രചന – ഐശ്വര്യ അനിൽകുമാർ
വരുണിന്റെ വാക്കുകൾ ആയുഷിൽ പുത്തൻ പ്രതീക്ഷകൾ ഉണർത്തി.നന്ദുവുമൊത്ത് പുതിയ ഒരു ജീവിതം സ്വപ്നം കാണുവാൻ അവന് ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു. വരുൺ ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു. നന്ദുവിനെ ശല്യം ചെയ്യണ്ടായെന്ന് കരുതി അവൻ പിന്നീട് അവളെ കാണാതെ സ്വന്തം റൂമിലേക്ക് പോയി. പിറ്റേന്ന് രാവിലെ വരുൺ പതിവുപോലെ നേരത്തേ എഴുനേറ്റ് അവളെ കാണാനായി റൂമിലേക്ക് ചെന്നു.അവൻ രണ്ടു മൂന്നു തവണ ബെൽ അമർത്തിയപ്പോഴാണ് അവൾ വാതിൽ തുറന്നത്.അവളുടെ മുഖത്ത് നല്ല ഉറക്കക്ഷീണം ഉണ്ട്.ഇന്നലെ നല്ലതുപോലെ ഉറങ്ങിയിട്ടില്ല എന്നവന് മനസ്സിലായി. “പണ്ടൊക്കെ ഞാൻ വെളുപ്പിനേ എഴുന്നേൽക്കുമായിരുന്നു.
ഇപ്പോൾ എല്ലാ ശീലവും മാറി മറിഞ്ഞു.വെയില് തലയ്ക്കടിച്ചാലും ഇപ്പോൾ ഉണരാൻ ബുദ്ധിമുട്ടാണ്” “എന്നിട്ട് ഉറങ്ങിയതായിട്ടു തോന്നുന്നില്ലല്ലോ?” “സോറി?”അവൾ കേൾക്കാത്ത ഭാവത്തിൽ നിന്നു. “ഇന്നലെ ഉറങ്ങിയിട്ടില്ലായെന്ന് മുഖം കണ്ടാൽ അറിയാല്ലോ” “മ്… ചേട്ടന് കോഫി വേണോ?എനിക്ക് നല്ല തലവേദന” “എനിക്കും വേണ്ടിവരും. ഇപ്പോൾ നിന്നെക്കാൾ തലവേദന എനിക്കാണ്” ഒന്നും സംഭവിക്കാത്ത മട്ടിൽ നിൽക്കുന്ന അവളെ കണ്ടിട്ട് അവന് അത്ഭുതം തോന്നി. അപ്പോഴേക്കും അവൾ കോഫി മേക്കറിലൂടെ ഉണ്ടാക്കിയ രണ്ട് കപ്പ് കോഫിയുമായി വന്നിരുന്നു. ഒന്ന് അവനു നേരെ നീട്ടി. “ഇന്നലെ ആയുഷിനെ കണ്ടിട്ടല്ലേ നീ അപ്സെറ്റ് ആയത്?” “മേ ബീ…” “അവൻ ഇപ്പോഴും സിംഗിൾ ആണ് ആൻഡ് ഹീ ലവ്സ് യു” “ഹഹ….ആരാ ഈ തമാശയൊക്കെ പറഞ്ഞു തന്നത്….അതോ ഇനി സ്വന്തം കണ്ടുപിടിത്തങ്ങളാണോ” “ഐ ആം സീരിയസ്…. ആൻഡ് എന്താ നിന്റെ അഭിപ്രായം?” “അഭിപ്രായമോ….എന്തിനെ പറ്റി…. യു നോ ആയുഷ് എന്നത് എന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ്.
