18/04/2026

നിഴലായ് : അവസാന ഭാഗം

രചന – ശരണ്യ

രാവിലെ ആദ്യം ഉണർന്നത് ആനിയായിരുന്നു…അവൾ കുറച്ചു നേരം എബിയെ നോക്കി കിടന്നു… കഴിഞ്ഞ രാത്രിയുടെ ഓർമ്മയിൽ ആനിയുടെ മുഖം നാണത്താൽ ചുവന്നു…പ്രണയ സമ്മാനമായി അവന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകിയിട്ട് അവൾ പതിയെ പുതപ്പ് നീക്കി എഴുന്നേറ്റു… എബി ഉണർന്നപ്പോൾ ആനിയെ അവിടെ എങ്ങും കണ്ടില്ല..ഫ്രഷ് ആയി താഴേക്ക് എത്തിയ എബി കിച്ചനിൽ നിന്നും ആനിയുടെയും ലില്ലിയുടെയും സംസാരം കേട്ടു… അവർ രണ്ടാളും മാത്രമായിരുന്നില്ല… സ്ത്രീ ജനങ്ങൾ നാല് പേരും അവിടെ ഉണ്ടായിരുന്നു… വാതിൽക്കൽ നിന്ന് അവരെയെല്ലാം ഒന്ന് നോക്കിയ ശേഷം എബി നേരെ അപ്പച്ചന്റെ അടുത്തേക്ക് പോയി.. അടുത്ത രണ്ട് ദിവസം അവർ രണ്ടാളും മറ്റ് എങ്ങും പോകാതെ പാറക്കുന്നേൽ തറവാട്ടിൽ തന്നെ ഉണ്ടായിരുന്നു… ആനിയെ അടുത്ത് കിട്ടിയപ്പോൾ ലില്ലിയ്ക്ക് ഒത്തിരി സന്തോഷമായി..അവർ ബാംഗ്ലൂർ പോകുന്നതിനെ കുറിച്ച് ആനിയോട് സംസാരിച്ച ശേഷം അവൾ വഴി എബിയുടെ മനസ്സ് മാറ്റാൻ ലില്ലി നന്നേ ശ്രമിച്ചുവെങ്കിലും അത് ഒന്നും ഫലം കണ്ടില്ല…

ആനിയും എബിയും ചെറുവയ്ക്കലിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ എല്ലാവരുടെയും മുഖത്ത് ആകെ സങ്കടം നിറഞ്ഞു… കല്ല്യാണ തലേന്ന് അവിടേക്ക് പോയാൽ പോരെയെന്ന് ജോസഫ് പല തവണ എബിയോട് ചോദിച്ചു.. ഇതേ കാര്യം തന്നെ രണ്ട് അമ്മമാരും ആനിയോട് പറഞ്ഞുകൊണ്ടേയിരുന്നു..അവിടെ ചെന്നിട്ട് കുറച്ചു പരിപാടികൾ ഉണ്ടെന്നും നേരത്തെ പോയെ പറ്റുവെന്നും പറഞ്ഞ് എബി ഒരുവിധം അവരെയെല്ലാം സമാധാനിപ്പിച്ചു.. എബിയുടെ കാർ ചെറുവയ്ക്കൽ തറവാടിന് മുന്നിലായി നിന്നു… ആനിയും എബിയും കാറിൽ നിന്നിറങ്ങി…മുറ്റത്ത് പന്തൽ പണികൾ നടക്കുന്നുണ്ടായിരുന്നു.. ആനിയെ കണ്ടതും അമ്മു അവളുടെ അടുത്തേക്ക് ഓടി വന്നു… ഇച്ചായാ ഇതാണ് അമ്മു.. എബി അവളെ നോക്കി ചിരിച്ചു. അമ്മൂ…ഞാൻ എന്റെ വാക്ക് പാലിച്ചു…ദേ ഇതാണ് നീ അന്വേഷിച്ചുകൊണ്ട് ഇരുന്ന എബി ചേട്ടൻ. അവൾ എബിയെ അമ്മുവിന് പരിചയപ്പെടുത്തി കൊടുത്തു…

വൈശാഖും രാമചന്ദ്രനും ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു..അവർ എബിയുടെ അടുത്തേക്ക് വന്നു… രാമചന്ദ്രന് എബിയെ പരിചയപ്പെടുത്തി കൊടുക്കും മുൻപേ അവർ പരസ്പരം കൈ കൊടുത്ത് മുൻ പരിചയമുള്ളവരെ പോലെ സംസാരിക്കുന്നത് ആനി അത്ഭുതത്തോടെ നോക്കി നിന്നു.. നീ നോക്കണ്ട ആനീ… അവർ രണ്ടുപേരും ഫോണിൽ കൂടി നേരത്തെ പരിചയപ്പെട്ട് കഴിഞ്ഞു… വൈശാഖ് പറഞ്ഞത് കേട്ട് ആനി എബിയെ നോക്കി..അവൻ അവളോട് പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചു…അവൾ ഒന്നുമില്ലെന്ന് പറഞ്ഞ് വെറുതെ ചിരിക്കുക മാത്രം ചെയ്തു… രാമചന്ദ്രനോട് മാത്രമേ എബി ഫോണിൽ സംസാരിക്കുമായിരുന്നുള്ളു.. ബാക്കി എല്ലാവരും ഉമ്മറത്ത് അവരെ നോക്കി നിൽപ്പുണ്ടായിരുന്നു…അവർ രണ്ടുപേരും അങ്ങോട്ട് ചെന്നു… എന്റെ മോള് വന്നെന്ന് പറഞ്ഞ് സിന്ധു അവളെ ചേർത്ത് നിർത്തി കവിളിൽ ഉമ്മ വയ്ച്ചു…ആനിയുടെ വരവിൽ അവിടെ ഉണ്ടായ സന്തോഷം എല്ലാ മുഖങ്ങളിലും തെളിഞ്ഞു കാണാമായിരുന്നു..

