രചന – ശരണ്യ
ആനി വേഗം റൂമിൽ കയറി വാതിലടയ്ച്ചു.. അവൾ ബെഡിൽ ഇരുന്ന് മുഖം പൊത്തി കരഞ്ഞു..തന്റെ ഉള്ളിലെ സങ്കടമെല്ലാം അവൾ കരഞ്ഞു തീർത്തു…ആനിയെ നോക്കി വന്ന അമ്മു അടഞ്ഞ് കിടക്കുന്ന വാതിൽ കണ്ട് തിരികെ പോയി.. ഇതേ സമയം രാമചന്ദ്രനും വിജിയും താഴെ അവരുടെ മുറിയിൽ ഇരുന്ന് ആനിയെ പറ്റി സംസാരിക്കുവായിരുന്നു.. എന്നാലും ആ രാജീവൻ.. അപ്പോൾ ആനി നമ്മുടെ ദേവിയുടെ മകൾ ആണെന്ന് അവന് നേരത്തെ അറിയാമായിരുന്നു..ഹമ്..അവന് രണ്ട് കിട്ടിയത് നന്നായി..
മോള് പറഞ്ഞത് കേട്ടില്ലേ..അയാൾ അവളെ ശല്ല്യം ചെയ്യുമായിരുന്നെന്ന്…പഴയ ഒരു കണക്ക് എന്നൊക്കെ അവൾ പറഞ്ഞത് കേട്ടിട്ട് എനിക്ക് എന്തോ.. അവൾക്ക് അയാളിൽ നിന്ന് എന്തോ ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു.. ലക്ഷ്മിയോട് സംസാരിക്കുമ്പോൾ മുഴുവൻ ആനി മോളുടെ മുഖത്ത് കണ്ടത് ഒരു തരം വെറുപ്പായിരുന്നു..
പാവം എന്റെ കുട്ടി..ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ടാകും..ഞാൻ അവളോട് ഒന്നും ചോദിക്കില്ല…വെറുതെ ഇനിയും ഓരോന്ന് ചോദിച്ച് അവളുടെ മനസ്സ് വിഷമിപ്പിക്കാൻ എനിക്ക് വയ്യ..നീയും ഒന്നും ചോദിച്ച് അവളെ വേദനിപ്പിക്കരുത്.. വാതിൽക്കൽ ആരുടെയോ കാൽപെരുമാറ്റം കേട്ട് അവർ രണ്ടാളും തിരിഞ്ഞ് നോക്കി..
ആനി മോളോ.. മോൾ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്..? അകത്തേക്ക് വാ.. എന്താ മോളെ..എന്ത് പറ്റി..? അത്..ഞാൻ.. എനിക്ക് രാജീവനെ നേരത്തെ അറിയാം.. അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ അയാൾ ഞങ്ങളെ കാണാൻ വരുമായിരുന്നു.. ഞങ്ങളെ സഹായിക്കാൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അയാൾ അമ്മയെ കൊണ്ട് എല്ലാം എഴുതി മേടിച്ചു..പക്ഷെ അയാൾ ഒരു ചതിയാനായിരുന്നുവെന്ന് അമ്മ തിരിച്ചറിഞ്ഞപ്പോൾ ഏറെ വൈകിയിരുന്നു.
അയാളുടെ കണക്കൂകൂട്ടലുകളെയെല്ലാം തെറ്റിച്ച് കൊണ്ട് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ ഉടൻ അമ്മയുടെ പേരിലുള്ള സ്വത്തുക്കളെല്ലാം അപ്പൂപ്പൻ സ്വന്തം പേരിലാക്കിയെന്നും പിന്നീട് അയാളുടെ ഉദ്ദേശം ആ സ്വത്തുക്കൾ മാത്രമാണെന്നും അതിന് വേണ്ടി അയാളും ഭാര്യയും എന്തും ചെയ്യാൻ മടിക്കില്ലെന്നും മനസ്സിലായപ്പോൾ എല്ലാത്തിന്റെയും.. അവകാശം എനിക്കാണെന്ന് വിൽപ്പത്രം എഴുതി വയ്ച്ചുവെന്നും അയാൾ തന്നെ എന്നോട് പറഞ്ഞിരുന്നു..അയാളോട് ഒപ്പം ചെല്ലാനും പറയുന്ന പേപ്പേഴ്സിൽ ഒക്കെ ഒപ്പിട്ട് നൽകാനും അയാൾ എന്നോട് പറഞ്ഞു…അയാൾ ഒരു ദുഷ്ടനാണ് അമ്മാവാ..എനിക്ക് അയാളെ വെറുപ്പാണ്..കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്..ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് അതൊക്കെ..
അത് വിട്ടേക്ക് മോളെ…കഴിഞ്ഞത് കഴിഞ്ഞു..ഞങ്ങൾ ആരും മോളോട് ഒന്നും ചോദിച്ചു വിഷമിപ്പിക്കില്ല..ഞാൻ ഇപ്പോൾ കൂടി വിജിയോട് പറഞ്ഞതെ ഉള്ളു.. മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒന്നും എന്റെ കുട്ടി ഇനി ഓർക്കണ്ട.. അതെ പറ്റി ചിന്തിച്ച് വെറുതെ വിഷമിക്കരുത്..എന്തായാലും മോള് കേസിന്റെ കാര്യത്തിന് സമ്മതം മൂളിയല്ലോ..അമ്മാവന് സന്തോഷമായി.. ഞാൻ നേരത്തെ ഇത് ഒന്നും അമ്മാവനോടോ എട്ടനോടോ പറയാതെ ഇരുന്നതിൽ എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ..