ഐ ഡോണ്ട് വാണ്ട് ടു റീവൈൻഡ് ഇറ്റ്.” “നിന്റെ കണ്ണുകളിൽ ഇപ്പോഴും ഞാൻ കാണുന്നത് അവനോടുള്ള സ്നേഹം മാത്രമാണ്.അല്ലെന്ന് പറയാൻ പറ്റുമോ?” “അതേ…സ്നേഹിക്കുന്നുണ്ട്….സ്നേഹിച്ചിരുന്നു…ഇനിയും ആ സ്നേഹം ഉണ്ടാകും….ഫസ്റ്റ് ലൗ ആരും മറക്കില്ലല്ലോ…സോ വാട്ട്?” “അവനുമായി ജീവിക്കാൻ നീ ആഗ്രഹിക്കുന്നില്ലേ?” “ആഗ്രഹിച്ചിരുന്നു..ഒരുപാട് സ്വപ്നങ്ങളും നെയ്തുകൂട്ടിയിരുന്നു.പക്ഷേ ഇപ്പോൾ ഇല്ല.തിരിച്ചു കിട്ടാത്ത സ്നേഹം…” “നീ അറിയാത്ത ചില സത്യങ്ങൾ ഉണ്ട്..” “അത് ശരിയാണ്..ഞാൻ എന്നും സത്യങ്ങൾ അറിയാതെ പോയിരുന്നു. ഒരിക്കലും ഞാൻ ആഗ്രഹിക്കുന്ന ആളുടെ സ്നേഹം തിരികെ കിട്ടില്ലെന്ന സത്യം.
ഭൂമിയോളം ഞാൻ താഴ്ന്നിട്ടുണ്ട്…പക്ഷേ ഒന്നിനും ഒരു ഫലം കണ്ടില്ല. എല്ലാം അറിഞ്ഞിട്ടും ഇപ്പോൾ എന്നെ പഴിക്കുകയാണോ…ആയുഷേട്ടന്റെ ജീവിതത്തിൽ അന്നും ഇന്നും എനിക്ക് സ്ഥാനമില്ലാന്ന് എനിക്ക് നന്നായിട്ട് അറിയാം.ഒരു വേലക്കാരിയുടെ സ്ഥാനം അത് മാത്രമേ എനിക്ക് ലഭിച്ചിരുന്നുള്ളൂ.പക്ഷേ എന്നെങ്കിലും എല്ലാം ശരിയാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു…ഇല്ലായെന്ന് മനസിലാക്കാൻ വൈകിപ്പോയി.” “എക്സാറ്റ്ലി…പലതും നീ മനസിലാക്കാൻ വൈകിപ്പോയി. ഞാൻ നിന്റെ നന്മ മാത്രമേ നോക്കാറുള്ളൂ എന്നറിയാല്ലോ… ഞാൻ ഇന്നലെ ആയുഷിനെ കണ്ടിരുന്നു.” “വിശ്വസനീയമായ നുണകൾ പറഞ്ഞിട്ടുണ്ടാകും.പണ്ടും എന്നെ മയക്കിയത് അങ്ങനെ ആയിരുന്നു”അവൾ പുച്ഛത്തോടെ പറഞ്ഞു. “ഞാൻ പറയുന്നത് ആദ്യം കേട്ട് നോക്കൂ” “ആരും ആരെയും ന്യായീകരിക്കാൻ നോക്കണ്ട..എല്ലാം വിശ്വസിക്കുന്ന ആ പൊട്ടി പെണ്ണല്ല ഞാൻ ഇന്ന്.” “നന്ദൂ…”അവൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് കാളിങ് ബെൽ ശബ്ദം കേട്ടത്.
