16/04/2026

നാട്യം : ഭാഗം 04

രചന – നന്ദിത ദാസ്

വളുടെ കൈ പിടിച്ചു ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ഒരു ലക്ഷ്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു…. ഏറെ നേരത്തെ മൗനത്തിനു ശേഷം ലെച്ചു എന്നോട് സംസാരിച്ചു… “നമ്മൾ എന്ത് ചെയ്യും വിനു… വീട്ടുകാരെ എതിർത്തു ഒന്നും ചെയ്യാൻ നമ്മളെ കൊണ്ട് ആകില്ല…. ” “അറിയാം ലെച്ചു… എല്ലാം എനിക്കറിയാം… ഞാൻ നിന്നോട് ചെയ്യാൻ പോകുന്നത് ചതി ആണെന്നോ വഞ്ചന ആണെന്നോ ഒന്നും കരുതരുത്… ഒരിക്കലും നമുക്ക് ഒന്നാകാൻ പറ്റില്ല… ഒരു ജോലി പോലും ഇല്ലാതെ നിന്നെ ഞാൻ എങ്ങനെ സംരക്ഷിക്കും… തല ചായ്ക്കാൻ ഒരിടം പോലും ഇപ്പോൾ എന്റെ മുന്നിൽ ഇല്ല… ഞാൻ കാരണം നിന്റെ ജീവിതം കൂടി ഇനി നശിക്കാൻ പാടില്ല… ” പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ പാദങ്ങളിലേക്കു ഞാൻ വീണു… “ഈശ്വര… എന്താ വിനു ഇത്…. എഴുന്നേൽക്കു… എന്റെ വിനു എന്നെ ചതിച്ചെന്നു സ്വപ്നത്തിൽ പോലും ഞാൻ ചിന്തിക്കില്ല… ആ നെഞ്ചിൽ എന്നോടുള്ള സ്നേഹം എത്രത്തോളം ഉണ്ടന്നു നേരിട്ട് അനുഭവിച്ചറിഞ്ഞവളല്ലേ ഞാൻ… ഞാൻ കാരണം വിനു നു ഒരു ദോഷവും ഉണ്ടാകാൻ പാടില്ല…

അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാനും പാടില്ല… വിനു ന്റെ ജീവിതം സംഗീതം നിറഞ്ഞതാണ്… ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിവും ഉണ്ട്… എല്ലാം നടക്കും… നടക്കണം… ഒരിക്കൽ പോലും ഒരു ഭാരമായി ഞാൻ വരില്ല… ” നിറഞ്ഞ മിഴികളോടെ അവൾ അത് പറഞ്ഞപ്പോൾ ഈ നെഞ്ചോടു ചേർത്തൊന്നു നിർത്താതിരിക്കാൻ ആയില്ല എനിക്ക്… പലവട്ടം ഞാൻ ചോദിച്ചിട്ടും തരാത്ത ചുംബനം നനുത്ത ചുണ്ടുകളാൽ അന്നാദ്യമായി അവളെനിക്കേകി… “ഇനി ഞാൻ പോകുവാ വിനു… അവസാന ശ്വാസം വരെ ഈ നെഞ്ചിൽ താനുണ്ടാകും… കാണണമെന്ന് തോന്നുമ്പോൾ ഓടി വരണം… പ്രണയത്തിനും അപ്പുറം നമുക്കൊരു സൗഹൃദം ഉണ്ടായിരുന്നു… അത് ഒരിക്കലും നഷ്ടമാകരുതു… ” “ഞാൻ വരും നിന്നെ കാണാൻ… ഇപ്പോൾ ഒറ്റയ്ക്ക് പോകണ്ട… അഗ്രഹാരത്തിൽ ഞാൻ കൊണ്ട്‌ വിടാം… അവിടെ എല്ലാരും നിന്നെ കാണാതെ ആകുലതയിൽ ആയിരിക്കും… ” ഒരുമിച്ചുള്ള യാത്രയിൽ മുഴുവൻ മൗനവും നെടുവീർപ്പുകളും ആയിരുന്നു ഞങ്ങൾക്കിടയിൽ… ലെച്ചുനെ കാണാതെ അഗ്രഹാരം ആകെ ഇളകി മറിഞ്ഞിരുന്നു… ആ സമയത്താണ് ഞങ്ങൾ അവിടേക്കു കയറി ചെല്ലുന്നത്… അവളുടെ അപ്പാവുടെ കൈയിൽ അവളെ ഏല്പിച്ചു എല്ലാം നഷ്ടപെട്ടവനെപോലെ ഞാൻ തിരികെ നടന്നപ്പോൾ ഒരിക്കൽ പോലും അവളുടെ കണ്ണുകളിലേക്കു ഞാൻ തിരിഞ്ഞൊന്നു നോക്കിയില്ല…

