24/04/2026

നാട്യം : ഭാഗം 08

രചന – നന്ദിത ദാസ്

വന്ന വഴിയേ പുറത്തോട്ട് പോകാൻ നോക്കിയപ്പോളാണ് ശരിക്കും പെട്ടുപോയെന്ന് മനസ്സിലായത്…

വാതിൽ പുറത്തു നിന്നും പൂട്ടിയിരിക്കുന്നു…

എല്ലാരും കൂടി അറിഞ്ഞുകൊണ്ട് എനിക്കു തന്ന പണി ആണിതെന്ന് മനസ്സിലായി …

ഇനി എന്താ ചെയ്യുക…

തൊണ്ട വരളുന്ന പോലെ…

ടേബിളിന്റെ പുറത്തുണ്ടായിരുന്ന ജഗ്ഗിലെ വെള്ളം മട മടാ ന്നു കുടിച്ചു തീർത്തു….

“എന്താ നന്ദു താൻ ഇങ്ങനെ?

എന്നെ പേടിയുണ്ടോ തനിക്ക്? ”

ഞാൻ എന്തിനാ തന്നെ പേടിക്കുന്നതെന്നു പറയണമെന്ന് തോന്നി…
പക്ഷേ കാറ്റല്ലാതെ ഒരക്ഷരം പുറത്തേക്കു വരുന്നില്ല…

“ചോദിച്ചത് കേട്ടില്ലേ…
എന്തിനാ എന്നെ ഭയക്കുന്നത്? ”

“വാതിൽ തുറക്കാൻ പറ…
എനിക്ക് പുറത്തു പോകണം… ”

“എനിക്ക് നിന്നോട് സംസാരിക്കണം…
അതിന് ഇങ്ങനെ ഒരു പണി ചെയ്തു… ഇഷ്ടം ആകില്ലെന്നറിയാം…
കുറച്ചു ടൈം എനിക്ക് തരൂ… പ്ലീസ്… ”

സംസാരിച്ചു തുടങ്ങിയപ്പോൾ മുൻപുണ്ടായിരുന്ന ആ വെപ്രാളം കുറച്ചു മാറിയതുപോലെ…
എങ്കിലും ചങ്കിനുള്ളിലെ ആ പെടപ്പ് ഉച്ചത്തിൽ തന്നെ കേൾക്കാം എനിക്ക്…

ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു…
പറയാനുള്ളത് എനിക്കറിയാല്ലോ കണ്ണേട്ടാ എന്ന് പറയണമെന്ന് തോന്നി പക്ഷേ പറഞ്ഞില്ല…

“ആ പഴയ നന്ദു ആയിക്കൂടെ തനിക്കു…

എന്തിനെയാ നീ ഭയക്കുന്നത്…

ഓരോ തവണ എന്നെ ഒഴിവാക്കുമ്പോളും നെഞ്ച് പിടയുന്നത് നിനക്കറിയാഞ്ഞിട്ട നന്ദു..

മരിച്ചു പോകുന്ന പോലെ തോന്നും…

ഒന്നും സംസാരിച്ചില്ലേലും ഒരു നോട്ടം… ഒരു പുഞ്ചിരി… അത് മതി എനിക്ക് വേറെ ഒന്നും ഞാൻ ചോദിക്കുന്നതും ഇല്ല… ”

“ശ്രമിക്കാഞ്ഞിട്ടല്ല പറ്റുന്നില്ല എനിക്ക്…

ആ കണ്ണുകളിൽ നോക്കി സംസാരിക്കാൻ ഇപ്പോളും എനിക്ക് കഴിയില്ല കണ്ണേട്ടാ… ”

“ഇങ്ങനെ ഒഴിഞ്ഞു മാറി നടന്നാൽ നിന്നെ ഞാൻ മറക്കുമെന്ന് ഒരു ചിന്ത നിനക്കുണ്ടെങ്കിൽ അത് തെറ്റി മോളെ…

ഈ കണ്ണന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ…

ഞാൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നുണ്ടേൽ അത് നിന്റെ കഴുത്തിലായിരിക്കും നന്ദു…

പലവട്ടം നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് അത്… ”