അയ്യേ…നീ ഇത്ര പാവമായി പോയല്ലോ.. ലക്ഷ്മിയെ വിറപ്പിക്കുന്ന കണ്ടപ്പോൾ ഞാൻ കരുതി നീ ഒരു ചുണക്കുട്ടി ആയിരിക്കുമെന്ന്..ഞങ്ങൾക്ക് ആർക്കും നിന്നോട് ദേഷ്യമൊന്നുമില്ല..ഒരു കാര്യത്തിൽ മാത്രമേ പരാതിയുള്ളൂ.. എന്താ അമ്മാവാ..?? അവന് കൊടുത്തത് കുറഞ്ഞു പോയി.. കണ്ണീരിനിടയിലും ആനി രാമചന്ദ്രനെ നോക്കി പുഞ്ചിരിച്ചു..
അതെ..ഇങ്ങനെ നിന്നാൽ പറ്റില്ല.. ഇന്ന് മോൾക്ക് വേണ്ടി പ്രഥമൻ ഉണ്ടാക്കാനുള്ളതാ..വന്നേ വന്നേ നമുക്ക് അടുക്കളയിലോട്ട് പോകാം.. ആനിയുടെ തോളിലൂടെ കൈയ്യിട്ട് അവളേയും ചേർത്ത് പിടിച്ച് അയാൾ അടുക്കളയിലേക്ക് നടന്നു..അതൊക്കെ കണ്ട് നിന്ന വിജിയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർ മുത്തുകൾ പൊടിഞ്ഞു..
വൈകുന്നേരം ആനിയും വൈശാഖും രാമചന്ദ്രനും കൂടി വക്കീലിനെ കാണാൻ പോയി..ആനി ദേവിയുടെ മകൾ ആണെന്ന് തെളിയിക്കുന്നഡോക്യൂമെന്റസിന്റെ എല്ലാം കോപ്പി അവൾ വക്കീലിനെ ഏൽപ്പിച്ചു… ഒർജിനൽ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് അയാൾ അവളോട് പറഞ്ഞു.. ഫാദർ പോൾ ജീവനോടെ ഇല്ലാത്തത് കൊണ്ട് അദ്ദേഹത്തിന് പകരം എല്ലാ സത്യങ്ങളും അറിയുന്ന മദർ ജോർജീന കോടതിയിൽ വരേണ്ടി വരുമെന്ന് വക്കീൽ പറഞ്ഞപ്പോൾ തന്നെ ആനി മദറിനെ വിളിച്ചു സംസാരിച്ചു..
മോളെ നിന്റെ ഈ തീരുമാനം എന്ത് കൊണ്ടും നന്നായി…നീ വിഷമിക്കണ്ട.. എവിടെ വേണമെങ്കിലും വന്ന് എനിക്ക് അറിയുന്ന കാര്യങ്ങൾ എല്ലാം പറയാൻ ഞാൻ ഒരുക്കമാണ്..ആനിയ്ക്ക് സന്തോഷമായി…വക്കീൽ കാണിച്ചു കൊടുത്ത സ്ഥലത്ത് എല്ലാം അവൾ സൈൻ ചെയ്തു..ഒപ്പിടും മുൻപ് അവൾ രാമചന്ദ്രനെ നോക്കി..ഞങ്ങൾ കൂടെ ഉണ്ടെന്ന് ഉറപ്പ് നൽകികൊണ്ട് അയാൾ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു..അവിടുന്ന് ഇറങ്ങാൻ നേരം കേസ് കഴിയുന്നത് വരെ ആനി എങ്ങോട്ടേക്കും പോകരുതെന്ന് വക്കീൽ പറഞ്ഞത് കേട്ട് അവൾ വൈശാഖിനെ നോക്കി…
ഡോണ്ട് വെറി..ഓഫീസിലെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കൊള്ളാം.. ആതിരയെ വിളിച്ച് രാവിലെ വീട്ടിൽ നടന്ന സംഭവങ്ങൾ എല്ലാം ആനി പറഞ്ഞു..ഒപ്പം അവളുടെ തീരുമാനവും ആതിരയെ അറിയിച്ചു.. അപ്പോൾ നീ ഉടനെ ഒന്നും തിരിച്ചു വരില്ലേ അല്ലേ..നിന്നെ ശരിക്കും മിസ്സ് ചെയ്യുന്നു ആനിക്കുട്ടീ… എത്രയും വേഗം ഇവിടുന്ന് പോരണമെന്ന് തന്നെയായിരുന്നു ഇന്ന് രാവിലെ അവർ ഇവിടെ വന്ന് ബഹളമുണ്ടാക്കുന്നത് വരെയും എന്റെ തീരുമാനം..പക്ഷെ ആ സ്ത്രീ..അവർ എന്റെ അമ്മയെ പറ്റി പറഞ്ഞത് ഒക്കെ കേട്ടപ്പോൾ…സ്വന്തം അനിയത്തിയാണെന്ന് പോലും ഓർക്കാതെ… സ്വത്തിനോട് ഉള്ള താല്പര്യം കൊണ്ട് ഒന്നും അല്ല…എന്തോ ഇപ്പോൾ എനിക്ക് ഇത് ഒരു വാശിയാണ്..എനിക്ക് വേണ്ടിയല്ല..എന്റെ അമ്മയ്ക്ക് വേണ്ടി. അമ്മാവന് വേണ്ടി..ഇത്രനാളും ഇത് ഒന്നും ആ ദുഷ്ടന്മാര് കൊണ്ട് പോകാതെ ഇരിക്കാൻ അമ്മാവൻ കുറെ കഷ്ടപ്പെട്ടത് അല്ലേ…
നീ വിഷമിക്കാതെ..ഇനി എല്ലാം നല്ല രീതിയിൽ തന്നെ നടക്കും…ദുഷ്ടനെ ദൈവം പന പോലെ വളർത്തും എന്നല്ലേ പറയാറ്..ഇപ്പോൾ അവർക്ക് തിരിച്ചടി കിട്ടി തുടങ്ങി.. യുവർ ഡീസിഷൻ ഈസ് റൈറ്റ്…ലെറ്റസ് ഗോ എഹെഡ്..പിന്നെ നീ ഇപ്പോൾ എങ്ങും വരില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ മാത്രം ചെറിയൊരു സങ്കടം..
