെന്നു…

“” ഇതെന്തു കോലാടി..
നീയൊന്നും കഴിക്കാറൊന്നും ഇല്ലേ? “” നീലിമേച്ചി അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു.
ഞാനൊന്ന് ചിരിച്ചു..

പിന്നീട് നല്ല ബഹളായിരുന്നു..
ഭദ്രേച്ചിയും നീലിമേച്ചിയും കൂടി, ഇടവേളകളിലെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു…

“”നാളെ രാവിലെ നമുക്കൊന്ന് അമ്പലത്തിലേക്ക് പോകണം…
നിന്റെ പ്രിയപ്പെട്ട ഭഗവാനെ എനിക്കുമൊന്ന് കാണണം..””

കിടക്കാൻ നേരം നീലിമേച്ചി പറഞ്ഞു.
ഞാനത് അംഗീകരിക്കുകയും ചെയ്തു…

ഞാനും നീലിമേച്ചിയും, നടന്നാണ് അമ്പലത്തിൽ പോയത്…
ഭദ്രേച്ചിയെ വിളിച്ചെങ്കിലും, ചേച്ചി വരുന്നില്ലെന്ന് പറഞ്ഞു.

നീലിമേച്ചിക്കൊപ്പം പ്രാർത്ഥനയോടെ തൊഴുതു നിന്നു…
കണ്ണ് തുറക്കുമ്പോൾ, തിരുമേനി ചിരിയോടെ മുന്നിലുണ്ടായിരുന്നു…

“” എവിടെ മറ്റുള്ളോരൊക്കെ…
എത്തീല്ല്യേ ഇതുവരെ? “”

എനിക്കൊന്നും മനസ്സിലായില്ല!

“” എല്ലാരും ണ്ട്.. ഞാൻ വിളിക്കാം “” എന്നും പറഞ്, നീലിമേച്ചി തിരിഞ്ഞതും പിന്നിൽ നടന്നുവരുന്നവരെക്കണ്ട് ഞാൻ അമ്പരന്നു…

അമ്മയും അച്ഛനും ഭദ്രേച്ചിയും കണ്ണേട്ടനും ഒപ്പം ഗൗതം സാറും ഉണ്ടായിരുന്നു…

ഞാൻ, അമ്പറപ്പോടെ നോക്കിനിൽക്കേ…,, തിരുമേനി പറഞ്ഞു.
“” സമയം കളയണ്ട, മുഹൂർത്തം ഇതുതന്നെയാണ്… “”

പെട്ടന്നായിരുന്നു എന്നിൽ ബോധോദയം ഉണ്ടായത്…
പക്ഷെ, ആ നിമിഷം തന്നെ കണ്ണേട്ടനെന്റെ കഴുത്തിൽ താലിചാർത്തിയിരുന്നു…!!

🌹🌹🌹🌹🌹🌹🌹🌹🌹

വർഷങ്ങൾക്കിപ്പുറം…..
ഒരു പൊതു വേദിയിൽ…….

“””” ഈ വർഷത്തെ വുമൺ ഓഫ് ദി ഇയർ ആയി, ഭദ്ര കൃഷ്ണവർമ്മയെ തിരഞ്ഞെടുത്തിരിക്കുന്നു…
ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്നും ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി, ഭദ്ര കൃഷ്ണവർമ്മയെ വേദിയിലേക്ക് ക്ഷണിക്കുന്നു…. “”””

മൈക്കിലൂടെ ഉയർന്നുകേട്ട ഭദ്രേച്ചിയുടെ പേര് കേൾക്കേ, സന്തോഷാശ്രുക്കൾ പൊഴിച്ച് ഞങ്ങളെല്ലാവരും സദസ്സിലുണ്ടായിരുന്നു…..
ഒപ്പം…,,,
കുഞ്ഞിക്കൈകൾ കൊട്ടി, സന്തോഷമറിയിച്ച്, ഞങ്ങളുടെ കുഞ്ഞിച്ചെക്കൻ യാദവും, കണ്ണേട്ടന്റെ മടിയിലുണ്ടായിരുന്നു…

