രചന – അശ്വതി അച്ചൂസ്
“കഥ പറഞ്ഞ് എന്റെ നേരം പോയി അല്ലെ മൊത്തമായി ഞാൻ ഇങ്ങ് എടുത്തേനേ ”
അവൾ ഒന്നൂടെ അവനെ മുറുകെ പിടിച്ചു.
“ദിയ ”
“ഉം ”
“ദേഷ്യം ഉണ്ടോ എന്നോട് ”
“ഇല്ല ”
“ഇഷ്ട്ടമാണോ ”
“ഉം ”
“എത്ര ”
“ഒരുപാട് ”
ഹരി പതിയെ അവളെ മാറ്റി മുഖത്തേക്ക് നോക്കി. മുടിയിഴകൾ ഒതുക്കി വെച്ചു
എന്തെ എന്ന് അവൾ കണ്ണുകൾ കൊണ്ട് ചോദിച്ചു
പകരം ഒരു പുഞ്ചിരി നൽകി അവളുടെ നെറ്റിയിൽ മൃദുവായി ചുമ്പിച്ചു.
******
“ഹരി ഇവിടെ ഉണ്ടാവോ രണ്ട് ദിവസം ”
“എന്തെ ആന്റി എന്തേലും…”
“ഏയ് ചോദിച്ചു എന്നേ ഉള്ളു ”
“നാളെ കഴിഞ്ഞ തിങ്കഴ്ച്ച രാവിലെ പോകാം എന്നാ കരുതുന്നെ. വേറെ എന്തേലും ആവശ്യം ഉണ്ടേൽ..”
“ഇല്ല ചോദിച്ചു എന്നേ ഉള്ളു ”
“അത് കഴിഞ്ഞ നമ്മൾ നമ്മുടെ വീട്ടിൽ പോകും അല്ലെ പപ്പാ.”
“അതെ ടാ. കൈ വേദന ഒക്കെ മാറിയോ നിച്ചുവിന്റെ. എന്നാലേ ക്ലാസിൽ പോകാൻ പറ്റൂ ”
“അതൊക്കെ എപ്പഴേ മാറി ”
“കള്ളി സ്കൂളിൽ പോകാൻ വേണ്ടി പറയുന്നതാണ് ”
“കുഴപ്പം ഒന്നും ഇല്ലേ പോകാം ”
“അതെന്താ മോൾക്ക് അച്ചാച്ചനെ ഇഷ്ടായില്ലേ ”
“ഇഷ്ടം ഒക്കെ ആയി.. പക്ഷെ പപ്പാ അവിടല്ലേ അതാ ”
അത് കേട്ടതും ഹരി തിരിഞ്ഞ് ദിയയെ നോക്കി.
അവൾ കണ്ണ് തുറുപിച്ച് അവനെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.
അത് കണ്ടതും അവന് ചിരി വന്നു. പെട്ടന്ന് ചായ തെരുപ്പിൽ കയറി ചുമച്ചു.
ദിയ പെട്ടന്ന് എന്നീറ്റ് തലയിൽ ഒക്കെ തട്ടികൊടുത്തു
“ബാക്കി ഉള്ളവരെ നോക്കി ചിരിക്കുമ്പോൾ ആലോചിക്കണം ”
അത് കേട്ട് അവന് വീണ്ടും ചിരിച്ചു വന്നു. ഒരു വിധം അമർത്തിപിടിച്ച് അവൻ ഇരുന്നു.
*****
തിങ്കളാഴ്ച വളരെ ഹാപ്പി ആയിരുന്നു നിച്ചു. യൂണിഫോമും ബാഗും എടുത്തത് കൊണ്ട് അവൾക്ക് നേരെ സ്കൂളിൽ പോകാൻ പറ്റി. ദിയയും റെഡി ആയി
“അച്ഛാ ഞങ്ങൾ ഇറങ്ങട്ടെ ”
“ഇനി എന്നാ മോളെ വര്യാ ”
എപ്പോ വേണേലും വരാലോ.”