“റൂം സർവീസ് ആയിരിക്കും. ഞാൻ നോക്കട്ടെ”നന്ദു വാതിൽ തുറന്നു. തന്റെ മുന്നിൽ നിൽക്കുന്ന ആയുഷിനെയും വിവാനെയും ദിയയെയും കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു. “എന്റെ നന്ദൂ….എന്നോട് പോലും ഒരു വാക്ക് പറയാതെ അന്ന് പോയല്ലേ.ബട്ട് ആം സോ പ്രൗഡ് ഓഫ് യു” ഇത്രയും പറഞ്ഞു മറുപടി കാക്കാതെ ദിയ അവളെ കെട്ടിപ്പിടിച്ചു. നന്ദുവിന് അവളെ നോക്കി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. “ആഫ്റ്റർ എ ലോങ് ടൈം….സോ ഹൗ ആർ യു”വിവാനാണ് അത് ചോദിച്ചത്. “ഫൈൻ” അവൾ പുഞ്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന ആയുഷിനെ നോക്കി പറഞ്ഞു. “ഞങ്ങളെ പുറത്തു നിർത്തി സംസാരിക്കാനാണോ പ്ലാൻ?”ദിയ കളിയാക്കി ചോദിച്ചു. “സോറി…കമിൻ” അവരെല്ലാം അകത്തു കയറി സോഫയിൽ ഇരുന്നു.വരുൺ എല്ലാവർക്കും വേണ്ടി ഇൻസ്റ്റന്റ് കോഫി ഉണ്ടാക്കി. “എന്നാലും അന്ന് എന്ത് പോക്കാ പോയത്…ഞങ്ങൾ എന്ത് അന്വേഷിച്ചു എന്നറിയാമോ”വിവാൻ പറഞ്ഞു.
നന്ദു ഒന്നും മിണ്ടാതെ നിന്നു. “ഞങ്ങൾ ഇനി അന്വേഷിക്കാൻ സ്ഥലമൊന്നുമില്ല.അതിനിടയ്ക്കാണ് ചേട്ടന്..” “ദിയേട മാരീജോക്കെ കഴിഞ്ഞോ?”ദിയ പൂർത്തിയാക്കുന്നതിന് മുന്നേ നന്ദു ചോദിച്ചു. “പിന്നേ… ലാസ്റ്റ് ഇയർ ആയിരുന്നു.” ദിയ മുഴുവനും പറയാൻ കഴിയാത്തതിന്റെ വിഷമത്തിൽ പറഞ്ഞു. “ഓഹോ…ആരാ കക്ഷി…” “ദേ…സാക്ഷാൽ വിവാൻ”അവൾ അല്പം നാണത്തോടെ പറഞ്ഞു. “കൺഗ്രാറ്റ്‌സ്…പക്ഷെ എപ്പോൾ മുതലാ ഇതൊക്കെ തുടങ്ങിയത്” “അത് എന്നെ ആദ്യമേ ഇഷ്ടമായിരുന്നു.അതിനിടയ്ക്കാ സഞ്ജയ് ഇഷ്യു.അതിന്റെ വിഷമത്തിലാ ആശാൻ കുറച്ചു നാൾ മുംബൈക്ക് വിട്ടത്.” “അപ്പോ ഇതിനിടയിൽ ഇങ്ങനെയുമൊക്കെ നടക്കുന്നുണ്ടായിരുന്നോ” വിവാൻ ഒരു കള്ളച്ചിരിയോടെ മൂളി. “അപ്പോൾ എല്ലാവരെയും കണ്ടതിൽ സന്തോഷം… ഇന്ന് മൂന്ന് മണിക്കാണ് തിരിച്ചുള്ള ഫ്ലൈറ്റ്.” എല്ലാവരും പരസ്പരം നോക്കി.ആയുഷ് വരുണിന്റെ മുഖത്തേക്ക് നോക്കി.പറയാൻ പറ്റിയില്ല എന്ന ഭാവം അവന്റെ മുഖത്തു തെളിഞ്ഞു നിന്നു.
