രചന – ശരണ്യ
ഇല കൊഴിയുന്നതിനേക്കാൾ വേഗത്തിൽ ദിവസങ്ങൾ കടന്നു പോയി…ആനിയെ എന്നാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത് എന്ന് തറവാട്ടിൽ എല്ലാവരും എബിയോട് ചോദിച്ചു കൊണ്ടേയിരുന്നു… എല്ലാത്തിനുമുള്ള മറുപടി എബി വെറുതെ ഒരു ചിരിയിൽ ഒതുക്കും… ഖ്ആന്റണിയും ആനിയും തമ്മിലുള്ള പ്രശ്നതിന് കൂടി ഒരു അവസാനം കണ്ടിട്ട് മതി ഒന്നിച്ചൊരു ജീവിതമെന്ന് എബി ആദ്യമേ മനസ്സിൽ ഉറപ്പിച്ചിരുന്നു…..ആനി അയാളോട് ക്ഷമിച്ചാലും ഇല്ലെങ്കിലും മേഴ്സിയും അന്റണിയും തമ്മിലുള്ള അകൽച്ച കുറയുമെന്ന് അവന് അറിയാമായിരുന്നു…ഓരോ ദിവസവും അവർ ആന്റണിയെ ഓർത്ത് സങ്കടപ്പെടുന്നത് അവൻ നേരിൽ കാണുന്നുവെന്ന് ഉള്ളത് തന്നെയായിരുന്നു അതിനുള്ള കാരണം….
രാത്രിയിൽ പതിവ് സംസാരത്തിനിടയിൽ ആനി എബിയോട് ചോദിച്ചു… ഇച്ചായാ…നമ്മുടെ കാര്യത്തിൽ ഇച്ചായൻ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ ?? അതെന്താ നീ അങ്ങനെ ചോദിച്ചത് ആനി… നമ്മൾ രണ്ടുപേരും ഇങ്ങനെ അവിടെയും ഇവിടെയുമായി തന്നെ ജീവിക്കാനാണോ ഉദ്ദേശമെന്ന് ഇന്നലെ വൈകിട്ട് അമ്മച്ചി വിളിച്ചപ്പോൾ ചോദിച്ചിരുന്നു…… എന്നിട്ട് നീ എന്ത് മറുപടി പറഞ്ഞു…? ഞാൻ ഒന്നും പറഞ്ഞില്ല.. ഹമ്…നിന്നോട് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായ ഒരു ഉത്തരം തരുമോ..?? നിനക്ക് ബാംഗ്ലൂർ ജീവിക്കാനാണോ ഇഷ്ടം അതോ ഇവിടേക്ക് വരാനാണോ…??? അതോ ഇനി നിന്റെ അമ്മയുടെ നാട്ടിലേക്ക് പോകാനാണോ ഇഷ്ടം…??? ആനി കുറച്ചു നേരം ആലോചിച്ചു….
എന്താ ആനിമോളെ ചോദ്യം കടുത്തു പോയോ…???. പിന്നല്ലാതെ…എനിക്ക് ചെറുവയ്ക്കലിൽ നിൽക്കാൻ വലിയ ഇഷ്ടമാ.. കാരണം അച്ഛനിൽ നിന്ന് ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്നേഹവും വാത്സല്യവും എനിക്ക് നല്കിയ അമ്മാവനും…അമ്മയെ പോലെ എന്നെ സ്നേഹിക്കുന്ന വിജി അമ്മായിയും സിന്ധു കുഞ്ഞമ്മയും..പിന്നെ വിച്ചേട്ടൻ.. ചേച്ചി..അമ്മു…അച്ചു…അവരെല്ലാം അവിടെ ഉണ്ട്… കോട്ടയത്തേക്ക് വന്നാൽ അവിടെ മദറും ഞാൻ ഇത്ര നാളും വളർന്ന എന്റെ കരുണാലയവും എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന എന്റെ കുഞ്ഞുങ്ങളും പിന്നെ വൈകിയാണെങ്കിലും എന്നെ സ്നേഹം കൊണ്ട് പൊതിയുന്ന പാറക്കുന്നേൽ തറവാട്ടിൽ ഉള്ളവരും…എല്ലാം എനിക്ക് ഒത്തിരി പ്രിയപ്പെട്ടതാണ്….
