17/04/2026

നിഴലായ് : ഭാഗം 37

രചന – ശരണ്യ

ജോസഫിനെ നേരിൽ കാണാനുള്ള സന്ദർഭങ്ങൾ എല്ലാം എബി കഴിവതും ഒഴിവാക്കിയിരുന്നു….രാവിലെ നേരത്തെ ഓഫീസിൽ പോകുന്നു… വൈകിട്ട് വന്ന് കഴിഞ്ഞാൽ പിന്നെ മുറിയിൽ തന്നെ.. മേഴ്‌സിയും ലില്ലിയും അവന്റെ മുറിയിലേക്ക് ചെല്ലുമെങ്കിലും ജോസഫ് മാത്രം അവനോട് മിണ്ടാനെ പോയില്ല.. അപ്പച്ചനും മകനും തമ്മിലുള്ള അകലം ഓരോ ദിവസം കഴിയും തോറും കൂടിയത് കൂടിക്കൊണ്ടേയിരുന്നു…

അപ്പച്ചൻ ആഹാരം കഴിച്ച് റൂമിലേക്ക് പോയ ശേഷം മാത്രമെ എബി താഴേക്ക് വരുമായിരുന്നുള്ളു…. വല്ല്യമ്മച്ചിയോട് ഒപ്പം കുറച്ചു സമയം ചിലവഴിച്ചിട്ട് അവനും തിരികെ റൂമിൽ പോകും.. മകനും അപ്പച്ചനും തമ്മിലുള്ള ഈ അകൽച്ചയ്ക്ക് ഇടയിൽ വേദനിച്ചത് മുഴുവൻ ലില്ലിയായിരുന്നു.. പുറമെ എബിയോട് ദേഷ്യം കാണിച്ചിരുന്നെങ്കിലും ജോസഫ് ഉള്ളിൽ ഒരുപാട് വേദനിച്ചിരുന്നു..എങ്കിലും മകന്റെ മുന്നിൽ തോറ്റ് കൊടുക്കാൻ അയാളുടെ അഭിമാനം അനുവദിച്ചില്ല..ദിവസം കഴിയുംതോറും നിശബ്ദമായ അവരുടെ വഴക്ക് കൂടുതൽ ശക്തമായി..എബിയെ ഇനിയും വിഷമിപ്പിക്കരുതെന്ന് ലില്ലിയും മേഴ്‌സിയും മറിയാമ്മയുമെല്ലാം പല തവണ അയാളോട് പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല..

ആനിയുടെ ഫോൺ വന്ന് കുറച്ചു സമയത്തിനുള്ളിൽ തന്നെ അവൾ പറയുന്ന എല്ലാ കാര്യങ്ങളും ആതിര എബിയെ അറിയിക്കും.. പിന്നെ പിന്നെ ആനിയുടെ കോൾ റെക്കോർഡ് ചെയ്ത് അവൾ എബിക്ക് അയച്ചുകൊടുക്കാൻ തുടങ്ങി… ഫോണിൽ കൂടിയാണെങ്കിലും ആനിയുടെ ശബ്ദം കേൾക്കാൻ കഴിയുന്നതിൽ അവൻ വളരെ സന്തോഷവാനായിരുന്നു.. അകലെയാണെങ്കിലും അവൾ സന്തോഷവതി ആണെന്ന് അറിയുന്നത് തന്നെയായിരുന്നു അവന് മറ്റ് എന്തിനേക്കാളും വലുത്… എബി ആഹാരം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ മേഴ്സി അവന്റെ തൊട്ട് അടുത്തുള്ള ചെയറിൽ വന്ന് ഇരുന്നു..

