രചന – നന്ദിത ദാസ്
“പ്രിയപ്പെട്ട വിനുവിന്….
എന്നെങ്കിലും ഒരിക്കൽ ഈ ഡയറി തന്റെ കൈയിൽ കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു..
ഇങ്ങനെ ഒരു ഡയറി എഴുതേണ്ടതിന്റെ ആവിശ്യം എന്തെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്…
വിനു എന്നെ വിട്ടുപോയതിനു ശേഷം മനസ്സാകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു…
മനസ്സിലുള്ളതൊക്കെ തുറന്നു പറയാൻ എനിക്ക് ഈ ഡയറി മാത്രമേ കൂട്ടിനു ഉണ്ടായിരുന്നുള്ളു…
വിനു എന്ന നഷ്ടവേദനയിൽ നിന്നു തന്നെ ഞാൻ ഈ ഡയറി തുടങ്ങട്ടെ….
അപ്പാവുടെ കൈയിൽ വിനു എന്നെ ഏൽപ്പിച്ചു പോകുമ്പോൾ എനിക്ക് ഉറപ്പായിരുന്നു ഇനി ഒരിക്കലും താൻ എന്റെ മുന്നിൽ വരില്ലെന്ന്….
മനസ്സുകൊണ്ട് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല ഹരിയേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലി…
വാക്കുകൾ കൊണ്ട് ഒരിക്കൽ പോലും ഹരിയേട്ടൻ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല… എന്നിട്ട് പോലും ഉള്ളു തുറന്നു ആ മനുഷ്യനെ ഒന്ന് സ്നേഹത്തോടെ നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല…
ജീവിച്ചിരിക്കെ തന്നെ ആത്മാവ് എന്നിൽ നിന്നും നഷ്ടപ്പെട്ടിരുന്നു…
യന്ത്രം കണക്കെ മറ്റുള്ളവർക്കുവേണ്ടി എങ്ങനെയൊക്കെയോ ജീവിതം തള്ളി നീക്കി…
ഒരു ഭാവ വ്യത്യാസവും കൂടാതെ എന്നെ വീണ്ടും വീണ്ടും സ്നേഹിച്ചു തോൽപ്പിക്കുന്ന ആ മനുഷ്യന്റെ മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ നിൽക്കേണ്ടി വരുന്ന അവസ്ഥയെ മനസ്സാൽ ഞാൻ ഒരുപാട് ശപിച്ചു…
എല്ലാ ഭാരങ്ങളും ഇറക്കി ഈ ലോകത്തിൽ നിന്നും
എന്നെന്നേക്കുമായി പോകാൻ തന്നെ ഞാൻ തീരുമാനിച്ചു…
ഒരിക്കലും മടങ്ങി വരാൻ കഴിയാതെ ഒരു യാത്ര…
വെയിൻ കട്ട് ചെയ്യുമ്പോളും ഉള്ളാലെ എല്ലാരോടും ഇതുവരെ ചെയ്ത സകലത്തിനും ക്ഷമ ചോദിച്ചു…
പക്ഷേ എന്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ടു ഹരിയേട്ടൻ അന്ന് കോളജിൽ നിന്നും നേരെത്തെ തന്നെ മടങ്ങിയെത്തി…
കണ്ട കാഴ്ച ഹരിയേട്ടന് താങ്ങാവുന്നതിലും ഏറെ ആണെന്ന് ഞാൻ മനസ്സിലാക്കി….
ഒരു ഭ്രാന്തനെപ്പോലെ എന്റെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടം ഓടുക ആയിരുന്നു ആ മനുഷ്യൻ…
ഒരു തരി സ്നേഹം പോലും ഞാൻ തിരിച്ചു കൊടുത്തില്ലെങ്കിലും എന്നെ ജീവനക്കാളേറെ സ്നേഹിക്കുന്ന ആ മനുഷ്യനോട് ബഹുമാനം തോന്നിത്തുടങ്ങി…
ആ മനസ്സ് അറിയാൻ ഒരിക്കൽ പോലും ഞാൻ ശ്രമിച്ചിരുന്നില്ല… അടുത്തറിഞ്ഞപ്പോൾ അത്ഭുതം തോന്നി…
ആ മനസ്സ് മുഴുവൻ ഞാനാണെന്നറിഞ്ഞപ്പോൾ….
