രചന – ശരണ്യ
അപ്പച്ചാ.. വയ്യാതെ ഇരിക്കുവല്ലേ.. നമുക്ക് പിന്നെ സംസാരിക്കാം…വാ റൂമിലേക്ക് പോകാം.. പറ്റില്ല…പറ്റില്ല…പറ്റില്ല… എനിക്ക് ഒരു കുഴപ്പവുമില്ല… എനിക്ക് നിന്നോട് ഇപ്പോൾ തന്നെ സംസാരിക്കണം.. നിന്നെ ഇനി വിഷമിപ്പിക്കല്ലേ..ആനിയെ ഓർത്ത് നീ ഓരോ ദിവസവും സങ്കടപ്പെട്ട് കഴിയുവാ..നിങ്ങളുടെ കാര്യം ഇനിയെങ്കിലും ഒന്ന് സമ്മതിക്ക് എന്നൊക്കെ നിന്റെ അമ്മച്ചിയും മേഴ്സിയമ്മയും എന്നോട് പറയാൻ തുടങ്ങിയിട്ട് കുറെയായി… എബി തലകുനിച്ച് നിന്നു… നീ ആണെങ്കിൽ എന്നോട് ഉള്ള വാശിപ്പുറത്ത് വേറെ ജോലിക്ക് പോയി തുടങ്ങി..തമ്മിൽ കാണാതെ ഇരിക്കാൻ രാവിലെ നേരത്തെ പോകുന്നു..വൈകിട്ട് വന്ന് കഴിഞ്ഞാലോ മുറിയിൽ നിന്ന് പുറത്തിറങ്ങില്ല..നിന്റെ വിഷമം എല്ലാവരും കാണുന്നുണ്ട്..നിന്റെ കൂടെ നിൽക്കാൻ എല്ലാവരും ഉണ്ട്.. എന്തിന് എന്റെ അമ്മച്ചി പോലും എന്നോട് ഇപ്പോൾ ശത്രുവിനെ പോലെയാണ്പെരുമാറുന്നത്..എന്റെ സങ്കടം ആർക്കും അറിയണ്ട…ഇത്രയും കാലത്തിനിടയ്ക്ക് നീ എപ്പോഴെങ്കിലും ഇത് പോലെ എന്നോട് പിണങ്ങി നടന്നിട്ട് ഉണ്ടോ…?? നിന്റെ അമ്മച്ചിയോട് മിണ്ടാതെ നടന്നാൽ കൂടി നീ എന്നോട്…. എബി ജോസഫിന്റെ മുഖത്തേക്ക് നോക്കി..ആ കണ്ണുകളിലെ നീർത്തിളക്കം അവൻ കണ്ടു…
എനിക്ക് നിന്നെ ഒരു ഡോക്ടർ ആയി കാണാനായിരുന്നു ആഗ്രഹം…പക്ഷെ നിനക്ക് എൻജിനിയറിങ്ങാണ് താൽപ്പര്യമെന്ന് പറഞ്ഞപ്പോൾ ഞാൻ എതിരൊന്നും പറഞ്ഞില്ല..അത് കഴിഞ്ഞ് എം.ടെക് ചെയ്യണമെന്ന് പറഞ്ഞു.. ആയിക്കോട്ടെ..അതിനും വിട്ടു..പഠിത്തം കഴിഞ്ഞ് നിന്നെ ജോലിക്ക് വിടാതെ ഇരുന്നത് നമ്മുടെ ബിസിനെസ്സ് എല്ലാം നോക്കി നടത്തി നീ എന്റെ ഒപ്പം ഉണ്ടാകണമെന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു.. നിന്റെ ഏതെങ്കിലും ഒരു ആഗ്രഹത്തിന് അപ്പൻ എതിര് നിന്നിട്ടുണ്ടോ ?? ഇല്ല… ടീനയുടെ കാര്യത്തിൽ പോലും നിന്നെ ഞാൻ തല്ലിയത് എല്ലാവരും നിന്നെ കുറ്റക്കാരനാക്കുന്നത് കണ്ട് സഹിക്കാൻ കഴിയാതെയാണ്..പക്ഷെ ആനിയുടെ കാര്യം മാത്രം എന്തോ….എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല..നീ അവളെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ അത് സത്യമാണോയെന്ന് ചോദിച്ചറിയാനായി ഞാൻ അവളെ കാണാൻ ചെന്നിരുന്നു.പക്ഷെ അന്ന് അവൾ എന്നോട് പറഞ്ഞത് ഇതായിരുന്നു.. ” ഞാൻ പാറക്കുന്നേൽ തറവാടിന് ചേർന്ന പെൺകുട്ടിയല്ലെന്ന് എനിക്ക് നന്നായി അറിയാം സാർ..ഞാൻ കാരണം സാറിന് വിഷമിക്കേണ്ടി വരില്ല..”
