രചന – ഐശ്വര്യ അനിൽകുമാർ
ആദ്യമായിട്ടാണ് അവൾ ഇങ്ങനൊരു സ്ഥലത്ത് പാർട്ടിക്കൊക്കെ പോകുന്നത്.അതിന്റെ ഭയം അവൾക്കുള്ളിൽ ഉണ്ടായിരുന്നു. എന്താവുമോ എന്തോ…അവൾ ആയുഷിനെ നോക്കി.അടുത്ത് താൻ ഇരിക്കുന്നത് പോലും മൈൻഡ് ചെയ്യാതെ ഫോണിൽ തേച്ച് ഇരിക്കുകയാണ്. “ഇയാൾക്ക് ഇപ്പോഴും ഇതുതന്നേ പണി?ഇത്ര തേക്കാനായിട്ട് അതിലിപ്പോൾ എന്താ ഉള്ളേ?”അവൾ അവന്റെ ഫോണിലേക്ക് എത്തി വലിഞ്ഞു നോക്കി. “വാട്ട്?” അവൻ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു. ഒന്നുമില്ല എന്ന അർഥത്തിൽ അവൾ കണ്ണടച്ചു കാട്ടി.എന്നിട്ട് തന്റെ കയ്യിലുള്ള നോക്കിയയുടെ പഴയ മോഡൽ ഫോണിനെ പറ്റി ഓർത്തു.അതിൽ ആകെ ഉള്ളത് ഒരു പാമ്പിന്റെ കളിയാ.അതൊട്ട് തനിക്ക് കളിച്ചു മടുക്കുകയും ചെയ്‌തു. ബാലൻസ് ഇല്ലാത്തോണ്ട് ആരെയും വിളിക്കുകയും ഇല്ല.അല്ലേലും ആരെ വിളിക്കാനാ… മുത്തശ്ശിയോട് സംസാരിക്കണമെന്നുണ്ട്.പക്ഷേ എന്താ ഒരു വഴി.ഏട്ടനോട് പറയാൻ പേടിയാ…എന്തേലും ചെയ്യാം… അര മണിക്കൂർ യാത്ര കഴിഞ്ഞ് അവർ സ്ഥലത്തെത്തി.
ആയുഷ് ഒന്നും മിണ്ടാതെ ഇറങ്ങി പോയി.വർഷ അവളോടൊപ്പം നടന്നു. “നാണം കാരണമാവും അവൻ മുമ്പേ പോയത്…പതിവില്ലാത്ത വികരങ്ങളൊക്കെ രൂപപ്പെട്ട് തുടങ്ങി”വർഷ പറഞ്ഞു. ‘നാണം….ഏട്ടനോ… നല്ല കഥ…’ നന്ദു ചിന്തിച്ചു.അവൾ വർഷയെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആ വലിയ റെസ്റ്റോറന്റിൽ ഒരു പ്രത്യേക വഴിയിലൂടെ അവർ നീങ്ങി.അത് ഒരു വിശാലമായ റൂമിൽ ചെന്ന് അവസാനിച്ചു. അവിടെ ആയുഷ് സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്.അപ്പോൾ ഇതായിരിക്കും ഓഫീസിൽ ഉള്ളവർ എന്നവൾ ഓർത്തു.അവൾ മനസിൽ അല്പം ഭയത്തോടെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. എല്ലാ കണ്ണുകളും തന്നിലേക്കാണ് നീളുന്നതെന്ന് അവൾക്ക് മനസിലായി.പെട്ടന്ന് എല്ലാവരും നിശബ്ദരായി. ആദ്യം ഒന്നു തറപ്പിച്ചു നോക്കിയെങ്കിലും ആയുഷ് ഉടനെ വന്ന് അവളുടെ കയ്യിൽ പിടിച്ചു ആൾക്കൂട്ടത്തിനടുത്തേക്ക് കൊണ്ട് പോയി. “സോ…മീറ്റ് മൈ വൈഫ്…മിസ്സിസ്.നന്ദന ആയുഷ്…”അവൻ പറഞ്ഞു.
