23/04/2026

നാട്യം : ഭാഗം 11

രചന – നന്ദിത ദാസ്

“ആദീ….. ”

ഇതിപ്പോൾ ആരായിരിക്കും ആദി…

ഇങ്ങനെ ഒരു പേര് വിനുവേട്ടൻ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ…

അകത്തുനിന്നുള്ള മറുപടി കേൾക്കാൻ ഞങ്ങൾ മൂവരും കാതോർത്തു…

പെട്ടെന്ന് പൊട്ടിചിരിച്ചുകൊണ്ടു ഒരു ചെറിയ ആൺകുട്ടി ഞങ്ങൾക്ക് നേരെ ഓടിയെത്തി…

നല്ല ഓമനത്തം ഉള്ള മുഖം..

ചുരുണ്ടു സ്പ്രിങ് പോലെ ഉള്ള തലമുടി അവന്റെ കുഞ്ഞു വട്ടമുഖത്തിന്റെ ഭംഗി ഒന്നൂടി കൂട്ടുന്നപോലെ…

നെറ്റിയിലും കവിളിലും കണ്മഷി കൊണ്ട് മഞ്ചാടിക്കുരു വലുപ്പത്തിൽ ഒരു ചുട്ടി…

വാലിട്ടെഴുതിയ കുഞ്ഞിക്കണ്ണുകൾ…

അമ്പാടി കണ്ണനെ പോലെ ഒരു സുന്ദരക്കുട്ടൻ…

അവനെ കാണുന്ന മാത്രയിൽ വാരിയെടുത്തു മുത്തങ്ങൾ കൊണ്ട് പൊതിയാൻ തോന്നി…

“ആദിക്കുട്ടാ….
ഓടാതെ കണ്ണാ… പാട്ടിയെ ഇങ്ങനെ ഓടിക്കാതെ എൻ ചെല്ലം… ”

അവനു പുറകെ ഏകദേശം ഒരു അൻപതു അമ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ കൈയിൽ എന്തോ പലഹാരമായി പുറകേ വന്നു..

ആഹാരം കഴിപ്പിച്ചുകൊണ്ടു ഇരുന്നിടത്തുനിന്നും ഇറങ്ങി ഓടി വന്നതാണ് ഈ വിരുതൻ എന്നെനിക്കു മനസ്സിലായി…

ഞങ്ങളെ കണ്ടതും ബ്രേക്ക് ഇട്ടതുപോലെ അവൻ നിന്നു…

പുറകേ വന്ന സ്ത്രീയുടെ പിന്നിൽ പോയി ഒളിച്ചു…

വിനുവേട്ടനെ കണ്ടപ്പോൾ ആ സ്ത്രീ
ശരിക്കും അത്ഭുതപ്പെട്ടുപോയി…

“കടവുളേ… ആരിത്… വിനുമോനോ…

വാ കുട്ടി… കയറി വരൂ…. ”

“വന്നോളൂ നന്ദു… ഇത് ലെച്ചുന്റെ അമ്മയാണ്… ”

വിനുവേട്ടൻ അത് പറഞ്ഞപ്പോൾ ആ സ്ത്രീ ഒന്ന് നെടുവീർപ്പെട്ടു… സാരിത്തലപ്പ് കൊണ്ടു നിറഞ്ഞു വന്ന കണ്ണുകൾ ഒപ്പി…

ഞാനും കണ്ണേട്ടനും ഒരുമിച്ചു അകത്തേക്ക് കയറി…

സ്വീകരണ മുറിയിൽ സാമാന്യം നല്ല വലുപ്പത്തിൽ ഇരുന്ന ഒരു ഫോട്ടോ എന്റെ കണ്ണുകളിൽ ഉടക്കി…

ലെച്ചുന്റെ ഫോട്ടോ മാലയിട്ട് ഭിത്തിയിൽ ചാർത്തിയിരിക്കുന്നു…
അതിലേക്കു നോക്കുംതോറും എനിക്കെന്റെ യാമിയെ ഓർമ വന്നു..

ഒരു ബന്ധവും ഇല്ലാത്തവർ തമ്മിൽ ഇത്രയൊക്കെ സാമ്യം ഉണ്ടാകുമോ?