“ജീവിതകാലം മുഴുവൻ കണ്ണേട്ടന് ഒരു ഭാരമാകാൻ എനിക്ക് വയ്യ…

ജീവിതം വെറുതെ ഹോമിച്ചു കളയണ്ട…

കൗമാരത്തിൽ എന്നോ മൊട്ടിട്ട പ്രണയത്തിനു ആയുസ്സ് ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇപ്പോൾ ഇഷ്ടം… ”

“കൗമാരം കഴിഞ്ഞു യൗവ്വനം ആയി…
ഇനി വാർദ്ധക്യം ആയാലും ഈ നെഞ്ചിൽ നീ അല്ലാതെ മറ്റൊരു പ്രണയം ഇല്ല നന്ദു… ”

“കണ്ണേട്ടൻ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് എനിക്ക് ഇഷ്ടം അല്ലെന്നു പറഞ്ഞില്ലേ…

എന്നെ എന്റെ വഴിക്ക് വിട്ടേക്ക് പ്ലീസ് ”

“എന്റെ മുഖത്ത് നോക്കി ഒന്നുകൂടി പറ എന്നെ ഇഷ്ടം അല്ലെന്നു ”

“പറയും… എനിക്ക് അതിനു മടി ഒന്നൂല്ല… ”

“മുഖത്ത് നോക്കി എന്തിനാ കള്ളം പറയുന്നത് നന്ദു… ആരെ ബോധിപ്പിക്കാനാണ് നീ ഇങ്ങനെ സംസാരിക്കുന്നത്? ”

“പിന്നെ ഞാൻ എന്താ വേണ്ടത്…
ഇന്നോ നാളയോ ന്നു പറഞ്ഞിരിക്കുന്ന എനിക്ക് വേണ്ടി കാത്തിരിക്കണമെന്നോ…

വെറുതെ എന്തിനാ കണ്ണേട്ടന്റെ ലൈഫ് സ്പോയിൽ ചെയ്യുന്നത്…

മറന്നേക്കൂ… ഈ ജന്മം എനിക്കൊരു വിവാഹ ജീവിതം ഇല്ല… ”

“ആരുടേയും ജീവിതത്തിനു ഒരു ഗ്യാറൻറ്റിയും ഇല്ല മോളെ…

ആയുസ്സ്… അത് ഈശ്വരന്റെ കണക്കു പുസ്തകത്തിൽ എന്നേ കുറിക്കപെട്ടതാണ്…

മുന്നോട്ട് ഒന്ന് കൂട്ടാനോ കുറയ്ക്കാനോ ആർക്കും സാധ്യമല്ല…

പരസ്പരം തുറന്നു പറയാതെ മനസ്സ് കൊണ്ട് സ്നേഹിച്ചവരാണ് നമ്മൾ…

കണ്ണുകൾ കൊണ്ട് പരസ്പരം ഇഷ്ടം അറിയിച്ചവരും….

ഒന്നും നീ മറക്കില്ലെന്നെനിക്കറിയാം..

അന്നുണ്ടായിരുന്ന ഇഷ്ടത്തിന് ഇന്ന് ഈ നിമിഷം വരെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അറിയാം… ”

കണ്ണേട്ടൻ പറയുന്നതൊക്കെ ശരിയാണ്…

നാട്ടിലെ പെൺകുട്ടികളുടെ കണ്ണ്‌ മുഴുവൻ ഇല്ലത്തെ ചെക്കന്റെ മേൽ ആയിരുന്നു…

പക്ഷെ ആ ചെക്കന്റെ കണ്ണുകൾ പതിഞ്ഞത് മുഴുവൻ വാശി പിടിച്ചു കുറുമ്പ് കാട്ടുന്ന എന്റെ മേലായിരുന്നു എന്ന് മനസ്സിലാക്കാൻ കാവിലെ പൂരം വേണ്ടി വന്നു…

അന്ന് ഞാനും യാമിയും പത്താം ക്ലാസ്സ്‌ കഴിഞ്ഞു പ്ലസ് വണ്ണിലോട്ടു കയറുന്ന സമയം…

ഇല്ലത്തെ കുട്ടിയുടെ സ്വഭാവ സവിശേഷതകൾ വാ തോരാതെ വിളമ്പുന്ന കോളേജ് കുമാരികൾ…

അതുപോലെ ഒരു ചെക്കനെ മഷി ഇട്ടു നോക്കിയാൽ കാണില്ലത്രേ…

പുള്ളി അന്ന് കോളേജിൽ അവസാന വർഷ വിദ്യാർത്ഥി…

പൂരത്തിന് വന്ന പെൺകുട്ടികൾ എല്ലാം ചെക്കനെ വായും പൊളിച്ചു നോക്കി നിൽക്കെയാണ്…

കൂട്ടത്തിൽ ഞാനും ഒന്ന് നോക്കി..