അവൾക്ക് അത് കേട്ട് സന്തോഷം തോന്നി.എല്ലാവരും അവൾക്ക് ഹായ് പറഞ്ഞു. “തും ധോനോം സാത് മേം ക്യൂട്ട് ലഗ്തീ ഹേ”ഒരാൾ പറഞ്ഞു. “യെസ്…മെയ്ഡ് ഫോർ ഈച് അദർ”മറ്റൊരാൾ പറഞ്ഞു. “ഞങ്ങളുടെ ടീമിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറിനെ ആണുട്ടോ നന്ദന തട്ടിയെടുത്തത്.അതിൽ ഞങ്ങൾക്ക് കുറച്ച് വിഷമം ഉണ്ട്ട്ടോ…” കൂട്ടത്തിലെ മലയാളി അഞ്ജലി പറഞ്ഞു. “വിഷമം അല്ലാട്ടോ…ശീ ഈസ് ജലസ്….” നിത്യ അഞ്ജലിയെ കളിയാക്കി.എല്ലാവരും ചിരിച്ചു. ഫോട്ടോയെടുപ്പും ഭക്ഷണവും ഒക്കേയായി സമയം നീണ്ടു. അവസാനം എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.എല്ലാം കഴിഞ്ഞപ്പോൾ സമയം പത്തര ആയിരുന്നു. നന്ദുവിന് നല്ല ക്ഷീണം തോന്നി.സ്ഥലം മാറിയിട്ടാകും ഇന്നലെ നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല.അതുകൊണ്ട് തന്നെ പെട്ടന്ന് വീടെത്താൻ അവൾ പ്രാർത്ഥിച്ചു. പക്ഷേ നല്ല ബ്ലോക്ക് ഉണ്ടായിരുന്നു. രാത്രി ആയിട്ട് കൂടി നല്ല തിരക്കുണ്ട്.ഇന്ത്യ ഗേറ്റ് ഫോട്ടോയിൽ കണ്ടിട്ടുണ്ടെങ്കിലും അന്ന് നേരിട്ട് ആദ്യമായി കണ്ടു.
റോഡരുകിൽ ചായ വിൽക്കുന്നവർ സജീവമാണ്.അടുത്തടുത്ത് തന്നെ ഒരുപാട് പേർ ചായ വിൽക്കുന്നുണ്ടെങ്കിലും എല്ലായിടത്തും നല്ല തിരക്കുണ്ട്.കാഴ്ചകൾ കണ്ട് വിൻഡോയിൽ തല വച്ച് അവൾ കിടന്നു.പതിയെ കണ്ണുകൾ അടഞ്ഞു. കുറച്ചു കഴിഞ്ഞ് തല ബൗണ്സ് ചെയ്ത് വരുന്നത് പോലെ തോന്നിയപ്പോഴാണ് അവൾ ഉണർന്നത്. അപ്പോൾ ആയുഷ് അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.ഉറങ്ങിയപ്പോൾ അറിയാതെ അവന്റെ തോളിൽ ചാഞ്ഞതാകും.അതേ സ്പീഡിൽ തിരിച്ചു തട്ടി തെറിപ്പിച്ചു അവൻ.അവൾ സോറി പറഞ്ഞു. അങ്ങനെ വീട്ടിൽ എത്തി.വർഷ ഗുഡ് ബൈ പറഞ്ഞു പോയി.നന്ദു പതിയെ അകത്തേക്ക് നടന്നു.പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു.അവൾ ഡ്രെസ്സ് മാറ്റി പെട്ടന്ന് തന്നെ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അല്പം താമസിച്ചു പോയി.അവൾ കുളിച്ചു ഫ്രഷായി അടുക്കളയിലേക്ക് പോയപ്പോൾ ആയുഷ് ചായ ഇട്ടു കൊണ്ട് നിൽക്കുകയാണ്. “ഞാൻ ഇടാം ഏട്ടാ…”അവൾ സൗമ്യമായി പറഞ്ഞു.