ഒരുപാട് നേരമൊന്നും അതിലേക്കു നോക്കിയിരിക്കാൻ എനിക്കായില്ല..
എന്റെ യാമിയുടെ ഫോട്ടോയിൽ മാലയിട്ട് വെച്ചിരിക്കും പോലെ…

ഉള്ള് വല്ലാതെ പിടഞ്ഞു പോയി…

ഈശ്വരാ… എന്റെ യാമിക്ക് ഒരു ആപത്തും വരുത്തരുതേ…

കണ്ണേട്ടൻ ആകെ അത്ഭുതപ്പെട്ടിരിക്കുവായിരുന്നു…
ആൾക്ക് ഒന്നും അറിയില്ലല്ലോ…

ആരും ഒന്നും സംസാരിക്കുന്നില്ല…
ചുറ്റും നിശബ്ദത തളം കെട്ടി നിൽക്കുന്നു…

ആദിക്കുട്ടൻ ഇപ്പോളും മുത്തശ്ശിയുടെ ചേലതുമ്പും പിടിച്ചു അങ്ങനെ നിൽക്കുവാണ്…

ഇടക്കിടക്ക് ആ കുഞ്ഞിക്കണ്ണുകൾ എന്നെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

ഈ കുഞ്ഞി പിള്ളേർക്ക് ഒരു സ്വഭാവം ഉണ്ട്… ആദ്യം നമ്മൾ ഭയങ്കര സ്നേഹത്തോടെ ഇവിടെ വാ മോനെ തേനല്ലേ പാലല്ലേ എന്നൊക്ക പറഞ്ഞു എടുക്കാൻ പോയാൽ അവർ ജന്മത്തു വരില്ല… അടുത്തോട്ടെങ്ങാനും ചെന്നാലോ കാറലോടെ കാറലും തുടങ്ങും…

നമ്മൾ കുറച്ചു ജാഡയൊക്കെ ഇട്ടു അവർ നോക്കുമ്പോൾ പതിയെ കണ്ണുവെട്ടിച്ചും ഒരു ആക്കിയ ചിരിയൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്തു അവരെ നോക്കിയാൽ അവരും നമ്മളെ ശ്രദ്ധിക്കാൻ തുടങ്ങും…
അങ്ങനെ ഒട്ടും വൈകാതെ നമ്മളോട് അടുത്ത് വരികയും ചെയ്യും…

എനിക്ക് ആ അനുഭവം ഉള്ളതുകൊണ്ട് ആദിയോടും ഞാൻ ആ രീതി തന്നെ പ്രയോഗിച്ചു…

എന്തായാലും അഞ്ചു മിനിറ്റിനുള്ളിൽ ചെക്കൻ എന്റെ മടിയിൽ കയറി ഇരിപ്പായി…

ശരിക്കും നല്ല ക്യൂട്ട് ആണ് ആദിക്കുട്ടൻ…

എന്നാലും ആദി എന്നുള്ള ഇവന്റെ പേര് വിനുവേട്ടന് അറിയാമായിരുന്നോ?
കയറി വന്നപ്പോൾ ഈ പേരും വിളിച്ചോണ്ടല്ലേ വന്നത്…

“ആദിയുടെ അച്ഛൻ എവിടെ? ”

തളം കെട്ടിനിന്ന മൂകതയെ കീറിമുറിച്ചുകൊണ്ട് വിനുവേട്ടൻ ചോദിച്ചു…

“ഹരി കോളേജിൽ പോയിരിക്കുവാ…
പട്ടാമ്പി സംസ്‌കൃത കോളേജിൽ പ്രൊഫസർ ആണ്…

ഞാൻ ഇപ്പോൾ അവനെ വിളിച്ചു വരുത്താം… ”

“കോളജിൽ ആണെങ്കിൽ അത് ബുദ്ധിമുട്ട് ആകില്ലേ… ”

“അതൊന്നും സാരമില്ല…

ഒരിക്കൽ വിനു ഇവിടെ വരുമെന്ന് മരിക്കുന്നതിന് മുൻപ് ലെച്ചു എന്നും പറയുമായിരുന്നു…

ഹരിക്കും ആഗ്രഹം ഉണ്ടായിരുന്നു മോനെ ഒന്ന് കാണാൻ…

കടവുളിന്റെ വിധി ഇങ്ങനെ ആയി പോയില്ലേ… ”

