രചന – നന്ദിത ദാസ്
ശരിക്കും പറഞ്ഞാൽ അന്ന് മനുവിനെ കണ്ടിട്ട് വന്നതിൽ പിന്നെ നേരെ ചൊവ്വേ ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം…
കണ്ണടച്ചാൽ കുസൃതി നിറഞ്ഞ ചിരിയുമായി നന്ദുന്റെ മുഖം ഓർമകളിലേക്ക് ഓടിയെത്തും…
തീരെ ഇരിക്കപ്പൊറുതി ഇല്ലാതായപ്പോളാണ് നന്ദുനെ പോയികാണാൻ തീരുമാനിച്ചത്…
“ആഹ് വിനുക്കുട്ടാ… എന്താ നീ ഒരു മുന്നറിയിപ്പും ഇല്ലാതെ? ”
“എല്ലാവരെയും ഒന്ന് കാണണമെന്ന് തോന്നി വല്യച്ഛ…
അതാണ് പെട്ടെന്ന് ഇത്രടം വരെ വന്നത്… ”
“അതെന്തായാലും നന്നായി കുട്ടി…
ഇനി രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതിട്ടോ… ”
“മ്മ് അതേ ഉള്ളു വല്യച്ഛ…. ”
വല്യച്ചനോട് സംസാരിക്കുമ്പോളും എന്റെ നോട്ടം മുഴുവൻ മതിലിനു അപ്പുറത്തേക്കായിരുന്നു…
വല്യച്ഛൻ അകത്തേക്ക് കയറിയ തക്കം നോക്കി ഞാൻ നന്ദുന്റെ വീട് ലക്ഷ്യമാക്കി നടന്നു…
സാധാരണ അവളുടെ ഒച്ചയും ബഹളവുമൊക്ക കേൾക്കുന്നത് ആണ്…
ഇപ്പോൾ ഒരു വല്ലാത്ത മൂകത അവിടമാകെ തളം കെട്ടി നിൽക്കുന്നതുപോലെ…
യാമിയെയും കാണുന്നില്ല…
കാളിംഗ് ബെല്ലിൽ വിരൽ അമർത്താൻ തുടങ്ങിയപ്പോളാണ് മൂവാണ്ടൻ മാവിൻ ചോട്ടിൽ നന്ദു ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്…
അവളെ കണ്ടപ്പോൾ ശ്വാസം ഒന്ന് നേരെ വീണതുപോലെ…
പിന്നിലൂടെ ചെന്ന് പേടിപ്പിക്കാമെന്നു വിചാരിച്ചെങ്കിലും നന്ദുന്റെ സിറ്റുവേഷൻ പെട്ടെന്ന് ഓർമ വന്നതുകൊണ്ട് ആ ശ്രമം ഞാൻ ഉപേക്ഷിച്ചു…
“നന്ദൂട്ടി… ഒറ്റക്കിരുന്നു എന്താ പരുപാടി? ”
“അല്ല ആരിത് വിനുവേട്ടനോ?… സത്യത്തിൽ ഞാൻ ഇപ്പോൾ നിങ്ങളെ പറ്റി ഓർത്തതേ ഉള്ളു… ”
“മ്മ് ഓർക്കും ഓർക്കും…
ഞാൻ പോയിട്ട് ഇത്രയും ദിവസമായിട്ട് എന്നെ ഒന്ന് വിളിച്ചോ… ഇല്ലല്ലോ… എന്നിട്ട് ഇപ്പോൾ ഓർത്തു പോലും… ”
“സത്യായിട്ടും ഓർത്തു…
വിളിക്കാൻ പറ്റിയില്ല അത് സമ്മതിക്കുന്നു…
വിനുവേട്ടനും വിളിക്കാരുന്നല്ലോ?
“ഹും ഇപ്പോൾ എനിക്കായി കുറ്റം…
അതൊക്കെ പോട്ടെ എന്താ ഇവിടെ ഒറ്റയ്ക്ക്…
യാമി എവിടെ? ”
“ഇത് എന്റെ ഫേവറേറ്റ് പ്ലേസ് ആണ്…
ഇടക്കൊക്കെ ഇവിടെ വന്നു ഇരിക്കാറുണ്ട്…
ഈ തണലിൽ ഒരിത്തിരിനേരം ഇരിക്കുമ്പോൾ മനസ്സിന് നല്ല കുളിർമ ആണ്….