ഞങ്ങൾക്കിടയിൽ സംഭവിച്ച ഓരോ ചെറിയ കാര്യങ്ങൾ വരെ ഓർത്തോർത്തു പറഞ്ഞപ്പോൾ…
ഇത്രയും നാൾ ഞാൻ തള്ളിക്കളഞ്ഞ ആ മനുഷ്യന്റെ സ്നേഹം പൂർണ്ണ മനസ്സോടെ ഏറ്റു വാങ്ങാൻ തന്നെ തീരുമാനിച്ചു…
വിനുവിനെ ഞാൻ സ്നേഹിച്ചതിന്റെ ആയിരം മടങ്ങു ഹരിയേട്ടൻ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാൻ എന്നെ പ്രാപ്തയാക്കി…
മനസ്സിന്റെ ഒരു കോണിൽ വിനുവിന്റെ ഓർമകൾ കുഴിച്ചുമൂടി ഹരിയേട്ടനുമായി ഒരു ജീവിതം തുടങ്ങി…
ജീവിച്ചു തുടങ്ങിയപ്പോളാണ് അറിഞ്ഞത് ഹരിയേട്ടനുമായുള്ള എന്റെ ജീവിതം ശരിക്കും സ്വർഗം ആണെന്ന്…
സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുക എന്ന് കേട്ടിട്ടില്ലേ…
അത് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായവളാണ് ഞാൻ…
ഹരിയേട്ടൻ എന്നും എനിക്കൊരു അത്ഭുതം ആയിരുന്നു… അതിനേക്കാൾ ഉപരി എന്റെ ഭാഗ്യം ആയിരുന്നു എന്ന് പറയുവാനാണ് എനിക്ക് ഇപ്പോൾ ഇഷ്ടം…
പതിയെ പതിയെ വിനുവിന്റെ ഓർമകൾ എന്നിൽ നിന്നും മാഞ്ഞു തുടങ്ങി…
ഓർക്കുവാൻ ഒരു അവസരം ഹരിയേട്ടൻ തരില്ല എന്നുള്ളതായിരുന്നു സത്യം… അത്രയ്ക്ക് സന്തോഷം നിറഞ്ഞതായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ജീവിതം…
ആ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാനും ഹരിയേട്ടനും ശരിക്കും ത്രില്ലിൽ ആയിരുന്നു…
പണ്ട് എപ്പോളോ വിനു എന്നോട് പറഞ്ഞിരുന്നു നമ്മുക്ക് ഉണ്ടാകുന്ന കുഞ്ഞ് മോൻ ആണെങ്കിൽ അവനു ആദി ദേവ് എന്ന് പേരിടണമെന്നു…
എനിക്കുണ്ടാകുന്ന കുഞ്ഞിന് വിനു ഇഷ്ടപ്പെടുന്ന ആ പേര് തന്നെ നൽകാമെന്ന് ഞാനും വാക്കു നൽകിയിരുന്നു…
ഹരിയേട്ടനു അത് ഇഷ്ടപ്പെടുമോ എന്ന് ടെൻഷൻ ഉണ്ടായിരുന്നു…
പക്ഷെ എന്റെ ഇഷ്ടത്തെക്കാൾ ഉപരിയായി മറ്റൊരു ഇഷ്ടം ഇല്ലെന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെന്ന ഭാര്യ ഞാൻ ആണെന്ന് തോന്നിപ്പോയി…
ഡെലിവറി ടൈമിൽ എല്ലാം ഹരിയേട്ടൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു…
ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നതുപോലെ തന്നയാണ് ഹരിയേട്ടൻ ഓരോ ദിവസവും എന്നെ നോക്കിയിരുന്നത്…
മരുന്നും ആഹാരവും എല്ലാം കൃത്യ സമയത്ത് എന്റെ മുന്നിൽ എത്തിച്ചതും ഏട്ടനായിരുന്നു…
എന്റെ കൂടെ നിൽക്കാൻ വേണ്ടി കോളജിൽ നിന്നും ലോങ്ങ് ലീവ് വരെ എടുത്തു….