“നിച്ചു മോള് എന്നാ ഇനി വര്യാ ”
“നാളെ വരാലോ ”
“എന്നാ ശരി പക്ഷെ നാളെ വരണം ”
“വരാം ”
അവർ യാത്ര പറഞ്ഞിറങ്ങി.
സ്കൂൾ വരെ നിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ദിയയും ഹരിയും അതെല്ലാം മൂളി കേട്ടു.
സ്കൂളിന്റെ മുന്നിൽ വണ്ടി നിന്നു
“നിച്ചു ഉമ്മ തന്നില്ല ”
അവൾ ഹരിക്ക് ഉമ്മ നൽകി. ഹരി തിരിച്ചും. ദിയയെ ചേർത്ത് അവൾക്ക് കൂടെ ഉമ്മ നൽകാൻ അവൻ മറന്നില്ല.
“ഹരിയേട്ടൻ ഇവിടെ നിൽക്കോ ”
“എന്തിനാ ”
“ഞാൻ ഇവളെ ക്ലാസിൽ ആകിയിട്ട് ഇപ്പൊ വരാം ജോലിക്ക് കയറണ്ടെ ”
“ഇവിടെ നിൽക്കില്ല അങ്ങോട്ട് മാറി നിൽക്കാം ”
“ഓ ശരി… ഈ ഹരിയേട്ടൻ ഉണ്ടല്ലോ. ഞാൻ ഇപ്പൊ വരാം.
അവൾ നിച്ചുവിനെ കൂട്ടി നടക്കാൻ തുടങ്ങിയപ്പോൾ ആണ് എന്തോ ശബ്ദം കേട്ടത്. എന്തോ വണ്ടി ഇടിച്ചതു പോലെ തോന്നി. ദിയ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. ഹരിയുടെ കാർ തലകീഴായ് മറിയുന്നതാണ് കണ്ടത്. അവള് ശ്വാസം എടുക്കാൻ മറന്ന് ഒരു നിമിഷം നിന്നു. ഒരു ലോറി പാസ്സ് ചെയ്തു പോകുന്നതും കണ്ടു. ആരാ എന്താ എന്തിനാ എന്നൊക്കെ ചോദിക്കണം എന്നുണ്ട് പക്ഷെ…. ഓടികൂടിയ ആളുകൾക്ക് ഇടയിലൂടെ അവൾ നിച്ചുവിന്റെ കൈ പിടിച്ച് ഓടി.
******
ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ അവൾ അടിമുടി വിറക്കുന്നുണ്ടായിരുന്നു. അച്ഛനും ഹരിയേട്ടന്റെ അച്ഛനും ഒക്കെ എന്തൊക്കെയോ ചോദിക്കുന്നുണ്ട് പക്ഷെ അവൾക്ക് ഒന്നും മനസിലായില്ല.
സിസ്റ്റർ ഏതോ ഒരു പേപ്പർ ഒപ്പ് ഇടാൻ കൊണ്ട് വന്നു. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവർ പറഞ്ഞിടത്തെല്ലാം ഒരു പാവയെ പോലെ അവൾ സൈൻ ചെയ്തു നൽകി.
മുന്നിൽ ഇപ്പോഴും ഹരിയേട്ടന്റെ വണ്ടി തലകീഴായ് മറയുന്നതാണ്.
നാലു മണിക്കൂറുകൾ കഴിഞ്ഞാണ് ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർ പുറത്തു വന്നത്.
“തല്ക്കാലം കുഴപ്പം ഒന്നും ഇല്ല. തലക്ക് ചെറിയ പരിക്ക് ഉണ്ട്. ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. കാലിനും ഒരു ചെറിയ സ്ക്രാച്ച് ഉണ്ട്. ഹരിക്ക് ബോധം ഉണ്ടായിരുന്നു. അത് കൊണ്ട് വേറെ കുഴപ്പം ഒന്നും ഇല്ല എന്ന് വിശ്വസിക്കുന്നു.”