“” ഒരു സ്വപ്നത്തിലൂടെയായിരുന്നു ഈയൊരു സ്ഥാപനത്തിന്റെ തുടക്കം…
ഒരു കുഞ്ഞുണ്ടാകില്ലെന്ന സത്യം തിരിച്ചറിഞ്ഞതിൽ പിന്നേയുള്ള രാത്രികൾ എനിക്ക് മറക്കാനാവാത്തതാണ്….
അങ്ങനൊരു രാത്രി, ഒരുപാട് കുഞ്ഞുങ്ങൾ ഒന്നിച്ച് അരികിലേക്ക് ഓടിവരുന്നു….
ഞങ്ങൾക്ക് വിശക്കുന്നു എന്ന് പറഞ് കരയുന്നു….
ഉടുക്കാൻ ഉടുപ്പില്ലെന്ന് പരാതി പറയുന്നു…
ഉറങ്ങാൻ ഇടമില്ലെന്ന് പറഞ് വിതുമ്പുന്നു….

ഞാൻ പിടഞ്ഞെഴുനേറ്റു…
അതൊരു സ്വപ്നമായിരുന്നെന്ന് അന്നേരമാണ് മനസ്സിലായത്….
പക്ഷെ,
അതൊരു സ്വപ്നം മാത്രമല്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു…
ജനിക്കാനില്ലാത്ത കുഞ്ഞിനു വേണ്ടി കരയുന്ന നേരം, ജീവിച്ചിരിക്കുന്ന… അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചു…
ആ ചിന്തകൾ കൊണ്ടെത്തിച്ചത്
” തണൽ ” എന്ന ഈ സ്ഥാപനത്തിന്റെ പിറവിയിലാണ്….

ഒരുപാട് പേരോടുണ്ട് നന്ദി പറയാൻ…
ഒപ്പം നിന്ന കുടുംബത്തോട്… സുമനസ്സുകളായ നാട്ടുകാരോട്… നല്ല സൗഹൃദങ്ങളോട്…
പിന്നെ ഗൗതം സാറിനോട്…
അദ്ദേഹമാണ്, ഈ സ്ഥലവും സൗകര്യങ്ങളും ഒരുക്കിത്തന്നത്…
എല്ലാത്തിനും കൂടെ നിന്നത്….
എല്ലാവരോടും ഹൃദയത്തിൽ തൊട്ട നന്ദി മാത്രം!! “”

ചടങ്ങുകൾ അവസാനിപ്പിച്ച്, ഭദ്രേച്ചി ഞങ്ങൾക്കടുത്തേക്കു വന്നു..
അമ്മ, നിറഞ്ഞ കണ്ണുകളോടെ ചേച്ചിയെ കെട്ടിപ്പിടിച്ചു….
അച്ഛനും അതൊരു അഭിമാന നിമിഷമായിരുന്നു…

പെട്ടന്നാണ് അലമോൾ ഓടിവന്നത്…

“” ആൾക്കൊരു പരാതിയുണ്ട്…
താൻ, വേദിയിൽ അവളുടെ പേര് പറഞ്ഞില്ലാന്ന്.. “” ഗൗതം സാർ ചിരിയോടെ പറഞ്ഞു.

“” ആണോടീ കാന്താരീ… “” ഭദ്രേച്ചിയവളെ ചേർത്തുപിടിച്ചു.
ആളിത്തിരി വലുതായെങ്കിലും, കുറുമ്പിന് കുറവൊന്നും ഇല്ലായിരുന്നു.

അവളപ്പോഴും പരിഭവിച്ചു നിന്നു…

“” മാഡം ഒന്നു പ്രസാദിക്കാൻ, ഇനി അടിയൻ എന്ത് ചെയ്യണം ആവോ? “”
ഭദ്രേച്ചി, വിനയം ഭാവിച്ചു..