ഞാൻ ആലോചിച്ചു….ശരിയാ..അവൾ പറഞ്ഞ പോലെ അവൾ ഈ കുടുംബത്തിന് ചേരില്ലെന്ന് എനിക്കും തോന്നി..എന്ന് കരുതി അവളോട് ഇവിടം വിട്ട് പോകാനൊന്നും ഞാൻ പറഞ്ഞിട്ടില്ല.. നീ സ്കൂളിൽ നിന്ന് ആനിയെ കൂട്ടിക്കൊണ്ട് പോയ ദിവസം ഓർമ്മയുണ്ടോ…?? ആനിയെ കാണാതെ മദർ എന്നെ വിളിച്ച ആ ദിവസം..അതിന്റെ പിറ്റേന്ന് തന്നെ അവൾ എന്നെ വിളിച്ച് ജോലി റിസൈൻ ചെയ്യുന്ന കാര്യം പറഞ്ഞു.. എന്റെ സഹായം ചോദിച്ചു…അതിന് വേണ്ടി അവൾ സ്കൂളിൽ വന്നപ്പോഴാണ് ബാംഗ്ലൂർ ഒരു ജോലി ശരിയായിട്ടുണ്ടെന്നും അങ്ങോട്ട് പോകുവാണെന്നും എന്നോട് പറഞ്ഞത്…
ഒരു കാരണവശാലും ആനി ഇവിടുന്ന് പോകുന്ന കാര്യം നീ ആറിയരുതെന്ന് അവൾ എന്നോട് ആവശ്യപ്പെട്ടു…നിങ്ങൾ തമ്മിലുള്ള ബന്ധത്തിൽ താല്പര്യമില്ലാത്ത എനിക്ക് അവൾ പോകുന്നതിൽ പ്രത്യേകിച്ച് ദുഃഖമൊന്നും തോന്നിയില്ല.. അത്രയും നല്ലത് എന്ന് ആയിരുന്നു എന്റെ ഉള്ളിൽ..എങ്കിലും അന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു… “നിന്നോട് എനിക്ക് ഇഷ്ടകുറവ് ഒന്നുമില്ല മോളെ..പക്ഷെ സ്വന്തം മകന്റെ കാര്യം വന്നപ്പോൾ ഈ അപ്പൻ ഒരു സ്വാർത്ഥ ചിന്താഗതി ഉള്ളവനായി മാറി..അതിന് എന്നോട് ദേഷ്യം തോന്നരുതെയെന്ന്…”
ആനി ഇവിടുന്ന് പോയി കഴിയുമ്പോൾ നീ പതിയെ അവളെ മറക്കുമെന്ന് ഞാൻ കരുതി…പക്ഷെ ആനി നാട്ടിൽ ഇല്ലെന്ന് അറിഞ്ഞ ഉടൻ നീ വീട്ടിൽ വന്ന് ബഹളമുണ്ടാക്കി..അന്ന് ആ രാത്രി നീ ഞങ്ങളോട് പറഞ്ഞില്ലേ അവൾ നിന്റെ ഭാര്യയാണെന്ന്…ആ നിമിഷം എന്റെ നെഞ്ചിലേക്ക് നീ കനൽ കോരിയിടുവായിരുന്നു..അതിന് ശേഷം ആന്റോ ആണ് അവളുടെ അപ്പൻ എന്ന് കൂടി അറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ..എന്റെ മേഴ്സിയുടെ ജീവിതം തകരുന്നത് കാണാൻ എനിക്ക് വയ്യായിരുന്നു… എന്നാൽ അവിടെയും എന്നെ ഞെട്ടിച്ചുകൊണ്ട് മേഴ്സി ആനിയെ കാണണമെന്ന് പറഞ്ഞു..എല്ലാം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവളെ സ്വന്തം മകളായി സ്വീകരിക്കുമായിരുന്നുവെന്ന് പറഞ്ഞു… എങ്കിൽ പോലും ആനി എവിടെയെന്ന് പറയാൻ എന്റെ മനസ്സ് അനുവദിച്ചില്ല… അവളുടെ അപ്പൻ ആരാണെന്ന് കൂടി അറിഞ്ഞതോടെ എന്റെ ഉള്ളിലെ ദുരഭിമാനം കൂടി…നിന്റെ വിഷമം കണ്ടിട്ടും നിനക്ക് വേണ്ടി അവരെല്ലാം എന്നോട് സംസാരിച്ചിട്ടും എന്റെ മനസ്സ് മാറിയില്ല.. കുറച്ച് നാൾ നീ അവളെ തേടി നടക്കും.. അത് കഴിഞ്ഞ് പതിയെ അവൾ നിനക്ക് വെറും ഒരു ഓർമ്മയാകും എന്ന് ഞാൻ ചിന്തിച്ചു…പക്ഷെ നിനക്ക് എന്നോട് ദേഷ്യമായി..