29/04/2026

നാട്യം : ഭാഗം 25

രചന – നന്ദിത ദാസ്

#പെട്ടെന്ന് ഡ്രസ്സ്‌ എടുത്തു ഇടു മനുഷ്യാ…
ഞാൻ റൂമിൽ ഉണ്ടെന്നു പറയണമെന്ന് തോന്നി…
പക്ഷേ ശബ്ദം വെളിയിലോട്ട് വരുന്നില്ല…
രണ്ടും കല്പിച്ചു ഞാൻ പതുക്കെ ഒന്ന് ചുമച്ചു…

“ഹയ്യോ… ”
എന്നൊരു സൗണ്ട് പുറത്തേക്കു വന്നത് മാത്രം കേട്ടു…

“ഓഹ്ഹ് നന്ദു… നീ ആയിരുന്നോ… മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ…
അല്ല നീ ഇതിനകത്തു എങ്ങനെ കയറി??
നീ എന്തിനാ പെണ്ണേ ഇങ്ങനെ പുറം തിരിഞ്ഞു നിൽക്കുന്നത്? ”

“അതൊക്കെ പറയാം കണ്ണേട്ടൻ പെട്ടെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യു…”

ജനലഴികളിൽ പിടിച്ചു പുറത്തേക്കു നോക്കികൊണ്ടാണ് ഞാൻ അത് പറഞ്ഞത്…

കഴുത്തിനു പുറകിലായി
വെള്ളത്തുള്ളികൾ പതിയുന്നതായി തോന്നി…
തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പുറകിൽ കണ്ണേട്ടൻ…
ഉള്ളിൽ ഒരു ആന്തലുണ്ടായി…
ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാണ്…
ഞെട്ടിത്തിരിഞ്ഞു ഞാൻ വീണ്ടും പഴയ രീതിയിൽ ജനലഴികളിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്നു…

കണ്ണേട്ടൻ തൊട്ടു പുറകിൽ തന്നെ ഉണ്ട്…
എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ…
പെട്ടെന്ന് കുതറി മാറാൻ നോക്കിയെങ്കിലും കണ്ണേട്ടൻ രണ്ടു കൈകളും ജനലഴികളിൽ പിടിച്ചു എന്റെ ആ ശ്രമം തടഞ്ഞു…
ഇപ്പോൾ ഞാൻ ജനാലയ്ക്കും കണ്ണേട്ടനും ഇടയിൽ പെട്ടുപോയ അവസ്ഥയിൽ ആണ്…

കണ്ണേട്ടന്റെ ചുടു നിശ്വാസം പിൻ കഴുത്തിൽ തട്ടിയപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ ഉണ്ടാകുന്നതായി തോന്നി…

ഞാൻ മാറാൻ ശ്രമിക്കുന്തോറും കണ്ണേട്ടൻ എന്നിലേക്ക്‌ കൂടുതൽ പറ്റിച്ചേർന്നു നിന്നു…
കണ്ണേട്ടൻ മുഖം എന്റെ തോളിലേക്ക് ചേർത്തു വെച്ചു…
മുഖത്തെ കുറ്റി രോമങ്ങൾ കഴുത്തിൽ തട്ടിയപ്പോൾ ഉള്ളിൽ കൂടി കറന്റ്‌ പ്രവഹിച്ചപോലെ ഒരു ഫീലിംഗ്…
ശരീരത്തിന്റെ ഭാരം നഷ്ടപ്പെടുന്നതുപോലെ…

“നന്ദൂ…. എന്താടോ ഇങ്ങനെ അനങ്ങാതെ നിൽക്കുന്നത്…
നീ എന്ത് ഓർത്തോണ്ടു നിൽക്കുവാ…
പുലിക്കുട്ടി ഇപ്പോൾ പൂച്ചക്കുട്ടി ആയോ??? ”

“തമാശ കളയൂ കണ്ണേട്ടാ…
ഞാൻ സീരിയസ് ആയി ചില കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ് ”

കണ്ണേട്ടൻ എന്നെ മുന്നിലേക്ക്‌ തിരിച്ചു നിർത്തി…

“ശരിക്കും സംഗതി സീരിയസ് ആണോ?? ”

“മ്മ് ”