യാമി നാട്ടിൽ ഇല്ല…
അവൾ ബാംഗ്ലൂർക്കു പോയിരിക്കുവാ… ”
“അതെന്തിനാ ബാംഗ്ലൂർ?? ”
“കുച്ചിപ്പുടി ടെ ക്ലാസ്സ് അവൾ ഡിസ്റ്റന്റ് ആയിട്ടാണ് ചെയ്യുന്നത്…
തൃശ്ശൂർ കുറച്ചു ഡേയ്‌സ് ക്ലാസ്സ് കാണും…
ബാംഗ്ലൂർ ആണ് യൂണിവേഴ്സിറ്റി… ഇപ്പോൾ എക്സാം അവിടെ വെച്ചു നടക്കുവാ…
കുറച്ചു ഡേയ്‌സ് കഴിഞ്ഞേ വരുള്ളൂ…. ”
“ആഹാ… അപ്പോൾ മൊത്തത്തിൽ ബോറാണ് അല്ലേ… ”
“ശരിക്കും ബോറടി ആണ്…
യാമി ഇല്ലെങ്കിൽ ഒരു രസവും ഇല്ല… ”
“അച്ചോടാ… പാവം… ”
“അതൊക്കെ വിട്…
വിനുവേട്ടൻ പറ പിന്നെ വീട്ടിൽ എന്നാ ഉണ്ട് വിശേഷം…
അച്ഛൻ അമ്മ എല്ലാരും എന്ത് പറയുന്നു… ”
“എല്ലാർക്കും സുഖം.. ഹാപ്പി…
പിന്നേ നമുക്ക് പാലക്കാട് പോകണ്ടേ…
ഈ വരവിൽ എന്റെ ലക്ഷ്യം അതാണ്… ”
“മ്മ് പോകണം…
പക്ഷേ അത്രയും ദൂരം അച്ഛൻ വിടുമോ എന്ന് സംശയമാണ്… ”
“അപ്പോൾ പിന്നെ എങ്ങനെ ആണ്… ”
“ലെച്ചുന്റെ വീട് അല്ലേ അഗ്രഹാരത്തു…
വിവാഹം ചെയ്തു വിട്ട വീട്ടിൽ അല്ലേ നമുക്ക് പോകേണ്ടത്…
കുഞ്ഞ് അവിടെ ആയിരിക്കില്ലേ??? ”
“ലെച്ചുനെ കല്യാണം കഴിച്ചത് അവളുടെ മുറച്ചെറുക്കൻ ആണ്…
അവരെല്ലാം അഗ്രഹാരത്തു തന്നെയാണ് താമസിക്കുന്നത്… ”
“ഓഹ്… ഒക്കെ ഞാൻ എന്തായാലും അച്ഛനെ ഒന്ന് സോപ്പിടാം…
സമ്മതിച്ചാൽ നാളെ തന്നെ നമുക്ക് പോകാം… ”
“ഞാൻ സംസാരിക്കാണോ അച്ഛനോട്…? ”
“ഹേയ്… വേണ്ട…
എന്റെ അച്ഛൻ ഞാൻ പറഞ്ഞാൽ നോ പറയില്ല എന്നൊരു വിശ്വാസം ഉണ്ട്… ”
“ഒക്കെ ഒക്കെ ”
സത്യത്തിൽ അവളോട് സംസാരിക്കുമ്പോൾ ഞാൻ പോലും അവളൊരു രോഗി ആണെന്ന് മറന്നു പോകുന്നു…
ഇവളാണ് പെണ്ണ്…
ഒടുവിൽ അവൾ പറഞ്ഞതുപോലെ തന്നെ അവളുടെ അച്ഛൻ പോയിക്കോളാൻ സമ്മതിച്ചു…
“വിനൂ… മോനെ… മോളുമായി ഒറ്റക്കു അത്രയും ദൂരം ഡ്രൈവ് ചെയ്തു പോകേണ്ടതല്ലേ…
നിങ്ങൾ പോകുമ്പോൾ കണ്ണനെ കൂടി കൂട്ടിക്കോളൂ…
അവനാകുമ്പോൾ അവിടൊക്കെ നല്ല പരിചയം ഉണ്ട്… ”
“ശരി അച്ഛാ… ”