എന്താ മേഴ്സിയമ്മേ ?? എന്നോട് എന്തെങ്കിലും പറയാനുണ്ടോ ?? അത് മോനെ…നീ ദേഷ്യപ്പെടരുത്.. അന്റോച്ചായൻ എവിടെയാണെന്ന് നിനക്ക് അറിയോ ?? ഞാൻ വൈകിട്ട് കുരിശിങ്കലേക്ക് വിളിച്ചിരുന്നു… അവിടെ ആർക്കും ഇവിടെ നടന്ന പ്രശ്നങ്ങളെ കുറിച്ചൊന്നും അറിയില്ല..ഇച്ചായൻ അവിടെ ഇല്ലെന്നാ പറഞ്ഞത്… ഒരു ദിവസം അവിടെ ചെന്നിരുന്നു..അപ്പച്ചനോട് കുറെ നേരം സംസാരിച്ചിട്ട് ഉടൻ തന്നെ പോയി… ആള് ഭയങ്കര സങ്കടത്തിലായിരുന്നുവെന്നാ ചേട്ടത്തി പറഞ്ഞത്.. മേഴ്സിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ആഹാരം കഴിക്കുന്നത് തുടർന്നു..

എബീ.. നീ എന്താ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ…?? കേൾക്കുന്നുണ്ട്.. മേഴ്സിയമ്മ പറഞ്ഞോ.. എനിക്ക് എന്തോ പേടിയാകുന്നു മോനെ.. എന്തെങ്കിലും….? ഒന്ന് വിളിച്ചു നോക്കാത്തത് എന്താ ?? അത്…എനിക്ക്. നീ ഒന്ന് വിളിച്ചു നോക്കുമോ..?? എനിക്ക് വിളിക്കാൻ ഒന്നും വയ്യ..പിന്നെ വേണമെങ്കിൽ ഒരു കാര്യം പറയാം… എബി പറയാൻ പോകുന്നത് എന്താണെന്ന് അറിയാനായി അവർ ആകാംഷയോടെ നോക്കിയിരുന്നു.. ആന്റണി കുരിശിങ്കൽ എന്റെ പെണ്ണിനെ അന്വേഷിച്ച് കുറെ നടന്നു.. അവസാനം അവൾ എവിടെയാണെന്ന് കണ്ടെത്താൻ ആകാതെ എന്നെ കാണാൻ വന്നിരുന്നു. പക്ഷെ അന്ന് എനിക്കും അവൾ എവിടെയെന്ന് അറിയില്ലായിരുന്നു..മാനസികമായി വളരെ തളർന്നിരിക്കുവാണ്.. മനസ്സിന് ഇച്ചിരി സമാധാനം കിട്ടുന്ന എങ്ങോട്ടെങ്കിലും പോകാൻ ആഗ്രഹമുണ്ടെന്ന് ഒക്കെ എന്നോട് പറഞ്ഞു.. ചിലപ്പോൾ അന്ന് തന്നെയാകും വീട്ടിലേക്കും പോയത്… കുറച്ചു ദിവസം മുൻപ് എനിക്ക് ഒരു വോയിസ് മെസ്സേജ് അയച്ചിരുന്നു. ആള് ഇപ്പോൾ വേളാങ്കണ്ണിയിൽ ഉണ്ട്..മേഴ്സിയമ്മ പേടിക്കണ്ട…ചെയ്ത തെറ്റ് ഒക്കെ ഓർത്ത് ആൾക്ക് നല്ല സങ്കടമുണ്ട്. എന്ന് കരുതി കടുംകൈ ഒന്നും ചെയ്യില്ല. അത് എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്…

നീ ആനിയെ കണ്ട വിവരം ഇച്ചായനോട് പറഞ്ഞോ..?? ഇല്ല.. ഇവിടെ ഞങ്ങളുടെ കാര്യം തന്നെ ഒന്നും ആകാതെ നിൽക്കുവാ…അതിനിടയ്ക്ക് ഇനി അപ്പൻ മോളെ കാണാൻ ചെന്നിട്ട് വേണം എല്ലാം കുളമാകാൻ..അത് കൊണ്ട് ആദ്യം ഞങ്ങളുടെ കാര്യം ഒന്ന് ശരിയാകട്ടെ…. അതൊക്കെ കഴിഞ്ഞ് അവർ അപ്പനും മോളും കൂടി എന്താന്ന് വയ്‌ച്ചാൽ തീരുമാനിച്ചോളും.. മ്മ്… മേഴ്സി വെറുതെ മൂളി..