“മോനെ… ഒന്നവിടെ നിൽക്കു… ” അവളുടെ അപ്പാവുടെ ശബ്ദം… “ഒരുപാട് നന്ദിയുണ്ട്… എന്റെ മകളെ എനിക്ക് തിരിച്ചു നൽകിയതിൽ… മോനെ ഈശ്വരൻ അനുഗ്രഹിക്കും… ദാ ഇത് ലെച്ചുന്റെ വിവാഹ പത്രിക ആണ്… മോൻ വരണം… ഒരു മകന്റെ സ്ഥാനത്തുനിന്ന് എല്ലാത്തിനും കൂടെ നിൽക്കണം… ” “മ്മ്… വരാൻ ശ്രമിക്കാം… ” നടന്നകലുമ്പോൾ അവസാനമായി ഒരിക്കൽ കൂടി ഞാൻ അവളെ നോക്കി… “ഹോ… സഹിക്കാൻ പറ്റില്ല നന്ദു… ആ നോട്ടം… ചങ്ക് പറിഞ്ഞു പോകുന്നത് പോലെ വേദന ആണ്… ആത്മാർത്ഥമായി പ്രണയിച്ചിട്ട് അത് സഫലമാകാതെ വരുന്ന ഏതൊരാൾക്കും ആ അവസ്ഥ മനസിലാകും… അവർക്കേ അത് മനസ്സിലാകു…. മറ്റുള്ളവർക്കുവേണ്ടി പ്രണയം നഷ്ടപെടുത്തേണ്ടി വരുന്ന ഏതൊരാൾക്കും അത് ഊഹിക്കാൻ പറ്റും… ” “എന്നിട്ട്…. എന്നിട്ട് കല്യാണത്തിന് പോയില്ലേ? ലെച്ചു… ലെച്ചു ഇപ്പോൾ? ” “അവളുടെ കഴുത്തിൽ മറ്റൊരാള് താലി ചാർത്തുന്നത് കാണാൻ ഉള്ള ശക്തി ഒന്നും ഉണ്ടായിരുന്നില്ല… അതുകൊണ്ട് തന്നെ കല്യാണത്തിനും പോയില്ല… സത്യം പറഞ്ഞാൽ അവൾ മറ്റൊരാളുടെ സ്വന്തം ആകാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ ആകെ ഭ്രാന്തായിരുന്നു… ഞാൻ എത്രത്തോളം അവളെ സ്നേഹിച്ചിരുന്നു എന്ന് അവൾ എനിക്ക് നഷ്ടമായപ്പോളാണ് ഞാൻ മനസിലാക്കുന്നത്… പിറ്റേ വർഷം പി ജി ക്ക് ജോയിൻ ചെയ്തു… ഒരുനിമിഷം പോലും അവളെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു…

അവളെയും ആ ഓർമ്മകളെയും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മനസിലായപ്പോളാണ് വെറുതെ നീറി നീറി കഴിയുന്നതിലും ഭേദം ദൂരെ എവിടേക്കെങ്കിലും മാറി നിന്നാലോ എന്ന് ചിന്തിക്കുന്നത്… പി ജി കഴിഞ്ഞ ഉടൻ തന്നെ നാട് വിട്ടാലോ എന്ന ചിന്ത എന്നെ വിടാതെ പിന്തുടർന്നു…. അങ്ങനെ ആണ് പിഎച്ഡി ചെയ്യാൻ ലണ്ടനിലേക്ക് പോകുന്നത്… അവിടുത്തെ കൾച്ചറുമായി ഏറെ വൈകാതെ തന്നെ പൊരുത്തപ്പെട്ടു… ഒരു ഫ്രണ്ട് (ആദർശ്) മുഖേന ലെച്ചുന്റെ വിവരങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു… അവൾ ഹാപ്പി ആണെന്ന് അറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി… പിന്നെയും രണ്ടു വർഷം കഴിഞ്ഞപ്പോൾ ആണ് ആ സന്തോഷ വാർത്ത അറിയുന്നത്… എന്റെ ലെച്ചു ഒരു കുഞ്ഞിന് ജന്മം നൽകിയെന്ന്… വല്ലാത്ത നഷ്ടബോധം വീണ്ടും ഉടലെടുത്തു… ആ കുഞ്ഞിനെ ഒന്ന് കാണാൻ അവനെ പേര് ചൊല്ലി വിളിക്കാൻ മനം വല്ലാതെ കൊതിച്ചു…. പക്ഷേ പിന്നീട് ലെച്ചുനെ കുറിച്ചുള്ള ഒരു വിവരവും ഞാൻ അറിഞ്ഞിട്ടില്ല… അവൾക്കു സുഖം ആണെന്ന് മാത്രമാണ് ഫ്രണ്ട്‌ പറഞ്ഞത്… 5 വർഷത്തിന് ശേഷം തിരികെ നാട്ടിൽ എത്തുമ്പോൾ ആദ്യം ലെച്ചുനെ കാണാൻ തന്നെ തീരുമാനിച്ചു… അവളും ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകും… ആ മനസ്സ് എനിക്കറിയാവുന്നതല്ലേ… എയർപോർട്ടിൽ വന്നിറങ്ങിയ എന്നെ പിക് ചെയ്യാൻ ആദർശ് വന്നിരുന്നു….