“താങ്ക്സ് ഡോക്ടർ ”
“മോളെ ഹരിക്ക് കുഴപ്പം ഒന്നും ഇല്ല. എന്റെ മോള് എണീക്ക് ച്ചായ്യായെങ്കിലും കുടിക്കു. നിച്ചുവും ഒന്നും കഴിച്ചില്ല ”
അവൾ നിച്ചുവിനെ നോക്കി.
“മോള് അച്ചാച്ചന്റെ കൂടെ പോയി ചായ കുടിച്ചു വാ ”
“അമ്മ വരോ ”
“അമ്മ ഇല്ല നിച്ചു. മോള് പോയിട്ട് വാ ”
“പപ്പാ എപ്പോഴാ വരിക ”
“മോള് ചായ കുടിച്ച് വരുമ്പോഴേക്കും വരും ”
“ഉം “. അവൾ തലയാട്ടി.
“ദിയ ‘
“എനിക്ക് വേണ്ട അച്ഛാ. ഒന്നും ഇറങ്ങില്ല. ഹരിയേട്ടൻ… കാർ ഇടിച്ചു മറിയുന്ന കണ്ട വിറയൽ ഇത് വരെ മാറിയിട്ടില്ല. ദൈവം എന്തിനാ അച്ഛാ ഇങ്ങനെ പരീക്ഷിക്കുന്നത്.”
“ഏയ് അങ്ങനെ അല്ല മോളെ. അങ്ങനെ പറയല്ലേ. ദൈവം ഉള്ളത് കൊണ്ടല്ലേ അവന് ഒരാപത്തും ഇല്ലാതെ…”
അവൾ മറുപടി പറഞ്ഞില്ല.
അയാൾ പറയാൻ വന്നത് പകുതിയിൽ നിർത്തി.
ആ രാത്രി മുഴുവൻ അവൾ icu വിനു മുന്നിൽ ഇരുന്നു.
“ഹരി കണ്ണ് തുറന്നു. ആരാ ദിയ ”
അവൾ എഴുന്നേറ്റു
“വരൂ ”
അവൾ അച്ഛനെ ഒന്ന് നോക്കി നഴ്‌സിന്ഒപ്പം നടന്നു.
ധാരാളം വയറകൾക്കു നടുവിൽ ഹരി അവളെ നോക്കി കിടപ്പുണ്ടായിരുന്നു.
അവൾ പതിയെ ഹരിക്ക് അരികിൽ നിന്നു.
എത്ര വേണ്ട എന്ന് വെച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഹരി പതിയെ അവളുടെ വിരലുകൾ പിടിച്ചു
“പേടിച്ചോ ”
അവൾ തലയാട്ടി
“അങ്ങനെ ഒന്നും ഞാൻ പോകില്ല ഡോ. ചെയ്ത് തീർക്കാൻ ഇനിയും കാര്യങ്ങൾ ഏറെ ”
അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു.
“പൊയ്ക്കോ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞോ ”
അവൾ പതിയെ അവന്റെ കവിളുകളിൽ ചുണ്ടുകൾ ചേർത്തു.
അവിടെ നിന്നും പുറത്തേക്ക് വരുമ്പോൾ ദിയയുടെ മുഖം പ്രസന്നമായിരുന്നു. അവന് പ്രശ്നം ഒന്നും ഇല്ല. എന്നും സംസാരിച്ചു എന്ന് പറഞ്ഞപ്പോഴും അവർക്ക് സമാധാനം തോന്നി.
രണ്ട് ദിവസം കഴിഞ്ഞ് ഹരിയെ മുറിയിലേക്ക് മാറ്റി. Icu വിലെ ആ കിടപ്പ് അവന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു.
“നിച്ചു എവിടെ ”
“അവളെ ഞാൻ അമ്മയ്ക്ക് ഒപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു. നാളെ വരാൻ പറയാം ഹരിയേട്ടാ ”
“വേണ്ട അല്ലെങ്കിലും അവൾ അവിടെ നിൽക്കുന്നതാണ് സേഫ്. ”
“നാളെ പപ്പയെ കാണാൻ വരാൻ പറയട്ടെ ”
“വേണ്ട അവൾ പേടിക്കും വീട്ടിൽ എത്തിയിട്ട് കാണാം. എന്ന് വീട്ടിൽ പോകാം എന്നാ പറഞ്ഞത്.”
