24/04/2026

നാട്യം : ഭാഗം 05

രചന – നന്ദിത ദാസ്

“യാമിയെ കണ്ടപ്പോൾ വീണ്ടും പലതും ഓർത്തു പോയി…

നന്ദു പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്…

താൻ പേടിക്കേണ്ട എന്റെ ഭാഗത്തു നിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല… ”

“മ്മ്… ലെച്ചുന്റെ വീട്ടിൽ പോകുമ്പോൾ എന്നെ കൂടി കൂട്ടുവോ? ”

“അത്… ഞാൻ പോകണോ നന്ദൂ…

ഒരു വല്ലാത്ത വിമ്മിട്ടം ആയിരിക്കും എല്ലാവരെയും ഫേസ് ചെയ്യാൻ ”

“പോകണം…

വർഷം രണ്ടായില്ലേ…

കുഞ്ഞ് വളർന്നു വലുതായിട്ട് ഉണ്ടാകും..

അവന്റെ കളിചിരികൾ കാണണ്ടേ…
പ്രണയത്തിനും അപ്പുറം നിങ്ങൾക്ക് ഒരു സൗഹൃദം ഉണ്ടായിരുന്നു എന്നല്ലേ കുറച്ചു മുൻപേ പറഞ്ഞത്…

ഉറപ്പായും പോകണം… ഞാനും വരും
ഇനി അതിൽ മാറ്റം ഇല്ല… ”

“മ്മ്… ഒക്കെ… ”

“എന്നാൽ ശരി ഞാൻ പോകുവാ…

ഉച്ചക്ക് വീട്ടിൽ നിന്നും ആഹാരം കഴിക്കാം കേട്ടോ…

എന്നോട് സംസാരിക്കുന്നപോലെ യാമിയോടും സംസാരിക്കണം കേട്ടോ..

പാവമാ അവൾ… ”

“മ്മ്.. ഉറപ്പായും…

ആദ്യം കണ്ടപ്പോൾ നീ ഒരു അഹങ്കാരിയും വായാടിയും ആണെന്നാണ് ഞാൻ കരുതിയത്…

പക്ഷേ ഓരോ തവണ നിന്നോട് സംസാരിക്കുമ്പോളും എന്റെ ആ ചിന്തകൾ തെറ്റായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്…

യു ആർ എ ഗുഡ് ഗേൾ…

ഐ ലൈക് യുവർ ക്യാരക്ടർ… ”

“ഹി ഹി ഹി… ഒരുപാട് അങ്ങ് ചിരിപ്പിക്കല്ലേ…

ബൈ… ഞാൻ പോകുവാ… ”

“മ്മ് ബൈ ”

നന്ദു കണ്മുന്നിൽ നിന്നും മറയുന്നതുവരെ ഞാൻ നോക്കി നിന്നു

എന്തും ഉള്ളിൽ ഒതുക്കി കഴിയുന്ന എന്നെ പോലെ ഒരുവന് ഇവളെ പോലെ ഒരാളുടെ സൗഹൃദം വളരെ അത്യാവിശം ആണ്…
മനസ്സിന് കുറച്ചു ആശ്വാസം വന്നതുപോലെ…

കുളിച്ചു റെഡി ആയി വയലിൻ എടുത്ത് വെറുതെ ഇഷ്ടമുള്ള ചില മെലഡീസ് വായിക്കാൻ തുടങ്ങി…

കുറേനേരത്തേക്കു അതിൽ ലയിച്ചങ്ങനെ ഇരുന്നു…

മനസ്സും ശരീരവും വീണ്ടും സംഗീതവുമായി പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു…

“മോനെ… രാവിലെ ഒന്നും കഴിച്ചില്ലലോ…
വിശന്നു ഇരിക്കണ്ട… എഴുന്നേറ്റു വരൂ കുട്ടി… വീട്ടിൽ നിന്നും കഴിക്കാം ”