“ഡാ അളിയാ… നീ അങ്ങ് ചുള്ളൻ ആയല്ലോ… ലണ്ടനിൽ പോയാൽ ഇങ്ങനെ ആകുമെന്ന് അറിഞ്ഞിരുന്നേൽ ഞാനും വന്നേനെ ” “ന്റെ പൊന്നേ… നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലാലോ ടാ… ” “വാ അളിയാ ഇന്ന് നമുക്ക് പൊളിക്കണം… നീ വണ്ടിയിലോട്ട് കയറു ” “ഡാ മച്ചു… ആദ്യം എനിക്ക് ലെച്ചുനെ ഒന്ന് കാണണം… അവളുടെ മോനെ കാണണം… എന്നിട്ട് ആകാം ബാക്കി എല്ലാം… ” “ഹേയ്… അത്.. അത് വേണ്ട ഡാ… ” “വേണം… നീ വണ്ടി എടുക്കു… പെട്ടെന്നാകട്ടെ ” “വിനു… ടാ… അത്… ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ബഹളം ഉണ്ടാക്കരുത് ” “എന്തിന്… എന്താടാ… എന്താ നിനക്കു പറ്റിയത്? ” “അത്.. അത് പിന്നെ നമ്മുടെ ലെച്ചു പോയെടാ… രണ്ടു വർഷം ആയി… ആക്‌സിഡന്റ് ആയിരുന്നു… ” ആദർശ് പറഞ്ഞ കാര്യങ്ങൾ ഒരിക്കലും എനിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല… എന്റെ ലെച്ചു ഈ ലോകത്തിൽ നിന്നും പോയെന്നറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല… അവസാനമായി പോലും അവളെ ഒരു നോക്കു കാണാൻ ഭാഗ്യമില്ലാത്തവനായി മാറി ഞാൻ… എത്രയോ തവണ അവൾ ആഗ്രഹിച്ചിരിക്കും എന്നെ ഒന്ന് കാണാൻ… ആ വാർത്ത കേട്ടതിനു ശേഷം അവളുടെ വീട്ടിലേക്കു പോകാൻ തോന്നിയില്ല… മൊത്തത്തിൽ വെറുപ്പായി പോയി ജീവിതത്തോട്… എന്നോട് ഒപ്പം ഉണ്ടായിരുന്നേൽ ഒരു പക്ഷേ ഒരു പോറല് പോലും ഏല്പിക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു.. സ്വയം പുച്ഛം തോന്നി തുടങ്ങി…

ജന്മം തന്നവരെ ശത്രുക്കളായി കാണാൻ തുടങ്ങി… ഭ്രാന്തമായ ചിന്തകൾ മാത്രം ആയിരുന്നു ആകെ കൂടി കൂട്ടിനു… പിന്നീട് ഒരിക്കലും ഞാൻ പാടിയിട്ടില്ല… വയലിനിൽ തൊട്ടിട്ടു കൂടി ഇല്ലായിരുന്നു… എല്ലാം എന്നിൽ തന്നെ കുഴിച്ചു മൂടി… തൃശൂർ വെച്ചു യാദൃശികമായിട്ടാണ് വല്യച്ഛനെ കാണുന്നത്… നിങ്ങളുടെ പ്രോഗ്രാമിന് വരാമെന്ന് ഏറ്റ ആളിന് വരാൻ കഴിയില്ലെന്നും പുതിയ ഒരാളെ കണ്ടുപിടിക്കാൻ പ്രയാസമാണെന്നും പറഞ്ഞു… വല്യച്ഛന്റെ നിർബന്ധത്തിനു വഴങ്ങാതിരിക്കാൻ ആയില്ല… അങ്ങനെ ഇന്നലെ ആണ് ഞാൻ വീണ്ടും സംഗീതത്തെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്… ലെച്ചുന്റെ ഓർമകളിൽ നിന്നും ഒരിക്കലും എനിക്കൊരു മോചനം ഉണ്ടാകുമെന്നു തോന്നിയിരുന്നില്ല… പക്ഷേ… പക്ഷേ യാമിയെ കണ്ടപ്പോൾ വീണ്ടും മനസ്സിൽ ഒരു തുടിപ്പ് പോലെ… എന്റെ ലെച്ചു മരിച്ചിട്ടില്ല എന്നൊരു തോന്നൽ… സത്യമാണോ മിഥ്യ ആണോ എന്ന് മനസിലാക്കാൻ ഒരുപാട് ടൈം എടുത്തു… ഈശ്വരാ… ഇങ്ങേരുടെ ജീവിതത്തിൽ ഇത്ര വല്യ ട്രാജഡി ഉണ്ടായിരുന്നോ?… പാവം… എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നു അറിയാതെ ഞാൻ ആകെ കുഴഞ്ഞു പോയി… “എല്ലാം വിധിയാണ് ഏട്ടാ… ഈശ്വരന്റെ നിശ്ചയം പോലെ എല്ലാം നടക്കുള്ളൂ…