മുടിഞ്ഞ ലുക്ക്‌ തന്നെ…

“ഓഹ് അത്ര വല്യ ലുക്ക്‌ ഒന്നും ഇല്ല അല്ലേ യാമി…

മീശ പോലും മുളച്ചിട്ടില്ല…

എനിക്കാണേൽ ഈ മീശ ഇല്ലാത്ത ആണുങ്ങളെ കാണുന്നതേ കലിപ്പാണ് ”

“ഒന്നുപോടീ… എന്നിട്ടാണോ നിനക്ക് ഷാഹിദ് കപൂറിനേയും മാധവനെയൊക്കെയും ഭയങ്കര ഇഷ്ടം ആണെന്ന് കഴിഞ്ഞ ദിവസം കൂടി പറഞ്ഞത്… ”

“ഓഹ് അത് സിനിമയിൽ അല്ലേ…

നേരിട്ട് കൊള്ളില്ല ഡി… ”

“കണ്ണേട്ടനെക്കുറിച്ചു മോശം ഒന്നും പറയണ്ട നീ…

മീശ പുള്ളിക്കാരൻ എടുത്ത് കളഞ്ഞതാ…

ആള് നല്ലവനാടി… സ്വഭാവം നോക്കിയാൽ പോരെ… ”

“അല്ലെങ്കിലും നിനക്കും ഗീതാമ്മക്കും ഇല്ലത്തുകാരോട് ഒരു പ്രത്യേക മമത അല്ലേ നീ അങ്ങനെയേ പറയൂ… ”

അല്ല ഞാൻ എന്തിനാ ഈ വേണ്ടാത്ത കാര്യങ്ങളൊക്കെ ചിന്തിക്കുന്നത്… എന്റെ ഒരു കാര്യം എന്ന് സ്വയം പറഞ്ഞുകൊണ്ട് തലയ്ക്കു ഒരു കിഴുക്ക് കൊടുത്തു…

കാവിലേക്കു താലപ്പൊലിയായി കയറിയപ്പോളാണ് വിളക്കിലെ തിരി എങ്ങനെയോ മറിഞ്ഞു പാവാടയിലേക്കു വീണത്…

ഞാൻ ശ്രദ്ധിച്ചതും ഇല്ല ആരും കണ്ടതും ഇല്ല…

ഒരാൾ ഓടി വന്നു എന്നെ മണ്ണിലേക്ക് വലിച്ചിട്ടു തീ കെടുത്താൻ ശ്രമിച്ചപ്പോളാണ് സംഗതി ഞാനും കൂടെ ഉള്ളവരും അറിയുന്നത്…

അപ്പോളേക്കും എല്ലാരും ഓടി വന്നു.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല… പുതിയ പട്ടു പാവാട നശിച്ചു പോയതിന്റെ സങ്കടം ആയിരുന്നു എനിക്ക്…

“ഇല്ലത്തെ കുട്ടിയാണ് കണ്ടത്… അത് എന്തായാലും ഭാഗ്യമായി” ന്നു ആരോ പറയുന്നത് കേട്ടു…

ഞാൻ നോക്കിയപ്പോൾ ടെൻഷൻ അടിച്ച മുഖവുമായി മീശ ഇല്ലാ ചെക്കൻ…

പിന്നീട് അങ്ങോട്ട്‌ എന്റെ കണ്ണുകൾ തിരിയുന്നിടത്തെല്ലാം ആ മുഖം ഞാൻ കണ്ടു…

ഞാൻ നോക്കുമ്പോൾ പെട്ടെന്ന് ആള് മുഖം തിരിക്കും…

എന്തായാലും കാവിലെ പൂരം തീരുന്നതുവരെ ഞങ്ങളുടെ കണ്ണുകൾ നല്ല അസ്സലായി തന്നെ സ്നേഹത്തിലായി…

ഓരോ ദിവസം കാവിലോട്ടു വരുന്നത് തന്നെ ആ കണ്ണുകൾ കാണുവാനായി മാത്രമായി…

പൂരത്തിന്റെ അവസാന ദിവസം ഡസൻ കണക്കിന് കുപ്പിവള യാമിയെ ഏൽപ്പിച്ചിട്ടു എന്റെ മീശ ഇല്ലാ ചെക്കൻ പറഞ്ഞു..