എബി എല്ലാവരെയും പരിചയപ്പെട്ടു…വീഡിയോ കോളിൽ മാത്രം കണ്ട് പരിയചയമുള്ള ആനിയെ നേരിട്ട് കണ്ടതിന്റെ എക്സൈറ്റ്മെന്റിൽ ആയിരുന്നു വൈഷ്ണവി..വൈഷ്ണവിയെയും ഹസ്ബെൻഡ് നിഖിലിനെയും ആനി എബിക്ക് പരിചയപ്പെടുത്തി.. അവരുടെ മകൾ നിത്യ ഉറക്കത്തിലായിരുന്നു.. ഇന്റെർണൽ എക്സാം നടക്കുന്നത് കൊണ്ട് കല്ല്യാണ തലേന്ന് മാത്രമേ അശ്വിൻ എത്തൂ..ആനിയും എബിയും വീട്ടിൽ വന്ന കാര്യം അറിഞ്ഞപ്പോൾ മുതൽ അവന്റെ സങ്കടം കൂടി..അവൻ ഇല്ലാത്തതിൽ ആനിയ്ക്കും വിഷമമായി.. പരിചയപ്പെടലുകൾക്ക് ശേഷം ആനി എബിയെയും കൂട്ടി അവളുടെ അമ്മമ്മയെ കാണാൻ ചെന്നു..എബി അവളുടെ ഭർത്താവ് ആണെന്ന് പറഞ്ഞപ്പോൾ ആദ്യം അവർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..പിന്നെ രാമചന്ദ്രനും വൈശാഖും ചേർന്ന് അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി..

ആനിയുടെ വലത് കൈ എബിയുടെ കൈക്കുളിൽ വയ്ച്ചു കൊടുത്ത ശേഷം അവർ എബിയെ നോക്കി ചിരിച്ചു…എന്റെ മകളെ പൊന്ന് പോലെ നോക്കണേ മോനെ എന്നായിരുന്നു ആ നോട്ടത്തിന്റെയും ചിരിയുടെയും അർത്ഥം…ഒരുപക്ഷെ മകളുടെ ജീവിതം പോലെ ചെറുമകളുടേതും ആകരുത് എന്നുള്ള ആ വൃദ്ധ മനസ്സിന്റെ ആകുലത കൊണ്ടാകാം… എബിയുടെയും ആനിയുടെയും നെറ്റിയിൽ കൈ വയ്ച്ച് അവർ അനുഗ്രഹിച്ചു..വല്ല്യമ്മച്ചിയെ ചേർത്ത് പിടിക്കുന്ന പോലെ എബി അമ്മമ്മയെ ചേർത്തു പിടിച്ചത് കണ്ട് ആനിയുടെ കണ്ണിൽ ആനന്ദത്തിന്റെ നീർ കണങ്ങൾ പൊടിഞ്ഞു..വിശേഷങ്ങൾ പങ്കുവയ്ച്ചുകൊണ്ട് അവർ രണ്ടാളും അമ്മമ്മയുടെ ഇരു വശത്തായി ഇരുന്നു.. വൈശാഖിന് വേണ്ട വിവാഹ വസ്ത്രങ്ങൾ എടുക്കാനും ആനിയ്ക്കും അമ്മുവിനും സാരി മേടിക്കാനും വൈകുന്നേരം തന്നെ അവർ നാലു പേരും കൂടി കടയിലേക്ക് പോയി…

ആനിയും അമ്മുവും റോയൽ ബ്ലൂ കളർ സാരി സെലെക്റ്റ് ചെയ്തു..അതിന് മാച്ച് ചെക്ക് ഷർട്ടും കസവ് മുണ്ടും അവൾ എബിയ്ക്കായി തിരഞ്ഞെടുത്തു..വൈശാഖിന് വേണ്ട ഡ്രസ്സ് കൂടി എടുത്ത ശേഷം അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് അവർ വീട്ടിലേക്ക് തിരിച്ചത്… ആനിയെ നേരിൽ കണ്ടപ്പോൾ നിത്യ മോൾ ശരിക്കും അമ്പരന്നു… അവൾ വൈഷ്ണവിയുടെ പുറകിലായി ഒളിച്ച് നിന്ന് ആനിയെ സൂക്ഷിച്ചു നോക്കി..മോളുടെ ആ നോട്ടവും നിൽപ്പും കണ്ട് ആനിയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.. ആനി അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ അൽപം മടിയോടെ ആണെങ്കിലും അവൾ ആനിയുടെ അടുത്തേക്ക് ചെന്നു.. എല്ലാവരും ഒത്തു കൂടിയതോടെ ചെറുവയ്ക്കലിൽ വലിയ ആഘോഷമായി…ആനി അവർക്കെല്ലാം എത്രത്തോളം പ്രിയങ്കരിയാണെന്ന് ആ ദിവസങ്ങളിലെല്ലാം എബി മനസ്സിലാക്കുകയായിരുന്നു.. എബിയെയും കൂട്ടി അവർ മൂന്നുപേരും നാട് കാണാൻ ഇറങ്ങി..

പറമ്പും കുളവുമെല്ലാം കണ്ട് അവർ അവസാനം രാമവിലാസത്തിൽ എത്തിച്ചേർന്നു… എബീ.. എല്ലാം ശരിക്കും കണ്ടോ…ഇതാണ് നിന്റെ ഭാര്യയുടെ വീട്. പോ വിച്ചേട്ടാ…കളിയാക്കാതെ… അവർ നാലുപേരും ഒന്നിച്ച് വീടിനുള്ളിലേക്ക് കയറി..എബിക്ക് ആ വീടും പരിസരവും എല്ലാം ഇഷ്ടമായി… ഞാൻ സത്യത്തിൽ ഒരു പഴയ തറവാട്… ജസ്റ്റ് ലൈക് മംഗലശ്ശേരി.. അതൊക്കെ ആണ് പ്രതീക്ഷിച്ചത്… ഇതിപ്പോൾ ഞങ്ങളുടെ വീടിനേക്കാൾ മോഡേൺ ആണല്ലോ… അത് ഒരു വലിയ കഥയാണ് എബിച്ചേട്ടാ…..ഇവിടെ നേരത്തെ താമസിച്ചിരുന്നത് ഒരു പിശാശ് ആയിരുന്നു..പഴയ തറവാട് അഴിച്ചു പണിതത് അവരാ…ചേട്ടായി അവരെ കണ്ടിട്ട് ഇല്ലല്ലോ..അവരും അവരുടെ ഭർത്താവും..രണ്ടും കണക്കാ..എന്തോ ഭാഗ്യത്തിന് മോൻ അവരെ പോലെ ആയില്ല… രാജീവനെയും ലക്ഷ്മിയെയും കുറിച്ച് അമ്മു എബിയോട് പറഞ്ഞു കൊണ്ടേയിരുന്നു…