“നോ താങ്ക്സ്…” “സാരമില്ല…ഏട്ടൻ പോയി റെഡി ആയിക്കോളൂ” “വേണ്ടാന്ന് ഒരു വട്ടം പറഞ്ഞല്ലോ…ഇന്നലെ വൈഫ് ആയി പരിചയപ്പെടുത്തി എന്ന് കരുതി അതിന്റെ അധികാരങ്ങൾ കാണിക്കാൻ വരരുത്….മനസ്സിലായല്ലോ…നീ എന്നെ ഇമ്പ്രെസ് ചെയ്യാൻ ഇനി എന്തൊക്കെ കാട്ടിയാലും ഐ ഡോണ്ട് കെയർ…ബിക്കാസ് ഐ ഹെയ്റ്റ് യൂ” അവൻ ചായയും എടുത്ത് റൂമിലേക്ക് നീങ്ങി. “ഞാൻ ഇത് പ്രതീക്ഷിച്ചതാണ്…എന്നു കരുതി ഞാൻ സീരിയൽ നായികയെ പോലെ കാരഞ്ഞോണ്ടിരിക്കാനൊന്നും പോണില്ല.ഒരിക്കൽ നിങ്ങളാണ് എന്നോട് പറഞ്ഞത് എന്നെ ഇഷ്ടമാന്ന്.. ആ നിങ്ങള് തന്നെ ഇപ്പോൾ വെറുക്കുന്നു എന്നും പറയുന്നു.അപ്പോൾ ഏതാ ഞാൻ വിശ്വസിക്കേണ്ടത്…എന്തായാലും തോൽക്കാൻ ഞാനില്ല.ഞാൻ എന്ത് തെറ്റാ ചെയ്തതെന്ന് അറിയണോല്ലോ…”അവൾ സ്വയം പറഞ്ഞു. എന്നിട്ട് ചായയിലേക്ക് നോക്കി. “ഇനി രണ്ട് പേർക്ക് കൂടി ഉണ്ട്.അപ്പോൾ എന്നെ ലിസ്റ്റിൽ പെടുത്തിയിട്ടില്ല.വേണ്ട..ഒരു ദിവസം ചായ കുടിച്ചില്ലെങ്കിൽ ചത്തൊന്നും പോകില്ലല്ലോ” അവൾ അന്നത്തേയ്ക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി.അവൻ അന്ന് ഒന്നും കഴിക്കാതെ പോയി.എല്ലാവരും പോയപ്പോൾ വീണ്ടും അവൾ ഒറ്റയ്ക്കായി.
“അല്ലെങ്കിലും ഞാൻ എന്നും ഒറ്റയ്ക്കായിരുന്നല്ലോ….ഒരു വയസ്സായിരുന്നപ്പോഴേ അമ്മ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.പിന്നെ അങ്ങോട്ട് വളർത്തിയത് മുത്തശ്ശനും മുത്തശ്ശിയും ആണ്.ഡിഗ്രിക്ക് ചേർന്ന് ഒരു മാസം കഴിഞ്ഞപ്പോൾ മുത്തശ്ശനും പോയി…അങ്ങനെ പഠിപ്പും തീർന്നു.പിന്നെ തയ്യൽ അറിയാവുന്നത് കൊണ്ട് ജീവിച്ചു പൊന്നു.വായ കീറിയ ദൈവം ആഹാരവും തരും എന്ന് പറയുന്നതൊക്കെ വെറുതെയാ…എല്ലാം അവരവരുടെ കഴിവ് പോലിരിക്കും…ആരറിഞ്ഞു ഈ നാട്ടിൽ ആരുമില്ലാത്തവളെ പോലെ ഞാൻ വന്ന് കിടക്കേണ്ടി വരുമെന്ന്…എല്ലാം വിധി..തലവര മാറ്റാൻ ആർക്കും പറ്റില്ലല്ലോ”അവൾ ഓർത്തു. ബുക്കുമെടുത്ത് മുൻവശത്തേക്ക് ഇറങ്ങിയപ്പോഴാണ് വർഷ അങ്ങോട്ട് വന്നത്. “ഹായ്…എന്താ പരിപാടി?” “വെറുതെ… ഇവിടൊക്കെ ഇരിക്കുവാ” “ഞാനും ഒറ്റയ്‌ക്കിരുന്ന് മടുത്തു.