“കരിവള നന്ദുന് കൊടുത്തേക്കു യാമി…
അവൾക്കത് നന്നായി ചേരുമെന്ന്… ”

ഇഷ്ടത്തോടെ തന്നെ ഞാൻ അത് വാങ്ങി കൈകളിൽ അണിഞ്ഞപ്പോൾ ആയിരം പൂർണ ചന്ദ്രന്മാർ ഒന്നിച്ചുദിച്ച പോൽ വിടർന്നിരുന്നു ആ മുഖം…

പിന്നീട് പാടത്തും വരമ്പത്തും സ്കൂൾ പരിസരത്തും എല്ലാം ഞങ്ങൾ കണ്ടു…

പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും
ആ കണ്ടുമുട്ടലിൽ… നോട്ടത്തിൽ… ഒരു വല്ലാത്ത സുഖം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു…

ഇല്ലത്തെ ചെക്കന് നന്ദുനോട് പ്രേമം ആണെന്ന് നാട് മുഴുവൻ അറിഞ്ഞു…

എങ്ങനെ അറിഞ്ഞുന്നു മാത്രം ഇന്നും എനിക്ക് അറിയില്ല…

അച്ഛനും ഏട്ടന്മാരും കണ്ണേട്ടനെ പിടിച്ചു നിർത്തി ചോദ്യവും ചെയ്തു…

എനിക്ക് ഇഷ്ടം ആണെന്നും നന്ദുനോട് ഇതുവരെ ഇഷ്ടം പറഞ്ഞിട്ടില്ലെന്നും പറഞ്ഞു അവിടെയും പുള്ളി എന്നെ രക്ഷിച്ചു ഹീറോ ആയി…

ഒരിക്കൽ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണൻ നല്ല പയ്യനാണെന്നും നന്ദുന് ഇഷ്ടം ആണെങ്കിൽ അവളുടെ പഠിത്തം കഴിഞ്ഞു നമുക്കത് നടത്തി കൊടുക്കാമെന്നു അച്ഛൻ പറഞ്ഞു കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണു തോന്നിയത്…

പക്ഷേ ആ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായത്…
അന്ന് മുതൽ ഒഴിഞ്ഞു മാറാൻ തുടങ്ങിയതാണ്…
അഞ്ചു വർഷം ആകുന്നു…

പഠനവുമായി ബന്ധപ്പെട്ടു കണ്ണേട്ടൻ പുറത്തേക്കു പഠിക്കാൻ പോയതും ഞങ്ങൾ തമ്മിലുള്ള കണ്ടുമുട്ടൽ കുറച്ചു…

അതിന് ശേഷം ഇപ്പോളാണ് ഇത്ര അടുത്ത്…

എല്ലാം അറിയുമ്പോൾ കണ്ണേട്ടൻ ഒഴിഞ്ഞു പോകുമെന്നാണ് കരുതിയത്…
പക്ഷേ പുള്ളി ഇപ്പോളും ഉടുമ്പിനെ പോലെ പറ്റി തന്നെ നിൽക്കെയാണ് വിട്ടു പോകുന്ന ഒരു ലക്ഷണവും കാണുന്നില്ല….

ഇപ്പോൾ പണ്ടത്തെപ്പോലെ മീശ ഇല്ലാ ചെക്കൻ ഒന്നും അല്ല കേട്ടോ…

നല്ല കട്ടിക്ക് മീശയൊക്കെ വെച്ചു ഒന്നൂടി സുമുഖൻ ആയിട്ടുണ്ട്…
അല്ലെങ്കിലും ഞാൻ പണ്ട് പറഞ്ഞപോലെ ഇല്ലത്തെ ചെക്കന് മുടിഞ്ഞ ലുക്ക്‌ തന്നെയാണ്…

“എന്താ നന്ദു നിന്റെ മിണ്ടാട്ടം മുട്ടിയോ? ”