നാളുകൾക്ക് ശേഷം ഫ്രാൻസിസ് വീണ്ടും പള്ളിയിലേക്ക് ചെന്നു…പ്രാർത്ഥനയ്ക്ക് ശേഷം അവൻ നേരെ അച്ചന്റെ അടുക്കലേക്ക് പോയി… ആഹാ. നീ എവിടെയായിരുന്നെടാ ഫ്രാൻസീ.??ഞായറാഴ്ച്ചകളിൽ കൃത്യമായി പള്ളിയിൽ വന്നുകൊണ്ടിരുന്നതാ..ഇടയ്ക്ക് വയ്ച്ച് നിന്നെയും കാണാനില്ല.. ട്രീസയെയും കാണാനില്ല… ഞങ്ങൾ ഇവിടെ ഇല്ലായിരുന്നു അച്ചോ. ഞാൻ ലണ്ടനിൽ അമ്മച്ചിയുടെ മൂത്ത ആങ്ങളയുടെ ഒപ്പമായിരുന്നല്ലോ.. അങ്കിളിന് പെട്ടെന്ന് വയ്യാണ്ടായി. അങ്ങനെ എനിക്ക് അങ്ങോട്ടേക്ക് പോകേണ്ടി വന്നു…അപ്പോൾ പിന്നെ അമ്മച്ചിയെ ഇവിടെ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ലല്ലോ..അത് കൊണ്ട് ഞാൻ അമ്മച്ചിയെ അവരുടെ കുടുംബ വീട്ടിൽ കൊണ്ടു വിട്ടു.. ഓഹോ..അങ്ങനെയൊക്കെ ആണോ.. ഹമ്.. ഇപ്പോൾ നിന്റെ അങ്കിളിന് സുഖായോ ?? ഇനി നിനക്ക് വീണ്ടും അവിടേക്ക് പോകേണ്ടി വരുമോ ??

അങ്കിൾ ഇപ്പോൾ ഓക്കേയാണ്. എല്ലാവരും നാട്ടിൽ എത്തിയിട്ടുണ്ട്.. അടുത്ത മാസം തന്നെ തിരിച്ചു പോകും…പിന്നെ ഞാൻ വന്നത്… അവൻ കയ്യിലിരുന്ന കാർഡ് അച്ചന് നേരെ നീട്ടി… എടാ..ഫ്രാൻസി.. നിന്റെ കല്ല്യാണമായോ..? അതെ അച്ചോ.. കല്ല്യാണത്തിന് ക്ഷണിക്കാനാ ഞാൻ വന്നത്. അങ്കിളിന്റെ മകളാണ്.. സുഖമില്ലാതെയായപ്പോൾ അങ്കിൾ പറഞ്ഞ ഒരേ ഒരു ആഗ്രഹമായിരുന്നു.. ഇതാകുമ്പോൾ ബിസിനസ്സ് ഒക്കെ നോക്കി നടത്തി അവരിൽ ഒരാളായി എന്നും ഞാൻ കൂടെ ഉണ്ടാകുമല്ലോ. എല്ലാവരുടെയും ആഗ്രഹം ഇതാണ്.. ഞാൻ ആയിട്ട് പിന്നെ എതിർക്കാൻ നിന്നില്ല… അല്ല..അപ്പോൾ ??