അല്ല എന്നിട്ട് ഇപ്പോൾ അവർക്ക് എന്ത് പറ്റി..??. അപ്പോൾ ചേച്ചി ഒന്നും പറഞ്ഞില്ലേ… ഇല്ലല്ലോ…ആനി എന്നോട് ഒന്നും പറഞ്ഞില്ല… രണ്ടിനും മുട്ടൻ പണി കിട്ടി… പാർട്ട്നേഴ്സ് ആരോ കൊടുത്ത പണിയാണെന്നാ പറയുന്നത്… അവർക്ക് എന്താ സംഭവിച്ചത് എന്ന് അമ്മു എബിയ്ക്ക് വിവരിച്ചു കൊടുത്തു..ഒന്നും അറിയാത്ത പോലെ നിഷ്കളങ്ക ഭാവത്തിൽ അവൾ പറയുന്നത് ഒക്കെ കേട്ട് നിൽക്കുന്ന എബിയെ കണ്ടപ്പോൾ ആനിയ്‌ക്ക് ചിരി പൊട്ടി…അവൾ സ്റ്റെയറിൽ ഇരുന്ന് ചിരിക്കാൻ തുടങ്ങി… എന്തിനാ നീ ചിരിക്കുന്നത്…?? വൈശാഖും അമ്മുവും അവളുടെ ചിരിയുടെ അർത്ഥം മനസ്സിലാകാതെ ആനിയെ നോക്കി നിന്നു… വിച്ചേട്ടനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും ഇത് ഒന്നും ഇച്ചായൻ പറഞ്ഞില്ലേ…?? എന്ത് പറഞ്ഞില്ലേയെന്ന് ?? അവർക്ക് പണി കൊടുത്തത് പാർട്ട്നേഴ്സ് അല്ല…ദേ ഈ നിൽക്കുന്ന പാറക്കുന്നേൽ എബിൻ ജോസഫ് ആണ്.. കേട്ടത് സത്യമാണോ എന്ന രീതിയിൽ വൈശാഖും അമ്മുവും എബിയെ നോക്കി..അവൻ എല്ലാം തലകുലുക്കി സമ്മതിച്ചു..

അത് മാത്രമല്ല വിച്ചേട്ടാ…അന്ന് ഒരിക്കൽ എന്നോട് ചോദിച്ചില്ലേ കോട്ടയത്തെ അച്ചായന്മാരുമായി നല്ല കമ്പനിയല്ലേ ഒരു കൊട്ടേഷന് എത്രയാന്ന്..ഇപ്പോൾ മുൻപിൽ നിൽക്കുവല്ലേ നേരിട്ട് അങ്ങ് ചോദിച്ചോ.. എന്നെ ശല്ല്യം ചെയ്തതിന് അയാളെ തല്ലിയത് ഇച്ചായനാണ്..പിന്നെ അന്ന് രാത്രി വഴിയിൽ തടഞ്ഞു നിർത്തി ലക്ഷ്മിക്ക് പണി കൊടുത്തതും കോടതിയിലേക്ക് പോകും വഴി എന്നെ പിടിച്ചു കൊണ്ട് പോകാൻ ശ്രമിച്ചവരിൽ നിന്ന് എന്നെ രക്ഷിച്ചതും അവസാനം രാജീവനും ലക്ഷ്മിയ്ക്കും ഉഗ്രൻ ഒരു പണി കൊടുത്തതും എല്ലാം ഈ നിൽക്കുന്ന എബിൻ ജോസഫ് ഏർപ്പാടാക്കിയ ആളുകൾ ആണ്… എടാ എബീ…നീ ആള് കൊള്ളാലോ… എന്നാലും ഒരു വാക്ക് എന്നോട് പറയാത്തത് എന്താ ടാ…?? ഇതൊന്നും ആരും അറിയണ്ടായെന്ന് എന്നോട് പറഞ്ഞത് ദേ ഇവൾ തന്നെയാ..എന്നിട്ട് ഇപ്പോൾ ഇവൾ തന്നെ എല്ലാം നിങ്ങളോട് പറഞ്ഞു…

ഓഹ്..എന്നാലും എന്റെ ചേട്ടാ.. എല്ലാം അറിയമായിരുന്നിട്ട് ആണല്ലേ എന്നെ കൊണ്ട് അതൊക്കെ വീണ്ടും പറയിച്ചത്.. ഹാ എന്നാലും ഒരു നല്ല കാര്യം ചെയ്തിട്ട് അല്ലേ… സാരമില്ല… അവർക്ക് അത് തന്നെ വേണം… ഹ…ഹ..അത് പോട്ടെ ഈ വീട് ഇങ്ങനെ വെറുതെ ഇടാൻ ആണോ പ്ലാൻ…?? ഒരു ടിവി സീരിയലിന്റെ ആളുകൾ റെന്റിന് ചോദിച്ചെന്ന് അച്ഛൻ പറഞ്ഞായിരുന്നു.. നിങ്ങൾ വന്ന ശേഷം അഭിപ്രായം ചോദിച്ചിട്ട് എന്താ വേണ്ടതെന്ന് തീരുമാനിക്കാമെന്ന് കരുതി ഇരിക്കുവാ….ചിലപ്പോൾ ഇന്നോ നാളെയോ അച്ഛൻ അതെ പറ്റി നിങ്ങളോട് സംസാരിക്കും… അമ്മാവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ വിച്ചേട്ടാ…സീരിയൽ എങ്കിൽ സീരിയൽ.. വെറുതെ അടച്ചിട്ടിരുന്ന് പൊടി പിടിക്കില്ലല്ലോ..പറമ്പും കൃഷിയും എല്ലാം കൂടെ നോക്കി തന്നെ ആ പാവം നല്ലോണം കഷ്ടപ്പെടുന്നുണ്ട്…

ആദർശിന്റെ കല്ല്യാണ ദിവസം വന്നെത്തി…ആനിയും ആതിരയും വർഷയുടെ ഒപ്പവും വൈശാഖും എബിയും ആദർശിന്റെ ഒപ്പവുമായിരുന്നു..ഒരേ പോലുള്ള ഹാഫ് സാരിയിൽ ആനിയും ആതിരയും തിളങ്ങി..എബിയും വൈശാഖും പിന്നെ ആദർശിന്റെ കൂട്ടുകാരുമെല്ലാം ഗോൾഡൻ കളർ കുർത്തയും ചുവന്ന കരയുള്ള മുണ്ടുമായിരുന്നു. വീട്ടുകാരുടെയെല്ലാം അനുഗ്രഹത്തോടെ ആദർശ് വർഷയുടെ കഴുത്തിൽ താലി ചാർത്തി…അങ്ങനെ ഒരുപാട് നാളത്തെ അവരുടെ പ്രണയം സഭലമായി….വൈകുന്നേരത്തെ റിസെപ്ഷനും അത് കഴിഞ്ഞ് ഫ്രണ്ട്സിന് വേണ്ടി ആദർശ് ഒരുക്കിയ പാർട്ടിയുമൊക്കെ കഴിഞ്ഞിട്ടാണ് എബിയും ആനിയും വൈശാഖും ചെറുവയ്ക്കലിലേക്ക് തിരിച്ചെത്തിയത്… രണ്ട് ദിവസം കൂടി കഴിഞ്ഞാൽ വൈശാഖിന്റെയും കല്ല്യാണമായി… കല്ല്യാണത്തിന് കസിൻസിന്റെ വക ഡാൻസ് വേണമെന്ന് അമ്മു കുറെ നിർബന്ധം പിടിച്ചു…പക്ഷെ ആനിയ്ക്ക് അതിനോട് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല…

