രചന – നന്ദിത ദാസ്
“വിനു ഒന്ന് വരൂ… ”
ഹരിയുടെ പുറകേ പോകുമ്പോളും യാമിയെ ഇവിടേക്ക് കൊണ്ടുവന്നാൽ എന്തായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് എന്റെ ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു….
എനിക്ക് നേരെ ഒരു ഡയറി നീട്ടി ഹരി പറഞ്ഞു…
“ദാ… ഇത് ലെച്ചുന്റെ ഡയറിയാണ്… ഇത് വിനുവിന് വേണ്ടി എഴുതിയതാണ്…
എന്നെങ്കിലും വന്നാൽ തന്നെ ഏൽപ്പിക്കണമെന്നും പറഞ്ഞിരുന്നു…
അന്ന് ഇതൊക്കെ അവൾ പറയുമ്പോൾ ഞാൻ കളിയാക്കുമായിരുന്നു…
നീ തന്നെ നേരിട്ട് കൊടുത്താൽ പോരെ ന്നു ചോദിച്ചിട്ടുണ്ട്…
വാക്കുകൾ അച്ചിട്ട് ആകുക എന്ന് കേട്ടിട്ടില്ലേ അതാണ് ഇവിടെയും സംഭവിച്ചത്…
വിനു വരുമ്പോൾ ചിലപ്പോൾ എനിക്ക് കൊടുക്കാൻ പറ്റിയില്ലെങ്കിലോ എന്ന് അവൾ സൂചിപ്പിച്ചിരുന്നു…
മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് ഈ ഡയറി എന്നെ ഏൽപ്പിച്ചത്…
എല്ലാം മുൻകൂട്ടി കണ്ടതുപോലെ… ”
ഹരിയുടെ കൈയിൽ നിന്നും ആ ഡയറി വാങ്ങി ഞാൻ നെഞ്ചോടു ചേർത്തു…
“ഇതിൽ എന്താണെന്നു ഞാൻ വായിച്ചിട്ടില്ല…
അവൾ തനിക്കു വേണ്ടി എഴുതിയതല്ലേ…
ഒന്ന് മറിച്ചു നോക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല… ”
ഞാൻ ആലോചിക്കുക ആയിരുന്നു… ഒരിക്കലും ഹരിയെ കുറിച്ച് ലെച്ചു എന്നോട് സൂചിപ്പിച്ചിട്ടേ ഇല്ലായിരുന്നു…
ഞങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞു പ്രോബ്ലം ആയപ്പോൾ മാത്രമാണ് ബന്ധത്തിൽ നിന്നും വന്ന കല്യാണ ആലോചനയെക്കുറിച്ച് അവൾ പറയുന്നത്…
അന്ന് എപ്പോളോ ഹരിയുടെ പേര് പറഞ്ഞതായി ഓർക്കുന്നുണ്ട്… അല്ലാതെ ഈ ചെറുപ്പക്കാരനെ പറ്റി ഒന്നും തന്നെ അവൾ പറഞ്ഞിരുന്നില്ല…
ഒരു കാര്യം ഉറപ്പാണ് ഹരി ലെച്ചുനെ മനസ്സിലാക്കി തന്നെ സ്നേഹിച്ചിരുന്നു…
അല്ലെങ്കിൽ ആരെങ്കിലും ഭാര്യയുടെ മുൻ കാമുകനെ ഇതുപോലെ ചേർത്ത് നിർത്തുമോ?
