19/04/2026

നിന്നോളം : ഭാഗം 10

രചന – ഫൗസിയ യൂസഫ്

“”അച്ഛാ ഭദ്രേച്ചി… ഭദ്രേച്ചീനെ തിരിച്ചു വിളിക്കൂ.. “” ഞാൻ തിടുക്കം കൂട്ടി. “” വേണ്ട! തിരിച്ചു വിളിക്കുന്നില്ല…! വഴക്കിട്ടു പിണങ്ങി, ഏതെങ്കിലുമൊരു മൂലയിൽ ചെന്നിരിക്കുന്നത് അവളുടെ എന്നത്തേയും പതിവാണല്ലോ… അവളുടെ ദേഷ്യം, അങ്ങനെ തീരുമായിരിക്കും… പക്ഷേ, ഞങ്ങളുടെയോ? “” അച്ഛൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു. “” എങ്കിൽ ഞാൻ വിളിക്കാം ഭദ്രേച്ചീനെ… “” ഞാൻ ഇറങ്ങാൻ തുടങ്ങിയതും, അച്ഛനെന്നെ തടഞ്ഞു, “” ആരും പോകുന്നില്ല…! ഇള്ളക്കുഞ്ഞൊന്നും അല്ല അവള്… രാത്രിയും ഇരുട്ടുമൊക്കെ അവൾക്കും തിരിച്ചറിയാം… അതെങ്ങനെയാ, ഉള്ള് മുഴുവനും ഇപ്പൊ ഇരുട്ടല്ലേ.. “” “” കണ്ണേട്ടാ ചെല്ല്… ചെന്ന് ഭദ്രേച്ചിയെ വിളിച്ചോണ്ട് വരൂ… “” ഞാൻ കണ്ണേട്ടനേയും നിർബന്ധിച്ചെങ്കിലും, ആ മനുഷ്യൻ പാറപോലെ ഉറച്ചു നിൽക്കുകയായിരുന്നു… “” ചാരൂ.. അവനെ നിർബന്ധിക്കണ്ട! പറയുന്നത് കേൾക്കാനല്ല ഭാവമെങ്കിൽ, ഈ കൈ ഭദ്രയെ അടിക്കാൻ മാത്രല്ല… നിന്നെ അടിക്കാനും പൊങ്ങും!”” അച്ഛന്റേത് ഉറച്ച തീരുമാനമായിരുന്നെങ്കിലും, ഒരച്ഛന്റെ ആധി ആ മുഖത്തുണ്ടായിരുന്നു… എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും, എനിക്കത് കാണാൻ കഴിയുമായിരുന്നു…

ഞാൻ ഇറങ്ങാൻ തന്നെ തീരുമാനിച്ചു… തലോടിയ കൈകൊണ്ട് ഒന്നല്ല, ഒരുപാട് തല്ലിയാലും എനിക്ക് നോവില്ലായിരുന്നു… ഞാൻ, മഴയുംകൊണ്ട് പടിപ്പുരവാതിൽ വരെ ചെന്നു… എവിടെയും ഭദ്രേച്ചിയില്ലായിരുന്നു… എനിക്കാകെ സംഭ്രമമായി… “” അച്ഛാ, അവിടെങ്ങും ഭദ്രേച്ചിയില്ല! ഞാൻ എല്ലായിടത്തും നോക്കി… എല്ലാരും കൂടി കുറ്റപ്പെടുത്തി വിഷമിപ്പിച്ചോണ്ടാ ഭദ്രേച്ചി പോയേ…”” ഞാൻ പിടച്ചിലോടെ പറഞ്ഞു. അതുവരെ മൗനമവലംബിച്ച അമ്മയ്ക്കും ഞാൻ പറഞ്ഞതുകേട്ട് ആധികേറി… “” ഒന്ന് ചെന്ന് നോക്കണുണ്ടോ കണ്ണേട്ടാ.. “” ഞാൻ ഉറക്കെ പറഞ്ഞു. കണ്ണേട്ടൻ, അച്ഛനെയൊന്ന് നോക്കിയ ശേഷം മനമില്ലാ മനസ്സുമായി മുറ്റയ്ത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ്…, ഇരുളിൽ നിന്നും ആരോ ഓടിക്കിതച്ചു വന്നത്… വന്നത്, പണിക്കാരിലൊരാളായ കുഞ്ഞൂട്ടനായിരുന്നു… “” തമ്പ്രാനേ… ഇവിടത്തെ കുട്ടി…. “” അയാൾ നന്നായി കിതച്ചു. “” എന്താ… എന്താണ്ടായേ? “” ഞാൻ അയാൾക്കടുക്കലേക്ക് ചെന്നു..