വീണ്ടും എല്ലാവരുടെയും മുഖത്ത് വിഷാദഭാവം…

ആദി എന്റെ മടിയിൽ നിന്നും ഊർന്നിറങ്ങി ആ കുഞ്ഞിളം കൈകൾ കൊണ്ടു എന്നെ പുറത്തേക്കു വലിച്ചോണ്ടു പോയി…

തൊട്ടടുത്തു തന്നെ ഒരുപാട് വീടുകൾ ഉണ്ട്…

“മ്മാ… ബാ… ”

ഈശ്വരാ ഈ കുട്ടി എന്നെയും വലിച്ചുകൊണ്ട് ഇത് എവിടേക്കാണ് പോകുന്നത്…

ഞാൻ നോക്കിയപ്പോൾ കണ്ണേട്ടനും പുറകേ ഇറങ്ങിയിട്ടുണ്ട്…

“എവിടേക്കാ കുട്ടാ നീ എന്നെ കൊണ്ടുപോകുന്നത്…
വാ നമുക്ക് തിരിച്ചു വീട്ടിൽ പോകാം… ”

“ബേണ്ട… ബാ മ്മാ… ”

പാവം കുഞ്ഞു… അമ്മയുടെ നെഞ്ചിലെ ചൂടേറ്റു വളരേണ്ട പ്രായം… അതിന് യോഗം ഇല്ലാതായി പോയില്ലേ ഈ കുഞ്ഞിന്…

അല്ലെങ്കിലും ചില സമയം ഈശ്വരൻ ഇങ്ങനെ ആണ്…
ഒരുപാട് സങ്കടങ്ങൾ ഒരുമിച്ചു ഇങ്ങു തരും…

“നന്ദൂ… നിന്നോട് പെട്ടെന്ന് ഇണങ്ങിയല്ലോ ഇവൻ…
എന്നെ കൂടി ആ വിദ്യ ഒന്ന് പഠിപ്പിക്കുവോ… ”

“അത് പഠിപ്പിക്കാൻ ഒന്നുല്ല… കുഞ്ഞുങ്ങൾക്കും തോന്നണം… ഇങ്ങനെ മസിലും പെരുപ്പിച്ചു നടന്നാൽ ആദിയെന്നല്ല ഒരു കുഞ്ഞും തിരിഞ്ഞു നോക്കില്ല… ”

“ഓഹ്ഹ് പോടീ…
ഞാൻ പാവമല്ലേ…

ആദിക്കുട്ടാ…. ഇങ്ങു വാ മാമൻ ചോക്ലേറ്റ് വാങ്ങിത്തരാല്ലോ .. ”

ചോക്ലേറ്റിന്റെ കാര്യം പറഞ്ഞപ്പോൾ ആ കുഞ്ഞി ചുണ്ടിൽ ഒരു ചിരി വിടർന്നു…

സംഗതി ഏൽക്കുന്നുണ്ടെന്നു മനസിലായപ്പോൾ കണ്ണേട്ടൻ കാറിനുള്ളിൽ നിന്നും കുറേ ടോയ്സും ചോക്ലേറ്റും ആയി ആദിയ്ക്കു അരികിലേക്ക് വന്നു…

ഇതൊക്കെ എപ്പോൾ വാങ്ങി…
വരുന്ന വഴിക്കു വാങ്ങിയതാകും ഞാൻ ഉറക്കം ആയതുകൊണ്ട് അറിഞ്ഞില്ല…

അത് കണ്ടപ്പോളേക്കും ചെക്കൻ എന്റെ കൈയും വിട്ട് കണ്ണേട്ടന്റെ അടുത്തേക്കൊരു ഓട്ടം…

പാവം … ആ മുഖത്തെ സന്തോഷം കണ്ടോ…
ഇതൊക്കെ കാണാനുള്ള ഭാഗ്യം ലെച്ചുനു ഇല്ലാതെ പോയല്ലോ…

“ഇപ്പോൾ എങ്ങനെ ഉണ്ട് നന്ദു… കണ്ടില്ലേ ആദി എന്റെ കയ്യിലായി… ”

“ഹും… ”

ഞാൻ മുഖം തിരിച്ചു…

ആദിയുടെ പൊട്ടിച്ചിരികേട്ടു ഒരുപാട് നേരമൊന്നും തിരിഞ്ഞു നോക്കാതിരിക്കാൻ ആയില്ല എനിക്ക്….