ഡേറ്റ് അടുക്കും തോറും എന്നേക്കാൾ ടെൻഷൻ പുള്ളിക്കായിരുന്നു…
ലേബർ റൂമിൽ പെയിൻ വരാൻ കിടന്നപ്പോൾ ഒരു നഴ്സ് പറഞ്ഞത് ഞാൻ ഇപ്പോളും ഓർക്കുന്നു..
കുട്ടിയുടെ മുഖത്താണെൽ ഒരു ടെൻഷനും ഇല്ല…
പുറത്തു നിൽക്കുന്ന ഭർത്താവിന്റെ മുഖം കണ്ടാൽ തോന്നും പ്രസവവേദന അയാൾക്കാണെന്നു…
ഒടുവിൽ കുഞ്ഞിനെ ഹരിയേട്ടന്റെ കൈയിൽ കൊടുത്തപ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു…
നൂലുകെട്ടിനു എല്ലാരും വേറെ പേര് നിർദ്ദേശിച്ചപ്പോളും ആദി ദേവ് എന്ന പേര് തന്നെ മതി എന്റെ മകന് എന്ന് വാശി പിടിച്ച ഹരിയേട്ടനോട് എനിക്ക് ഇഷ്ടം കൂടിയതേ ഉള്ളു…
ആദിയെ താഴത്തും തലയിലും വെക്കാതെ ആണ് ഹരിയേട്ടൻ കൊണ്ടു നടന്നത്.. ..
എന്നേക്കാൾ ആദിക്കു പ്രീയം അവന്റെ അച്ഛനെ തന്നെ ആയിരുന്നു…
എന്റെ സന്തോഷവും അത് തന്നെ ആയിരുന്നു… ”
ഡയറി വായിക്കും തോറും ലെച്ചുന്റെ സന്തോഷം നിറഞ്ഞ മുഖം എന്റെ ഉള്ളിലേക്ക് ഓടിയെത്തി…
അവളെ ഓർത്തു ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് പക്ഷേ ഈ ഡയറി വായിക്കുമ്പോൾ ഹരിക്ക് അവളോടുള്ള സ്നേഹം കാണുമ്പോൾ എല്ലാം മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം തോന്നുന്നു…
അർഹത ഉള്ള കൈകളിൽ തന്നെ അവൾ എത്തപ്പെട്ടതിൽ ഒരുപാട് സന്തോഷം തോന്നി…
വീണ്ടും ഞാൻ ഡയറി താളുകൾ മറിച്ചു…
“ഇന്ന് ശരിക്കും ഞാൻ തന്നെ ഞെട്ടിപ്പോകുന്ന ഒരു സംഭവം ഉണ്ടായി…
ശരിക്കും പറഞ്ഞാൽ ഒരുപാട് നാളുകൾക്കു ശേഷം ഞാൻ വീണ്ടും വിനുവിനെ ഓർക്കുന്നതും ഈ സംഭവത്തിനു ശേഷം ആണ്…
“വീണ”യോടുള്ള എന്റെ ഇഷ്ടം ഹരിയേട്ടന് നന്നായി അറിയാവുന്നതാണ്…
അതുകൊണ്ട് തന്നെ അത് സംബന്ധിച്ചു തുടർന്നും പഠിക്കണമെങ്കിൽ ആകാമെന്ന് പലതവണ ഹരിയേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്…
അത് സംബന്ധിച്ച കാര്യങ്ങൾ തിരക്കാനാണ് ഞാൻ ഇന്ന് തൃശ്ശൂർക്ക് പോയത്…
കൂട്ടിനു ഹരിയേട്ടൻ വരാമെന്നു പറഞ്ഞതാണ് പക്ഷേ ഞങ്ങൾ ലേറ്റ് ആകുക ആണെങ്കിൽ ആദി കരയുമല്ലോ എന്നോർത്തു ഹരിയേട്ടൻ വരേണ്ട ഞാൻ തനിയെ പോയിക്കോളാം എന്ന് പറഞ്ഞു…