“യാമിയുടെ കാര്യമാണ് നീ പറയാൻ വരുന്നതെന്ന് എനിക്ക് അറിയാം…
അതിൽ ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല…
വിനു എന്നെ വിളിച്ചിരുന്നു… നീ അവനെ വിളിച്ചതും സംസാരിച്ചതും എല്ലാം എന്നോട് പറഞ്ഞു…
ആള് ഭയങ്കര ഹാപ്പിയിലാണ്…
നാളെ ഇങ്ങോട്ട് വരാമെന്നും ഏറ്റിട്ടുണ്ട് ”

“ഉള്ളതാണോ?? ”

“ഞാൻ എന്റെ നന്ദുനോട് എന്തിനാ കള്ളം പറയുന്നത്…”

“ഹോ… പകുതി ശ്വാസം നേരെ വീണു… അല്ലെങ്കിലും വിനുവേട്ടൻ സമ്മതിക്കുമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു…
പക്ഷേ ഞാൻ വിളിച്ചപ്പോൾ ആള് ഒഴിഞ്ഞു മാറിയത് പോലെ തോന്നി… ”

“അത് പിന്നെ പെട്ടെന്ന് കേട്ടപ്പോൾ അവന് ഷോക്കായി കാണും…
എന്തായാലും എന്നെ വിളിച്ചു സംസാരിച്ചത് വളരെ സന്തോഷത്തിൽ തന്നെയാണ്… ”

“അപ്പോൾ അവിടം ക്ലിയർ ആയി… ബട്ട്‌ യാമിയുടെ മനസ്സ് മാറ്റിയെടുക്കുക കുറച്ചു റിസ്ക് ഉള്ള പണിയാണ്… ”

“അതൊക്കെ നീ വിചാരിച്ചാൽ സാധിക്കും നന്ദു…
നീ പറയുന്നതിന് അപ്പുറം അവൾക്കൊരു തീരുമാനം ഇല്ലല്ലോ? ”

“അതൊക്കെ ശരി തന്നെ… പക്ഷേ ഇത് അവളുടെ ജീവിതം ആണ്… അത് തിരഞ്ഞെടുക്കാനുള്ള അവകാശം അവൾക്കു ഉണ്ട്…
നിഖിലേട്ടനെ അത്ര പെട്ടെന്ന് മറക്കാനൊന്നും അവളെക്കൊണ്ട് സാധിക്കില്ല…
ഇനി ഒരിക്കലും നിഖിലിനെ സ്നേഹിക്കാനും അവൾക്കു കഴിയില്ല…

അവളാകെ വല്ലാത്ത അവസ്ഥയിൽ ആണ്…
എനിക്ക് വല്ലാത്ത ഭയം തോന്നുന്നു…
എന്തോ സംഭവിക്കാൻ പോകുന്നതുപോലെ മനസ്സിലൊരു അങ്കലാപ്പ്… ”

“ആവിശ്യം ഇല്ലാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട നന്ദു…
എല്ലാം ശരി ആയിക്കോളും ”

“അങ്ങനെ അല്ല കണ്ണേട്ടാ… അവൾ എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്…അത് ഇപ്പോളും ഉള്ളിൽ കിടന്നങ്ങനെ നീറുവാ…

നിഖിലേട്ടന്റെ സ്ഥാനത്തു കണ്ണേട്ടൻ ആണ് ഈ ചതി എന്നോട് കാണിച്ചതെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്ന്…”

“എന്നിട്ട് നീ എന്ത് പറഞ്ഞു?? ”

“ഞാൻ എന്താ അതിനു മറുപടി പറയുക…
അങ്ങനെ എന്തെങ്കിലും കണ്ണേട്ടൻ എന്നോട് ചെയ്യുക ആണെങ്കിൽ പിന്നെ ഒരു നിമിഷം പോലും ഈ നന്ദു ജീവിച്ചിരിക്കില്ലെന്നോ….

എന്റെ അതേ മാനസികാവസ്ഥ ആയിരിക്കില്ലേ അപ്പോൾ അവൾക്കും… ”

“എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് നന്ദു… മതി നിർത്തിക്കോ…
ഇനി അതൊന്നും എന്റെ പെണ്ണ് ഓർക്കണ്ട…
ഞങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ…
നീ വെറുതെ കാടു കയറി ചിന്തിക്കാൻ ഒന്നും നിൽക്കണ്ട… ”

“മ്മ്മ്…
എങ്കിൽ ഞാൻ ഇറങ്ങുവാ കണ്ണേട്ടാ…
ഒരുപാട് താമസിച്ചാൽ വീട്ടിൽ തിരക്കും…
ഇങ്ങോട്ടാണ് വരുന്നതെന്ന് ഞാൻ പറഞ്ഞതും ഇല്ല… ”