“നന്ദു…”ആയുഷ് സംസാരിച്ചു തുടങ്ങി. “ചെയ്തത് തെറ്റാണെന്ന് അറിയാം.ഞാൻ ഇപ്പോൾ അതോർത്ത് ദുഃഖിക്കുന്നുമുണ്ട്. ഐ ആം റിയലി സോറി” “സോറി ഒന്നും പറയേണ്ട കാര്യമില്ല.ഞാൻ അതൊക്കെ എന്നേ മറന്നു.എനിക്കിപ്പോൾ ആരോടും പരിഭവം ഇല്ല.മറിച്ച് നന്ദി മാത്രേ ഉളളൂ. ഒരുപക്ഷേ ഞാൻ ഇന്നീ നിലയിൽ എത്താൻ കാരണം നിങ്ങളൊക്കെ ആണ്.ആരെയും മറക്കില്ല…എന്നും ആ കടപ്പാട് മനസിൽ ഉണ്ടാകും” “അതല്ല എനിക്ക് ചിലത് സംസാരിക്കാൻ ഉണ്ട്…” “ഞാൻ പറഞ്ഞല്ലോ ആരെയും വിശദീകരണം എനിക്ക് ആവശ്യമില്ല.അന്നും ഇന്നും എല്ലാവരോടും സ്നേഹം മാത്രം.എല്ലാവർക്കും അവരവരുടെ ശരികളാവും വലുത്.പക്ഷേ അടഞ്ഞ അധ്യായങ്ങൾ തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”അവന്റെ മുഖത്തു നോക്കാതെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു. ഇനിയും അവിടെയിരുന്നിട്ട് കാര്യമില്ലെന്ന് തോന്നി ആയുഷ് വരുണിന് കൈകൊടുത്തിട്ട് പുറം തിരിഞ്ഞു നിൽക്കുന്ന അവളെ നോക്കിയിട്ട് പുറത്തേക്ക് പോയി.അവനു പുറകേ മറ്റു രണ്ടുപേരും പോയി. വരുൺ നന്ദുവിനെ നോക്കി.നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചിട്ട് ചിരിച്ചുകൊണ്ട് അവൾ അവനോടു പറഞ്ഞു.
“ഇങ്ങനെ നോക്കി നിൽക്കാതെ പോയി റെഡിയാവ്.. സമയം ഇപ്പോൾ പോകും” സ്ത്രീകളുടെ മനസ്സ് ആർക്കും മനസിലാക്കാൻ കഴിയില്ലെന്ന് ആരോ പറഞ്ഞത് എത്ര സത്യമാണ്.അവൻ പിന്നൊന്നും പറയാതെ തന്റെ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു രണ്ടു പേരും കാറിൽ കയറി എയർപോർട്ടിലേക്ക് സഞ്ചരിച്ചു.ചെക്ക് ഇൻ ചെയ്യേണ്ട സമയത്തു തന്നെ അവർ എത്തിച്ചേർന്നു. അപ്പോഴാണ് വരുൺ പരിചിതമായ ഒരു മുഖം കണ്ടത്. “ഡോക്ടർ.മാത്യു എബ്രഹാം”അവൻ പറഞ്ഞു. “അതാരാ”അവൾ ചോദിച്ചു. മറുപടി ഒന്നും പറയാതെ അവൻ ഡോക്ടർക്കടുത്തേക്ക് നീങ്ങി. “ഹായ് ഡോക്ടർ… ഞാൻ വരുൺ…ഇന്നലെ വിളിച്ചിരുന്നു.” “ഓ ആയുഷിനെ പറ്റി തിരക്കാൻ അല്ലേ… ആ ഓർമയുണ്ട്.” “അതേ സർ…ആയുഷ് ഇപ്പോൾ പാരീസിലാണ്” “യാ.. ഐ നോ ഇറ്റ്…ട്രീറ്റ്മെന്റ് കഴിഞ്ഞ ശേഷം രണ്ട് മൂന്ന് തവണ ചെക്കപ്പ് നടത്താൻ വന്നിരുന്നു.