ഒരു ബാൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു കളിക്കുവാണു ആദിയും കണ്ണേട്ടനും…

ഇടക്കിടക്ക് കണ്ണേട്ടന്റെ കയ്യിന്നു ബാൾ താഴെ വീഴുമ്പോൾ ചെക്കൻ പൊട്ടിച്ചിരിക്കുന്നുണ്ട്…

കണ്ടോണ്ട് ഇരിക്കാൻ രസം ഉണ്ട്…

കണ്ണേട്ടനും നല്ല സന്തോഷത്തിൽ തന്നെ…

പെട്ടെന്ന് ബൈക്കിൽ ഒരു യുവാവ് ഞങ്ങൾക്ക് അരികിലേക്ക് വന്നു…

അയാളെ കണ്ടപ്പോൾ ആദി അപ്പാ… എന്നും വിളിച്ചു ഓടിച്ചെന്നു കെട്ടിപിടിച്ചു…

ഓഹ് അപ്പോൾ ഇതാണ് വിനുവേട്ടന്റെ കഥയിലെ നായകൻ… ഹരി… ലെച്ചുന്റെ കെട്ടിയോൻ…

അയാളുടെ കാർബൺ കോപ്പി ആണ് ആദിയെന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും…
ആ ചുരുളൻ മുടികൾ അതേ പോലെ ആദിക്കും കിട്ടിയിട്ടുണ്ട്…

ആദിയെ വാരിയെടുത്ത് ആ കവിളിൽ തുരു തുരെ മുത്തങ്ങൾ കൊണ്ട് പൊതിയുന്നത് ഒരു ആത്മ നിർവൃതിയോടെ ഞാൻ നോക്കിനിന്നു…

“എന്താ പുറത്ത് നിൽക്കുന്നത്… അകത്തേക്ക് വരൂ…. ”

ആ മനുഷ്യൻ എന്നോടും കണ്ണേട്ടനോടും ആയി പറഞ്ഞു…

“മ്മ് വന്നോളാം… ഞങ്ങൾ വെറുതെ അകത്തിരുന്നു ബോർ അടിച്ചപ്പോൾ… ”

കണ്ണേട്ടനാണ് മറുപടി പറഞ്ഞത്…

ആദിയെയും കൊണ്ടു അയാൾ വീടിനുള്ളിലേക്ക് കയറിപ്പോയി…

“നമുക്കും ആദിയെ പോലെ ഒരു മോൻ മതി അല്ലേ നന്ദു… ”

അത്രയും പറഞ്ഞു കഴിഞ്ഞാണ് പറഞ്ഞത് അബദ്ധം ആയി പോയല്ലോ എന്ന് എനിക്ക് തോന്നിയത്…

നന്ദുന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…
മുഖമൊക്കെ പെട്ടെന്ന് വല്ലാണ്ടായി…

“എടോ… കരയല്ലേ നന്ദൂ .. ഞാൻ പെട്ടെന്ന് ഓർക്കാതെ…

നമുക്ക് ആദിയെ പോലെ ഒരു മോനെ അഡോപ്റ്റ് ചെയ്താൽ മതി നന്ദു… ”

ഞാൻ പെട്ടെന്ന് ഡയലോഗ് മാറ്റി പിടിച്ചു…

അവൾ എന്നെ തറപ്പിച്ചൊരു നോട്ടം നോക്കി വീടിനുള്ളിലേക്ക് കയറിപ്പോയി..

ഛെ… ഞാൻ എന്തൊരു മണ്ടനാ… പെണ്ണിന്റെ ഉള്ള മൂഡും കളഞ്ഞു..
തലക്കിട്ടു സ്വയം ഒരു കിഴുക്ക് കൊടുത്തു ഞാനും അകത്തേക്ക് കയറി…

അകത്തേക്ക് കയറി ചെന്നപ്പോൾ വിനുവേട്ടനും ഹരിയും പരസ്പരം ആലിംഗനം ചെയ്യുന്നതാണ് കണ്ടത്…

നിങ്ങൾ സംസാരിക്കു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു ആ സ്ത്രീ അകത്തേക്ക് കയറിപ്പോയി…

