19/04/2026

നാട്യം : ഭാഗം 06

രചന – നന്ദിത ദാസ്

“ആ വരുന്നത് കണ്ണേട്ടനാ… ” ഞങ്ങൾക്ക് അരികിലേക്ക് നടന്നു വരുന്ന ചെറുപ്പക്കാരനെ ഞാൻ കണ്ണിമ ചിമ്മാതെ തന്നെ നോക്കി… അയാൾ ഇടയ്ക്കിടെ നന്ദു പോയ വഴിയിലേക്ക് തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ട്… ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ്.. മുണ്ടും ഷർട്ടും ആണ് വേഷം… പ്രസന്ന വദനൻ… “എന്താ യാമി ഇവിടെ? ഇതാരാ കൂടെ ഉള്ളത്? ” “വെറുതെ കാറ്റ് കൊള്ളാൻ ഇറങ്ങിയതാ കണ്ണേട്ടാ… ഇത് നമ്മുടെ മാഷിന്റെ സഹോദരന്റെ മകനാണ്.. ഞങ്ങളുടെ പ്രോഗ്രാമിൽ വയലിൻ വായിക്കാൻ ഉണ്ടായിരുന്നു.. പുള്ളിയെ ഇവിടൊക്കെ ഒന്ന് ചുറ്റി കാണിക്കാമെന്നു കരുതി… ” “ആഹാ വളരെ നല്ല കാര്യം.. ഹായ്.. ഞാൻ കണ്ണൻ… കണ്ടതിൽ സന്തോഷം… ” എനിക്ക് നേരെ നീട്ടിയ അയാളുടെ കൈകളിൽ ഞാൻ അമർത്തി പിടിച്ചു…

“വിനു… വിനയ ചന്ദ്ര ദേവ്… കണ്ണൻ എന്ത് ചെയ്യുന്നു? .. ” “കൃഷിയും കാര്യങ്ങളൊക്കെ ആയി നടക്കുന്നു… ആഹ്… യാമി നിന്റെ പ്രോഗ്രാം എല്ലാം നന്നായി നടന്നോ? ഞാൻ വരുന്നുണ്ട് വീട്ടിലോട്ടു… അമ്മയോട് പറഞ്ഞേക്ക് കേട്ടോ.. കുറച്ചു തിരക്കായി പോയി അതാ വരാഞ്ഞത്… ” “ഞാൻ പറയാം കണ്ണേട്ടാ… ” “ഒക്കെ എന്നാൽ ശരി… ഒക്കെ വിനു പിന്നീട് കാര്യമായി പരിചയപ്പെടാം ” “ഒക്കെ… ബൈ ” അയാളെ കണ്ടപ്പോൾ മുതൽ യാമിയുടെ മുഖം തിളങ്ങി നിൽക്കുവാണ്… ഞാൻ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു… മുഖത്തെ പുഞ്ചിരി മായാതെ തന്നെ ഇപ്പോളും അയാൾ നടന്നകലുന്നതും നോക്കി ആ നിൽപ്പിൽ തന്നെയാണ് അവൾ… “ഹലോ… ആരാടോ അത്… എന്താ ഇത്ര വല്യ സന്തോഷം മുഖത്ത്… ” “ഹേയ്… ചുമ്മാ… ആളെ കാണുന്നത് തന്നെ ഒരു സന്തോഷം ആണേ… ” “ഓഹോ… അയാൾക്ക്‌ എന്താ ഇത്ര പ്രത്യേകത? ”