“” ഇവിടത്തെ ഭദ്രക്കുട്ടീനെ ഒരു വണ്ടി ഇടിച്ചു തെറിപ്പിച്ചു… ഇടിച്ചത് ആരാന്നറിയില്ല… അയാള്, നിർത്താതെപോയി… കുട്ടീനെ എല്ലാരുംകൂടി ആശൂത്രീല് കൊണ്ടോയിണ്ട്… “” അയാൾ, ഒറ്റശ്വാസത്തിൽ പറഞ്ഞു. “” എന്റീശ്വരാ ന്റെ മോള്… “” അമ്മ കരച്ചിൽ തുടങ്ങി… ഒപ്പം ഞാനും വിങ്ങിപ്പൊട്ടി… ഞങ്ങൾ ഹോസ്പിറ്റലിലെത്തുമ്പോൾ, നാട്ടുകാരിൽ ചിലർ അവിടുണ്ടായിരുന്നു… “” കൊണ്ടോന്ന ഉടനെ കേറ്റീതാ, എന്താ ഏതാന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല “” അവരിലൊരാൾ അച്ഛനോട് പറഞ്ഞു. കരഞ്ഞു തളർന്ന അമ്മയെ ചേർത്തുപിടിച്ച് ഞാൻ, ഐ സി യു വിന് പുറത്തൊരു കസേരയിലിരുത്തി… “” മോളെങ്ങനാ ആ സമയത്ത് അവിടെ…..? “” ഒരാൾ സംശയം പ്രകടിപ്പിച്ചു… പക്ഷേ, അച്ഛനൊന്നും പറഞ്ഞില്ല! കുറച്ചു സമയത്തിനകം, ഐ സി യു വിന്റെ വാതിൽ തുറക്കപ്പെട്ടു… വളരെ വേഗത്തിൽ രണ്ടു ഡോക്ടർമാരും ഒരു നേഴ്‌സും പുറത്തേക്കു വന്നു…. ഡോക്ടർ, ആ നേഴ്സിന് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുകയും, അവർ തലയാട്ടുകയും ചെയ്യുന്നുണ്ട്… “” ഡോക്ടർ..,ഞാൻ… ഞാൻ പേഷ്യന്റിന്റെ അച്ഛനാണ്… മോൾക്ക്…? “”” അച്ഛൻ അരികിലേക്ക് ചെന്നു…