അപ്പോഴാ തന്റെ കാര്യം ഓർത്തേ… ഒരു കമ്പനി ആകട്ടെ എന്ന് കരുതി ഇങ്ങോട്ട് വിട്ടു.” അവർ കുറേ നേരം സംസാരിച്ചിരുന്നു.ആയുഷിന്റെ കോളേജിലെ കഥകളും പിന്നെ പാരീസിൽ പോകേണ്ടി വന്ന സാഹചര്യവും എല്ലാം അവൾ പറഞ്ഞു.നന്ദുവിനെ പറ്റി പറയുന്നതിനിടയ്ക്ക് അവൾ തയ്ക്കാൻ പോകുന്നതിനെ പറ്റിയൊക്കെ പറഞ്ഞു. “അപ്പോൾ ഡിസൈനിങ് ഒക്കെ അറിയായിരിക്കുമല്ലോ?”വർഷ കൗതുകത്തോടെ ചോദിച്ചു. “അയ്യോ…അങ്ങനെ വലുതായിട്ടൊന്നും അറിയില്ല ചേച്ചി.ചെറുതായിട്ട് എനിക്ക് തോന്നുന്ന പോലെയൊക്കെ….അല്ലാണ്ട് പഠിച്ചിട്ടൊന്നുമില്ല” “അപ്പോൾ നമുക്കൊന്ന് പഠിച്ചു നോക്കാം.എനിക്കും പണിയൊന്നുമില്ല.നന്ദൂനും പണിയില്ല.നമുക്ക് എന്റെ വീട്ടിൽ പോകാം.കമോൺ”വർഷ എഴുനേറ്റിറ്റ് പറഞ്ഞു. “അത് വേണോ ചേച്ചി….ഇവിടാരും ഇല്ലാണ്ട്” “വീട് ആരും എടുത്തോണ്ട് പോവില്ല.പൂട്ടി കൊണ്ട് പോകാം” വർഷ നിർബന്ധിച്ചപ്പോൾ അവൾ വീട് പൂട്ടി താക്കോലുമെടുത്ത് അവളോടൊപ്പം പോയി. രണ്ട് വീടുകൾക്ക് അപ്പുറത്താണ് വർഷയുടെ വീട്.ആ ഏരിയയിൽ എല്ലാ വീടും പുറമെ നിന്നു നോക്കിയാൽ ഒരുപോലെയാണ്.
പക്ഷെ അകത്ത് വ്യത്യസ്തമായ പ്ലാൻ ആണ്.അടുക്കും ചിട്ടയുമില്ലാത്ത ഒരു വീട്.എല്ലാം വാരി വലിച്ച് ഇട്ടിരിക്കുന്നു.ഡൽഹിയിലെ എല്ലാ ആക്രിയും അവിടെ ഉള്ളതായി അവൾക്ക് തോന്നി. അവളുടെ മുഖത്തുണ്ടായ ഭാവമാറ്റം കണ്ടിട്ടാകണം വർഷ പറഞ്ഞു. “സോറി…ആക്രി കട ആണെന്ന് തോന്നുന്നുണ്ടാവും.ഞാൻ ഇക്കാര്യത്തിലൊക്കെ ഭയങ്കര മടിച്ചിയാട്ടോ..പിന്നെ ആന്റിക് ഐറ്റംസ് കലക്ട് ചെയ്യുന്നത് എന്റെ ഒരു ഹോബി ആണ്.വാങ്ങികൂട്ടാൻ വല്യ ഇന്ററസ്റ്റ് ആണ്.പക്ഷേ അതൊന്നും വൃത്തിയായി സൂക്ഷിക്കാൻ എന്നെ കിട്ടില്ല…” നന്ദു ഒന്നു പുഞ്ചിരിച്ചിട്ട് ഓരോ സാധനങ്ങളും എടുത്ത് നോക്കാൻ തുടങ്ങി.അപ്പോഴേക്കും വർഷ കുറേ ഡിസൈൻസും പേപ്പറും പെൻസിലുമൊക്കെയായി വന്നു. “ഇതൊക്കെ ചേച്ചി ചെയ്തതാണോ?” വർഷ അതെ എന്ന് തലയാട്ടി. “സൂപ്പർ” എന്നിട്ട് വർഷ ഓരോന്നിനെ പറ്റിയും അവൾക്ക് വിവരിച്ചു കൊടുത്തു.നന്ദു എല്ലാം പെട്ടസ്റന്ന് തന്നെ മനസിലാക്കി.എന്നിട്ട് അവസാനം സ്വന്തമായി ഒരു ഡ്രസ്സ് ഡിസൈൻ ചെയ്തു.