അലമോൾ എല്ലാവരെയുമൊന്ന് നോക്കി…
പിന്നെ സിനിമാ സ്റ്റൈലിൽ ഇങ്ങനെ പറഞ്ഞു…

“” കുറുമ്പ് കാട്ടുമ്പോൾ, എന്റെ ചെവിക്കു പിടിച്ചു നുള്ളാനും….
പഠിത്തത്തിൽ ഉഴപ്പ് കാട്ടിയാൽ, തലയ്ക്ക് നല്ല കിഴുക്കു തരാനും…
സ്വാദുള്ള ഭക്ഷണം അതിലും സ്വാദോടെ വായിൽവെച്ചു തരാനും…
ഉറക്കം വരാത്ത രാത്രികളിൽ, ഒരുമിച്ചു കിടത്തി പാട്ടുപാടിയുറക്കാനും… എനിക്കൊരു അമ്മയെ വേണം….
വരോ, ഞങ്ങടെ കൂടെ?? “””

അവളുടെ ഡയലോഗ് കേട്ട്, കണ്ണുതള്ളി നിൽക്കുകയായിരുന്നു ഞങ്ങളെല്ലാവരും…
ഭദ്രേച്ചിയാണെങ്കിൽ, ആകെ സ്തംഭിച്ചു പോയിരുന്നു….
ആകെക്കൂടി ചമ്മലും ഉണ്ടായിരുന്നു ആ മുഖത്ത്….

എനിക്ക് ചിരി വന്നെങ്കിലും, ഞാൻ വാ പൊത്തിപ്പിടിച്ചു…
പതിയെ ഞങ്ങളെല്ലാവരും അവിടുന്ന് പിൻവലിഞ്ഞു….

“” മറുപടി കിട്ടിയില്ല..!””

അലമോൾ, ഗൗരവം നടിച്ച് ഭദ്രയെ നോക്കി…
അവൾക്ക്, ഒരേ സമയം ചമ്മലും ചിരിയുംപൊട്ടി….

“” മോളെ… “”

അതുവരെ മിണ്ടാതിരുന്ന ഗൗതം, നോട്ടംകൊണ്ട് മകളെ വിലക്കി…

“” ഓഹ് പിന്നേ… എന്താ അഭിനയം.
സത്യം പറയാലോ ആന്റി..
ഇതിന്റെ സ്ക്രിപ്റ്റ് മുഴുവൻ, ദാ ഈ തലയിൽ ഉദിച്ചതാ..
ഞാൻ വെറും ആക്ട്രസ് മാത്രം!”” അവൾ കള്ളച്ചിരിയോടെ ഡാഡിയെ നോക്കി…

ഗൗതമിന് എന്തുപറയണമെന്ന് അറിയില്ലായിരുന്നു…
ആ പരുങ്ങൽ കാണെ, ഭദ്രയ്ക്ക് ചിരി വന്നു…

“” എന്തെങ്കിലും സത്യമുണ്ടോ മോള് പറഞ്ഞതിൽ?? “” അവൾ ചോദിച്ചു.

“” അതുപിന്നെ… സ്ക്രിപ്റ്റൊക്കെ അവളുടേത്‌ തന്നെയാ…
പിന്നെ, അവള് പറഞ്ഞതുപോലെ അവൾക്കിപ്പോ ഒരു അമ്മയെ ആവശ്യമുണ്ട്….
അത് താനായിരുന്നെങ്കിലെന്ന് ഒരാഗ്രഹം…. “” ഗൗതം പതിയെ പറഞ്ഞു.

ഒരു മറുപടിക്കു വേണ്ടി അയാൾ, ഭദ്രയുടെ മുഖത്തേക്കു തന്നെ മിഴികൾ നട്ടു…
കുറച്ചു നേരം മൗനം പാലിക്കുകയും, പിന്നെ ആ അധരങ്ങളിൽ ഒരു പുഞ്ചിരി തെളിയുകയും ചെയ്തു…
അതുകാണെ, ഗൗതമിന്റെ ഹൃദയത്തിലൊരു മഞ്ഞുകണം അലിഞ്ഞു ചേർന്നു….
അലമോളും ഓടിവന്ന്, ഭദ്രയെ കെട്ടിപ്പിടിച്ചു…

ആ സന്തോഷം ദൂരെ നിന്ന് ഞങ്ങളും വീക്ഷിക്കുന്നുണ്ടായിരുന്നു….
കുഞ്ഞുങ്ങൾക്കായി തണലൊരുക്കിയ എന്റെ ഭദ്രേച്ചിക്ക്, ഇനിയുള്ള കാലം, ഗൗതം സാർ തണലായിരിക്കട്ടെ എന്ന് ഞങ്ങളും മനം നിറഞ്ഞു പ്രാർത്ഥിച്ചു…..!

അവസാനിച്ചു….. ❤