“” ഒന്നും പറയാറായിട്ടില്ല… തലയ്ക്ക് ഇഞ്ചുറിയുണ്ട്… ഇമ്മീഡിയേററ്റായി ഒരു സർജറി വേണ്ടിവരും…. പ്രാർത്ഥിക്കൂ… “” ഡോക്ടർ, അച്ഛന്റെ തോളിൽ തട്ടിക്കൊണ്ട് കടന്നുപോയി… അച്ഛൻ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു…. അമ്മയാണെങ്കിൽ, കരഞ്ഞു അവശനിലയിലായിട്ടുണ്ട്…. കണ്ണേട്ടന്റെ ഉള്ളിലെന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നില്ല…. ഒരുതരം നിസ്സംഗ ഭാവം! “” ന്റെ ദേവീ, ഭദ്രേച്ചിക്ക് ഒന്നും വരുത്തല്ലേ… “” ഞാൻ ഉള്ളുരുകി വിളിച്ചു…. “വേണ്ടപ്പെട്ട ആരെങ്കിലും ഇതിലൊന്ന് സൈൻ ചെയ്യണം… സർജറിക്കുള്ള സമ്മതപത്രമാണ്!””” നേഴ്സ് നീട്ടിയത്, കണ്ണേട്ടന് നേരെയാണ്…. കണ്ണേട്ടൻ, അത് വാങ്ങിക്കാനൊന്ന് മടിച്ചു…. പിന്നെ, വാങ്ങിയ ആ പാഡ് അച്ഛനുനേരെ നീട്ടി…. അച്ഛനത് വാങ്ങുന്നതും, ഒപ്പിട്ട് തിരികെ നൽകുന്നതും കാണെ, എനിക്കെന്തോ കണ്ണേട്ടനോട് ദേഷ്യമാണ് തോന്നിയത്…. ” ഈ സമയത്തും കണ്ണേട്ടനെന്താ ഇങ്ങനൊക്കെ…. ” ഞാൻ ചിന്തിച്ചു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പായിരുന്നു ഞങ്ങൾ നാലുപേരും ഐ സി യു വിന് മുന്നിൽ…. ഇടയ്ക്ക് കണ്ണേട്ടൻ പോയി വെള്ളം വാങ്ങിക്കൊണ്ടുവരികയും, ഞാനത് അമ്മയെ കുടിപ്പിക്കുകയും ചെയ്തു… അത്രയ്ക്ക് തളർന്നുപോയിരുന്നു പാവം…. സർജറി വിജയകരമായി കഴിഞ്ഞു… ഞങ്ങൾക്ക് ഒരൽപ്പം ആശ്വാസം തരാൻ കഴിയുമായിരുന്നു ആ വാർത്തക്ക്…. ആ രാത്രി അങ്ങനെ കഴിഞ്ഞുപോയി….

പിറ്റേന്ന് രാവിലെ, ഒരാൾക്ക് ഭദ്രേച്ചിയെ കാണാൻ അനുവാദം കിട്ടിയിരുന്നു… അച്ഛനാണ് അകത്തേക്ക് കടന്നത്… മയക്കത്തിലായിരുന്ന ഭദ്രേച്ചിയെ കണ്ട്, കണ്ണു നിറച്ചുകൊണ്ടാണ് അച്ഛൻ പുറത്തേക്കു വന്നത്… ഡോക്ടർ അൻവറായിരുന്നു ഭദ്രേച്ചിയെ ട്രീറ്റ്‌ ചെയ്തത്… “” നിങ്ങളാരാ പേഷ്യന്റിന്റെ? “” ഭദ്രേച്ചിയെ പരിശോധിച്ച്, ഐ സി യു വിന് വെളിയിൽ വന്ന ഡോക്ടർ അൻവർ, കണ്ണേട്ടനോട് ചോദിച്ചു… “” ഞാൻ…. “” കണ്ണേട്ടൻ പറയാതെ വെച്ചത്, ഡോക്ടറോട് പറഞ്ഞത് ഞാനാണ്… “” ഭർത്താവാണ്…!!”” ഡോക്ടർ, എന്നേയും കണ്ണേട്ടനേയും മാറിമാറി നോക്കിയ ശേഷം, ഞങ്ങളോട് കാബിനിലേക്ക് വരാൻ പറഞ്ഞു. അച്ഛനേയും അമ്മയേയും അവിടിരുത്തി, ഞങ്ങൾ ഡോക്ടറോടൊപ്പം നടന്നു… “” ഇരിക്കൂ… “” ഡോക്ടർ ചൂണ്ടിയ, കസേരകളിലേക്ക് അദ്ദേഹത്തിന്റെ എതിർവശത്തായി ഞങ്ങളിരുന്നു… “” ഭദ്രയ്ക്ക് എന്തെങ്കിലും ട്രീറ്റ്മെന്റോ മറ്റോ ചെയ്തിരുന്നോ, ഐ മീൻ ആക്സിഡന്റിന് മുമ്പ്…? “” ഡോക്ടർ ചോദിച്ചു..