ഐശ്വര്യം നിറഞ്ഞ ഒരു അമ്മ…

സെറ്റും മുണ്ടും ആണ് വേഷം…

വാത്സല്യം നിറഞ്ഞൊഴുകുന്ന മിഴികൾ…

എന്റെ നോട്ടം കണ്ട അമ്മ ചോദിച്ചു

“മോന് എന്നെ മനസിലായില്ല അല്ലേ…
ഞാൻ യാമിയുടെ അമ്മയാണ്…
മോള് പറഞ്ഞാരുന്നു ഇവിടെ ഒന്നും വെച്ചിട്ടില്ലന്നു… ”

“അത് അമ്മേ…
എനിക്ക് വിശപ്പില്ല…
ഞാൻ കുറച്ചു കഴിഞ്ഞു വന്നോളാം… ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല കുട്ടി… ”

ബലമായി എന്റെ കൈയിൽ പിടിച്ചു കൊണ്ട് അമ്മ പുറത്തേക്കിറങ്ങി

ഒരു അമ്മയുടെ വാത്സല്യം അനുഭവിച്ചിട്ട് വർഷങ്ങളായി…

പെറ്റമ്മയുടെ മുഖം ഒന്ന് കണ്ടിട്ട് ആ സ്വരം ഒന്ന് കേട്ടിട്ട് ഒരുപാട് നാളുകൾ ആയി…

നന്ദു പറഞ്ഞത് തന്നെയാണ് ശരി…
വാശിയുടെ പേരിൽ ഉപേക്ഷിക്കാൻ കഴിയുന്ന ഒന്നാണോ മാതാപിതാക്കൾ…
തെറ്റ് പറ്റിപ്പോയി… തിരുത്തണം… ഉടൻ തന്നെ…

“മോൻ എന്താ ആലോചിക്കുന്നത്? മടിച്ചു നിൽക്കാതെ കയറി വാ കുട്ടി ”

ഞാൻ അകത്തേക്ക് കയറി…

യാമിയുടെ കുഞ്ഞുനാളിൽ മുതൽ ഉള്ള ഒരുപാട് ചിത്രങ്ങൾ ആ ചുവരുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു

ആ കണ്ണുകൾക്ക് വല്ലാത്ത ഒരു മാജിക്കൽ പവർ ഉള്ളതുപോലെ…

എന്റെ ലെച്ചുനെ പോലെ….

അമ്മ എടുത്തു വെച്ച ഇലയട നന്നായി ആസ്വദിച്ചു തന്നെ ഞാൻ കഴിച്ചു..
ഒരുപാട് നാളുകൾ ആയി ഈ രുചിയൊക്കെ നാവിൻ തുമ്പിൽ എത്തിയിട്ട്…

“അമ്മക്ക് നല്ല കൈപ്പുണ്യം ഉണ്ട്
അപാര ടേസ്റ്റ് തന്നെ ആണ്… ”

“ആഹാ… നന്ദു മോളും ഇത് തന്നെയാ പറയാറ്..
അവൾ എന്നെ സുഖിപ്പിക്കുവല്ല എന്ന് ഇപ്പോൾ ആണ് ബോധ്യം ആയത്… ”

“അസ്സലായിട്ടുണ്ട് അമ്മേ… സത്യം…
യാമിയുടെ അച്ഛൻ? ”

“യാമി മോൾക്ക്‌ 6 വയസ്സുള്ളപ്പോൾ ഞങ്ങളെ തനിച്ചാക്കി പോയി…

ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു..