“വിനുവിന് അറിയുമോ.. കുഞ്ഞുനാൾ മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ് ഞാനും ലെച്ചുവും…
ലെച്ചു ജനിച്ചപ്പോൾ മുതൽ ഞാൻ കേട്ട ഒരു വാക്കായിരുന്നു ലെച്ചു ഹരിക്കുള്ളതാണെന്നു…
പക്ഷേ വളർന്നു വരുംതോറും ലെച്ചു എന്നിൽ നിന്നും അകന്നു മാറി…
കളിക്കൂട്ടുകാരൻ എന്നതിൽ ഉപരി മുറച്ചെറുക്കൻ എന്ന പദവി ഒരിക്കലും അവൾ എനിക്ക് തന്നിരുന്നില്ല…
ലെച്ചു എന്നിൽ നിന്നും ഒഴിഞ്ഞു മാറു മ്പോളെക്കെ ഹൃദയം പൊട്ടി ഞാൻ കരഞ്ഞിട്ടുണ്ട്…
സ്വാതി തിരുനാൾ സംഗീത കോളജിലേക്ക് “വീണ ” പഠിക്കാൻ അവൾ വന്നത് തന്നെ ഒരുപാട് പേരുടെ എതിർപ്പുകൾ മറി കടന്നാണ്…
എല്ലാവരേക്കാളും പേടി എനിക്കായിരുന്നു…
കണ്മുന്നിൽ നിന്നും മാറി നിന്നാൽ
വീണ്ടും അവൾക്കു എന്നോട് ഉള്ള അടുപ്പം കുറയുമല്ലോ എന്നോർത്തു…
പ്രണയവുമായി അവളുടെ മുന്നിൽ ആരെങ്കിലും എത്തപ്പെട്ടാലോ എന്നും ഞാൻ പേടിച്ചു…
പക്ഷേ അപ്പായെ ധിക്കരിച്ചു അവൾ ഒന്നും ചെയ്യില്ലെന്ന് ഞാൻ തന്നെ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…
ഓരോ വെക്കേഷനും അവൾ വരുമ്പോൾ കോളജിലെ വിശേഷങ്ങൾ വാ തോരാതെ എന്നെ പറഞ്ഞു കേൾപ്പിച്ചിരുന്നു…
കൂട്ടത്തിൽ പ്രണയാഭ്യർത്ഥനയായി വന്നവരെക്കുറിച്ചൊക്കെ അവൾ പറഞ്ഞു…
ഒരിക്കൽ ഒരു വെക്കേഷന് വന്നപ്പോൾ അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു ..
കാര്യം അനേഷിച്ചപ്പോൾ അതിന്റെ കാരണം വിനയ ചന്ദ്രൻ എന്ന താനാണെന്ന് ഞാൻ മനസ്സിലാക്കി
തന്നെ ജീവനാണെന്നു അവൾ പറഞ്ഞപ്പോൾ നിന്ന നിൽപ്പിൽ ജീവൻ പോയ അവസ്ഥയിൽ ആയിരുന്നു ഞാൻ…
പിന്തിരിപ്പിക്കാൻ ഒരുപാട് ഞാൻ ശ്രമിച്ചു… പക്ഷേ താൻ ഇല്ലാതെ ഒരു ജീവിതം ഇല്ലെന്നു വാശിയിലായിരുന്നു അവൾ…
മറ്റെന്തിനേക്കാളും അവളുടെ സന്തോഷത്തിനാണ് ഞാൻ വില കൊടുത്തത്… അതുകൊണ്ട് തന്നെ
അവളുടെ ഇഷ്ടം പോലെ ആകട്ടെ എന്ന് ഞാൻ ചിന്തിച്ചു…
പക്ഷേ ഒട്ടും നിനച്ചിരിക്കാതെ നിങ്ങളുടെ ബന്ധം എങ്ങനെയോ വീട്ടിൽ അറിഞ്ഞു…
ലെച്ചു ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് വിശ്വസിച്ചവർക്കൊക്കെ തെറ്റി…