“” ഭദ്രേച്ചിക്കതിന്, പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ….എന്താ ഡോക്ടർ? “” ഞാൻ പറഞ്ഞതും, ഡോക്ടർ ഇത്തിരി നേരം ആലോചനയോടെ ഇരുന്നു… “” മുമ്പെപ്പോഴെങ്കിലും എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളതായി അവർ പറഞ്ഞിട്ടുണ്ടോ? “” അദ്ദേഹം വീണ്ടും ചോദിച്ചപ്പോൾ ഞാൻ ഓർത്തുനോക്കി…. ഒരിക്കൽപോലും എന്തെങ്കിലും വയ്യായ്കയുള്ളതായി ഭദ്രേച്ചി പറഞ്ഞിട്ടില്ല…. “” അങ്ങനൊന്നും ഭദ്രേച്ചി പറഞ്ഞതായി ഓർക്കുന്നില്ല… ആഹ്..പിന്നെ, കഴിഞ്ഞ ദിവസം ഭദ്രേചിയൊന്ന് വീണു… തലചുറ്റീതാണെന്നാ ചേച്ചി പറഞ്ഞേ… എന്താ ഡോക്ടർ? എന്തെങ്കിലും പ്രശ്നമുണ്ടോ?? “” എനിക്കാകെ വേവലാതിയായി… “” യെസ്… ഒരു പ്രോബ്ലമുണ്ട്.. ടെസ്റ്റ്‌ റിപ്പോർട്ടുകളൊക്കെ പരിശോധിച്ചപ്പോൾ, അവരുടെ യൂട്രസിൽ ഒരു മുഴയുള്ളതായി സംശയം തോന്നിയിരുന്നു…. ഉറപ്പിക്കാനായി ഒന്നുകൂടി സ്കാൻ ചെയ്തു നോക്കി…. അത് സത്യമാണ്… ബട്ട്‌, അതിപ്പോൾ സാമാന്യം വലുപ്പമെത്തിയിട്ടുണ്ട്… സോ…, അത് നീക്കം ചെയ്യുക എന്നത് ഇമ്പോസ്സിബിൾ ആണ്…!””” “ഡോക്ടർ…!”” ഞാൻ വിളിച്ചുപോയി..

“” പറയുന്നത് ഒരൽപ്പം വിഷമമുള്ള കാര്യമാണ്.. ബട്ട്, ഞങ്ങൾ ഡോക്ടേഴ്സിന് പറയാതിരിക്കാൻ കഴിയില്ലല്ലോ… ഐ ആം സോറി… അവരുടെ യൂട്രസ് റിമൂവ് ചെയ്യുകയല്ലാതെ, ഇതിന് മറ്റൊരു സൊല്യൂഷനില്ല…!””” കണ്ണേട്ടനെ നോക്കിയാണ് ഡോക്ടറത് പറഞ്ഞത്… “” മിസ്റ്റർ…? “” “” ഹരികൃഷ്ണൻ.. “” “” യെസ്, മിസ്റ്റർ ഹരികൃഷ്ണൻ.. നിങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ട് എത്ര വർഷമായി..? “” “”സെവൻ മന്ത്സ്.. “” കണ്ണേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു.. “”മ്മ്ഹ്…. ഇങ്ങനൊരു സിറ്റുവേഷനിൽ പേഷ്യന്റിന്റെ ജീവൻ രക്ഷിക്കുക എന്നതല്ലേ ആദ്യത്തെ പ്രിഫറൻസ്… വൈഫ്‌, ഇപ്പോഴത്തെ കണ്ടീഷനിൽ നിന്നും റിക്കവർ ചെയ്യട്ടെ… എന്നിട്ട് നമുക്ക്, സർജറിയുടെ ഡേറ്റ് ഫിക്സ് ചെയ്യാം… ഓക്കേ…”” കണ്ണേട്ടനെ ആശ്വസിപ്പിക്കും വിധം ഡോക്ടർ, കണ്ണേട്ടന്റെ കയ്യിൽ പിടിച്ചു…. കണ്ണേട്ടൻ, ഒരു ചെറു ചിരിയോടെ ആ റൂമിൽ നിന്നുമിറങ്ങി… പിന്നാലെ ഞാനും…. “” എന്താ ഈ മനസ്സില്… ഇപ്പഴും ദേഷ്യാണോ ഭദ്രേച്ചിയോട്? “” നടന്നുപോകുംവഴി ഞാൻ കണ്ണേട്ടനോട് ചോദിച്ചു. “” പെട്ടന്നൊരു അപകടവും, അസുഖവും വന്നെന്നു കരുതി, അവൾ ചെയ്തതൊന്നും തെറ്റല്ലാതാവില്ലല്ലോ…. ദുഖമുണ്ട്… സഹതാപവും…. എന്നുകരുതി, അതൊരു പ്രണയത്തിലേക്കോ ഒന്നിച്ചൊരു ജീവിതത്തിലേക്കോ വഴി മാറില്ല…!”” അചഞ്ചലമായ ആ മനസ്സിന്റെ തീരുമാനത്തെ വീണ്ടും ചോദ്യം ചെയ്യാൻ എനിക്ക് കഴിവില്ലായിരുന്നു…