അച്ചന്റെ ചോദ്യത്തിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായി.. അച്ചൻ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ട്…വർഷങ്ങളായി പരസ്പരം സ്നേഹിക്കുന്ന രണ്ട് പേർ… നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ഉദ്ദേശിച്ചത് ആനിയുടെ കാര്യമാ. പക്ഷെ നീ.. ആ രണ്ട് പേർ ആരൊക്കെയാ ?? എബിയും ആനിയും… എന്താ….?? അവളോട് തോന്നിയ ഇഷ്ടം തുറന്ന് പറഞ്ഞ് അവളെ തന്റെ ഭാര്യയായി പാറക്കുന്നേൽ തറവാട്ടിലേക്ക് കൊണ്ട് പോകാൻ കൊതിച്ച എബിയും. വർഷങ്ങൾക്ക് മുന്നേ മനസ്സിൽ അവനോട് തോന്നിയ ഇഷ്ടം പുറത്തു കാണിക്കാതെ ഉള്ളിൽ ഒതുക്കിയ ആനിയും….ഒടുവിൽ മിന്ന് കെട്ടി അവളെ സ്വന്തമാക്കിയപ്പോൾ മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി എല്ലാം വേണ്ടെന്ന് വയ്ച്ച് അവൾ അവനിൽ നിന്ന് അകന്നു..

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് അവളോട് ഒരു ഇഷ്ടം തോന്നിയിരുന്നു. പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ ആ ഇഷ്ടം മനസ്സിൽ നിന്ന് പുറത്തേക്ക് വന്നു… അത് അല്ലാതെ എനിക്ക് പറയാൻ എന്താ ഉള്ളത്..? പക്ഷെ അവർ അങ്ങനെയല്ല അച്ചോ.. ആദ്യം എബിയുടെ പെണ്ണാണ് ആനിയെന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ എനിക്ക് അവനോട് ദേഷ്യം തോന്നിയിരുന്നു..പിന്നെ അത് ഒരു വാശിയായി…പക്ഷെ കുറച്ചു നാൾ മുൻപ് എബി എന്നെ കാണാൻ വന്നിരുന്നു..ഒരുപാട് കാര്യങ്ങൾ അവൻ എന്നോട് പറഞ്ഞു…അന്ന് ആനിയ്ക്ക് വേണ്ടി അവന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ എനിക്ക് എല്ലാം മനസ്സിലായി.. അവരാണ് ഒന്നിക്കേണ്ടത്.. അവരുടെ സ്‌നേഹത്തിന്റെ ഇടയിൽ ഞാൻ വെറും ഒരു വിഡ്ഢിയാണ്..

അതിനിടയ്ക്ക് ആണ് ഞാൻ തിരിച്ചു പോയത്..മനസ്സിൽ തോന്നിയ പൊട്ടത്തരം മായ്ച്ചു കളയാൻ ആ യാത്ര ശരിക്കും ഒരു സഹായം തന്നെയായിരുന്നു..പിന്നെ ചേരേണ്ടവർ തമ്മിൽ അല്ലേ ചേരൂ.. അത് ഇനി എത്ര നാൾ കഴിഞ്ഞായാലും. എബിയും ആനിയും ആണ് ചേരേണ്ടത്. അതിനിടയ്ക്ക് വെറുതെ വില്ലൻ കളിക്കാൻ എനിക്ക് വയ്യ അച്ചോ… അച്ചൻ തന്റെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.. അപ്പോൾ എല്ലാം പറഞ്ഞത് പോലെ. കല്ല്യാണത്തിന് അച്ചൻ വരണം..ഇനി കുറച്ചുപേരെ കൂടി വിളിക്കാൻ ഉണ്ട്. പോട്ടെ…