“ലെച്ചു എപ്പോളും പറയുമായിരുന്നു വിനുവിന്റെ കാര്യം…
എന്നോട് ഒന്നും അവൾ മറച്ചു വെച്ചിട്ടില്ല…
എന്നെങ്കിലും നിങ്ങൾ വരുമെന്ന് അവൾക്കു ഉറപ്പായിരുന്നു…
പ്രണയത്തെക്കാളും നിങ്ങളുടെ സൗഹൃദം അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു… ”

“പിജി കഴിഞ്ഞു ഉടനെ പിഎച്ഡി ചെയ്യാൻ ലണ്ടനിലേക്ക് പോകേണ്ടി വന്നു…
തിരികെ വന്നപ്പോൾ ആണ് ലെച്ചുന്റെ മരണവാർത്ത അറിയുന്നത്…
അതുണ്ടാക്കിയ ഷോക്കിൽ നിന്നും കരകയറാൻ ഒരുപാട് ടൈം വേണ്ടി വന്നു…
അവൾ ഇല്ലാത്ത വീട്ടിലേക്കു ഒരിക്കലും വരില്ലെന്ന് കരുതിയതാണ് പക്ഷേ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ തുടങ്ങിയപ്പോൾ ഇവിടെ വരണമെന്നും കുഞ്ഞിനെ കാണണമെന്നും തോന്നി … ”

“നന്നായി വിനു… ഇപ്പോൾ മറ്റാരേക്കാളും ലെച്ചുന്റെ ആത്മാവ് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും…

അവൾ ഇവിടെ തന്നെ ഉണ്ട് വിനു… എങ്ങും പോയിട്ടില്ല…
ലെച്ചു ഞങ്ങളെ വിട്ടുപോയെന്നു ഒരിക്കൽ പോലും തോന്നിയിട്ടില്ല..
കാണാമറയത്ത് എവിടെയോ അവൾ ഉണ്ട്… ആ വിശ്വാസത്തിലാണ് ഞാൻ ജീവിക്കുന്നത്…
എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ് വാങ്ങാൻ പോയതാ…
അശ്രദ്ധയോടെ പാഞ്ഞു വന്ന ഒരു ലോറി ഇടിച്ചു തെറിപ്പിച്ചത് ഞങ്ങളുടെ സന്തോഷം ആയിരുന്നു…

കൈക്കുഞ്ഞായ ആദിയെയും കൊണ്ടു വീട്ടിൽ കാത്തിരുന്ന ഞങ്ങൾ അറിഞ്ഞത് ഞങ്ങളുടെ ലെച്ചു എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയിന്നുള്ള വാർത്ത ആണ്…

അന്ന് തളർന്നു വീണ ഒരാൾ ഒരു വാക്കുപോലും സംസാരിക്കാൻ കൂട്ടാക്കാതെ ഇപ്പോളും അകത്തു കട്ടിലിൽ കിടപ്പുണ്ട്…
ലെച്ചുന്റെ അപ്പ…. ”

എനിക്കെന്തോ മനസ്സിന് ഒട്ടും സന്തോഷം തോന്നുന്നില്ല…
ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്നു തോന്നിപ്പോയി… ആകെ മൊത്തം ഒരു വല്ലായിമ…

ഈശ്വരാ മെഡിസിൻ കഴിച്ചില്ലല്ലോ…

ഞാൻ വീണ്ടും പുറത്തേക്കിറങ്ങി… കാറിൽ നിന്നും ബാഗ് എടുത്തു അതിനുള്ളിൽ നിന്നും മെഡിസിൻ എടുത്ത് കഴിച്ചു…

തിരിഞ്ഞു നോക്കിയപ്പോൾ കണ്ണേട്ടൻ…
ഇയാൾക്ക് ഇത് എന്തിന്റെ കേടാ… ഫുൾ ടൈം പുറകെ തന്നെ…

“നന്ദൂ…. ”

“എന്താ…… ”

“അയ്യോ പതുക്കെ… നീ എന്തിനാ ദേഷ്യപ്പെടുന്നത്…

ദേഷ്യമൊക്കെ കള… എന്നിട്ട് ഞാൻ ചോദിക്കുന്നതിനു ഉത്തരം പറ… ”

“മ്മ് എന്താ… ചോദിക്ക് ”

“ഈ ലെച്ചു വിനയന്റെ പഴയ ലൈൻ ആണല്ലേ… ”