ആതിരയും വർഷയും അവളോട് മാറി മാറി സംസാരിച്ചു… ആതീ…ഇച്ചായനെ കുറിച്ച് എന്തെങ്കിലും അറിവുണ്ടോ.?? നിർമൽ ചേട്ടൻ വല്ലതും പറഞ്ഞായിരുന്നോ..? മദറിനോട് ഞാൻ ചോദിച്ചപ്പോൾ ഇതുവരെ കണ്ടില്ലെന്നാ പറഞ്ഞത്… ഇല്ല ടാ…നിർമൽ ചേട്ടൻ ഇടയ്ക്ക് വിളിച്ചിരുന്നു..അത് ഓഫീസിലെ കാര്യം തിരക്കാൻ വേണ്ടിയായിരുന്നു.. ചേട്ടായിയെ കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ല..ആ ചേട്ടൻ ഒട്ട് പറഞ്ഞതും ഇല്ല.. ശരി…
മോളെ ആനീ.. എത്രയും വേഗം അവിടുത്തെ കാര്യങ്ങൾ ഒക്കെ തീർത്ത് വരാൻ നോക്ക്…അത് കഴിഞ്ഞു വേണം നിന്റെയും എബിയുടെയും ഇഷ്യൂ സോൾവ് ആക്കാൻ.. പിന്നെ ആനി മോളെ.. ആ കാലൻ അവിടെ ഉണ്ടോ.. അങ്ങേര് ഇല്ലാത്തത് കൊണ്ട് ഇപ്പോൾ എന്തൊരു സമാധാനമാണെന്ന് അറിയോ..?? നീ എന്താ ആതീ ഇപ്പോൾ വൈശാഖ് സാറിനെ പറ്റി തിരക്കുന്നത്…?? ഉവ്വ് ഉവ്വേ എനിക്കെല്ലാം മനസിലാകുന്നുണ്ട്.. നീ ഇപ്പോൾ ഇൻഡയറെക്റ്റായി പറഞ്ഞത് പുള്ളിയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് അല്ലേ..
എന്റെ അമ്മോ.. നിങ്ങളോട് ഒന്നും പറയാൻ പറ്റില്ല… പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും അവർ ഒത്തിരി നേരം സംസാരിച്ചു..ഫോൺ വയ്ച്ചു കഴിഞ്ഞപ്പോൾ ആനിയ്ക്കും അവരെ ഒരുപാട് മിസ്സ് ചെയ്യുന്നതായി തോന്നി.. അവർ മൂന്ന് പേരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയായിരുന്നു അവളുടെ ഫോണിലെ വാൾപേപ്പർ..അവൾ അതിലേക്ക്.. തന്നെ നോക്കി നിന്നു.. ആതിര എബിയെ വിളിച്ച് ആനി പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു..
ഹമ്..ആനിയെ ശല്ല്യം ചെയ്തതിന് അയാളെ തല്ലിയത് ഞാനാണ്..അന്ന് അവൾ എതിർത്തത് കൊണ്ട് മാത്രമാ ഞാൻ അവനെ കൊല്ലാതെ വിട്ടത്.. ഭർത്താവിന് കൊടുത്ത പോലെ ഭാര്യയ്ക്ക് കൂടി രണ്ട് കൊടുക്കണം…നീ ഒരു ഹെല്പ് ചെയ്യണം…ഇങ്ങനെയെങ്കിലും വൈശാഖിന്റെ അഡ്രസ്സ് ഒന്ന് എനിക്ക് അയച്ചു തരണം..
അഡ്രസ് ഞാൻ ഓഫീസിൽ നിന്ന് നാളെ തന്നെ എടുത്ത് തരാം… പക്ഷെ വൈശാഖ് സാറിന്റെ അഡ്സ്സ് എന്തിനാ ?? അവന്റെ റിലേറ്റിവ് അല്ലേ ആ സ്ത്രീ.. പിന്നെ ആ ലോക്കാലിറ്റിയിൽ തന്നെയാകുമല്ലോ അവരുടെ താമസം.. അപ്പോൾ അവന്റെ അഡ്രസ്സ് കിട്ടിയാൽ മതി…ബാക്കി ഞാൻ നോക്കികൊള്ളാം..നീ പേടിക്കണ്ട ആതിര..അവരെ ഞാൻ കൊല്ലില്ല.. സ്ത്രീകളോട് അതിക്രമം പാടില്ലെന്നാ… പക്ഷെ ഇപ്പോൾ…ഹാ.. എബി ഫോൺ വയ്ച്ചു കഴിഞ്ഞ് നേരെ നോക്കിയത് ലില്ലിയുടെ മുഖത്തേക്കായിരുന്നു..