എന്നോട് നീ വാശി കാണിച്ചപ്പോൾ ഞാനും തിരിച്ച് അതുപോലെ പെരുമാറി..നീ അവളെ ഒരിക്കലും കണ്ട് പിടിക്കില്ലന്ന് ഞാൻ കരുതി…പക്ഷേ നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ കർത്താവ് നിനക്ക് അവളെ കാട്ടി തന്നു…എന്നിട്ടും നിങ്ങളുടെ സ്നേഹം മനസ്സിലാക്കാൻ ഈ അപ്പച്ചന് കഴിഞ്ഞില്ല…
എനിക്ക് വയ്യാതെയായ ദിവസം രാവിലെ എന്നെ ഒരാൾ കാണാൻ വന്നിരുന്നു…ആര്…..? മാളിയേക്കലെ ഫ്രാൻസിസ്… ഫ്രാൻസിസോ..??? അവൻ നിന്നെ കല്ല്യാണം ക്ഷണിക്കാനായി വന്നിരുന്നുവല്ലേ….. അതെ…വന്നിരുന്നു…. അവൻ എന്നെ കാണാൻ വന്നത് നിങ്ങളുടെ കാര്യം സംസാരിക്കാനാണ്… സത്യം പറഞ്ഞാൽ നിന്റെ മുന്നിൽ തോറ്റ് പോകുമോ എന്ന പേടികൊണ്ടാണ് നിന്നെ ഞാൻ ബാംഗ്ലൂർ പോകാൻ സമ്മതിക്കാതെ ഇരുന്നത്..ബാംഗ്ലൂർ നിന്ന് നീ തിരിച്ചെത്തിയപ്പോൾ ആനിയും നിന്റെ ഒപ്പം ഉണ്ടാകുമെന്ന് ഞാൻ കരുതി… അവൾ എന്ത് കൊണ്ടാകും നിന്റെ ഒപ്പം വരാതെ ഇരുന്നത് എന്ന് ഞാൻ കുറെ ആലോചിച്ചു നോക്കി…ഒരുപക്ഷെ എല്ലാം അതോടെ അവസാനിച്ചു കാണും എന്ന് കരുതി..പക്ഷെ നാട്ടിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ നീ ജോലി അന്വേഷിച്ച് ഇറങ്ങിയപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..അന്ന് നീ എന്നോട് പറഞ്ഞില്ലേ നിന്റെ ഭാര്യ പാറക്കുന്നേൽ കുടുംബത്തിന് ചേരില്ല..അപ്പോൾ അവളെ നോക്കാനായി കുടുംബസ്വത്തിനെ ആശ്രയിക്കുന്നത് ശരിയല്ലായെന്ന്.. ഒന്നും അവസാനിച്ചിട്ടില്ലെന്ന കാര്യം അപ്പോൾ എനിക്ക് മനസ്സിലായി…
ബാംഗ്ലൂർ നടന്നത് ഒക്കെ ഫ്രാൻസിസ് എന്നോട് പറഞ്ഞു…അത് മാത്രമല്ല.. നീ അവനെ കാണാൻ ചെന്നപ്പോൾ അവനോട് പറഞ്ഞ കാര്യങ്ങൾ… നിങ്ങളുടെ കഥകൾ എല്ലാം അവൻ പറഞ്ഞു..കൂടെ ഒരു അഭ്യർത്ഥനയും… നിങ്ങളെ എത്രയും വേഗം ഒന്നിപ്പക്കണേ എന്ന്…ഇനിയും ഞാൻ വാശി കാണിക്കരുതെയെന്ന്…
നിനക്ക് ഞങ്ങളേയും വേണം ആനിയെയും വേണം..അത് പോലെ അവൾക്ക് നിന്നെയും വേണം ഞങ്ങളുടെ എല്ലാം സ്നേഹവും വേണം..