ലളിതമായ രീതിയിൽ അടുത്ത ബന്ധുക്കൾക്ക് വേണ്ടി മാത്രം ചെറിയൊരു റിസെപ്ഷനെ അറേഞ്ച് ചെയ്തിരുന്നുള്ളൂ..അത് കൊണ്ട് തന്നെ ഡാൻസ് ഒന്നും വേണ്ടെന്ന് രാമചന്ദ്രനും പറഞ്ഞു… കല്ല്യാണ ദിവസം രാവിലെ അവർ എല്ലാവരും കൂടി അമ്പലത്തിലേക്ക് പോയി…ഒരു തവണയെങ്കിലും ആനി അവരുടെ കുടുംബ ക്ഷേത്രത്തിൽ ഒന്ന് പോകണമെന്നുള്ളത് അവളുടെ അമ്മമ്മയുടെ ഒരു ആഗ്രഹമായിരുന്നു.. അങ്ങനെ ജീവിതത്തിൽ ആദ്യമായി ആനി അന്ന് അമ്പലത്തിൽ കയറി…അവൾക്ക് ക്ഷേത്രത്തിലെ രീതികളും ചിട്ടകളും ഒന്നും തന്നെ വശമില്ലായിരുന്നു….അത് കൊണ്ട് അമ്മു അവളുടെ കൈ പിടിച്ച് കൂടെ നടത്തി…അമ്മു ചെയ്യും പോലെയെല്ലാം ആനിയും ചെയ്തു…എബി അമ്പലത്തിനുള്ളിലേക്ക് കയറിയില്ല… അവൻ ക്ഷേത്രത്തിന് പുറത്ത് കാറിൽ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു… വൈഷ്ണവിയായിരുന്നു ആനിയെയും അമ്മുവിനെയും സാരി ഉടുപ്പിച്ചത്..

സാരി ഉടുത്തു നിൽക്കുന്ന ആനിയെ കണ്ടപ്പോൾ ശരിക്കും ദേവി മുന്നിൽ നിൽക്കുന്ന പോലെ തന്നെ സിന്ധുവിനും രാമചന്ദ്രനും തോന്നി….സിന്ധുവിനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ നൽകിയ ശേഷം ഒരുങ്ങുന്നതിനായി അവൾ റൂമിലേക്ക് പോയി… എബി കണ്ണാടിയിൽ നോക്കി നിന്ന് മുടി ചീകുവായിരുന്നു….ആനിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു… ആഹാ..ഈ ഷർട്ട് ഇച്ചായന് നന്നായി ചേരുന്നുണ്ട്… ആണോ… എന്നാലേ ഈ സാരിയിൽ എന്റെ കൊച്ചിനെ കാണാനും നല്ല ഭംഗിയുണ്ട്… വയറിലൂടെ കൈയ്യിട്ട് എബി അവളെ തന്നോട് അടുപ്പിച്ചു…അവൻ കുസൃതിയോടെ അവളെ നോക്കി… ഇച്ചായാ വിട്…ആരെങ്കിലും കാണും.. വിടാം…പക്ഷെ എന്ത് തരും..?? അയ്യട..ഒന്നും തരില്ല..വിട്ടേ…വിട്ടേ.. എന്നാൽ ഞാൻ തരാം… എബി അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും വൈശാഖ് അവനെ വിളിച്ചതും ഒന്നിച്ചായിരുന്നു….ആനി ചിരിയോടെ അവനെ തള്ളി മാറ്റി.. പോയെ പോയെ…. നിന്നെ ഞാൻ എടുത്തോളാം…കേട്ടോ… അവൻ മുണ്ട് മടക്കി കുത്തി മുറിയിൽ നിന്ന് പുറത്തേക്ക് പോയി…

ഈ ഇച്ചായന്റെ ഒരു കാര്യം…. ആനി അവളുടെ ബാഗിൽ നിന്ന് വല്ല്യമ്മച്ചി സമ്മാനിച്ച ജുവൽ ബോക്സ് കൈയ്യിൽ എടുത്തു…അതിൽ നിന്ന് വല്ല്യമ്മച്ചി കൊടുത്ത വളകൾ എടുത്ത് രണ്ട് കൈയ്യിലും ഓരോന്ന് വീതം ഇട്ടു…മേഴ്സി കൊടുത്ത നെക്ലേസും അതിന്റെ ഒപ്പമുണ്ടായിരുന്ന കമ്മലും അവൾ അണിഞ്ഞു…മുഖത്ത് കുറച്ചു പൗഡർ ഇട്ട ശേഷം കണ്ണിൽ ഐ ലൈനർ എഴുതി.. നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും വയ്ച്ചു… സാധാരണ കെട്ടാറുള്ളത് പോലെ മുടി കെട്ടി പൂ ചൂടി….കണ്ണാടിയിലെ തന്റെ രൂപത്തിലേക്ക് ഒരു വട്ടം കൂടി നോക്കിയ ശേഷം അവൾ നേരെ വൈശാഖിന്റെ റൂമിലേക്ക് പോയി.. ആനി ചേച്ചി…സൂപ്പർ… വൈശാഖിനെ മുണ്ട് ഉടുക്കാൻ സഹായിക്കുവായിരുന്നു എബിയും അശ്വിനും…റൂമിലേക്ക് വന്ന ആനിയെ നോക്കി അച്ചു പറഞ്ഞത് കേട്ട് എബി തലയുയർത്തി അവളെ നോക്കി… സാരിയുടുത്ത് പൂവൊക്കെ വയ്ച്ചു നിൽക്കുന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു…