പറക്കമുറ്റാത്ത എന്റെ കുഞ്ഞിനേയും കൊണ്ട് എങ്ങനെ ജീവിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുമ്പോളാ ഈശ്വരനെപോലെ മാധവേട്ടനും ചേച്ചിയും മക്കളും ഞങ്ങളുടെ രക്ഷക്കായി എത്തിയത്…
എന്റെ യാമിയെ നന്ദുനെ സ്നേഹിക്കുന്ന പോലെ തന്നെ അവർ സ്നേഹിച്ചു…
അവൾക്കു വേണ്ടതെല്ലാം ചെയ്തു കൊടുത്തു… ഇന്നും അത് തുടരുന്നു…

മരിച്ചാലും തീരാത്ത കടപ്പാടാണ് ഞങ്ങൾക്ക് ആ കുടുംബത്തോട് ഉള്ളത്… ”

“ഈശ്വരൻ ആരെയും കൈ വിടില്ല അമ്മേ…
സങ്കടപ്പെടേണ്ട കേട്ടോ… ”

“മ്മ്… അവളുടെ വിവാഹം കഴിയുന്നത് വരെ നെഞ്ചിൽ ഒരു പിടച്ചിലാണ് മോനെ..
ഒരിക്കലും എന്റെ ജീവിതം പോലെ ആകരുത് എന്റെ കുഞ്ഞിന്റെ ജീവിതം ആ പ്രാർത്ഥന മാത്രമേ ഉള്ളു ഇപ്പോൾ ”

“വിവാഹ നിശ്ചയം കഴിഞ്ഞതല്ലേ… പിന്നെ ഇനി എന്തിനാ ഇത്ര ടെൻഷൻ എല്ലാം നന്നായി നടക്കും..
പയ്യന് എന്താ ജോലി? ”

“പട്ടാളത്തിലാ മോനെ…
മോളെ കണ്ട് ഇഷ്ടപ്പെട്ടു വന്നു ചോദിച്ചതാ…
അവൾക്കും ഇഷ്ടം ആയിരുന്നു ആ പയ്യനെ…
അവളുടെ ഇഷ്ടം അല്ലേ എനിക്ക് വലുത്.. അങ്ങനെ അത് അങ്ങ് ഉറപ്പിച്ചു… മോതിരമാറ്റവും കഴിഞ്ഞു..

കുന്നത്തൂർ കാവിന്റെ അടുത്തായിട്ടാ നിഖിലിന്റെ വീട്… പയ്യന്റെ പേര് നിഖിൽ എന്നാണ് കേട്ടോ…
അടുത്തായതുകൊണ്ടു എനിക്കും മനസ്സിന് ഒരു ആശ്വാസം ഉണ്ട് ”

“എല്ലാം നന്നായി വരും…
അല്ല യാമി എവിടെ.. ഇവിടെ കണ്ടതേ ഇല്ലല്ലോ? ”

“ഏത് നേരവും നന്ദുന്റെ കൂടെ ആയിരിക്കും…
ഊണും ഉറക്കവും എല്ലാം അവിടെ തന്നെയാ…
നന്ദുന്നു പറഞ്ഞാൽ ജീവനാണ് അവൾക്കു… എനിക്കും അങ്ങനെ തന്നെയാ മോനെ… രണ്ടാളെയും വേറെ വേറെ ആയി കാണാൻ കഴിയില്ല ”

“ഇന്നത്തെ കാലത്തും ഇങ്ങനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടെന്ന് അറിയുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു… ”

കുറേ നേരം കൂടി അമ്മയോട് സംസാരിച്ചു അവിടെ തന്നെ ചുറ്റി പറ്റി നിന്നു ഞാൻ…

പതുക്കെ പുറത്തോട്ടിറങ്ങി അവിടെ ആകെ ഒന്ന് കണ്ണോടിച്ചു…

മഞ്ഞ മന്ദാരപ്പൂക്കൾ ഇതളുകൾ കൊഴിഞ്ഞു ഉരുളൻ കല്ലുകളിൽ തല പൊക്കി കിടക്കുന്നു…

കാറ്റു വീശുമ്പോൾ പിച്ചിപ്പൂക്കളുടെ ഗന്ധം അവിടെയാകെ തങ്ങി നിൽക്കുന്നതുപോലെ…
മനസ്സിന് നല്ല കുളിർമ തോന്നുന്ന അന്തരീക്ഷം…

“എന്താണ് മാഷേ ഇത്ര വല്യ ചിന്ത…
കവിത എഴുതാൻ വല്ല ഉദ്ദേശവും ഉണ്ടോ? ”