കണ്ണേട്ടന്റെ ചോദ്യം എന്നെ ഓർമകളിൽ നിന്നും ഉണർത്തി…

“എനിക്ക് ഒന്നും അറിയില്ല…
കണ്ണേട്ടൻ പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കു…
ഇപ്പോൾ ഉള്ള സ്നേഹമൊക്കെ ഒരുമിച്ചു ജീവിക്കുമ്പോൾ കുറയും…
കണ്ണേട്ടന് ഞാൻ ഒരു ബാധ്യത ആകും… ”

“ആ ബാധ്യത ഞാൻ അങ്ങ് സഹിച്ചോളാം…

നിഴലുപോലെ കൂടെ ഉണ്ടാകും ഞാൻ അവസാന ശ്വാസത്തോളം..

എന്താ ഈശ്വരാ പറയുക…

ഞാൻ കാരണം ഈ മനുഷ്യന്റെ ജീവിതം നശിപ്പിക്കണോ…

ഒരു തീരുമാനവും എടുക്കാൻ പറ്റുന്നില്ലല്ലോ…

“പറഞ്ഞതൊക്കെ ഓർമയിൽ വെച്ചോളൂ നന്ദു…

പിന്നെ ഇതിന്റെ പേരിൽ യാമിയോട് പിണങ്ങാൻ നിൽക്കണ്ട…

വാതിൽ തുറക്കാൻ പറയാൻ പോവാ… ”

“മ്മ് ” ന്നു മൂളുക മാത്രമേ ഞാൻ ചെയ്തുള്ളു…

“ആഹ് പിന്നേ ഒരു കാര്യം കൂടി അഞ്ചു വർഷമായി നിനക്ക് തരാൻ വെച്ചിരുന്നതാ… ഇത് കൂടി പിടിക്ക് ”

എന്തെന്ന ഭാവത്തിൽ നോക്കിയത് മാത്രമേ ഓർമ ഉള്ളു…
കണ്ണടച്ച് തുറക്കും കണ്ണേട്ടന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു…

“എന്നാൽ ഒക്കെ.. അപ്പോൾ പറഞ്ഞത് പോലെ…
പിന്നെ ഇപ്പോൾ ഈ ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇങ്ങു തിരിച്ചു തന്നേക്കു… ”

എന്റെ കൈ പൊങ്ങി കണ്ണേട്ടന്റെ കവിളിൽ പതിഞ്ഞപ്പോളാണ് അടിച്ചു പോയല്ലോ എന്ന് ഞാൻ ഓർത്തത് തന്നെ…

“ഒക്കെ… നീ ഇങ്ങനെയേ പ്രതികരിക്കുള്ളുന്നു എനിക്ക് അറിയാരുന്നു..
എന്തായാലും ഞാൻ ഹാപ്പിയാ..
നിന്റെ കൈയിൽ നിന്ന് ഒന്ന് കിട്ടിയാലും ഒരു കുഴപ്പവും ഇല്ല.. നീ എന്റെ നന്ദു അല്ലേ…
പബ്ലിക് ആയി വേണ്ടാട്ടോ… നമ്മൾ മാത്രം ഉള്ളപ്പോൾ മതി…

രണ്ടിനും നല്ല മധുരം തന്നെയാണ് എനിക്ക്…
നിന്റെ ചുണ്ടുകൾക്കും ഈ അടിക്കും ”

“യാമി ഡോർ തുറക്കുന്നുണ്ടോ നീ… ”

“ഇങ്ങനെ ഒച്ചവെക്കല്ലേ നന്ദു…
അവൾ തുറന്നോളും… ”

യാമി വാതിൽ തുറന്ന ഉടനെ അവളെ ദഹിപ്പിച്ചൊരു നോട്ടം നോക്കി ഞാൻ വീട്ടിലേക്കു പോയി…

“എന്താ കണ്ണേട്ടാ പണി പാളിയോ? അവൾ നല്ല ദേഷ്യത്തിൽ ആണല്ലോ… ”

“ഹേയ് ചുമ്മാ…
അതൊക്കെ വെറും ജാഡയല്ലേ…

എന്നാലും നീ പുറകെ ഒന്ന് ചെന്നോളു കേട്ടോ…

ഞാൻ ഇറങ്ങുവാ… വിനു പോയോ?