അമ്മുവിന്റെ വിളി കേട്ട് ആനി വേഗം താഴേക്ക് പോയി…അമ്മുവും വൈഷ്ണവിയും ഒരുങ്ങി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വേണ്ടിയായിരുന്നു ആനിയെ വിളിച്ചത്…അവർ മൂന്നുപേരും ഒന്നിച്ചു നിന്ന് ഫോട്ടോസ് എടുത്തു.. അപ്പോഴേക്കും നിത്യ മോളെയും കൊണ്ട് നിഖിൽ അവിടേക്ക് വന്നു.. പട്ടുപാവാടയൊക്കെ ഇട്ട് മുടി നിറയെ പൂവ് ഒക്കെ വയ്ച്ചു നിൽക്കുന്ന നിത്യയെ കണ്ടപ്പോൾ ഒരു പൂമ്പാറ്റയെ പോലെ ആനിയ്ക്ക് തോന്നി..അവൾ മോളെ കോരിയെടുത്ത് ഇരു കവിളിലും ഉമ്മ കൊടുത്തു…പിന്നെ അവർ നാലുപേരും ചേർന്നായി ഫോട്ടോ എടുക്കുന്നത്… വീട്ടിലേക്ക് വന്ന ബന്ധുക്കളിൽ പലരും ആനിയെ കണ്ടപ്പോൾ തന്നെ ദേവിയുടെ ഛായ തോന്നുവെന്ന് പറഞ്ഞിരുന്നു…. അവൾ ദേവിയുടെ മകളാണോ എന്ന് അവരെല്ലാം രാമചന്ദ്രനോട് സംശയം ചോദിച്ചു…..അയാൾ വളരെയധികം സന്തോഷത്തോടെ ആനിയെ അവർക്കെല്ലാം പരിചയപ്പെടുത്തി…

ദേവിയുടെ മകൾ എന്നതിനേക്കാൾ കൂടുതൽ അയാൾ പറഞ്ഞത് തന്റെ മകൾ എന്നായിരുന്നു..അത് കേട്ടപ്പോൾ ആനിയ്ക്ക് കൂടുതൽ സന്തോഷമായി… വൈശാഖിനോട് ഒപ്പം താഴേക്ക് വന്ന എബി ബന്ധുക്കളുടെ ഇടയിൽ നിൽക്കുന്ന ആനിയെ കണ്ടു…അവൻ ആനിയെ തന്റെ അടുത്തേക്ക് വിളിച്ചു… എന്താ ഇച്ചായാ..?? എന്തെങ്കിലും വേണോ..?? ഒന്നുമില്ല…ചുമ്മാ വിളിച്ചതാ…അല്ല അതൊക്കെ ആരാ..? നിനക്ക് ഇവരെയെല്ലാം നേരത്തെ അറിയുമോ ?? ഇല്ല..ഇവരൊക്കെ എന്റെ വകയിലുള്ള ആരൊക്കെയോ ആണ്..അമ്മാവൻ ഇപ്പോൾ പരിചയപ്പെടുത്തി തന്നതാ.. ആരെന്നൊക്കെയോ പറഞ്ഞു…ഞാൻ എല്ലാം മറന്ന് പോയി.. എബി ചേട്ടായീ…വാ നമുക്ക് സെൽഫി എടുക്കാം… ആനിയെയും എബിയെയും ഒരുമിച്ച് നിർത്തി അവൾ ഫോട്ടോ എടുത്തു… രണ്ടുപേരും സൂപ്പർ ആയിട്ടുണ്ട്… അമ്മു പറഞ്ഞത് കേട്ട് ആനി എബിയെ നോക്കി..അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു… രാഹുകാലത്തിന് മുൻപേ അവർ തറവാട്ടിൽ നിന്നിറങ്ങി…

ആനിയും എബിയും അമ്മുവും അച്ചുവും സിന്ധുവും എബിയുടെ കാറിൽ ആയിരുന്നു.. ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ അവരെല്ലാം ഏതൊക്കെയോ ബന്ധുക്കളെ കണ്ട് അവരുടെ അടുത്തേക്ക് പോയി.. ആനി എബിയുടെ കൈ പിടിച്ച് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു. നീ എന്താ അവരുടെ ഒപ്പം പോകാത്തെ..?? എനിക്ക് ആകെ അറിയുന്നത് ചെറുവയ്ക്കലിൽ ഉള്ളവരെയാ… അവരെല്ലാം ഓരോ ബന്ധുക്കളെയും പരിചയക്കാരെയും സ്വീക്കരിക്കുന്ന തിരക്കിലും..ഞാൻ വെറുതെ എന്തിനാ അതിന്റെ ഇടയിൽ..അത് മാത്രമല്ല ഞാൻ പോയാൽ ഇച്ചായൻ ഒറ്റയ്ക്ക് ആകില്ലേ. അവൾ എബിയുടെ കൈയ്യിൽ മുറുകെ പിടിച്ചു… വരനെ സ്വീകരിക്കുന്ന ചടങ്ങ് കഴിഞ്ഞതും വർഷ ആനിയുടെ അടുത്തേക്ക് വന്നു.. അവൾ ആനിയെ ആതിരയുടെ അടുത്തേക്ക് കൊണ്ട് പോയി…

എബി ആദർശിനോട് സംസാരിച്ചുകൊണ്ട് അവിടെ തന്നെ നിന്നു… ആനിമോളെ കലക്കിയല്ലോ… പോടീ പെണ്ണെ…നീയും സൂപ്പർ ആയിട്ടുണ്ട്… എബി ചേട്ടായി എവിടെ…?? ആദർശ് ചേട്ടനോട് സംസാരിച്ചു നിൽക്കുവാ… അവരെ മൂന്നുപേരെയും ഒന്നിച്ചു നിർത്തി ഫോട്ടോഗ്രാഫർ പല പോസിലുള്ള ഫോട്ടോസ് എടുത്തു…അപ്പോഴേക്കും എബിയും ആദർശും അങ്ങോട്ടേക്ക് വന്നു…ആനി എബിയുടെ കൈയ്യിൽ നിന്ന് ഒരു കുഞ്ഞു ബോക്സ് മേടിച്ചു…അതിൽ നിന്ന് ഒരു റിങ് എടുത്ത് ആതിരയുടെ വിരലിൽ അണിയിച്ചു… ഇത് എന്റെ ആതിയ്ക്ക് ഞങ്ങളുടെ വക ഒരു ഗിഫ്റ്റ്.. ആതിര സ്നേഹത്തോടെ ആനിയെ ചേർത്ത് പിടിച്ചു… നിശ്ചയിച്ച മുഹൂർത്തിൽ തന്നെ ആതിരയുടെയും വൈശാഖിന്റെയും വിവാഹം നടന്നു…ആനിയെ സ്റ്റേജിലേക്ക് വിളിച്ചെങ്കിലും അവൾ പോയില്ല..അവളും എബിയും എല്ലാം കണ്ട് സന്തോഷത്തോടെ താഴെ ഇരുന്നു…പിന്നെ ഫോട്ടോ സെഷനും സെൽഫി എടുക്കലും ചെറുക്കനെയും പെണ്ണിനെയും നിർത്തി പല രീതിയിലുള്ള ഫോട്ടോ എടുക്കലും സദ്യയും ഒക്കെ കൂടി ആകെ ഒരു ബഹളമായിരുന്നു….