“കണ്ണേട്ടനെക്കുറിച്ചു എന്തറിയാം വിനുവേട്ടന്… ഒരു നാട് മുഴുവൻ ഒരേപോലെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടാകുമോ? എങ്കിൽ കേട്ടോ.. ഉണ്ട്.. ദാ ആ പോയ മനുഷ്യൻ… എല്ലാ അമ്മമാരും കൊതിക്കും അതേ പോലെ ഒരു മകനെ… ഈ കുന്നത്തൂർ ഗ്രാമത്തിന്റെ അഭിമാനം… അഗ്രികൾച്ചറിൽ പിഎച്ഡി എടുത്ത ആളാ ഇപ്പോൾ കൃഷിപ്പണി ആണെന്ന് വിനുവേട്ടനോട് പറഞ്ഞിട്ട് പോയ ആ മഹാൻ… ലളിതമായ ജീവിതം… പരോപകാരി… സൽഗുണ സമ്പന്നൻ… ഇതൊക്കെ ആണ് ആളുടെ വിശേഷങ്ങൾ… നമ്മൾ ഇപ്പോൾ ഒരു പാടം താണ്ടി വന്നില്ലേ… നിറയെ നെൽകൃഷി ചെയ്ത ആ പാടം… അതൊക്കെ കണ്ണേട്ടന്റെയാ… ഒരു മടിയും കൂടാതെ തൊഴിലാളികൾക്കൊപ്പം പണിയെടുക്കും… അവർക്കൊപ്പം ഇരുന്നു ആഹാരം കഴിക്കും… ആർക്കു എന്ത് പ്രോബ്ലം ഉണ്ടായാലും അത് പരിഹരിക്കാൻ മുൻപന്തിയിൽ കാണും… ഒരുപാട് സ്വത്തിനു ഒരേ ഒരു അവകാശി… പക്ഷേ അതിന്റെ ഒന്നും യാതൊരു ജാടയും ഇല്ലാത്ത മനുഷ്യൻ… ” “ഓഹോ… ആളെ കണ്ടപ്പോളേ തോന്നി മോശക്കാരൻ അല്ലെന്നു… അതൊക്കെ പോട്ടെ… ഈ നന്ദു എന്താ ഇയാളെ കണ്ടപ്പോൾ ചാടി തുള്ളി പോയത്… ”

“കണ്ണേട്ടന് നന്ദുനെ ഭയങ്കര ഇഷ്ടാണ്.. ലവ്… പ്രണയം… മൊഹബത്… ഇഷ്‌ക്… അങ്ങനെ അങ്ങനെ… ” “അത് കൊള്ളാല്ലോ പൊളിച്ചു…. എന്നിട്ടാണോ ആ വായാടി പാറു സ്ഥലം വിട്ടത്… ” “ആഹ് എന്ത് ചെയ്യാനാ… ഈ നാട്ടിലെ ഏത് കൊച്ചുകുട്ടികൾക്കും എന്തിന് കുന്നത്തൂർ ഗ്രാമത്തിലെ ഓരോ പുൽക്കൊടിക്കും അറിയാം കണ്ണേട്ടന് നന്ദുനോടുള്ള ഇഷ്ടം… പക്ഷേ… ” “എന്താ ഒരു പക്ഷേ…? ” “നന്ദു ഇതുവരെ ഒരു പോസിറ്റീവ് റിപ്ലൈ കൊടുത്തിട്ടില്ല… ആളെ ഫേസ് ചെയ്യാൻ പോലും അവൾ കൂട്ടാക്കില്ല… ” “അതെന്താ? അവൾക്കു ഇഷ്ടം അല്ലേ? ” “ഇഷ്ടാണ്… ഒരുപാട് ഇഷ്ടം ആണ്… അത് എനിക്കറിയാം… പക്ഷേ … ” “എന്താടോ? വീട്ടിൽ പ്രോബ്ലം ഉണ്ടോ? ” “ഹേയ്… എല്ലാർക്കും ഇഷ്ടം ആണ്.. സത്യം പറഞ്ഞാൽ എനിക്ക് കണ്ണേട്ടനോട് ബഹുമാനം ആണ് എല്ലാം അറിഞ്ഞിട്ടും എന്റെ നന്ദുനെ ഇങ്ങനെ ഇത്രത്തോളം സ്നേഹിക്കുന്നതിൽ… ” “എന്ത്?? എനിക്ക് മനസ്സിലായില്ല… ” “ഒന്നുല്ല… നമുക്ക് പോകാം.. സമയം ഒരുപാട് ആയി… ” എന്റെ ചോദ്യത്തിന് മറുപടി തരാതെ അവൾ ഒഴിഞ്ഞു മാറിയതാണെന്നു എനിക്ക് മനസ്സിലായി… എന്തൊക്കെയോ എവിടെയൊക്കെയോ പുകഞ്ഞു നാറുന്നുണ്ട്… “ഒന്ന് പതുക്കെ പോ യാമി… നീ ഇതെന്താ ജെറ്റ് വല്ലതും ആണോ? ”