ഹരിയേട്ടന്റെ സഹോദരി ഹരിതയും എന്റെ കൂടെ ഉണ്ടായിരുന്നു…
പോയ കാര്യങ്ങൾ എല്ലാം പെട്ടെന്ന് റെഡി ആയതുമൂലം എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്കു മടങ്ങാമെന്നു വിചാരിച്ചപ്പോളാണ്
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നൃത്ത സംഗീത സദസ്സ് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്…
എങ്കിൽ കുറച്ചു സമയം അത് കണ്ടേക്കാം എന്ന് കരുതി ഞങ്ങൾ അവിടേക്ക് പോയി…
ശരിക്കുള്ള അത്ഭുതം നടന്നത് അവിടെ വെച്ചാണ്…
പറഞ്ഞാൽ ആരും വിശ്വസിക്കില്ല…
ഒരാളെപ്പോലെ ഏഴ് പേരുണ്ടെന്ന് പറയാറില്ലേ…
എന്റെ അതേ മുഖഛായ ഉള്ള ഒരു കുട്ടിയെ അവിടെ വെച്ച് ഞാൻ കണ്ടു…
അവളെ കണ്ടാൽ എന്റെ കൂടപ്പിറപ്പ് ആണെന്നേ തോന്നുള്ളു…
ഹരിതയെ അവിടെ ഇരുത്തി ഞാൻ ആ പെൺകുട്ടിയുടെ പുറകേ ചെന്നു…
ഇന്നത്തെ പ്രോഗ്രാമിൽ അവൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് അവളൊരു മികച്ച ഡാൻസർ ആണെന്ന് കൂടി അറിഞ്ഞപ്പോൾ നേരിട്ട് പരിചയപ്പെടാൻ ഞാൻ ഗ്രീൻ റൂമിലേക്ക് ചെന്നു…
പക്ഷേ ആ കുട്ടിയെ പിന്നെ അവിടൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല…
അവളുടെ വേണ്ടപ്പെട്ട ആർക്കോ സുഖം ഇല്ലാത്തതുകൊണ്ട് പ്രോഗ്രാം ക്യാൻസൽ ചെയ്തു ഇപ്പോൾ പോയതേ ഉള്ളു എന്നാണു അറിയാൻ കഴിഞ്ഞത്…
അവളുടെ പേര് മാത്രം ആണ് അറിയാൻ കഴിഞ്ഞത് “യാമിക ”
എന്റെയും അവളുടെയും രൂപ സാദൃശ്യം അവിടെ ഉണ്ടായിരുന്ന പലരെയും അത്ഭുതപ്പെടുത്തി…
ഒടുവിൽ ആരോ ഒരാളുടെ കൈയിൽ നിന്നും അവളുടെ നമ്പറും വാങ്ങി ഞാൻ വീട്ടിലേക്കു തിരിച്ചു…
അവളെ കണ്ടപ്പോൾ പെട്ടെന്ന് വിനുവിനെ ആണ് ഓർമ വന്നത് അത് എന്താണെന്നു മാത്രം എനിക്ക് ഇപ്പോളും മനസ്സിലാകുന്നില്ല… ”
ശരിക്കും ആകാംഷയോടെ ആണ് പിന്നീട് ഞാൻ ആ ഡയറിത്താളുകൾ മറിച്ചത്…
അപ്പോൾ യാമിയെ ലെച്ചു കണ്ടിരിക്കുന്നു…
ഇതെന്തു അത്ഭുതം… വിശ്വസിക്കാനേ കഴിയുന്നില്ലല്ലോ…
എന്തൊക്കെയോ എവിടൊക്കെയോ മറഞ്ഞു കിടക്കുന്നതുപോലെ ഒരു തോന്നൽ…