“ആണെങ്കിൽ?? ”

“ആണെങ്കിൽ കുന്തം…
ഞാൻ കഥയറിയാതെ ആട്ടം ആടുന്ന പൊട്ടൻ ആകുമെടി.. ഒന്ന് പറ… എന്റെ ഊഹം വെച്ചു ഞാൻ പറഞ്ഞത് ശരിയല്ലേ… ”

“ശരിയാണ്… ”

വിനുവേട്ടൻ എന്നോട് പറഞ്ഞതെല്ലാം ഞാൻ കണ്ണേട്ടനോട് പറഞ്ഞു…
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കണ്ണേട്ടൻ ഒരു മാസ്സ് ഡയലോഗ്…

“ഇപ്പോൾ നിനക്കെന്തു തോന്നുന്നു നന്ദു…
പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിനെയും ഒന്നിന്റെയും പേരിൽ ഉപേക്ഷിക്കാൻ നട്ടെല്ലുള്ള ഒരാണും തയ്യാറാവില്ല…

എന്തിന്റെ എങ്കിലും പേരിൽ ഉപേക്ഷിച്ചാൽ തന്നെ ആ ലൈഫ് ഒരിക്കലും ശരിയാകില്ല…
ഇപ്പോൾ തന്നെ നീ വിനുവിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു…

പിന്നെ ഒരു കാര്യം നീ ഓർത്തോ ഈ കണ്ണൻ ഒന്നിന്റെയും പേരിൽ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല…
അത് ഞാൻ ഉറപ്പിച്ചതാണ്…
വിനുവിനെ പോലെ ഒരു അവസ്ഥയിൽ കൊണ്ട് എത്തിക്കരുത് നീ എന്നെ…. ”

ഇതിന് എന്താ മറുപടി ഞാൻ കൊടുക്കുക…

“കണ്ണേട്ടന്റെ നല്ലതിന് വേണ്ടിയല്ലേ ഞാൻ ഒഴിഞ്ഞു മാറുന്നത്…
എന്നെക്കാളും എത്രയോ നല്ല പെൺകുട്ടികൾ കണ്ണേട്ടനെ ഇഷ്ടപ്പെടുന്നുണ്ട്…
അവരിൽ ആരോടെങ്കിലും ഒരാളുടെ ഒപ്പം ജീവിച്ചു കൂടെ… ”

“ഈ ലോകത്തു ഒരുപാട് സുന്ദരികൾ കാണും… പക്ഷേ അവരാരും നിനക്ക് തുല്യം ആകില്ലല്ലോ നന്ദു…
നീയെന്നു വെച്ചാൽ എനിക്ക് ഭ്രാന്താണ്… ആ ഭ്രാന്ത് നിനക്കും അറിയാവുന്നതല്ലേ… ”

“എന്നാലും കണ്ണേട്ടാ… ”

“ഒരു എന്നാലും ഇല്ല… നീ ഒന്നുകൊണ്ടും പേടിക്കണ്ട… നിന്റെ ആ അസുഖം ഉള്ള ഹൃദയം എനിക്ക് ഇങ്ങു തന്നാൽ മതി…
പകരം ഞാൻ എന്റെ ഈ ഹൃദയം നിനക്ക് അങ്ങ് തന്നേക്കാം…
അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ എന്റെ ഹൃദയം അല്ലേ വീക്ക്‌…
അതുകൊണ്ട് എന്റെ പൊന്നുമോൾ ഇനിയും ഈ കണ്ണേട്ടന്റെ ഹൃദയത്തിനു താങ്ങാൻ കഴിയാത്തതൊന്നും പറയരുത്…. ”

“ഓഹ്ഹ് അങ്ങനെ…
കൊള്ളാലോ… ഈ ഡയലോഗ് എല്ലാം എവിടുന്നു പഠിച്ചു…
പക്ഷേ കുറച്ചു പഴകിയ ഡയലോഗ് അല്ലേ എന്നൊരു സംശയം… ”

“മ്മ് ഉവ്വ് ഉവ്വ്…
വെറുതെ വെയിൽ കൊള്ളേണ്ട.. അകത്തോട്ടു കയറി പോ പെണ്ണേ… ”