അത് അമ്മച്ചീ…ഞാൻ..ആനിയെ.. ഞാൻ നിന്നോട് ഒന്നും ചോദിച്ചില്ലല്ലോ.. എബി ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരുന്നു.. നിനക്ക് അവളെ ഒത്തിരി ഇഷ്ടമാണല്ലേ.. അതെന്താ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം…?? ഒന്നുമില്ല..അവളുടെ മനസ്സ് വേദനിച്ചുവെന്ന് അറിഞ്ഞപ്പോൾ നിന്റെ ഉള്ളിൽ ഉണ്ടായ ആ പിടച്ചിൽ ഇല്ലേ..അത് അമ്മച്ചി ദേ ഈ മുഖത്ത് കണ്ടു..ശിക്ഷ കിട്ടേണ്ടവർക്ക് അത് തീർച്ചയായും കിട്ടണം..പക്ഷെ എന്റെ മോൻ ഒരിക്കലും അതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നത് കാണാൻ അമ്മച്ചിക്ക് കഴിയില്ല..അത് കൊണ്ട് എല്ലാം നോക്കിയും കണ്ടും വേണം കേട്ടോ.. അല്ലെങ്കിലും എന്റെ അമ്മച്ചി മുത്താണ്…
എബി അവരുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..ലില്ലിയെ ബെഡിൽ പിടിച്ചിരുത്തി ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ അവരുടെ മടിയിൽ തല വയ്ച്ചു കിടന്നു..ലില്ലി അവന്റെ മുടിയിൽ മെല്ലെ തലോടി…ഏറെ നാളുകൾക്ക് ശേഷം തന്റെ മകൻ പഴയ പോലെ തന്നോട് പെരുമാറുന്നത് കണ്ട് ആ അമ്മയുടെ മനസ്സ് വളരെയധികം സന്തോഷിച്ചു…
അമ്പലത്തിൽ നിന്ന് ഇറങ്ങി കമ്മിറ്റിക്കാരോട് സംസാരിച്ചുകൊണ്ട് വരികയായിരുന്നു ലക്ഷ്മി…അവർ വരുന്നത് കണ്ട് ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു..കുറച്ചു ദൂരം പോയതും റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നത് കണ്ട് ഡ്രൈവർ കാർ നിർത്തി.. നമ്മൾ അമ്പലത്തിലേക്ക് പോയപ്പോൾ ഇവിടെ പ്രശ്നമൊന്നും ഇല്ലായിരുന്നല്ലോ. പിന്നെ ഇപ്പോൾ പെട്ടെന്ന് എന്താ ??
ഡ്രൈവർ കാറിൽ നിന്നിറങ്ങി മുന്നോട്ട് പോയി എന്ന് നോക്കി..ഓപ്പോസിറ്റ് ആയി വന്ന ഒരു ബൈക്കുകാരൻ അയാളുടെ അടുത്ത് ബൈക്ക് നിർത്തിക്കൊണ്ട് പറഞ്ഞു.. ചേട്ടാ.. അവിടെ പൈപ്പ് പൊട്ടി..ടൂ വീലർ പോലും കടത്തി വിടുന്നില്ല… ഇനി വേറെ ഏത് വഴിയാണ് ഉള്ളത്…?? ആണോ..കുറച്ചു മുന്നോട്ട് പോയാൽ റൈറ്റ് സൈഡിൽ കൂടി ഒരു ഷോർട്ട് കട്ട് ഉണ്ട്. റോഡ് ഒന്നുമല്ല..ചെറിയൊരു നാട്ടു വഴിയാ..ഇനി ഇപ്പോൾ ഞങ്ങൾക്കും അത് വഴിയേ പോകാൻ പറ്റു..
ലക്ഷ്മിയുടെ കാർ റിവേഴ്‌സ് എടുത്ത് പോകുന്നതും നോക്കി അയാൾ അവിടെ നിന്നു..അവർ പോയതും അയാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു… എടോ.. ഇരുട്ടി തുടങ്ങി..വേഗം പോകൂ.. കുറച്ചു ദൂരം പോയതും റോഡിന് കുറുകെ നാലഞ്ച് ബൈക്കുകൾ നിരത്തി വയ്ച്ചിരുന്നത് കണ്ട് ഡ്രൈവർ വീണ്ടും കാർ നിർത്തി….. ഫോണിൽ സംസാരിച്ചുകൊണ്ട് ഇരുന്ന ലക്ഷ്മി കാർ നിർത്തിയത് എന്തിനാണെന്ന് ചോദിച്ച് ഡ്രൈവറോട് ചൂടായി.. താൻ എന്തിനാടോ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ കാർ നിർത്തുന്നത്..?