“ഫാസ്റ്റ് ലേണർ ആണല്ലോ…ഏറെക്കുറെ ഓക്കെ ആയി.ബട്ട് ഇമ്പ്രൂവ് ചെയ്യാനുണ്ട്.എനിവേ നൈസ് ട്രൈ….ഈ ഫീൽഡിൽ നല്ല ഫ്യൂച്ചർ ഉണ്ട്.” നന്ദു ഒന്നു പുഞ്ചിരിച്ചു. പിന്നെയും ഒരുപാട് നേരം അവർ സംസാരിച്ചിരുന്നു.അതിനിടയിൽ നന്ദു തന്റെ വിവാഹത്തെ പറ്റിയൊക്കെ പറഞ്ഞു.പക്ഷേ ആയുഷിന് ഇഷ്ടമല്ലാഞ്ഞിട്ട് നടന്നതാണെന്നൊന്നും പറയാൻ തോന്നിയില്ല.അവനെ പറ്റി മോശമായി ഒന്നും മറ്റാരും അറിയണ്ട എന്നവൾ കരുതി.വർഷ അവളുടെ ജീവിതത്തെ പറ്റി പറഞ്ഞു. “എനിക്ക് ഓർമ വച്ച നാൾ മുതൽ പപ്പയും മമ്മിയും എപ്പോഴും വഴക്കാണ്.അവസാനം എന്റെ ഗ്രാജുവേഷൻ കഴിഞ്ഞപ്പോളേക്കും ദെ ഗോട്ട് ഡിവോഴ്സ്ഡ്..അതിനിടയ്ക്ക് ഞാനും അശോകും തമ്മിലെ അഫയർ…പിന്നെ അവനും എന്നെ ഉപേക്ഷിച്ചു പോയി..പിന്നെ ഞാൻ ഇങ്ങനെ ഫ്രീ ബേഡായി പറന്നു നടക്കുന്നു.” “സോറി ചേച്ചി…ഞാൻ അറിയാതെ ചോദിച്ചതാ” “ഏയ്… ഇറ്റ്‌സ് ഓക്കേ.. ഇപ്പോഴാ ഞാൻ ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങുന്നത്.
ഇപ്പോൾ നോ കമ്മിറ്റ്‌മെന്റ്‌സ്.. നോ വറീസ്.പിന്നെ നന്ദൂനെ പോലെ മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റുന്ന ചില റിലേഷൻസ്. അതു തന്നെ ധാരാളം.” ‘എപ്പോഴും ചിരിച്ചു നടക്കുന്ന ചേച്ചിയുടെ മനസിൽ ഇത്രയും ദുഃഖമുണ്ടായിരുന്നോ..?ഇതൊക്കെ വച്ച് നോക്കുമ്പോൾ തനിക്ക് സ്വന്തമെന്നു പറയാൻ ആരെങ്കിലും ഉണ്ടല്ലോ.ഏട്ടൻ ഒരർത്ഥവും കാണുന്നില്ലെങ്കിലും ഈ താലി അത് തന്നെ തന്റെ സനാഥത്വത്തിന്റെ അടയാളം അല്ലേ..’നന്ദു ചിന്തിച്ചു. ” ഞാൻ എന്റെ പ്രോബ്ലംസ് പറഞ്ഞ് നന്ദൂട്ടിയെ വിഷമിപ്പിച്ചോ…പിന്നെ പറയാൻ മറന്നു. ഞാൻ നാളെ പോകുവാ.മുംബൈക്ക്…നേരത്തെ പോകാന്ന് കരുതി..അപ്പോൾ ഇനി അടുത്ത വരവിൽ പാക്കലാം…” “കുറച്ച് ദിവസം കാണുമെന്ന് പറഞ്ഞിട്ട് …ചേച്ചി പോയാൽ ഞാൻ തനിച്ചാവോല്ലോ… ഇപ്പോൾ പോണ്ടാരുന്നു” “അയ്യേ…ഇതെന്താ…കുഞ്ഞു കുട്ടികളെ പോലെ… നിനക്ക് കൂട്ട് ആയുഷ് ഇല്ലേ…നിന്റെ സോൾ മേറ്റ്” “സോൾ മേറ്റോ?” “അതായത്…ഗ്രീക്ക് പുരാണങ്ങളിൽ ഉള്ള ഒരു കൻസെപ്റ്റ് ആണ്.ദൈവം മനുഷ്യരെ സൃഷ്ടിച്ചിരുന്നത് രണ്ട് ആത്മാവും ഒരു ശരീരവും ആയിട്ടായിരുന്നു അത്രേ…പിന്നീട് അഹങ്കാരം കൂടി വന്നപ്പോൾ ആ ആത്മാക്കളെ പിരിച്ചു.ഏത് ആത്മാവിൽ നിന്നാണോ നിങ്ങളെ വേർപ്പെടുത്തിയത് അതാണ് നിങ്ങളുടെ സോൾമേറ്റ്.