പക്ഷെ എന്തൊക്കെ പറഞ്ഞാലും ഈ രണ്ട് ഇടത്തും ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ എനിക്ക് വേദന സമ്മാനിച്ച കുറച്ചു കാര്യങ്ങൾ ഉണ്ട്…അത് കൊണ്ട് ഇച്ചായന്റെ ചോദ്യത്തിന് എന്റെ ഉത്തരം ഇതാണ്…എനിക്ക് ഈ ബാംഗ്ലൂർ നഗരത്തോട് ആണ് താല്പര്യം… ഇവിടെ ആതി..വർഷ ചേച്ചി…ഏത് സങ്കടത്തിലും എന്റെ കൂടെ നിൽക്കുന്ന രണ്ട് പേർ…ആദർശ് ചേട്ടൻ… വിച്ചേട്ടൻ…ഓഫീസ്…പിന്നെ ഇച്ചായനും ഞാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും അവസാനിച്ചതും ഇവിടെ വയ്ച്ച് അല്ലേ… എന്തുകൊണ്ടോ എനിക്ക് ഈ നഗരത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്… ഹമ്..അപ്പോൾ നിനക്ക് അവിടെയാണ് ഇഷ്ടം.. അല്ല..എന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം…?? ഇച്ചായന് തറവാട്ടിൽ നിൽക്കാൻ അല്ലേ ഇഷ്ടം… പിന്നെ എന്റെ ഇഷ്ടം ചോദിച്ച് അറിയുന്നതിൽ എന്താണ് കാര്യം…
ഒരു വർഷത്തെ ട്രൈയിനിംഗ് കഴിഞ്ഞാൽ ഇച്ചായൻ പഴയ പോലെ ബിസിനസ്സ് നോക്കി നടത്തി അപ്പച്ചന്റെ ഒപ്പം കൂടും… അപ്പോഴേക്ക് ഇച്ചായൻ എന്നെയും അങ്ങോട്ടേക്ക് കൊണ്ട് പോകില്ലേ…പിന്നെ ഞാൻ വീണ്ടും പഴയ പോലെ സ്കൂൾ ടീച്ചർ..അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി…ഇതല്ലേ നടക്കാൻ പോകുന്നത്… എബി ഒന്നും മിണ്ടിയില്ല..അവൻ പെട്ടെന്ന് വിഷയം മാറ്റി…എബിയുടെ മനസ്സിൽ മറ്റ് എന്തൊക്കെയോ പ്ലാനുകൾ ആയിരുന്നു..
ഫ്രാൻസിസിന്റെ വിവാഹം കഴിഞ്ഞു… അവർ തിരിച്ച് പോകും മുൻപ് എബി അവരെ കാണാൻ ചെന്നു…. ഫ്രാൻസിയോടും വൈഫിനോടും സംസാരിക്കണമെന്ന് ആനി ആഗ്രഹം പറഞ്ഞപ്പോൾ എബി അവളെ വീഡിയോ കാൾ ചെയ്തു… ഒരുപാട് നാളുകൾക്ക് ശേഷം ആനിയെ കണ്ടപ്പോൾ അവളിൽ ഉണ്ടായ മാറ്റം ഫ്രാൻസിസിനെ അത്ഭുതപ്പെടുത്തി… അവളോട് സംസാരിക്കാൻ ആദ്യം ഒരിച്ചിരി മടി തോന്നിയെങ്കിലും ആനി വളരെ അടുപ്പത്തോടെ സംസാരിച്ചപ്പോൾ ആ മടി ഒക്കെ മാറി…അവൾ ഫ്രാൻസിസിന്റെ ഭാര്യയോടും സംസാരിച്ചു…പുറത്തു വളർന്നതിന്റെ ജാഡയൊന്നും ഇല്ലാത്ത ഒരു പാവം കുട്ടിയായിരുന്നു അത്..ആനിയോട് തോന്നിയ ഇഷ്ടത്തെ പറ്റി ആദ്യമേ തന്നെ ഫ്രാൻസിസ് അവളോട് പറഞ്ഞിരുന്നു.. അത് കൊണ്ട് ആനിയ്ക്ക് സ്വയം പരിചയപ്പെടുത്തേണ്ട ആവശ്യം വന്നില്ല.. ഫ്രാൻസിസിന് നല്ലൊരു ജീവിതം ഉണ്ടായതിൽ ആനി വളരെ സന്തോഷവതിയായിരുന്നു…
രണ്ട് മാസം കഴിഞ്ഞാൽ വൈശാഖിന്റെയും ആദർശിന്റെയും കല്ല്യാണമായി…അതിന് മുൻപേ ആനിയുടെയും എബിയുടെയും കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമോ അതോ രണ്ടും അക്കരെ ഇക്കരെ തന്നെയായിരിക്കുമോ എന്ന് വൈശാഖും ആതിരയും ആനിയോട് ഒരുപാട് തവണ ചോദിച്ചു…എബിയെ പോലെ ആനിയും ആ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി… ഒരു ദിവസം വൈകിട്ട് ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയ എബിയെ മേഴ്സി നേരെ അവരുടെ റൂമിലേക്ക് വിളിച്ചു കൊണ്ട് പോയി…അവൻ ലില്ലിയെ നോക്കിയപ്പോൾ അവരുടെ മുഖത്ത് ഒരു തരം നിസ്സംഗ ഭാവമായിരുന്നു… എന്താ മേഴ്സിയമ്മേ..?? ഞാൻ ഒന്ന് റൂമിൽ പോയി ഫ്രഷ് ആയിട്ട് വരാം..