ഇടയ്ക്ക്, നീലിമേച്ചീടെ കോൾ വന്നു… നടന്നതെല്ലാം ഞാൻ നേരത്തെ വിളിച്ചുപറഞ്ഞിരുന്നു…. ഓഫീസിൽ ലീവും എക്സ്റ്റന്റ് ചെയ്തിരുന്നു…. “” എന്തായി…? എങ്ങനെയുണ്ട് ഭദ്രയ്ക്കിപ്പോൾ? “” നീലിമേച്ചി അന്വേഷിച്ചു… ഡോക്ടർ വിളിപ്പിച്ചതും പറഞ്ഞതുമെല്ലാം ഞാൻ നീലിമേച്ചിയെ അറിയിച്ചു…. കണ്ണേട്ടൻ നടന്ന്, ദൂരെ എത്തിയിരുന്നു…. “” അവൾ ചെയ്തതൊക്കെ കേട്ടപ്പോ, അവളോട് വെറുപ്പും ദേഷ്യവുമായിരുന്നു… പക്ഷേ, ഇത് വല്ലാത്തൊരു വേദനയായല്ലോടീ പെണ്ണേ… “” “” മ്മ്ഹ്… അച്ഛനോടും അമ്മോടും ഇതൊക്കെ എങ്ങനെ പറയുമെന്നാ എനിക്കറിയാത്തെ… ഇപ്പോൾ തന്നെ പാതി ജീവനായിട്ടുണ്ട് രണ്ടാളും… “” “” ഇതൊന്നും മറച്ചുവെക്കേണ്ട ഒന്നല്ലല്ലോ… പതിയെ, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്ക്… ഞാൻ വെക്കുവാ… ഇടയ്ക്ക് വിളിക്കാം.. “” നീലിമേച്ചി ഫോൺ വെച്ചു… മുഖം അമർത്തിത്തുടച്ചു ഞാൻ അവർക്കരികിലേക്ക് ചെന്നു…. അവിടെ അപരിചിതനായ ഒരാള്കൂടി ഉണ്ടായിരുന്നു… അയാൾ, അച്ഛനോടെന്തോ കാര്യമായി സംസാരിക്കുന്നത് ഞാൻ, അകലെനിന്നേ കണ്ടു…. “” അതാരാ മ്മേ..? “” ഞാൻ അമ്മയോട് തിരക്കി..