അത് പറഞ്ഞിട്ട് ഞാൻ നന്ദുന്റെ മുഖത്തേക്ക് നോക്കിയപ്പോൾ പെണ്ണിന്റെ മുഖം എല്ലാം വീർത്തു കെട്ടി ഇരിക്കുന്നു…
“എന്റെ വിനുവേട്ടാ… കണ്ണേട്ടനെ വിളിക്കണ്ട… ബോർ ആകും… ”
“അത് എങ്ങനെ ശരിയാകും നന്ദു… അച്ഛൻ പറഞ്ഞത് കേട്ടില്ലേ…
നിന്റെ ആഗ്രഹം സാധിച്ചില്ലേ… തത്കാലം അച്ഛൻ പറയുന്നതുപോലെ കേൾക്കാം…
കണ്ണൻ വന്നോട്ടെ…
പാവമല്ലേ… ”
പിന്നെ അവൾ ഒരക്ഷരം മിണ്ടിയില്ല…
സത്യത്തിൽ നന്ദുന്റെ അച്ഛൻ അങ്ങനെ പറഞ്ഞത് നന്നായിന്നു എനിക്ക് തോന്നി…
കണ്ണനും നന്ദുവും കുറച്ചു കൂടി അടുത്തിടപെഴകാൻ അവസരവും കിട്ടുമല്ലോ…
വെളുപ്പിനെ തന്നെ പുറപ്പെട്ടു…
കാറിന്റെ ഡോർ തുറന്നു അകത്തു കയറിയപ്പോൾ മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിച്ചുകൊണ്ടു ഡ്രൈവിംഗ് സീറ്റിൽ കണ്ണേട്ടൻ…
ഇങ്ങേരെ കാണുമ്പോൾ ആകെ ഒരു വെപ്രാളം ആണ്..
ഓരോ തവണ കാണുമ്പോളും അതിന് യാതൊരു കുറവും ഇല്ല…
എന്റെ നോട്ടം കണ്ടിട്ടാകണം സാരമില്ലന്നു വിനുവേട്ടൻ കണ്ണ് കാണിച്ചു…
യാത്ര തുടങ്ങിയ ഉടനെ രണ്ടും കൂടി കത്തിയടിയും തുടങ്ങി…
പുറകിൽ ഞാൻ ഉണ്ടെന്ന് ഒരു വിചാരം പോലും ഇല്ല ദുഷ്ടന്മാർ…
“കണ്ണന് പാലക്കാടൊക്കെ നല്ല തിട്ടമാണോ? ”
“പിന്നേ… പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലും അതുപോലെ തന്നെ അടയ്ക്ക ഗവേഷണ കേന്ദ്രത്തിലൊക്കെ മിക്കവാറും പോകാറുണ്ട്…
നല്ലയിനം വിത്തുകൾ എല്ലാം ഞാൻ ഇവിടുന്നാണ് നാട്ടിലേക്കു കൊണ്ടുവരാറുള്ളത്…
അവിടെ ഒട്ടുമിക്ക സ്ഥലങ്ങളും അറിയാം… ”
“ഈ പട്ടാമ്പി ഭാരതപ്പുഴയുടെ തീരത്താണ് അല്ലേ? ”
“മ്മ്.. അതേ…
“പട്ടാമ്പി എന്നാൽ പട്ടന്മാരുടെ അമ്പി ” എന്നാണ് അർത്ഥം…
കൽപ്പാത്തിയിലെ വൈഷ്‌ണവ ബ്രാഹ്മണരെ ആണ് പട്ടന്മാർ എന്ന് വിളിക്കുന്നത്…
പട്ടാമ്പിന്നു പറയുന്ന ഒരു വിഷ്ണു ക്ഷേത്രം ഉണ്ട് അവിടെ അതാണ് അങ്ങനെ ഒരു പേര്… ”
“ഓഹ്ഹ്… അങ്ങനെ ആണോ….”