ഹെഡ്സെറ്റ് വയ്ച്ച് പാട്ട് കേട്ട്. കണ്ണടയ്ച്ചു കിടക്കുവായിരുന്നു എബി. ഇടയ്ക്ക് തന്റെ തലയിൽ ആരോ തലോടുന്നത് പോലെ അവന് തോന്നി. സാധാരണ മേഴ്സിയോ ലില്ലിയോ ആണ് അവൻ കിടക്കുമ്പോൾ ഇതുപോലെ മുടിയിൽ തലോടുന്നത്..അവർ ആരെങ്കിലും ആകും എന്ന് കരുതി അവൻ കണ്ണ് തുറക്കാതെ കിടന്നു.. അല്പം കഴിഞ്ഞ് അനക്കം ഒന്നും ഇല്ലാതെ വന്നപ്പോൾ അവൻ മെല്ലെ കണ്ണ് തുറന്ന് നോക്കി..കണ്ണ് തുടയ്ച്ചുകൊണ്ട് റൂമിൽ നിന്ന് ഇറങ്ങി പോകുന്ന ജോസഫിനെയാണ് എബി കണ്ടത്… അപ്പച്ചനായിരുന്നോ അത്…? അപ്പോൾ പുറമെ കാണിക്കുന്ന മുരടൻ സ്വഭാവമേ ഉള്ളു…ഉള്ളിൽ നല്ല സങ്കടമുണ്ട്. കള്ള ജോസഫ് സാറെ..എന്തിനാ ഇനിയും ഈ മസിൽ പിടിത്തം…?? അവൻ ചിരിയോടെ വീണ്ടും കണ്ണടയ്ച്ചു കിടന്നു..അവന്റെ കൺകോണിൽ നിന്ന് ഒരു തുള്ളി പുറത്തേക്ക് ഒഴുകി..

നടുത്തളത്തിൽ എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയിരുന്നു…വൈശാഖിന്റെ ചേച്ചി വൈഷ്ണവി വീഡിയോ കാളിലൂടെ ആനിയുമായി കമ്പനിയായി..അവളുടെ കാൾ വന്നതും ആനിയും അമ്മുവും അച്ചുവും അവളോട് സംസാരിച്ചുകൊണ്ട് മുകളിലേക്ക് പോയി..അവർക്ക് പിന്നാലെ എന്തോ വർക്ക് പെൻഡിങ് ആണെന്ന് പറഞ്ഞ് ലാപ്ടോപ്പും എടുത്ത് വൈശാഖും ഉമ്മറത്തേക്ക് നടന്നു…

രാമേട്ടാ… ഞാൻ ഒരു ആഗ്രഹം പറയട്ടെ… എന്തിനാ സിന്ധൂ ഇങ്ങനെ മുഖവുരയൊക്കെ ?? നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ സമ്മതം ചോദിക്കേണ്ട കാര്യമുണ്ടോ..?? നമുക്ക് വിച്ചുവിനെ കൊണ്ട് ആനിയെ വിവാഹം കഴിപ്പിച്ചാലോ ?? അതാകുമ്പോൾ അവൾ എന്നും നമ്മുടെ ഒപ്പം ഉണ്ടാകും.. രാമചന്ദ്രൻ സിന്ധുവിനെ നോക്കി ചിരിച്ചു. നീ ഈ പറഞ്ഞ കാര്യം കുറച്ചു ദിവസമായി എന്റെ മനസ്സിൽ ഉണ്ട്..ആനി വന്ന രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ മറ്റൊരാൾ എന്നോട് ഈ ആഗ്രഹം പറഞ്ഞിരുന്നു… ആരാ അത് ?? അമ്മായി ആണോ… അതെ. എനിക്ക് ഈ കാര്യത്തിൽ നൂറ് വട്ടം സമ്മതം.. അവർ രണ്ട് പേരും സംസാരിക്കുമ്പോൾ വിജി മാത്രം ഒന്നും മിണ്ടാതെയിരുന്നു… ഇതെന്താ ചേട്ടത്തി മാത്രം മിണ്ടാതെ ഇരിക്കുന്നത് ? എന്തേ ചേട്ടത്തിക്ക് എന്തെങ്കിലും എതിര് അഭിപ്രായം ഉണ്ടോ ? ഇതൊക്കെ നമ്മൾ മാത്രം തീരുമാനിച്ചാൽ മതിയോ ? കുട്ടികളോട് കൂടി ചോദിക്കണ്ടേ…