“കുറച്ചു നേരം കൂടി നില്ക്കു നന്ദു… അപ്പുവിനോട് ഞാൻ വിളിച്ചു പറഞ്ഞോളാം…
നീ ആദ്യമായി വന്നിട്ട് അമ്മയും അച്ഛനും ഇവിടെ ഇല്ലാതെ പോയല്ലോ ”

“അമ്മയെ ഞാൻ കണ്ടാരുന്നു കണ്ണേട്ടാ…
ഞങ്ങൾ സംസാരിക്കുകയും ചെയ്തു അമ്മയോട് പോയിക്കോളാൻ ഞാനാണ് പറഞ്ഞത്… ”

“ആഹാ അതെയോ…
ഞാൻ കുളിക്കാൻ കയറിയപ്പോൾ അമ്മ ഇറങ്ങുവാണെന്നു പറഞ്ഞിരുന്നു…
അമ്മാവന്റെ മോൾക്ക്‌ എന്തോ വണ്ടി ആക്സിഡന്റ് പറ്റി..
വൈകിട്ടു അവിടെ വരെ എനിക്കും ഒന്ന് പോകണം ”

“മ്മ്… ആ കുട്ടിക്ക് എങ്ങനെ ഉണ്ടെന്ന് ഒന്ന് വിളിച്ചു അന്വേഷിക്കു… ”

“മ്മ്മ് വിളിക്കാം… ”

“ഞാൻ ഈ ബുക്ക്‌ ഒരാൾക്ക് കൊടുത്തിട്ട് വരാമെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്… ”

ടേബിളിന്റെ പുറത്തുനിന്നും ബുക്ക്‌ എടുത്തു ഞാൻ കണ്ണേട്ടന്റെ നേരെ നീട്ടി…

“ഇതെന്താ നന്ദു…
എന്താ ഇതിൽ??….
എന്ത് ബുക്കാണ്? …. ”

“ഞാൻ എഴുതിയതാണ്…
ഇതിൽ നമ്മുടെ ജീവിതം ഉണ്ട്… ഒരിക്കലും നടക്കാത്ത എന്റെ ചില സ്വപ്നങ്ങൾ ഉണ്ട്…
ഇത് നമ്മുടെ കഥയാണ്…
നമ്മുടേതെന്നു പറഞ്ഞാൽ നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും പിന്നെ കണ്ണേട്ടനും വിനുവേട്ടനും യാമിയും നന്ദുവും എല്ലാരും ഇതിൽ ഉണ്ട്…
കുറച്ചു കൂടി എഴുതണമെന്ന് ഉണ്ടായിരുന്നു…
പക്ഷേ ഇനി ഒന്നും അതിൽ എഴുതി ചേർക്കുന്നില്ല…
അവസാന കുറേ ഭാഗങ്ങൾ എന്റെ ആഗ്രഹം പോലെ തന്നെ എഴുതി ചേർത്തു…
അത് ഒരല്പം കൂടിപ്പോയോ എന്ന് അറിയില്ല…
എന്തായാലും കണ്ണേട്ടൻ വായിച്ചു നോക്കിയിട്ട് ഇത് പബ്ലിഷ് ചെയ്യാൻ കൊടുക്കണം…

അച്ഛനെയോ ഏട്ടന്മാരെയോ ആരെയും ഏല്പിക്കാൻ തോന്നിയില്ല… കണ്ണേട്ടന്റെ കൈയിൽ തന്നെ ഏല്പിക്കാനാണ് മനസ്സ് പറഞ്ഞത്… ”

“ആഹാ… അത് കൊള്ളാമല്ലോ…
എന്തായാലും ഇതിന്റെ പബ്ലിക്കേഷൻ നമുക്കു പൊളിക്കണം…

നീ ഒന്നുകൊണ്ടും ടെൻഷൻ അടിക്കണ്ട കേട്ടോ… എല്ലാം ശരിയാകും… ”

“മ്മ് എന്നാൽ ഞാൻ പോവാ കണ്ണേട്ടാ… ”

“പോയിട്ട് വരാമെന്നു പറ നന്ദു…
നാളെ ആയാലും നീ ഇങ്ങോട്ട് തന്നെ വരാനുള്ളവൾ അല്ലേ… ”