സോ നമ്മുടെ ആത്മാവിനെ പൂർണമാക്കാൻ വി ശുഡ് ഫൈൻഡ് ഔർ സോൾമേറ്റ്…” “ചേച്ചിക്ക് ഞങ്ങളെ കണ്ടിട്ട് അങ്ങനെ തോന്നിയോ?”അവൾ നിഷ്കളങ്കമായി ചോദിച്ചു. “പിന്നല്ലാതെ… നിങ്ങൾ രണ്ടും എന്ത് ക്യൂട്ട് ആന്ന് അറിയോ…പെര്ഫെക്റ്റ് കപ്പിൾ” “അതെ അതേ “നന്ദു എന്തൊക്കെയോ ആലോചിച്ചിട്ട് പറഞ്ഞു. “അതിന് ഒരു ഗുമ്മില്ലല്ലോ”രണ്ടു പേരും ചിരിച്ചു. അങ്ങനെ അവർ സംസാരിച്ചിരുന്നു. അപ്പഴേക്കും ആയുഷും വിവാനും എത്തിയിരുന്നു. “ഇതെന്താ ഡോർ തുറക്കാതെ…ഈ കഴുത എവിടെ പോയി കിടക്കുവാ?”ആയുഷ് ബെല്ലിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു. “നീ അത് നശിപ്പിക്കോ?അതീന്ന് വിട്…”വിവാൻ അവനെ വഴക്ക് പറഞ്ഞു. “ഈ നന്ദന എവിടെ പോയി?”വിവാൻ ആയുഷിനോട് ചോദിച്ചു. “അതല്ലേ ഞാനും ചോദിക്കുന്നത്” “അയ്യോ…ഇനി നിന്നെ പേടിച്ചു സ്ഥലം വിട്ടോ?” “എങ്കിൽ ഞാൻ രക്ഷപ്പെട്ടു…അവള് അങ്ങനെയൊന്നും പോകില്ലന്നേ… ഇനി പോയോ?” അപ്പോഴേക്കും നന്ദു വർഷ കൊടുത്ത വിസിറ്റിങ് കാർഡുമായി ഒരു മൂളിപ്പാട്ടും പാടി വരികയാണ്. “എന്നാലും വർഷേച്ചി പോകണ്ടായിരുന്നു.
എനിക്കിനി ഒന്ന് സംസാരിച്ചിരിക്കാൻ പോലും ആരും ഉണ്ടാവില്ല.” അവൾ അല്പം വിഷമത്തോടെ ഓർത്തു. അപ്പോഴാണ് വാതിലിന് മുന്നിൽ കലി പൂണ്ട് നിൽക്കുന്ന ആയുഷിനെ അവൾ കണ്ടത്.അവൻ തന്നെ കണ്ടിട്ടില്ല. “ആയുഷ്… ഇനിയെങ്കിലും നീ ഒന്ന് മനസിലാക്ക്… നന്ദന നിനക്കുള്ള പെര്ഫെക്റ്റ് മാച്ച് ആണ്.നിന്റെ രോഗം അത് ചികിത്സ കൊണ്ട് മാറാന്നുള്ളതേ ഉളളൂ. അത് കാരണം നീ നിന്റെ ലൈഫ് വേസ്റ്റ് ആക്കേണ്ട കാര്യമില്ല.”വിവാൻ പറഞ്ഞു. പെട്ടെന്ന് നന്ദനയെ കണ്ടപ്പോൾ ആയുഷ് വിവാന്റെ കയ്യിൽ പിടിച്ചു നിർത്താൻ പറഞ്ഞു. “എവിടായിരുന്നു മഹാറാണി ഇത്ര നേരം വരെയും?നിന്നെ കാത്ത് ഞങ്ങൾ പുറത്ത് നിൽക്കണോ?”ആയുഷ് ദേഷ്യത്തോടെ ചോദിച്ചു. “അത് ഏട്ടാ…വർഷേച്ചി വിളിച്ചപ്പോൾ…ഞാൻ…” “ആ മതി…വന്ന് ഡോർ തുറക്ക്” അവള് ഡോർ തുറന്നപ്പോൾ വിവാൻ ഉടനെ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി. “ഏട്ടന്… രോഗം…എന്തായിപ്പോൾ പറഞ്ഞേ”സ്റ്റെപ്പ് കയറാൻ പോയ വിവാനോട് അവൾ ചോദിച്ചു.