അത് മാഡം..മുന്നോട്ട് പോകാൻ പറ്റില്ല.. അതെന്താ…?? ഡ്രൈവർ കാര്യം പറഞ്ഞപ്പോൾ അയാളുടെ പുറകെ ലക്ഷ്മിയും കാറിൽ നിന്നിറങ്ങി…അവിടെ കുറച്ചുപേർ സിഗരറ്റ് വലിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.. ടോ..ഈ ബൈക്ക് നിങ്ങളുടെ ആണോ..? ഇതിങ്ങനെ വഴിയിൽ നിരത്തി വയ്ച്ചാൽ വേറെ ആർക്കും പോകണ്ടേ..?? എന്താ ചേച്ചീ പ്രശ്നം ?? എന്താണെന്നോ ?? ബൈക്ക് എടുത്ത് മാറ്റെടോ… മാറ്റണോ..ശരി മാറ്റാം.. അയാൾ അടുത്ത നിന്ന ആളെ നോക്കി കണ്ണുകൊണ്ട് എന്തോ കാണിച്ചു..ഉടൻ തന്നെ അയാൾ ഒരു തടിക്കഷ്ണം എടുത്ത് അവരുടെ കാറിന്റെ ഫ്രണ്ട് ഗ്ലാസ്സ് അടിച്ചു തകർത്തു…
ടോ..താൻ എന്താ ഈ കാണിച്ചത് ?? അയാളെ ചോദ്യം ചെയ്യാൻ ചെന്ന ഡ്രൈവറെ മറ്റ് രണ്ടുപേർ ചേർന്ന് പിടിച്ചു വയ്ച്ചു..ഒരുത്തൻ അയാളുടെ വയറ്റിലിട്ട് ചവിട്ടി..പേടിച്ചു പോയ ഡ്രൈവർ അവരുടെ പിടിയിൽ നിന്ന് കുതറി ഓടി…ഒന്നും മനസ്സിലാകാതെ പേടിച്ചു നിൽക്കുകയായിരുന്നു ലക്ഷ്മി..കാറിന്റെ ഗ്ലാസ്സ് മുഴുവൻ അവർ അടിച്ചു തകർത്തിരുന്നു.. എന്താ ചേച്ചി..മതിയോ..?? നിങ്ങൾ ആരാ..? എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത് ?? ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ല..ഇപ്പോ ഞാൻ പോലീസിനെ വിളിക്കും..
ഹ.ഹ..പൊലീസോ.. അയാൾ പരിഹാസത്തോടെ ചോദിച്ചു. ഉടൻ തന്നെ അക്കൂട്ടത്തിൽ നിന്ന് മറ്റൊരാൾ അവരുടെ കൈയ്യിലിരുന്ന ഫോൺ പിടിച്ചു വാങ്ങി.. ഇനി ചേച്ചി എങ്ങനെ പോലീസിനെ വിളിക്കും ?? എടാ..നിനക്ക് ഒന്നും എന്നെ അറിയില്ല. നോക്കിക്കോ ഇതിന് നീയൊക്കെ അനുഭവിക്കും.. ചുമ്മാ കിടന്ന് കുരയ്ക്കാതെ പെണ്ണുമ്പിള്ളേ.. മുന്നിൽ നിൽക്കുന്നവരെ നോക്കി ദേഷ്യത്തിൽ സംസാരിക്കുന്നതിന് ഇടയ്ക്ക് പുറകിൽ നിന്നിരുന്ന ഒരാൾ അവരെ മുന്നിലേക്ക് ചവിട്ടി വീഴ്ത്തി. അപ്രതീക്ഷിതമായിരുന്നു ആ വീഴ്ച്ച..അവരുടെ മുഖത്തും കയ്യിലും മുറിവ് പറ്റി അതിൽ നിന്ന് ചോരയൊലിച്ചുകൊണ്ടിരുന്നു.. കാർ അടിച്ചു തകർത്ത ആൾ അവരെ പിടിച്ചു വലിച്ച് സൈഡിലെ കണ്ടത്തിലേക്ക് തള്ളി..ചെളിയിൽ വന്ന് വീണ അവരെ നോക്കി അവർ പരിഹസിച്ച് ചിരിച്ചു..
ഇത് നിനക്ക് ഉള്ളത് അല്ല..നിന്റെ ഭർത്താവിന് ഉള്ളതാ…ബിസിനെസ്സി കള്ളത്തരം കാണിച്ചാൽ ഇനിയും ഇത് പോലെ ഞങ്ങൾ വരും.. അത്രയും പറഞ്ഞ് അയാൾ അവളുടെ മുന്നിലേക്ക് ഫോൺ വലിച്ചെറിഞ്ഞു..അവളെ നോക്കി കൊല്ലും എന്ന് ആംഗ്യം കാണിച്ചുകൊണ്ട് അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു… കൂടെ ഉണ്ടായിരുന്ന മറ്റൊരാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു.. ആഹ് സാറേ. ഏൽപ്പിച്ച പണി കൃത്യമായി
ചെയ്തിട്ടുണ്ട്..