ഞാൻ നേരെ അടുക്കളയിലോട്ട് പോയി… എവിടെ മുത്തശ്ശിയുടെ കൂടെ ചുറ്റി പറ്റി ആദിയും ഉണ്ട്… എന്നെ കണ്ടപ്പോൾ അവൻ ഓടി വന്നു…
ഞാൻ അവനെ വാരിയെടുത്തു…

“ആഹാ മോളോട് ആദി പെട്ടെന്ന് തന്നെ അടുത്തല്ലോ…
എന്താ മോളുടെ പേര്…
വിനുമോന്റെ പെങ്ങൾ ആണ് അല്ലേ… ”

“എന്റെ പേര് നന്ദന എന്നാണ് അമ്മേ … എല്ലാരും നന്ദു ന്നു വിളിക്കും…

ആഹ് വിനുവേട്ടന്റെ പെങ്ങളെ പോലെയാണ്…. ”

“എന്റെ ലെച്ചു പോയതിൽ പിന്നെ ആദ്യമായി മോളാണ് പെൺശബ്ദത്തിൽ എന്നെ അമ്മേ ന്നു വിളിക്കുന്നത്… ”

“ലെച്ചുനെ പോലെ കണ്ടോളു അമ്മേ…

അച്ഛൻ ഏത് റൂമിലാണ്… എനിക്കൊന്നു കാണാൻ പറ്റുമോ? ”

“അതിനെന്താ മോൾ വാ… ”

മരുന്നിന്റെ മണം തങ്ങി നിൽക്കുന്ന ഒരു മുറിയിലേക്ക് അവരെന്നെ കൂട്ടിക്കൊണ്ട് പോയി…

ആദിക്കുട്ടൻ ഇപ്പോളും എന്റെ തോളിൽ ചാഞ്ഞു കിടപ്പുണ്ട്…

ഞങ്ങളുടെ സംസാരം കേട്ടു കട്ടിലിൽ കിടന്ന ആ മനുഷ്യൻ ഒന്ന് ചരിഞ്ഞു നോക്കി…

“ഞാൻ അവർക്ക് കുടിക്കാൻ വെള്ളം കൊടുത്തിട്ട് വരാം.. മോൾ ഇവിടെ ഇരിക്കു…”

“ശരി അമ്മേ… ”

അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ മെല്ലെ ആ കട്ടിലിന്റെ ഓരത്തായിട്ട് ഇരുന്നു…

“അപ്പാ… ”

എന്റെ വിളിയിൽ ആ മനുഷ്യൻ ഒന്ന് ഞരങ്ങിയതു പോലെ…

ഞാൻ വീണ്ടും വിളിച്ചു… ആദിയെക്കൊണ്ടും വിളിപ്പിച്ചു…

ലെച്ചുന്റെ അപ്പ എന്റെ മുഖത്തോട്ടും ആദിയുടെ മുഖത്തോട്ടും മാറി മാറി നോക്കുന്നു…
ആ കണ്ണുകളിൽ വീണ്ടും നിരാശ പടർന്നതുപോലെ…

“അപ്പയുടെ ലെച്ചു അല്ല ഞാൻ…
അപ്പാവുടെ ലെച്ചുനെ ഞാൻ ഇവിടെ കൊണ്ടു വരട്ടെ…
പക്ഷേ അപ്പ എന്നോട് എന്തെങ്കിലും സംസാരിക്കണം…
ഇങ്ങനെ കിടക്കാതെ ഈ കിടക്ക വിട്ടു എഴുന്നേൽക്കണം…
അങ്ങനെ ഉണ്ടെങ്കിൽ അപ്പാവുടെ ലെച്ചുനെ ഞാൻ ഇവിടെ കൊണ്ട് നിർത്താം… എന്താ സമ്മതിച്ചോ? ”

ഈ തവണ ആ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…
പതിയെ തല അനക്കാൻ ശ്രമിച്ചു…
ഞാൻ ആ കൈകളിൽ മുറുകെ പിടിച്ചു…
ആദിയെ താഴെ നിർത്തി കട്ടിലിലേക്ക് ആ മനുഷ്യനെ താങ്ങി ഇരുത്തി…

വിശ്വാസം വരാതെ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കുകയാണ് ആ മനുഷ്യൻ…

“ഈ നന്ദു കള്ളം പറയില്ലാട്ടോ… ലെച്ചു വരും ഉറപ്പാണ്… ”