ഹും രണ്ടിന്റെയും സംസാരം കേട്ടാൽ തോന്നും കേരള പിഎസ്സി ക്ക് വേണ്ടി പഠിക്കുന്നവരാണെന്നു…
കണ്ണേട്ടൻ ആണെങ്കിൽ എന്നെ ഒന്ന് നോക്കുന്നതുകൂടി ഇല്ല…
എനിക്ക് ശരിക്കും വിഷമം വന്നു…
എത്ര നേരം എന്നും പറഞ്ഞാണ് ഞാൻ ഊമയെ പോലെ ഇരിക്കുന്നത്…
ഹോ ശ്വാസം മുട്ടുന്നതുപോലെ…
കാറിന്റെ സീറ്റ് പുറകിലേക്കു അഡ്ജസ്റ്റ് ചെയ്തു ഞാൻ നിവർന്നു കിടന്നു…
ഉറക്കം വരുന്നുണ്ട്… ഈ കത്തിയടി കേൾക്കുന്നതിലും ഭേദം ഉറങ്ങുന്നത് തന്നെയാണ്…
അധികം വൈകാതെ തന്നെ നിദ്രാദേവി എന്നെ പുൽകി…
“നന്ദു ഉറങ്ങിയെന്നു തോന്നുന്നു വിനയാ… ”
“മ്മ് ഉറങ്ങിക്കോട്ടെ ഇനി ഒരുപാട് ദൂരം ഉള്ളതല്ലേ… ”
“അല്ല… അവിടെ ഇപ്പോൾ ആരെ കാണാനാണ് ഇത്ര തിടുക്കത്തിൽ ഇവൾ പോകുന്നത്…
അല്ലെങ്കിലും അടങ്ങി ഇരിക്കുന്ന ശീലം ഇല്ലല്ലോ… ”
“കാണാൻ പോകുന്നത് എനിക്ക് വേണ്ടപ്പെട്ട ഒരാളെ ആണ്…
കഥയൊക്കെ പറഞ്ഞാൽ മൂഡ് പോകും… തിരിച്ചു വരുമ്പോൾ വിശദമായി പറയാം… ”
“ഒക്കെ ഒക്കെ അത് മതി…
എന്തായാലും എന്റെ നന്ദുന്റെ കൂടെ ഒരു യാത്ര ഒത്തു കിട്ടിയല്ലോ സന്തോഷം… ”
“കണ്ണന് അവളോടുള്ള സ്നേഹം… കരുതൽ എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്…
താൻ ആഗ്രഹിക്കുന്നതുപോലെ തനിക്കു തന്നെ അവളെ കിട്ടും… ”
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൻ എന്നെ നോക്കി പുഞ്ചിരിച്ചു…
ഉറക്കത്തിൽ എപ്പളോ കണ്ണേട്ടൻ എന്റെ അരികിൽ വന്നു മുടിയിൽ തലോടുന്നതായി തോന്നി…
സ്വപ്നം ആണെന്നാണ് ആദ്യം കരുതിയത്…
ഞാൻ ഒന്നുകൂടി ആ തോളിലേക്ക് ചാഞ്ഞിരുന്നു…
കവിളിൽ കൂടി എന്തോ
ഒലിച്ചിറങ്ങുന്നതുപോലെ തോന്നി… ഞെട്ടിയുണർന്നപ്പോളാണ് സ്വപ്നം അല്ലെന്ന് മനസ്സിലായത്…
കണ്ണേട്ടൻ എങ്ങനെ എന്റെ അരികിൽ…
കാർ നിർത്തി ഇട്ടിരിക്കുവാണല്ലോ…
ഞാൻ പുറത്തേക്കു നോക്കിയപ്പോൾ വിനുവേട്ടൻ ചായ കുടിച്ചുകൊണ്ട് അവിടെ ഉള്ള ആരോടോ സംസാരിക്കുന്നു…
“അങ്ങോട്ട് മാറി ഇരുന്നുകൂടെ… എന്റെ ഒപ്പം എന്തിനാ കയറി ഇരിക്കുന്നത്… ”