അതോടെ ഞങ്ങൾ തമ്മിലുള്ള വിവാഹം ഉടനെ നടത്താൻ തന്നെ എല്ലാരും തീരുമാനിച്ചു…
ലെച്ചുവിനെ പുറം ലോകം കാണാതെ മുറിയിൽ തന്നെ പൂട്ടിയിട്ടു…
അടിച്ചു ഏൽപ്പിച്ചൊരു വിവാഹത്തിനോട് എനിക്കും താല്പര്യം ഇല്ലായിരുന്നു…
ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ ഞാൻ ആകുന്നതും ശ്രമിച്ചു…
പക്ഷേ ഞങ്ങളുടെ കുടുംബക്കാർ ഈ വിവാഹം നടത്തിയേ അടങ്ങു എന്ന വാശിയിലായിരുന്നു…
ഒടുവിൽ ഒന്നും നടക്കില്ലെന്നു കണ്ടപ്പോളാണ് ഞാൻ ആരും കാണാതെ മുറിയിൽ നിന്നും അവളെ പുറത്തിറക്കി തന്റെ അരികിലേക്ക് പറഞ്ഞു വിട്ടത്…
കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പെണ്ണ് ഒളിച്ചോടി പോകുന്നത് ഇന്നത്തെ ലോകത്തിൽ അത്ര പുത്തരി അല്ലല്ലോ…
പക്ഷേ ഞങ്ങളുടെ സമുദായത്തിന് അത് മാനക്കേട് ഉണ്ടാക്കും…
പടി അടച്ചു പിണ്ഡം വെച്ചാൽ പിന്നെ ജീവിതത്തിൽ എവിടെ പോയാലും സ്വസ്ഥത കിട്ടില്ല…
അവിടെയും താനും ലെച്ചുവും ഞങ്ങളെ എല്ലാവരെയും തോൽപ്പിച്ചു കളഞ്ഞു…
ഓടിപ്പോയവളെ തിരിച്ചു അവളുടെ അപ്പാവുടെ കൈയിൽ ഏൽപ്പിച്ചു പോയ തന്റെ മുഖം ഇന്നും എന്റെ ഓർമയിൽ ഉണ്ട്…
കല്യാണത്തിന് താൻ വരില്ലെന്ന് ലെച്ചു മുൻകൂട്ടി എന്നോട് പറഞ്ഞിരുന്നു…
ആദ്യം ഒന്നും അവൾക്കു എന്നോട് ഒപ്പം ഉള്ള ഒരു ജീവിതം ചിന്തിക്കാൻ കൂടി ആകുമായിരുന്നില്ല…
കുറ്റപ്പെടുത്തിയിട്ടില്ല ഒരിക്കലും അവളെ ഞാൻ…
പണ്ടത്തേക്കാൾ ഇരട്ടിയായി സ്നേഹിച്ചിട്ടേ ഉള്ളു എന്റെ ലെച്ചുനെ…
തന്റെ ഓർമകളിൽ നിന്നും ഒരു മോചനം ലെച്ചുനു ഉണ്ടാകുമെന്നു ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല…
അത്രയ്ക്ക് അവൾ തന്നെ സ്നേഹിച്ചിരുന്നു എന്ന് മറ്റാരേക്കാളും നന്നായി എനിക്ക് അറിയാമായിരുന്നു…
എന്റെ ജീവിതം കൂടി അവൾ കാരണം നശിച്ചു പോകുമെന്ന് കരുതി ഒരിക്കൽ എല്ലാം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചു…
കൈയിലെ വെയിൻ മുറിച്ചു ഹോസ്പിറ്റലിൽ ആയ അവളുടെ പരിചരണം മുഴുവനും ഞാൻ ഏറ്റെടുത്തു…