ഞാൻ ആ പറഞ്ഞതും കേട്ടുകൊണ്ടാണ് അമ്മ അവിടേക്കു വന്നത്…

“കടവുളേ… ഇങ്ങനെ കട്ടിലിൽ പിടിച്ചു ഇരുത്തുന്നത് അപ്പാവുക്ക് ഇഷ്ടം ഇല്ലാത്ത കാര്യം ആണല്ലോ…
ആരോടൊക്കെയോ വാശി തീർക്കുന്ന പോലെ കിടക്കുന്ന കിടപ്പിൽ തന്നെ കിടക്കും…
ഇതിപ്പോൾ എങ്ങനെ? ”

“അതൊക്കെ മാറും അമ്മേ… അപ്പ പഴയതുപോലെ ആകും .. ”

ഈ മനുഷ്യൻ ഒന്ന് എഴുന്നേറ്റു കാണാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം നടത്തി കൊടുക്കണം… അതിനു എന്റെ യാമി ഇവിടെ വരണം…

എന്നെ കണ്ടപ്പോൾ ആ മനുഷ്യന്റെ കണ്ണുകളിലെ പ്രതീക്ഷ ഞാൻ കണ്ടതാണ്…
ഉറപ്പായും എന്റെ യാമിക്ക് മാത്രമേ ഇനി അതിനു സാധിക്കുകയുള്ളു…

കുറേ നേരം കൂടി അവിടെ ഇരുന്നു അപ്പാവോടു സംസാരിച്ചു…
തിരിച്ചൊരു വാക്ക് പോലും സംസാരിച്ചില്ല…
വിനുവേട്ടനും കണ്ണേട്ടനും ഹരിയേട്ടനും അപ്പായെ വന്നു കണ്ടു…
ഹരിയേട്ടനും അപ്പാവുടെ ആ മാറ്റം ഒരു അത്ഭുതം ആയിരുന്നു…

ആ റൂം വിട്ടിറങ്ങിയപ്പോൾ ഞാൻ വിനുവേട്ടനോട് പറഞ്ഞു…

“ഒരിക്കൽ കൂടി നമുക്ക് ഇവിടേക്ക് വരേണ്ടി വരും വിനുവേട്ടാ… യാമിയെ ഇവിടെ കൊണ്ടു വരണം…
എനിക്ക് നല്ല വിശ്വാസം ഉണ്ട് അപ്പ ഈ കിടപ്പിൽ നിന്നും എഴുന്നേൽക്കും… ”

“അതൊക്കെ വേണോ.. നന്ദു… ”

“വേണം… എന്റെ ആഗ്രഹം ആണ് അത്… ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലേ… ”

“ആഹ് ഒക്കെ… നിന്റെ ഇഷ്ടം പോലെ… പക്ഷേ… എനിക്ക് നല്ല പേടി ഉണ്ട്… ഹരി… ആദി ഇവരൊക്കെ യാമിയെ വേറെ ഒരു രീതിയിലും കാണാൻ പാടില്ല ആ ഉറപ്പ് എനിക്ക് തരാൻ കഴിയുമോ നിനക്ക്…? ”

“ആദിയുടെ കാര്യത്തിൽ എനിക്കൊന്നും പറയാൻ കഴിയില്ല… പക്ഷേ ഹരിയേട്ടനോടും അമ്മയോടും ഞാൻ സംസാരിച്ചോളാം… ”

ഞങ്ങളുടെ സംസാരം കേട്ടിട്ട് ഹരിയേട്ടൻ എന്താണെന്നു ചോദിച്ചു…

യാമിയുടെ കാര്യം പറഞ്ഞപ്പോൾ അപ്പ പഴയതുപോലെ ആകുമെങ്കിൽ അവസാന പിടിവള്ളി എന്നവണ്ണം ആ കുട്ടിയെ ഇവിടേക്ക് കൊണ്ടു വന്നോളാൻ പറഞ്ഞു…

ഹരിയുടെ ഭാഗത്തു നിന്ന് ഒരു എതിർപ്പും ഉണ്ടാകില്ല എന്നുകൂടി പറഞ്ഞതോടെ എനിക്കുറപ്പായിരുന്നു
അടുത്ത കളിക്കുള്ള തുടക്കം ആയെന്ന്…

(തുടരും )