“” അയാൾടെ കാറാണത്രേ , നമ്മടെ ഭദ്രയെ ഇടിച്ചു വീഴ്ത്തീത്… “” അമ്മ നീരസത്തോടെ പറഞ്ഞു. എനിക്കാകെ ദേഷ്യം വന്നു… ഇടിച്ചു എന്നത് ക്ഷമിക്കാം… ഒരു കൈയബദ്ധമായി പൊറുത്തു കൊടുക്കാം… പക്ഷേ,, ഭദ്രേച്ചിയെ ഹോസ്പിറ്റലിലെത്തിക്കാനുള്ള സാമാന്യ മര്യാദ അയാൾ കാട്ടേണ്ടിയിരുന്നില്ലേ… “” അത് ശരി, നിങ്ങളായിരുന്നല്ലേ ആ ആള്… ഒരാളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതും പോരാഞ്ഞ്, അയാളെ തിരിഞ്ഞുപോലും നോക്കാതെ പോകുന്നത് എവിടുത്തെ മര്യാദയാടോ… എന്റെ ഭദ്രേച്ചിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, താൻ സമാധാനം പറയുവാരുന്നോ…? തന്നെയൊക്കെ ഈ നിമിഷം പോലീസിൽ ഏൽപ്പിക്കാ വേണ്ടത്.. “” ഞാൻ അയാൾക്കുനേരെ ഒച്ചയെടുത്തു… അതൊരു ഹോസ്പിറ്റലാണെന്നോ, നിറയെ ആളുകളുണ്ടെന്നോ ഞാൻ ഗൗനിച്ചില്ല… “” ചെയ്തത് തെറ്റാണെന്നെനിക്കറിയാം… പക്ഷേ, അപ്പോഴത്തെ എന്റെ അവസ്ഥ…. ആ സമയത്ത് എനിക്കതിനേ കഴിയുമായിരുന്നുള്ളൂ.”” അയാൾ ശാന്തനായി പറഞ്ഞു.

“” എന്താവസ്ഥ…?? ഒരു ജീവനേക്കാളും വലുതല്ലല്ലോ മറ്റൊന്നും… വണ്ടിയിടിച്ച കുറ്റം, തലയിലാകുമെന്ന് പേടിച്ച് രക്ഷപ്പെട്ടതല്ലേടോ താൻ… എന്നിട്ട് നിന്ന് ന്യായം പറയുന്നു… “” ഞാൻ വീണ്ടും കയർത്തു. “” മോളേ, വേണ്ട… സംഭവിക്കാനുള്ളത് സംഭവിച്ചു… ഇനി ഇയാളെ പഴിച്ചിട്ടെന്താ കാര്യം… “” അച്ഛനെന്നെ വിലക്കി.. “” എന്നാലും അച്ഛാ… ഇയാള് “” “” ചാരൂ.. ആളുകൾ ശ്രദ്ധിക്കുന്നു.. താനൊന്ന് മിണ്ടാതിരിക്കൂ… “” കണ്ണേട്ടൻ പതിയെ പറഞ്ഞു. “” അവർക്ക്.. അവർക്കിപ്പോ എങ്ങനെയുണ്ട്? “” അയാൾ, കണ്ണേട്ടനോട് ചോദിച്ചു. “” ഷി ഈസ്‌ വെൽ… “” ഞാനപ്പോഴും അയാളെ കലിപ്പോടെ നോക്കിനിന്നു… എത്ര ശ്രമിച്ചിട്ടും, എനിക്കെന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല! “”വിരോധമില്ലെങ്കിൽ, ഞാനൊരു കാര്യം പറയട്ടെ…?”” അയാൾ വീണ്ടും ചോദിച്ചു. “” എന്താ…? “” കണ്ണേട്ടൻ ഗൗരവത്തോടെ ചോദിച്ചു. “” അവർ, ആ സമയത്ത് അവിടെന്തിനു വന്നു എന്നൊന്നും എനിക്കറിയില്ല… മാക്സിമം സ്പീഡിലായിരുന്നിട്ടും ഞാനവരെ സേവ് ചെയ്യാൻ ശ്രമിച്ചതാ…. പക്ഷേ, അവരെന്റെ കാറിനു മുന്നിലേക്ക് മനപ്പൂർവം ചാടുകയായിരുന്നു…