ബൈക്കുകൾ അവിടുന്ന് പോയതും ലക്ഷ്മി അവളെ തന്നെ അടിമുടി ഒന്ന് നോക്കി…ചേറിൽ കുളിച്ചു നിൽക്കുന്ന തന്റെ കോലം കണ്ട് അവൾക്ക് ആകെ നാണക്കേടും ദേഷ്യവും തോന്നി..അവർ അവിടെ നിന്ന് അലറി വിളിച്ചു… അമ്പലത്തിൽ പോയ ലക്ഷ്മി ഇതുവരെ തിരിച്ച് എത്താത്തതിന്റെ കാരണം ആലോചിച്ച് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുവായിരുന്നു രാജീവൻ.. പെട്ടെന്ന് തന്റെ മുന്നിലേക്ക് വന്ന ലക്ഷ്മിയുടെ കോലം കണ്ട് അയാൾ ആകെ അമ്പരന്നു.. എന്താ ഇത് ?? അയ്യോ മുറിവ്.. നീ ഇത് എവിടെയായിരുന്നു..? നീ എങ്ങനെയാ ചെളിയിൽ വീണത്..? നിനക്ക് എന്താ പറ്റിയത് ?
മിണ്ടരുത് നിങ്ങൾ..ഇത് എനിക്കുള്ളത് അല്ല നിങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നാ അവന്മാര് പറഞ്ഞത്… നിങ്ങളുടെ കാർ പൊട്ടി തകർന്ന് ആ വഴിയിൽ കിടപ്പുണ്ട്… ലക്ഷ്മീ.. നീ ഇത് എന്തൊക്കെയാ ഈ പറയുന്നത് ?? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല… നിങ്ങൾക്ക് ഒന്നും മനസ്സിലാകില്ല…പണ്ട് അവളെ സഹായിക്കാമെന്ന് പറഞ്ഞു പറ്റിച്ചു എല്ലാം ഒപ്പിട്ട് മേടിച്ച ശേഷം ദേവിയെയും മോളെയും കണ്ടിട്ട് ഇല്ലെന്ന് അല്ലേ നിങ്ങൾ എന്നോട് പറഞ്ഞത്…?? അതെ.. നീ ഇപ്പോൾ എന്തിനാ അതൊക്കെ ഇവിടെ പറയുന്നത്..? ഞാൻ പിന്നെ അവരെ കണ്ടിട്ട് ഇല്ല…ദേവിക്ക് ഒരു മകൾ ഉണ്ടെന്ന് നിനക്കും അറിയാം എനിക്കും അറിയാം.. അന്ന് എല്ലാം സ്വന്തമായെന്ന് കരുതി അഹങ്കരിച്ചപ്പോൾ അല്ലേ നിന്റെ തന്ത ആ പരട്ട കിളവൻ നമുക്ക് ഇട്ട് പണിതത്… അപ്പോൾ തന്നെ ഞാൻ അവരെ തിരക്കി ചെന്നു.. പക്ഷെ ദേവി മരിച്ചുവെന്ന വാർത്തയാണ് ഞാൻ അറിഞ്ഞത്… മോളെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു..ആരും ഇല്ലാതെ അവൾ എങ്ങനെ ജീവിക്കാനാണ്..ഇപ്പോൾ ആ കുട്ടി എവിടെയാണെന്നോ എന്ത് ചെയ്യുവാണെന്നോ ഒന്നും എനിക്ക് അറിയില്ല..സത്യം..
സത്യം..ഹമ്.. നിങ്ങളോട് മിണ്ടിയാൽ എന്റെ സമനില തെറ്റുമെന്ന് ഉള്ളത് കൊണ്ടാണ് ഇന്നലെ മുതൽ ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരാതെ ഇരുന്നത്…നിങ്ങൾക്ക് അപ്പോൾ ആനിയെ അറിയില്ലല്ലേ…? ലക്ഷ്മിയുടെ ആ ചോദ്യത്തിന് മുന്നിൽ അയാൾ ഒന്ന് പതറി… ആ..ആനിയോ.. വേണ്ട..കൂടുതൽ കിടന്ന് ഉരുളണ്ട.. നിങ്ങളുടെ നെറ്റിയിലെ ഈ മുറിവ് എങ്ങനെ ഉണ്ടായതാ…?? അത്…പണ്ട് ആക്സിഡന്റ്… ഓഹോ..എങ്കിൽ നിങ്ങളെ ഇപ്പോൾ ഈ പരുവത്തിലാക്കിയത് ആരാ…?? ലക്ഷ്‌മി നിന്നോട് ഞാൻ പറഞ്ഞില്ലേ.. ബിസിനസ്സിൽ എനിക്ക് ശത്രുക്കൾ ഉണ്ട്…അവർ ആരോ ആളെ വിട്ട് തല്ലിച്ചത് ആണ്…?? മതി കള്ളം പറഞ്ഞത്…ദേവിയുടെ മകൾ ആനി ജീവനോടെയുണ്ട്… ഇപ്പോൾ ചെറുവയ്ക്കലിൽ ഉണ്ട് അവൾ… നീ ഇത് എന്താ ഈ വിളിച്ചു കൂവുന്നത്..?