“മ്മ്മ്… എന്നാൽ പോയിട്ട് വരാം… ”

ഇറങ്ങാൻ നേരം ഒരുപാട് തവണ നന്ദു എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

ഈ പെണ്ണിന് ഇത് എന്തുപറ്റി…
മനസ്സില്ല മനസ്സോടെ ആണല്ലോ പോകുന്നത്…

പോയ ആള് പെട്ടെന്ന് തിരിച്ചു വന്നു…

“മ്മ് എന്തുപറ്റി…
എന്താ തിരിച്ചു വന്നത്…
പോകാൻ മനസ്സ് അനുവദിക്കുന്നില്ലേ?? ”

“അത്… അന്ന് ഞാൻ കണ്ണേട്ടന്റെ ഏത് കവിളിൽ ആണ് തല്ലിയത്…
ഇടത്തെ കവിളിൽ അല്ലേ… ”

“മ്മ്.. അതേ… എന്താ ഇനിയും തല്ലാൻ വല്ല പ്ലാനും ഉണ്ടോ?? ”

“ഹേയ് ഇല്ല… അവിടെ… അവിടെ ഞാൻ ഒരു ഉമ്മ തന്നോട്ടെ?? ”

“നീ എന്താ എന്നെ കളിയാക്കുവാണോ…? ”

“നോ… സീരിയസ്‌ലി… ”

“ഈശ്വരാ… ഇവൾക്കിത് എന്തുപറ്റി…
ഇന്ന് കാക്ക മലർന്നു പറക്കുമെന്നാണ് തോന്നുന്നത്….

ന്റെ നന്ദു ഇതൊക്കെ ചോദിക്കണ്ട ഒരു ആവിശ്യവും ഇല്ല…
നീ തന്നോടി…എത്ര വേണമെങ്കിലും താ… ഞാൻ റെഡി ”

ഞാൻ എന്റെ ചുണ്ട് കണ്ണേട്ടന്റെ കവിളിനോട് ചേർത്ത് അമർത്തി ഒരു മുത്തം കൊടുത്തു…
ഇത്ര നാളും ഉള്ളിൽ അടക്കിവെച്ച സ്നേഹമെല്ലാം ആ ചുംബനത്തിൽ നിറഞ്ഞു നിന്നു…

പിന്നെ തിരിഞ്ഞു പോലും നോക്കാതെ ഒരു പോക്കായിരുന്നു…

എന്റെ മനസ്സിന് ഇത് എന്തുപറ്റി…
ഈ നന്ദു ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ…
എല്ലാവരിൽ നിന്നും അകലുന്നതായി ഒരു ഫീലിംഗ്…
നെഞ്ചിലെന്തോ കനത്ത ഭാരം എടുത്തു വെച്ചതുപോലെ തോന്നുന്നു…

വീട്ടിലേക്കു ചെന്നു കയറിയ ഉടനെ യാമി വന്നിരുന്നോ എന്നാണു ആദ്യം തിരക്കിയത്…
ഇന്നത്തെ ദിവസം അവൾ വീട്ടിലേക്കു വന്നിട്ടേ ഇല്ലെന്നു അമ്മ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സങ്കടം തോന്നി…
അത് കണ്ടിട്ടാകണം അമ്മ പറഞ്ഞു…

“അമ്മേടെ ചുന്ദരി കുളിച്ചു വിളക്കു കത്തിച്ചു നാമം ജപിക്കുമ്പോളേക്കും അമ്മ പോയി യാമിയെ കൂട്ടിക്കൊണ്ടു വരാം കേട്ടോ… ”

“മ്മ്…
അമ്മേ ഞാൻ പൊന്നുച്ചേച്ചിയെ കണ്ടിരുന്നു…
ശ്രീക്കുട്ടിക്കു എടുത്തു വെച്ചിരുന്ന ഡ്രസ്സ്‌ എല്ലാം ഒരു കവറിൽ ആക്കി വെച്ചോളൂ കേട്ടോ…
ചേച്ചി വരാമെന്നു പറഞ്ഞിട്ടുണ്ട്… ”

“അതെല്ലാം അന്നേ നീ എടുത്തു തന്നതല്ലേ…
അതുപോലെ തന്നെ അലമാരിയിൽ ഇരിപ്പുണ്ട്… ”

“ആഹ് എങ്കിൽ ഞാൻ പോയി ഫ്രഷ് ആയി വരാം… ”