അതിന് നമ്മൾ ഇത് ഉറപ്പിച്ചില്ലല്ലോ… എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ രാമേട്ടനോട് പറഞ്ഞു.. അപ്പോൾ അങ്ങനൊരു ആഗ്രഹം നേരത്തെ തന്നെ മനസ്സിൽ ഉണ്ടെന്ന് ഏട്ടനും പറഞ്ഞു… അവരോട് രണ്ട് പേരോടും സംസാരിച്ചിട്ട് മാത്രമേ നമ്മൾ ഒരു തീരുമാനത്തിൽ എത്തൂ… വിച്ചുവിന് ഇഷ്ടക്കേട് ഒന്നും ഉണ്ടാവില്ലെന്നാ എനിക്ക് തോന്നുന്നത്.. പിന്നെ ആനി മോളുടെ കാര്യം മാത്രം.. അവൾ ഒരു ക്രിസ്ത്യാനിയായാണ് വളർന്നത്… ഇന്നത്തെ കാലത്ത് എന്ത് ജാതിയും മതവും..അവൾക്ക് ഇഷ്ടമുള്ള പോലെ അവൾ ജീവിക്കട്ടെ..നമ്മൾ അതിൽ ഒന്നും ഇടപെടേണ്ട കാര്യമില്ലല്ലോ.. എന്തായാലും ഇപ്പോൾ ഒന്നും പറയണ്ട.. കേസ് ഒക്കെ കഴിഞ്ഞ് പതിയെ പറഞ്ഞാൽ മതി… വിജിയുടെ അഭിപ്രായത്തെ അവർ രണ്ടുപേരും ശരി വയ്ച്ചു… വർക്ക് തീർന്നിട്ടും വൈശാഖ് ലാപ്‌ടോപ്പിൽ തന്നെ നോക്കി ഇരുന്നു..

തുറന്ന് പറയാൻ ചെറിയ ഒരു ചളിപ്പ്.. പക്ഷെ ഇനിയും പറയാതെ ഇരുന്നാൽ നിന്നെ വേറെ വല്ലവനും കെട്ടികൊണ്ട് പോകുന്നത് കാണേണ്ടി വരും…ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് ഓക്കേ ആക്കിയിട്ട് ഞാൻ ബാംഗ്ളൂരേക്ക് വരുന്നുണ്ട്… കേട്ടോടി കാലന്റെ പെണ്ണെ… സ്‌ക്രീനിലെ പെൺകുട്ടിയുടെ ഫോട്ടോയിൽ നോക്കി അവൻ ചിരിച്ചു.. മുകളിലെ ബാൽക്കണയിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുവായിരുന്നു ആനി…അവളുടെ മനസ്സ് മുഴുവൻ എബിയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ പറ്റിയുള്ള മനോഹരമായ ഓർമ്മകളിലായിരുന്നു അവർ രണ്ടുപേരും..

ആനി ചെറുവയ്ക്കലിൽ ഉണ്ടെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ രാജീവന്റെ സമാധാനം നഷ്ടപ്പെട്ടിരുന്നു.. അവൾ കോടതിയിൽ ഹാജരായാൽ ഇതുവരെ ചെയ്ത് കൂട്ടിയത് മുഴുവൻ വെറുതെയാകുമെന്ന് അയാൾ ചിന്തിച്ചു.. ആനി തറവാട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് അയാൾക്ക് അറിയാമായിരുന്നു.. പക്ഷേ രാജീവന്റെയും ലക്ഷ്മിയുടെയും സ്വഭാവം നല്ല പോലെ അറിയുന്ന രാമചന്ദ്രൻ അവളെ വീട്ടിൽ നിന്ന് പുറത്തു പോകാൻ അനുവദിച്ചതെ ഇല്ല…