സത്യമാണ് ഞാൻ പറഞ്ഞത്…ഞാൻ അവളെ കണ്ടു..ഒന്നാന്തരം ഒരു കൂടി കാഴ്ച്ചയായിരുന്നു..നിങ്ങളും അവളും തമ്മിൽ വർഷങ്ങൾ പഴക്കമുള്ള ഒരു കണക്കുണ്ടെന്ന് അവൾ എന്നോട് പറഞ്ഞു..നിങ്ങൾ അവളെ ശല്ല്യം ചെയ്തതിന് കിട്ടിയ സമ്മാനമാണ് ഇതൊക്കെയെന്ന് ഞാൻ അറിഞ്ഞു… അത് ലക്ഷ്മി ഞാൻ… വേണ്ട…കൂടുതൽ ഒന്നും എനിക്ക് കേൾക്കണ്ട… ലക്ഷ്മി നീ ഒന്ന് കേൾക്ക്..കാക്കനാടുള്ള നമ്മുടെ ഓഫീസിലേക്ക് ഇന്റർവ്യൂന് എത്തിയ ഒരു കുട്ടിയെ കണ്ട് എനിക്ക് സംശയം തോന്നി..അവളുടെ ബയോഡാറ്റ നോക്കിയപ്പോൾ അവൾ ദേവിയുടെ മകൾ ആണെന്ന് എനിക്ക് ഉറപ്പായി…അങ്ങനെ ഞാൻ അവളെ അന്വേഷിച്ച് പോയി.. വക്കീലിനെ കണ്ട് പേപ്പേഴ്‌സ് എല്ലാം റെഡിയാക്കി ഞാൻ അവളെ കാണാൻ ചെന്നു..അന്ന് അവളോട് അതിൽ ഒപ്പിട്ട് നൽകാൻ പറഞ്ഞിട്ട് അവൾ സമ്മതിച്ചില്ല… നിർബന്ധിച്ചപ്പോൾ അവൾ കിടന്ന് ബഹളം വയ്ച്ചു….അപ്പോഴാണ് ഏതോ ഒരുത്തൻ അവളുടെ രക്ഷകനായി അവതരിച്ചത്… അവനാ എന്നെ തല്ലിയത്..ഈ കാര്യങ്ങൾ ഒന്നും നിന്നോട് പറയാത്തത് മനഃപൂർവം തന്നെയാണ്..നിന്നെ കൂടി വെറുതെ വിഷമിപ്പിക്കണ്ടെന്ന് വിചാരിച്ചു….നമ്മൾ ആഗ്രഹിച്ച പോലെ എല്ലാം കൈയ്യിൽ വരുമ്പോൾ നിന്നോട് പറയാമെന്ന് കരുതി..
രാജീവൻ സങ്കടം അഭിനയിച്ച് തലതാഴ്ത്തി ഇരുന്നു.. രാജീവേട്ടാ..അവൾ അങ്ങനെയൊക്കെ എന്നോട് പറഞ്ഞപ്പോൾ… സാരമില്ല..ലക്ഷ്മീ… അപ്പോൾ പിന്നെ ഇന്ന് എന്നോട് ഇങ്ങനെ ഒക്കെ ചെയ്തത് ആരാ ?? ബിസിനെസ്സിൽ കള്ളത്തരം കാണിച്ചാൽ ഇനിയും ഇത് പോലെ ഞങ്ങൾ വരുമെന്ന് പറഞ്ഞിട്ടാണ് ആ കാർ തല്ലി പൊട്ടിച്ചവൻ പോയത്. നിങ്ങൾ ഇതിനിടയ്ക്ക് എന്തെങ്കിലും തിരിമറി നടത്തിയിട്ട് ഉണ്ടോ ?? രാജീവന്റെ മുഖത്തെ പരുങ്ങൽ കണ്ട് അവൾ വീണ്ടും ചോദിച്ചു.. കാശിന് ഇത്തിരി ആവശ്യം വന്നപ്പോൾ ഫൈനാൻസിൽ നിന്ന് കുറച്ചു കാശ് ഞാൻ മറിച്ചിരുന്നു..അത് പാർട്ടനേഴ്‌സ് ആരെങ്കിലും അറിഞ്ഞു കാണും.. ഓഹ്..നിങ്ങൾക്ക് കിട്ടിയത് ഒന്നും പോരെ..ഇനി അവരുടെ കൈയ്യിൽ നിന്ന് കൂടി തല്ല് വാങ്ങണോ..? നീ പേടിക്കണ്ട ലക്ഷ്മി..എല്ലാം നമ്മുടെ കൈയ്യിൽ വരാൻ ഇനി അധികനാൾ ഇല്ലല്ലോ..അത് കഴിഞ്ഞാൽ പിന്നെ പാർട്ടനേഴ്‌സുമായുള്ള പ്രശ്നങ്ങൾ ഒക്കെ തീരും..
ഇനി എല്ലാം എങ്ങനെ നമ്മുടെ കൈയ്യിൽ വരും ?? അവൾ ഇവിടെ വന്നില്ലേ..ആ
രാമചന്ദ്രനും വൈശാഖും അവളുടെ കൂടെ ഉണ്ട്..എന്റെ അമ്മയ്ക്ക് അവകാശപ്പെട്ടത് ഒന്നും നിങ്ങൾ അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ല..എന്റെ പേരിൽ അപ്പൂപ്പൻ എഴുതി വയ്ച്ചത് എല്ലാം എനിക്ക് തന്നെ വേണം എന്നൊക്കെ അവൾ ഇന്ന് എന്നോട് പറഞ്ഞു..ആ വീട്ടിൽ ഉള്ളവരുടെ ഒക്കെ മുന്നിൽ വയ്ച്ച് അവൾ എന്നെ തല്ലി…നാണംകെടുത്തി ഇറക്കി വിട്ടു..അഹങ്കാരി..