“മ്മ് മാഷ് വന്നിട്ടുണ്ട്… ഇപ്പോൾ അങ്ങോട്ട്‌ പോയതേ ഉള്ളു…
എങ്കിൽ കണ്ണേട്ടൻ പൊയ്ക്കോ ഞാൻ അവളുടെ അടുത്തേക്ക് പോകുവാ… ”

“മ്മ് ഒക്കെ ”

ഈ പെണ്ണ് ഇനി എന്നോട് മിണ്ടാതിരിക്കുവോ ഗുരുവായൂരപ്പാ…

“നന്ദൂ… മോളെ… നീ എന്താടി കിടക്കുന്നത്… സുഖം ഇല്ലേ? ”

“നീ ഒന്ന് പോയേ യാമി…
എല്ലാരും കൂടി എന്നെ പറ്റിച്ചതല്ലേ… ”

“എല്ലാം ഒന്ന് കലങ്ങി തെളിയാൻ അല്ലേ ഡാ…
നീ ക്ഷമിക്കു… കണ്ണേട്ടൻ എത്ര നാളായി നിന്നോട് സംസാരിക്കാൻ കൊതിച്ചിരിക്കുവാ ”

“മ്മ് ഉവ്വാ ഉവ്വ്.. ”

“എന്താടി ഒരു പുച്ഛം…
അതൊക്കെ പോട്ടെ എന്താ സംസാരിച്ചത്…
ഇനി എങ്കിലും നീ ഒരു പോസിറ്റീവ് റിപ്ലൈ കൊടുക്കുമോ… ”

“ഒന്ന് പോ യാമി… ”

“അപ്പോൾ ഇത്രെയും നേരം സംസാരിച്ചതൊക്കെ വെറുതെ ആയോ… കഷ്ടം ഉണ്ട് കേട്ടോ… ”

“ഹും എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ… ”

“കണ്ണേട്ടൻ ഭയങ്കര സന്തോഷത്തിൽ… നീ ഭയങ്കര ദേഷ്യത്തിൽ… അപ്പോൾ അവിടെ എന്താടി നടന്നത്…
നിന്നെ ഇനി മുത്തുഗൗ അടിച്ചോ?
ഹേയ് കണ്ണേട്ടൻ ഡീസന്റ് ആണ് അങ്ങനെ ചെയ്യാൻ ചാൻസ് ഇല്ല… പിന്നെ എന്താ സംഭവിച്ചത്? ”

“പിന്നേ ഒരു ഡീസന്റ്…
ശ്വാസം എടുക്കാൻ പോലും പറ്റാത്ത രീതിയിൽ ഒരു ഫ്രഞ്ചു കിസ്സ് അടിച്ചിട്ടാ അയാള് പോയത്… ”

“ഫ്രഞ്ചോ !!!!ഹമ്പട കേമാ… കണ്ണൻ കുട്ടാ…
എന്നിട്ട്… നീ കൊടുത്തില്ലേ…? ”

“പിന്നെ കൊടുക്കാതെ ഞാനും കൊടുത്തു നല്ല അസ്സൽ ഒരെണ്ണം… ”

“ഉമ്മയോ!!!!!!!!?????”

“അല്ല… തല്ല്… ”

“വാട്ട് എ ഹൊറിബിൾ ലേഡി…
ദിസ്‌ ഈസ്‌ ടു മച്ച്…
പാവം കണ്ണേട്ടൻ… ”

“അറിയാതെ കൈ പൊങ്ങി പോയതാടി… ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെ ചെയ്തപ്പോൾ… ”

“ആഹ് സാരമില്ല…
ഇനി എത്ര കിട്ടാൻ കിടക്കുന്നു ആ പാവത്തിന്….

ഹോസ്പിറ്റലിൽ പോകണ്ട ഡേറ്റ് 30 നു അല്ലേ…

ഈ പ്രാവിശ്യം ചെക് അപ്പ് കഴിഞ്ഞു ഡോക്ടർ പറയും നീ മിടുക്കി ആണെന്ന്… നോക്കിക്കോ… ”

“ആർക്കും ഒരു ബാധ്യത ആകാൻ എനിക്ക് വയ്യ യാമി…

എല്ലാം പെട്ടെന്ന് ഒന്ന് അവസാനിച്ചാൽ മതിയാരുന്നു… ”

(തുടരും )