“ഞാൻ ഇരുന്നു എന്നുള്ളത് ശരിയാണ്.. പക്ഷേ എന്റെ തോളിലേക്ക് ചാഞ്ഞത് നീയല്ലേ… ”
“അത് പിന്നെ ഞാൻ അറിഞ്ഞോ ഇയാളാണെന്നു? ”
“ഇയാളോ??? കണ്ണേട്ടൻ ന്നു വിളിക്കെടി… ”
“ആഹ് സോറി… ഒന്ന് എഴുന്നേറ്റ് പോയേ കണ്ണേട്ടാ… വിനുവേട്ടൻ ഇപ്പോൾ വരും… പോ… പോകാൻ… ”
“വിനു കണ്ടാൽ എന്താ…
എന്നായാലും നീ എന്റെ കൂടെ അല്ലേ ഇരിക്കേണ്ടത്… ”
“ശ്ശോ… ഒന്ന് പോയേ… പ്ലീസ്… ”
“മ്മ് ഒക്കെ ഞാൻ പോയേക്കാം … നിനക്ക് ചായ വേണോ…? ”
“എനിക്കൊന്നും വേണ്ട… ഒന്നിറങ്ങി മുന്നിൽ ഇരിക്ക്… ”
കണ്ണേട്ടൻ മുന്നിൽ ചെന്നിരുന്നപ്പോളാണ് ശ്വാസം നേരെ വീണത് …
കണ്ണേട്ടനോട് വെറുതെ ദേഷ്യപ്പെട്ടതാണ്…
ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടിരുന്നു…
അത് കണ്ടപ്പോൾ ഒരു നിമിഷം വല്ലാതെ പതറി പോയി…
പെട്ടെന്ന് ദേഷ്യപ്പെടുക അല്ലാതെ വേറെ ഒരു വഴിയും കണ്ടില്ല…
അതാണ് ഞാൻ….
വിനുവേട്ടൻ വന്ന ഉടനെ വീണ്ടും യാത്ര തുടങ്ങി…
കണ്ണേട്ടന്റെ കണ്ണുകൾ ഇടക്കിടക്ക് എന്റെ നേർക്ക് നീളുന്നുണ്ടായിരുന്നു…
അന്ന് കാവിലെ പൂരത്തിന് ഇടഞ്ഞ ആ നാലു കണ്ണുകൾ തമ്മിൽ വീണ്ടും സ്നേഹത്തിലാകുന്നത് പോലെ തോന്നി…
ഇടയ്ക്ക് വെച്ച് ഡ്രൈവിംഗ് വിനുവേട്ടൻ ഏറ്റെടുത്തു…
“ഇനി ഒരുപാട് ദൂരം ഇല്ല… അടുക്കാറായി ”
എന്ന് വിനുവേട്ടൻ പറഞ്ഞപ്പോൾ ആ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു…
കാറിൽ നിന്നും ഇറങ്ങാൻ എന്തോ എനിക്കും വല്ലാത്തൊരു ഭയം തോന്നി….
എന്റെ നിർബന്ധത്തിനാണ് വിനുവേട്ടൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്….
കണ്ണേട്ടൻ കൂടെ ഉള്ളതാണ് ഇപ്പോൾ ആകെ ഒരു ബലം…
വിനുവേട്ടന്റെ പുറകെ ലെച്ചുന്റെ വീട് ലക്ഷ്യമാക്കി നടന്നെങ്കിലും ഇടക്കിടക്ക് കാലുകൾ വേച്ചു വേച്ചു പോകുന്നതുപോലെ…
കണ്ണേട്ടൻ എന്റെ കൂടെ തന്നെ ഉണ്ട്…
ഒരു വീടിന്റെ മുന്നിൽ എത്തിയപ്പോൾ വിനുവേട്ടൻ ഒന്ന് നിന്നു….
പിന്നെ അകത്തേക്ക് നോക്കി വിളിച്ചു….
“ആദീ…… ”
(തുടരും )

by