നമുക്ക് അത് കഴിഞ്ഞ് സംസാരിച്ചാൽ പോരെ.. മോനെ എബീ…ഒരു അബദ്ധം പറ്റി.. എന്ത് അബദ്ധം ?? ഒന്ന് തെളിച്ച് പറയ്… അന്റോച്ചായൻ വിളിച്ചിരുന്നു… മേഴ്സിയമ്മയെ വിളിച്ചോ…??? എന്ത് പറഞ്ഞു…?? ഇപ്പോഴും വേളാങ്കണ്ണിയിൽ തന്നെ ആണോ..ഞാൻ വിളിച്ചപ്പോൾ ഔട്ട് ഓഫ് കവറേജ് ഏരിയ എന്നാ പറഞ്ഞത്… മെസ്സജ് അയച്ചിട്ടും റിപ്ലൈ ഒന്നും തന്നില്ല.. മേഴ്സി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു… എന്താ മേഴ്സിയമ്മേ…?? കാര്യം പറയ്.. മോനെ..ഒരുപാട് ദിവസത്തിന് ശേഷമാണ് ഇച്ചായന്റെ ശബ്ദം ഒന്ന് കേട്ടത്..ശബ്ദം ആകെ വല്ലാണ്ട് ഇരിക്കുവായിരുന്നു… അങ്ങോട്ട് എന്തെങ്കിലും പറയും മുൻപേ ഇച്ചായൻ സംസാരിച്ചു തുടങ്ങി..
നീ ആനിയെ കണ്ടെത്തിയോ നിന്റെ കാര്യം എന്തായി എന്നൊക്കെ ചോദിച്ചു..അവളെ കുറെ തിരക്കിയെന്നും ഒരു അറിവും കിട്ടിയില്ലെന്നുമൊക്കെ കുറെ സങ്കടം പറഞ്ഞു..ആനിയെ കണ്ട് മാപ്പ് ചോദിച്ച് അവൾ ക്ഷമിച്ചാൽ മാത്രമേ ഇനി എന്റെ മുന്നിലേക്ക് വരൂ..അഥവാ അവളെ കാണാൻ പറ്റിയില്ലെങ്കിൽ അവൾ ഇച്ചായനോട് ക്ഷമിച്ചില്ലെങ്കിൽ ഇനി ഇങ്ങോട്ടേക്ക് ഒരു വരവ് ഉണ്ടാകില്ല നീ എന്നോട് ക്ഷമിക്കണം എന്ന് ഒക്കെ പറഞ്ഞിട്ടാണ് ഫോൺ വയ്ച്ചത്.. മ്മ്…ഇതിൽ അബദ്ധം എന്താണ് ?? എനിക്ക് എന്തോ അദ്ദേഹത്തിന്റെ വിഷമം കണ്ട് നിൽക്കാൻ കഴിഞ്ഞില്ല..എന്റെ കഴുത്തിൽ കിടക്കുന്ന ഈ മിന്ന് അതിന് അനുവധിച്ചില്ല എബീ….എന്തൊക്കെ പറഞ്ഞാലും ഞാൻ ഇച്ചായന്റെ ഭാര്യ അല്ലേ മോനെ… ഞാൻ ഇച്ചായനെ തിരിച്ചു വിളിച്ചു…
ഇടറിയ ശബ്ദത്തോടെയാണ് എന്നെ മേഴ്‌സിയെന്ന് വിളിച്ചത്…നീ ആനിയെ കണ്ടെത്തിയതും അവിടേക്ക് പോയതും പിന്നീട് അവിടെയും ഇവിടെയുമായി നടന്ന എല്ലാ സംഭവങ്ങളും ഞാൻ പറഞ്ഞു പോയി…. ആനി എവിടെ ഉണ്ടെന്ന് മേഴ്സിയമ്മ പറഞ്ഞോ…??? പറഞ്ഞു…നിങ്ങൾക്ക് ഇടയിലെ പ്രശ്നങ്ങൾ എല്ലാം സോൾവ് ആയ കാര്യം അറിഞ്ഞപ്പോൾ ഇച്ചായന് ഒത്തിരി സന്തോഷമായി മോനെ… മ്മ്.. എന്താ എബീ നീ ഒന്നും പറയാത്തത്…? നീ ഒന്നും അദ്ദേഹത്തോട് പറയാതെ ഇരിക്കവായിരുന്നില്ലേ…ഇച്ചായന്റെ സങ്കടം കണ്ടപ്പോൾ ഒന്നും മറയ്ച്ചു വയ്ക്കാൻ എന്നെ കൊണ്ട് കഴിഞ്ഞില്ല…മിക്കവാറും നാളെ തന്നെ ഇച്ചായൻ ആനിയെ കാണാൻ പോകും…പിന്നെ നിങ്ങൾക്ക് ഇടയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും അവസാനിച്ചത് കൊണ്ട് കൂടിയാണ് ഞാൻ ഇച്ചായനോട് എല്ലാം പറഞ്ഞത്…