തിരിഞ്ഞു നോക്കിയപ്പോൾ യാമിയും നന്ദുവും ചിരിച്ചോണ്ട് നിൽക്കുന്നു…

“ആഹ്…
എഴുതിയാലോ എന്ന് ഒരു തോന്നൽ ഇല്ലാതെ ഇല്ല…
നിങ്ങൾ എന്ത് പറയുന്നു…? ”

“ഫുൾ സപ്പോർട്ട്…
അടപടലം വെച്ചങ്ങു കാച്ചിക്കോ ”

“മ്മ് എന്നാൽ ഒരു കൈ നോക്കാം ”

“അല്ല നന്ദു… നമുക്കു വിനുവേട്ടനെ പാടത്തും കുളക്കരയിലും കൊണ്ടുപോയാലോ…
അവിടെ ആകുമ്പോൾ നല്ല നൊസ്റ്റു ഫീൽ കിട്ടുമല്ലോ? ”

“ഒക്കെ മുത്തേ… അപ്പോൾ വിനുവേട്ടാ നമുക്കു പോയാലോ…

ഗ്രാമഭംഗി ഒരു ചിലവും ഇല്ലാതെ ആസ്വദിക്കാം..
എന്താ? ”

“ഞാൻ റെഡി ”

അവരുടെ പുറകെ ഞാനും പതിയെ നടന്നു…
രണ്ടാളും തോളിൽ കയ്യൊക്കെ ഇട്ടു പാട്ടൊക്കെ പാടി സ്‌റ്റൈലിൽ അങ്ങനെ പോവുകയാണ്…
ഇടക്കിടക്ക് ഇരു വശങ്ങളിലേക്കും മാറി നിന്ന് “വന്നാലും… വന്നാലും ” എന്ന് എന്ന് ആംഗ്യവും കാണിക്കുന്നുണ്ട്…

ശരിക്കും ആ കുസൃതികൾ ആസ്വദിച്ചു തന്നെ ഞാൻ അവരെ അനുഗമിച്ചു…

ചെറിയ ഒരു കൈത്തോട് കഴിഞ്ഞു പാട വരമ്പിലോട്ടു കയറി…
വിളവെടുക്കാറായ നെൽപ്പാടം…
നെന്മണികൾ മൂത്ത് കിടക്കയാണ്…
പച്ചപ്പൊക്കെ മാറി ഒരുതരം മഞ്ഞ നിറം…
വെറുതെ ഒരു നെൽക്കതിർ പൊട്ടിച്ചു ഞാൻ നെന്മണി വായിലേക്കിട്ടു…
മധുരം ഉള്ള ഒരു പച്ചച്ചുവ…
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുവാണ് പാടം…
കാറ്റു തഴുകുമ്പോൾ ഒരു പ്രത്യേക തരം ശബ്ദം അവിടെയാകെ നിറഞ്ഞു നിൽക്കുന്നു…

“മനോഹരം… അതിമനോഹരം… ”

“അപ്പോൾ ഇഷ്ടായോ? ”

“ശരിക്കും ഇഷ്ടായി… ”

“കാലിലെ ചെരുപ്പ് ഊരിക്കോളു…
നല്ല ചെളി ഉണ്ട്… അതിൽ ചവിട്ടാതെ കുളക്കരയിലോട്ടു പോകാൻ പറ്റില്ല…
അതുകൊണ്ട് ചെരുപ്പ് ഊരി കൈയിൽ പിടിച്ചോളൂ ”

“ഒക്കെ… ”

അവരുടെ പുറകെ തന്നെ ഞാനും ചേറിൽ ചവുട്ടി മുന്നോട്ട് പോയി…

“നല്ല വെയിൽ ഉണ്ട്… കുളക്കര എത്തിയാൽ പിന്നെ അടിപൊളി ആണ്…
അവിടെ ചെല്ലുമ്പോൾ ഞങ്ങൾക്ക് വിനുവേട്ടന്റെ ഒരു ഹെൽപ് വേണം കേട്ടോ? ”