നീ എന്നെ സ്നേഹിക്കണ്ട പക്ഷേ ഞാൻ ജീവനോടെ ഉള്ള കാലം നിനക്കൊന്നും പറ്റാൻ ഞാൻ സമ്മതിക്കില്ലെന്ന് അവളോട് പറയുമ്പോൾ ഒരിക്കലും ഞാൻ കരുതിയിരുന്നില്ല ഞാൻ ആഗ്രഹിച്ചതുപോലെ ഉള്ള ഒരു ലെച്ചുവിനെ എനിക്ക് കിട്ടുമെന്ന്…
അതായിരുന്നു തുടക്കം…
പിന്നീട് അങ്ങോട്ട് എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചിട്ടേ ഉള്ളു എന്റെ ലെച്ചു…
പലപ്പോഴും അവൾ പറയുമായിരുന്നു എന്നെ ഒഴിവാക്കിയതിനും എന്റെ ഇഷ്ടം തള്ളി കളഞ്ഞതിനൊക്കെ പകരമായി അതിന്റെയൊക്കെ ആയിരം ഇരട്ടി സ്നേഹിച്ചു പകരം വീട്ടുമെന്ന്…
ഒരിക്കലും ഞങ്ങൾക്കിടയിലേക്കു പിന്നീട് വിനു എന്ന പേര് കടന്നു വന്നതേ ഇല്ല…
ലെച്ചുനു വയറ്റിൽ ഉണ്ടെന്നു അറിഞ്ഞ സന്തോഷത്തിൽ കോളജിൽ നിന്നും വന്ന എന്നോട് ഒരിക്കലും പതിവില്ലാത്തതു പോലെ അവൾ തന്റെ പേര് പറഞ്ഞു…
ഒരിക്കൽ നിങ്ങൾ സ്നേഹിച്ചിരുന്ന ടൈമിൽ പറഞ്ഞിരുന്ന ഒരു കാര്യം…
നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ അത് മോൻ ആണെങ്കിൽ അവനു ആദിദേവ് എന്ന പേരിടുന്നതിനെ പറ്റി ആയിരുന്നു അത്…
ആ പേര് തന്നെ നമ്മുടെ കുഞ്ഞിന് ഇടണമെന്ന് അവൾ പറഞ്ഞപ്പോൾ പൂർണ മനസ്സോട് തന്നെയാണ് ഞാൻ അതിനു സമ്മതിച്ചത്…
മോൻ ഉണ്ടായി കഴിഞ്ഞതോടെ ഞങ്ങളുടെ ജീവിതം ഒരുപാട് സന്തോഷം നിറഞ്ഞതായി…
ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ എന്റെ ലെച്ചുവും ഒരുമിച്ചൊരു ജീവിതം ഈശ്വരൻ എനിക്ക് തന്നു…
പക്ഷേ… ഈശ്വരന്റെ കണക്കു പുസ്തകത്തിൽ എന്റെ ലെച്ചുനു ആയുസ്സ് കുറവായിരുന്നു…
ആദി കുഞ്ഞാണ്… അവൻ അമ്മയുടെ സ്നേഹം അറിഞ്ഞു തന്നെ വളരണമെന്ന് പലരും പറഞ്ഞു…
എന്നെകൊണ്ട് മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കാൻ എല്ലാവരും ആവുന്നത്ര ശ്രമിച്ചു…
പക്ഷേ ഈ ജീവിതത്തിൽ അന്നും ഇന്നും ഇനിയെന്നും എന്റെ ലെച്ചു മാത്രമേ ഉള്ളു എന്ന് ഞാൻ ഉറപ്പിച്ചതാണ്…
എന്റെ ആദിയെ ഞാൻ തന്നെ നോക്കും…
അമ്മയിൽ നിന്നും കിട്ടാതെ പോയ സ്നേഹം കൂടി ഈ അച്ഛൻ അവനു കൊടുക്കും…
ആദി…. അവൻ മാത്രം ആണ് ഇന്ന് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം….