മരിക്കാനുറച്ചതുപോലെ…!”” അയാൾ പറഞ്ഞതും, ഞങ്ങളെല്ലാം ഒരുപോലെ ഞെട്ടി! “” എനിക്കു രക്ഷപ്പെടാൻ വേണ്ടി കള്ളം പറയുന്നതല്ല… അങ്ങനെയെങ്കിൽ, അവരെയന്വേഷിച്ചു എനിക്കിവിടെ വരേണ്ട ആവശ്യമില്ലായിരുന്നു…”” അയാൾ പറഞ്ഞു. “” ഇതൊരു ആത്മഹത്യാ ശ്രമമാണെന്ന് സ്ഥാപിക്കാനായിരിക്കും തന്റെ ഉദ്ദേശം… “” ഞാനും പറഞ്ഞു. “” മോളേ.. മതി! ഭദ്ര വീട്ടിൽനിന്നിറങ്ങിയ അവസ്ഥ നീയും കണ്ടതല്ലേ… അതുകൊണ്ട്, ഇയാള് പറയുന്നത് പൂർണമായും തള്ളിക്കളയാനാവില്ല!”” അച്ഛനാണത് പറഞ്ഞത്.. “” അച്ഛനും ഇയാളെ വിശ്വസിക്കാണോ ഭദ്രേച്ചി അങ്ങനൊന്നും… “” എന്നെ പറയാൻ അനുവദിക്കാതെ, കണ്ണേട്ടൻ എനിക്കരികിലേക്ക് നീങ്ങി നിന്നു. “” താൻ തർക്കിച്ചു നിൽക്കാതെ, ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കൂ… ഞാൻ ഇയാളുമായി പുറത്തുണ്ടാകും”” ശബ്ദം താഴ്ത്തിപ്പറഞ്ഞുകൊണ്ട്, കണ്ണേട്ടൻ അയാളുമായി താഴേക്കുപോയി.. അവരെ സത്യങ്ങൾ ധരിപ്പിക്കുക എന്നത് എനിക്കൊരു വലിയ ടാസ്‌ക്കായിരുന്നു… മനപ്രയാസവും…. “” അല്ല മോളേ, നിങ്ങളെ വിളിപ്പിച്ചിട്ട് ഡോക്ടർ എന്താ പറഞ്ഞത്? ഇതിനിടയിൽ അത് വിട്ടുപോയി…

“” അച്ഛൻ അന്വേഷിച്ചു… അമ്മയുടെ മുഖത്തും അറിയാനുള്ള വ്യഗ്രതയുണ്ടായിരുന്നു.. “” അ.. അതുപിന്നെ… “” “” എന്താ മോളെ, എന്തായാലും പറയൂ.. എന്തും സഹിക്കാനുള്ള മനക്കരുത്തൊക്കെ കുറച്ചു ദിവസമായി അച്ഛൻ ആർജിച്ചെടുക്കുവല്ലേ… മോള് പറയ് “” “” പറയാൻ പോകുന്നത്, ആക്സിഡന്റിൽ സംഭവിച്ച കാര്യമല്ല, അതിനുമുൻപ്, നമ്മളൊന്നും എന്തിന്, ഭദ്രേച്ചിപോലും അറിയാത്തൊരു അസുഖം ചേച്ചിയെ കീഴ്പ്പെടുത്തിയിട്ടുണ്ട്… നമ്മളറിയാൻ വൈകിപ്പോയഛാ.. “” “”ഞങ്ങളെയിങ്ങനെ പരീക്ഷിക്കാതെ, കാര്യം എന്താന്നു പറ മോളേ..”” അമ്മയ്ക്ക് ആധി കേറി.. “” അമ്മാ, ചേച്ചിക്ക് ഒരമ്മയാവാൻ കഴിയില്ല… ചേച്ചീടെ ഗർഭപാത്രം കളയണംന്നാ ഡോക്ടറ്…. “” ഞാൻ വിതുമ്പിപ്പോയി.. “” എന്താ… എന്താ മോളേ നീ പറഞ്ഞേ? “”” “” അതേ അമ്മേ, ചേച്ചീടെ ഗർഭപാത്രത്തിലൊരു മുഴ വളർന്നിട്ടുണ്ടെന്ന്… ഇനി മറ്റൊന്നും ചെയ്യാനാവില്ലെന്നാ ഡോക്ടറ് പറഞ്ഞേ…. “” ഞാനമ്മയെ മുറുകെപ്പിടിച്ചു… പക്ഷേ, ആ ശരീരം തളർന്നുപോയിരുന്നു…. “” എന്റീശ്വരാ.. “” എന്നൊരു വിളിയോടെ അമ്മ, നിലത്തേക്ക് കുഴഞ്ഞു വീണു….. കാത്തിരിക്കണേ… ❤