“ഇനി ഒരാഴ്ചകൂടെ ”
“വെറുതെ നമ്മുടെ കാശു കളയാൻ ”
“ഹരിയേട്ടന് ഇപ്പോ എന്താ വേണ്ടത് വീട്ടിൽ പോണോ ”
“വേണ്ട ”
“പിന്നെ ”
“ബാത്‌റൂമിൽ പോണം ”
“അത്രേ ഉള്ളു. വാ ഞാൻ കൊണ്ട് പോകാം ”
“എടി നീയോ ”
“ഞാൻ അല്ലാതെ പിന്നെ…. ഓ ഇവിടത്തെ സുന്ദരികളായ നഴ്‌സ്മാരെ കണ്ടിട്ടാണോ… വേണ്ട അവർക്ക് ഇതല്ല പണി ”
“കണ്ടുപിടിച്ചു കളഞ്ഞല്ലോ. എങ്ങനെ മനസിലായി നിനക്ക് ”
അവൾ മറുപടി ആയി കണ്ണ് തുറുപ്പിച്ചു നോക്കി.
അവൾക്ക് താങ്ങാനാവുന്നതിനേക്കാൾ ഭാരം അവന് ഉണ്ടായിരുന്നു. അതവൾ പ്രതീക്ഷിചില്ല. ഹരി അധികഭാരം അവൾക്ക് നൽകാതെ സ്വയം ഏറ്റെടുത്തു.
*****
വണ്ടി വന്ന് വീടിന് മുന്നിൽ നിന്നപ്പോൾ ആദ്യം ഓടി എത്തിയത് നിച്ചു ആയിരുന്നു.
ദിയ അവളെ വാരിയെടുത്തു.
“പപ്പയ്ക്ക് ഇപ്പോ മോളെ എടുക്കാൻ പറ്റില്ല അതാ അമ്മ എടുത്തേ കേട്ടോ ”
“പപ്പേടെ വയ്യായ എന്നാ മാറാ”
“വേഗം മാറും കേട്ടോ. എന്നിട്ട് വേണം നമുക്ക് മൂന്ന് പേർക്കും കൂടെ ഒരു സ്ഥലം വരെ പോകാൻ ”
അവൾ ചിരിച്ചു.
അച്ചൻ വന്ന് അവനെ പിടിച്ചു
“വാ മോനെ. ഇപ്പോ എങ്ങനെ ഉണ്ട് ടാ ”
“കുഴപ്പം ഇല്ല അച്ഛാ.”
“മോളെ മുറി താഴേക്ക് മാറ്റണോ ”
അവൾ ഹരിയെ നോക്കി
“വേണ്ട മുകളിൽ തന്നെ മതി.”
“എന്നാ അങ്ങനെ മതി.”
മുറിയിൽ എത്തി കിടന്നപ്പോൾ തന്നെ അവന് സമാധാനം തോന്നി. അവന്റെ കട്ടിൽ അല്പം മാറി ജനലിനോട് ചേർത്ത് ആണ് ഇട്ടിരുന്നത്. അതിലൂടെ പുറം കാഴ്ചകൾ കാണാനും സുഖമായിരുന്നു. ബെഡ് അല്പം ഉയർത്തി വെച്ചാൽ അധികം സ്‌ട്രെയിൻ ചെയ്യാതെ തന്നെ കാഴ്ചകൾ കാണാം.
“ഹരിയേട്ടാ ചായ കൊണ്ട് വരട്ടെ ”
“ഉം. പക്ഷെ എനിക്ക് ഒന്ന് കുളിക്കണം ദിയ.”
“ആ. ഒരു മിനിറ്റ് വെള്ളം റെഡി ആക്കി വെയ്ക്കട്ടെ ‘
അവൾ വെള്ളം റെഡി ആക്കി പെട്ടന്ന് വന്നു.