എനിക്ക് തന്ന വാക്ക് തെറ്റിച്ച് എന്നെ വിഷമിപ്പിച്ചു കൊണ്ട് നിന്നോട് ഒപ്പം ജീവിക്കാൻ വയ്യാതെ ആണോ അവൾ സ്വയം വേദനിച്ചുകൊണ്ട് നിന്നിൽ നിന്ന് അകന്നത്..
ആണോ എബീ…??
അത് അപ്പച്ചാ…
ഫ്രാൻസിസ് പോയ ശേഷം ഞാൻ മദറിനെ കാണാനായി കരുണാലയത്തിലേക്ക് പോയിരുന്നു..എല്ലാത്തിനും കാരണം ഞാനാണ്…ആനി എനിക്ക് തന്ന വാക്കാണ് എന്ന് മദറിൽ നിന്ന് കൂടി അറിഞ്ഞപ്പോൾ എനിക്ക് താങ്ങാൻ കഴിഞ്ഞില്ല…
ഞാൻ ആയിരുന്നോ മോനെ നിങ്ങളുടെ ഇടയിലെ വില്ലൻ..??
എന്റെ സ്വാർത്ഥത ആയിരുന്നോ..??
വാശി ആയിരുന്നോ ?
നിന്നെ കാണാൻ വേണ്ടി ഓടി പാഞ്ഞു വന്നപ്പോൾ നീ ഇവിടെ ഇല്ല..എല്ലാം കൂടി മനസ്സിൽ കിടന്ന് കുഴഞ്ഞു മറിയുവായിരുന്നു..മനസ്സ് നീറിയപ്പോൾ ഹൃദയം പോലും നിന്ന് പോയി…ചിലപ്പോൾ നിങ്ങളെ വേദനിപ്പിച്ചതിന് കർത്താവ് എനിക്ക് തന്ന ശിക്ഷ ആകും..ഹാ… ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് എങ്ങാനും തീർന്ന് പോകുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നു..മരിക്കുന്നതിൽ എനിക്ക് വിഷമമില്ല..പക്ഷെ നിന്നെ കാണാൻ കഴിയാതെ പോകേണ്ടി വരുമോ എന്നായിരുന്നു പേടി…ഫ്രാൻസിസ് എന്നെ കാണാൻ വരുന്നതിന് കുറച്ചു ദിവസം മുൻപേ എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു…പല തവണ നിന്നോട് സംസാരിക്കണം എന്ന് കരുതി… സ്റ്റെപ് കയറി പകുതി ആകുമ്പോൾ വീണ്ടും വാശിയും സ്വാർത്ഥതയും ഒക്കെ മനസ്സിൽ നിറയും..തിരികെ പോകും…