ആരൊക്കെ അവളുടെ കൂടെ ഉണ്ടെങ്കിലും ഒന്നും നടക്കില്ല…കേസ് നമ്മളെ ജയിക്കൂ…അതിന് ഇനി ഏത് അറ്റം വരെ പോകേണ്ടി വന്നാലും ശരി.. ഞാൻ എന്തായാലും മോനെ ഒന്ന് വിളിക്കട്ടെ…ഒന്ന് സൂക്ഷിക്കാൻ പറയണം… അതിന് ഒക്കെ മുൻപ് നീ ഈ ചെളി പുരണ്ട ഡ്രസ്സ് ഒക്കെ മാറ്റി മുറിവിൽ മരുന്ന് വയ്ക്ക്… ചെളി പുരണ്ട തന്റെ സാരിയിലേക്കും രക്‌തം പൊടിഞ്ഞു കൊണ്ടിരിക്കുന്ന മുറിവിലേക്കും നോക്കി ചവിട്ടി തുള്ളി അവർ അകത്തേക്ക് പോയി… മനസ്സിൽ എന്തൊക്കെയോ കണക്കുക്കൂട്ടലുകളോടെ രാജീവൻ ഇരുട്ടിലേക്ക് നോക്കി ഇരുന്നു..
പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാം സ്വന്തം അച്ഛനിൽ നിന്ന് കിട്ടാതെ പോയ സ്നേഹവും കരുതലും രാമചന്ദ്രനിൽ നിന്ന് അവൾ അറിയുകയായിരുന്നു.. ഒന്നിച്ചുള്ള ഓരോ നിമിഷവും അവർ ആഘോഷമാക്കി മാറ്റി.. ആനിയ്ക്ക് വേണ്ടി രാമചന്ദ്രനെ കൊണ്ട് മാവിൽ നിന്ന് മാങ്ങ പൊട്ടിക്കുന്ന തിരക്കിലായിരുന്നു സിന്ധു..ആനിയും വൈശാഖും അമ്മുവും അച്ചുവും ഉമ്മറത്തിരുന്ന് ലാപ്റ്റോപ്പിൽ സിനിമ കാണുവായിരുന്നു.. അപ്പോഴാണ് പണിക്കാരിൽ ഒരാൾ അങ്ങോട്ടേക്ക് വന്നത്..
രാമേട്ടാ അറിഞ്ഞോ..?? ആ ലക്ഷ്മിക്ക് കണക്കിന് കിട്ടി.. കാര്യം മനസ്സിലാകാതെ എല്ലാവരും അയാളെ നോക്കി.. ആരൊക്കെയോ ചേർന്ന് വഴിയിൽ തടഞ്ഞു നിർത്തി വണ്ടിയുടെ ഗ്ലാസ്സ് തല്ലി പൊട്ടിച്ചു..അവൾക്ക് നല്ല ഉഗ്രൻ ഒരു ചവിട്ടും കൊടുത്തു..പിന്നെ കയ്യിലും നെറ്റിയിലും ഒക്കെ മുറിവുണ്ട്…രണ്ട് ദിവസമായി.. കൈ വേദന സഹിക്കാൻ വയ്യാതെ ഇന്നലെ ആശുപത്രിയിൽ പോയപ്പോഴാണ് പൊട്ടലുണ്ടെന്ന് അറിഞ്ഞത്… ഇപ്പോൾ പ്ലാസ്റ്റർ ഇട്ടേക്കുവാ… ആരാ അവളോട് ??
അതൊന്നും അറിയില്ല…അടി കിട്ടിയപ്പോൾ തന്നെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അയാൾ പറഞ്ഞത് പുറത്തു നിന്നുള്ള ആരോ ആണെന്നാ… പണിക്കാരൻ പോയതും സിന്ധു രാമചന്ദ്രനോട് ചോദിച്ചു.. എന്നാലും ആരാവും..?? ആരായാൽ എന്താ ? അന്ന് ഈ മുറ്റത്ത് കിടന്ന് കുറെ കുരച്ചത് അല്ലെ..ആര് ചെയ്യിച്ചാലും അയാൾക്ക് നല്ലതേ വരൂ.. എല്ലാവരും അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു…പക്ഷേ ആനി മാത്രം ആലോചനയോടെ ഇരുന്നു… സത്യം പറ. നീ അല്ലേ അവർക്ക് ഇട്ട് പണി കൊടുത്തത് ??
വൈശാഖിന്റെ ചോദ്യം കേട്ട് ആനി ഞെട്ടി… ഞാനോ..അല്ല. എനിക്ക് എങ്ങനെ ?? ഞാൻ എന്തിന്…? അല്ല.. നിനക്ക് കോട്ടയത്തെ അച്ചായന്മാരും ആയിട്ട് ഒക്കെ നല്ല കണക്ഷൻ ആണല്ലോ. അത് കൊണ്ട് ചോദിച്ചതാ..അല്ല ആനീ ഒരു കോട്ടേഷന് എത്രയാ ചാർജ്…?? വൈശാഖ് കളിയാക്കിയത് കേട്ട് ആനി അവനെ നോക്കി കണ്ണുരുട്ടി.. നിങ്ങളെ ഇന്ന് ഞാൻ നോക്കിക്കോ… മുറ്റത്ത് കിടന്ന ഒരു കമ്പെടുത്ത് അവൾ വൈശാഖിന് പിറകെ ഓടി..രാമചന്ദ്രനും സിന്ധുവും അവരെ തന്നെ നോക്കി നിന്നു..

by