ഞാൻ അന്റോച്ചനെ വിളിച്ചത് ഇങ്ങോട്ട് തിരിച്ചു വരാൻ പറയാനാണ്… മേഴ്സിയമ്മ ഓരോ ദിവസവും അന്റോച്ചനെ ഓർത്ത് സങ്കടപ്പെടുന്നത് ഞാൻ കാണുന്നത് അല്ലേ…കഴിഞ്ഞ ദിവസം അപ്പച്ചൻ അന്റോച്ചനെ പറ്റി ദേഷ്യത്തിൽ എന്തോ പറഞ്ഞപ്പോൾ മേഴ്സിയമ്മയുടെ മുഖം സങ്കടത്താൽ കുനിഞ്ഞത് ഞാൻ കണ്ടായിരുന്നു… എനിക്ക് അറിയാം മേഴ്സിയമ്മേ..സ്വന്തം ഭർത്താവ് ഇനി എന്തൊക്കെ തെറ്റ് ചെയ്‌തെന്ന് പറഞ്ഞാലും ഏതൊരു ഭാര്യയുടെ ഉള്ളിലും അയാളോട് സ്നേഹം തന്നെയായിരിക്കും…അയാൾക്ക് ഒരു സങ്കടം വരുമ്പോൾ ആദ്യം ഓടി എത്തുന്നത് അവർ തന്നെയാകും… ആനിയുമായിട്ടുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞ് തീർക്കാനായി അവളെ കാണാൻ പോകാൻ വേണ്ടിയിട്ടാണ് ഞാൻ അന്റോച്ചനെ വിളിച്ചത്…അപ്പോൾ ഫോൺ എടുത്തില്ല…അത് മാത്രമല്ല അതിന് കൂടി ഒരു തീരുമാനം ഉണ്ടായാലേ എനിക്കും എന്റെ പെണ്ണിനും സമാധാനമായി ഒരു ജീവിതം ഉണ്ടാകൂ…
ഹാ എന്തായാലും നന്നായി..അപ്പൻ തന്നെ പോയി മോളെ കാണട്ടെ…അവൾ അന്റോച്ചനെ കാണുമ്പോൾ എന്ത് പറയും എങ്ങനെ റിയാക്റ്റ് ചെയ്യും എന്നൊന്നും എനിക്ക് അറിയില്ല.. മോനെ…ഇച്ചായൻ ഉടനെ അവളെ കാണാൻ ചെല്ലുമെന്ന് നീ ഒന്ന് ആനി മോളോട് ഒന്ന് പറഞ്ഞേക്ക്… എന്തിന്…അത് വേണ്ട…ഞാൻ അവളോട് പറയില്ല…നിങ്ങൾ രണ്ടുപേരും ആനിയോട് ഒന്നും പറയണ്ട…നേരിൽ കാണുമ്പോൾ അവൾക്ക് എന്താണോ അവളുടെ അപ്പച്ചനോട് പറയാൻ ഉള്ളത് അത് അവൾ പറയട്ടെ… അത്രയും പറഞ്ഞ് എബി അവന്റെ റൂമിലേക്ക് പോയി.. ഓഫീസിലെ പുതിയ വർക്കിന്റെ തിരക്ക് കാരണം എബി കുറച്ചു ബിസിയായിരുന്നു… അവന് ഓഫ് പോലും കിട്ടുന്നുണ്ടായിരുന്നില്ല..എബിയെ പോലെ ട്രൈയിനിയായി മറ്റൊരാൾ കൂടി ഉണ്ട്…