ഞാൻ വീണ്ടും താളുകൾ മറിച്ചു…
“ഇന്ന് ഹരിയേട്ടന്റെ പിറന്നാൾ ആണ്… ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണമെന്ന് വിചാരിച്ചതാണ് പക്ഷേ എത്ര തല പുകഞ്ഞു ആലോചിച്ചിട്ടും എന്താണ് കൊടുക്കേണ്ടത് എന്ന് യാതൊരു പിടിയും കിട്ടുന്നില്ല…
ഡ്രസ്സ് നേരെത്തെ എടുത്ത് വെച്ചിട്ടുണ്ട് എന്നാലും അതിൽ ഒന്നും ഒരു തൃപ്തിയും തോന്നുന്നില്ല…
ആകെ ചിന്താകുല ആയി ഇരിക്കുമ്പോളാണ് ഹരിത വന്നു പറയുന്നത്…
“അക്കാ… അന്ന് നമ്മൾ തൃശൂർ പോയപ്പോൾ ഒരു ഡാൻസ് പ്രോഗ്രാം കാണാൻ പോയില്ലേ…
അവരുടെ പ്രോഗ്രാം നമ്മുടെ പട്ടാമ്പിയിൽ വെച്ചു ഇന്ന് വൈകിട്ടു നടക്കുന്നുണ്ട്…. ”
“സത്യം ആണോ… നീ എങ്ങനെ അറിഞ്ഞു… ശരിക്കും അവരുടെ പ്രോഗ്രാം തന്നെ ആണോ ഉറപ്പാണോ? ”
“നോട്ടീസ് കിട്ടി… ഞാൻ വായിച്ചതാ… അവരുടേത് തന്നെയാണ്… ”
ന്റെ കൃഷ്ണാ… അപ്പോൾ ആ കുട്ടി വരുമല്ലോ… ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം…
ഇന്ന് ഹരിയേട്ടന്റെ പിറന്നാൾ ആയിട്ട് അവളെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നു ഒരു സർപ്രൈസ് കൊടുത്താലോ…
എല്ലാരും ഞെട്ടും… അത് ഉറപ്പാണ്…
അന്ന് കിട്ടിയ അവളുടെ നമ്പറിൽ ഞാൻ പലപ്പോഴും വിളിച്ചിട്ടുണ്ട് പക്ഷേ ഇതുവരെ കാൾ എടുത്തിട്ടില്ല…
അറിയാത്ത നമ്പർ ആയോണ്ട് ആയിരിക്കും എടുക്കാത്തത് എന്ന് കരുതി… പിന്നീട് വിളിച്ചു ബുദ്ധിമുട്ടിക്കാനും തോന്നിയില്ല…
ഇന്ന് എന്തായാലും ഒരിക്കൽ കൂടി വിളിക്കാൻ തീരുമാനിച്ചു…
മുൻപ് ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെ… കാൾ പോകുന്നുണ്ട് പക്ഷേ എടുക്കുന്നില്ല… കുറേ തവണ വിളിച്ചു നോക്കി… ബട്ട് എടുത്തില്ല… പകരം കാൾ കട്ട് ആക്കുക കൂടി ചെയ്തപ്പോൾ ഉള്ള പ്രതീക്ഷ എല്ലാം കൈ വിട്ടു…
പെട്ടെന്ന് ആ നമ്പറിൽ നിന്നും ഒരു കാൾ തിരിച്ചു വന്നു…
ഞാൻ പെട്ടെന്ന് ഫോൺ എടുത്തു…
“ഹലോ… ആരാണ് ഇത്… എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നോ… കുറേ തവണ വിളിച്ചിരിക്കുന്നല്ലോ? ”
“ഞാൻ ലക്ഷ്മി…. ഇത് യാമിക ആണോ?