ഹരിയുടെ വാക്കുകൾ അത്ഭുതത്തോടെ കേട്ടു നിൽക്കുക ആയിരുന്നു ഞാൻ…
ആ മനുഷ്യൻ ഈശ്വരൻ ആണോന്ന് വരെ എനിക്ക് തോന്നിപ്പോയി…
എന്തായാലും എന്റെ ലെച്ചു ഭാഗ്യം ചെന്നവളായിരുന്നു…
അർഹത ഉള്ള കൈയിൽ തന്നെയായിരുന്നു ഈശ്വരൻ അവളെ ഏൽപ്പിച്ചത്…
ഹരിയുടെ ഷോൾഡറിൽ ഒന്നുകൂടി ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു…
“ഇങ്ങനെ ആയിരിക്കണം ഒരു പുരുഷൻ…
ഐആം പ്രൗഡ് ഓഫ് യൂ… ”
***************************************
“ഈ നന്ദു ഇന്ന് വിളിച്ചതുകൂടി ഇല്ലല്ലോ… ഞാൻ ബാംഗ്ലൂർ വന്നപ്പോളേക്കും അവൾ എന്നെ മറന്നു തുടങ്ങിയോ….? ”
ഫോൺ എടുത്തു അവളെ വിളിച്ചു… ഇനി വയ്യാതെ വല്ലതും വന്നു കാണുമോ…
അവളെ കാണാതെ ആ സൗണ്ട് കേൾക്കാതിരിക്കുന്ന ഓരോ നിമിഷവും നെഞ്ചിൽ തീയാണ്…
“ഹലോ… യാമി…. പറ മുത്തേ… എന്തൊക്കെ ഉണ്ട് ”
“കുന്തം…
ഇന്ന് ഇത്രയും നേരം ആയിട്ട് നീ എന്നെ ഒന്ന് വിളിച്ചോടി ഫൂലൻ ദേവി… ”
“നീ ദേഷ്യപ്പെടാതെ… വിളിക്കാൻ പറ്റിയില്ല.. പക്ഷേ അതിന് ഒരു കാരണമുണ്ട് യാമി… ”
“എന്ത് കാരണം…
നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോടാ… ”
“എനിക്കൊരു കുഴപ്പവും ഇല്ല…
ഡാ ഞങ്ങളൾ ഇപ്പോൾ ലെച്ചുന്റെ വീട്ടിൽ ആണ്…
വെളുപ്പിനേ നാട്ടിൽ നിന്നും പുറപ്പെട്ടു… ”
“ദുഷ്ടേ…. എന്നെ കൂടാതെ പോയോ നീ…
അതൊക്കെ പോട്ടെ ഈ ഞങ്ങൾ ആരൊക്കെ ആണ്… അച്ഛൻ ഉണ്ടോ? ”
“അച്ഛന് യാത്ര പറ്റില്ലെന്ന് നിനക്കറിയില്ലേ…
ഞാനും വിനുവേട്ടനും… പിന്നെ… കണ്ണേട്ടനും ”
“കണ്ണേട്ടനോ??? അതും നിന്റെ കൂടെയോ… സത്യം ആണോ? ”
“മ്മ് അതേ…
അച്ഛനാണ് പറഞ്ഞത് കണ്ണേട്ടനെ കൂട്ടിക്കൊളളാൻ…
കണ്ണേട്ടന് ഇവിടൊക്കെ നല്ല പരിചയം ആണല്ലോ എന്ന് പറഞ്ഞു… ”
“ഹമ്പടി… അപ്പോൾ പൊന്നുമോൾ ആകെ ത്രില്ലിൽ ആയിരിക്കുമല്ലോ… ”
“ഒന്ന് പോ യാമി…
പിന്നേ ഇവിടെ ലെച്ചുന്റെ മോൻ ഉണ്ട് ആദി… നല്ല ക്യൂട്ട് ബേബി ആണ്… ”
“ആഹാ… നീ അവന്റെ ഒരു പിക് വാട്സ് ആപ്പിൽ സെന്റിയെക്കു… ”
“നിനക്കവനെ നേരിട്ട് കാണാൻ ഞാൻ ഒരു അവസരം തരട്ടെ യാമി…
ഇവിടെ എല്ലാവരെയും കാണാം…
നീ എന്തു പറയുന്നു… ”
“എല്ലാവരെയും കണ്ടാൽ കൊള്ളാമെന്നുണ്ട്…
പക്ഷേ അതിനു ഞാൻ ഇനി മറ്റെന്നാൾ നാട്ടിൽ വരുമ്പോളേക്കും നിങ്ങൾ ഇങ്ങു പോരില്ലേ… ”
“നീ മറ്റന്നാൾ വരുമോ… അതെന്താ പെട്ടെന്ന്… ഈ വീക്ക് ലാസ്റ്റ് വരുള്ളൂ എന്നല്ലേ പറഞ്ഞത്… ”
“എക്സാം എല്ലാം കഴിഞ്ഞു…
ഇവിടെ ഇനി പ്രോഗ്രാം ഉണ്ട് ഏതോ ടെമ്പിളിൽ വെച്ചാണ് ..