രാജീവൻ എന്തും ചെയ്യാൻ മടിക്കില്ലെന്ന് ഉറപ്പായത് കൊണ്ട് രാജീവന്റെയും ലക്ഷ്മിയുടെയും പ്രവർത്തികൾ നിരീക്ഷിക്കാനായി എബി ഏർപ്പെടുത്തിയ ആളുകളും അവിടെ തന്നെയുണ്ടായിരുന്നു.. ആനിയ്ക്ക് കൂടുതൽ ദിവസം ലീവ് വേണ്ട കാര്യം വൈശാഖ് ഓഫീസിൽ പറഞ്ഞു. ആദർശിനും മറ്റുള്ളവർക്കും പ്രത്യേകിച്ച് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.. വൈശാഖും ആനിയും ലാപ്‌ടോപ്പിൽ നോക്കി ഓഫീസിലെ ഏതോ വർക്കിന്റെ കാര്യം സംസാരിച്ചിരിക്കുവായിരുന്നു.. അപ്പോഴാണ് രാമചന്ദ്രൻ അവിടേക്ക് വന്നത്… മോനെ.. വക്കീൽ വിളിച്ചിരുന്നു…. അടുത്ത മാസം ആദ്യം തന്നെ നമ്മുടെ കേസ് വിളിക്കുമെന്നാ അയാൾ പറഞ്ഞത്.. ഹമ്. അപ്പോൾ അത് കഴിഞ്ഞാൽ ഉടൻ ബാംഗ്ലൂർക്ക് പോകാം.

അതെന്താ വിച്ചൂ.. നിനക്ക് എന്താ തിരിച്ചു പോകാൻ ഇത്ര തിടുക്കം..?? ഏയ്…ഞാൻ വെറുതെ… ആനി അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു…രാമചന്ദ്രൻ പോയതും വൈശാഖ് അവളോട് ചോദിച്ചു.. നീ എന്താ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് ?? ഏയ്..ഒന്നുമില്ല.. അല്ല വിച്ചേട്ടാ..ഏട്ടന് ആതിരയെ പറ്റി എന്താ അഭിപ്രായം ?? ആതിരയെ പറ്റി എന്ത് അഭിപ്രായം.. ആഹ് എനിക്ക് ഒന്നും അറിയില്ല.. ഞാൻ അവളെ നേരെ ശ്രദ്ധിച്ചിട്ട് ഒന്നുമില്ല… ലാപ്ടോപ്പ് സ്‌ക്രീനിൽ നോക്കികൊണ്ട് തന്നെ അവൻ മറുപടി പറഞ്ഞു..

നീ എന്താ ഇപ്പോൾ അവളെ പറ്റി ചോദിച്ചത് ? അത് വേറൊന്നും അല്ല…വിച്ചേട്ടന്റെ ലാപ്പ്ടോപ്പിൽ ഒരു പെൺകുട്ടിയുടെ കുറച്ചു ഫോട്ടോസ് കണ്ടായിരുന്നു… ആ കുട്ടിയെ കാണാൻ ആതിരയെ പോലെ തോന്നി.. ആനി പറഞ്ഞത് കേട്ട് വൈശാഖ് സ്‌ക്രീനിൽ നിന്ന് തലയുയർത്തി അവളെ നോക്കി..ചമ്മലോടെയുള്ള അവന്റെ നോട്ടം കണ്ട് ആനിയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല… നീ ഇത് അവളോട് പറഞ്ഞ് എന്നെ നാറ്റിക്കരുത്….ഞാൻ തന്നെ അവളോട് സൂചിപ്പിച്ചോളാം… ഞാൻ ആയിട്ട് ആരോടും പറയില്ല..പാവം ആതിര…വലുത് എന്തോ വരാൻ ഇരുന്നതാ… പോടീ…പോടീ… പിന്നെ ഇനിയും വെയിറ്റ് ചെയത് വെറുതെ സമയം കളയണ്ട…വേഗം അവളോട് പറയാൻ നോക്ക്.. അവർ പരസ്പരം നോക്കി ചിരിച്ചു..