“അതേ… യാമിക ആണ്… ലക്ഷ്മിയെ എനിക്ക് മനസ്സിലായില്ലലോ… ”
“ഞാൻ പ്രോഗ്രാമിന് വന്നപ്പോൾ കുട്ടിയെ കണ്ടാരുന്നു… അന്ന് നമ്പർ വാങ്ങിയതാണ്… അന്ന് പ്രോഗ്രാം ക്യാൻസൽ ചെയ്തു പോയില്ലേ തിരുവമ്പാടിയിലെ പ്രോഗ്രാമിന് ”
“അതെയോ… ഒക്കെ… അന്ന് പെട്ടെന്ന് പോകേണ്ടി വന്നു… അതാണ്… ”
“ഇന്ന് പട്ടാമ്പിയിൽ പ്രോഗ്രാം ഉണ്ടെന്ന് കേട്ടല്ലോ… ”
“അതേ.. ഉണ്ട്… ഞാൻ ഇപ്പോൾ അവിടെ ആണ് പട്ടാമ്പിയിൽ… ”
“എന്റെ വീടും ഇവിടെ തന്നെയാണ്… ഞാൻ വന്നോട്ടെ യാമികയെ ഒന്ന് കാണാൻ… ”
“അതിനെന്താ… ലക്ഷ്മി വന്നോളൂ… ഈ നമ്പറിൽ വിളിച്ചാൽ മതി കേട്ടോ… ”
“ഒക്കെ… നന്ദി… ”
ഇത്രയും കാര്യങ്ങൾ ഡയറി എടുത്ത് എഴുതണമെന്നു തോന്നി…
അവളെ കാണാൻ ഞാൻ പോകുക ആണ്…
അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്ന് എല്ലാർക്കും സർപ്രൈസ് കൊടുക്കണം…
അപ്പോൾ ഞാൻ പോയിട്ട് വരാം.. ”
അവസാനമായി ലെച്ചുന്റെ ഡയറിയിൽ ഉണ്ടായിരുന്നത് ഈ വാക്കുകൾ ആണ്…
പിന്നീട് പല പേജുകളും ഞാൻ മറിച്ചു നോക്കിയെങ്കിലും അതെല്ലാം ബ്ലാങ്ക് ആയിരുന്നു…
അപ്പോൾ അന്ന് അവസാനമായി ലെച്ചു യാമിയെ കാണാൻ ആയിരിക്കുമോ പോയിട്ടുണ്ടാകുക…
ഇനി ഇതിനുള്ള ഉത്തരം തരാൻ യാമിക്കു മാത്രമേ കഴിയുള്ളു…
ഡയറി വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത പിരിമുറുക്കം…
ഈശ്വരാ… ഇതെല്ലാം കൊണ്ട് നീ എന്താണ് ഉദ്ദേശിക്കുന്നത്… ഒരു പിടിയും കിട്ടുന്നില്ലാലോ…
ഫോൺ എടുത്തു യാമിയെ വിളിച്ചു…
“ഹലോ… യാമി… ഞാനാ വിനു ”
“ആഹ് വിനുവേട്ടൻ എവിടെ എത്തി? ”
“മജെസ്റ്റിക് എത്താറായി… നീ യലഹങ്ക അല്ലേ ഉള്ളത് ”