പുതിയ പ്രൊജക്റ്റ് കമ്പനിയ്ക്ക് ഒരു മൈൽ സ്റ്റോൺ ആണെന്ന് പറഞ്ഞ് എല്ലാ എംപ്ലോയീസിനെ കൊണ്ടും നല്ലോണം പണിയെടുപ്പിക്കുന്നുണ്ടായിരുന്നു… അതിൽ കൂടുതൽ ജോലിയും ട്രൈയിനികളായ അവർക്കും… രാത്രി മിക്കവാറും എബി വൈകിയാണ് എത്തിയിരുന്നത്…കാറിൽ പോകുന്നത് കൊണ്ട് ഇപ്പോൾ അവന് യാത്ര ഒരു പ്രശ്നമല്ലായിരുന്നു…എത്ര ലേറ്റ് ആയി വന്നാലും അവൻ ആനിയോട് സംസാരിക്കാതെ കിടക്കില്ല.. മേഴ്സി പറഞ്ഞ പോലെ ആന്റണി അവളെ കാണാൻ ചെന്നിട്ടുണ്ടാകുമോ എന്ന് എബിയ്ക്ക് സംശയമുണ്ടായിരുന്നു.. പക്ഷെ ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും ആനി അതെ പറ്റി ഒന്നും പറയാതെ വന്നപ്പോൾ ആന്റണി അവിടെ എത്തിയിട്ടില്ലെന്ന് അവന് ബോധ്യമായി…
അവിടെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ നീ ഓക്കേ അല്ലേ എന്നൊക്കെ അവൻ ചോദിച്ചപ്പോൾ ആനിയ്ക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി…അങ്ങനെ ചോദിച്ചതിന്റെ കാരണം എന്താണെന്ന് അവൾ വീണ്ടും വീണ്ടും ചോദിച്ചിട്ടും ആന്റണിയുടെ കാര്യം എബി പറഞ്ഞില്ല… കഴിഞ്ഞ രാത്രി എന്തോ സ്വപ്നം കണ്ടു.. അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞ് മാറി… കല്ല്യാണത്തെ പറ്റിയുള്ള ചർച്ചകൾ നടക്കുവായിരുന്നു ചെറുവയ്ക്കലിൽ.. വൈഷ്ണവി ഒരു മാസം മുൻപേ നാട്ടിൽ എത്തുമെന്ന് പറഞ്ഞത് മുതൽ വൈഷ്ണവി എത്തുമ്പോൾ തന്നെ ആനിയും ലീവ് എടുത്ത് നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് അമ്മുവും സിന്ധുവും അവളെ നിർബന്ധിക്കാൻ തുടങ്ങി.. അത്രയും ദിവസം ലീവ് കിട്ടാത്തത് കൊണ്ട് വൈശാഖിന്റെ ഒപ്പം അവളും നാട്ടിലേക്ക് വരുമെന്ന് ആനി അവരോട് പറഞ്ഞു…
വൈശാഖിന്റെ വെഡിങ് കാർഡ് സെലെക്റ്റ് ചെയ്തത് അമ്മുവും ആനിയും ചേർന്നായിരുന്നു… കല്ല്യാണത്തിന് രണ്ടുപേർക്കും ഒരേ പോലത്തെ ഡ്രസ്സ് മതിയെന്ന് അപ്പോൾ തന്നെ അമ്മു ആനിയോട് പറഞ്ഞു…എന്ത് ഡ്രസ്സ് വേണമെന്ന കൺഫ്യൂഷനിൽ ആയിരുന്നു അവർ…ആനി സാരി ഉടുത്താൽ മതിയെന്നായിരുന്നു എബിയുടെ അഭിപ്രായം..ഒടുവിൽ ആനി നാട്ടിൽ വന്ന ശേഷം രണ്ടുപേർക്കും ഒന്നിച്ചു പോയി ഒരേ പോലത്തെ സാരി എടുക്കാമെന്ന് അവർ തീരുമാനിച്ചു.. അദർശിന്റെയും വർഷയുടെയും കല്ല്യാണത്തിന് ആനിയും ആതിരയും ചേർന്ന് കസവിലുള്ള ഹാഫ് സാരി ഡിസൈൻ ചെയ്യാമെന്ന് പ്ലാൻ ചെയ്തു.. വെഡിങ് റിസെപ്ഷന് വേണ്ടിയുള്ള ലെഹെങ്ങ ഡിസൈൻ ചെയ്യാൻ കൊടുത്ത ബൊട്ടീക്കിൽ തന്നെ ഹാഫ് സാരിയും ഡിസൈൻ ചെയ്യാൻ കൊടുക്കാമെന്ന് അവർ ഉറപ്പിച്ചു…..