നീ ഉറങ്ങുമ്പോൾ വെറുതെ വന്ന് നിന്നെ നോക്കിയിട്ട് പോകുമായിരുന്നു…ഹാ മകന്റെ മുന്നിൽ തോൽക്കരുത് എന്നുള്ള അനാവശ്യമായ വാശി..പക്ഷെ എത്രയൊക്കെ ദേഷ്യമുണ്ടെങ്കിലും നീ എന്റെ ചോര അല്ലെടാ…അങ്ങനെ അങ്ങ് വേണ്ടെന്ന് വയ്ക്കാൻ പറ്റുമോ.. ജോസഫിന്റെ കണ്ണിൽ നനവ് പടർന്നു.. എന്ത് പറയണമെന്ന് അറിയാതെ എബി അപ്പച്ചനെ തന്നെ നോക്കി നിന്നു…
മതി മോനെ..ഇനി എന്റെ മക്കൾ വിഷമിക്കരുത്..എത്രയും വേഗം നിങ്ങൾ രണ്ടുപേരും ഒന്നിക്കണം…നിന്റെ ഒപ്പം ഞാനും വരാം ബാംഗ്ലൂർക്ക്.. നമുക്ക് ഒരുമിച്ചു പോയി അവളെ കാണാമെടാ.. എബിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു..അവൻ വിശ്വാസം വരാതെ അപ്പച്ചനെ നോക്കി… ആഹ്..അറ്റാക്ക് ഒക്കെ വന്നു..ഇനി എത്ര കാലമെന്ന് ആർക്ക് അറിയാം.. നിങ്ങളെയൊക്കെ വിഷമിപ്പിച്ചിട്ട് ഞാൻ എങ്ങനെയാടാ സമാധനത്തോടെ മരിക്കുന്നത്…കഴിഞ്ഞത് കഴിഞ്ഞു… എല്ലാം എന്റെ തെറ്റാണ്..ആനിയുടെ ജീവിതത്തിൽ എന്തൊക്കെയോ നടന്നു…അതൊന്നും അവളായിട്ട് വരുത്തി വയ്ച്ചത് അല്ലല്ലോ.. പോട്ടെ…നീ അപ്പച്ചനോട് ക്ഷമിക്കെടാ.. അപ്പച്ചാ… അവൻ ജോസഫിനെ കെട്ടിപ്പിടിച്ച് കരഞ്ഞു… ഒന്നുമില്ലെടാ ചെക്കാ..ഞാൻ വെറുതെ പറഞ്ഞതാ..ഇനി താമസിക്കണ്ട.. അങ്ങോട്ടേക്ക് അടുത്ത ഫ്ലൈറ്റ് എപ്പോഴാ ? അതിൽ തന്നെ പോകാം…എബി ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് ജോസഫ് വീണ്ടും ചോദിച്ചു… എന്താ മോനെ..നിനക്ക് ഇപ്പോഴും സംശയമാണോ ?? അപ്പച്ചന് പെട്ടെന്ന് എങ്ങനെ മാറ്റം വന്നെന്ന് ആലോചിക്കുവാണോ ?? പെട്ടെന്ന് ഒന്നും അല്ലെടാ.. അയ്യോ അപ്പച്ചാ അത് ഒന്നും അല്ല… ആനി ബാംഗ്ലൂർ ഇല്ല… പിന്നെ.?? അവൾ എങ്ങോട്ട് പോയി.?? അവൻ ജോസഫിനോട് എല്ലാ കാര്യങ്ങളും പറഞ്ഞു… അത് എന്തായാലും നന്നായി മോനെ..എല്ലാ പ്രശ്നങ്ങളും വേഗം അവസാനിക്കട്ടെ..