“അല്ല വിനുവേട്ടാ… കോളജ് ആണ് അവിടെ… ഇപ്പോൾ ഞങ്ങൾ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടു ജയനഗറിൽ ഉണ്ട്… ബന്നർഹട്ട… അവിടെ ഒരു മീനാക്ഷി ടെമ്പിളിൽ ആണ് ഇപ്പോൾ ഞങ്ങൾ… ”
“ഓഹ്ഹ്… ഒക്കെ… ആ മീനാക്ഷി മാളിന്റെ അടുത്തുള്ള ടെമ്പിൾ ആണോ? ”
“ആഹ് അത് തന്നെ… ഇങ്ങോട്ട് പോരെ… ട്രെയിൻ ഉച്ച കഴിഞ്ഞു അല്ലേ… ”
“മ്മ്.. ഒക്കെ.. ആ ട്രെയിൻ ഉച്ച കഴിഞ്ഞാണ്… ”
“ഒക്കെ… വിനുവേട്ടാ.. എങ്കിൽ വന്നിട്ട് വിളിക്കു… ”
“മ്മ് ഒക്കെ… ”
എത്രയും പെട്ടെന്ന് യാമിയുടെ അടുത്തെത്തിയാൽ മതിയെന്നായിരുന്നു എനിക്ക്…
***************************************
“ആദികുട്ടാ നമുക്ക് ബാൾ കളിക്കാം… ”
കണ്ണേട്ടൻ ആണ്… എന്റെ അടുത്തുനിന്നും ആദിയെ തട്ടിയെടുക്കാൻ കുറേനേരമായി ശ്രമിക്കുന്നുണ്ട്…
“ആദിക്കുട്ടൻ ഇപ്പോൾ ബാൾ കളിക്കുന്നില്ല കണ്ണേട്ടാ… പുറത്തൊക്കെ എന്ത് ചൂടാണ്… കുഞ്ഞിനെ വെറുതെ വെയിൽ കൊള്ളിക്കണ്ട… ”
“പിള്ളേരായാൽ കുറച്ചു വെയിലൊക്കെ കൊള്ളണം നന്ദു… നീ അവനെ ഇങ്ങോട്ട് താ… ”
“ഇല്ല… തരില്ല.. ”
“കഷ്ടം ഉണ്ട് നന്ദു… എനിക്ക് ഇവിടെ ഭയങ്കര ബോറാ.. നീ ആണേൽ
ഇങ്ങനെ ഒരുത്തൻ ഇവിടെ ഉണ്ടെന്ന് പോലും ശ്രദ്ധിക്കുന്നില്ല… ”
“അയ്യടാ… ഞാൻ ഇയാളെ ശ്രദ്ധിക്കാൻ അല്ലേ ഇങ്ങോട്ടു വന്നിരിക്കുന്നത്… ”
“നിന്നോട് ഞാൻ പറഞ്ഞു ഇയാൾ അല്ല… കണ്ണേട്ടൻ… ”
“ഓഹ്ഹ്… ചിലപ്പോൾ അങ്ങനെയൊക്കെ പറ്റിപ്പോകും… ”
“എന്താണ് രണ്ടാളും കൂടി ഒരു സൗന്ദര്യപിണക്കം… ”
തിരിഞ്ഞു നോക്കിയപ്പോൾ ഹരിയേട്ടൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു..