“വിവാൻ” അപ്പോഴേക്കും മുകളിൽ നിന്ന് ആയുഷിന്റെ വിളി വന്നിരുന്നു. “രോഗമോ…താൻ കേട്ടതിലെ മിസ്റ്റേക്ക് ആകും.”അവൻ എങ്ങനെയെങ്കിലും പറഞ്ഞൊപ്പിച്ചിട്ട് മുകളിലേക്ക് പോയി. ‘ആ ചിലപ്പോൾ തോന്നിയതാവും’ അവൾ ചിന്തിച്ചു. അങ്ങനെ പെട്ടന്ന് നാളുകൾ കടന്നു പോയി. വർഷ പോയതോടെ പകൽ സമയങ്ങളിൽ ആയുഷിന്റെ ബുക്ക്കൾ മാത്രമായി അവളുടെ കൂട്ടുകാർ.അവൾ വീട്ടിലുള്ളതായിട്ട് പോലും ആയുഷ് ഭാവിക്കാറില്ല. ദിയയും അതുപോലെ തന്നെ.അവൾക്ക് താൻ എന്ത് ദ്രോഹം ചെയ്‌തെന്ന് തനിക്ക് ഇതു വരെയും മനസിലായിട്ടില്ല. വിവാൻ പാരീസിൽ നിന്നും കുടുംബം വന്നതിനാൽ അവരോടൊപ്പം കുറച്ചു നാളായി മുംബൈയിൽ ആണ്. കുറച്ച് ദിവസമായി ആയുഷ് പുതിയ ഗെയിമിന് വേണ്ടി കാരക്ടർസ് ഡിസൈൻ ചെയ്യുന്ന തിരക്കിലാണ്. പക്ഷേ ഒന്നും അങ്ങട് ശരിയാവുന്നില്ല.അവൻ വൈറ്റ് ബോഡിൽ പല പല രൂപങ്ങൾ വരച്ചിട്ടും ഒന്നിലും തൃപ്തിയാവുന്നില്ല.
പിറ്റേന്ന് അവൻ ഓഫീസിൽ പോയ സമയത്തിന് നന്ദു വായിച്ച ബുക്ക് തിരിച്ചു വയ്ക്കാനായി അവന്റെ റൂമിലേക്ക് ചെന്നു.അപ്പോഴാണ് ബോർഡിൽ എന്തോ ഒരു കാര്ട്ടൂണ് കഥാപാത്രം വരച്ചിട്ടിരിക്കുന്നത് കണ്ടത്. “ഇത് കൊള്ളാല്ലോ…ഏട്ടനിപ്പോൾ ഇങ്ങനുള്ള വിചിത്ര ജീവികളോടാ കൂട്ട്?എന്താ പറയാ…ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. ഇതിലും ചേരുന്ന ഒന്നിനെ ഞാൻ വരച്ചു തരാം.” അവൾ ചിരിച്ചുകൊണ്ട് മറ്റൊരു രൂപം വരയ്ക്കാൻ തുടങ്ങി. “ഈ പെണ്ണ് ഡോർ തുറന്നിട്ടിട്ട് എങ്ങോട്ട് പോയി?” ആയുഷ് പിറുപിറുത്തു കൊണ്ട് റൂമിലേക്ക് കയറി.അപ്പോഴാണ് ബോഡിൽ വരച്ചു കൊണ്ട് നിൽക്കുന്ന നന്ദുവിനെ കണ്ടത്. “ടീ…” അവൻ അലറി. നന്ദു ഞെട്ടലോടെ അവനെ നോക്കി.അവളുടെ കയ്യിൽ നിന്നും മാർക്കർ തറയിൽ വീണു. “നിന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്…ഇങ്ങോട്ട് കയറരുതെന്ന്…നിനക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ..അതോ അനുസരിക്കാൻ വയ്യാഞ്ഞിട്ടോ…” പിന്നൊന്നും നോക്കിയില്ല അവൾ കരഞ്ഞുകൊണ്ട് റൂമിൽ നിന്ന് ഇറങ്ങിപ്പോയി. പോകുന്ന വഴിയിൽ മേശപ്പുറത്ത് നിന്നും ഒരു കുപ്പി മരുന്ന് തറയിൽ വീണു അവളുടെ കൈ തട്ടി.