വൈകിട്ട് ഓഫീസിൽ നിന്ന് അവർ രണ്ടുപേരും നേരെ ബൊട്ടീക്കിലേക്ക് പോയി…അവിടുത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അടുത്തുള്ള പാർക്കിൽ പോയാലോ എന്ന് ആതിര അവളോട് ചോദിച്ചു…ആനി സമ്മതം മൂളിയതോടെ രണ്ടുപേരും പാർക്കിലേക്ക് പോയി..ഓരോ ഐസ്ക്രീം വാങ്ങിയ ശേഷം അവർ പാർക്കിന്റെ സൈഡിലുള്ള ബെഞ്ചിൽ ഇരുന്നു.. ഒരുപാട് കുട്ടികൾ അവിടെ കളിക്കുന്നുണ്ടായിരുന്നു.. സ്ലൈഡിലും ഊഞ്ഞാലിലുമായി കളിക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ ആനിയുടെ മനസിലേക്ക് കരുണാലയം കടന്ന് വന്നു… കുട്ടിക്കൾക്ക് വേണ്ടി കരുണാലയത്തിന് മുന്നിലും ചെറിയൊരു പാർക്ക് ഉണ്ട്… അവിടെ കളിച്ചു കൊണ്ട് നിന്ന ഒരു കുട്ടി ഓടുന്നതിന് ഇടയിൽ അവരുടെ മുന്നിൽ വന്ന് വീണു…ആനി വേഗം ചെന്ന് ആ കുഞ്ഞിനെ പിടിച്ച് എഴുന്നേല്പിച്ചു..
അവളുടെ കൈയ്യിലും കാലിലും പറ്റിയ മണ്ണും പൊടിയുമെല്ലാം അവൾ തട്ടി കളഞ്ഞു…അപ്പോഴേക്കും ആ കുഞ്ഞിന്റെ അമ്മ അവിടേക്ക് എത്തിയിരുന്നു…അവർ ആനിയോട് താങ്ക്സ് പറഞ്ഞിട്ട് കുഞ്ഞിനെ കൊണ്ട് പോയി..ആനി അവർ പോകുന്നത് നോക്കി അവിടെ തന്നെ നിന്നു…പെട്ടെന്ന് ആ കുഞ്ഞ് അവളെ തിരിഞ്ഞു നോക്കി ടാറ്റാ കാണിച്ചു…കുഞ്ഞിന്റെ നിഷ്കളങ്കമായ ആ ചിരി ആനിയുടെ ചുണ്ടിലും ഒരു ചിരി വിരിയിച്ചു.. ആനീ…ഫോൺ… ആതിരയുടെ വിളി കേട്ട് ആനി വേഗം ബാഗിൽ നിന്ന് ഫോൺ എടുത്ത് നോക്കി… എബിയുടെ കാൾ ആയിരുന്നു…ആനിയുടെ മുഖത്തെ ചിരി കണ്ടപ്പോഴേ അത് ആരാണെന്ന് ആതിരയ്ക്ക് മനസ്സിലായി… അവൾ ആതിരയെ നോക്കി ചിരിച്ചുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു… എബിയോട് സംസാരിക്കുന്നതിടയിൽ ആനിയുടെ കണ്ണുകൾ എന്തിലോ ഉടക്കി…എബി പറയുന്നത് ഒന്നും ആനി കേൾക്കുന്നുണ്ടായിരുന്നില്ല…അവളുടെ കൈയ്യിൽ നിന്ന് ഫോൺ താഴേക്ക് പോയി.. തുടരും….

by