വൈശാഖിന്റെ ഒപ്പം പോരാൻ നേരം ആതിര തന്റെ അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ച് കരഞ്ഞു..അവസാനം അവർ ഒരു വിധം അവളെ സമാധാനിപ്പിച്ച് പറഞ്ഞ് അയച്ചു… വിജിയുടെ കൈയ്യിൽ നിന്ന് നിലവിളക്ക് ഏറ്റ് വാങ്ങി വലത് കാൽ വയ്ച്ച് ആതിര ചെറുവയ്ക്കൽ തറവാട്ടിലേക്ക് കയറി..വൈകുന്നേരം ആതിരയുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ആദർശും വർഷയും പിന്നെ ഒന്ന് രണ്ട് ബന്ധുക്കളും വന്നിരുന്നു….വീട്ടിൽ നിന്ന് എല്ലാവരും എത്തിയപ്പോൾ ആതിരയ്ക്ക് സന്തോഷമായി.. പതിയെ പതിയെ വിരുന്നുകാർ ഓരോരുത്തരായി പോയി തുടങ്ങി… ആതിരയ്ക്ക് എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ ആനിയ്ക്ക് തോന്നിയിരുന്നു.. ബന്ധുക്കൾ ഒക്കെ പോയതും ആതിര ആനിയെ വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി… എന്താ ആതീ ? എന്ത് പറ്റി…?? ആനീ..എനിക്ക് ആകെ എന്തോ പോലെ.. തലകറങ്ങുന്നു… അയ്യോ…ആതീ… നീ കുറച്ചു നേരം കിടക്ക്…രാവിലെ മുതൽ ഒരേ നിൽപ്പ് ആയിരുന്നില്ലേ…

ആനി അവൾക്ക് വെള്ളം കൊടുത്തു…. ആതിര ഒന്ന് റിലാക്സ്ഡ്‌ ആയപ്പോൾ ആനി അവളെ സാരി മാറ്റാൻ സഹായിച്ചു.. ഒപ്പം അവൾ ഫ്രഷ് ആയി തിരികെ വരുന്നവരെ ആനി അവരുടെ റൂമിൽ തന്നെ ഉണ്ടായിരുന്നു… ആതീ നീ കിടക്ക്…ഞാൻ വിച്ചേട്ടനോട് പറയാം… വൈശാഖിനെ വിളിക്കാനായി അവൾ ഗോവണി ഇറങ്ങി തുടങ്ങിയപ്പോൾ തന്നെ അവനും എബിയും മുകളിലേക്ക് വന്നു… ആനി അവരോട് കാര്യങ്ങൾ പറഞ്ഞു.. നിങ്ങൾ റൂമിലേക്ക് പൊയ്ക്കോ… ഞാൻ ഉണ്ടല്ലോ… എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ വിളിക്കണെ… എബി എന്തോ ആലോചനയോടെ കിടക്കുവായിരുന്നു..ആനി അവന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവനെ നോക്കി… ഇച്ചായൻ ഉറങ്ങുന്നില്ലേ…?? എന്താ ഇത്ര കാര്യമായി ആലോചിക്കുന്നത്..?? ഒന്നുമില്ല ആനി മോളെ…ഞാൻ വിച്ചൂന്റെ കാര്യം ആലോചിച്ചതാ…?? വിച്ചേട്ടന്റെ കാര്യമോ…??? എന്താ..?? അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു… ആഹ്..ആതിരയ്ക്ക് വയ്യല്ലോ…ഇനി ഇപ്പോൾ എങ്ങനാ..?? അവന്റെ ഫസ്റ്റ് നൈറ്റ് കുളമായല്ലോ.. അയ്യട…അതായിരുന്നോ…മര്യാദയ്ക്ക് കിടന്ന് ഉറങ്ങാൻ നോക്ക്… എന്തോ ?? എങ്ങനെ…?? ആതിരയ്ക്ക് അല്ലേ വയ്യാതെയുള്ളൂ… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ… അവൻ ആനിയെ പിടിച്ച് അവന്റെ മേലേക്ക് ഇട്ടു…

എബിയും ആനിയും തിരികെ പാറക്കുന്നേൽ തറവാട്ടിലേക്ക് എത്തി.. കുറച്ചു ദിവസങ്ങൾ കൂടി എല്ലാവരോടും ഒപ്പം ചിലവഴിച്ച അവൾ വൈശാഖിന്റെയും ആതിരയുടെയും ഒപ്പം ബാംഗ്ലൂർക്ക് തിരികെ പോയി..എബിയെ വിട്ട് പോകാൻ അവൾക്ക് ഒട്ടും തന്നെ ഇഷ്ടമുണ്ടായിരുന്നില്ല…എങ്കിലും സാഹചര്യം അത്തരത്തിൽ ആയത് കൊണ്ട് സങ്കടത്തോടെയാണെങ്കിലും അവൾ തിരിച്ചു പോയി… ആദർശ് ഫ്രണ്ടസിനൊപ്പം ചേർന്ന് ഒരു വീട് എടുത്തായിരുന്നു താമസിച്ചിരുന്നത്… കല്ല്യാണ ശേഷം ആതിര വൈശാഖിനൊപ്പമായത് കൊണ്ട് ആദർശ് വർഷയോടൊപ്പം വർഷയും ആതിരയും താമസിച്ചിരുന്ന വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു..അവർക്ക് ആർക്കും ബുദ്ധിമുട്ട് ആകാതെ ഹോസ്റ്റലിൽ നിൽക്കാൻ ആയിരുന്നു ആനി നിശ്ചയിച്ചിരുന്നത്..പക്ഷെ വൈശാഖും ആതിരയും സമ്മതിച്ചില്ല…