അപ്പച്ചനും മകനും ചിരിച്ചു സംസാരിച്ച് താഴേക്ക് വരുന്നത് കണ്ട് ലില്ലി വളരെ അത്ഭുതത്തോടെ അവരെ നോക്കി… എന്താ ലില്ലിക്കൊച്ചേ.?? ഒന്നുമില്ല..കുറെ നാളുകൾക്ക് ശേഷം ആണ് ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നത്.. ഹഹ..എല്ലാം കഴിഞ്ഞു…എന്റെ മനസ്സ് ഇത്രനാളും ഇരുൾ മൂടി കിടക്കുവായിരുന്നു… ഇപ്പോൾ ആ ഇരുട്ട് ഒക്കെ മാറി…അപ്പോൾ ഇവന്റെയും ആനിയുടെയും… അതെ ലില്ലിക്കൊച്ചേ..ഇനിയും ഇവരുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ചാൽ കർത്താവ് എന്നോട് പൊറുക്കില്ല.. സന്തോഷമായി…ഒരു വശത്ത് അപ്പച്ചനെയും മറുവശത്ത് മോന്റെയും സങ്കടം കണ്ട് വേദനിച്ചത് മുഴുവൻ ഞാൻ ആണ്…എന്തായാലും എന്റെ വിളി നീ കേട്ടല്ലോ മാതാവേ..ഞാൻ കത്തിച്ച മെഴുക് തിരികൾ ഒന്നും വെറുതെയായില്ലല്ലോ… എല്ലാം കേട്ട് ചിരിയോടെ നിൽക്കുവായിരുന്നു അപ്പച്ചനും മോനും.. നാളെ മുതൽ നീ ജോലിക്ക് പോകുന്നില്ലല്ലോ…പഴയ പോലെ നമ്മുടെ ബിസിനസ്സ് നോക്കി നടത്തുവല്ലേ.. അത് അമ്മച്ചീ… ഞാൻ ഇപ്പോൾ ജോലിക്ക് കയറിയത് അല്ലേ ഉള്ളൂ….പിന്നെ അത് എനിക്ക് ഇഷ്ടമാകുകയും ചെയ്തു..കമ്പനി ഉടനെ ഒരു പുതിയ പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്യാൻ പോകുവാ..അതിനിടയ്ക്ക് ഞാൻ..
നീ ജോലി ഒന്നും കളയണ്ടെടാ..നിനക്ക് ഇഷ്ടപ്പെട്ടത് നീ ചെയ്യ്…ബിസിനസ്സ് ഒക്കെ തത്കാലം ഞാൻ തന്നെ നോക്കിക്കൊള്ളാം… നീ എല്ലാം പഠിച്ചു കഴിഞ്ഞു നിന്റെ ആഹ്രഹം പോലെ നമുക്ക് ഒരു കമ്പനി തുടങ്ങാം… ജോസഫും എബിയും തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം അവസാനിച്ച കാര്യം അവൻ തന്നെ മേഴ്സിയോടും മറിയാമ്മയോടും പറഞ്ഞു… ഓഹ്..സന്തോഷമായി..എന്റെ മാതാവേ…ഇനി എനിക്ക് എന്റെ പേരക്കുട്ടിളെ ഒക്കെ കാണാലോ.. വല്യമ്മച്ചി പറഞ്ഞത് കേട്ട് എബിയും ജോസഫും ഒരു പോലെ ചിരിച്ചു.. നാളുകൾക്ക് ശേഷം വീണ്ടും പാറക്കുന്നേൽ തറവാട്ടിലെ എല്ലാവരും സന്തോഷത്തോടെ ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചു…പക്ഷെ അപ്പോഴും ഒരാളുടെ ഉള്ളിൽ മാത്രം ചെറിയ വലിയൊരു സങ്കടം മാറാതെ കിടപ്പുണ്ടായിരുന്നു…