കുളിച്ചിട്ടു വന്നു…
പൂജാമുറിയിൽ കയറി വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു…
കൃഷ്ണ നാമം ജപിക്കുമ്പോളും കണ്ണ്‌ പുറത്തേക്കായിരുന്നു…

“ന്റെ കൃഷ്ണാ…
നീ എന്നെ ഇങ്ങനെ പരീക്ഷിക്കല്ലേ കണ്ണാ…
എല്ലാരും സന്തോഷത്തോടെ ഇരിക്കാൻ അനുഗ്രഹിക്കണേ…
യാമിയുടെ സങ്കടം എല്ലാം മാറ്റിക്കൊടുക്കണേ…
എനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും നീ തന്നോളൂ… പക്ഷേ ഞാൻ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർ സങ്കടപ്പെടുന്നത് കാണാനുള്ള ഇട വരുത്തല്ലേ ഭഗവാനേ… ”

പ്രാർത്ഥന കഴിഞ്ഞു നേരെ അമ്മയുടെ അടുത്തേക്ക് പോയി…

“അവള് വന്നില്ലേ അമ്മേ?? ”

“വന്നു വന്നു… റൂമിലോട്ട് പോയിട്ടുണ്ട്… നല്ല തലവേദന ഉണ്ടെന്ന് പറഞ്ഞു… ”

“ആണോ… എങ്കിൽ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ കേട്ടോ… ”

റൂമിലേക്ക്‌ ചെല്ലുമ്പോൾ യാമി കട്ടിലിൽ കിടന്ന എന്റെ ഡ്രസ്സ്‌ എല്ലാം മടക്കി വെക്കുക ആയിരുന്നു…

“അതൊക്കെ അവിടെ കിടന്നോട്ടെ… നിനക്കു തലവേദന ആണെന്ന് പറഞ്ഞല്ലോ…
ഇപ്പോൾ എങ്ങനെ ഉണ്ട്? ”

“വലുതായിട്ട് ഒന്നും ഇല്ല നന്ദു…
ഒന്നുറങ്ങി എഴുന്നേറ്റാൽ മാറിക്കോളും ”

“മ്മ്മ് എങ്കിൽ നീ കുറച്ചു നേരം കിടന്നോളു…
ഡ്രസ്സ്‌ ഞാൻ മടക്കി വെച്ചോളാം… ”

ഞാൻ അങ്ങനെ പറഞ്ഞെങ്കിലും അവൾ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല…
കൺതടങ്ങൾ കണ്ടാൽ അറിയാം നന്നായി കരഞ്ഞിട്ടുണ്ടെന്നു…

അവളെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ വല്ലാതെ വിഷമിച്ചു…

“യാമി… ഞാൻ ഇന്ന് കണ്ണേട്ടന്റെ തറവാട്ടിൽ പോയിരുന്നു…
അമ്മയെ കണ്ടു…
എന്നോട് നല്ല സ്നേഹമായിരുന്നു… ”

“ആഹാ നീ ഒറ്റയ്ക്കു പോയോ…
എന്നിട്ട് എല്ലാരും എന്ത് പറഞ്ഞു…
കണ്ണേട്ടൻ ഹാപ്പി ആയോ? ”

“മ്മ് കണ്ണേട്ടൻ ഹാപ്പി ആണ്…
പക്ഷേ ഞാൻ ഒട്ടും ഹാപ്പി അല്ല… ”

“അയ്യോ… അതെന്താടാ…? ”

“നീ ഇങ്ങനെ മിണ്ടാതെയും പറയാതെയും ഇരിക്കുമ്പോൾ ഞാൻ എങ്ങനെ സന്തോഷിക്കും യാമി…
സത്യം പറഞ്ഞാൽ മനസ്സിനെന്തോ വല്ലാത്ത ഭയം തോന്നുന്നു… ”

“ദേ നന്ദു…. നീ എന്റെ കയ്യിന്നു വാങ്ങിക്കും കേട്ടോ…
എനിക്കൊരു കുഴപ്പവും ഇല്ലെടി… ഞാൻ ഹാപ്പിയാണ്… ”

“മുഖം മനസ്സിന്റെ കണ്ണാടി അല്ലേ യാമി…
നിന്റെ ഉള്ളിലെ സങ്കടം മുഖത്ത് എഴുതി വെച്ചതുപോലുണ്ട് ”