ഒരു വർഷത്തെ കാര്യമല്ലേ ഉള്ളൂ..എബി വരുന്ന വരെ ആനി അവരോടൊപ്പം നിൽക്കട്ടെയെന്ന് പറഞ്ഞ് ആതിരയും വൈശാഖും അവളെ അവരോടൊപ്പം കൂട്ടി..അതിനിടയിൽ പല തവണ ആനിയെ കാണാനും അവരുടെ പുതിയ ഫ്ലാറ്റ് ഫർണിഷ് ചെയ്യുന്നതിനും ഒക്കെയായി എബിയും അവിടേക്ക് എത്തിയിരുന്നു…. വർഷങ്ങൾക്ക് ശേഷം….💞💞💞 ആനിയും എബിയും നാട്ടിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്…. ഇപ്പോൾ അവർക്ക് ഇടയിൽ ഒരാൾ കൂടെ ഉണ്ട്…ജോഷുവാ എബിൻ പാറക്കുന്നേൽ എന്ന അവരുടെ സ്വന്തം ജോക്കുട്ടൻ… അവരുടെ ഫ്ലാറ്റിന് മുകളിലത്തെ നിലയിലാണ് ആതിരയുടെയും വൈശാഖിന്റെയും ഫ്ലാറ്റ്…അവർക്ക് ഒരു കുട്ടികുറുമ്പിയുണ്ട്..ആർദ്ര…എല്ലാവരുടെയും പ്രിയങ്കരിയായ ആദൂ.. ആദർശും വർഷയും രണ്ടാമത്തെ ആൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്… കുറച്ചു മാസം കഴിഞ്ഞാൽ അവർക്കിടയിലേക്ക് പുതിയ ഒരാൾ കൂടി വരും..ആനിയും എബിയും തിരിച്ചു പോകുന്ന കാര്യം അറിഞ്ഞപ്പോൾ മുതൽ അവരെല്ലാം ഭയങ്കര സങ്കടത്തിലാണ്… പക്ഷെ ഇനിയുള്ള കാലം പാറക്കുന്നേൽ തറവാട്ടിൽ എല്ലാവരുടെയും ഒപ്പം കഴിയാൻ അവർ തീരുമാനിച്ചു കഴിഞ്ഞു….

മിഥുൻ നാട്ടിൽ തന്നെ ചെറിയ ഒരു ക്ലിനിക് തുടങ്ങിയി…രണ്ടാമത്തെ അറ്റെമ്പ്റ്റിൽ ടീന എങ്ങനെയോ എക്സാം പാസായി.. ഇപ്പോൾ രണ്ട് ഡോക്ടമാരും അവരുടെ കുട്ടി ഡോക്ടറും കൂടി ചേർന്ന് സന്തോഷപൂർണ്ണമായ ജീവിതം… ഇച്ചായാ….. ആനിയുടെ വിളി കേട്ട് എബി ഞെട്ടി…. ഫോൺ കട്ട് ചെയ്ത ശേഷം അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു….. എന്താ ആനീ…?? എന്ത് പറ്റി..?? എന്ത് പറ്റിയെന്നോ ?? ഇത് നോക്ക്… ടി.വിയിലേക്ക് നോക്കിയ എബി ആകെ ഷോക്ക് ആയി നിന്നു…ടീവിയിലും തല കുനിച്ച് നിൽക്കുന്ന ജോക്കുട്ടനെയും അവൻ മാറി മാറി നോക്കി… കണ്ടില്ലേ അവന്റെ നിൽപ്പ്…ഒന്നും ചെയ്യാത്തത് പോലെ… എബി അവന്റെ മുന്നിലായി മുട്ടിൽ ഇരുന്നു…അവന്റെ താടി പിടിച്ചുയർത്തി.. നിറഞ്ഞ കണ്ണുകളും വിമ്മി വിമ്മിയുള്ള അവന്റെ നിൽപ്പും കണ്ടപ്പോൾ എബിയ്ക്ക് സങ്കടമായി… എന്താ മോനെ നീ ചെയ്തത്..?? അച്ചായി എന്ന് വിളിച്ചുകൊണ്ട് അവൻ എബിയുടെ നെഞ്ചിലേക്ക് ചാഞ്ഞു… എനിക്ക് ആ കാർട്ടൂൺ ഇഷ്ടപ്പെട്ടില്ല… അപ്പോൾ എനിക്ക് ദേഷ്യം വന്നു..

കാർട്ടൂൺ ഇഷ്ടപെട്ടില്ലെങ്കിൽ ചാനൽ മാറ്റണം..അല്ലാതെ കൈയ്യിൽ ഇരുന്ന ഗ്ലാസ്സ് എടുത്ത് എറിയുകയാണോ വേണ്ടത്..ഇതേ നിനക്ക് നല്ല അടി കിട്ടാത്തതിന്റെ കുറവാ..എത്ര രൂപയുടെ ടി.വിയാ ഒറ്റയേറിൽ അവൻ നശിപ്പിച്ചത്… ആനീ…..മതി… അവൻ അറിയാതെ ചെയ്തതാ.. പോട്ടേ… ഇനി മോൻ ഇങ്ങനെ ചെയ്യുവോ…?? അവന്റെ മുഖം കൈയ്യിലെടുത്ത് എബി ചോദിച്ചു..ജോക്കുട്ടൻ ഇല്ലെന്ന് തലയാട്ടി.. എബി അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു… നല്ല ആളെയാ ഞാൻ വിളിച്ചത്…വഴക്ക് പറയുന്നതിന് പകരം…ഹമ്… ഇച്ചായനാണ് ഇവനെ വഷളാക്കുന്നത്.. ആനി ദേഷ്യപ്പെട്ട് റൂമിലേക്ക് പോയി… മോൻ പോയി ടോയ്‌സ് എടുത്ത് കളിച്ചോ… എബി ചിരിയോടെ ആനിയുടെ പുറകെ റൂമിലേക്ക് പോയി…അവൾ ഡ്രസ്സ് എല്ലാം ബാഗിൽ പാക്ക് ചെയ്യുവായിരുന്നു…എബി പുറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു…

ഇച്ചായാ വിട്ടേ… അവൻ ആനിയെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു… എന്താ ഇച്ചായാ ഈ കാണിച്ചത്…?? ഞാൻ എല്ലാം അടുക്കി വയ്ച്ചേക്കുവായിരുന്നു..ശോ… അത് നീ ഒന്ന് കൂടി അടുക്കിയാൽ മതി… എന്റെ ആനിക്കൊച്ചേ… നീ എന്തിനാ അവനെ ചുമ്മാ വഴക്ക് പറയുന്നത്…?? അവൻ കുഞ്ഞല്ലേ ഡി… ചുമ്മാതെയാണോ വഴക്ക് പറഞ്ഞത്…. അവൻ എന്താ ചെയ്തത് എന്ന് ഇച്ചായൻ കണ്ടത് അല്ലേ…ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ വലുതാകുമ്പോൾ അവൻ എങ്ങനെയായിരിക്കും..?? ആഹ് പിന്നെ അവനെ പറഞ്ഞിട്ട് കാര്യമില്ല..അപ്പന്റെ മോൻ അല്ലേ… ഇതിലും വലുത് നടന്നില്ലെങ്കില്ലേ അത്ഭുതമുള്ളൂ… നീ ആള് കൊള്ളാലോ..അതിനിടയ്ക്ക് എനിക്ക് ഇട്ട് താങ്ങുന്നോ..ആനിക്കൊച്ചേ നീ ഒന്ന് ആലോചിച്ചു നോക്ക്..അവന് ആകെ മൂന്ന് വയസ്സ് കഴിഞ്ഞല്ലേ ഉള്ളു… ഈ പ്രായത്തിൽ കുസൃതി ഒക്കെ ഉണ്ടാകും…നമ്മൾ രണ്ടുപേരും രാവിലെ പോകുമ്പോൾ അവനെ കിൻഡർ ഗാർഡനിൽ ആക്കും..വൈകുന്നേരം വിളിച്ചിട്ട് വരും..ഷിഫ്റ്റ് വരുമ്പോൾ ആരെങ്കിലും ഒരാൾ അവന്റെ കൂടെ കാണും..ഞാനും നീയും പിന്നെ കുറച്ചു ടോയിസും ഈ ടീവിയിൽ ഉള്ള കാർട്ടൂണും ഒക്കെ അല്ലാതെ വേറെ എന്താടി അവനുള്ളത്…