അതിനെ ഓർത്തു വിലപിച്ചിട്ട് എന്താ പ്രയോജനം… വെറുതെ ശാരീരികമായും മാനസികമായും തളരും അത്രേ ഉള്ളു… എല്ലാം ഓവർ കം ചെയ്യണം… മനസ്സിനെ കൂടുതൽ ബോൾഡ് ആക്കണം… ഇഷ്ടമുള്ളതൊക്കെ ചെയ്യണം… ജീവിതം വളരെ ചെറുതാണ്… അത് അടിച്ചു പൊളിച്ചങ്ങു ജോളി ആക്കണം… എന്നെ പോലെ… ” “മ്മ് പറയാൻ എളുപ്പമാണ്… ചെറിയ വായിൽ വല്യ വർത്തമാനം… വായാടി പാറു… ” “കൂടെ സഹതപിച്ചിട്ട് കൂടുതൽ സങ്കടം ആകുന്നതിലും നല്ലത് ഞാൻ ഈ പറഞ്ഞതല്ലേ… ” “മ്മ്.. ഉവ്വ്… ഉവ്വേ… ” “പിന്നേ… ഏട്ടായി…. വീട്ടിൽ പോകണം കേട്ടോ… അച്ഛനും അമ്മയും അല്ലേ നമ്മുടെ ജീവിച്ചിരിക്കുന്ന ഈശ്വരൻ… അവരെ സങ്കടപെടുത്തിയത് മതി… എല്ലാ മാതാപിതാക്കളും മക്കളുടെ നന്മയേ ആഗ്രഹിക്കുള്ളു… ജന്മം തന്നവരോട് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളൊന്നും മനുഷ്യർ അല്ല… അതുകൊണ്ട് എന്റെ ഏട്ടൻ ഉടൻ തന്നെ മടങ്ങി പോകണം… ”

“മ്മ്.. ആലോചിക്കട്ടെ… ” “ആലോചിച്ചാൽ മാത്രം പോരാ… പോകണം… പിന്നെ ലെച്ചുന്റെ വീട്ടിലും പോകണം… ആ കുഞ്ഞിനെ കാണണ്ടേ… ലെച്ചുന്റെ ആത്മാവ് ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകും ഈ കൈകൾ കൊണ്ട് ആ കുഞ്ഞിനെ ഒന്ന് എടുത്തിരുന്നെങ്കിൽ എന്ന്… ” “മ്മ് പോകാം… പോകണം… ” “എങ്കിൽ ഞാൻ വീട്ടിലോട്ടു പോകുവാ… ഏട്ടൻ അങ്ങോട്ട്‌ വാ അച്ഛനെ പരിചയപ്പെടാം… ” “മ്മ്.. വരാം… പിന്നെ… അവൾ യാമി? ” “യാമിയോട് വേറെ ഒരു തരത്തിലും ഉള്ള അറ്റാച്ച്മെന്റ് വേണ്ടാട്ടോ… വെറുതെ മനസ്സിൽ ഒരു ആഗ്രഹവും കൊടുക്കരുത്… അത് പിന്നീട് ഒരുപാട് സങ്കടപെടുത്തും… ” “അത്… നന്ദു… ഞാൻ… എനിക്ക്… ” “എനിക്ക് മനസ്സിലാകുന്നുണ്ട്… വെറുതെ വേണ്ടാത്ത ഒരു ചിന്തയും വേണ്ട… അവളുടെ വിവാഹം നിശ്ചയിച്ചതാണ്… മോതിരമാറ്റവും കഴിഞ്ഞു… ഒരു നോട്ടം കൊണ്ട് പോലും നിങ്ങൾ എന്റെ യാമിയെ മോഹിക്കരുത്… ” (തുടരും )