“കുളിക്കാൻ പോകാം ”
“ഉം ”
പതിയെ നടന്നു അവർ ബാത്‌റൂമിൽ എത്തി. ഇളം ചൂട് വെള്ളം ദേഹത്തു വീണപ്പോൾ അവന്റെ മനസ് നിറഞ്ഞു.
“അനങ്ങാതെ ഇരിക്കണം കേട്ടോ. പ്ലാസ്റ്റർ ഒക്കെ ഇനി ഒരാഴ്ച കൂടെ ഇടാൻ ഉള്ളതാണ് ”
“അത് കഴിഞ്ഞാൽ വെട്ടോ ”
“എന്ത് ”
“പ്ലാസ്റ്റർ ”
അവന്റെ ചോദ്യം കേട്ടപ്പോൾ ദിയക്ക് ചിരി വന്നു. എത്ര നിഷ്കളങ്കമായ ചോദ്യം. ഒരു ചെറിയ കുട്ടി ചോദിക്കുന്ന പോലെ ഉണ്ട്.
“എന്താ ഒരു ചിരി”
“ഒന്നൂല്ല ”
ബാത്‌റൂമിൽ നിന്ന് വന്ന് വസ്ത്രം മാറ്റിയിട്ടും അവളുടെ ചുണ്ടിൽ ചിരി മായാതെ നിന്നു.
“ഞാൻ പോയി ചായ കൊണ്ട് വരാം. കഴിക്കാൻ എന്താ വേണ്ടേ ”
“ചായ മാത്രം ”
“ഉം ”
ഹരി അവൾ. പോകുന്ന നോക്കി കിടന്നു. ചെയുന്ന പണിയിൽ ഒരു മടിയോ മടുപ്പൊ ഇല്ല. ഒരു കൊച്ചു കുട്ടിയെ പോലെയാണ് തന്നെ കാണുന്നത്. ഇതൊക്കെ ഒന്ന് മാറട്ടെ കൊച്ചുകുട്ടിയുടെ യഥാർത്ഥ മുഖം ഞാൻ കാട്ടി തരാം.
അവൾ ചായക്ക് ഒപ്പം ദോശ കൂടെ കൊണ്ട് വന്നു. വേണ്ട എന്ന് പറഞ്ഞു എങ്കിലും അവൻ അത് കഴിച്ചു. അല്ലെങ്കിലും അവൾ വാരികൊടുക്കുമ്പോൾ കഴിക്കാതെ ഇരിക്കുന്നത് എങ്ങനെ.
അവൾ അവന്റെ വായ കഴുകിച്ചു.
താഴെ നിന്ന് മറ്റാരുടെയോ ശബ്ദം കേൾക്കുന്നുണ്ട്. പരിചയം ഇല്ലാത്ത ഒരു ശബ്ദം. കാലടികൾ മുകളിലേക്ക് വരുന്ന കേട്ടപ്പോൾ തന്നെ കാണാൻ ആരോ വരികയാണ് എന്ന് മനസിലായി. എന്നാൽ വന്ന ആളെ കണ്ടപ്പോൾ അവൻ അത്ഭുതപെട്ടു. അത് അജി ആയിരുന്നു…. അജിത്. ഒരിക്കൽ തന്നെ കാണാൻ ഷോപ്പിൽ വന്ന ആൾ. അങ്ങനെ ദിയയെ വിട്ട് കളയാൻ പറ്റില്ല എന്ന് പറഞ്ഞയാൾ. ഇയാൾ എന്താ ഇവിടെ. തന്റെ വീഴ്ച കണ്ട് ആസ്വദിക്കാനോ…. അതോ നല്ല സമയം മുതലെടുത്ത് അവളെ കൈയിൽ എടുക്കാനോ. ഇല്ല എന്തിനായാലും ശരി ഇനി തന്റെ ദിയ വിട്ട് കളഞ്ഞുള്ള ഒരു പരിപാടിക്കും താൻ ഇല്ല.

by