അപ്പോഴൊക്കെ പറഞ്ഞിരുന്നു എവിടെയാണെന്ന്.” ഇതെല്ലാം കേട്ട് നന്ദു അടുത്തു തന്നെയുണ്ട്. ‘ട്രീറ്റ്മെന്റ്… എന്തിന്റെ…ആയുഷ് ചേട്ടന് എന്താ…”അവൾ ചിന്തിച്ചു. “ഡോക്ടർ ഇവിടെ?” “ഒരു മെഡിക്കൽ കോണ്ഫറൻസ്…അല്ല ഇത്…” “ഇതാണ് ആയുഷിന്റെ കഥയിലെ നന്ദു.” “ഐ സീ… കുട്ടി ഭാഗ്യമുള്ളവളാണ്.അവൻ തന്നെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്.എപ്പോഴും നന്ദുവിനെ പറ്റി പറയാനേ നേരമുണ്ടായിരുന്നുള്ളൂ.അപ്പോൾ ശരി…ലേറ്റ് ആയി” നന്ദുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാൾ മുന്നോട്ടു നീങ്ങി. “എന്താ…എന്താ അസുഖം എന്റെ ഏട്ടന്… പറയ്… ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ”അവൾ വരുണിനെ നോക്കി പറഞ്ഞു. വരുൺ അവനറിയാവുന്ന കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു. “എന്റെ ദേവീ…ഞാൻ ആ പാവത്തിനെ വിഷമിപ്പിച്ചൂല്ലോ…ഇന്ന് കൂടി ഞാൻ…..എങ്കിലും എന്നോട് ഒരു വാക്ക് പറയാമായിരുന്നു…എന്തിനും ഞാൻ കൂടെ നിൽക്കുമായിരുന്നല്ലോ… എനിക്ക് കാണണം…എനിക്ക് എന്റെ ഏട്ടനെ ഇപ്പോൾ കാണണം..”നന്ദു എല്ലാം കേട്ടിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു. ഉടനെ തന്നെ വരുൺ വിവാനെ വിളിച്ച് ആയുഷ് എവിടെ ആണെന്ന് ചോദിച്ചു.
എന്നും പോയിരിക്കാറുള്ള നദീ തീരത്തെ ബെഞ്ചിൽ ഇരിപ്പുണ്ടെന്ന് അവൻ പറഞ്ഞു.അത് കേട്ടതും നന്ദു വരുണിനെ പോലും കൂട്ടാതെ പുറത്തേക്കിറങ്ങി ഓടി. വരുൺ അത് സന്തോഷത്തോടെ നോക്കി നിന്നു.അപ്പോഴേക്കും ഡോക്ടർ അവനടുത്തേക്ക് വന്നു. “താങ്ക്സ് ഡോക്ടർ… ഒത്തിരി നന്ദിയുണ്ട്.” “സ്നേഹിക്കുന്ന രണ്ടു പേരെ ഒന്നിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമേ ഉളളൂ. കൂടാതെ ആയുഷിനെ ഞാൻ നന്നായി മനസിലാക്കിയിട്ടുണ്ട്. അവന് നന്ദു എന്നു വച്ചാൽ ജീവനാ. അത് അറിയുന്ന ആരും ഇങ്ങനൊരു കാര്യത്തിന് കൂട്ടു നിൽക്കുകയേ ഉളളൂ” “എങ്കിലും ഞാൻ പെട്ടെന്ന് വിളിച്ചു പറഞ്ഞപ്പോൾ ഡോക്ടർ വരാൻ കാണിച്ച ആ മനസിന് ഒരായിരം നന്ദി” “ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നത് നന്നായി. പിന്നെ സ്നേഹിക്കുന്നവർ ഒന്നിക്കട്ടെടോ… അപ്പോൾ ശരി… ശെരിക്കും എനിക്ക് തിരിച്ചു പോകേണ്ട സമയം ആയി.” അവൻ നന്ദിയോടെ അയാളെ നോക്കി നിന്നു.എന്നിട്ട് ബാഗെല്ലാം എടുത്ത് തിരിച്ചു ഹോട്ടലിലേക്ക് തന്നെ പോയി. ‘ഇത്രേ ഉളളൂ പെണ്ണ്.സ്നേഹിക്കുന്നവർ വിഷമിക്കുന്നതറിഞ്ഞാൽ അവർ എന്ത് ദേഷ്യവും മറക്കും’അവൻ ചിന്തിച്ചു. ***