“ഒക്കെ ഒക്കെ… ഞാൻ എല്ലാം വിട്ടു…
ഇനി ഞാൻ നിന്റെ പഴയ യാമി…
നീ എന്റെ ചങ്ക് നന്ദു…
എന്താ പോരേ?? ”

“മ്മ് മതി… ”

“ഒക്കെ… എങ്കിൽ നമുക്ക് ഫുഡ്‌ കഴിക്കാം… എനിക്ക് നല്ല വിശപ്പുണ്ട് ”

“എന്നാൽ വാ… നമുക്ക് കഴിക്കാം ”

“അമ്മേ… ഇന്ന് എനിക്കും യാമിക്കും നല്ല വിശപ്പുണ്ട് കേട്ടോ…
കനത്തിൽ തന്നെ കഴിക്കാൻ എടുത്തോളിൻ… ”

“ഓഹോ… എങ്കിൽ എനിക്കും അപ്പുവിനും കൂടി കനത്തിൽ തന്നെ എടുത്തോളൂ ഭാര്യേ… ”

“ഹഹ… അച്ഛേ… നോക്കിക്കോ ഇന്ന് അച്ഛനെ ഞാൻ തോല്പ്പിക്കും… ”

“ഇത് നിന്റെ സ്ഥിരം ഡയലോഗ് അല്ലേ നന്ദു… നമുക്ക് കാണാം… ”

തീൻ മേശയിൽ അച്ഛനും നന്ദുവും കൂടി ഒന്നും രണ്ടും പറഞ്ഞു ഇരിക്കുക ആണ്…
നന്ദുന്റെ വായാടിത്തരം കേൾക്കാൻ അച്ഛൻ അവളെ നന്നായി ചൊടിപ്പിക്കുന്നുണ്ട്…

ഞാൻ എപ്പോളും വിചാരിക്കാറുണ്ട് എന്ത് ഹാപ്പിയാണ് ഈ കുടുംബമെന്നു…

അച്ഛനും അമ്മയും ഏട്ടന്മാരും നന്ദുവും എല്ലാർക്കും പരസ്പരം നല്ല സ്നേഹവും ആണ്…

ആൺമക്കൾക്കു രണ്ടുപേർക്കും അച്ഛന്റെ വാക്കിന് അപ്പുറം ഒന്നുമില്ല…

എന്നാൽ നന്ദുവോ ദേഷ്യം വന്നാൽ വീടാകെ ഇളക്കി മറിക്കും…

അവള് പറയുന്നത് ശരിയാണെന്നു സമ്മതിച്ചു കൊടുക്കുന്നത് വരെ പെണ്ണിന് വാശി ആയിരിക്കും…

ശരിക്കും പറഞ്ഞാൽ ഒരു കൊച്ചു സ്വർഗം ആണ് ഈ വീട്…

ഇവിടെ നിന്നു ഒരുപാട് സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉള്ളവളാണ് ഈ യാമിയും…

എന്നാലും നിഖിലേട്ടനെക്കുറിച്ച് ഓർക്കുമ്പോൾ നെഞ്ചിലൊരു വിങ്ങൽ ആണ്…
ഭൂമി പിളർന്നു താഴോട്ട് പോയാൽ മതിയാരുന്നു എന്ന് തോന്നിപ്പോകും…
നന്ദുവിന്റെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ നന്നായി അഭിനയിച്ചേ പറ്റുള്ളൂ…
എന്നെ ഓർത്തു അവള് സങ്കടപ്പെടാൻ പാടില്ല…
അതുകൊണ്ട് മാത്രം ആണ് ഈ നാടകം തുടരുന്നത്…

********

കിടക്കാൻ നേരം ഞാൻ നന്ദുവിനോട് കൂടുതൽ ചേർന്നു കിടന്നു…

“ഡീ… യാമി… നാളെ വിനുവേട്ടൻ വരും കേട്ടോ.. കണ്ണേട്ടൻ പറഞ്ഞായിരുന്നു… ”

“മ്മ് ”

“നിനക്കെന്താടി അത് പറഞ്ഞപ്പോൾ ഒരു സന്തോഷം ഇല്ലാത്തത്? ”

“ഇവളെക്കൊണ്ട് തോറ്റല്ലോ… കിടന്നു ഉറങ്ങു പെണ്ണേ…
ഇനി എല്ലാം നാളെ രാവിലെ പറയാം… ”