“എന്ത് ഹെൽപ്? ”

“തോക്കിൽ കയറി വെടി വെയ്ക്കാതെ…
അതൊക്കെ അവിടെ ചെല്ലുമ്പോൾ പറയാം അല്ലേ യാമി? ”

“അതേ… ഒന്ന് പെട്ടെന്ന് വാ ഏട്ടാ… ”

ഇവളുമാര് രണ്ടും ഇനി എനിക്ക് വല്ല പണിയും തരാനാണോ വിളിച്ചോണ്ട് പോകുന്നത്…

ഈശ്വര ഞാനാണോ ഇവർക്ക് ഇന്ന് അറക്കാനുള്ള കുഞ്ഞാട്…
നീയേ രക്ഷ ഈശ്വരാ….

മുന്നോട്ട് പോകും തോറും നല്ല തണലും തണുപ്പും…
കുളുർമയുള്ള ചുറ്റുപാട്…
ഒടുവിൽ കുളക്കര എത്തിയപ്പോൾ ഞാൻ ശരിക്കും വൗ അടിച്ചു പോയി…

കൽപ്പടവുകൾ കെട്ടിയിറക്കിയ ആ കുളം പുരാതന തറവാട് കുളം പോലെ തോന്നിച്ചു..
വെള്ളത്തിനാണേൽ ഒരു തരം പച്ച നിറം..
കുളം നിറയെ നീല നിറത്തിൽ ഉള്ള താമരപൂക്കൾ വിടർന്നു നിൽക്കുന്നു…

കുളത്തിന്റെ വലതു ഭാഗം മാറി ഒരു ഇടവഴി…

ഇനി പൂ പറിച്ചു കൊടുക്കാനാരിക്കുമോ
ഇവളുമാര് ഹെൽപ് വേണമെന്ന് പറഞ്ഞത്…
എന്തായാലും കുളത്തിലേക്ക് കാലിട്ടു കുറച്ചു നേരം ഇരുന്നിട്ട് ഞാൻ വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങി

“അയ്യോ ഇറങ്ങല്ലേ…
കാണുന്നത് പോലെ അല്ല നല്ല ആഴം ഉണ്ട്..
ഒരിക്കൽ ഒരു തമ്പാൻ എന്ന ഭ്രാന്തൻ ഇതിൽ താണ് പോയതാണ്… ആളുടെ ബോഡി പോലും കിട്ടിയില്ല എന്നാണ് പറഞ്ഞു കേട്ടത്… ”

വെച്ച കാല് ഞാൻ പെട്ടെന്ന് തന്നെ പുറകോട്ടു വലിച്ചു…

“അപ്പോൾ താമര പറിക്കേണ്ടേ?? ”

“എന്തിന്? ”

“നിങ്ങൾക്ക് വേണ്ടേ? ”

“ഓഹ് ഞങ്ങൾക്ക് വേണ്ട… ”

“പിന്നെ എന്താ ഹെൽപ് ചോദിച്ചത്? ”

“അത്…
ദാ.. അങ്ങോട്ട് നോക്കു… അവിടെ ഒരു വല്യ മരം കണ്ടോ? ”

“കണ്ടു… അത് എന്ത് മരമാണ്? ”

“കുളമാവ് ”

“അതെന്താ… കുളമാവ്? ”

“ഓഹ്ഹ് അതൊരു മരമാണ്…
അതിൽ ചെറിയ കായ്‌ ഉണ്ട്…
കുളമാങ്ങ… ഞങ്ങൾക്ക് അത് പറിച്ചു താ.. നല്ല ടേസ്റ്റ് ആണ്… അത് പൊട്ടിച്ചു അതിനുള്ളിലെ പരിപ്പ് തിന്നു നോക്കണം… ഹോ സൂപ്പർ ആണ്… പ്ലീസ്… ”

“നിങ്ങൾക്ക് എന്താ വട്ടാണോ പിള്ളേരെ… ഇത്രയും വല്യ മരത്തിൽ ഞാൻ എങ്ങനെ കയറും? ”