ഞാൻ കരുതി നാട്ടിലേക്കു ഇങ്ങു വരാമെന്നു… പക്ഷേ ഒറ്റയ്ക്കേ ഉള്ളു… ”
“ഒറ്റക്കോ…. അത് എന്തായാലും വേണ്ട… ”
“ഓഹ് അത് സാരമില്ല…
ഫ്രണ്ട്‌സൊക്കെ പിന്നെയും കുറേ ദിവസം കഴിഞ്ഞേ വരുള്ളൂ… എനിക്ക് നിന്നെ കാണാതെ പറ്റുന്നില്ലെടി… ഞാൻ അങ്ങ് വരുവാ… ”
“ഞാൻ വീട്ടിൽ ഒന്ന് വിളിച്ചു ചോദിക്കട്ടെ… എന്തായാലും നീ വെയിറ്റ് ചെയ്യൂ ഞാൻ അങ്ങോട്ട് വിളിക്കാം… ”
“മ്മ് ഒക്കെ… ബൈ ”
“ഒക്കെ ഡി… ”
ഇനിയിപ്പോൾ എന്താ ചെയ്യുക…
“എന്തുപറ്റി നന്ദു… ”
“വിനുവേട്ടാ യാമി ബാംഗ്ലൂർ ന്നു വരാൻ ഒറ്റക്കേ ഉള്ളു… ഇതുവരെ അവൾ ഒറ്റക്ക് വന്നിട്ടില്ല…
അച്ഛനെ വിളിച്ചു ചോദിച്ചാൽ അച്ഛൻ സമ്മതിക്കുകേയും ഇല്ല… ”
“എങ്കിൽ ഞാൻ പോയി കൂട്ടികൊണ്ട് വരാം യാമിയെ…
അതാകുമ്പോൾ നേരിട്ട് ഇങ്ങോട്ട് കൊണ്ടുവരികയും ചെയ്യാല്ലോ… ”
“വിനുവേട്ടന് ബുദ്ധിമുട്ട് ആകില്ലേ… ”
“ഹേയ് ഇല്ല… ബട്ട് ഞങ്ങൾ വരുമ്പോൾ നീ ഇവിടെ തന്നെ കാണണം… ”
“അയ്യോ അപ്പോൾ ഇന്ന് നാട്ടിലേക്കു തിരിക്കില്ലേ…
അച്ചനോട് എന്ത് പറയും… കണ്ണേട്ടന് നാട്ടിൽ ഒരുപാട് ജോലി ഉള്ളതല്ലേ… ”
“അതോർത്തു നീ വിഷമിക്കണ്ട…
എന്റെ ജോലിത്തിരക്ക് എല്ലാം അവിടെ കിടക്കട്ടെ…
നീ പോയി യാമിയെ കൂട്ടിക്കൊണ്ടു വാ വിനയ…
നന്ദുന്റെ അച്ഛനോട് ഞാൻ പറഞ്ഞോളാം രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന്… ”
“ഒക്കെ… എങ്കിൽ ഇന്ന് വൈകിട്ടു തന്നെ ഞാൻ ട്രെയിൻ കയറാം… യാമിയെയും കൂട്ടി വരാം… ”
യാമിയെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു…
നിഖിലേട്ടൻ അറിഞ്ഞാൽ കുഴപ്പം ആകുമോ എന്നാണ് അവളുടെ പേടി…
കുഴപ്പം ഒന്നും ഉണ്ടാകില്ല എന്ന് ഞാൻ വാക്ക് കൊടുത്തതോടെ അവളും റെഡി…
യാമിയുടെ നമ്പർ വിനുവേട്ടനെ ഏൽപ്പിച്ചു…
എല്ലാരോടും യാത്ര പറഞ്ഞു വൈകിട്ടത്തെ ട്രെയിനിൽ തന്നെ യാമിയെ കൂട്ടാനായി പുറപ്പെട്ടു…
കൈയിൽ അപ്പോളും ഹരി എന്നെ ഏൽപ്പിച്ച ലെച്ചുന്റെ ഡയറി ഉണ്ടായിരുന്നു…
ആകാംഷയോടെ അതിലെ ഓരോ പേജും ഞാൻ മറിക്കുവാൻ തുടങ്ങി….
(തുടരും )

by