അവൾ അതിലേക്ക് നോക്കാൻ തുടങ്ങിയതും അവൾക്ക് മുന്നിൽ ഡോർ അടഞ്ഞിരുന്നു. ആയുഷ് മരുന്ന് കുപ്പി കയ്യിലെടുത്തു.എന്നിട്ട് ബോർഡിലേക്ക് നോക്കി. “പെര്ഫെക്റ്റ്… ഐ ഗോട്ട് ഇറ്റ്” നന്ദു വരച്ച രൂപം അവന് ഒരുപാട് ഇഷ്ടമായി.എന്നിട്ട് മരുന്നു കുപ്പി നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് അവൻ നന്ദുവിനെ ഓർത്തു. “പാവം….അവളെ ഇനിയും ബുദ്ധിമുട്ടിപ്പിക്കരുത്” എന്നിട്ട് അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചു. പിറ്റേന്ന് അവൻ പതിവിലും താമസിച്ചാണ് പുറത്തേക്ക് പോയത്.ഇന്ന് ഓഫീസിൽ പോണ്ടേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും നന്ദു പേടിച്ചിട്ട് ഒന്നും ചോദിച്ചില്ല.ഉച്ച ആയപ്പോഴേക്കും അവൻ തിരികെ വന്നു. അവൻ വന്നപ്പോൾ ഡോറും തുറന്നിട്ട് ടീവിയും ഓണാക്കി അവൾ സെറ്റിയിൽ കിടന്ന് ഉറങ്ങുകയാണ്. അവൻ ചിരിച്ചു കൊണ്ട് അവൾക്കടുത്തേക്ക് വന്നു.
“ഡോർ തുറന്നിട്ട് സുഖായിട്ട് ഉറങ്ങുവാണല്ലോ. നന്ദു…” “അയ്യോ…ഞാൻ ഇനി റൂമിൽ കേറില്ല”അവൾ ഞെട്ടി ഉണർന്നു. “താൻ ഒന്ന് മുകളിലേക്ക് വന്നേ…റൂമില്”അവൻ പുഞ്ചിരിച്ചിട്ട് പറഞ്ഞു. “ങേ…”അവൾ മറുത്തൊന്ന് പറയുന്നതിന് മുന്നേ അവൻ റൂമിലേക്ക് പോയി. “ഇതിപ്പോൾ എന്തിനാ വിളിക്കുന്നേ… ഏട്ടന് ആള് മാറിയോ… ദിയയാണെന്ന് കരുതി…ഏയ്… എന്നെ തന്നെയാ”ഓരോന്ന് ചിന്തിച്ചു കൊണ്ട് അവൾ ടീവി ഓഫാക്കി ഡോർ അടച്ചു. “എന്റെ ദേവീ…വഴക്ക് പറയാൻ ആകല്ലേ”അവൾ അല്പം ഭയത്തോടെ റൂമിലേക്ക് നടന്നു. “എന്താ അവിടെ നിൽക്കുന്നേ… കേറി വാ” വാതിലിന് മുന്നിൽ മടിച്ചു നിൽക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു. “സീ നന്ദന….നമ്മൾ മരീഡ് ആയിട്ട് ഇപ്പോൾ മൂന്ന് മാസം ആവുന്നു.നമുക്ക് രണ്ടു പേർക്കും ഇതിൽ താല്പര്യം ഇല്ല.സോ ഈ ഡ്രാമ ഇനി മുന്നോട്ട് കൊണ്ട് പോകണമെന്നില്ല.എല്ലാം പെട്ടെന്ന് അവസാനിപ്പിക്കാൻ മ്യൂച്വൽ ഡിവോഴ്സ് ആയിരിക്കും ബെറ്റർ” അവൻ പറഞ്ഞു കൊണ്ട് പേപ്പറുകൾ അവൾക്കു നേരെ നീട്ടി. (തുടരും)

by