പിന്നെ നന്ദു അതിനെക്കുറിച്ചു ഒന്നും മിണ്ടിയില്ല…
കുറേനേരം അവളെ ചേർത്തു പിടിച്ചു തന്നെ കിടന്നു…
അവൾ ഉറങ്ങിയെന്നു മനസ്സിലായപ്പോൾ
ഞാൻ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു…

രണ്ടു ദിവസമായി ശരിക്കൊന്നു ഉറങ്ങിയിട്ട്…
സങ്കടങ്ങളെല്ലാം പിടിച്ചു വെച്ചു എത്രനാൾ ഞാൻ ഇങ്ങനെ അഭിനയിക്കും…

വയ്യ… ശരിക്കും മടുത്തിരിക്കുന്നു…
ആത്മാർത്ഥമായി സ്നേഹിച്ചതിനു എനിക്ക് കിട്ടിയ സമ്മാനം… ജീവിതകാലം മുഴുവൻ ഉരുകി ഉരുകി തീരേണ്ടി വരും…

ആർക്കു വേണ്ടിയാണ് ഇനി ഞാൻ ജീവിക്കുന്നത്…
ഉറങ്ങിക്കിടക്കുന്ന നന്ദുവിന്റെ മുഖം കണ്ടപ്പോൾ സങ്കടത്തിന്റെ ആക്കം കൂടി…
നീയും എന്നെ തനിച്ചാക്കി പോകില്ലേ നന്ദു…

ഇല്ല… നീ ഇല്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ കഴിയില്ല… അതുകൊണ്ട് നിന്നെക്കാൾ മുൻപേ ഞാൻ പോകുന്നത് തന്നെയാണ് നല്ലത്…
മരണത്തെ മുന്നിൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി…
ജീവിതത്തിനു ഒരു അർത്ഥവും ഇല്ലെന്നു തോന്നി തുടങ്ങിയാൽ മരിക്കുന്നത് തന്നെയാണ് നല്ലത്…

നീ എന്നോട് ക്ഷമിക്കണം നന്ദു…
എനിക്ക് ഒട്ടും പറ്റുന്നില്ലെടാ…

കൈയിലിരിക്കുന്ന കത്തിയിലേക്കും നന്ദുവിന്റെ മുഖത്തേക്കും ഞാൻ മാറി മാറി നോക്കി…

ഈ സമയം ഉറക്കത്തിൽ ചില ദുർസ്വപ്നങ്ങൾ നന്ദുവിനെ അലട്ടുന്നുണ്ടായിരുന്നു…
കരഞ്ഞു തളർന്ന യാമിയുടെ മുഖം മുന്നിലേക്ക്‌ തെളിഞ്ഞു വരുന്നു…
ആരുടെയോ ചേതനയറ്റ ശരീരം കയറിൽ തൂങ്ങി ആടുന്നു…
ആ രൂപത്തിന് യാമിയുടെ മുഖച്ഛായ ആയിരുന്നു….
തൊണ്ട വരളുന്നതുപോലെ…
ചുറ്റും അന്ധകാരം മാത്രം…
കണ്ണുകൾ വെട്ടിത്തുറന്നു ഒരു അലർച്ചയോടെ ഞാൻ ചാടി എഴുന്നേറ്റു….

“യാമീ…………… ”

നന്ദുവിന്റെ വിളി കേട്ടു കയ്യിലിരുന്ന കത്തി താഴെയിട്ട് ഞാൻ അവളുടെ അരികിലേക്കു പാഞ്ഞു ചെന്നു…
അപ്പോളേക്കും നന്ദു കട്ടിലിൽ നിന്നും താഴേക്കു വീണിരുന്നു…
ആ കണ്ണുകൾ എന്റെ മുഖത്തേക്ക് തന്നെ തറഞ്ഞു നിന്നു…

“അയ്യോ… നന്ദു… നിനക്കെന്താ പറ്റിയേ…”

ഞാൻ അവളുടെ തല എടുത്തു എന്റെ മടിയിലേക്കു വെച്ചു…

ഈശ്വരാ ഇവള് നന്നായി വിയർക്കുന്നുണ്ടല്ലോ…
ശ്വാസം മേലേക്ക് വലിക്കാൻ നന്നായി പാട് പെടുന്നുണ്ട്…
കണ്ണുകൾ പുറത്തേക്കു ഉന്തി വരുന്നതുപോലെ…
ഒരു വല്ലാത്ത പിടച്ചിലോടെ അവൾ കണ്ണുകൾ അടച്ചു…