“വേഗം വാ വിനുവേട്ടാ… നന്ദു പോയിട്ട് കുറേ നേരം ആയില്ലേ.. അമ്മ തിരക്കും… ” “മ്മ് ” അവളുടെ പുറകെ ഞാനും നടന്നു… പാടവരമ്പിലോട്ടു കയറിയതേ ഓർമ ഉള്ളു.. ദാ കിടക്കുന്നു പൊത്തോ ന്നു താഴെ.. ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ചേറിൽ പുതഞ്ഞങ്ങനെ കിടക്കുന്നു… “ഈശ്വര… ചെരുപ്പ് ഊരണമെന്നു നേരെത്തെ പറഞ്ഞതല്ലാരുന്നോ… നടു അടിച്ചാണോ വീണത്… വാ എഴുന്നേൽക്കു…” താഴെ വീണു കിടക്കുന്ന എന്റെ നേരെ അവൾ കൈകൾ നീട്ടി… ഞാൻ വീണു പോയതിന്റെ സങ്കടം ശരിക്കും ആ മുഖത്തുണ്ട്.. എനിക്ക് ഒരു ചെറിയ പനി വന്നാൽപോലും എന്റെ ലെച്ചുവും ഇങ്ങനെ ആയിരുന്നു… അവളുടെ കൈയിൽ പിടിച്ചു ഞാൻ എഴുന്നേറ്റു… കാല് നിലത്തുറപ്പിക്കാൻ കഴിയാതെ വീണ്ടും താഴേക്കു വേച്ചു പോയ വെപ്രാളത്തിൽ ഞാൻ അവളുടെ ഇടുപ്പിൽ വട്ടം പിടിച്ചു… അപ്രതീക്ഷിതമായി ഉള്ള പിടിത്തത്തിൽ അവളുടെ ബാലൻസ് തെറ്റി വീണ്ടും ഞാൻ ചേറിലേക്കു വീണു… ഈ തവണ യാമിയും എന്നോടൊപ്പം വീണു… *

“എന്താ നന്ദു ഓടി അണച്ചു വരുന്നത്… അച്ഛൻ പറഞ്ഞിട്ടില്ലേ വെറുതെ ഇങ്ങനെ കിടന്നു ഓടരുതെന്നു… ” “ഓഹ് പിന്നേ… മാധവൻ നായർ ഒന്ന് പോയേ… ഈ നന്ദു ഓടും… ചാടും… ചുമ്മാ ബി പി കൂട്ടണ്ട കെട്ടോ… എനിക്ക് ഒന്നുല്ല അച്ഛേ… ” “പേടിയാ ഈ അച്ഛന്… ഓരോ ദിവസം കഴിയുംതോറും നെഞ്ചിടിപ്പാ… ” “ആഹ് തുടങ്ങി സെന്റി… ഡോക്ടർ എന്താ കഴിഞ്ഞ തവണ ചെന്നപ്പോൾ പറഞ്ഞത്… ഈ നന്ദു മിടുക്കി ആണെന്നല്ലേ… അച്ഛൻ വെറുതെ ഓരോന്ന് പറഞ്ഞു അമ്മയെ കൂടി വിഷമിപ്പിക്കരുത്.. ഞാൻ ഫ്രഷ് ആയിട്ട് വരാം.. നല്ല വിശപ്പുണ്ട്… ” “മ്മ്.. ” അച്ഛനോട് സംസാരിച്ചിട്ട് റൂമിൽ ചെന്ന ഉടൻ ആരും കാണാതെ ഒളിപ്പിച്ചു വെച്ച കണ്ണേട്ടന്റെ ഫോട്ടോ കൈകളിൽ എടുത്തു… “സോറി… കണ്ണേട്ടാ… എന്നെകൊണ്ട് പറ്റുന്നില്ല… സംസാരിക്കണമെന്നു ഒരുപാട് ആഗ്രഹം ഉണ്ട്.. പക്ഷേ മുന്നിൽ വരുമ്പോൾ ഹൃദയം നിലച്ചു പോകുന്ന പോലെയാ… എല്ലാരോടും വായാടിത്തരം പറഞ്ഞു നടക്കുന്ന ഞാൻ തോറ്റു പോകുന്നത് നിങ്ങളുടെ മുൻപിൽ മാത്രമാ… മനഃപൂർവം അല്ല… അങ്ങനെ സംഭവിച്ചു പോകുന്നതാ… സോറി… റിയലി സോറി ” (തുടരും )