“ഹേയ് ഒന്നുല്ല ഹരിയേട്ടാ… ഞങ്ങൾ ചുമ്മാ… ”
“ആദിക്കുട്ടൻ ഇപ്പോൾ ഏത് നേരവും നന്ദുചേച്ചിടെ ഒക്കത്തു തന്നെ ആണല്ലോ… ഈ അച്ഛനെ വേണ്ടേ ഡാ നിനക്കിപ്പോൾ… ”
അതും പറഞ്ഞു ഹരിയേട്ടൻ ആദിയുടെ കുഞ്ഞിക്കവിളിൽ ഒരു മുത്തം കൊടുത്തു…
അപ്പോളേക്കും ആദി അച്ഛന്റെ തോളിലേക്ക് വലിഞ്ഞു കയറിയിരുന്നു…
ആ അച്ഛന്റെയും മകന്റെയും സ്നേഹ പ്രകടനങ്ങൾ കണ്ടു നിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കും…
ഞാൻ പതിയെ അകത്തോട്ടു എസ്‌കേപ്പ് ആകാൻ നോക്കിയപ്പോൾ കണ്ണേട്ടൻ കൈയിൽ കയറി പിടിച്ചിരിക്കുന്നു…
“വിട്… ”
“വിട്ടില്ലെങ്കിൽ… ”
“ഹരിയേട്ടൻ നിൽക്കുന്നത് ഒന്നും ഞാൻ നോക്കില്ല നല്ല ഇടി കിട്ടും… കൈ വിട്ടേ… ”
“ഓഹോ എങ്കിൽ അതൊന്നു കാണണമല്ലോ… ഇടിക്കടി… ഇടിക്ക്… ”
ഞാൻ ചുറ്റും ഒന്ന് നോക്കി… ഹരിയേട്ടൻ ആദിയെ കൊഞ്ചിക്കുന്ന തിരക്കിലാണ്…
കണ്ണേട്ടൻ എന്തേ ഇടിക്കുന്നില്ലേ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്…
ഇടതു കൈ പൊക്കി കണ്ണേട്ടന്റെ നെഞ്ചിനിട്ടു ഒരെണ്ണം അങ്ങ് കൊടുത്തു…
കൈയിലെ പിടി വിട്ടുന്നു മാത്രം അല്ല അമ്മേ… എന്നൊരു വിളിയും പുറത്തു വന്നു…
ഞാൻ ഓടി അകത്തേക്കു കയറി…
“എന്താ കണ്ണാ… എന്തുപറ്റി? ”
“ഹേയ് ഒന്നുല്ല ഹരി… ”
“പിന്നെന്താ നെഞ്ച് തടവുന്നത്… വേദനിക്കുന്നുണ്ടോ…? ”
“മ്മ്… ചെറുതായിട്ട്… അവളോരെണ്ണം തന്നിട്ട് ഓടി… ”
“ഹ ഹ… അപ്പോൾ അതാണ് കാര്യം…
വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് രണ്ടാളെയും എന്തോ ഒരു ചുറ്റിക്കളി മണക്കുന്നപോലെ… ”
“ശ്ശോ… ഒന്ന് പോ.. ഹരി… ”
“ഇതിപ്പോൾ നല്ല കഥ… എന്റെ കണ്ണാ നിനക്ക് നാണം വന്നെന്നു തോന്നുന്നലോ…
എന്തായാലും ആൾ ദി ബെസ്റ്റ്… ”
“താങ്ക്സ് ഹരി…
എനിക്ക് ഒത്തിരി ഇഷ്ടമാ ആ കഥയില്ലാത്ത പെണ്ണിനെ…
പാവമാ കേട്ടോ… ”
“മ്മ് മ്മ്… നടക്കട്ടെ നടക്കട്ടെ…
വെറുതെ ഇരുന്നു ബോറടിക്കണ്ട നമുക്കൊന്നു പുറത്തു പോയിട്ട് വരാം… നന്ദുനെ കൂടി വിളിച്ചോളൂ… ”
“ഒക്കെ… ഞാൻ റെഡി…
ഞാൻ അവളോട് പറഞ്ഞിട്ട് വരാം റെഡി ആകാൻ… ”
ഈശ്വര…കണ്ണേട്ടന് ശരിക്കും വേദനിച്ചു കാണുമോ…
കുറച്ചു ശക്തി കൂടിപ്പോയോ എന്നൊരു ഡൌട്ട്….
വേണ്ടായിരുന്നു… പാവം…
*****—-*************************—****
യാമി പറഞ്ഞ സ്ഥലം എത്തിയ ഉടനെ ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു…
“ഹലോ… യാമി… ഞാൻ ഞാൻ ദാ എത്തിയിട്ടുണ്ട് കേട്ടോ.. താൻ എവിടാ??? ”
“ഞാൻ ദാ വരുന്നു വിനുവേട്ടാ.. ”
ദൂരെനിന്നേ ഞാൻ കണ്ടു എനിക്ക് നേരെ പുഞ്ചിരിച്ചുകൊണ്ട് വരുന്ന യാമിയെ…
(തുടരും )

by