മേഴ്സിയമ്മേ… നീ ഉറങ്ങിയില്ലേ…?? ഞാൻ ഉറങ്ങിക്കൊള്ളാം…മേഴ്സിയമ്മ എന്താ ഉറങ്ങാതെ ഈ ബൈബിളും തുറന്ന് പിടിച്ചിരിക്കുന്നത് ?? മനസ്സ് ആകെ എന്തോ പോലെ… അതിന്റെ കാരണം എനിക്ക് അറിയാം.. ആഹാരം കഴിച്ചുകൊണ്ട് ഇരുന്നപ്പോഴേ ഈ മുഖത്തെ വാട്ടം ഞാൻ ശ്രദ്ധിച്ചു… എല്ലാം ശരിയാകും മേഴ്സിയമ്മേ..എന്റെ കാര്യം തന്നെ കണ്ടില്ലേ…പണ്ടാരോ പറഞ്ഞ പോലെ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ… എബി മേഴ്സിയുടെ മടിയിൽ തല വയ്ച്ച് കിടന്നു… പിറ്റേന്ന് രാവിലെ എബിയുടെ ഫോൺ വിളിയാണ് അമലിനെയും ആതിരയെയും ഉണർത്തിയത്..അത് ഒരു കോണ്ഫറന്സ് കോൾ ആയിരുന്നു…എബി പറഞ്ഞ കാര്യങ്ങൾ കേട്ട് അവർ രണ്ടുപേർക്കും സന്തോഷമായി….. എബി ചേട്ടായി ട്രീറ്റ് വേണം…. ട്രീറ്റ് ഒക്കെ തരാം.. ഇവിടെ എല്ലാം ഓക്കെയായി..ഇനി എന്റെ ആനി കൊച്ച് ഇടയാതെ ഇരുന്നാൽ മതിയായിരുന്നു… പക്ഷെ അതിലും വലിയ രണ്ട് വലിയ കടമ്പകൾ ഉണ്ട്… അതേതാടാ ആ രണ്ടെണ്ണം ?? ഒന്ന്..മിസ്റ്റർ ആന്റണി കുരിശിങ്കൽ… രണ്ട്..കേസും രാജീവനും… രണ്ടാമത്തേത് വലിയ ഇഷ്യൂ ഒന്നും അല്ല..കേസിൽ ആനി തന്നെ ജയിക്കും..അത് കഴിഞ്ഞ് രാജീവനുള്ളത് ഞാൻ കൊടുക്കുന്നുണ്ട്.. പക്ഷെ ആദ്യത്തെതാണ് ഒരു എത്തും പിടിയും കിട്ടാത്തത്…ചേട്ടായീ ഡോണ്ട് വെറി…എല്ലാം ശരിയാകും..
🖤🖤🖤🖤🖤🖤🖤
കേസിന്റെ കാര്യം ഓർത്ത് രാമചന്ദ്രൻ ആകെ ടെൻഷനിൽ ആയിരുന്നു… അമ്മാവാ..എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ?? നമ്മുടെ ഭാഗത്ത് അല്ലേ ന്യായം..നമ്മൾ തന്നെ ജയിക്കും…പിന്നെ എന്താ.. അതിൽ എനിക്ക് നൂറ്‍ ശതമാനം ഉറപ്പുണ്ട് മോളെ…പക്ഷെ രാജീവൻ എന്തെങ്കിലും ചെയ്യുമോ എന്ന് എനിക്ക് ഒരു പേടി…നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടും അവൻ ഇങ്ങനെ അടങ്ങി ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ…എന്റെ അച്ഛാ..അയാൾ ഒന്നും ചെയ്യില്ല… ചെയ്താൽ അതിനുള്ളത് ഇരട്ടിയായി തിരിച്ചു കിട്ടും..ഇനി എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടും ഒരു പ്രയോജനവും ഇല്ലെന്ന് അയാൾക്കും ഭാര്യയ്ക്കും മനസ്സിലായിട്ട് ഉണ്ടാകും..അവർ കേസ് തോൽക്കും…നമ്മൾ കേസ്ജയിച്ചിട്ട് വേണം എനിക്ക് അയാളെ നേരിട്ട് ഒന്ന് കാണാൻ…വിച്ചു..വേണ്ടാ..എന്തൊക്കെയായാലും പ്രായത്തിന് മൂത്ത ആളാണ്…നീ തെറ്റ് ഒന്നും ചെയ്യരുത്…കേസ് കഴിഞ്ഞിട്ട് എന്താ വേണ്ടത് എന്നൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.. രാമചന്ദ്രൻ തിരിഞ്ഞ് നടന്നതും ആനി വൈശാഖിനോട് ചോദിച്ചു.. വിച്ചേട്ടാ..അമ്മാവൻ എന്താ പറഞ്ഞിട്ട് പോയത് ?? കേസ് കഴിഞ്ഞിട്ട് എന്ത് കാര്യം ?? നിന്റെ അമ്മാവൻ പണ്ടേ ഇങ്ങനെയാ.. അച്ഛൻ ഉദ്ദേശിച്ചത് എന്താണെന്ന് ഇനി കേസ് കഴിഞ്ഞാലേ അറിയാൻ പറ്റൂ..

by