“നന്ദൂ…. കണ്ണ്‌ തുറക്കു നന്ദു….
നിന്റെ യാമിയാ വിളിക്കുന്നേ…

അമ്മേ…. അച്ഛാ…. ഓടിവായോ… ”

എന്റെ നിലവിളി കേട്ടു എല്ലാരും ഓടി വന്നു…

“അയ്യോ മോളെ… എന്താ പറ്റിയെ എന്റെ കുട്ടിക്കു… ഈശ്വരാ.. കണ്ണ്‌ തുറക്കൂ മോളെ… ”

കുറച്ചു വെള്ളം കൊണ്ടു വന്നു മുഖത്തേക്ക് തളിച്ചെങ്കിലും നന്ദുവിന്‌ ബോധം വീണില്ല…
പിന്നെ അവളെയും വാരിയെടുത്തു ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടമായിരുന്നു അപ്പുവേട്ടൻ…

ഈശ്വരാ എന്നും രാത്രി ആഹാരം കഴിച്ചതിനു ശേഷം ടാബ്‌ലെറ്റ് കഴിക്കാറുള്ളത് ആണ്…
ഇന്ന് നന്ദു കഴിച്ചില്ലാലോ…
ഞാൻ അത് ഓർത്തതും ഇല്ല…
എന്റെ നന്ദുവിന്‌ അപകടം ഒന്നും വരുത്തല്ലേ ഭഗവാനേ…
കരഞ്ഞു തളർന്ന അമ്മയെ ചേർത്തു പിടിച്ചു ഞാൻ വിങ്ങിപ്പൊട്ടി….

ഹോസ്പിറ്റലിലേക്ക് കൊണ്ടു ചെന്ന ഉടനെ നന്ദുവിനെ മനു ഡോക്ടറുടെ നിർദേശപ്രകാരം ഐ സി യൂ വിലേക്കു മാറ്റി…
ഇടയ്ക്ക് സിസ്റ്റർമാർ അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളപ്പെട്ട് ഓടുന്നു…

ഭ്രാന്ത് പിടിച്ചതുപോലെ പാഞ്ഞു നടക്കുന്ന അച്ഛനെയും അപ്പുവേട്ടനെയും കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല…

ഞാനാ… ഞാൻ കാരണമാ എന്റെ നന്ദു…

ആരോ വന്നു തോളിൽ തട്ടിയപ്പോളാണ് ഞാൻ തല ഉയർത്തിയത്…

വിനുവേട്ടൻ…

സ്വയം നിയന്ത്രിക്കാനാവാതെ ഞാൻ വിനുവേട്ടനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു…

“വിനുവേട്ടാ… നമ്മുടെ നന്ദു…. ”

“ഹേയ്… കരയാതെ യാമി..
ഒന്നും സംഭവിക്കില്ല…
അമ്മയെയും അച്ഛനെയും നീ അല്ലെ ആശ്വസിപ്പിക്കേണ്ടത്… ”

ഞാൻ അവളെ ചേർത്ത് പിടിച്ചു…

വിനുവേട്ടനിൽ നിന്നും അടർന്നു മാറുമ്പോൾ ഞാൻ കണ്ടു ഹോസ്പിറ്റലിലിന്റെ ഭിത്തിയിൽ ചാരി നിറകണ്ണുകളോടെ നിൽക്കുന്ന കണ്ണേട്ടനെ…

“ആരാ വിനയചന്ദ്രൻ… ഡോക്ടർ തിരക്കുന്നുണ്ട് ”

കേട്ടപാതി ഞാൻ ഡോക്ടറുടെ റൂമിലേക്ക് കയറി…

“ടാ മനു… ഞങ്ങളുടെ നന്ദു… ”

“ക്രിട്ടിക്കൽ സ്റ്റേജ് ആണ്…
പെട്ടെന്ന് ഈ കുട്ടിക്കു എന്തുപറ്റിയതാ… എല്ലാം ഒക്കെ ആയി വരുവായിരുന്നല്ലോ… എന്തെങ്കിലും ടെൻഷൻ? ”

“എനിക്കൊന്നും അറിയില്ല മനു… പക്ഷേ പഴയ നന്ദുവായിട്ട് ഞങ്ങൾക്ക് അവളെ തിരിച്ചു കിട്ടണം ”

“സോറി വിനു…
അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചോളു… ”

(തുടരും )