“അതൊക്കെ പറ്റും… ഈ വെല്ലുവിളി ഏറ്റെടുക്കു വിനുവേട്ടാ… പ്ലീസ് പ്ലീസ് ”

അണ്ണാനെ പോലെ അള്ളിപ്പിടിച്ചു എങ്ങനെയൊക്കെയോ ഞാൻ അതിൽ വലിഞ്ഞു കയറി…
കുറേ കായ്‌ പൊട്ടിച്ചു താഴേക്കു ഇട്ടു കൊടുത്തു…
രണ്ടെണ്ണവും മത്സരിച്ചു പെറുക്കി എടുക്കുവാണ്…
ഈശ്വര താഴോട്ട് നോക്കുമ്പോൾ തല കറങ്ങുന്നു… ഞാൻ എങ്ങനെ ഇനി താഴെ ഇറങ്ങും…
ഇത് വല്ലാത്ത ചതി ആയി പോയി…

“താഴോട്ട് ചാടിക്കോ വിനുവേട്ടാ… ഒന്നും പറ്റില്ല… കാലോ കയ്യോ ഒടിയും അത്രേ ഉള്ളു… ”

“ഏത് നേരത്താണോ നിങ്ങൾക്കൊപ്പം വരാൻ തോന്നിയത്…

എങ്ങനെ എങ്കിലും താഴെ ഇറക്കു പിള്ളേരെ… ”

“ശ്ശോ.. എന്താ ഇപ്പോൾ ചെയ്യുക..
ആഹ് കിട്ടിപ്പോയി… ഡി യാമി നിന്റെ ഷാൾ ഇങ്ങു തന്നേ… ലാസ്റ്റ് കൊമ്പിൽ ഈ ഷാൾ കെട്ടിയിട്ട് പതുക്കെ അതിൽ ഞാന്നു ഇങ്ങു ഇറങ്ങിയാൽ ഒക്കെ ആകില്ലേ? ”

“ഷാളിൽ അത്രയും വെയിറ്റ് താങ്ങുവോ… ”

“അതൊക്കെ പറ്റും… തൂങ്ങി ചാവാൻ വരെ ഷാൾ ഉപയോഗിക്കാറില്ലേ…
ഇട്സ് സിംപിൾ മോളു ”

എന്തായാലും ഐഡിയ വർക്ക്‌ ഔട്ട്‌ ആയി…
മുകളിൽ ഇരുന്ന ആള് താഴെ എത്തി…
എനിക്കും യാമിക്കും പുള്ളിടെ വായിൽ നിന്നും നല്ല തെറി പൂരം കിട്ടി…
അതുകൊണ്ട് ഒന്നും ഞങ്ങൾ തളരില്ലലോ….
കുളമാങ്ങ പൊട്ടിച്ചു തിന്നുകൊണ്ടു ഇരുന്നപ്പോൾ യാമി പറഞ്ഞു…

“നന്ദു.. ദേ ആരാ വരുന്നതെന്ന് നോക്കിയേ… ”

ഞാൻ തലപൊക്കി ഇടവഴിയിലേക്ക് നോക്കി…
ന്റെ ഗുരുവായൂരപ്പാ കണ്ണേട്ടൻ..
പിന്നെ ഒരു നിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല..
കണ്ണേട്ടന്റെ മുഖത്തോട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ പെട്ടെന്ന് എഴുന്നേറ്റു…

“യാമി.. ഞാൻ പോവാ… നീയും വിനുവേട്ടനും അങ്ങ് വന്നേക്ക്‌ ”

അവളുടെ മറുപടി കിട്ടും മുൻപേ കണ്ണേട്ടനെയും മറി കടന്ന് ഞാൻ വീട്ടിലേക്കോടി…

“ആരാ യാമി അയാൾ? എന്തിനാ നന്ദു വെപ്രാളപ്പെട്ട് ഓടിയത്?

(തുടരും )