ആയുഷ് നദിയിലേക്ക് കണ്ണും നട്ട് പതിവ് പോലെ ഇരിക്കുകയാണ്. നന്ദു അവനരികിലേക്ക് ഓടിയെത്തി.അവൾ നോക്കിയപ്പോൾ ചുറ്റും നടക്കുന്നതൊന്നും അറിയാതെ അവൻ സ്വപ്നങ്ങളിൽ മുഴുകി ഇരിക്കുകയാണ്. അവൾ പതിയെ അവനരികിലായി ബെഞ്ചിൽ വന്നിരുന്നു. അവന്റെ ശ്രദ്ധ ആകർഷിക്കാനായി ചുമച്ചൊക്കെ കാട്ടി.എന്നിട്ടും രക്ഷയില്ലാത്തതിനാൽ അവനെ വിളിക്കാൻ തുടങ്ങിയതും അവൻ അവളെ ശ്രദ്ധിച്ചു. “നന്ദൂ….ഇതിപ്പോൾ എത്രാമത്തെ തവണയാണ് എനിക്ക് നീ അടുത്തുള്ളതായി തോന്നുന്നതെന്നോ.എനിക്കറിയാം നീയിനി ഒരിക്കലും എന്റെ സ്വന്തമാകില്ലെന്ന്..”അവൻ വീണ്ടും മുഖം തിരിച്ചു. ‘അപ്പോൾ ആള് സ്വപ്ന ലോകത്താണ്.ഈശ്വരാ കഞ്ചാവടിയും തുടങ്ങിയോ’അവൾ ചിന്തിച്ചു. “ഹലോ… ഇതെന്തൊക്കെയാ പറയുന്നത്…” അവൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. “നന്ദൂ…നീ പോയില്ലേ” “പോണമായിരുന്നോ….” “ഞാൻ കരുതി നീ എന്നെ ഉപേക്ഷിച്ച്…” “ഞാൻ ഒരു സായിപ്പിനെ സെറ്റാക്കാൻ വന്നതാ…എനിക്കും വേണ്ടേ ഒരു കല്യാണമൊക്കെ” “അതിന്…നീയിപ്പോഴും ലീഗലി എന്റെ ഭാര്യയാണ്.”
“ഓഹോ?” “ഞാൻ ആ ഡിവോഴ്സ് ഫയൽ ചെയ്തില്ല” “അതെന്താ” “വിട്ടുകൊടുക്കാൻ തോന്നീല്ല” “എന്നിട്ടാണോ ഒന്നും പറയാതെ ഒളിച്ചു വച്ചത്” “എല്ലാം പറയണമെന്നുണ്ടായിരുന്നു.പക്ഷേ അന്നെനിക്ക് തന്നെ എന്റെ ജീവനിൽ ഉറപ്പില്ലായിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന് നീയറിഞ്ഞാൽ ഒരിക്കലും എന്നെ വിട്ട് പോകില്ലെന്ന് അറിയാം.ഞാൻ മരിച്ചിരുന്നെങ്കിൽ…” അവൻ അത് പറയുന്നതിന് മുന്നേ അവൾ അവന്റെ വാ പൊത്തി. “ഇല്ല.ഞാൻ ഇനി മരണത്തിനും ഏട്ടനെ വിട്ടു കൊടുക്കില്ല.എനിക്ക് വേണം.നമുക്ക് ജീവിക്കണം.പണ്ട് ഞാൻ…അല്ല ഇനി നമ്മൾ സ്വപ്നം കാണുന്നത് പോലെ” അവൻ അവളെ തന്നിലേക്ക് ചേർത്തിരുത്തി.അവർ ഇരുവരും പരസ്പരം നോക്കിയിട്ട് നദിയിലേക്ക് നോക്കിയിരുന്നു സുന്ദരമായ ഒരു ഭാവി മുന്നിൽ കണ്ടുകൊണ്ട്. അവർക്ക് പിന്നിൽ ഈഫൽ ടവറും പാരീസ് നഗരവും പതിവ് മനോഹാരിതയിൽ നിറഞ്ഞു നിന്നു. അതെ…. വിധിയെ പോലും മാറ്റിയെഴുതി അവർ ഒന്നായിരിക്കുന്നു.സോൾമേറ്റ്‌സ്…. (അവസാനിച്ചു)

by