വിച്ചൂന്റെയും ആദർശിന്റെയും മക്കൾ കളിയ്ക്കാൻ വന്നാലും അത് എത്ര നേരം ഉണ്ടാകും… അവന്റെ കുഞ്ഞു മനസ്സ് ആകെ മടുത്തു കാണും…അതാ ഓരോ ദിവസം കഴിയും തോറും കുസൃതി കൂടി കൂടി വരുന്നത്.. പിന്നെ അത് ടിവിയാണെന്നും വലിയ വിലയുള്ള സാധനമാണ് എന്നൊക്കെ പറഞ്ഞാൽ അവന് എന്ത് അറിയാം…??? മ്മ്… ഇച്ചായാ ഒരു കാര്യം ചോദിക്കട്ടെ…. ചോദിക്ക്… ശരിക്കും ഇച്ചായന് ബാംഗ്ലൂർ ലൈഫ് മടുത്തോ…?? അങ്ങനെ ചോദിച്ചാൽ ഇല്ല… പക്ഷെ മതി.. ഇനി നാട്ടിൽ പോയി പഴയ പോലെ ബിസിനസ്സ് ഒക്കെ നോക്കി നടത്തി പഴയ ആ എബിയായി അപ്പച്ചന്റെ ഒപ്പം അങ്ങ് കൂടണം…അഞ്ച് വർഷമായി നമ്മൾ ഇവിടെ..ഇതിനിടയ്ക്ക് എത്ര വട്ടം നമ്മൾ നാട്ടിലേക്ക് പോയിട്ടുണ്ടാകും…?? അപ്പച്ചന് പ്രായമായി..ഇനിയും എല്ലാം അപ്പച്ചൻ നോക്കി നടത്തും എന്ന് പറഞ്ഞ് ഇരുന്നാൽ ശരിയാവില്ല ആനീ…അവിടെ എല്ലാവർക്കും നമ്മൾ നാട്ടിലേക്ക് തിരികെ ചെല്ലാൻ ആഗ്രഹമുണ്ട്..പിന്നെ വരുന്നില്ലാ എന്ന് ആകും മറുപടിയെങ്കിലോ…?? അത് കരുതി ആരും ഒന്നും പറയാത്തതാണ്… നമ്മുടെ മോൻ ഇനി നാട്ടിൽ വളരട്ടെ…

അപ്പാപ്പന്റെയും അമ്മാമയുടെയും മേഴ്സിയമ്മയുടെയും ഒക്കെ സ്നേഹം അനുഭവിച്ച് ഞാൻ വളർന്ന പോലെ അവനും വളരട്ടെ..അവിടെ അവന്റെ കൂടെ കളിയ്ക്കാൻ ടീനയുടെ മോൾ ഉണ്ട്… നിഹക്കുട്ടിയുണ്ട്..പിന്നെ കരുണാലയവും മദറും..അവിടുത്തെ കുഞ്ഞുങ്ങളും… എനിക്ക് ഒരു മോൻ ഉണ്ടായപ്പോഴാണ് സത്യം പറഞ്ഞാൽ അപ്പച്ചനും അമ്മച്ചിയും എന്നെ എന്ത് മാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്…അവനെ കുറച്ചു നേരം പിരിഞ്ഞിരിക്കാൻ മടിക്കുന്ന ഞാനാണ് എന്റെ അപ്പച്ചനെയും അമ്മച്ചിയെയും പിരിഞ്ഞ് ഇവിടെ വന്ന് നിൽക്കുന്നത്… കുറച്ചു നാൾ നീയും ഞാനും അവിടുന്ന് മാറി നിൽക്കണം…ആ ഒരു ആഗ്രഹമേ എനിക്ക് ഉണ്ടായിരുന്നുള്ളു.. മതി ആനീ….ഇനി അവരുടെ ഒപ്പം ജീവിക്കണം… എനിക്ക് മനസ്സിലാകും ഇച്ചായാ.. നാട്ടിലേക്ക് പോകുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ.. ഇവിടെ സെറ്റിൽ ആകാമെന്ന് ഇച്ചായൻ പറഞ്ഞത് എനിക്ക് വേണ്ടിയാണെന്ന് എനിക്ക് നന്നായി അറിയാം…

പേരക്കുട്ടിയെ കാണാനും അവനെ ലാളിക്കാനും അവർക്ക് എല്ലാം നല്ല പോലെ ആഗ്രഹമുണ്ട്..നമ്മളെ കൊണ്ട് സാധിച്ചു കൊടുക്കാൻ പറ്റുന്നത് ആണ് അവരുടെ ആ ആഗ്രഹം….അത് നമ്മൾ തീർച്ചയായും സാധിച്ചു കൊടുക്കണം… ആനി മോളെ…മോന്റെ കുസൃതി ഒക്കെ കൂടുന്നത്തിന്റെ കാരണം എന്താണ് എന്ന് അറിയോ…??? അവന് കൂട്ടിന് ആരും ഇല്ലാത്തത് കാരണമാ…..നീ ഒന്ന് മനസ്സ് വയ്ച്ചാൽ അവന് ഒരു അനിയനെയോ അനിയത്തിയെയോ കൂടി… എന്തോന്നാ… ഇവിടെ ഒന്നിനെ കൊണ്ട് തന്നെ വയ്യാതായി….അപ്പോഴാണ്.. നടക്കില്ല മോനെ എബീ.. അവന്റെ നെഞ്ചിൽ ഒരു നുള്ള് കൊടുത്തിട്ട് ആനി എഴുന്നേറ്റ് ഓടി… ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ അവരുടെ ജീവിതം..ജീവനെപ്പോലെ അവനെ സ്നേഹിക്കുന്ന ആനിയും നിഴൽ പോലെ എന്നും അവളോടൊപ്പമുള്ള എബിയും..പിന്നെ അവരുടെ കുസൃതിക്കുരുന്നും… തുടരുകയാണ് അവരുടെ പ്രണയവും ജീവിതവും…❤️(അവസാനിച്ചു)